ഞാൻ നിന്നെ താലി കെട്ടിയിട്ടുണ്ടെങ്കിൽ നിനക്ക് കിട്ടുന്ന സാലറി എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം!! തൽക്കാലം ഒരു അഞ്ചിന്റെ പൈസ ഞാൻ തരില്ല…….

Story Written by Jk

​”ഞാൻ തന്റെ കുടുംബത്തിലെ പണം ഒന്നും അല്ല ചോദിച്ചത് എന്റെ സാലറിയിൽ നിന്ന് ഒരു പതിനായിരം രൂപയാണ്!!”

​വൃന്ദ ദേഷ്യത്തോടെ പറഞ്ഞു. അത് കേട്ടതും വിനു അവളുടെ ക,ഴുത്തിന് കു,ത്തിപ്പിടിച്ചു.

അവന്റെ കണ്ണുകളിൽ വല്ലാത്തൊരു ക്രൂ,രത നിഴലിക്കുന്നുണ്ടായിരുന്നു.

​”ഞാൻ നിന്നെ താലി കെട്ടിയിട്ടുണ്ടെങ്കിൽ നിനക്ക് കിട്ടുന്ന സാലറി എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം!! തൽക്കാലം ഒരു അഞ്ചിന്റെ പൈസ ഞാൻ തരില്ല!”

വിനുവിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി..

​അതുകേട്ടതും വൃന്ദയ്ക്ക് വല്ലാത്ത വാശിയും സങ്കടവും തോന്നി. അവളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിരിക്കുന്നു.

വിനുവിന് ബാങ്കിലാണ് ജോലി. വൃന്ദ ഒരു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചറും.

സ്കൂളിൽ അവൾ പണം കൊടുത്തു കയറിയതാണ്.

അതിന്റെ പകുതി പണം അവളുടെ അച്ഛനാണ് കൊടുത്തത്, ബാക്കി അവളുടെ സ്വർണ്ണം വിറ്റാണ് കണ്ടെത്തിയത്.

സ്വർണ്ണം എന്ന് പറയുമ്പോൾ അതും അവൾക്ക് വിവാഹത്തിന് അച്ഛൻ കൊടുത്തതായിരുന്നു.

പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും സ്വന്തം കാലിൽ നിൽക്കണം എന്നായിരുന്നു അച്ഛൻ എപ്പോഴും പറയാറുള്ളത്..

അതുകൊണ്ടു തന്നെയാണ് അവളെ നന്നായി പഠിപ്പിച്ചതിനു ശേഷം മാത്രം വിവാഹം കഴിച്ചു നൽകിയത്.

ഹയർ സെക്കൻഡറി ടീച്ചർ ആയതു കൊണ്ട് തന്നെ സാലറി അത്യാവശ്യം നല്ല രീതിയിൽ ഉണ്ടായിരുന്നു.

എന്നാൽ അവളുടെ ആദ്യത്തെ ശമ്പളം വന്ന ദിവസം മുതൽ വിനു അത് ചോദിച്ചു വാങ്ങാൻ തുടങ്ങി.

ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമ്പോൾ തന്നെ അയാളുടെ അക്കൗണ്ടി ലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കണം എന്നതായിരുന്നു വിനുവിന്റെ അലിഖിതമായ നിയമം.

ആദ്യം വളരെ മയത്തിൽ ആണ് പറഞ്ഞത്..

നമ്മൾ രണ്ടുപേരും സമ്പാദിക്കുന്ന പണം ഒരുമിച്ച് സേവ് ചെയ്താൽ മാത്രമേ നമുക്ക് ഭാവിയിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റൂ.

നിന്റെ പണം എന്റെ പണം എന്നൊന്നും ഇല്ലല്ലോ നമ്മൾ രണ്ടുപേരും ഒന്നല്ലേ എന്നൊക്കെ പറഞ്ഞപ്പോൾ അവൾ അതിൽ വീണു എന്നുള്ളത് സത്യമാണ്.

പക്ഷേ പിന്നീടാണ് അതിലെ അപകടം അവൾക്ക് മനസ്സിലായത്.

​ഒരു കടല മിട്ടായി വാങ്ങിക്കാൻ പോലും അയാളുടെ മുന്നിൽ അവൾ കൈ നീട്ടേണ്ട അവസ്ഥ..

നൂറ് രൂപ ചോദിച്ചാൽ പോലും “അത് എന്തിനാണ്? ഇപ്പോൾ അതിന്റെ ആവശ്യം എന്താണ്?”

എന്നിങ്ങനെ നൂറു ചോദ്യങ്ങൾ നേരിടണം.

വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ വാങ്ങിത്തരാൻ പറഞ്ഞാൽ,

“പണം അനാവശ്യമായി ചെലവാക്കരുത്” എന്ന് പറഞ്ഞ് നീണ്ട ഉപദേശമാകും ഫലം.

സ്വന്തം അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ കഴിയാതെ അവൾ ശ്വാസം മുട്ടുകയായിരുന്നു.

​അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛന് സുഖമില്ലാതായത്.

നെഞ്ചു വേദനയും തളർച്ചയും കാരണം അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്ലോക്ക് ആയിരുന്നു.. അച്ഛന് ഹെൽത്ത് കാർഡ് ഉള്ളതു കൊണ്ട് പണം ഒന്നും ചെലവായില്ല..

മക്കളെ ഒന്നിനും ബുദ്ധിമുട്ടിക്കരുത് എന്ന് അച്ഛൻ നിർബന്ധം ആയിരുന്നു.
അതുകൊണ്ടു തന്നെ, അച്ഛന്റെ ഭാവിയിലേക്ക് ഉള്ളത് അച്ഛൻ കരുതിയിരുന്നു..

അതിനുശേഷം ഇടയ്ക്ക് അച്ഛന് ചെക്കപ്പിനു പോകണം.. അമ്മയ്ക്ക് വയ്യാത്തതു കൊണ്ട് പലപ്പോഴും അനിയത്തി ആണ് കൂടെ പോയിരുന്നത്…

ഒരിക്കൽ അച്ഛന്റെ കൂടെ അവൾ ആയിരുന്നു ആശുപത്രിയിലേക്ക് പോയത് .

അന്ന് ഡോക്ടർ അച്ഛന് പല ടെസ്റ്റുകളും നിർദ്ദേശിച്ചു.

ഓരോ തവണയും ബില്ല് അടയ്ക്കാൻ നേരം അച്ഛനോട് പണം ചോദിക്കേണ്ടി വന്നപ്പോൾ അവളുടെ ഉള്ളം പിടഞ്ഞു.

അവൾ തീർത്തും നിസ്സഹായ ആയിരുന്നു ബസിന്റെ കൂലി അല്ലാതെ അവളുടെ കയ്യിൽ ഒന്നും എടുക്കാൻ ഉണ്ടായിരുന്നില്ല..

​”അച്ഛാ… ഇതിന്റെ പണം…” അവൾ പതർച്ചയോടെ പറഞ്ഞു.

“അതിനെന്താ മോളെ, എന്റെ കയ്യിലുണ്ടല്ലോ,”

അച്ഛൻ പുഞ്ചിരിയോടെ പോക്കറ്റിൽ നിന്ന് പണമെടുത്ത് നൽകി. ​അച്ഛന് അതിൽ പരാതിയൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ, വൃന്ദയ്ക്ക് അത് വലിയ അപമാനമായി തോന്നി. ഒപ്പം വല്ലാത്ത ഒരു സങ്കടവും.

മാസത്തിൽ നല്ലൊരു തുക ശമ്പളം വാങ്ങുന്ന തനിക്ക് അച്ഛന്റെ ഒരു അഞ്ഞൂറ് രൂപയുടെ ബില്ല് അടയ്ക്കാൻ പോലും സാധിക്കുന്നില്ല.

താനൊരു പരാജയമാണെന്ന ചിന്ത അവളെ വേട്ടയാടാൻ തുടങ്ങി.

ഈ അവസ്ഥ മാറ്റിയേ തീരൂ എന്ന് അവൾ ഉറപ്പിച്ചു. അടുത്ത മാസം ശമ്പളം വന്നപ്പോൾ അവൾ അത് വിനുവിന് അയച്ചു കൊടുത്തില്ല. സാലറി ഡേറ്റ് കഴിഞ്ഞിട്ടും

​വിനുവിന്റെ അക്കൗണ്ടിലേക്ക് പണം എത്താത്തത് കണ്ട് അവൻ ഓഫീസിൽ നിന്ന് തന്നെ അവളെ വിളിച്ചു ചൂടായി. “എന്താടീ പണം വരാത്തത്? എന്റെ സാലറി വന്നല്ലോ!”

അവൻ അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.

“ഇനി മുതൽ എന്റെ പണം ഞാൻ തന്നെ നോക്കിക്കോളാം വിനു.

നിനക്ക് ഞാൻ ഇനി അത് അയച്ചു തരില്ല,”

വൃന്ദ ശാന്തമായ എന്നാൽ ഉറച്ച സ്വരത്തിലും പറഞ്ഞു. അതൊരു വലിയ പൊ,ട്ടിത്തെറിക്ക് കാരണമായി.

അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ വിനു വലിയ പ്രശ്നമുണ്ടാക്കി.

അവൻ കാര്യങ്ങൾ വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു.

വിനുവിന്റെ അച്ഛനും അമ്മയും വൃന്ദയെ കുറ്റപ്പെടുത്തി.

“ഒരു കുടുംബമാകുമ്പോൾ പണം ഒരാളുടെ കയ്യിൽ ഇരിക്കുന്നതാണ് നല്ലത്. വിനു ബാങ്കിൽ ജോലി ചെയ്യുന്നവനല്ലേ, അവന് പണം കൈകാര്യം ചെയ്യാൻ അറിയാം,” അവർ പറഞ്ഞു.

​പക്ഷേ വൃന്ദ വിട്ടുകൊടുത്തില്ല.

“എനിക്ക് ഒരു സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും വിനുവിന്റെ മുന്നിൽ കൈനീട്ടേണ്ടി വരുന്നത് എത്രത്തോളം വിഷമകരമാണെന്ന്നി ങ്ങൾക്കറിയാമോ?

ഓരോ രൂപയ്ക്കും ഞാൻ കണക്ക് ബോധിപ്പിക്കണം. എന്റെ അധ്വാനത്തിന് എനിക്ക് വിലയില്ലേ?”

അവൾ ചോദിച്ചു.. അതോടെ വലിയ പ്രശ്നം ആയി രണ്ട് വീട്ടുകാരെയും അതിന്റെ കോംപ്രമൈസ് ചർച്ചയ്ക്കായി വിളിച്ചു വരുത്തി..

​ബന്ധുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. ചിലർ പറഞ്ഞു,

“പണം ആരുടെ കയ്യിലിരുന്നാലും എന്താ മോളെ? അവൻ അത് ധൂർത്തടി ക്കുന്നൊ ന്നുമില്ലല്ലോ. ഭാവിയിലേക്ക് വേണ്ടി കരുതി വെക്കുകയല്ലേ?”
അവളെ കുറ്റപ്പെടുത്തുന്നത് കണ്ടു

​അതുവരെ നിശബ്ദനായിരുന്ന വൃന്ദയുടെ അച്ഛൻ അപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്.

അദ്ദേഹം മകളുടെ അടുത്തേക്ക് വന്നു. വിനുവിന്റെ കുടുംബക്കാരെ നോക്കി അദ്ദേഹം പറഞ്ഞു..

“ആവശ്യത്തിന് ഉപകരിക്കാൻ വേണ്ടിയാണ് പണം. എന്റെ മകൾ ഒരിക്കലും പണം ധൂർത്തടിക്കില്ല എന്ന് എനിക്കറിയാം.

ജീവിതത്തിൽ ആവശ്യങ്ങളും അത്യാവശ്യങ്ങളും ഉണ്ട്.

പക്ഷേ അത്യാവശ്യങ്ങൾക്ക് പോലും പണം സ്വന്തം കയ്യിലില്ലെങ്കിൽ പിന്നെ എന്തിനാണ് അവൾ ഈ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്?

അവളുടെ പണം അവൾ തന്നെ കൈകാര്യം ചെയ്യട്ടെ.”

​അച്ഛന്റെ വാക്കുകൾ വിനുവിനെ ചൊടിപ്പിച്ചു. അവൻ അച്ഛനോട് മോശമായി സംസാരിച്ചു.

“നിങ്ങൾ ഇതിൽ ഇടപെടേണ്ട. ഇത് ഞാനും എന്റെ ഭാര്യയും തമ്മിലുള്ള കാര്യമാണ്. അവളെ ജോലിക്ക് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്,”

വിനു കയർത്തു. ​വിനു തന്റെ അച്ഛനോട് തട്ടിക്കയറുന്നത് കണ്ടപ്പോൾ വൃന്ദയ്ക്ക് സഹിക്കാനായില്ല.

പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിലും വിനു സർവാധിപത്യം പുലർത്തുന്നവനാണെന്ന് അവൾക്ക് ബോധ്യപ്പെട്ടു.

ഇങ്ങനെയുള്ള ഒരാളുടെ കൂടെ ഇനിയുള്ള കാലം ജീവിക്കാൻ അവൾ ആഗ്രഹിച്ചില്ല.

​”അച്ഛാ, നമുക്ക് പോകാം,” വൃന്ദ തന്റെ ബാഗ് പാക്ക് ചെയ്ത് അച്ഛനോടൊപ്പം ഇറങ്ങി.

​പിന്നീടുള്ള ദിവസങ്ങളിൽ വിനു അവളെ ഫോണിലൂടെയും അല്ലാതെയും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചു.

ഭീഷണിപ്പെടുത്തിയും ഉപദേശിച്ചും അവളെ തിരികെ വിളിക്കാൻ അവൻ ശ്രമിച്ചു.

പക്ഷേ വൃന്ദയുടെ തീരുമാനം ഉറച്ചതായിരുന്നു. ഒരു അ,ടിമയെപ്പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് അന്തസ്സോടെ ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് അവൾ തിരിച്ചറിഞ്ഞു.

​അച്ഛന്റെ പിന്തുണയോടെ അവൾ സ്കൂളിലെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വിവാഹമോചനത്തിനായുള്ള നടപടികൾ അവൾ ആരംഭിച്ചു. വിനുവിന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കും ആയി അവൾ രക്ഷ നേടി..

സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്തും അന്തസ്സും തന്റെ ഉദ്യോഗത്തിലൂടെയും നിലപാടുകളിലൂടെയും അവൾ നേടിയെടുത്തു.

ഇനിയുള്ള കാലം ആരുടെയും മുന്നിൽ കൈനീട്ടാതെ, സ്വന്തം തീരുമാനങ്ങളു മായി ജീവിക്കുമെന്ന് അവൾ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *