എഴുത്ത്:-ശ്രാവൺ
” കൃഷ്ണേട്ട… വീട്ടിലേക്കുള്ള വെള്ളം കുറച്ചു നാളത്തേക്ക് ഈ കിണറ്റിന്ന് കോരി കോട്ടെ ? മേലോത്ത് വീട്ടി പോയി വെള്ളം കോരി വരുമ്പോഴേക്കും നടു ഒരു പരുവമാവും.ഇവിടത്തെ കിണറ്റിന്ന് വെള്ളമെടുക്കാൻ കൃഷ്ണേട്ടൻ സമ്മതിച്ചാൽ അതെനിക്ക് വലിയൊരു ഉപകാരായിരിക്കും. അത്രയല്ലേ പിന്നെ വീട്ടിലേക്ക് നടക്കേണ്ടതുള്ളൂ… “
കേളോത്തു വീടിന്റെ മുറ്റത്ത് ആ ഒരാവശ്യവുമായി യാജിക്കുന്ന മട്ടിൽ ഗോമതി നിന്നു. വായിലെ മുറുക്കാനൊന്ന് ആഞ്ഞു ചവച്ച ശേഷം കേളോത്തു വീട്ടിൽ കൃഷ്ണകുറുപ്പ് ജീർണിച്ചു തുടങ്ങിയിരിക്കുന്ന ചാരു കസേരയിൽ ചാരി കിടന്ന് മുറ്റത്തു നിൽക്കുന്ന ഗോമതിയെ നോക്കി.വെറ്റില നുറുക്ക് പറ്റി പിടിച്ച മുറുക്കി ചുവന്ന ചുണ്ടുകളിൽ ഒരു പുഞ്ചിരിവിരിച്ചു കൊണ്ട് പുച്ഛഭാവത്തിലായിരുന്നു അയാളുടെ നോട്ടം.കസേരയ്ക്ക് താഴെ നിലത്തു വെച്ചിരുന്ന കോളാമ്പിയെടുത്തു അതിലേക്ക് അയാൾ വായിലെ മുറുക്ക് കാർക്കിച്ചു തുപ്പി.തോളിൽ ഇട്ടിരുന്ന തോർത്തിന്റെ തലപ്പ് കൊണ്ട് ഉമിനീർ ഊറിയ ചുണ്ടുകൾ അയാൾ ഒപ്പി തുടച്ചു.
” എന്തെ…. കൊരാൽ പുഴ വറ്റിയോ?
” ഇതു വരെ ചൂട് കാലത്തങ്ങനെ വെള്ളം വറ്റാറില്ലയിരുന്നു,പക്ഷെ ഈ കൊല്ലം പുഴയിലെ വെള്ളം നന്നേ വറ്റിയിരിക്കുന്നു. “
“ഇപ്പോ ചൂണ്ടയിടാനൊന്നും ആളില്ല ല്ലൊ..? എന്റെയൊക്കെ ആയ കാലത്ത് ഞാൻ എത്ര എത്ര ചൂണ്ടയിട്ടിരിക്കുന്നു.. ചൂണ്ടയിടാൻ ആളില്ലേ പെണ്ണിന്റയും പുഴയുടെ യും ഉറവ വറ്റും “
കൃഷ്ണ കുറുപ്പ് ഒരു വഷളൻ ചിരിയോടെ അതും പറഞ്ഞ് ഊറി ഊറി ചിരിച്ചു.. അയാളുടെ വായിൽ നിന്നും കടും നിറമാർന്ന ചോന്ന ഉമിനീർ ചുണ്ടുകളിലൂടെ അയാളുടെ താടിയിലേക്ക് ഒലിചിറങ്ങി… തോർത്തിന്റെ തലപ്പ് കൊണ്ടയാൾ അതൊപ്പി.
അയാളുടെ സംഭാഷണത്തിലെ ദ്വയാർത്ഥം മനസ്സിലായിട്ടും ഗോമതി ആ മുറ്റത്തു തല താഴ്ത്തി നിന്നു.
” നീയിങ്ങനെ വെയിൽ കൊണ്ട് മുറ്റത്തു നിൽക്കാതെ ഗോമതി. വാ.. ഈ ഇറയത്തു കയറിയിരി… “
“മോൾ സ്കൂളിൽ നിന്നും വരാൻ സമയമായി.. കൃഷ്ണേട്ടൻ ന്റെ സമ്മതം കിട്ടിയിരുന്നേൽ…??”
” മോൾ വരാൻ ഇനിയും സമയമില്ലേ…?നീ ഇവിടെ കയറിയിരി വെയിൽ കൊണ്ട് ഉള്ള ചന്തം പോക്കാതെ.. “
ഗോമതി മനസ്സില്ല മനസ്സോടെ സ്വന്തം ആവശ്യമല്ലേ എന്ന് കരുതി ആ ഇറയത്തു കയറി തൂണും ചാരി അവിടെ നിലത്തിരുന്നു.
” ലക്ഷ്മിയെ… ഇതാരാ.., വന്നെന്ന് നോക്കിയേ.. “
കൃഷ്ണ കുറുപ്പ് തല ചെരിച്ചു കൊണ്ട് അകത്തളത്തിൽ നോക്കി വിളിച്ചു.
അടുക്കളയിലെ പാത്രങ്ങളുടെ മുഴക്കം നിലച്ചു.. സാരി തലപ്പിൽ കൈകൾ തുടച്ചു കൊണ്ട് പൂമുഖത്തേക്ക് അയാളുടെ ഭാര്യ ലക്ഷ്മി കടന്നു വന്നു.
“ഇതാര് ഗോമതിയൊ.. എന്താ പതിവില്ലാതെ?”
ലക്ഷ്മിയെ കണ്ടതും ഗോമതി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.മുന്നിൽ നിൽക്കുന്ന കളികൂട്ടുകാരിയുടെ രൂപത്തെ ഗോമതി ഇമവെട്ടാതെ നോക്കി. ലക്ഷ്മി നന്നായി മെലിഞ്ഞിരിക്കുന്നു. പ്രായമാവും മുന്നെ നര ബാധിക്കപെട്ട മുടി ഇഴകൾ.. വയസ്സ് 52.ലക്ഷ്മിയെക്കാൾ നാല് വയസ്സ് കുറവായിരുന്നു ഗോമതിക്ക്.. കൃഷ്ണകുറുപ്പിന്റെ ശകാരങ്ങളുടെയും ഇ,ടിയുടെയും തൊ,ഴിയുടെയും ബാക്കിപത്ര മെന്ന പോലെ ഗോമതിക്ക് മുന്നിൽ ലക്ഷ്മി നിന്നു.
“ലക്ഷ്മിയേച്ചി , ഈ വീട്ടിൽ നിന്നും വീട്ടാവശ്യത്തിനുള്ള വെള്ളം കോരാൻ പറ്റിയിരുന്നെൽ അതെനിക്ക് വലിയൊരു ഉപകാരമായിരിക്കും.മേലോത്ത് വീട്ടിൽ പോയി വെള്ളം കോരി കോരി ശരീരം നന്നേ ക്ഷീണിച്ചു.ഇതിപ്പോ രണ്ട് കാലടി വെക്കേണ്ട ദൂരമല്ലേയുള്ളൂ.. നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഉണ്ടായിരുന്നു. പക്ഷെ.., വേറെ നിവൃത്തിയില്ലാതത് കൊണ്ട…കൃഷ്ണേട്ടനെ കണ്ടു ഈ കാര്യ മൊന്ന് പറയാൻ വന്നതാ..”
” അതിനെന്താ ഗോമതി നീ എടുത്തോ.. “
പഴയ കളി കൂട്ടുകാരിയോടുള്ള സ്നേഹത്തിന്റെ പുറത്ത് ലക്ഷ്മി ഗോമാതിയോട് അങ്ങനെ പറഞ്ഞു പോയതും,കൃഷ്ണക്കുറുപ്പ് ലക്ഷ്മിയെ ഇരുത്തിയൊരു നോട്ടം നോക്കി.
” നിന്റെ ത,ന്ത കുഴിച്ച കിണറല്ല ഇത്.. കണ്ട പൊ,ലയാ,ടിച്ചികൾക്ക് വെള്ളം കോരി എടുത്തോണ്ട് പോവാൻ.”
അത് കേട്ടതും ഗോമതി നിന്നിടത്തു നിന്നും രണ്ട് ചുവടുകൾ പിന്നോട്ട് വലിഞ്ഞു.. അവളുടെ കാലുകളിൽ എന്തെന്നില്ലാത്ത വിറയൽ അനുഭവപെട്ടു.അവളുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു. ശരീരം തളരുന്നത് പോലെ അവൾക്കപ്പോൾ തോന്നി.ലക്ഷ്മിയും അതെ മാനസിക അവസ്ഥയിൽ ആ ഇറയത്ത് നിന്നു. ലക്ഷ്മിയുടെ ഉള്ളിൽ ഒരുതരം പേടി ജനിച്ചു.
കൃഷ്ണകുറുപ്പ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ലക്ഷ്മിയുടെ അരികിലേക്ക് നടന്നു. ലക്മി അടിമുടി വിറക്കാൻ തുടങ്ങി
” നീ ഈ പറഞ്ഞത് പറഞ്ഞു. ഞാൻ ക്ഷമിച്ചു. അടുക്കളക്കാരി അടുക്കള കാര്യം മാത്രം നോക്കിയാ മതി.. തിന്നാൻ മാത്രം ഈ വീട്ടിൽ നീ വാ ചലിപ്പിച്ചാൽ മതി..കേട്ടോ.. ടി “
ലക്ഷ്മിയെ അയാൾ അയാളുടെ ശ,രീരത്തോട് അടുപ്പിച്ച ശേഷം. അവളുടെ മുഖത്തിൽ നിന്നും ഇഞ്ച് വ്യത്യാസത്തിൽ തന്റെ മുഖം ചേർത്തു പിടിച്ചു കൊണ്ട് അവളോട് പറഞ്ഞു.അയാളുടെ ചുടു നിശ്വാസം അവളുടെ മുഖത്തേക്ക് പതിഞ്ഞു. അയാളുടെ വായയിൽ നിന്നുമുള്ള ഉമിനീർ കണങ്ങൾ ലക്ഷ്മിയുടെ മുഖത്ത് അങ്ങോളം ഇങ്ങോളം തെറിച്ചു.ഗോമതി ഒരു ഭയത്തോടെ ആയിരുന്നു ആ രംഗം നോക്കി കണ്ടത്.
” കേട്ടോ ഗോമതി… നിന്റെ ച,ത്തു പോയ കെട്ടിയോൻ എന്റെ കയ്യിൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിച്ചത് നിനക്കറിയാലോ..? അതിന്റെ ഒരു നയ പൈസ പോലും ഇന്നേ വരെ എനിക്ക് കിട്ടിയിട്ടില്ല. ഞാൻ നിന്നോട് ചോദിച്ചോ? ഇല്ല ല്ലൊ..? എഴുതി തള്ളി. നീയും നിന്റെ മോളും ജീവിച്ചു പോട്ടേ എന്ന് തന്നെ കരുതി. കുഞ്ഞുണ്ണി യുടെ മരണ ശേഷം നീ മോളെ വളർത്താൻ ഒത്തിരി കഷ്ടപെടുന്നു ണ്ടല്ലേ?നാട്ടിലെ മേ,ത്തനും പു,ലയനും നീ പാ,വിരിക്കുന്നുണ്ടെന്നൊക്കെ ഒരു അടക്കി സംസാരം നാട്ടിലുണ്ട്.അതൊക്കെ സത്യമാണോ എന്നൊന്നും എനിക്കറിയില്ല.അങ്ങനെ പാ വിരിച്ചിരുന്നേൽ ഒരു കിണർ കുത്തേണ്ട പണത്തിനാണോ ബുദ്ധിമുട്ട്.
ഗോമാതിയുടെ അരികിലെത്തിയ കൃഷ്ണ കുറുപ്പ് മുറുക്കി ചുവന്ന വായയിൽ നിന്നും മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി കൊണ്ട് ഗോമതിയെ ഒന്ന് നോക്കി.
പകുതി ജീവൻ ഇല്ലാതായത് പോലെ അപ്പോളവൾക്ക് തോന്നി. ഇറയത്തു പടി വാതിൽക്കൽ നിൽക്കുന്ന ലക്ഷ്മി യെ ഗോമതി ഒന്ന് നോക്കി. ലക്ഷ്മി നിശ്ചലമായ പ്രതിമ എന്നോണം അവിടെ നിൽക്കുന്നു. ഗോമാതിയുടെ കണ്ണുകൾ തുളുമ്പി.
ഗോമതിയെ തുറിച്ചു നോക്കികൊണ്ട് കൃഷ്ണ കുറുപ്പ് മുറുക്കാൻ വായ ഒന്നൂടെ ആഞ്ഞു ചവച്ചു.
” ഞാൻ എങ്ങനെ ജീവിച്ചാലും അത് നിങ്ങളെ യോ ഈ നാട്ടുകാരെയോ ബാധിക്കുന്ന പ്രശ്നമല്ല ല്ലോ കൃഷ്ണേട്ടാ…..,?എൻ്റെ ജീവിതം.., അത് ഞാൻ എങ്ങനെ ജീവിച്ചു തീർത്താലും ആരെയും ബോധിപ്പിക്കേണ്ട കാര്യവും എനിക്കില്ല.എൻ്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്.കുഞ്ഞേട്ടൻ പോയെ പിന്നെ ചോര നീരക്കിയാ..,ഈ കണ്ട കാലമത്രയും ഞാൻ ജീവിച്ചത്.
അതൊന്നും എനിക്കാരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.നാട്ടുകാരുടെ വിധി ന്യായങ്ങളിൽ മേലുള്ള തീർപ്പുകൾ ചെവി കൊടുക്കാതെ തന്നെയാണ് ഇത്ര നാളും ജീവിച്ചത്. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ ഇരുന്നാ മതി.”
ഗോമാതിയുടെ ഇടറിയ വാക്കുകൾക്ക് പൊടുന്നനെ ശക്തികൂടി.
” ആഹ്.. ഇതാ ഇപ്പോ കാര്യായെ..,സ്വയം ന്യായീകരിക്കലിന്റെ ഒരാവശ്യവും എന്റെ മുന്നിൽ നിനക്കില്ല.നാട്ടുകാർ അവർക്കാവശ്യ മുള്ളത് കേൾക്കും. അവർക്കാവശ്യമുള്ളത് വിശ്വസിക്കും.അവർക്കെന്തേലും മതിയല്ലോ..? അവർ പറഞ്ഞോട്ടെ പുല്ല്. നീ എങ്ങനേലും ജീവിക്ക് .പിന്നെ ഈ കിണറ്റിലെ വെള്ളത്തിന്റെ കാര്യം. നടക്കില്ല ഗോമതി ഒരു തുള്ളി വെള്ളം പോലും ഈ കിണറ്റിൽ നിന്നും നിനക്ക് ഞാൻ തരില്ല.നിനക്ക് പോവാം.”
” വേണ്ട..കൃഷ്ണേട്ട..,ഈ പു,ലയാ,ടിച്ചി തൊട്ട് നിങ്ങടെ കിണറ്റിലെ വെള്ളം ആശുദ്ധമാക്കേണ്ട.. വെള്ളം കിട്ടാതെ ച,ത്താൽ പോലും എനിക്കീ കിണറ്റിലെ ഒരു തുള്ളി വെള്ളമിനി വേണ്ട “
“മിണ്ടാതെ ഇരിയെടി. നാണം കെട്ടു ച,ത്തവന്റെ വിധവേ.. അത്രയും വലിയ അഭിമാനി ആണേൽ നിന്ന് ചെലക്കാണ്ട് നിന്റെ ച,ത്തു പോയ കണവൻ എന്റെ കയ്യിൽ നിന്നും മേടിച്ച പൈസ ഇങ്ങട് വെക്ക്.മൂന്ന് ലക്ഷമൊക്കെ നിനക്ക് എളുപ്പമല്ലേ ഉണ്ടാക്കാൻ?”
ഗോമതിയുടെ ശരീരത്തിൽ ചൂഴ്ന്നു നോക്കി കറ പിടിച്ച പല്ല് ഇളിച്ചു കാട്ടിയ ശേഷം വായ ഒന്ന് ചവച്ച് കൃഷ്ണ കുറുപ്പ് പറഞ്ഞു.
“മൂന്ന് ലക്ഷം രൂപ എന്റെ കയ്യിൽ നിന്നും ആവശ്യപ്പെടാനുള്ള ധാർമ്മികത നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കരുതരുത്.എൻ്റെ ഭർത്താവ് നിങ്ങളുടെ കൊപ്ര കളത്തിൽ രാവും പകലുമില്ലാതെ അധ്വാനിച്ചു. നിങ്ങളുടെ എല്ലാ കൊള്ളരുതാ യിമയിക്കും ഗതികേട് കൊണ്ട് കൂട്ട് നിന്നു.ഒരിക്കലും നിങ്ങൾ എന്റെ ഭർത്താവിന് പണം കടം കൊടുത്തിട്ടില്ല.പകരം മൂടി വെച്ച രഹസ്യങ്ങൾ ആരും അറിയാതെ ഇരിക്കാൻ കൊടുത്ത കൈ ക്കൂലി അത് മാത്രമായിരുന്നു ആ പണം.ഒരു നയാ പൈസ ആ പണത്തിന്റെ പേരിൽ ഞാൻ നിങ്ങൾക്ക് തരുമെന്ന് നിങ്ങൾ സ്വപ്നം കാണണ്ട.
“പ്ഫാ എരപ്പെ, കണ്ടടം നിരങ്ങി ജീവിക്കുന്ന നീ എൻ്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നോ? നിന്റെ ഭർത്താവ് ഒരു നാ,യയായിരുന്നു.മുതലാളിയെ ഒരു കവിൾ മ,ദ്യത്തിനു വേണ്ടി മണപ്പിച്ചു നടന്ന നായ.അതിൽ കൂടുതലൊന്നുമില്ല. കൂടെ നടന്നതല്ലേ കൂടപ്പിറപ്പ് പോലെ അല്ലെ എന്നൊക്കെ കരുതി അവൻ പണം കടം ചോദിപ്പോൾ ഞാൻ കൊടുത്തു.ചരിത്രമൊന്നും നീ തിരുത്തി എഴുതാൻ ശ്രമിക്കേണ്ട. അവൻ ച,ത്തു. അതോടെ അവൻ തരനുണ്ടായിരുന്ന പണവും ഞാൻ എഴുതി തള്ളി.പക്ഷെ നീ ഇത്രയും എന്റെ മുന്നിൽ നിന്നും ചിലച്ച സ്ഥിതിക്ക് ഞാനൊന്ന് പറയാം.. എന്റെ പണം ഒരുവിധത്തിൽ അല്ലേൽ മറ്റൊരു വിധത്തിൽ നിന്നിൽ നിന്നും ഞാൻ ഈടാക്കും. ഒന്നുങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ നീ സ്വമേധയാ ആ പണം നൽകണം. അല്ലേൽ അനന്തരഫലം നീ അനുഭവിക്കേണ്ടി വരും. നീ ഒരു വിധവയാണ് അത് മറക്കരുത്. കൊഞ്ചൻ ചാടിയാൽ മുട്ടോളം.പിന്നേം ചാടിയാൽ ചട്ടീൽ. അത്രയേ ഉള്ളൂ നീ.”
ഗോമതി യുടെ മുഖം വിളറി. അവളുടെ ശരീരം ആകെ ഒന്ന് വിറച്ചു. കൈകളുടെ മുഷ്ടി ചുരുട്ടി അവളൊരടി പിന്നിലോട്ട് വെച്ചു.
” താൻ എന്താണെന്നു വെച്ചാ ചെയ്യ്. ഒരു രൂപ പോലും തനിക്ക് ഞാൻ തരില്ല.
ഗോമതി കിണറ്റിനരികിലേക്ക് നടന്നു. കിണറിന്റെ ആഴങ്ങളിലേക്ക് അവളെത്തി നോക്കി. തിരിഞ്ഞു നിന്ന് കൃഷ്ണ കുറുപ്പിനെ തുറിച്ചു നോക്കിയ ശേഷം അവൾ കിണറ്റിന്റെ പടവിൽ കാർക്കിച്ചു തുപ്പി. ആ സമയം കൃഷ്ണ കുറുപ്പിന്റെ മുഖത്തു എന്തെന്നില്ലാത്ത പ്രതികാര ഭാവം നിഴലിച്ചു.മുറുക്കി കൊണ്ട് അയാൾ അവൾ പോയ വഴിയേ തീഷ്ണമായി നോക്കിയ ശേഷം നോട്ടം ലക്ഷ്മിയിലേക്ക് തിരിച്ചു. പകച്ചു നിന്നിരുന്ന ലക്ഷ്മി തല താഴ്ത്തി വീടിനുള്ളിലേക്ക് കയറി പോയി.
” ഗോമതി, രാജപ്പൻ മുതലാളി നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു “
“എന്താ കാര്യം ഹമീദ്ക്ക..”
“അതയാൾക്കേ അറിയൂ..ചെല്ല് ഓഫീസിൽ ഉണ്ട്.”
ഗോമതി യുടെ ഹൃദയമിടിപ്പ് കൂടി വന്നു. അവൾ വേച്ചു വേച്ചു ഓഫീസിലേക്ക് കയറി ചെന്നു
” ആ ഗോമതി, കമ്പനി ഈയിടെയായി ഭയങ്കര നഷ്ടത്തിലാണ്. അത് കൊണ്ട്..? “
അവൾക്ക് ഏകദേശം കാര്യം മനസ്സിലായി. ജോലിക്ക് കയറിയിട്ട് ഇന്നേക്ക് പത്താം ദിവസം. നാട്ടിലെ ഒരു അച്ചാർ കമ്പനി. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെയുള്ള അധ്വാനം. ആ ജോലിയും തനിക്ക് നഷ്ടമാവാൻ പോവുന്നു.ഗോമതി രാജപ്പൻ മുതലാളിക്ക് മുന്നിൽ തല താഴ്ത്തി നിന്നു.
” തത്കാലം ഗോമതി കുറച്ചു ദിവസം ലീവ് എടുക്കു. ഞാൻ വിളിക്കാം “
ഗോമതി ഒന്നും മിണ്ടാതെ ആ ഓഫീസിൽ നിന്നും ഇറങ്ങി നടന്നു.അവളുട കണ്ണുകൾ നന്നേ കലങ്ങിയിരുന്നു. തേങ്ങി കൊണ്ട് അവൾ കൊണ്ട് വന്ന സഞ്ചിയുമെടുത്തു ആ കമ്പനിയിൽ നിന്നും ഇറങ്ങി. പലരും അവളെ ആശ്വസിപ്പിക്കാൻ മുന്നോട്ട് വന്നെങ്കിലും അവൾ അവരുടെ എല്ലാം കൈ തട്ടി മാറ്റി. എല്ലാം ആരുടെ കളികൾ ആണെന്ന് അവൾക്ക് മനസ്സിലായി.
” ജീവിക്കണം തോറ്റു കൊടുക്കരുത്”
അവൾ മനസ്സിൽ കുറിച്ചു.
നിലത്തു വിരിച്ച പായയിൽ കിടന്നുറങ്ങുന്ന മോളുടെ നെറു നെറ്റിയിൽ തലോടി കൊണ്ട് അവളെ നോക്കി ഗോമതി അവളുടെ അരികെ കിടന്നു.
ഓരോ ദിവസവും അവൾ പലരോടും ജോലി അന്വേഷിച്ചു നടന്നു.പക്ഷെ ആരും അവൾക്ക് ജോലി നൽകാൻ തയ്യാറായില്ല. മേലോത്തു വീട്ടിൽ നിന്നും വെള്ളം കോരി വരുമ്പോഴുള്ള അവശത വേറെയും.മാനസിക നില തെറ്റുമോ എന്നുള്ള പേടി പൊടുന്നനെ ഗോമതിയെ അലട്ടാൻ തുടങ്ങി.
” നാട്ടിൽ ആരും അറിയാതെ പണം ഉണ്ടാക്കാനുള്ള വഴി നിനക്ക് ഞാൻ പറഞ്ഞ് തരാം. നീ എന്റെ കൂടെ മംഗലാപുരം വരെ വന്നാൽ മാത്രം മതി.അത്യാവശ്യം പണം നിനക്കുണ്ടാക്കാം “
വായാടി ഷീല അവളുടെ തോളിൽ കൈവെച്ചു അത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത അറപ്പ് ഗോമതിക്ക് അവളോട് തോന്നി. പക്ഷെ ഏത് സ്ത്രീ യും ഒരു പരിധി കഴിഞ്ഞാൽ ചെന്നെത്തുന്നത് അവൾ പറയാതെ പറഞ്ഞ ജോലിയിലേക്ക് തന്നെ ആയിരിക്കും.
” മേലാൽ നീ എന്റെ മുന്നിലിനി വരരുത് “
ഷീല യുടെ കൈ തട്ടി മാറ്റി ഗോമതി അവളോട് പറഞ്ഞു.
” ഞാൻ പറഞ്ഞെന്നെ ഉള്ളൂ.ബാക്കിയൊക്കെ നിന്റെ ഇഷ്ടം. ഇങ്ങനെ പറഞ്ഞവരൊക്കെ എന്നെ തേടി പിന്നീട് വന്നിട്ടുണ്ട്. പണത്തിനു പണം തന്നെ വേണം മോളെ . അഭിമാനം സംരക്ഷിച്ചു നിന്നാൽ അങ്ങനെ നിക്കലെ ഉണ്ടാവൂ.ഞാൻ പോണു.. “
ഷീല ഒരു പുച്ഛഭാവത്തിൽ അവളെ നോക്കികൊണ്ട് ഗോമതിക്ക് മുന്നിൽ നിന്നും പോയി.
ഒരു ദിവസം രാവിലെ ഗോമതി കണ്ടത് വീട്ടിൽ കയറി വന്ന പോലീസിനെ യായിരുന്നു. മുന്നേ ജോലി ചെയ്ത വീട്ടിൽ നിന്നും സ്വർണം മോഷണം പോയതിൽ ഗോമതിയെ ആ വീട്ടിൽ ഉള്ളവർ സംശയിക്കുന്നു എന്നായിരുന്നു പോലിസ് ഭാഷ്യം.മകളുടെ മുന്നിൽ വെച്ച് ഗോമതിയെ പോലീസ്ക്കാർ അറെസ്റ്റ് ചെയ്തു. ഇതൊക്കെ കണ്ടു കൊണ്ട് കൃഷ്ണകുറുപ്പ് ഒരു ചിരിയോടെ കിണറ്റിന്റെ അടുത്ത് നിന്നും ആ രംഗം നോക്കി കണ്ടു. അമ്മയെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോവുന്ന രംഗം തേങ്ങി കൊണ്ട് ആ മകൾ നോക്കി നിന്നു.
പോലീസ്ക്കാർ ഗോമാതിയെ നേരെ കൊണ്ട് പോയത് പോലീസ് കോർട്ടേഷിലേക്കായിരുന്നു.ചോദ്യം ചെയ്യൽ എന്നതിലുപരി അവളുടെ മാംസ,ത്തിൽ ലാത്തി കൊണ്ട് അ,ടിക്കുന്നതിലായിരുന്നു വനിതാ പോലീസ് ഉൾപ്പെടെ ഉള്ളവർ കൂടുതൽ പരിഗണന നൽകിയത്.. ത,ല്ലി ച,തച്ച ശേഷം ഗോമതിയെ അവർ ഒരു മൂലക്കിരുത്തി.
മോഷണം നടത്തിയില്ലെന്ന് അവൾ ആവർത്തിച്ചു പറഞ്ഞെങ്കിലും പോലീസ്ക്കാർ അതൊന്നും ചെവികൊണ്ടില്ല. കളഞ്ഞു പോയ സ്വർണം തിരിച്ചു കിട്ടി എന്നുള്ള ഫോൺ കാൾ വന്നപ്പോളായിരുന്നു.. പോലീസ്ക്കാർ അവളെ വെറുതെ വിട്ടത്.
ഗോമാതിയുടെ നടുവും കാലും കൈയും അപ്പോഴേക്കും പോലീസ്ക്കാർ ത,ല്ലി ച,തച്ചിരുന്നു. രണ്ട് പേരുടെ സഹായത്തോടെ ഗോമതി അവളുടെ വീട്ടിലെത്തി. ക,ള്ളി എന്നുള്ള പേര് അപ്പോഴേക്കും അവളുടെ മുകളിൽ ചാപ്പ കു,ത്ത പെട്ടിരുന്നു.അപ്പുറത്തെ വീട്ടിൽ നിന്നും മകൾ പേടിയോടെ അമ്മയുടെ അരികിലേക്ക് വന്നു. മകളെ കണ്ടതും ഗോമതി പൊട്ടി കരഞ്ഞു.
” അമ്മ ക ള്ളി ആണെന്ന് പറയുന്നു.. “
” ഇല്ല മോളെ നിന്റെ അമ്മ ആരുടേയും ഒന്നും മോഷ്ട്ടിച്ചിട്ടില്ല.. “അതും പറഞ്ഞു ഗോമതി മകളെ നീറുന്ന കൈകാളാൽ കെട്ടി പിടിച്ചു.
അയൽ വീട്ടുകാരുടെ സഹായ സഹകരണത്തോടെയായിരുന്നു പിന്നീടുള്ള ഗോമാതിയുടെയും മകളുടെയും ജീവിതം. പോലീസ്ക്കാർക്കെതിരെ കേസ് കൊടുക്കാൻ പലരും അവളെ ഉപദേശിച്ചെങ്കിലും.. അതൊന്നും വേണ്ട എന്നായിരുന്നു ഗോമാതിയുടെ മറുപടി.
അങ്ങനെ ഒരു ദിവസം കൃഷ്ണകുറുപ്പ് ഗോമതിയെ കാണാൻ ലക്ഷ്മിയെയും കൂട്ടി അവളുടെ വീട്ടിലേക്കെത്തി.അത്യാവശ്യം എഴുന്നേറ്റ് നടക്കാൻ അപ്പോഴേക്കും ഗോമതിക്ക് കഴിഞ്ഞിരുന്നു.ലക്ഷ്മിയെ കണ്ടതും ഗോമതിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.പക്ഷെ ലക്ഷ്മിക്ക് പിന്നലെ കടന്നു വന്ന കൃഷ്ണകുറുപ്പിനെ കണ്ടതും അവളുടെ മുഖത്തു പടർന്ന സന്തോഷം പെട്ടെന്നില്ലാതെയായി
“ഇങ്ങോട്ട് വരണം വരണമെന്ന് കുറച്ചു നാളായി ഞാൻ ആഗ്രഹിക്കുന്നു. സമയം കിട്ടിയില്ല. ഇവൾക്ക് ഒരേ നിർബന്ധം നിന്നെ കാണണമെന്ന്. നന്നായി പെരുമാറി അല്ലെ? അവർ അങ്ങനെയാ കട്ടവനെ കിട്ടിയില്ലേ കിട്ടിയവനെ ത,ല്ലും.. എന്തായാലും ആ സ്വർണം തിരിച്ചു കിട്ടിയത് നിന്റെ ഭാഗ്യം.അല്ലേൽ നിന്റെ മോൾ ഇവിടെ ഒറ്റക്കായി പോവുമായിരുന്നില്ലേ..? എനിക്ക് നല്ല സങ്കടം ഉണ്ട് ഗോമതി നിന്നെ ഈ അവസ്ഥയിൽ കാണാൻ.ഞാൻ പറഞ്ഞില്ലേ നീയൊരു വിധവയാണ്. കൃഷ്ണ കുറുപ്പിനെ കൂട്ടിയാൽ കൂടില്ല നിനക്ക്. എനിക്ക് ഇത്രയും മതി. പോട്ടേ”
ഗോമതിയുടെ കയ്യും കാലും അപ്പോൾ ദേഷ്യം കൊണ്ട് നന്നായി വിറയ്ക്കുന്നു ണ്ടായിരുന്നു. കിടക്കയിൽ നിവർത്തി വെച്ച അവളുടെ കാലിൽ ലക്ഷ്മി പതിയെ തൊട്ടു. ഒന്നും തിരിച്ചു പറയല്ലേ എന്നുള്ള മട്ടിൽ അവൾ ഗോമതിയെ നോക്കി തലയിളക്കി.ഗോമതി വന്ന ദേഷ്യം കടിച്ചു പിടിച്ചു. അകത്തളത്തിൽ മുറിയുടെ വാതിൽക്കൽ പറ്റി നിന്നിരുന്ന ഗോമാതിയുടെ മകളുടെ തലയിൽ തലോടി കൊണ്ട് കൃഷ്ണ കുറുപ്പ് ആ വീട്ടിൽ നിന്നുമിറങ്ങി.. ഒരു കടലാസ് കഷ്ണം ഗോമതിക്ക് കൈമാറിയ ശേഷം ലക്ഷ്മിയും കൃഷ്ണകുറുപ്പിന് പിന്നാലെ നടന്നു.
ലക്ഷ്മി മടക്കി പിടിച്ചു തന്ന കടലാസ് കഷ്ണം ഗോമതി തുറന്നു നോക്കി. ഒരു അഡ്രെസ് ആയിരുന്നത്..
“നിനക്കെന്തേലും ജോലി വേണേൽ ഈ മേൽവിലാസത്തിൽ ബന്ധപെടുക “
ലക്ഷ്മി ആ മേൽവിലാസത്തിനു താഴെ കുറിച്ചു. ശാരീരിക വെല്ലുവിളികളെ കാര്യമാക്കാതെ ഗോമതി അപ്പുറത്തെ വീട്ടിലെ ചേച്ചി യുടെ സഹായത്തോടെ ലക്ഷ്മി പറഞ്ഞ സ്ഥലത്തേക്ക് എത്തി. ഒരു വലിയ നെയ്ത്തു കേന്ദ്രം.
ഉഷ എന്നു പേരുള്ള സ്ത്രീ ആയിരുന്നു അത് നടത്തിയിരുന്നത്.ഗോമതിയെ കണ്ടതും ഉഷ അവളെ കെട്ടിപിടിച്ചു.
“നിനക്കെന്നെ ഓർമ ഉണ്ടോടി..”
ഗോമതിക്ക് ഒന്നും മനസ്സിലായില്ല.
“എന്നെ എങ്ങനെയാ നിങ്ങൾക്ക് പരിചയം.” ഗോമതി ഉഷയോട് ചോദിച്ചു.
” ടീ.. ഇതു ഞാനടി നിന്റെ കളി കൂട്ടുകാരി ഉഷ.. ചെന്തെടത്തു രവിയേട്ടന്റെ മോൾ “
ഗോമാതിയുടെ കണ്ണുകൾ വിടർന്നു.പിന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.പഴയ കളി കൂട്ടുകാരിയെ അവൾ കെട്ടി പിടിച്ചു. ഒത്തിരി കരഞ്ഞു. അവളുടെ കഥകളെല്ലാം ഉഷയ്ക്ക് നന്നായി അറിയാമായിരുന്നു.
ഗോമതി അവിടെ ജോലിക്ക് കയറി. കുറച്ചു മാസങ്ങൾ കൊണ്ട് അവൾ നെയ്യ്ത്തിൽ പ്രാഗല്ഭ്യം നേടി. ജീവിതം പച്ച പിടിക്കുന്നത് പോലെ ഗോമതിക്ക് തോന്നി.
” വീട്ടിൽ ഒരു കിണർ കുത്തണം.. കൊരാൾ പുഴ വറ്റിയാൽ പിന്നെ വെള്ളമെടുക്കാൻ മേലോത്തു വീട്ടിൽ പോണം. നടു ഒടിയും. ആ കൃഷ്ണ കുറുപ്പ് കണ്ണിൽ ചോ,രയില്ലാത്തവന. വീട്ടിൽ നിന്നും രണ്ടടി നടക്കേണ്ട ദൂരത്തു കിണറുണ്ടായിട്ടും എന്റെ ഒരു വിധി. ഒത്തിരി അനുഭവിച്ചു. ഇനി എങ്കിലും എനിക്കെന്റെ ജീവിതം കരുപിടിപ്പിക്കണം. ആത്മഹത്യ ചെയ്യാൻ പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷെ എന്റെ മകളെ ഓർത്തു ഞാനത് ചെയ്തില്ല. തോൽക്കാൻ മനസ്സില്ല. ജീവിച്ചു കാട്ടണം. ഒരു ലോൺ കിട്ടോന്ന് നോക്കണം.”
” വിഷമിക്കാതെ. നിനക്ക് കിണറല്ലേ കുത്തേണ്ടത്. അതിന്റ പണം ഞാൻ തരാം. ലോണൊന്നും എടുക്കേണ്ട.”
” ടീ ഞാൻ എന്റെ വിഷമം പറഞ്ഞെന്നെ ഉള്ളൂ.. ഞാൻ ലോൺ എടുത്തോളാം “
” ദേ… ഒരടി വെച്ച് തന്നാലുണ്ടല്ലോ..തത്കാലം നീ ഞാൻ പറയുന്നത് കേട്ടാൽ മതി.
ദിവസങ്ങൾക്കകം ഉഷയുടെ നേതൃത്വത്തിൽ കിണർ കുഴിക്കൽ ഗോമാതിയുടെ വീടിന്റ മുറ്റത്തു പുരോഗമിച്ചപ്പോൾ,കിണർ കുത്തുമ്പോൾ ഉപയോഗിച്ച വെള്ളം ഒഴുകി കൃഷ്ണക്കുറുപ്പിൻ്റെ വീട്ടിലേക്ക് നീങ്ങി. രോഷാകുലനായ കൃഷ്ണക്കുറുപ്പിന്റെ മുഖം ചുവന്ന് തുടുത്തു.
“നിന്റെ വീട്ടിലെ മലിനജലം എൻ്റെ വീട്ടിലേക്ക് ഒഴിക്കുന്നത് നിർത്തിക്കോ.”
അയാൾ ഗോമതിക്ക് നേരെ അലറി.അയാളുടെ ശബ്ദം വായുവിൽ പ്രതിധ്വനിച്ചു.
“ഇപ്പോൾ തന്നെ എന്റെ വീട്ടിലേക്ക് ഒഴുകി വന്ന ചളി വെള്ളം നീക്കിയേക്ക് അല്ലേൽ നീയൊന്നും ഇവിടെ കിണർ കു,ത്തില്ല. “
അതും പറഞ്ഞു കൃഷ്ണ കുറുപ്പ് തെറിയും വിളിച്ചു വീടിന്റെ ഉള്ളിലേക്ക് കയറി പോയി.
ഉഷ യും ഗോമാതിയും പിന്നെ കുറച്ചു ആളുകളും ചേർന്ന് ആ ചളി വെള്ളം അവിടെ നിന്നും നീക്കി.
” അയാൾ അനുഭവിക്കുമെടി.. നരകിച്ചെ അയാൾ ചാവൂ “
ഉഷ ഗോമതിയെ സമാധാനിപ്പിച്ചു
വർഷങ്ങൾ കടന്നു പോയി.
ഗോമതി യുടെ ജീവിതം ഉഷ കാരണം പച്ച പിടിച്ചു. കൃഷ്ണ കുറുപ്പിന്റെ ശല്യം പൊടുന്നനെ ഇല്ലാതായി. പുറത്തൊന്നും അയാളെ കാണാൻ കൂടി കിട്ടാറില്ല. അയാൾക്ക് എന്ത് പറ്റിയെന്നു ഗോമതി അന്വേഷിച്ചതുമില്ല.
അങ്ങനെ ഒരു ദിവസം ലക്ഷ്മി ഓടി വന്നു ഗോമതിയെ അവളുടെ വീട്ടിലേക്ക് വിളിച്ചു.ഗോമതി അവളുടെ കൂടെ അവളുടെ വീട്ടിലേക്ക് പോയി. നേരെ ചെന്ന് കയറിയത് കൃഷ്ണ കുറുപ്പിന്റെ മുറിയിലേക്കായിരുന്നു.
കിടക്കയിൽ കിടക്കുന്ന കൃഷ്ണകുറുപ്പിനെ കണ്ടപ്പോൾ ഗോമതിയൊന്നു ഞെട്ടി.
“പോയെടി അയാൾ പോയി..”
“ഇതു..?”
“എന്റെ കെട്ടിയോൻ തന്നെ..”
ഗോമതി വായ തുറന്നു പോയി.
ശരീരം മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ. കൊട്ട തേങ്ങ പോലെ അയാളുടെ തല. എല്ലും തോലുമായ ഒരു രൂപം.
” കാൻസർ ആയിരുന്നു. ചാ,വന ഞാനും കാത്തു നിന്നത്. കൊ,ന്നില്ല.. നരകിച്ചു ചാ,വണം. അങ്ങനെ നരകിച്ചു നരകിച്ചാണ് ഇയാൾ ച,ത്തത്. കണ്ടോ ദൈവത്തിന്റെ ശിക്ഷ. “
ഗോമതി ആ രൂപത്തെ സൂക്ഷിച്ചു നോക്കി. പഴയ ആ ശൗര്യമില്ല. പട്ടിണി കിടന്ന് ച ത്ത പോലെ ഒരു രൂപം.
ഗോമാതിയുടെ മുഖത്തു ഒരു ചെറിയ പുഞ്ചിരി വന്നു.
മരണ വിവരമറിഞ്ഞു വീട്ടിൽ കയറി വന്ന നാട്ടുകാരും മൂക്കത്തു കൈ വെച്ചു പോയി. അയാളെ കുളിപ്പിക്കാൻ കൊണ്ട് പോയപ്പോ അത് വരെ വറ്റാത അയാളുടെ വീട്ടിലെ കിണർ വറ്റിയിരിക്കുന്നു.അവസാനം ഗോമതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളമെടുത്തു അയാളെ കുളിപ്പിച്ചു.
” ഒരു തുള്ളി വെള്ളം ചോദിച്ചപ്പോൾ തരാത്ത നിന്റെ പൊല കുളി എന്റെ വീട്ടിലെ വെള്ളം കൊണ്ട് നടത്താനാവും ദൈവ നിശ്ചയം.”
ഗോമതി മനസ്സിൽ ഒത്തിരിയപ്പോൾ സന്തോഷിച്ചു. ഇറയത്തു കിടത്തിയ അയാളെ നോക്കി അവിടെ നിന്നവരിൽ ഒരാൾ മാത്രമേ പുഞ്ചിരിചുള്ളൂ. അതവളായിരുന്നു. ഗോമതി.
ശുഭം.
