ആരോ
രചന:-നിത്യാ മോഹൻ
പുതിയ വീട്ടിൽ എത്തിയപ്പോൾ മുതൽ രുദ്രയുടെ മനസ്സാകെ അസ്വസ്ഥമാണ്, അച്ഛന്റെ വീട്ടിൽ നിന്നും പെട്ടെന്നുള്ള പറിച്ചു നടൽ അവൾ തീരെ പ്രതീക്ഷിച്ചതല്ല.
അച്ഛന് കിട്ടിയ കുടുംബ ഓഹരി വച്ചാണ് വേറെ വീട് വാങ്ങിയത്…. ഇതൊരു പഴയ നാലുകെട്ട് തറവാട് ആണ്, പുതുക്കി പണിതിട്ടുണ്ട്… പക്ഷെ ആ വീട്ടിൽ കയറിയപ്പോൾ മുതൽ രുദ്രക്കെന്തോ… മനസ്സിൽ വല്ലാത്ത അവസ്ഥ.
ഒരന്ധവിശ്വാസവും ഇല്ല… എങ്കിലും എന്തോ ഒരു പൊരുത്തക്കേട്. അമ്മയ്ക്ക് വല്യ ഇഷ്ടമായി, അതുകൊണ്ട് അച്ഛൻ കൂടുതൽ ഒന്നും ആലോചിച്ചില്ല. തറവാട്ടിലെ ബഹങ്ങൾക്കിടയിൽ നിന്നും നിശബ്ദതമായ ഒരിടത്തേക്കുള്ള വരവ് ആയതുകൊണ്ടാവാം.
ചിന്തയിൽ നിന്നുണർന്നു രുദ്ര. ഒന്ന് കുളിച്ച് വന്നാൽ ഉന്മേഷം കൂട്ടുമെന്ന് തോന്നി…. കുളിക്കുവാൻ കയറിയപ്പോൾ സോപ്പ് ഇല്ല. തിരികെ ഇറങ്ങി….
” അമ്മേ….. അമ്മേ…. !!
“എന്താ രുദ്ര. . എന്താ നീയിങ്ങനെ കിടന്ന് അലറുന്നത്. അമ്മ ധൃതി പിടിച്ചു അടുക്കളയിൽ നിന്നും വന്നു.
“സോപ്പ് ബാത്റൂമിൽ ഉണ്ടെന്ന് അമ്മയല്ലേ എന്നോട് പറഞ്ഞത്. .
“അതേ, ഞാൻ വച്ചിട്ടുണ്ട് “
“ഓഹോ വച്ചോ, എന്നിട്ട് എവിടെ അമ്മാ. . സോപ്പ്…, ഇവിടെ സോപ്പ് ഇല്ല…!!
അമ്മ അവളെ മാറ്റിയിട്ട് ബാത്റൂമിൽ കയറി,
രുദ്രാ…
ഇത് പിന്നെ എന്താ..അമ്മയുടെ കൈയിൽ സോപ്പ്…
അവൾ ഞെട്ടി…. !!
പുതിയത് വച്ചതാ… ഇത് നീ ഉപയോഗിച്ചിട്ടുണ്ട് നനഞ്ഞിരിക്കുന്നു.
ദേഷ്യത്തിൽ അമ്മ സോപ്പ് തിരികെ വച്ചു. ഞാനൊരു ജോലി ചെയ്തു കൊണ്ടിരിക്കുവാ രുദ്രാ, അതിനിടയിൽ നിന്റെ ഈ കുഞ്ഞുകളി… ഈ കുട്ടിക്ക് കുറുമ്പു ഇത്തിരി കൂടുന്നുണ്ട്… പിറുപിറുത്തുകൊണ്ടു അമ്മ നടന്നു.
അവളെത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു. കൂടുതൽ ആലോചിക്കാൻ നിന്നില്ല, പുതിയ വീടുമായി ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല, അതുകൊണ്ട് മനസ്സും അസ്വസ്ഥം. വേഗം കുളിച്ചിറങ്ങി.
കഴിച്ചുകൊണ്ടിരുന്നപ്പോൾ ജോണിന്റെ കാൾ വന്നു. എന്തായാലും അവിടെ വരെ ഒന്ന് പോകാമെന്നു അവൾ തീരുമാനിച്ചു.
ജോണിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ പതിവ് പോലെ അവൻ ചിരിച്ചു. തനിക്ക് എന്താടോ പറ്റിയത്??
വീട് ഷിഫ്റ്റ് ചെയ്തു, പിന്നെ തന്റെ കസിൻസിനെ മിസ്സ് ചെയ്യുന്നു, ഇതൊക്കെ മനസ്സിനു അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ടുള്ള തോന്നലുകളാണ്.
എനിക്ക് തന്റെ പുതിയ വീട്ടിലേക്കു വരാൻ പറ്റിയില്ല, ജോലിത്തിരക്ക്. തനിക്കറിയാലോ രുദ്ര ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. ആകെയുണ്ടാ യിരുന്ന മമ്മികൂടി പോയപ്പോൾ…. മുഴുവിപ്പിക്കാനാവാതെ അവൻ നിർത്തി…. അവൾ ജോണിന്റെ തോളിലേക്ക് ചാരി.
രണ്ട് ദിവസം കൂടി ലീവ് പറയണമെന്നുണ്ടായിരുന്നു അവൾക്ക് എം ഡി… സമ്മതിച്ചില്ല… വർക്ക് കൂടുതൽ ആണ്. ഡ്രൈവ് ചെയ്യുമ്പോൾ ചിന്തകൾ മുഴുവൻ പുതിയ വീടിനെക്കുറിച്ചായിരുന്നു.
” നിനക്ക് വീട് ഇഷ്ടമായില്ലേ മോളെ, കഴിക്കാനിരുന്നപ്പോൾ അച്ഛന്റെ ചോദ്യം “…
മൗനമായിരുന്നു മറുപടി.
അമ്മ അവളുടെ തലയിൽ തഴുകി അരികിൽ നിന്നു.
ഇവൾക്ക് ഇഷ്ടപ്പെടായ്ക ഒന്നുമില്ല ഏട്ടാ… വീട്ടിൽ നിന്നും പോന്നതിന്റെ വിഷമം. അവിടെ ആകുമ്പോൾ ജോലി കഴിഞ്ഞെത്തിയാൽ എല്ലാരും ഉണ്ടായിരുന്നല്ലോ, അതാണ് കാര്യം. അവൾ അമ്മയെ സങ്കടത്തോടെ നോക്കി.
കഴിച്ച് കൈകഴുകി വന്നപ്പോൾ അച്ഛൻ അവളുടെ നേരെ രണ്ട് ബുക്കുകൾ നീട്ടി.
എന്താ അച്ഛാ ഇത് ??
“വേണുവങ്കിൾ തന്നതാ, നീയൊരു ദിവസം ഈ ബുക്സ് അന്വേഷിച്ചു ലൈബ്രറിയിൽ ചെന്നിരുന്നെന്നു പറഞ്ഞു “
” അവൾ സന്തോഷത്തോടെ ബുക്കുകൾ വാങ്ങി…ഹൊറർ സ്റ്റോറീസ് ആണ് “.
ഈ അന്തരീക്ഷത്തിൽ ഇത് വായിക്കേണ്ട എന്നവൾ തീരുമാനിച്ചു. റൂമിൽ ചെന്നു, കിടന്നിട്ടു ഉറക്കം വരുന്നില്ല …. അപ്പോഴാണ് ബെഡ്റൂം ലാമ്പിന്റെ വെളിച്ചത്തിൽ ടേബിളിലിരിക്കുന്ന ബുക്കുകൾ അവളുടെ ശ്രദ്ധയിൽ പെട്ടത് .
ബുക്കുകൾ അവളെടുത്തു. ടേബിൾ ലാമ്പ് ഓൺ ചെയ്തു ഒരു ബുക്കെടുത്ത് വെറുതെ വായിക്കാൻ തുടങ്ങി, പെട്ടെന്ന് ലാമ്പ് മങ്ങുന്നതായി അവൾക്ക് തോന്നി.
ബുക്ക് മടക്കി അവളെഴുന്നേറ്റു. റൂമിലാകെ കണ്ണുകളോടിച്ചു. തന്നെക്കൂടാതെ ആ റൂമിൽ ആരോ ഉള്ളതായി അവൾക്ക് തോന്നി !!!!!
ജനാലകൾക്കു സൈഡിൽ എന്തോ നിഴൽ പോലെ..വേഗം പേടിച്ചവൾ ബെഡിലേക്കു ഇരുന്നു… പതിയെ ലൈറ്റ് ഇട്ടു….
“ഇല്ല, ഒന്നുമില്ല…, മെല്ലെ എഴുന്നേറ്റു ജനാലയ്ക്കരുകിലേക്കു ചെന്നു.. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ജനൽ പാളികൾ വന്നടഞ്ഞു… അവൾ ഞെട്ടി പുറകോട്ടു മാറി. ജനാലകൾ അടക്കുവാൻ മറന്നിരുന്നു, അവൾ അതടച്ചു… പുറത്ത് നല്ല കാറ്റുണ്ട്…. !!
കിടന്നിട്ടു ഉറക്കം വരുന്നില്ല, ധൈര്യശാലിയായ അവളുടെ മനസ്സിൽ പേടി അരിച്ചെത്തി. പുതപ്പെടുത്തു തലവഴി മൂടി കിടന്നു…. അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ അമ്മ വന്നു വിളിക്കുമ്പോഴാണ് രുദ്ര എഴുന്നേൽക്കുന്നത്.
“നീയ് അലാറം വച്ചില്ലേ മോളെ ??”
ഇല്ലമ്മേ മറന്നു…
ഈ കുട്ടി ജനലടക്കാതെയാണോ ഇന്നലെ കിടന്നത്, അമ്മ ചെന്നു കർട്ടൻ വലിച്ചിട്ടുകൊണ്ട് പറഞ്ഞു.
“ദൈവമേ !!”
ഇന്നലെ രാത്രിയിൽ ജനലുകൾ അടച്ചതാണല്ലോ, അവളുടെ കണ്ണുകളിലേക്കു ഇരുട്ട് കയറും പോലെ തോന്നി.
നീ വേഗം കുളിച്ച് വാ കുട്ടി… ഓഫീസിൽ പോകണ്ടേ.അമ്മ പറഞ്ഞിട്ട് പോയതായിരുന്നില്ല അപ്പോൾ അവളുടെ മനസ്സിൽ…. !
പെട്ടെന്ന് അലാറം മുഴങ്ങി… വേഗം അവൾ ഓഫ് ചെയ്തു. ഒന്നും കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കുളിച്ച് ഓഫീസിലേക്ക് ഇറങ്ങി.
ഓഫിസിലിരിക്കുമ്പോൾ ജനാലകൾ തുറന്നു കിടന്നതും, അലാറം അടിച്ചതും മനസ്സിൽ നിന്നും പോകാതെ കിടന്നു. അച്ഛന്റെ വീട്ടിൽ ഒന്ന് പോകാമെന്ന് അവളാലോചിച്ചു, വൈകുന്നേരം നേരെത്തെ ഇറങ്ങി….
അവിടെ ചെല്ലുമ്പോൾ കൊച്ചച്ചന്മാരുടെ കുട്ടികൾ എല്ലാവരുമുണ്ട്. ചേച്ചി വന്ന സന്തോഷത്തിലാ യിരുന്നവർ. കുറച്ച് ദിവസം കൂടി അവൾക്ക് ഒരുപാട് സന്തോഷം തോന്നി. ഒരു മകളായി പിറന്നത് കൊണ്ട് ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നത്, തറവാട്ടിൽ നിന്നും മാറിയപ്പോഴാണെന്നു രുദ്ര ഓർമ്മിച്ചു.
” വെക്കേഷൻ തുടങ്ങാറായി ചേച്ചി, രണ്ടാഴ്ച കൂടിയേ ക്ലാസ്സ് ഉള്ളൂ… ഞങ്ങൾ എല്ലാരും അങ്ങോട്ട് വരാനിരിക്കുവാ… കൊച്ചച്ചന്റെ മോൾ സേതുവാണ് പറഞ്ഞത്….അവൾ സേതുവിനെ കെട്ടിപ്പിടിച്ചു !!
പോകാനിറങ്ങുമ്പോൾ അവൾ തിരിഞ്ഞു നോക്കിയില്ല, വണ്ടിയെടുത്തു വേഗം പോന്നു…. അവരെവീണ്ടും നോക്കിയാൽ പിന്നെ പോരാൻ മനസ്സ് അനുവദിക്കില്ല….!!
ഡ്രൈവിങിനിടയിലും ആ വീട്ടിലേക്കു ചെല്ലുന്ന കാര്യമോർത്തവൾ നെടുവീർപ്പെട്ടു. വീട്ടിലെത്തി… കുറച്ച് നേരം അമ്മയോടൊപ്പം ടീവി കണ്ടിരുന്നു, അപ്പോഴൊന്നും അവൾക്ക് മറ്റൊന്നും ഫീൽ ചെയ്തില്ല, പക്ഷെ ആ റൂമിൽ കയറുമ്പോൾ മനസ്സിൽ അസ്വസ്ഥത തുടങ്ങുന്നു.
” അമ്മാ എനിക്കൊരു കാര്യം പറയാനുണ്ട്…. അവൾ അമ്മയുടെ മടിയിൽ തല വച്ചു കിടന്നു.
ഉം… ന്തെ ??
എനിക്ക് റൂം ഒന്ന് ഷിഫ്റ്റ് ചെയ്യണം.
എന്തിന് ?
ജനാലകൾ തുറക്കുമ്പോൾ റോഡ് കാണും വിധമുള്ള റൂം വേണമെന്ന് പറഞ്ഞല്ലേ… അത് സെലക്ട് ചെയ്തത്, എന്നിട്ട് കുറച്ച് ദിവസം കൊണ്ട് മടുത്തോ ??
അമ്മയുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകുമെന്നോർത്ത് അവൾ കുഴങ്ങി, സത്യം പറയാം എന്ന് വിചാരിച്ചാൽ അമ്മയും അച്ഛനും വിശ്വസിക്കില്ല, അതുമല്ല തന്റെ അനുഭവം അവർക്ക് ഉണ്ടായിട്ടില്ല അതും ഉറപ്പാണവൾക്ക്. അമ്മയുടെ സംസാരം കേട്ടാണ് അച്ഛൻ അവിടേയ്ക്കു വന്നത്.
“മോൾക്ക് ആ റൂം ഇഷ്ടപ്പെട്ടില്ലങ്കിൽ വേറെ റൂമിലേക്ക് മാറിക്കോളു, അതിനിപ്പോൾ ന്താ ഇത്ര ചോദിക്കാൻ. ഇവിടെ എത്രറൂമുകൾ ഉണ്ട്. എല്ലാം ഒഴിഞ്ഞു കിടക്കുന്നു.
അമ്മ അത് കേട്ടു സ്നേഹത്തോടെ അവളുടെ തലയിൽ തടവി. സാധനങ്ങളെല്ലാം അവർ ഒരുവിധം മാറ്റി. ലാസ്റ്റ് ഉണ്ടായിരുന്ന ടേബിൾ എടുക്കുവാനായി അതിലുള്ള ബുക്സ് എല്ലാം എടുത്ത് മാറ്റുന്നതിനിടയിൽ അവളുടെ കൈ തട്ടി എന്തോ താഴെ വീണു പൊട്ടി… നോക്കുവാൻ മുതിർന്നപ്പോൾ കാലിൽ ചില്ലുകൾ തറച്ചു…..
അയ്യോ…മുറിഞ്ഞല്ലോ മോളേ, അമ്മ ഓടിവന്നു… തുടച്ചു മരുന്ന് വച്ച് മുറിവ് കെട്ടി…, അവൾക്ക് കാലിലെ മുറിവിന്റെ നീറ്റലിനേക്കാൾ വലുതായിരുന്നു മനസ്സിലേറ്റ നീറ്റൽ, ആ പൊട്ടിയത് ജോൺ അവൾക്ക് ബർത്ത്ഡേയ്ക്ക് കൊടുത്ത ഗ്ലാസിൽ തീർത്ത ആൺപെൺ രൂപങ്ങളായിരുന്നു.
റൂം ഷിഫ്റ്റ് ചെയ്തു മാറിയെങ്കിലും…. ഒരു ദുഃസൂചനയെന്നോണം അവളുടെ മനസ്സിൽ ഒരു കരടായി അത് അവശേഷിച്ചിരുന്നു.
തലേദിവസം വിളിച്ചപ്പോൾ ജോൺ പറഞ്ഞത് അവളോർത്തു.
“രുദ്രാ… ആ ജനാലകൾ തുറക്കുമ്പോൾ…. നിന്നെ നോക്കി ഞാൻ അവിടെ നിൽപ്പുണ്ടാവും… എവിടെയെന്നറിയുമോ… ആ വഴിയരികിലെ… വാകയുടെ ചുവട്ടിൽ. “
മനസ്സിൽ പേടി കൂടിയത് കൊണ്ട് മാത്രമാണ് റൂം മാറിയത്.
അവൾ പതിയെ എഴുന്നേറ്റ് പഴയ റൂമിലേക്ക് ചെന്നു…. ജനാലകൾ തുറന്നു കിടന്നിരുന്നു…. അതുവഴി അവൾ വാകമരത്തെ നോക്കി…. പെട്ടെന്ന് തണുത്ത കാറ്റ് വീശി, വേഗമവൾ ഫോൺ എടുത്ത് ജോണിനെ വിളിച്ചു… പക്ഷെ കാൾ കണക്ട് ആകുന്നില്ല… അവൾ നിരാശയോടെ പിന്തിരിഞ്ഞു നടന്നു.. !!!
അവധിയെത്തുടർന്ന് കൊച്ചച്ചന്മാരും കുടുംബവും വന്നു. കൊച്ചച്ചന്റെ മകൾ സേതുവിനാണ് ആ റൂം വളരെ ഇഷ്ടമായത്.
” നല്ല ഭംഗിയുള്ള റൂം… അവളതു പറയുമ്പോൾ രുദ്രയുടെ മനസ്സ് അസ്വസ്ഥമായി. രാത്രിയിൽ ചിറ്റയും സേതുവും, അവളുടെ അനിയൻ കുട്ടുവും ആ റൂമിലാണ് കിടന്നത്. അതിനാൽ രാത്രിയിൽ എന്തെങ്കിലും സംഭവിക്കുമോയെന്നു രുദ്രക്ക് പേടിയായിരുന്നു.”
പിറ്റേന്ന് രാവിലെ ഉണർന്നു തലേദിവസത്തെ കിടപ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ സേതുവിന് നൂറ് നാവായിരുന്നു, ആ റൂം അവൾക്ക് നന്നേ ബോധിച്ചുവെന്നു രുദ്രക്ക് മനസ്സിലായി…!
അതോടൊപ്പം തനിക്കുണ്ടായ ഒരു ചീ ത്ത അനുഭവവും അവർക്കുണ്ടായില്ല എന്നുറപ്പായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കൊച്ചച്ചന്മാരും ഫാമിലിയും പോയി, സേതു മാത്രം അവിടെത്തങ്ങി. അവളവിടെയുള്ളതു രുദ്രക്ക് ഒരാശ്വാസ മായിരുന്നു. അവളെയും കൊണ്ട് കുറേ ചുറ്റി നടന്നു അന്ന് രുദ്ര…. അതാവാം രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴേ ഉറക്കത്തിലേക്കു വഴുതിപ്പോയി.
വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു രുദ്ര ചാടി എഴുന്നേറ്റ്….. വാതിൽ തുറന്നു. പേടിച്ചു വിയർത്തു നിൽക്കുന്നു മുന്നിൽ അമ്മ.
” എന്താ അമ്മാ, എന്ത് പറ്റി ??
” മോളേ, സേതുവിന്റെ റൂമിൽ നിന്നും കരച്ചിൽ കേട്ടാണ് ഞങ്ങൾ അവിടേയ്ക്കു ചെന്നത്, ചെല്ലുമ്പോൾ കുട്ടി നിലത്ത് ബോധമില്ലാതെ കിടക്കുവാ…. വെള്ളം മുഖത്തു തളിച്ചപ്പോൾ എഴുന്നേറ്റു…. പക്ഷെ ഒന്നും മിണ്ടുന്നില്ല…. ഞാനാകെ പേടിച്ചു പോയി…. അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞു ….. കൊച്ചച്ചനെ വിവരമറിയിച്ചിട്ടുണ്ട്…. നീ കൂടി വാ…. എല്ലാം കേട്ടു മരവിച്ചു നിന്നുപോയി രുദ്ര. അവളോടിച്ചെന്നു സേതുവിനെ വാരിപ്പുണർന്നു. കാറിൽ വച്ച് എത്ര ചോദിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. രുദ്രയുടെ മനസ്സിൽ ഓരോ ചിന്തകളും തിങ്ങിക്കൂടി.
” കുഴപ്പമൊന്നുമില്ല കുട്ടിക്ക്, കട്ടിലിൽ നിന്നും വീണതിന്റേതായ ഒരു പരിക്കോ, കാര്യങ്ങളോ ഒന്നുമില്ല…. പിന്നെ പെട്ടെന്ന് പേടിച്ചത് കൊണ്ടാവാം… സംസാരി ക്കാൻ മുതിരാത്തത്. അത് സാരമില്ല…. ഇന്നെന്തായാലും ഒബ്സെർവേഷനിൽ കിടക്കട്ടെ… രാവിലെ ഡീറ്റൈൽഡ് ആയി ഒന്നൂടെ ചെക്ക്അപ് ചെയ്തിട്ട് ഡിസ്ചാർജ് ചെയ്യാം…. “
ഡോക്ടറുടെ ഈ മറുപടിയാണ് എല്ലാവരെയും ആശ്വസിപ്പിച്ചത്. ചിറ്റയുടെ കരച്ചിലിന് അങ്ങനെ ഒരറുതി വന്നു.
” എത്ര തവണ വല്യമ്മ വിളിച്ചതാ മോളേ…. വല്യമ്മേടെ കൂടെ വന്നു കിടക്കാൻ…. അപ്പോൾ ഒറ്റ നിർബന്ധം തനിയെ കിടക്കണമെന്ന്….” അവളെന്തെങ്കിലും പറയുവാനായി അമ്മ ഓരോന്നും ചോദിക്കുന്നത് കേട്ടപ്പോൾ രുദ്രക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
” സാരമില്ല അമ്മ, അവൾക്കൊന്നുമില്ല…. ഡോക്ടർ പറഞ്ഞതല്ലേ.., അവള് റസ്റ്റ് എടുക്കട്ടെ “
അമ്മയെയും അച്ഛനെയും വീട്ടിലേക്കു പറഞ്ഞുവിട്ടു രുദ്ര. കൊച്ചച്ഛനും പോയി…. ചിറ്റയും രുദ്രയും മാത്രമായി സേതുവിന്റെ അടുത്ത്.
കുറച്ച് കഴിഞ്ഞപ്പോൾ സേതു സംസാരിച്ചു. ജനാലയ്ക്കരുകിൽ എന്തോ കണ്ടവൾ പേടിച്ചു…. കട്ടിലിലേക്ക് ഓടി വന്നു കയറി അത്രേ അവൾക്ക് ഓർമ്മയുള്ളൂ. ചിറ്റ അവളെ ആശ്വസിപ്പിച്ചു. താൻ കാണും പോലെ തന്നെയെന്ന് രുദ്രക്ക് മനസ്സിലായി. പക്ഷെ 12 വയസ്സുള്ള കുട്ടിക്ക് അത് കണ്ടിട്ട് ഇത്രയുമല്ലേ സംഭവിച്ചുള്ളൂ അതോർത്തവൾ സമാധാനിച്ചു.
” സാരമില്ല സേതു, കർട്ടന്റെ നിഴൽ വല്ലതുമാകും, വെളിച്ചമില്ലാത്തതു കൊണ്ട് തോന്നിയതാ… അവളെ ചേർത്തു പിടിച്ച് രുദ്ര പറഞ്ഞു.
ചേച്ചി, എന്റെ കൂടെ വന്നു കിടക്കുമോ ???
രുദ്ര ചിരിച്ചുകൊണ്ട് അവളുടെ അടുത്തു ചെന്നു കിടന്നു…. ചിറ്റ അപ്പുറത്തെ ബെഡിൽ നല്ല ഉറക്കമായി. രുദ്ര ഓരോന്നും ആലോചിച്ചു കിടന്നു, ഉറക്കം കണ്ണുകളിലേക്കു വന്നണയുന്നു.
” ചേച്ചി “
ഉം… എന്താ മോളേ ?? കണ്ണുകൾ തിരുമ്മിക്കൊണ്ട് രുദ്ര ആരാഞ്ഞു. “
അതേ, സത്യമായും ഞാനവിടെ ഒരു രൂപം കണ്ടു, അമ്മയോട് പറയാതിരുന്നതാ…, താഴ്ന്ന സ്വരത്തിൽ അവൾ തുടർന്നു, ബാത്റൂമിൽ പോയി വന്നപ്പോഴാ കണ്ടത്, പിന്നെ “രുദ്രാ”.. എന്ന് ആരോ വിളിക്കും പോലെ തോന്നി….
ഞാൻ കേട്ടതാ ചേച്ചി… സത്യം… !!
അപ്പോൾ ഞാൻ പേടിച്ചു പോയി… കരഞ്ഞു കൊണ്ട് ബെഡിലേക്കു കയറിയതേ എനിക്കോർമ്മയുള്ളൂ. അവൾ പറഞ്ഞു നിർത്തിയപ്പോൾ രുദ്ര ഞെട്ടി…. വല്ലാതെ വിയർത്തു.
ഏയ് ഇല്ല മോളേ!, അതൊക്കെ നിനക്ക് തോന്നുന്നതാ…. ഇനി അതൊന്നും ഓർക്കേണ്ട…. മോള് ഉറങ്ങിക്കോ, നേരം വെളുക്കാറായി…ഉള്ളിലെ വിറയൽ മാറ്റിവച്ചു രുദ്ര പറഞ്ഞു. സേതു അവളോട് പറ്റിച്ചേർന്നു കിടന്ന് കണ്ണുകളടച്ചു.
സേതുവിന് കുഴപ്പമൊന്നുമില്ലാത്തതിനാൽ രാവിലെ ഡിസ്ചാർജ് കിട്ടി, കൊച്ചച്ചനെത്തി അവരെ കൂട്ടിക്കൊണ്ടു പോയി… രുദ്ര ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു, അവളുടെ ലക്ഷ്യം ജോണിനെ കാണുക എന്നതായിരുന്നു.
വീടിന്റെ ഗേറ്റ് പൂട്ടിയിരിക്കുകയാണ്…. അവനിവിടെയില്ല…. എവിടെ പ്പോയിക്കാണും ?? തന്നോടൊന്നു പറയുക പോലും ചെയ്തില്ല…. എത്ര ദിവസമായി ഒന്ന് സംസാരിച്ചിട്ട്… ഓരോന്നുമോർത്തവൾ തിരികെ പോരുവാനൊരുങ്ങി.
എന്താ കുട്ടി ??
ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി… പ്രായമുള്ള ഒരാൾ… ചിലപ്പോൾ അയൽക്കാരൻ ആവും അവൾ വിചാരിച്ചു.
അല്ല… ഈ ഗേറ്റ് പൂട്ടിയിരുന്നു, ജോൺ ??….
മോളെവിടെ നിന്നാ…. ?
അടുത്തു നിന്നാണോ ??
അല്ലാ… ഞാൻ കുറച്ച് ദൂരെ നിന്നാണ്…. ജോണിന്റെ ഫ്രണ്ട് ആണ്…. !
” അപ്പോൾ കുട്ടി ഒന്നുമറിഞ്ഞില്ലേ ??…
അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അയാൾക്ക് മനസ്സിലായി അവളൊന്നു mമറിഞ്ഞിട്ടില്ലെന്ന്. അയാൾ തുടർന്നു…. ജോണിന് ഒരു ആക്സിഡന്റ് ഉണ്ടായി.. .. വെന്റിലേറ്ററിൽ ആയിരുന്നു, രണ്ടാഴ്ചയായി അയാൾ മരിച്ചിട്ട്…. ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെയില്ലായിരുന്നു… അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…
പക്ഷെ …..അതൊന്നുമവൾ കേട്ടില്ല, അവളുടെ ചെവിയിൽ ജോണിന്റെ ചിരി മുഴങ്ങിക്കൊണ്ടിരുന്നു കൂടെ “രുദ്രാ” എന്നുള്ള വിളിയും രുദ്രയുടെ കണ്ണിലേക്കു ഇരുട്ടുകയറും പോലെ തോന്നി.. തളർന്ന് താഴെ വീണുപോകുമെന്നവൾക്കു തോന്നി. പതിയെ കാറിന്റെ സൈഡിൽ പിടിച്ചവൾ ഒരുവിധം അകത്തേക്ക് കയറി… സീറ്റിലേക്ക് തളർന്ന് ചാഞ്ഞു.. കണ്ണുകൾ ഇറുക്കിയടച്ചു.!
മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു… മിഴികളിലൂടെ ആ വേദന ഒഴുകിയിറങ്ങി. പുതിയ വീട്ടിലേക്കു വരുന്നതിന് മുൻപാണോ ജോണിന് അപകടമുണ്ടായത്… അപ്പോൾ താനന്ന് ഇവിടെ വന്നിരുന്നല്ലോ… അത് തോന്നലാണോ… താൻ ജോണിനെ കണ്ടിരുന്നല്ലോ ?? അവൻ തന്നെ ആശ്വസിപ്പിച്ചിരുന്നല്ലോ ?? എത്ര തവണ അത് കഴിഞ്ഞ് വിളിച്ചു ?? അവളുടെ മനസ്സിലൂടെ ഒരുപാട് ചോദ്യങ്ങൾ ഓടി….
വേഗമവൾ ഫോണെടുത്തു ജോൺ വിളിച്ച ദിവസത്തെ ലിസ്റ്റ് നോക്കി… പക്ഷെ ഒരു കാൾ പോലും കണ്ടില്ല ഇങ്ങോട്ട് വിളിച്ചതും അങ്ങോട്ട് വിളിച്ചതും… ദൈവമേ അതൊക്കെ തന്റെ തോന്നലായിരുന്നു….. അവൾ മുഖം പൊത്തിക്കരഞ്ഞു.
*** **
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു.
പഴയറൂമിലേക്ക് അവൾ കയറി…. ആ നിഴലുകൾ ഒന്ന് കാണുവാനായി “രുദ്രാ”എന്നൊരു വിളിക്കായി പക്ഷെ ഒന്നുമുണ്ടായില്ല. ജനാലകൾ തുറന്നു, വഴി വിളക്കിന്റെ പ്രകാശത്തിൽ വാകമരം കാണാം…
അവളുടെ കാലിലെ ഉണങ്ങിയ ആ മുറിവിലൂടെ ഒരു നോവ് സിരകളിലൂടെ ശരീരമാകെ പടരരുന്നതായി തോന്നി. തന്റെ അരികിൽ ജോണിന്റെ സാമീപ്യവും… ജനലഴികളിൽ തല ചേർത്തുവച്ചവൾ വിതുമ്പി. ഇത് കണ്ട് വാകമരത്തിന്റെ ചില്ലകൾ ആടിയുലഞ്ഞു… !!!!!
അവസാനിച്ചു
