Story written by Jk
“” എന്താ ദീപക് സാറേ വീട്ടിലേക്ക് പോകാൻ വലിയ താല്പര്യമില്ലെന്ന് തോന്നുന്നു!! എങ്ങനെ ഓവർടൈം ഒക്കെ ചെയ്യുന്നു…!””
ഓഫീസിലെ ലീന കളിയാക്കിയാണ് അങ്ങനെ പറഞ്ഞത് എന്നുണ്ടെങ്കിൽ പോലും ആ പറഞ്ഞത് സത്യമായിരുന്നു വീട്ടിലേക്ക് ഇപ്പോൾ പോകാൻ തന്നെ തോന്നാറില്ല.. അമ്മയും ഭാര്യയും തമ്മിലുള്ള പൊരുത്തമില്ലായ്മ തന്നെയാണ് അതിന് പിന്നിലെ കാരണം.. രണ്ടുപേരുടെയും ഭാഗം താൻ കേൾക്കണം രണ്ടുപേരുടെയും ഭാഗത്തെ ന്യായം ഉണ്ടാകും ആരുടെ കൂടെ നിൽക്കണം എന്നത് വലിയ ഒരു പ്രതിസന്ധിയാണ്… ഒന്നും മിണ്ടാതെ അവിടെനിന്ന് ഇറങ്ങി പോകുകയാണ് പതിവ്. ആകെക്കൂടി ജീവിതം പോലും മടുത്തു പോകുന്നു..
അപ്പോഴേക്കും ഭാര്യയുടെ വിളി വന്നു പിന്നെ ഒന്നും ആലോചിക്കാതെ വീട്ടിലേക്ക് തിരിച്ചു..
ജനാലയ്ക്കൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികളെ നോക്കി ദീപക് വെറുതെ ഇരുന്നു. ഓഫീസിൽ നിന്ന് വന്നിട്ട് കുറച്ചു നേരമായി. സാധാരണ വീട്ടിലെത്തിയാൽ അമ്മ ഉണ്ടാക്കി വെക്കുന്ന പലഹാരവും ചായയും കഴിച്ച് കുറെ നേരം ഉമ്മറത്ത് ഇരിക്കുന്നതാണ് അവന്റെ പതിവ്. എന്നാൽ ഇപ്പോൾ അതിനൊക്കെ ഒരു മാറ്റം വന്നിരിക്കുന്നു. അകത്തെ മുറിയിൽ ഭാര്യ മീരയും ഉമ്മറത്ത് അമ്മ ഭാരതിയും തമ്മിലുള്ള നിശബ്ദമായ ഒരു യുദ്ധം നടക്കുന്നത് ദീപക് അറിയുന്നുണ്ടായിരുന്നു.
ഭാരതിയമ്മയെ സംബന്ധിച്ച് ദീപക് അവരുടെ ലോകം തന്നെയാണ്. ഭർത്താവിന്റെ മരണശേഷം മകനെ വളർത്താൻ അവർ ഒരുപാട് കഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ അവന്റെ ഓരോ ചുവടുവെപ്പും തന്റെ നിയന്ത്രണത്തി ലായിരിക്കണം എന്നൊരു വാശി അവർക്കറിയാതെ തന്നെ അവരുടെ ഉള്ളിൽ വളർന്നു വന്നു. ദീപക് വിവാഹം കഴിച്ച് മീരയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ, തന്റെ മകന്റെ സ്നേഹത്തിൽ മറ്റൊരു പങ്കാളി വരുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
”ദീപക്, നീ ഇന്ന് നേരത്തെ വന്നോ? ഞാൻ അറിഞ്ഞില്ലല്ലോ,” ഭാരതിയമ്മ വാതിൽക്കൽ വന്ന് ചോദിച്ചു.
”ഉം, കുറച്ച് നേരമായി അമ്മേ,” ദീപക് പതുക്കെ മറുപടി നൽകി.
”എന്നിട്ട് നീ എന്താ ഒന്നും കഴിക്കാൻ വരാത്തത്? മീര അവിടെ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ടായിരുന്നു. അവൾ നിനക്ക് തന്നില്ലേ?” ഭാരതിയുടെ വാക്കുകളിൽ ഒരുതരം കുറ്റപ്പെടുത്തൽ നിഴലിച്ചു.
”അമ്മേ, അവൾക്ക് സുഖമില്ലാതിരിക്കുകയായിരുന്നു. ഞാൻ പറഞ്ഞിട്ടാണ് അവൾ കുറച്ചു നേരം കിടന്നത്,” ദീപക് പറഞ്ഞു. ഭാരതിയമ്മയുടെ മുഖം കറുത്തു.
“ഓ, ഇപ്പോൾ അങ്ങനെയൊക്കെ ആയോ? ഞാനൊക്കെ പനി വന്നാലും അടുക്കളയിൽ തന്നെയായിരുന്നു. ഇന്നത്തെ പിള്ളേർക്ക് ഒന്നിനും വയ്യ.”
ഇതുകേട്ട് അകത്തുനിന്നും മീര ഇറങ്ങിവന്നു. അവൾ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ കണ്ണുകളിൽ ദേഷ്യം വ്യക്തമായിരുന്നു. അവർക്കിടയിൽ ഇത്തരം ചെറിയ സംഭാഷണങ്ങൾ പോലും വലിയ വഴക്കുകളിലേക്ക് നീങ്ങാൻ തുടങ്ങി. മീര എന്ത് പാചകം ചെയ്യണം, ദീപക് ഏത് ഷർട്ട് ധരിക്കണം, അവർ എപ്പോൾ പുറത്തുപോണം എന്നതിലൊക്കെ ഭാരതിയമ്മ ഇടപെട്ടുകൊണ്ടിരുന്നു.
ഒരു ദിവസം ദീപക്കും മീരയും കൂടി ഒരു സിനിമയ്ക്ക് പോകാൻ പ്ലാൻ ചെയ്തു. അവർ റെഡിയായി ഇറങ്ങാൻ തുടങ്ങിയപ്പോൾ ഭാരതിയമ്മ ചോദിച്ചു,
“ഇത്രരാത്രി എങ്ങോട്ടാ?”
”ഞങ്ങൾ ഒരു സിനിമയ്ക്ക് പോകുകയാ അമ്മേ. വരാൻ കുറച്ച് വൈകും,” ദീപക് പറഞ്ഞു.
”ഇന്ന് പോകണോ? എനിക്ക് കുറച്ച് നെഞ്ചെരിച്ചിൽ പോലെ തോന്നുന്നു. നീ ഇവിടെ ഉണ്ടെങ്കിൽ എനിക്ക് ഒരു സമാധാനമായിരുന്നു,” ഭാരതിയമ്മ ഒരുതരം വൈകാരികമായ ബ്ലാക്ക് മെയിലിംഗ് പുറത്തെടുത്തു.
ദീപക് മീരയെ നോക്കി. മീരയുടെ മുഖം മങ്ങി. “ശരി അമ്മേ, എങ്കിൽ ഞങ്ങൾ പോകുന്നില്ല,” ദീപക് പറഞ്ഞു. സിനിമ ക്യാൻസൽ ചെയ്തെങ്കിലും മീര അന്ന് രാത്രി മുഴുവൻ ദീപക്കിനോട് സംസാരിച്ചില്ല. അവൾക്ക് തോന്നിയത് തന്റെ സ്വാതന്ത്ര്യം പൂർണ്ണമായും നഷ്ടപ്പെടുന്നു എന്നാണ്.
ദിവസങ്ങൾ കടന്നുപോയി. ഭാരതിയമ്മയുടെ ഇടപെടലുകൾ ക്രമാതീതമായി. മീരയുടെ വീട്ടുകാർ വരുമ്പോൾ പോലും അവർക്ക് വേണ്ടത്ര പരിഗണന നൽകാതിരിക്കുക, ദീപക്കിനോട് മീരയെക്കുറിച്ച് ഇല്ലാത്ത പരാതികൾ പറയുക തുടങ്ങിയവ പതിവായി. ഇത് ദീപക്കിനെയും മീരയെയും തമ്മിൽ അകറ്റി. ദീപക്കിന് അമ്മയോടുള്ള സ്നേഹവും ഭാര്യയോടുള്ള ഉത്തരവാദിത്തവും തമ്മിൽ ബാലൻസ് ചെയ്യാൻ കഴിയാതെയായി.
ഒരു ശനിയാഴ്ച ഉച്ചയ്ക്ക് അടുക്കളയിൽ വെച്ച് വലിയൊരു തർക്കം നടന്നു. മീര ഉണ്ടാക്കിയ കറിയിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഭാരതിയമ്മ ദേഷ്യപ്പെട്ടു. “നിന്റെ വീട്ടിൽ ഇങ്ങനെയൊക്കെയാണോ പഠിപ്പിച്ചത്?” എന്ന ചോദ്യം മീരയെ വല്ലാതെ വേദനിപ്പിച്ചു.
”അമ്മേ, ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടമല്ലെങ്കിൽ അമ്മ തന്നെ ഉണ്ടാക്കിക്കോളൂ. പക്ഷേ എന്റെ വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴക്കരുത്,” മീര ആദ്യമായി ശബ്ദമുയർത്തി. ദീപക് ഓടിയെത്തുമ്പോൾ മീര കരയുകയായിരുന്നു. ഭാരതിയമ്മ അവിടെ വിറച്ചു നിൽക്കുന്നു. “കണ്ടോടാ, ഇവൾക്ക് ഇപ്പോൾ എത്ര അഹങ്കാര മാണെന്ന്. ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ അവൾ അതിനു തർക്കുത്തരം പറയാൻ നിന്നിരിക്കുന്നു ഇതൊക്കെയാവും ഇവളുടെ വീട്ടിൽ നിന്ന് പഠിപ്പിച്ചു വിട്ടത്.. അല്ലെങ്കിൽ ഇവളെക്കാൾ എത്ര വയസ്സിനു മൂപ്പുണ്ട് എനിക്ക് ഇവളല്ലേ അതൊക്കെ ഓർക്കേണ്ടത്??” ഭാരതി പറഞ്ഞുപറഞ്ഞ് കരയാൻ തുടങ്ങി അമ്മയുടെ കണ്ണുനീർ കണ്ടുനിൽക്കാൻ ദീപക്കിന് ആയില്ല
ദീപക്കിന് നിയന്ത്രണം നഷ്ടപ്പെട്ടു. അവൻ മീരയോട് കയർത്തു. അതോടെ എല്ലാം അവസാനിച്ചു എന്ന് മീരയ്ക്ക് തോന്നി. അവൾ തന്റെ ബാഗ് പാക്ക് ചെയ്ത് അന്ന് തന്നെ സ്വന്തം വീട്ടിലേക്ക് പോയി. മീര പോയതോടെ വീട് ശ്മശാനം പോലെയായി. ഭാരതിയമ്മ വിചാരിച്ചത് ഇനി മകൻ തന്റേത് മാത്രമാകു മെന്നാണ്. മീരയ്ക്ക് അവന്റെ ജീവിതത്തിൽ ഇംപോർട്ടൻസ് കിട്ടുന്നത് ഒരു രീതിയിലും ഭാരതീയമ്മക്ക് സഹിക്കുന്നുണ്ടായിരുന്നില്ല.. മീരയോട് സ്നേഹം കൂടുമ്പോൾ തന്നെയുള്ള സ്നേഹം അവന് കുറഞ്ഞു വരും എന്നായിരുന്നു അവരുടെ വിശ്വാസം.. മരുമകൾ തെറ്റിപ്പോയത് നന്നായി എന്ന് വരെ അവർ ചിന്തിച്ചു. ഇനി തന്റെ മകന്റെ മുഴുവൻ സ്നേഹവും തനിക്ക് അനുഭവിക്കാമല്ലോ എന്ന് അവർ കരുതി. എന്നാൽ ഭാരതീയമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റി.
ദീപക് അവരോട് സംസാരിക്കുന്നത് പോലും നിർത്തി. ജോലി കഴിഞ്ഞു വന്നാൽ അവൻ സ്വന്തം മുറിയിൽ അടച്ചിരുന്നു. അവന്റെ ചിരി മാഞ്ഞു, കവിളുകൾ ഒട്ടി. ഭാരതിയുണ്ടാക്കുന്ന ഭക്ഷണം പോലും അവൻ കഴിക്കാതായി. മകന്റെ ഈ മാറ്റം ഭാരതിയെ ഭയപ്പെടുത്തി. ഒരു രാത്രി അവർ അവന്റെ മുറിയിൽ ചെന്നു. “ദീപക്, നീ എന്താ ഇങ്ങനെ? ഞാൻ നിനക്ക് വേണ്ടിയല്ലേ ഇതൊക്കെ ചെയ്തത്?”
ദീപക് തലയുയർത്തി അമ്മയെ നോക്കി. അവന്റെ കണ്ണുകൾ ചുവന്നിരുന്നു. “അമ്മ എനിക്ക് വേണ്ടിയല്ല ഇതൊന്നും ചെയ്തത്. അമ്മയുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ്. മീരയെ ഈ വീട്ടിൽ നിന്ന് ഓടിച്ചപ്പോൾ അമ്മ ജയിച്ചു എന്ന് വിചാരിച്ചോ? ഇല്ല അമ്മേ, അമ്മ തോറ്റത് തന്നെയാണ്. എനിക്ക് അവളില്ലാതെ ജീവിക്കാൻ പറ്റില്ല. അമ്മ എന്റെ ജീവിതത്തിൽ ഓരോ കാര്യത്തിലും ഇടപെട്ടപ്പോൾ എനിക്ക് തോന്നി തുടങ്ങിയത് എനിക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയില്ല എന്നാണ്. എനിക്ക് അമ്മയെയും വേണം, അവളെയും വേണം. പക്ഷേ അമ്മ അതിന് സമ്മതിക്കുന്നില്ല.” ഭാരതി യമ്മ തകർന്നുപോയി. തന്റെ മകൻ തന്റെ കയ്യിൽ നിന്ന് വഴുതിപ്പോകുന്നത് അവർ തിരിച്ചറിഞ്ഞു..
ദീപക് കുടിക്കാൻ കൂടി തുടങ്ങിയതോടെ ഭാരതീയമ്മ ആകെ തകർന്നു പോയി..
മീര അവന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ മാത്രമേ തനിക്ക് ഇപ്പം തന്റെ പഴയ മോനെ തിരിച്ചുകിട്ടുക ഉള്ളൂ എന്ന് അവർ തിരിച്ചറിഞ്ഞു.
ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിച്ചാലും.. അവന്റെ സന്തോഷമാണ് തനിക്ക് വലുതെന്ന് അവർക്ക് തോന്നി. ”നീ നാളെ തന്നെ അവളെ പോയി വിളിച്ചുകൊണ്ട് വന്നോ. എനിക്ക് തെറ്റു പറ്റി. ഇനി നിങ്ങളുടെ കാര്യങ്ങളിൽ ഞാൻ ഇടപെടില്ല. എനിക്ക് എന്റെ മകനെ പഴയതുപോലെ ചിരിച്ചു കണ്ടാൽ മതി,” ഭാരതി കരഞ്ഞു കൊണ്ട് ഒരു ദിവസം കുടിച്ചു കയറി വന്ന ദീപക്കിനോട് പറഞ്ഞു.. എന്നാൽ ദീപക് അത് അത്ര കാര്യമാക്കിയില്ല.. ഒടുവിൽ ഭാരതിയമ്മ ശരിക്കും അവന്റെ പുറകെ നടന്നു.. മീരയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൻ മീരയുടെ വീട്ടിൽ ചെന്ന് അവളെ വിളിച്ചു പക്ഷേ അവൾ വരാൻ തയ്യാറായില്ല
അമ്മയുടെ കാര്യത്തിൽ സ്വയം ഗ്യാരണ്ടി പറഞ്ഞു ദീപക് മീരയെ കൂട്ടിക്കൊ ണ്ടുവന്നു. ഭാരതിയമ്മ മീരയെ കെട്ടിപ്പിടിച്ചു മാപ്പ് ചോദിച്ചു. തനിക്ക് ചില തെറ്റുകൾ പറ്റി എന്ന് അവർ മീരയോട് സമ്മതിച്ചു… മീരയുടെ വീട്ടിൽ നിന്നും നീരക്ക് ഉപദേശങ്ങൾ കിട്ടിയിരുന്നു ഭാരതീയമ്മക്ക് ആകെക്കൂടി ഉള്ളത് ഈ മകനല്ലേ.. നീയും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു.. ദീപക്കിനോടുള്ള സ്നേഹംകൊണ്ട് അവളും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായി.. അങ്ങനെ ആ വീട്ടിൽ പുതിയൊരു പ്രകാശം പരന്നു. ഭാരതിയമ്മ തന്റെ അധികാരം ഉപേക്ഷിച്ചപ്പോൾ, അവർക്ക് മകന്റെയും മരുമകളുടെയും ഇരട്ടി സ്നേഹം തിരികെ ലഭിച്ചു. സ്നേഹം എന്നത് മുറുക്കിപ്പിടിക്കലല്ല, മറിച്ച് വിശ്വാസത്തോടെ അയച്ചുവിടലാണെന്ന് ഭാരതി മനസ്സിലാക്കി.
ദീപക്കിന്റെയും മീരയുടെയും കുടുംബം പിന്നീട് സന്തോഷത്തോടെ മുന്നോട്ട് പോയി. അമ്മയുടെ അനുഭവപരിചയവും മീരയുടെ പുതിയ കാഴ്ചപ്പാടുകളും ആ വീടിനെ സ്വർഗ്ഗമാക്കി മാറ്റി.
