സത്യൻ സമാധാനമായിട്ട് വീട്ടിലേക്ക് പോകൂ..ഒരുപക്ഷേ ഈ സമയം കൊണ്ട് അവൾ വീട്ടിൽ എത്തിയിട്ടുണ്ടെങ്കിലോ..?

മീനുവിനു വേണ്ടി

എഴുത്ത്:-വസു

” അയ്യോ.. പ്ലീസ്.. ഒന്നും ചെയ്യല്ലേ.. ഞങ്ങൾ.. ഇനി ആരേം ഉiപദ്രവിക്കില്ല.. “

നാല് ചെറുപ്പക്കാർ അലറി വിളിക്കുന്നത് കേട്ടിട്ടും മുന്നിൽ നിൽക്കുന്നവർക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഒരു വിധത്തിൽ പറഞ്ഞാൽ അവർ ആ നിലവിളി ആസ്വദിക്കുകയായിരുന്നു.

” നീയൊന്നും ഇങ്ങനെ കരഞ്ഞാൽ പോരാ.കുറച്ചുകൂടി ഉച്ചത്തിൽ കരയ്..”

അതും പറഞ്ഞുകൊണ്ട് ഒരാൾ അവരുടെ ദേഹത്ത് കൂടുതൽ കൂടുതൽ മുiറിവുകൾ ഉണ്ടാക്കി.ഓരോ മുiറിവിലേക്കും മുളകുപൊടി വിതറുമ്പോൾ പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ വേദന കൊണ്ട് അലറി കരയുകയായിരുന്നു അവർ. അത് നോക്കിനിൽക്കെ സത്യന്റെ ഓർമ്മകൾ കുറച്ചു കാലം പിന്നിലേക്ക് പോയി.

☆☆☆☆☆☆☆☆

” മോളെ.. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വരുമ്പോൾ ശ്രദ്ധിച്ചു വരണേ. മോൾ വരുമ്പോൾ അച്ഛൻ ചിലപ്പോൾ ഇവിടെ ഉണ്ടാകില്ല. വർക്ക് ഇത്തിരി കൂടുതലാണ് മോൾക്ക് ഒറ്റയ്ക്ക് ഇരിക്കാൻ പേടിയുണ്ടെങ്കിൽ അപ്പുറത്ത് സാബി ആന്റിയുടെ വീട്ടിൽ പോയിരിക്കണെ…”

പതിവു പോലെ മോളെ സ്കൂളിലേക്ക് ആക്കാൻ പോകുന്നതിനു മുൻപ് സത്യൻ ഉപദേശിച്ചു.

“എന്റെ അച്ഛാ..കഴിഞ്ഞ പത്തുകൊല്ലമായി അച്ഛൻ ഇതേ ഉപദേശങ്ങൾ തന്നെയല്ലേ എനിക്ക് തരുന്നത്..? ഇതൊക്കെ എനിക്കിപ്പോൾ കാണാ പാഠം പോലെ അറിയാം. അതുകൊണ്ട് അച്ഛൻ വേഗം വണ്ടിയെടുക്ക്..”

അച്ഛന്റെ പിന്നിലേക്ക് കയറിയിരുന്നു കൊണ്ട് തോളിൽ തട്ടി മീനു എന്ന മകൾ പറഞ്ഞു. അച്ഛൻ തന്നെ കൂർപ്പിച്ചു നോക്കുന്നത് കണ്ട് അവൾ പെട്ടെന്ന് തന്നെ അച്ഛനെ നോക്കി ചിരിച്ചു.

” ഇങ്ങനെ നോക്കണ്ട അമ്മയോട് പറഞ്ഞിട്ടാ ഞാൻ വന്നത്.. “

കുറുമ്പോടെ അവൾ പറയുന്നത് കേട്ട് അയാൾ പുഞ്ചിരിച്ചു. അച്ഛനും മകളും ചിരിച്ചും കളിച്ചും വണ്ടിയിൽ മുന്നോട്ടു പോകുമ്പോൾ, ചുവരിൽ മാലയിട്ട് വച്ചിരുന്ന അമ്മയുടെ ഫോട്ടോ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

വൈകുന്നേരം അവളോട് പറഞ്ഞ വാക്ക് തെറ്റിച്ച് സത്യൻ നേരത്തെ തന്നെ വീട്ടിലെത്തി. അതും അവൾ നാളുകളായി ആശിച്ച് മോഹിച്ച് പറഞ്ഞിരുന്ന സൈക്കിളുമായി. സൈക്കിൾ കയ്യിൽ കിട്ടുമ്പോൾ മോൾക്ക് ഒരുപാട് സന്തോഷമാകും എന്ന് കരുതി അവൾ വരാൻ വേണ്ടി അയാൾ കാത്തിരുന്നു. പക്ഷേ സമയം ഒരുപാട് കടന്നു പോയിട്ടും അവൾ എത്തിയില്ല.

പെട്ടെന്ന് തന്നെ അയാൾ റോഡിന്റെ അപ്പുറത്ത് കടന്ന് സാബിയുടെ വീട്ടിലേക്ക് പോയി. അവൾ ഇനി വീട്ടിലേക്ക് വരാതെ അവിടെ എങ്ങാനും ഇരിപ്പുണ്ടോ എന്ന് അറിയില്ലല്ലോ..

” മീനു ഇവിടേക്ക് എങ്ങാനും വന്നിരുന്നോ..? “

ചോദിക്കുമ്പോൾ ഭയം കൊണ്ട് അയാളുടെ മുഖം വിളറിയിരുന്നു.

” ഇല്ലല്ലോ സത്യേട്ടാ.. അവൾ വരും എന്ന് പറഞ്ഞ് നോക്കിയിരിക്കുകയായിരുന്നു ഞാനും. “

സാബി മറുപടി കൊടുക്കുമ്പോൾ അയാളുടെ ഭയം മൂർദ്ധ്യാവസ്ഥയിൽ എത്തിയിരുന്നു.

” ഞാൻ സ്കൂളിൽ ഒന്ന് നോക്കിയിട്ട് വരാം. ഇനി സ്പെഷ്യൽ ക്ലാസ് എങ്ങാനും ഉണ്ടോ എന്ന് അറിയില്ലല്ലോ.. “

അവരോട് പറഞ്ഞിട്ട് അയാൾ തിടുക്കപ്പെട്ടു വീട്ടിലേക്ക് നടന്നു.

അയാൾ സ്കൂളിൽ എത്തുമ്പോൾ സ്കൂൾ പൂട്ടി പോകാൻ തുടങ്ങുകയായിരുന്നു പ്രിൻസിപ്പൽ.

” മാഡം.. “

അയാൾ വിളിച്ചത് കേട്ട് അവർ തിരിഞ്ഞു നോക്കി.

” വരൂ സത്യാ.. എന്തുപറ്റി ഈ സമയത്ത് ഇങ്ങോട്ട്..?”

അവർ സൗഹൃദ ഭാവത്തിൽ അന്വേഷിച്ചു. അമ്മയില്ലാത്ത ഒരു പെൺകുട്ടിയെ നല്ല രീതിയിൽ വളർത്തുന്നത് കൊണ്ട് തന്നെ അവർക്കൊക്കെ സത്യനോട് ബഹുമാനമാണ്.

“മാഡം മോള് ഇതുവരെ വീട്ടിലെത്തിയിട്ടില്ല. അവൾക്ക് സ്പെഷ്യൽ ക്ലാസ് എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി വന്നതാണ്..”

പറയുമ്പോൾ അയാളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

” സ്പെഷ്യൽ ക്ലാസ് ഉണ്ടെങ്കിൽ നേരത്തെ തന്നെ പറയാറുള്ളതാണല്ലോ സത്യാ.. ഇന്ന് ഇവിടെ ഒരു ബാച്ചിനും സ്പെഷ്യൽ ക്ലാസ് ഒന്നും എടുക്കുന്നില്ല. സ്കൂൾ വിട്ട സമയത്ത് തന്നെ മോള് കോമ്പൗണ്ട് വിട്ടു പുറത്തു പോയതാണ്.”

പ്രിൻസിപ്പൽ ഉറപ്പോടെ പറഞ്ഞു.

” പക്ഷേ മാഡം അവളിതുവരെ വീട്ടിലേക്ക് വന്നിട്ടില്ല. ഇവിടെനിന്ന് കൃത്യസമയത്ത് അവൾ പോയിട്ടുണ്ടെങ്കിൽ അവൾ വീട്ടിലെത്താൻ ഉള്ള സമയം കഴിഞ്ഞല്ലോ.. “

അയാൾ ആശങ്കയോടെ പറഞ്ഞു. അയാൾ പറയുന്നത് ശരിയാണെന്ന് അവർക്കും മനസ്സിലാകുന്നുണ്ടായിരുന്നു.

” ഇനി ക്ലാസ്സിൽ എങ്ങാനും ഉണ്ടോ എന്ന് നമുക്കൊന്ന് നോക്കാം. “

പ്രിൻസിപ്പൽ പറഞ്ഞുകൊണ്ട് സെക്യൂരിറ്റിയെയും വിളിച്ച് അകത്തേക്ക് നടന്നു. അവർക്കൊപ്പം അകത്തു കയറിയ സത്യൻ അവിടെ മുഴുവൻ അരിച്ചു പറക്കുന്നുണ്ടായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും അവളെ കണ്ടുപിടിക്കാൻ സാധിച്ചില്ല.

” സത്യൻ സമാധാനമായിട്ട് വീട്ടിലേക്ക് പോകൂ..ഒരുപക്ഷേ ഈ സമയം കൊണ്ട് അവൾ വീട്ടിൽ എത്തിയിട്ടുണ്ടെങ്കിലോ..? “

അവരുടെ വാക്കുകൾ അനുസരിച്ചുകൊണ്ട് സത്യൻ വീട്ടിലേക്കു പോയി. അപ്പോഴും അയാളുടെ മനസ്സിലെ പ്രാർത്ഥന തന്റെ മകൾ വീട്ടിലെത്തിയിട്ടുണ്ടാകണം എന്നായിരുന്നു.

പക്ഷേ അയാളുടെ പ്രാർത്ഥനകൾ ഒന്നും ഫലം കണ്ടില്ല. മണിക്കൂറുകൾ കടന്നു പോയിട്ടും മോളെ കണ്ടുകിട്ടിയില്ല. രാത്രിയായിട്ടും അവൾ വീട്ടിൽ എത്താതെ ആയതോടെ പോലീസിൽ കംപ്ലൈന്റ് ചെയ്തു.

ആ സമയം കൊണ്ട് തന്നെ വിവരമറിഞ്ഞ് നാട്ടുകാർ ഒക്കെയും വീട്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു.സത്യന്റെ കൂട്ടുകാരും സഹപ്രവർത്തകരും പോലീസുകാരും സ്കൂൾ അധികൃതരും ഒക്കെ പല വഴിക്കും ആ കുട്ടിയെ അന്വേഷിച്ചു. പക്ഷേ ആർക്കും യാതൊരു വിവരങ്ങളും കിട്ടിയില്ല.

ഒരു രാത്രി പിന്നിട്ടിട്ടും മീനുവിനെ കണ്ടെത്താനാകാതെ എല്ലാവരും വലഞ്ഞു.

പിറ്റേന്ന്,ആളൊഴിഞ്ഞ ഒരിടത്തു നിന്ന് ആ പെൺകുട്ടിയുടെ ശiരീരം കിട്ടുമ്പോൾ സത്യനോടോപ്പം ആ നാട് മുഴുവൻ അലറി കരയുകയായിരുന്നു.

പിന്നീട് നടന്ന പോസ്റ്റ്മോർട്ടത്തിൽ അറിയാൻ കഴിഞ്ഞു ക്രൂiരമായ പീiഡനങ്ങൾക്ക് അവൾ വിധേയയായിട്ടുണ്ടെന്ന്. സത്യൻ എന്ന അച്ഛൻ സഹിക്കാൻ കഴിയുന്ന വാർത്ത ആയിരുന്നില്ല അത്.

ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പോലീസ് പ്രതിയെ കണ്ടെത്തി.

അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വന്ന മീനുവിനെ, ആളൊഴിഞ്ഞ വഴിയോരത്ത് വച്ച് ഒരു വാനിലേക്ക് കയറ്റി അവർ കൊണ്ടു പോവുകയായിരുന്നു. ഒറ്റപ്പെട്ട ഒരിടത്ത് ഒരു വീട്ടിൽ വച്ച് ആയിരുന്നു അവർ ആ പെൺകുട്ടിയെ പീiഡിപ്പിച്ചത്. ആ സമയം മുഴുവനും അച്ഛനെ വിളിച്ച് അലറി കരയുകയായിരുന്ന അവളുടെ ഭാവങ്ങൾ പോലും അവരിലെ കാiമം ഇരട്ടിപ്പിക്കുകയായിരുന്നു.

പക്ഷേ അവരുടെ പരാക്രമങ്ങൾ അധികം സഹിക്കാൻ കഴിയാതെ അവളുടെ പ്രാണൻ പറിഞ്ഞു പോകുമ്പോഴും, അവർ അവളിൽ കാiമം കണ്ടെത്താനാണ് ശ്രമിച്ചത്. അവരുടെ വികാരങ്ങളൊക്കെ അടങ്ങിയ ശേഷമാണ്, ആ പെൺകുട്ടിക്ക് ജീവനില്ല എന്ന് അവർ തിരിച്ചറിഞ്ഞത്. അതോടെ ആളൊഴിഞ്ഞ ഒരിടത്ത് അവളെ ഉപേക്ഷിച്ചു കൊണ്ട് അവർ രക്ഷപ്പെട്ടു.

കുറ്റം മുഴുവൻ അവർ ഏറ്റു പറഞ്ഞിട്ടും, മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ കോടതി അവരെ വെറുതെ വിട്ടു.സത്യനോടൊപ്പം സത്യന്റെ ആത്മാർത്ഥ സുഹൃത്തുക്കൾക്കും വേദന നൽകിയ ഒരു വിധിയായിരുന്നു അത്.

അന്നായിരുന്നു അവർ ആ തീരുമാനമെടുത്തത്.. നിയമത്തിനു മുന്നിൽ അവർ തെറ്റുകാർ അല്ലെങ്കിലും തങ്ങൾക്കു മുന്നിൽ അവർ തെറ്റുകാർ തന്നെയാണ്. നിയമത്തിന് വിധിക്കാൻ കഴിയാത്ത ശിക്ഷ തങ്ങൾക്ക് വിധിക്കാൻ സാധിക്കും..

ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് അവരെ നാലു പേരെയും കയ്യിൽ കിട്ടിയത്. ആ നിമിഷം മുതൽ തങ്ങളെ കൊണ്ട് സാധിക്കുന്ന രീതിയിൽ ഒക്കെ അവരെ ഉപദ്രവിച്ചിട്ടുണ്ട്.

സത്യൻ ഓർത്തു.

അപ്പോഴും അവിടെ ആ ചെറുപ്പക്കാരുടെ കരച്ചിൽ അലയടിക്കുന്നുണ്ടായിരുന്നു.

” നിന്നോടൊക്കെ ഇതുപോലെ തന്നെ ആയിരിക്കില്ലേടാ എന്റെ മോളും ജീiവനു വേണ്ടി അലറി കരഞ്ഞത്..? അവളുടെ മാനം കാക്കാൻ വേണ്ടി അവൾ അവളുടെ പരമാവധി ശ്രമിച്ചിട്ടുണ്ടാവില്ലേ..? അതൊന്നും ശ്രദ്ധിക്കാതെ അന്ന് നീയൊക്കെ നിന്റെ വികാരം തീർക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നതും അതിന് തന്നെയാണ്. ഞങ്ങൾക്ക് നിങ്ങളോടുള്ള വികാരം തീർക്കാനാണ് ഞങ്ങളുടെയും ഉദ്ദേശം.. പക്ഷേ നിങ്ങൾക്ക് അവളോട് തോന്നിയതു പോലെ കാമം അല്ല ഞങ്ങൾക്ക് തോന്നുന്നത്..മറിച്ച് അiറപ്പും വെiറുപ്പും ആണ് തോന്നുന്നത്. നിങ്ങളോട് പ്രതികാരം മാത്രമാണ് ഞങ്ങൾക്കുള്ളത്. അത് വളരെ കൃത്യമായി തന്നെ ഞങ്ങൾ ചെയ്തു തീർക്കുകയും ചെയ്യും.. “

അത് പറയുന്നതിനോടൊപ്പം, ക്യാനിൽ ഇരുന്ന ആiസിഡ് എടുത്ത് നാലുപേരുടെയും മേത്തേക്ക് വീശി ഒഴിക്കുമ്പോൾ സത്യന്റെ മുഖത്ത് ഒരു സംതൃപ്തി ഉണ്ടായിരുന്നു. അവരുടെ കരച്ചിൽ ഉയർന്നു കേൾക്കുന്ന ഓരോ നിമിഷവും സന്തോഷിക്കുകയായിരുന്നു അയാൾ..!

ദിവസങ്ങൾക്കു ശേഷം പത്രത്തിലെ വാർത്ത അങ്ങനെയായിരുന്നു..

“ചാലിയാർ പീഡനക്കേസിലെ പ്രതികൾ അപകടത്തിൽ മരിച്ചു..!”

പക്ഷേ, തങ്ങൾക്ക് കഴിയുന്ന അത്രയും ഉപദ്രവിച്ച് പിന്നീട് അത് ഒരു കാർ ആക്സിഡന്റിന്റെ രൂപത്തിലേക്ക് എത്തിക്കാൻ കഷ്ടപ്പെട്ട ആ അച്ഛനെയും കൂട്ടുകാരെയും ആരും അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *