കൈലാസ ഗോപുരം – ഭാഗം 66, എഴുത്ത്: മിത്ര വിന്ദ

പാറു, ഇപ്പോ തത്കാലം നീ അർജുനോട് ഒന്നും ചോദിക്കാൻ നിൽക്കേണ്ട കേട്ടോ.. ഏത് വരെ പോകും എന്ന് ഒന്നു അറിയണമല്ലോ…

പിറ്റേ ദിവസം ഓഫീസിലേക്ക് ഉള്ള യാത്രയ്ക്ക് ഇടയിൽ ആയിരുന്നു കാശി, അവളോട് ഈ കാര്യം അവതരിപ്പിച്ചത്.

തലേദിവസം പാറു ആണെങ്കിൽ അർജുനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു ചെന്നത് ആണ്.

അപ്പോളും കാശി അവളെ കണ്ണിറുക്കി കാണിച്ചു കൊണ്ട് റൂമിലേക്ക് വിളിച്ചു..

നീ ഇതൊന്നും അറിഞ്ഞതായി നടിക്കേണ്ട..ഇപ്പോൾ അവനോട് ചോദിച്ചു എന്നറിഞ്ഞാൽ ഒരുപക്ഷെ കല്യാണി ഇവിടം വിട്ടു ഇറങ്ങും, അങ്ങനെ വരാൻ പാടില്ല.. പിന്നെ അർജുന്റെ ഇഷ്ടം ആത്മാർത്ഥമാണ് എങ്കിൽ നമ്മൾ രണ്ടാളും ചേർന്നു അവരെ ഒരുമിപ്പിക്കും.. അത് ഉറപ്പ് ആണ്.

കാശി പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ടപ്പോളും പാറു പിന്നീട് തന്റെ തീരുമാനം മറ്റുകയായിരുന്നു.

രണ്ടാളും ചേരും അല്ലേ ഏട്ടാ…. കല്ലു ആണെങ്കിൽ ഒരു പാവം കൊച്ചാ, ഒരുപാട് നന്മ ഉള്ളവൾ…. എനിക്ക് ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവളെ അത്രമേൽ ഇഷ്ടം ആയി കേട്ടോ..എന്റെ വളരെ വേണ്ടപ്പെട്ട ആരോ ഒരാൾ വന്നത് പോലെ ആണ് എനിക്ക് ആദ്യമായി അവളെ കണ്ടപ്പോൾ പോലും തോന്നിയത്..

കല്ലുവിനെ കുറിച്ച് പറയുമ്പോൾ പാറുവിന് നൂറു നാവ് ആയിരുന്നു.

അത് പോലെ തന്നെയാണ് അർജുനും.എനിക്ക് അവനെ ശരിക്കും അറിയാടോ… അവന്റ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഒരു പേമാരിയായി പെയ്തിറങ്ങിയത് അല്ലേ…. ഒക്കെ എന്നോട് അവൻ പറഞ്ഞിട്ടുണ്ട്… അവന്റെ അച്ഛന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ അവൻ തകർന്നു പോയത്….. ഹ്മ്മ്….. കല്ലുവിനെ ആണ് അവനു തന്റെ പാതിയായി കിട്ടുന്നത് എങ്കിൽ പൊന്നു പോലെ അവളെ അവൻ കൊണ്ട് നടക്കും.. ഉറപ്പാ…..

കാശി യുടെ ആത്മവിശ്വാസം കണ്ടപ്പോൾ പാറു ഒന്ന് മന്ദഹസിച്ചു.

അവർ ഒന്നാവാൻ നമ്മൾക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം ഏട്ടാ……
ഓഫീസ് എത്തും വരേയ്ക്കും ഇരുവരുടെയും സംസാര വിഷയം കല്ലുവും അർജുന്നും ആയിരുന്നു.

********************

അർജുൻ ആണെങ്കിൽ പനി പ്രമാണിച്ചു അന്നും ലീവ് ആയിരുന്നു.

ക്ഷീണം ഇത്തിരി കുറഞ്ഞു എങ്കിലും,കാശി ഒക്കെ പോകും വരേയ്ക്കും അവൻ അന്ന് എഴുനേൽക്കാതെ കിടന്നു..

ഒൻപതു മണി കഴിഞ്ഞു അർജുൻ എഴുന്നേറ്റു ഫ്രഷ് ആയി റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്നപ്പോൾ.

കല്ലു ആണെങ്കിൽ ഫോണിൽ ആരോടോ സംസാരിക്കുകയാണ്. അവളുടെ അമ്മയാണ് എന്ന് അവനു വൈകാതെ മനസിലായി.

“അമ്മേ…. അതിനു മാത്രം പ്രായം ഒന്നും എനിക്ക് ആയില്ലലോ….21വയസ് അല്ലേ ഒള്ളു… ഇപ്പോളെ ഈ കല്യാണം എന്നൊക്കെ പറഞ്ഞാലു…. എനിക്ക് അതൊന്നും ഉൾ കൊള്ളാൻ പോലും പറ്റുല്ല….”

അത് പറയുമ്പോൾ കല്ലുവിന്റ ശബ്ദം ഇടറി..

തന്റെ നെഞ്ചിലേക്ക് എന്തോ വലിയൊരു ഭാരം വന്നു തിങ്ങി നിറയും പോലെ അർജുന് ആ നിമിഷം തോന്നിയത്..

“പ്ലീസ് അമ്മേ… എനിക്ക് എങ്ങനെ എങ്കിലും ഒരു സ്ഥിര വരുമാനം ഉള്ള ജോലി നേടണം.. അത് മാത്രം ഒള്ളു എന്റെ ആഗ്രഹം… പിള്ളേർ രണ്ടാളും വലുതായി വരുവാ.. അവരെ ഒരു കരയ്ക്ക് എത്തിക്കണ്ടേ…..”

അമ്മ പറയുമ്പോലെ ഒന്നും അല്ല കാര്യങ്ങൾ.. എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട…. ഇതും പറഞ്ഞു എന്നെ വിളിക്കുക പോലും ചെയ്യണ്ട….. ഞാൻ വെയ്ക്കുവാ…

കല്ലു ഫോൺ കട്ട്‌ ചെയ്തു കൊണ്ട് അതെ നിൽപ്പ് അല്പം നേരം കൂടി തുടർന്ന്

“കല്ലു….. “

അർജുൻ വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

“ഗുഡ് മോണിംഗ്…. കാശി പോയോടോ “

ഒന്നും അറിയാത്തത് പോലെ അവൻ അവളോട് ചോദിച്ചു.

“ഉവ്വ്…. പോയില്ലോ സാറെ…. സാറ് ഇരിക്ക് കേട്ടോ, ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെയ്ക്കാം “

അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി.

“കല്യാണി എനിക്ക് ഇപ്പോൾ ഒന്നും എടുക്കണ്ട… ഒരു പത്തു മണി ആയിട്ട് മതിടോ,”

അവളുടെ പിന്നാലെ ചെന്നു കൊണ്ട് അർജുൻ പറഞ്ഞു.

“സാർ… നേരം ഇത്രയും ആയില്ലേ, സമയത്തു ആഹാരം കഴിക്കണ്ടായോ, ആന്റി ബയോട്ടിക്ക് എടുക്കുന്നത് അല്ലേ..

ഉപ്പുമാവും കടല കറിയും ഒരു പാത്രത്തിലേക്ക് വിളമ്പുന്നതിനു ഒപ്പം അവൾ അവനെ നോക്കി പറഞ്ഞു. എന്നിട്ട് അതെല്ലാം എടുത്തു മേശമേൽ വെച്ച്.

“ഇയാള് കഴിച്ചോ…”

“ഹ്മ്മ്…ചേച്ചിയുടെ ഒപ്പം ഞാനും കഴിച്ചു “

“എന്നാലും എനിക്ക് ഒരു കമ്പനി താടോ “

“യ്യോ ഇല്ല സാറെ,ഞാൻ കുറച്ചു മുന്നേ ആണ് കഴിച്ചു എഴുന്നേറ്റത് “

ഒഴിഞ്ഞു മാറാൻ ആവുന്നത്ര ശ്രെമിച്ചു എങ്കിലും അർജുൻ അവളെ നിർബന്ധ പൂർവ്വം പിടിച്ചു തന്റെ അടുത്ത് ഇരുത്തി.

“ഈ കോഫി താൻ കുടിച്ചോ, എനിക്ക് അങ്ങനെ കാലത്തെ കോഫീ കുടിക്കുന്ന ശീലം ഒന്നും ഇല്ലെടോ…”

അർജുനുവേണ്ടി പകർന്നുവെച്ച കോഫിയെടുത്ത് അവൻ കല്ലുവിന്റെ കയ്യിലേക്ക് നൽകി.

മറ്റൊരു മാർഗ്ഗവും ഇല്ലാതിരുന്നതുകൊണ്ട് അവൾ അത് വേഗം കുടിച്ചു

അപ്പോളേക്കും അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.

അപ്പച്ചി ആണ് വിളിക്കുന്നത്.

വിവാഹ കാര്യം സംസാരിക്കുവാൻ ആവും.. അവൾ ഊഹിച്ചു..

“സാർ, വീട്ടിൽ നിന്ന് ആണ് വിളിക്കുന്നത്, ഇപ്പോ വരാട്ടോ “

ഫോണും ആയിട്ട് അവൾ വേഗം എഴുന്നേറ്റു.

ഹെലോ അപ്പച്ചി… ആഹ് ഞാൻ ഇവിടെ ഉണ്ട്, മ്മ് കേൾക്കാം, ഉവ്വ്…

അവൾ സംസാരിച്ചു കൊണ്ട് വീണ്ടും തന്റെ റൂമിലേക്ക് ആയിരുന്നു പോയത്..

കല്ലു എന്തൊക്ക ആണ് സംസാരിക്കുന്നത് എന്നറിയുവാൻ എന്ത് കൊണ്ടോ അവൻ കാത് കൂർപ്പിച്ചു ഇരുന്നു.

ഇത്രയും ചെറിയ പ്രായത്തിൽ ഇവളേ വിവാഹ കഴിപ്പിച്ചു അയക്കുവാൻ വിവരക്കേട് ഇല്ലാത്ത കുടുംബം ആണോ ഇവളുടേത്…

തൊണ്ടയിൽ കുരുങ്ങി ഇരിയ്ക്കുകയാണ് അവൻ കഴിച്ച ഭക്ഷണം മുഴോനും…

കല്ലു റൂമിന്റെ വാതിൽ തുറന്നു ഒന്നു പെട്ടന്ന് പുറത്തേക്ക് വന്നിരിന്നു എങ്കിൽ എന്നാണ് ആ നിമിഷം അവൻ ആഹ്രഹിച്ചത്.

ഭക്ഷണം കഴിച്ചു കൈ കഴുകി എഴുന്നേറ്റു അർജുൻ വെറുതെ സെറ്റിയിൽ ചടഞ്ഞു കൂടി ഇരുന്നു
ഫോണിലേയ്ക്ക് കണ്ണും നട്ടു കൊണ്ട്…

*******************

ഓഫീസിൽ ആണെങ്കിൽ പാറു അന്ന് നല്ല തിരക്കിൽ ആയിരുന്നു..

കൈലാസും മാളവികയും നാളെയാണ് പോകുന്നത്. അത് പ്രമാണിച്ചു കാശി  വീട് വരെയും ഒന്ന് പോയിരിന്നു.

പാറുവിനു അന്ന് അത്യാവശ്യം ആയിട്ട് രണ്ടു മീറ്റിംഗ്സ് ഉണ്ടായിരുന്നു.

അതുകൊണ്ട് അവള് നാളെ ലീവ് എടുത്തു വീട്ടിലേക്ക് പോകാം എന്നാണ് കാശിയെ അറിയിച്ചത്.

ഊർജസ്വലതയോട് കൂടി ഓഫീസിലെ കാര്യങ്ങൾ എല്ലാം മാനേജ് ചെയ്യുന്ന പാറുവിനെ സ്റ്റാഫസിന് എല്ലാവർക്കും അത്ഭുതം ആണ്..

ആദ്യം വന്നപ്പോൾ പേടിച്ചു അരണ്ടു നിന്നവളിൽ നിന്നു പാറു ഒരുപാട് ദൂരം മുന്നിലേക്ക് പോയിരിക്കുന്നു.

എന്തിനും ഏതിനും ഇടതും വലത്തും സഹായത്തിനു ആള് വേണ്ടവൾ ആണ് ഇന്ന് ഓരോരോ മീറ്റിങ്സും ഒറ്റയ്ക്ക് കൈ കാര്യം ചെയ്യുന്നത്.

വളരെ ടാലെന്റഡ് ആയിട്ടുള്ള ഒരു
ടീം ആണ് അവളുടെ ഒപ്പം ഉള്ളത്. അതുകൊണ്ട് കമ്പനി യുടെ ഷെയർ അതിന്റെ മാക്സിമം ലെവലിലേക്ക് ഉയർന്നിരിക്കുകയാണ്.

അതിന്റെ ട്രീറ്റ് ചൊടിക്കുന്നവരോട് രണ്ടു മൂന്നു ദിവസം കൂടി വെയിറ്റ് ചെയ്യാൻ പറഞ്ഞു നിറുത്തിയിരിക്കുകയാണ് പാറു

*********************

കല്ലു.. എന്താടോ, എന്ത് പറ്റി മുഖം ഒക്കെ വല്ലാണ്ട്…

ഫോൺ വെച്ച ശേഷം കുറെ ഏറെ സമയം എടുത്തിരുന്നു അവളൊന്നു പുറത്തേക്ക് വരാൻ.

അർജുൻ ആണെങ്കിൽ കാത്തിരുന്നു മുഷിഞ്ഞു. പക്ഷെ എങ്ങനെ ആണ് അവളെ വിളിയ്ക്കുന്നത് എന്നോർത്ത് അങ്ങനെ തന്നെ ഇരുന്നു.

“കല്ലു…. ബുദ്ധിമുട്ട് ആവില്ലെങ്കിൽ
തനിക്ക് എന്തും എന്നോട് ഷെയർ ചെയ്യാം കേട്ടോ….. എന്താടോ… എന്താ തന്റെ പ്രശ്നം….”

അവൻ വീണ്ടും ചോദിച്ചതും കല്ലു മുഖം താഴ്ത്തി നിന്നു.

“ആഹ്, ഒന്ന് പറയു എന്റെ കല്ലുസേ… എന്താ തന്റെ മുഖം ഇങ്ങനെ വാടി ഇരിക്കുന്നത്…”

കൈ കുമ്പിളിൽ അവളുടെ മുഖം ഉയർത്തി അവൻ ചോദിച്ചതും കല്ലു അല്പം പിന്നിലേക്ക് വേച്ചു പോയി. എന്നിട്ട് ചുവരിൽ തട്ടി അവൾ നിന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *