Story written by jk
“അമ്മേ, നാളെ അച്ഛന്റെ പിറന്നാളാണ്. അതുകൊണ്ട് ഞാൻ ഇന്ന് വൈകിട്ട് എന്റെ വീട്ടിലേക്ക് ഒന്ന് പോകും. നാളെ അവിടെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. എനിക്കും ചേച്ചിക്കും പോകാൻ പറ്റിയാലേ അവർക്കൊരു സന്തോഷം ഉണ്ടാവുകയുള്ളൂ.”
അഞ്ചു തന്റെ തീരുമാനത്തെക്കുറിച്ച് അമ്മായിയമ്മയോട് പതുക്കെയാണ് പറഞ്ഞതെങ്കിലും അത് കേട്ട മഹേശ്വരി അമ്മയുടെ മുഖം പെട്ടെന്ന് വലിഞ്ഞു മുറുകി.
അവർ കയ്യിലിരുന്ന പത്രം മേശപ്പുറത്തേക്ക് എറിഞ്ഞിട്ട് അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി.
ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവരുടെ എതിർപ്പ്.
”നീ ഇപ്പോൾ പോയാൽ ഇവിടെ കാര്യങ്ങൾ നോക്കാൻ ആരാ ഉള്ളത്? അത് മാത്രമല്ല, അച്ഛന്റെ ആദ്യത്തെ പിറന്നാൾ ഒന്നുമല്ലല്ലോ ഇത്! ഈ പിറന്നാൾ, ആണ്ടുബലി എന്നൊക്കെ പറഞ്ഞ് ഓരോ കാര്യങ്ങൾ എഴുന്നള്ളിക്കാൻ നിന്നാൽ പിന്നെ അതിനേ നേരം കാണൂ. നിനക്ക് പോകാൻ പറ്റില്ല, അത് തന്നെയാണ് എന്റെ തീരുമാനം.”
അമ്മായിയമ്മയുടെ മറുപടി കേട്ടതും അഞ്ചുവിന് വല്ലാത്ത സങ്കടവും ദേഷ്യവും ഒരേസമയം തോന്നി.
വിവാഹം കഴിഞ്ഞ് വന്നത് മുതൽ ഇങ്ങനെയാണ്…
തന്റെ വീട്ടിലേക്ക് ഒന്നു പോണെങ്കിലോ അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിലോ അമ്മയുടെ പൂർണ്ണ സമ്മതം വേണം…
തന്റെ ഭർത്താവ് മഹേഷേട്ടന് അത് നിർബന്ധമാണ്.. ഇവരോട് വന്ന് ചോദിച്ചാലോ അവരുടെ വായിൽ ഇരിക്കുന്നതും മുഴുവൻ കേൾക്കണം..
താൻ വീട്ടിലേക്ക് പോകുന്നത് ഇവർക്ക് ഇഷ്ടമേ അല്ല… ഇത്തവണ പക്ഷേ പോകാതിരിക്കാൻ കഴിയില്ല..
അച്ഛൻ ഇപ്പോൾ ശാരീരികമായി ഒട്ടും വയ്യാത്ത അവസ്ഥയിലാണ്. ആകെ രണ്ട് പെൺമക്കളാണ് അവർക്ക്.
ചേച്ചിയും താനും പോയില്ലെങ്കിൽ ഒരു വിളക്ക് പോലും കൊളുത്താതെ ആ വയസ്സായ മനുഷ്യർ ആ ദിവസം തള്ളിനീക്കും എന്ന് അഞ്ചുവിന് നന്നായി അറിയാം.
സാധാരണ അമ്മായിഅമ്മ എന്തെങ്കിലും പറഞ്ഞാൽ ഒന്നും മിണ്ടാതെ അനുസരിക്കുകയാണ് എന്നാൽ ഇത്തവണ അച്ഛനെ ഓർത്തപ്പോൾ അതിന് മനസ്സ് വന്നില്ല അഞ്ജുവിന്.
”ഇവിടെ മീനു ചേച്ചി ഉണ്ടല്ലോ അമ്മേ? പിന്നെന്താ എനിക്ക് പോയാൽ? വീട്ടുപണികളൊക്കെ ഞാൻ തീർത്തിട്ട് പോകാം. നാളെ വൈകിട്ട് തന്നെ ഞാൻ തിരിച്ചുവരുകയും ചെയ്യും.”
അല്പം ഉറച്ച ശബ്ദത്തിൽ തന്നെ അഞ്ചു ചോദിച്ചു.
അത് കേട്ടതും മഹേശ്വരി അമ്മയ്ക്ക് ദേഷ്യം ഇരട്ടിച്ചു. അവർ സോഫയിൽ നിന്നും എഴുന്നേറ്റു.
“ആഹാ, അത് ശരി! അവൾക്ക് ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ് എന്ന് നിനക്കറിയില്ലേ? ഡോക്ടർ പറഞ്ഞിരിക്കുന്നത് ഈ സമയത്ത് ദേഹം ഒട്ടും അനങ്ങാൻ പാടില്ല എന്നാണ്. എന്റെ മകൾക്ക് കൊച്ചുങ്ങൾ ഉണ്ടാവരുത് എന്നാവും നിന്റെയൊക്കെ മനസ്സിലിരിപ്പ്! അത് നടക്കില്ലെടി. മഹേഷ് ഇങ്ങോട്ട് വരട്ടെ, അവനോട് ഞാൻ ഇതിന് മറുപടി പറയിപ്പിക്കുന്നുണ്ട്.”
മഹേശ്വരി അമ്മയുടെ വാക്കുകൾ അഞ്ചുവിനെ ചുട്ടുപൊള്ളിച്ചു. മനസ്സിന്റെ കോണിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവർ വിളിച്ചുപറയുന്നത്.
മീനു ചേച്ചിക്ക് കുട്ടികൾ ഉണ്ടാകാൻ വേണ്ടി താനും എത്രയോ പ്രാർത്ഥിച്ചിട്ടുണ്ട്. എന്നിട്ടും ഇങ്ങനെ ഒരു പഴി കേൾക്കേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
മഹേഷ് ഏട്ടൻ വന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം മഹേഷ് അമ്മയെ അന്ധമായി വിശ്വസിക്കുന്ന ആളാണ്.
അമ്മ പറയുന്നതല്ലാതെ തന്റെ ഭാഗം കേൾക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറാവാറില്ല.
വൈകിട്ട് മഹേഷ് ജോലി കഴിഞ്ഞു വന്നപ്പോൾ തന്നെ മഹേശ്വരി അമ്മ തന്റെ നാടകം തുടങ്ങി.
മുഖം വല്ലാതെ വീർപ്പിച്ചു വെച്ചിരിക്കുന്ന അമ്മയെ കണ്ടപ്പോൾ തന്നെ മഹേഷിന് എന്തോ പന്തികേട് തോന്നി.
”എന്താ അമ്മേ, എന്തുപറ്റി? മുഖം ഒക്കെ ഇതെന്താ ഇങ്ങനെ?”
മഹേഷ് ചോദിച്ചു.
”പിന്നെ എങ്ങനെ ഇരിക്കണം? നിന്റെ ഭാര്യയ്ക്ക് എന്നെ കൊ,ല്ലാനുള്ള ദേഷ്യമാണ്. അവളുടെ അച്ഛന്റെ പിറന്നാളിന് പോകണം പോലും. ഇവിടെ മീനു കിടപ്പിലല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറയുന്നത് അവൾക്ക് എന്ത് അസുഖം ആണെന്നാണ്. മീനുവിന് കൊച്ചുങ്ങൾ ഉണ്ടാകരുത് എന്നാണ് നിന്റെ പെണ്ണിന്റെ വിചാരം.”
മഹേശ്വരി അമ്മ ഇല്ലാത്ത കാര്യങ്ങൾ ഓരോന്നായി എഴുന്നള്ളിച്ചു.
മഹേഷിന് ദേഷ്യം നിയന്ത്രിക്കാനായില്ല. അവൻ അകത്തേക്ക് കയറി അഞ്ചുവിനെ വിളിച്ചു.
“അഞ്ചൂ, നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ? മീനുവിന് വയ്യാത്ത സമയത്ത് നീ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കണോ? അമ്മയെ എന്തിനാ നീ സങ്കടപ്പെടുത്തുന്നത്? നിന്റെ അച്ഛന്റെ പിറന്നാൾ എല്ലാ കൊല്ലവും വരുന്നതല്ലേ, ഇത്തവണ പോയില്ലെങ്കിൽ ഒന്നും സംഭവിക്കില്ല.”
അഞ്ചു ഒന്നും മിണ്ടിയില്ല. മഹേഷ് ഏട്ടൻ അമ്മയുടെ വാക്ക് കേട്ട് തന്നെ വഴക്ക് പറയുമെന്ന് അവൾക്ക് നേരത്തെ അറിയാമായിരുന്നു.
മകൻ അമ്മയെ വല്ലാതെ വിശ്വസിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് അഞ്ചു ഒരു കാര്യം തിരിച്ചറിഞ്ഞത്.
അവൾ ഗർഭിണിയാണ്. തന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വലിയ സന്തോഷം തോന്നി.
കുറച്ച് ദിവസമായി ഇങ്ങനെ ഒരു സംശയം തോന്നിയിട്ട്…
മീനുവിന് കുട്ടികൾ ഒന്നും ആവാത്തത് കൊണ്ട്, ഇതും ഇനി പ്രതീക്ഷിച്ചിട്ട് വകയില്ലാതെ എല്ലാവരെയും സങ്കടപ്പെടുത്തണ്ട എന്ന് കരുതി അവൾ ആരും അറിയാതെ പ്രെഗ്നൻസി കിറ്റ് വാങ്ങി വെച്ചിരുന്നു..
അതുകൊണ്ട് അവൾ വെറുതെ ഒന്ന് നോക്കി . അപ്പോഴാണ് അത് പോസിറ്റീവ് ആയത്..
ഇത്തരത്തിലുള്ള കാര്യങ്ങൾ ആദ്യം സ്ത്രീകളോടാണ് പറയുക എന്നാൽ സ്വന്തം അമ്മായി അമ്മയോട് അങ്ങനെയൊന്നും പറയാൻ അവൾക്ക് തോന്നിയില്ല…
ആദ്യം അഞ്ചു ആ വാർത്ത മഹേഷിനോട് പറഞ്ഞു. മഹേഷിന് വലിയ സന്തോഷമായി.
അവൻ ആവേശത്തോടെ അമ്മയുടെ അടുത്തേക്ക് ചെന്നു. “അമ്മേ, ഒരു സന്തോഷവാർത്തയുണ്ട്. അഞ്ചു ഗർഭിണിയാണ്. ഒരു കുഞ്ഞിക്കാല് കാണാൻ നമ്മളെല്ലാം എത്രകാലമായി കാത്തിരിക്കുന്നു…”
മഹേഷിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മഹേശ്വരി അമ്മയുടെ ഉള്ളിൽ പകയാണ് തോന്നിയത്.
സ്വന്തം മകൾ വർഷങ്ങളായി ചികിത്സയിലാണ്, അവൾക്ക് ഒരു കുഞ്ഞുണ്ടാകുന്നില്ല.
അപ്പോഴാണ് അഞ്ചുവിന് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായത്. ഇത് മീനുവിനെ വല്ലാതെ വിഷമിപ്പിക്കും എന്ന് അവർ കരുതി.
അവർ മഹേഷിനെ അടുത്തുവിളിച്ചു.
”മഹേഷേ, നീ പറയുന്നത് എനിക്ക് മനസ്സിലാകും. നിനക്ക് ഇതൊരു സന്തോഷമായിരിക്കും. പക്ഷേ നീ മീനുവിന്റെ കാര്യം ആലോചിച്ചോ? അവൾ എത്ര കാലമായി ചികിത്സയിലാണ്. അവളുടെ അവസ്ഥ മോശമായിരിക്കുന്ന ഈ സമയത്ത് നിനക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ അത് അവളെ തളർത്തും. അതുകൊണ്ട് ഈ കുഞ്ഞിനെ നമുക്ക് ഇപ്പോൾ വേണ്ട എന്ന് വെക്കാം. പിന്നീട് എപ്പോഴെങ്കിലും നോക്കാം.”
മഹേശ്വരി അമ്മയുടെ വാക്കുകൾ കേട്ട് മഹേഷ് തരിച്ചുപോയി.
തന്റെ കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ സ്വന്തം അമ്മയ്ക്ക് എങ്ങനെ പറയാൻ കഴിയുന്നു? ഇത്രയും കാലം അമ്മ പറഞ്ഞതെല്ലാം ശരിയാണെന്ന് വിശ്വസിച്ച തനിക്ക് വലിയൊരു തെറ്റുപറ്റിയെന്ന് മഹേഷിന് ആ നിമിഷം ബോധ്യമായി. അമ്മയുടെ സ്നേഹം വെറും സ്വാർത്ഥതയാണെന്ന് അവൻ തിരിച്ചറിഞ്ഞു.
“അമ്മ എന്താ ഈ പറയുന്നത്? മീനുവിന് ഉണ്ടായാലും എനിക്ക് ഉണ്ടായാലും അത് അമ്മയുടെ പേരക്കുട്ടി തന്നെയല്ലേ? എന്റെ പെങ്ങളെ വിഷമിപ്പിക്കും എന്ന് കരുതി സ്വന്തം മകന്റെ കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ ഒരു അമ്മയ്ക്ക് എങ്ങനെ പറയാൻ തോന്നുന്നു?”
മഹേഷിന്റെ ശബ്ദം ഇടറി.
അമ്മയുടെ ഉള്ളിലെ കുശുമ്പും വിദ്വേഷവും മഹേഷ് അന്ന് നേരിട്ട് കണ്ടു.
അഞ്ചുവിനെ ഇത്രയും കാലം താൻ എത്രമാത്രം കഷ്ടപ്പെടുത്തി എന്നോർത്തപ്പോൾ അവന് തന്നോട് തന്നെ പുച്ഛം തോന്നി.
അമ്മയുടെ വാക്ക് കേട്ട് പലപ്പോഴും അവളെ വേദനിപ്പിച്ചിട്ടുണ്ട്. അവളുടെ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കാതെ താൻ പെരുമാ റിയത് എത്ര ക്രൂരമായിട്ടാണെന്ന് അവൻ ചിന്തിച്ചു.
മഹേഷ് നേരെ അഞ്ചുവിന്റെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു. അവൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
”അഞ്ചൂ, എന്നോട് ക്ഷമിക്കണം. ഞാൻ അന്ധമായി അമ്മയെ വിശ്വസിച്ചു. പക്ഷേ ഇന്ന് എനിക്ക് സത്യം മനസ്സിലായി. ഇനി നിന്നെ ഇവിടെ നിർത്തില്ല.
നിന്റെ അച്ഛന്റെ പിറന്നാൾ ആഘോഷിക്കാൻ നമ്മൾ രണ്ടുപേരും ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്ക് പോവുകയാണ്. അമ്മയുടെ ഈ സ്വാർത്ഥതയ്ക്ക് കൂട്ടുനിൽക്കാൻ എനിക്ക് കഴിയില്ല.”
അഞ്ചുവിന് അത് വിശ്വസിക്കാനായില്ല. മഹേഷ് ഏട്ടൻ മാറുമെന്ന് അവൾ കരുതിയിരുന്നില്ല.
മഹേഷ് അമ്മയെ നോക്കി പറഞ്ഞു. “അമ്മേ, മീനുവിന് നല്ലത് വരണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്. പക്ഷേ അതിന് വേണ്ടി മറ്റൊരു ജീവനെ ഇല്ലാതാക്കാനോ, ഒരാളെ സങ്കടപ്പെടുത്താനോ എനിക്ക് കഴിയില്ല. അഞ്ചുവിനെ ഞാൻ കൊണ്ടുപോവുകയാണ്.”
മഹേശ്വരി അമ്മ തടയാൻ ശ്രമിച്ചെങ്കിലും മഹേഷ് അത് കേട്ടില്ല. അവൻ അഞ്ചുവിനെയും കൂട്ടി തന്റെ വീട്ടിൽ നിന്നും ഇറങ്ങി. കാറിൽ ഇരിക്കുമ്പോൾ അഞ്ചു തന്റെ അച്ഛനെ വിളിച്ചു.
“അച്ഛാ, ഞങ്ങൾ വരുന്നുണ്ട്. നമുക്ക് അച്ഛന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കണം.”
അഞ്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
മകളും മരുമകനും ഒരുമിച്ചു വരുന്നത് അവർക്ക് വലിയ സന്തോഷമായി..
മഹേഷ് മനസ്സ് തുറന്ന് അഞ്ചുവിനോട് സംസാരിച്ചു. അമ്മയുടെ തണലിൽ മാത്രം ജീവിച്ച താൻ ഇനി മുതൽ തന്റെ കുടുംബത്തിന് വേണ്ടിയും അഞ്ചുവിന് വേണ്ടിയും ജീവിക്കുമെന്ന് അവൻ അവൾക്ക് വാക്ക് നൽകി.
അഞ്ചുവിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ വലിയൊരു ആഘോഷത്തിന്റെ അന്തരീക്ഷമായിരുന്നു. അവളുടെ ചേച്ചിയും കുടുംബവും അവിടെ എത്തിയിരുന്നു.
വയ്യാത്ത അച്ഛന്റെ മുഖത്ത് വിരിഞ്ഞ ചിരി അഞ്ചുവിന്റെ സങ്കടങ്ങളെല്ലാം മായ്ച്ചു കളഞ്ഞു. താൻ എടുത്ത തീരുമാനമാണ് ശരിയെന്ന് മഹേഷിനും തോന്നി.
സ്വന്തം മകന്റെ കുഞ്ഞിനെക്കാൾ വലുതല്ല മറ്റൊന്നും എന്ന് തിരിച്ചറിയാത്ത അമ്മയോട് അവന് പരിഭവം തോന്നിയില്ല, പകരം സഹതാപമാണ് തോന്നിയത്.
പിറ്റേന്ന് അച്ഛന്റെ പിറന്നാൾ എല്ലാവരും കൂടി ആഘോഷിച്ചു. പായസവും വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി ആ ദിവസം കടന്നുപോയി.
തന്റെ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് ജീവിതത്തിലെ യഥാർത്ഥ മൂല്യം എന്താണെന്ന് മഹേഷിന് മനസ്സിലായത്.
അഞ്ചുവിന്റെ മുഖത്തെ തെളിച്ചം അവന് വലിയ ആശ്വാസം നൽകി.
തന്റെ ഭാഗത്ത് ഉണ്ടായ തെറ്റുകൾ തിരുത്തി മഹേഷ് ഒരു പുതിയ മനുഷ്യനായി മാറി.
