​ദിവ്യ ഒരു വാക്കും എതിർത്തു പറഞ്ഞില്ല. അവൾ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി. അവൾക്ക് കിട്ടിയ ഭക്ഷണവും അവൾ തന്റെ മകൾക്ക് നൽകി. അമൃത പേടിച്ച് മുറിക്ക് പുറത്തിറങ്ങാറില്ലായിരുന്നു. ഇടയ്ക്ക് വത്സല അമൃതയെ നോക്കി ദേഷ്യപ്പെടും.

Story written by Jk

“അമ്മേ എന്റെ കല്യാണം കഴിഞ്ഞു, ഇതാണ് എന്റെ ഭാര്യ!!”

​കിഷോർ വന്ന് വത്സലയോട് പറഞ്ഞപ്പോൾ വത്സലയുടെ കണ്ണുകൾ അവരുടെ രണ്ടുപേരുടെയും പുറകിൽ ഭയന്നുവിറച്ചു നിൽക്കുന്ന ഏകദേശം പതിനഞ്ചു വയസ്സോളം പ്രായമുള്ള ആ പെൺകുട്ടിയിൽ എത്തി നിന്നു.

വത്സലയുടെ നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലായപ്പോൾ കിഷോറിന്റെ മുഖം അല്പം മങ്ങി.

അവൻ ദിവ്യയുടെ കൈകളിൽ അമർത്തി പിടിച്ചു.

​“അമ്മേ… ഇത് അവളുടെ കുഞ്ഞാണ്! ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്!”

​അല്പം മടിച്ചുകൊണ്ട് കിഷോർ പറഞ്ഞതും വത്സല വലിയ വായിൽ കരയാൻ തുടങ്ങി.

​“എന്റെ ഭഗവതിയേ… നീയിത് എന്ത് പണിയാടാ കാണിച്ചത്? താലി കെട്ടാൻ നിനക്ക് ഈ പെണ്ണിനെ മാത്രേ കിട്ടിയുള്ളൂ? അവളെ കെട്ടിക്കൊണ്ടു വന്നത് പോരാഞ്ഞിട്ട് കൂടെ ഒരെണ്ണത്തിനെയും കൂട്ടിയിരിക്കുന്നു!”

വത്സല നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി.

​അതോടെ അയൽവാസികൾ മുഴുവൻ ഓടിക്കൂടി..

മതിലിനപ്പുറവും ഇപ്പുറവും നിന്ന് ആളുകൾ എത്തിനോക്കാൻ തുടങ്ങി. കിഷോർ പരമാവധി അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്..

​“അമ്മേ, ഒന്ന് നിർത്തൂ. ആളുകൾ കൂടുന്നു. നമുക്ക് അകത്ത് കയറി സംസാരിക്കാം.”

​“അകത്തോ? എന്റെ വീട്ടിലേക്കോ? ഈ വത്സലയുടെ പടിവാതിൽ കടക്കാൻ നിന്നെയൊന്നും ഞാൻ സമ്മതിക്കില്ലഡാ…. നീ എവിടുന്ന് പിടിച്ചോണ്ട് വന്നതാണെങ്കിലും അങ്ങോട്ട് തന്നെ കൊണ്ടുപോയ്ക്കോ!”

വത്സല വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തല താഴ്ത്തി നിന്നു.

കൂടെയുള്ള മകൾ അമൃത അവളുടെ അമ്മയുടെ സാരിത്തുമ്പിൽ മുറുക്കി പിടിച്ചു.

അവൾക്ക് പേടിയും സങ്കടവും ഒരേപോലെ വരുന്നുണ്ടായിരുന്നു.

​കിഷോർ പണ്ട് പഠിക്കുന്ന കാലത്ത് ദിവ്യയോട് അവന് വലിയ ഇഷ്ടമായിരുന്നു. അത് അവൻ തുറന്നു പറഞ്ഞതുമാണ്. എന്നാൽ അന്ന് കിഷോറിന്റെ തറവാട്ടു മഹിമയും ദിവ്യയുടെ താഴ്ന്ന സാഹചര്യവും വലിയൊരു മതിലായി അവർക്കിട യിലുണ്ടായിരുന്നു. ആ മതിലിനെ തകർക്കാൻ അന്ന് കിഷോറിന് ധൈര്യമു ണ്ടായിരുന്നില്ല. സാമ്പത്തികമായും ജാതിപരമായും താഴെ നിൽക്കുന്ന ദിവ്യയെ വീട്ടുകാർ അംഗീകരിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ആ ഇഷ്ടം ഉള്ളിലൊതുക്കി അവൻ കാലം കഴിച്ചു.

​വർഷങ്ങൾ കടന്നുപോയി. കിഷോറിന് വലിയൊരു ജോലി ഒന്നും കിട്ടിയില്ല. ഒടുവിൽ അവൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി.

വത്സല നാട്ടുകാരുടെ മുന്നിൽ വീമ്പ് പറയുമെങ്കിലും ഒരു ഓട്ടോക്കാരന് പെണ്ണ് കൊടുക്കാൻ ആരും തയ്യാറായിരുന്നില്ല.

കല്യാണ ആലോചനകൾ വന്നപ്പോഴൊക്കെ ‘ഓട്ടോക്കാരൻ’ എന്ന ലേബൽ അവന് തടസ്സമായി.

എവിടെ ചെന്നാലും ഓട്ടോഡ്രൈവറെ ആർക്കും ആവശ്യമില്ല. ഒടുവിൽ പെണ്ണ് കണ്ടു നടന്ന് കിഷോറിന് മടുത്തു തുടങ്ങി.

ആർക്കും തന്നെ ഇഷ്ടമാവില്ല എന്ന് പെണ്ണുകാണാൻ ചെല്ലുമ്പോൾ അവരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അവന് മനസ്സിലാവും..

അതോടെ വിവാഹം എന്നൊരു സ്വപ്നം അവൻ എന്നെന്നേക്കുമായി മറന്നു..

​ഇതിനിടയിലാണ് യാദൃശ്ചികമായി അവൻ ദിവ്യയെ കാണുന്നത്. പഴയ ദിവ്യയായിരുന്നില്ല അവൾ. ജീവിതം തളർത്തിയ ഒരു രൂപം.

അവളുടെ ഭർത്താവ് മരിച്ചിരുന്നു… അതോടെ അവളുടെ ഭർത്താവിന്റെ വീട്ടുകാർ അവളെ ഒറ്റപ്പെടുത്താൻ തുടങ്ങി.

ഭർത്താവിന്റെ വീട്ടിലെ പീ,ഡനങ്ങൾ സഹിക്കവയ്യാതെയാണ് അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

അവിടെയും അവൾക്ക് സമാധാനമുണ്ടായിരുന്നില്ല.

​“എന്താ ദിവ്യേ… നീ എന്തിനാ കരയുന്നത്?” ഒരിക്കൽ വഴിയിൽ വെച്ച് അവളെ കണ്ടപ്പോൾ കിഷോർ ചോദിച്ചു.

​“ഒന്നുമില്ല കിഷോർ… ജീവിതം മടുത്തു. എന്റെ ആങ്ങളമാരുടെ ഭാര്യമാർക്ക് എന്നെയും മോളെയും അവിടെ നിർത്തുന്നത് ഇഷ്ടമല്ല.. അവരുടെ ഭർത്താക്കന്മാർ കൊണ്ടുവരുന്നത് തിന്നു മുടിക്കാൻ ഉള്ള രണ്ടുപേരായിട്ടാണ് അവർ ഞങ്ങളെ കരുതുന്നത്..

എനിക്കും കുഞ്ഞിനും ഉള്ളത് ടെക്സ്റ്റൈൽസിലെ ജോലി ചെയ്തു ഞാൻ സമ്പാദിക്കുന്നുണ്ട്..

വീട്ടിൽ ചെലവിനും കൊടുക്കുന്നുണ്ട് പക്ഷേ അവർക്ക് അതൊന്നും വിഷയമല്ല ഞങ്ങൾ എങ്ങനെയും അവിടെ നിന്ന് പോയാൽ മതി എന്നാണ്.

കു,ത്തുവാക്കുകൾ കേട്ട് മടുത്തു.” ദിവ്യ പൊട്ടിക്കരഞ്ഞു.

അത് കേട്ടതും കിഷോറിന്റെ മനസ്സ് അലിഞ്ഞു.

​ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാൻ പോലും അവൾ ചിന്തിച്ചിരുന്നു. എന്നാൽ കിഷോർ അവളുടെ കൈ പിടിച്ചു. പഴയ സ്നേഹം വീണ്ടും അവനിൽ ഉണർന്നു.

അവൾക്കും മകൾക്കും ഒരു തണലാകാൻ അവൻ തീരുമാനിച്ചു. അങ്ങനെയാണ് ആരുമറിയാതെ അവൻ അവളെ വിവാഹം കഴിച്ചത്.

​പക്ഷേ, വീട്ടിലെത്തിയപ്പോൾ സാഹചര്യം മോശമായി. അയൽവാസി ശാന്തമ്മ വത്സലയുടെ അടുത്തെത്തി ചോദിച്ചു, “എന്താ വത്സലേ, ഈ പറയുന്നത് സത്യമാണോ? കുട്ടിയുള്ള ഒരുവളെയാണോ കിഷോർ കെട്ടിയത്?”

​“നീ കണ്ടില്ലേ ശാന്തമ്മേ… ഇവൻ കുടുംബത്തിന്റെ പേര് കളഞ്ഞു. നിനക്ക് എന്തിന്റെ കേടായിരുന്നു കിഷോറേ?” വത്സല വീണ്ടും ഒച്ച വെച്ചു.

​കിഷോർ ദിവ്യയെയും അമൃതയെയും കൂട്ടി അകത്തേക്ക് കയറാൻ ശ്രമിച്ചു. “അമ്മേ, ഇനി ഇവിടെയാണ് ഇവരുടെ ജീവിതം. അമ്മ സമ്മതിച്ചാലും ഇല്ലെങ്കിലും!”

അത്രയും പറഞ്ഞു അവൻ അവരെയും കൂട്ടി അകത്തേക്ക് കയറി.

അതോടെ വത്സലയ്ക്ക് അവരോട് പകയായി.

​വത്സല ദിവ്യയെ അടുക്കളയിൽ കയറ്റാൻ സമ്മതിച്ചില്ല. “നീ തൊട്ടതൊന്നും ഞാൻ കഴിക്കില്ല. എന്റെ അടുക്കള അശുദ്ധമാക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല.”

അടുത്ത ദിവസം രാവിലെ കുളിച്ച് അടുക്കളയിൽ കയറാൻ വന്ന ദിവ്യയ്ക്ക് കേൾക്കേണ്ടി വന്നതായിരുന്നു അത്.

​ദിവ്യ ഒരു വാക്കും എതിർത്തു പറഞ്ഞില്ല. അവൾ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി. അവൾക്ക് കിട്ടിയ ഭക്ഷണവും അവൾ തന്റെ മകൾക്ക് നൽകി. അമൃത പേടിച്ച് മുറിക്ക് പുറത്തിറങ്ങാറില്ലായിരുന്നു. ഇടയ്ക്ക് വത്സല അമൃതയെ നോക്കി ദേഷ്യപ്പെടും.

​“ കണ്ടവരുടെ കുഞ്ഞുങ്ങളെ ഒന്നും ഇവിടെ താമസിപ്പിക്കാൻ പറ്റില്ല!!”

അമൃതയുടെ മുഖത്ത് നോക്കി വത്സല പറയും അത് കേൾക്കുമ്പോൾ അവൾ കൂടുതൽ പേടിയോടെ അമ്മയെ മുറുക്കി പിടിക്കും.

ദിവ്യക്ക് അത് കേട്ട് കരയാൻ മാത്രമേ നേരം ഉണ്ടായിരുന്നുള്ളൂ എന്നാൽ കിഷോർ അവളെ ആശ്വസിപ്പിക്കും.

​ദിവസങ്ങൾ ആഴ്ചകളായി മാറി. വത്സലയുടെ കടുംപിടുത്തത്തിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

എന്നാൽ കിഷോർ അവളോട് അടുക്കളയിൽ കയറി ആഹാരം പാചകം ചെയ്തോളാൻ പറഞ്ഞു.. അതോടെ ദിവ്യ അവൾക്കും കുഞ്ഞിനും കിഷോറിനും ഉള്ളത് പാചകം ചെയ്യും

വത്സല മാത്രം അവളിൽ നിന്ന് അകലം പാലിച്ചു. വത്സലയുടെ മകൾ രമ്യ ഇടയ്ക്ക് വരാറുണ്ടെങ്കിലും അവളും ദിവ്യയെ അംഗീകരിച്ചില്ല.

​“ എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഓരോന്ന് ചെയ്തുവച്ചത് കാരണം എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ വയ്യ.. ഇവരെ അവരുടെ വീട്ടിലേക്ക് തന്നെ ആക്കിക്കൂടെ” രമ്യ ചോദിച്ചു.

​“നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരേ രമ്യേ? എനിക്കൊരു ജീവിതം ഉണ്ടായത് ദിവ്യ വന്നപ്പോഴാണ്. ഇവിടെ കാണുന്നതുകൊണ്ട് നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു കാര്യം ചെയ്താൽ മതി ഇനി ഇങ്ങോട്ട് വരണ്ട ” കിഷോർ ഉറപ്പിച്ചു പറഞ്ഞു.. അത് കേട്ടതും രമ്യ അവിടെ നിന്ന് ഇറങ്ങി.

​അങ്ങനെയിരിക്കെ ഒരു ദിവസം മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. വത്സല മുറ്റത്തെ അഴുക്കുചാലിൽ തടസ്സപ്പെട്ട ഇലകൾ മാറ്റാൻ പുറത്തിറങ്ങി. പെട്ടെന്ന് കാല് വഴുതി വത്സല താഴെ വീണു. ​“അമ്മേ!” വത്സല അലറി വിളിച്ചു..

കിഷോർ വീട്ടിലുണ്ടായിരുന്നില്ല. വീഴ്ചയിൽ വത്സലയുടെ കാലിന്റെ അസ്ഥി ഒടിഞ്ഞു. വേദന കൊണ്ട് അവർ ഉറക്കെ കരഞ്ഞു. ദിവ്യ ഓടി ചെന്നു. ​“അമ്മേ… എന്താ പറ്റിയത്?” അവൾ ചോദിച്ചു അപ്പോഴും ഉള്ളിലെ വിഷമാണ് വത്സലക്ക് പുറത്തേക്കുവന്നത്.

​“എന്നെ തൊട്ടുപോകരുത്!” വേദനക്കിടയിലും വത്സല ആക്രോശിച്ചു.
​പക്ഷേ ദിവ്യ അത് കേട്ടില്ല. അവൾ അമൃതയെ വിളിച്ചു. ഇരുവരും ചേർന്ന് വത്സലയെ താങ്ങിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.

ദിവ്യ ഉടനെ കിഷോറിനെ വിളിച്ചു. കിഷോർ ഓട്ടോയുമായി ഓടിയെത്തി അവരെ ആശുപത്രിയിലാക്കി. ആശുപത്രിയിൽ വെച്ച് ഡോക്ടർ പറഞ്ഞു, “കാലിന് പൊട്ടുണ്ട്. കുറച്ചു നാൾ വിശ്രമം വേണം. കാര്യങ്ങൾ നോക്കാൻ ഒരാൾ കൂടെ വേണം.”

​രമ്യയെ കിഷോർ വിളിച്ചെങ്കിലും അവൾക്ക് വരാൻ സൗകര്യമില്ലായിരുന്നു. “എനിക്ക് കുട്ടികളുടെ കാര്യം നോക്കണം ഏട്ടാ. അമ്മയെ അവിടെ നിർത്തിക്കോളൂ. ഞാൻ ഇടയ്ക്ക് വരാം.”.​വത്സലയ്ക്ക് മനസ്സിലായി, തന്റെ സ്വന്തം എന്ന് കരുതിയവർ പോലും കഷ്ടകാലത്ത് കൂടെയില്ലെന്ന്.

ആശുപത്രിയിൽ വെച്ച് വത്സലയെ ശുശ്രൂഷിച്ചത് ദിവ്യയാണ്. മ,ലമൂത്ര വിസ ർജ്ജനം പോലും ദിവ്യ മടിക്കാതെ വൃത്തിയാക്കി. വത്സലയ്ക്ക് ആദ്യം ജാള്യത തോന്നിയെങ്കിലും ദിവ്യയുടെ സ്നേഹത്തിന് മുന്നിൽ അവരുടെ മനസ്സിലെ മഞ്ഞുരുകാൻ തുടങ്ങി. വീട്ടിലെത്തിയ ശേഷവും ദിവ്യയുടെ പരിചരണം തുടർന്നു.

വത്സലയ്ക്ക് മരുന്ന് കൊടുക്കാനും ആഹാരം നൽകാനും ദിവ്യ സദാസമയവും കൂടെയുണ്ടായിരുന്നു. അമൃതയും വത്സലയുടെ അരികിൽ വന്നിരുന്നു.

​“അമ്മൂമ്മേ… വെള്ളം വേണോ?” അമൃത മെല്ലെ ചോദിച്ചു. ആദ്യമൊക്കെ വത്സല മുഖം തിരിച്ചു. പക്ഷേ ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ വത്സലയുടെ ഉള്ളിലെ ദേഷ്യം അലിഞ്ഞുപോയി.

​“വേണം മോളേ…” വത്സല ആദ്യമായി അവളെ മോളേ എന്ന് വിളിച്ചു.
​അതുകേട്ടപ്പോൾ അമൃതയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ വേഗം പോയി വെള്ളം എടുത്തുകൊണ്ടുവന്നു. ​ഒരിക്കൽ വത്സല കിഷോറിനെ അരികിലേക്ക് വിളിച്ചു. “കിഷോറേ…”

​“എന്താ അമ്മേ?”

​“എനിക്ക് തെറ്റുപറ്റിപ്പോയി. ജാതിയും മഹിമയും പറഞ്ഞ് ഞാൻ വെറുതെ കുറേ ഒച്ച വെച്ചു. പക്ഷേ എന്റെ കൂടെ നിന്നത് ഈ കുട്ടിയാണ്. ദിവ്യയാണ് എന്റെ മകൾ.”

​കിഷോറിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ദിവ്യയെ നോക്കി. അവൾ വാതിൽക്കൽ നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

​“അമ്മേ… എനിക്ക് ഇതിൽ കൂടുതൽ ഒന്നും കേൾക്കാനില്ല.” കിഷോർ അമ്മയുടെ കൈകളിൽ പിടിച്ചു.

​പിന്നീട് ആ വീട് മാറിയത് പെട്ടെന്നായിരുന്നു. വത്സല ദിവ്യയെ അടുക്കളയിൽ കയറ്റി. അവർ ഒരുമിച്ച് ആഹാരം പാകം ചെയ്തു. അമൃതയെ വത്സല തന്റെ മടിയിലിരുത്തി പഴയ കഥകൾ പറഞ്ഞു കൊടുത്തു. അമൃത ഇപ്പോൾ വത്സലയുടെ പ്രിയപ്പെട്ട കൊച്ചുമകളാണ്.

​നാട്ടുകാർ പലതും പറഞ്ഞു പരത്തി. “വത്സല ഒടുവിൽ ആ കുട്ടിയുള്ളവളെ അംഗീകരിച്ചല്ലേ?”

​പക്ഷേ വത്സല അതൊന്നും കാര്യമാക്കിയില്ല. അവർക്ക് ഇപ്പോൾ തന്റെ കുടുംബമായിരുന്നു വലുത്. അയൽവാസി ശാന്തമ്മ വന്നപ്പോൾ വത്സല പറഞ്ഞു, “ശാന്തമ്മേ, എന്റെ മകൻ കൊണ്ടുവന്നത് ഈ വീടിന്റെ ഐശ്വര്യത്തെയാണ്. എന്റെ ദിവ്യയും അമൃതയും ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ ഉണ്ടാവില്ലായിരുന്നു.”

​കിഷോറിന്റെ ഓട്ടോറിക്ഷയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അവർ സന്തോഷത്തോടെ കഴിഞ്ഞു. ദിവ്യ തന്റെ പഴയ സങ്കടങ്ങളെല്ലാം മറന്നു. അവൾക്ക് കിഷോറിലൂടെ ഒരു നല്ല ഭർത്താവിനെയും വത്സലയിലൂടെ സ്നേഹനിധിയായ ഒരു അമ്മയെയും ലഭിച്ചു. എല്ലാത്തിലുമുപരി, തന്റെ മകൾക്ക് സുരക്ഷിതമായ ഒരു വീടും കിട്ടി.

​അമൃത പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിച്ചു. വത്സലയാണ് നാട്ടുകാർക്കെല്ലാം മിഠായി വിതരണം ചെയ്തത്. “എന്റെ മോൾക്ക് നല്ല മാർക്കുണ്ട് കേട്ടോ!” എന്ന് വത്സല അഭിമാനത്തോടെ പറയുമ്പോൾ കിഷോറിന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു.

​ മനസ്സിലെ ചില മതിൽക്കെട്ടുകൾ പൊളിച്ചാൽ ചിലപ്പോൾ ഒരു സ്വർഗം തന്നെ നമുക്ക് തീർക്കാൻ കഴിഞ്ഞു എന്നു വരാം.

Leave a Reply

Your email address will not be published. Required fields are marked *