അവനും എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ആ മൊമെന്റ്.  ഒരു നിമിഷം കൊണ്ട് എന്റെ ലൈഫ് വെറും സീറോ ആയെന്ന് തോന്നി. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു…..

Story written by Athira

അവനും എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ആ മൊമെന്റ്.  ഒരു നിമിഷം കൊണ്ട് എന്റെ ലൈഫ് വെറും സീറോ ആയെന്ന് തോന്നി. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ അവിടുന്ന് തിരികെ നടക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ പേടിയോടെയാണ് കണ്ടത്. അവനില്ലാതെ എങ്ങനെയാണ് ഇനിയുള്ള നിമിഷങ്ങളൊക്കെയും. വെന്ത് വെണ്ണീറാവില്ലേ ഞാൻ.

നെഞ്ചിൽ ഇപ്പോഴും താങ്ങാൻ കഴിയാത്തൊരു വേദന. അവന്റെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത നിമിഷം തന്നെ എന്തിനാണ് അവൻ ആ സത്യം എന്നോട് തുറന്നു പറഞ്ഞത്. പറയാതിരിക്കാമായിരുന്നില്ലേ അവന്. ആ കണ്ണുകളിൽ നഷ്ട്ടബോധമായിരുന്നില്ലേ. അത്രമാത്രം അവനെന്നെ സ്നേഹിച്ചിരുന്നോ… ഞാൻ സ്നേഹിച്ചത് പോലെ തന്നെ.

റെയിൽവേ സ്റ്റേഷന് ഒഴിഞ്ഞ കോണിൽ മുഖം താഴ്ത്തിയുരിക്കുമ്പോഴും നവവരന്റെ വേഷത്തിൽ നിന്ന് തന്നോട് പ്രണയം തുറന്നു പറഞ്ഞവന്റെ മുഖമായിരുന്നു അഞ്ജലിയുടെ മനസ്സിൽ. മേലാകെ വിയർത്തു തലയ്ക്കു കൈ കൊടുത്തിരിക്കുമ്പോൾ ദൂരെ നിന്ന് കേൾക്കുന്ന ട്രെയിനിന്റെ ശബ്ദം അരോചകമായി തോന്നിയിരുന്നു.

കയ്യിലെ ബാഗിലിരുന്ന് വൈബ്രേറ്റ് ചെയ്യുന്ന ഫോൺ കയ്യിലെടുത്തു.

   “ചാരു കോളിങ്.”

“ഐആം ഓക്കേ ചാരു.” ഇങ്ങോട്ട് മറ്റെന്തെങ്കിലും പറയും മുൻപേ കോൾ കട്ട്‌ ചെയ്ത് സ്വിച്ചഡ് ഓഫ്‌ ചെയ്തിരുന്നു.

നിറഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്നു വീർത്ത മുഖവും ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ വീണ്ടും മുഖം താഴ്ത്തിയിരുന്നു.

കാലത്ത് ചാരുവാണ് കാർത്തിയുടെ വിവാഹത്തിന് പോയെ തീരു എന്ന് പറഞ്ഞു നിർബന്ധിച്ചത്. അവന്റെ വിവാഹമാണെന്ന് അറിഞ്ഞത് മുതൽ മനസ്സിനെ പാകപ്പെടുത്താൻ ശ്രമിക്കുന്നതാണ് എന്റെതല്ലന്ന്.

നെഞ്ച് തകർത്ത കാഴ്ച ആയിരുന്നെങ്കിലും കണ്ണ് നിറയെ കണ്ടു കാർത്തി മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നത്.

ഉള്ളു പൊള്ളിച്ചകാഴ്ച ആയിരുന്നെങ്കിലും ആ ചിത്രം എന്നുമെനിക്ക് ഒരോർമ്മ പ്പെടുത്തലായിരിക്കണം എന്ന ചിന്തയോടെയായിരുന്നു കാർത്തിയുടെ ഓർമ്മകളൊടൊപ്പമാ കാഴ്ചയെയും ചേർത്ത് വച്ചത്.

എങ്ങനെയൊക്കെയോ ചിരിച്ചു കൊണ്ടാണ് അവന് മുൻപിൽ നിന്നത്. പക്ഷേ ചടങ്ങുകൾക്ക് ശേഷം എനിക്കരികിൽ വന്നവൻ ഒരു തമാശ പോലെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നെന്ന് പറഞ്ഞപ്പോൾ ഹൃദയം നിന്ന് പോയെന്ന് തോന്നി. അവന്റെ നെഞ്ചിലേക്ക് വീണ് പ്രണയം പറയാൻ ഒരു നിമിഷം തുനിഞ്ഞതാണ്. പക്ഷേ അവന്റെ താലിയുമായി നിന്ന് സ്വപ്‌നങ്ങൾ നെയ്തുകൂട്ടുന്നവളുടെ മുഖമോർമ്മ വന്നു.

പറഞ്ഞത് തമാശയായി ആയിരുന്നെങ്കിലും പിന്നെ അവന്റെ കണ്ണ് നിറയുന്നത് കണ്ടു. എന്ത് കൊണ്ടിത്രയും നാൾ പറഞ്ഞില്ല എന്ന് ചോദിക്കണമെന്ന് തോന്നി. പക്ഷേ അതിന്റെ ആവശ്യം വന്നില്ല. അവനായി തന്നെ മറുപടി പറഞ്ഞിരുന്നു.

ഒരുപക്ഷേ എന്റെയുള്ളിൽ അങ്ങനെയൊരു ഇഷ്ടം ഇല്ലായിരുന്നെങ്കിൽ നഷ്ട്ടപ്പെട്ടേക്കാവുന്ന സൗഹൃദത്തിന് ഒരുപാട് വിലയുണ്ടെന്ന്. ഇനി ഇത് നമുക്കിടയിലെ ഒരു തമാശയായി മാത്രമല്ലേ കാണാൻ കഴിയു എന്ന് പറഞ്ഞവനെന്റെ നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ ഒരായുസ്സിന്റെ പ്രണയമാണ് എന്നിലേക്ക് ഒഴുകിയതെന്ന് തോന്നി… ഉള്ളുരുകിയ പ്രണയം. ഒരിക്കൽ പോലും പങ്കുവെയ്ക്കാൻ കഴിയാതെ പോയ… മനസ്സിന്റെ ഇരുളറകളിലെവിടെയോ മനഃപൂർവം പൂഴ്ത്തി വച്ച പ്രണയം… ഇനിയുമൊരു പങ്കുവെയ്ക്കലിന് പ്രതീക്ഷയില്ലാത്ത പ്രണയം…

അവന്റെ ചുണ്ടുകളിലൂടെ എന്റെ നെറ്റിത്തടത്തിലേക്ക് അവൻ പകർന്നു നൽകിയത് ഒരു ആത്മാവ് മറ്റൊരാതമാവിന് നൽകിയ ഏറ്റവും സുന്ദരമായ സമ്മാനം കൂടി ആയിരുന്നു.

ഒടുവിൽ തിരിഞ്ഞ് നോക്കാതെ അവൻ നടന്നപ്പോൾ ഒരു ഭീരുവെന്ന പട്ടം അവന് ചാർത്തി കൊടുക്കനൊരുങ്ങുന്ന മനസ്സിനെ പണിപ്പെട്ടു തടയുകയായിരുന്നു ഞാൻ.

കാരണം ഭീരു എങ്കിൽ ആ പേര് അവനും മുൻപേ അർഹിക്കുന്നത് ഞാനാണ്. ഒപ്പം പഠിക്കുന്ന കാലം മുതലേ എന്റെ മാത്രം സ്വകാര്യതയായി കൊണ്ട് നടന്ന പ്രണയം തുറന്നു പറയാൻ എന്തോ എനിക്കും ധൈര്യം ഉണ്ടായിട്ടില്ല.

അവൻ പറഞ്ഞത് പോലെ ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാവുന്നതിന്റെ വില അറിയുന്നത് കൊണ്ടാവാം മനസ് അത്തരമൊരു സാഹത്തിന് മുതിരാതിരുന്നത്.

പല വട്ടം ചാരു എന്നെ നിർബന്ധിച്ചപ്പോഴും അവൻ എന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല എന്ന തോന്നലിൽ ഉറച്ചു നിൽക്കുകയായിരുന്നു മനസ്സ്.

പക്ഷേ ഇന്ന് അവനും എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നിട്ടും നഷ്ടപ്പെടുത്തി കളഞ്ഞതന്റെ പേരിൽ ഞാൻ എന്നോട് തന്നെ കലഹിക്കുകയാണ്.

നേരെ വന്നിരുന്നത് ഇവിടെയ്ക്കാണ്. കാർത്തി എന്നോട് എന്താണ് സംസാരിച്ചത് എന്നറിയാതെ ചാരു വിഷമിച്ചിട്ടുണ്ടാവും. അവളോട്‌ സംസാരിക്കാനുള്ള മനസ്സികാവസ്ഥയിലല്ല ഞാൻ.

അവനും എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഓർക്കുമ്പോഴൊക്കെ സഹിക്കാൻ കഴിയാത്തൊരു നൊമ്പരമാണ് ഉള്ളിന്റെയുള്ളിൽ.

എന്നെ പറ്റി ഒന്നും അറിയാത്തൊരാളിന്റെ മുൻപിൽ ചെന്നു പൊട്ടികരയാൻ തോന്നുന്നു. അയാൾക്ക് മുൻപിൽ ഹൃദയം തുറന്നു കാണിക്കാൻ തോന്നുന്നു.ഒടുവിൽ കുറ്റപ്പെടുത്താതെ… ഒന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു അയാൾ നടന്നു നീങ്ങുമ്പോൾ ഇനിയുമൊരിക്കലും കാണാൻ ഇടയില്ലാത്ത ആ ഒരാളെ തിരിഞ്ഞു നോക്കാതെ ഞാനും നടന്നു നീങ്ങണം.

നല്ലൊരു കേൾവിക്കാരനായ ഒരു അപരിചിതന്റെ മുൻപിൽ ചെന്ന് സങ്കടങ്ങൾ ഒഴുക്കി കളയണം. കഴിയുമെങ്കിൽ എന്റെ വേദനകളൊക്കെ അയാൾക്ക് പകർന്നു നൽകി ഹൃദയമില്ലാത്ത ഒരുവളായി നടന്നകലണം.

സ്വാർത്ഥമായ…. ഭ്രാന്തമായ ചിന്ത.

“ഹലോ ഗീതാഞ്‌ജലി. ഐ ആം കാർത്തിക് വസുദേവ്”  ആദ്യമായി കാർത്തിയെ പരിചയപ്പെട്ട രംഗമോർമ്മ വന്നു. കണ്ണുകളിറുക്കി അടച്ചു നോക്കി. ഇല്ല കഴിയുന്നില്ല.  കൂടുതൽ തെളിമയോടെ അവനെന്റെ കണ്ണിന്റെ മുൻപിൽ തന്നെയുണ്ട്.

ഓർക്കരുതെന്നുണ്ട്. അത്രത്തോളം അവനെന്റെ ഹൃദയത്തിന് മുറിവേൽപ്പിക്കുന്നു. കുറച്ചു നിമിഷങ്ങൾ കൂടെ കഴിഞ്ഞാൽ വേദന താങ്ങാതെ എന്റെ ഹൃദയം പൊട്ടി തെറിക്കുമെന്ന് തോന്നി. നിയന്ത്രണം തെറ്റി ഞാനെന്തെങ്കിലുമൊക്കെ ചെയ്ത് പോകുമെന്ന് തോന്നി.

ചിന്തകൾ വ്യതിചലിച്ചില്ലെങ്കിൽ മനസ്സ് കൈ വിട്ട് പോകുമെന്ന് തോന്നി.

തലയുയർത്തി നോക്കുമ്പോൾ പ്ലാറ്റഫോമിൽ കൂടെ ധൃതിയിൽ പായുന്ന ഒരുപാട് മുഖങ്ങളെ കണ്ടു. പല മുഖങ്ങളിലും പല ഭാവങ്ങൾ.

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണല്ലേ. എന്നെപ്പോലെ വിങ്ങുന്ന ഹൃദയമുള്ളവരുണ്ടാകുമോ…

ചില മുഖങ്ങളിൽ സന്തോഷമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയപ്പെട്ടവർക്ക് അരികിലേക്ക് ഓടി എത്തുന്നവരാകും അവർ.

ദുഃഖം നിഴലിച്ച മുഖങ്ങളൊക്കെയും പ്രിയപ്പെട്ടവർക്ക് അരികിൽ നിന്ന് അകലേക്ക്‌ പോകാൻ മടിച്ചു നിൽക്കുന്നവരാകും..അമ്മയെ… അച്ഛനെ… ഭാര്യയെ… ഭർത്താവിനെ… കാമുകിയെ… കാമുകനെ… മകനെ… മകളെ… സഹോദരനെ… സഹോദരിയെ അങ്ങനെ പ്രിയപ്പെട്ടവർ ഓരോരുത്തരെയും വിട്ട് പോകാൻ വിസ്സമ്മതിച്ചു നിൽക്കുന്ന മനസ്സിനുടമകൾ.

ചിലരുടെ മാനസികാവസ്ഥ പോലെ തന്നെ മുഖങ്ങളിലും നിർവികാരതയാണ്. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവിക്കാൻ മറന്നു പോയവരാകണം അവർ… ചിരിക്കാൻ മറന്നവർ…

പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി വരുന്ന ഒരുവനെ കണ്ടു. നിർജീവമായ കണ്ണുകളോടെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വരുന്ന അവന്റെയുള്ളിൽ ഒരു കടലിരമ്പുന്നുണ്ടാവണമെന്ന് തോന്നി.
അത്രത്തോളം ദുഃഖം ആ മുഖത്ത് പ്രതിഭലിക്കുന്നു.

വീണ്ടും കാർത്തിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു. എനിക്ക് വേണ്ടത് അവനെ ആയിരുന്നില്ലേ… അവനെ തന്നെ ആയിരുന്നില്ലേ. പക്ഷേ…

ഇവൻ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും സ്വന്തമാക്കാൻ കഴിഞ്ഞില്ലല്ലോ എനിക്ക്.

വീണ്ടും ഹൃദയം കവിഞ്ഞൊഴുകും പോലെ. ചുറ്റിനും രക്തംത്തിന്റെ മണം വ്യാപിച്ചത് പോലെ. ചുറ്റിനുമുള്ള വർണ്ണങ്ങൾ മാഞ്ഞു ഒക്കെത്തിനും പ്രണയത്തിന്റെ ചുവപ്പ് പരന്നത് പോലെ.

ട്രെയിനിറങ്ങി വരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയിലേക്ക് മനഃപൂർവം കണ്ണുകളെ തളച്ചിട്ടു. അവൾക്ക് വേണ്ടി കാത്തിരുന്നെന്നോണം ഒരു കുഞ്ഞുമായി ഒരാൾ അവൾക്കരികിലേക്ക് ഓടി ചെല്ലുന്നത് കണ്ടു.

അടുത്ത് ചെന്നത്  “മ്മേ” എന്ന് വിളിച്ചവളെ ചുറ്റിപിടിച്ച കുഞ്ഞിനെ കോരിയെടുത്തു മതിവരാത്ത വണ്ണമവൾ ചും,ബനങ്ങൾ കൊണ്ട് മൂടുന്നുണ്ടായിരുന്നു. ശേഷം അയാളിലേക്ക് നീണ്ട അവളുടെ കണ്ണുകളിൽ അടക്കി പിടിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ. ഒന്ന് ചിരിച്ചു അവളെയും ചേർത്ത് പിടിച്ചു നടന്നു നീങ്ങുന്ന അയാളുടെ ഉള്ളിലും  കാത്തിരിപ്പ് അവസാനിച്ചത്തിലുള്ള സന്തോഷമാവാം. സ്വകാര്യതയിൽ പങ്കു വെയ്ക്കാനുള്ള സ്നേഹപ്രകടനങ്ങളിലേക്ക് ഓടി എത്താനുള്ള തിടുക്കമാകാം.

കഴിയുന്നില്ല… ശ്രങ്ങളൊക്കെ പരാജയപ്പെട്ടുപോകുന്നു. അവനെ ഓർക്കാതെ കഴിയുന്നില്ല.

കാമുകന്റെ വിവാഹത്തിന് പോയി വന്ന നിർഭാഗ്യവതിയായ കാമുകി. അവൻ താലി കെട്ടിയ പെണ്ണിനെ നോക്കി ഞാനും കൊതിച്ചിരുന്നു ” അത് ഞാനായിരുന്നുവെങ്കിൽ” എന്ന്…

കാർത്തിയുടെ ഉള്ളിലെ ഗീതാഞ്‌ജലി എന്ന മുറിവിനെ മേഘ ഒരു നാൾ ഉണക്കിയേക്കാം… എന്നാൽ ഗീതാഞ്‌ജലി…?

ഞാൻ എനിക്ക് മുൻപിലൊരു ചോദ്യചിന്ഹമായി തന്നെ അവശേഷിക്കുന്നു.

ഭ്രാന്തിന്റെ വാക്കോളമെത്തി നിൽക്കുന്നു മനസ്സ്. ഇല്ല. കഴിയുന്നില്ല. ഈ നിമിഷത്തെ അതിജീവിക്കാൻ കഴിയാത്ത ഞാനെങ്ങനെ ഒരു ജന്മം ജീവിച്ചു തീർക്കും.

രണ്ടാണതൊന്ന് ആലോചിച്ചിച്ചില്ല. ഈ വേദനയിൽ നിന്നും എന്നെ എനിക്ക് മുക്തമാക്കണമെന്ന് മാത്രമേ ഉള്ളു.

പ്ലാറ്റ്ഫോം കഴിഞ്ഞ് ട്രാക്കിന്റെ സൈഡിലൂടെ ഏറെ ദൂരം മുന്നോട്ട് നടന്നു. മനസ്സിലൂടെ കടന്ന് പോകുന്ന ഓരോ മുഖങ്ങളും  വേദനിപ്പിക്കുന്നുണ്ടെങ്കിലും കര കയറാൻ കഴിയാത്തൊരു സങ്കടക്കയത്തിലേക്ക് വീണ് പോയിരിക്കുന്നു ഞാൻ.

ഞാനില്ലെന്ന് അറിഞ്ഞാൽ തകർന്നു പോകുമായിരിക്കും അച്ഛനും അമ്മയും. കാർത്തിയും തളരുമായിരിക്കാം. ഒക്കെ അറിയുന്ന ചാരു എല്ലാവരോടും വിളിച്ചു പറയാമായിരിക്കുമോ കാർത്തി ആണ്‌ കാരണമെന്ന്. ഒരു കുറ്റവാളിയെ എന്ന പോലെ ലോകം അവന് നേരെ വിരൽ ചൂണ്ടില്ലേ.

ഒക്കെ ചാരു പറയാതെ ഇരുന്നാൽ.. പകരക്കാരുണ്ടാകില്ലേ ഓരോരുത്തർക്കും.

എന്റെ മരണം ഏറെ നാൾ നോവിക്കുമെങ്കിലും അച്ഛനും അമ്മയ്ക്കും വേദ ഇല്ലേ. കാർത്തിയ്ക്ക് കൂട്ടായി മേഘ ഉണ്ടാവില്ലേ… അവളെന്ന ചില്ലയിലേക്ക് ചേക്കേറി കഴിഞ്ഞാൽ പിന്നെ അവനെന്നെ ഓർക്കുക പോലുമുണ്ടാവില്ല. മറവിയിലേക്ക് ഞാനെന്നൊരോർമ്മ വീഴും വരെയേ ഞാനവർക്കൊരു വേദനയായിരിക്കു…

പിന്നെ കേട്ടു മറന്നൊരു കഥ പോലെ… കണ്ട് മറന്നൊരു സ്വപ്നം പോലെ ഗീതാഞ്‌ജലിയും അവസാനിക്കും… എന്നെന്നേക്കുമായി…

പിന്നിൽ നിന്നുമൊരു ട്രെയിനിന്റെ നീട്ടിയുള്ള ചൂളം വിളി കേട്ട് കണ്ണുകളിറുക്കിയടച്ചു വേഗത്തിൽ മുന്നോട്ട് നടന്നു.

തോറ്റുപോയൊരുവളുടെ അവസാനനിമിഷങ്ങൾ. കഴിഞ്ഞ കാലമൊക്കെ എനിക്ക് ചുറ്റുമുള്ളൊരു ക്യാൻവാസിലൂടെ ഓടിയോടി മറയും പോലെ തോന്നി.  ട്രെയിനിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് അറിഞ്ഞതിലും ട്രാക്കിലേക്ക് കയറി.

കാലുകളുടെ പതർച്ച അറിയുന്നുണ്ട്… അടുത്ത നിമിഷത്തിൽ ഞാനെന്ന ആദ്ധ്യായം അടയാൻ പോകുന്നു. പ്രിയപ്പെട്ടവരോട് യാത്ര പറയാതെ തിരുനെറ്റിയിലൊരു മുത്തം പോലും കൊടുക്കാതെ യാത്ര പറച്ചിലുകളില്ലാത്തൊരു മടങ്ങി പോക്ക്.

നെഞ്ചിടിപിന് വേഗത ഏറിയെങ്കിലും അവസാനമായി ഈ ലോകത്തെ നോക്കിയൊന്ന് പുഞ്ചിരിക്കണമെന്ന് തോന്നി. ഈർപ്പം പറ്റിയ കണ്ണുകൾ തുറന്നു പിടിച്ചു കൃത്രിമമെങ്കിലുമൊരു ചിരി മുഖത്ത് വരുത്തി.

പിന്നിലെ ശബ്ദം തൊട്ടടുത്തെന്ന് തോന്നിയതും അവസാനിക്കാൻ പോകുന്നുവെന്ന തിരിച്ചറിവിൽ നിൽക്കുമ്പോൾ ആയിരുന്നു വയറിനു ചുറ്റും ബലമുള്ളതെന്തോ അമർന്നത്. അടുത്ത നിമിഷം എവിടേയ്‌ക്കോ ഞാൻ തെറിച്ചു വീണെന്ന് തോന്നി. തലയിലൊരു ചൂട്… വേദന… വീണത് മരണത്തിലേക്കോ ജീവിതത്തിലേക്കോ.

പാട്പെട്ടു കണ്ണുകളൊന്ന് വലിച്ച് തുറന്നു. ആരോ പരിഭ്രമത്തോടെ എന്നെ കോരിയെടുക്കുന്നതറിഞ്ഞു… അയാളെ ഞാൻ കണ്ടിട്ടുണ്ട്… ഇന്നലെക ളിലെവിടെയോ… വലിച്ചു പെറുക്കി അയാൾ എന്നെയൊരു സൈഡിയൽ ഇരുത്തി. അയാളെന്നെ വല്ലാത്ത ദേഷ്യത്തോടെ നോക്കി. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ തോന്നി…

“ഇന്ന് ഞാൻ സ്നേഹിച്ചയാളുടെ വിവാഹമായിരുന്നു….” അത് കേട്ടിട്ടും അയാളുടെ മുഖത്ത് ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. മെല്ലെ വന്ന് എന്റെ അരികിലിരുന്നു.

“അവസാനമായി ഞാനവളെ ചും,ബിക്കുമ്പോൾ ആ നെറ്റിയിൽ തണുപ്പായിരുന്നു… നേരിയ വിറയലോടെ ഞാനാ മുഖം കൈകളിൽ എടുത്തു… എപ്പോഴത്തെയും പോലെ അവൾ ചിരിച്ചില്ല…  നുണക്കുഴി തെളിയുന്ന കവിളുകളിൽ നാണം വിരിഞ്ഞില്ല…

അവൾക്ക് ഞാൻ നൽകിയ അ,ന്ത്യ ചും,ബനം…

അതിലെല്ലാം ഉണ്ടായിരുന്നു… ഒരായുഷ്കാലം മുഴുവൻ അവൾക്ക് മാത്രം കരുതിവച്ച പ്രണയം… അവളോടുള്ള കരുതൽ… വാത്സല്യം… എല്ലാം…

അല്ലെങ്കിലും ഞാനവളുടെ നെറ്റിയിൽ ചും,ബിക്കുന്നതാണവൾക്കിഷ്ടം… കണ്ണുകളടച്ചു എന്നോട് കൂടുതൽ ചേർന്ന് നിൽക്കും…

അകന്നു മാറുമ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കും… അവ എന്നോട് ഒരു നൂറ് കഥകൾ പറയും… മൗനമായി അവൾ എപ്പോഴും പറയാറുണ്ടായിരുന്നത് പോലെ…

ആ അവൾക്ക് ഞാൻ അന്ത്യചും,ബനവും കൊടുത്തു…

അപ്പോൾ ആ നെറ്റിയിലെ തണുപ്പിന് മധുരമായിരുന്നു… ഇപ്പോഴും ചുണ്ടിലുണ്ട് ആ മധുരം… അവളെ ഓർക്കുമ്പോഴൊക്കെ എന്റെ ചുണ്ടുകളിലാ തണുപ്പറിയും… നാവിൽ ആ രുചിയും…”

ആദ്യം പരസ്പരബന്ധമില്ലാത്തതെന്തോ പറയുകയാണെന്നാണ് തോന്നിയത്. ഒരുപക്ഷേ അയാൾ ഭ്രാന്തനായിരിക്കാം. എങ്കിലും അവളെപ്പറ്റി പറഞ്ഞ പ്പോഴൊക്കെ അയാളുടെ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നു… കണ്ണുകളിൽ പ്രണയവും.

ആശ്വാസവാക്കുകളോ… സ്വാന്തനങ്ങളോ എന്റെ പക്കലുണ്ടായിരുന്നില്ല…

പകരം അയാളുടെ മുഖം കൈകളിലെടുത്ത് ആ നെറ്റിത്തടത്തിൽ അമർത്തി ചും,ബിച്ചു… ആദ്യമായി ഞാൻ ഒരാൾക്ക് നൽകിയ ഏറ്റവും സുന്ദരമായ ചും,ബനം… അയാൾ പറഞ്ഞത് പോലെ അതിൽ കരുതലുണ്ടായിരുന്നു…. സ്നേഹമുണ്ടായിരുന്നു… വാത്സല്യമുണ്ടായിരുന്നു…

അനന്തമായ സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ അടയാളപ്പെടുത്തൽ. നെറ്റിത്തടത്തിലെ ചും,ബനം. ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ട വേദനയിൽ ഹൃദയം മുറവിളി കൂട്ടുമ്പോൾ ഉള്ളുരുകുന്ന പ്രണയമായി അയാൾ അവൾക്ക് നൽകിയ ഏറ്റവും അവസാനത്തെ സമ്മാനം… എങ്ങനെയാവും അയാൾ അവളെ അവസാനമായി ചുംബിച്ചത്. കരുതിവച്ച കടലോളം സ്നേഹം ആ ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ചുണ്ടുകളിലൂടെ അയാൾ അവൾക്ക് പകർന്നിരിക്കണം.

അകന്നു മാറുമ്പോൾ അയാളുടെ കണ്ണുകളിൽ അത്ഭുതമില്ലായിരുന്നു… ആശങ്കയില്ലായിരുന്നു…  പകരം ആ കണ്ണുകളാരെയോ തിരയുകയായിരുന്നു. അവൾക്കായി ഒരു വസന്തം അവിടെ വിരുന്നൊരുക്കുകയായിരുന്നു… അത്രമേൽ പ്രണയത്തോടെ…
 

Leave a Reply

Your email address will not be published. Required fields are marked *