Story written by RJ
“ഒരിത്തിരി സമയം കിട്ടിയാൽ അപ്പോഴേക്കും ഭാര്യയുടെ അടുത്തേക്കോടാൻ നിൽക്കാതെ ഇവിടെ വല്ലതും ചെയ്തൂടെ സതീശാ നിനക്ക്…? അതിനു മാത്രമൊരു ക്ഷീണമൊന്നും അവൾക്കില്ലല്ലോ… എല്ലാം ഓരോ കാട്ടിക്കൂട്ടൽ … അല്ലാതെന്തു പറയാനാ…
ജാനകിയുടെ ശബ്ദം സതീശനു നേരെ ഉയർന്നതും ഒരു പൊട്ടിച്ചിരി യുയർന്നവിടെ, പരിഹാസത്തിന്റെ മേമ്പൊടിയോടെ…
സതീശന്റെ അനിയന്റെ ഭാര്യ വരദയുടെ..
ഈ കുണ്ടു കാണാത്തവൻ കുണ്ടു കണ്ടപ്പോൾ കണ്ട കുണ്ടെല്ലാം വൈക്കുണ്ഠം എന്നു പറഞ്ഞതു പോലെയാണ് സതീശേട്ടന്റെ കാര്യം ഇപ്പോൾ …അല്ലേ അമ്മേ…?
കളിയാക്കൽ നിറഞ്ഞു നിൽക്കുന്ന സഹോദര ഭാര്യയുടെ പരിഹാസം കേട്ടിട്ടും മുഖത്തെ ചിരി മായാതവിടെ തന്നെ നിന്നു സതീശൻ…
തന്നെ പെറ്റമ്മ അവൾക്ക് എന്തു മറുപടി നൽകും എന്നറിയാൻ വേണ്ടി തന്നെ..
“അതുമോള് പറഞ്ഞത് സത്യം തന്നെയാണ് ട്ടോ.. ഇവന്റെ ഓരോരോ കാട്ടിക്കൂട്ടലുകൾ കാണുപ്പോഴെല്ലാം എന്റെ മനസ്സിലീ ചൊല്ല് വരും… പെറ്റ മകനല്ലേന്ന് ഓർത്ത് മിണ്ടാതെ മാറി പോവാറാണ് എന്റെ പതിവ്…”
രണ്ടാമത്തെ മരുമകൾ മൂത്ത മകനെ കളിയാക്കിയത് ഏറെ ഇഷ്ടമായതു പോലെയാണ് അമ്മയുടെ ആ മറുപടി എന്ന് കണ്ടതും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചൊരു ഭാവത്തോടെ ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെ തിരികെ വീടിനുള്ളിലെ തന്റെ മുറിയിലേക്ക് നടന്നു സതീശൻ…
നീരുവന്നു വീർത്ത കാലുകളും വലിയ നിറവയറുമായ് അവൻ വരുന്നതും കാത്തൊരു പെണ്ണൊരുത്തി അവിടെ ഇരിപ്പുണ്ട്, അവന്റെ ഭാര്യ കാന്തി…
സതീശനെ കണ്ടതും ക്ഷീണം നിറഞ്ഞ കാന്തിയുടെ മുഖത്തൊരു നിറചിരി തെളിഞ്ഞു..
“എന്തായ് സതീശേട്ടാ അവിടെ കാര്യങ്ങൾ…?കേക്ക് കട്ടു ചെയ്യാറായോ…?
പരാതികളേതുമില്ലാതെ ചിരിയോടെ ചോദിക്കുന്നവളെ വെറുതെ അലസമായൊന്ന് നോക്കി അവൾക്കരികിലൂടെ കിടക്കയിൽ കയറി നീണ്ടു നിവർന്നു കിടന്നു സതീശൻ…
അവന്റെയാ പ്രവർത്തിയിൽ നിന്ന് അവനാകെ അസ്വസ്ഥനാണെന്ന് മനസ്സിലായയതും അവന്റെ ശിരസ്സിൽ തലോടി, പിന്നീടൊന്നും മിണ്ടാതെ വെറുതെ അവനെ നോക്കിയിരുന്നവളും ആയാസത്തോടെ…
” പുതിയ രീതിയൊക്കെ കൊള്ളാലോ ടീ പെണ്ണെ… അവിടെ അക്കണ്ട ആളുകളൊക്കെ വിവാഹ വാർഷികം ആഘോഷിക്കാൻ വന്നിരിക്കുന്നത് നമ്മൾ ക്ഷണിച്ചിട്ടാണ്… അവർക്ക് കഴിക്കാനും കുടിക്കാനും എടുത്ത് കൊടുത്തവിടെ നിൽക്കുന്നതിനു പകരം നീയും ഇവനും മുറിയിൽ കയറി കെട്ടിപ്പിടുത്തം നടത്തുവാണോ…? നാണം ഉണ്ടോ നിങ്ങൾക്ക്..?
ചാരിയിട്ട വാതിൽ തള്ളി തുറന്നകത്തേക്ക് കയറി വന്ന അമ്മയുടെ ശബ്ദം കേട്ടതും വേഗത്തിൽ കട്ടിലിൽ നിന്നിറങ്ങാൻ കാന്തി ശ്രമിച്ചതും അവളുടെ കയ്യിൽ സതീശന്റെ പിടുത്തം വീണു..
“ഞങ്ങൾക്കിത്തിരി നാണം കുറവാണമ്മേ…അമ്മ വന്നക്കാര്യം പറഞ്ഞിട്ട് പോവാൻ നോക്ക്…”
അതുവരെയില്ലാത്ത വിധം കടുപ്പമേറിയിരുന്നു സതീശന്റെ ശബ്ദത്തിന്, അതു തിരിച്ചറിഞ്ഞതും അരുതെന്ന പോലെ അവനെ ദയനീയമായ് നോക്കി കാന്തി
അല്ലെങ്കിലും നിങ്ങൾക്കിപ്പോ പഴയ പോലെ നാണവും മാനവുമൊന്നുമില്ല ഏട്ടാ.. ഉണ്ടായിരുന്നെങ്കിൽ ഇവരെ കെട്ടി കൊണ്ടുവന്ന് കൊ,ല്ലമൊന്ന് തികയുപ്പോഴേക്കും നിങ്ങളീ സ്ത്രീയുടെ വയറുവീർപ്പിക്കാൻ നിൽക്കില്ലല്ലോ… അതും ഇനിയും ഉത്തരവാദിതങ്ങൾ ഇഷ്ടം പോലെ ഉള്ളപ്പോൾ… “
അമ്മയ്ക്ക് പിന്നാലെ അകത്തേക്ക് കയറി വന്ന അനിയത്തിയുടെ സംസാരത്തിൽ ശരീരമൊന്ന് പുളിച്ചു സതീശന്…
സ്വന്തം ഏട്ടനോടാണ് സംസാരിക്കുന്നതെന്ന യാതൊരു ബോധവു മില്ലാതെയാണ് അനിയത്തിയുടെ സംസാരം, അതിനെ പ്രോത്സാഹിപ്പിക്കും വിധം ചിരിച്ചുകൊണ്ടാണ് അമ്മയുടെ നിൽപ്പും…
“സൂക്ഷിച്ചു സംസാരിക്കെ ടീ … സംസാരം ആരോടാണെന്ന വകതിരിവ് കാണിക്ക്…
ദേഷ്യമമർത്തി സതീശൻ ശബ്ദമുയർത്തി അനിയത്തി സീമയുടെ നേരെ…
അവള് പറഞ്ഞതിലെന്താണ് തെറ്റ്, ഞങ്ങളെ ന്യായം പഠിപ്പിക്കാൻ നിൽക്കാതെ ഏട്ടനാദ്യം നന്നാവാൻ നോക്ക്…
അനിയൻ ദിനേശനാണ്, കൂടെ ഭാര്യ വരദയുമുണ്ട്…
ഞാനിപ്പോ എന്തു വേണമെന്നാണ് നിങ്ങളെല്ലാം പറയുന്നത്…? നിങ്ങളുടെ ഒന്നാം വിവാഹ വാർഷികം നിങ്ങൾ വലിയ ആഘോഷമായ് നിങ്ങളുടെ സുഹൃത്തുക്കളെ മാത്രം വിളിച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നിടതെന്തിനാണ് ഞാനും എന്റെ ഭാര്യയും, അതും അവൾക്കിങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ…?
എല്ലാവരും ഒരുമിച്ചു ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്ന നോവിൽ അവർക്ക് കീഴടങ്ങിയത് പോലെ സതീശൻ ചോദിച്ചതും പ്രതീക്ഷിച്ചത് നേടിയെടുത്ത പോലെ വിജയ ചിരി തെളിഞ്ഞു സതീശന്റെ അമ്മയുടെയും കൂടപ്പിറപ്പുകളുടെയും മുഖത്ത്…
ഏട്ടനിവിടെ ഇവർക്കിങ്ങനെ കാവൽ ഇരിക്കാതെ അവിടേക്ക് വന്ന് എല്ലാത്തിനും മുമ്പിൽ നിൽക്ക് പഴയതുപോലെ… ഇവരെന്തായാലും ഇന്ന് പെറുവൊന്നുമില്ലല്ലോ… അവിടെ എല്ലാവരും തിരക്കണുണ്ട് ഏട്ടനെ… “
കാന്തിയെ പുശ്ചത്തിത്തിലൊന്നു നോക്കിയാണ് അനിയത്തിയുടെ സംസാരം
നിങ്ങൾ നടന്നോ ഞാൻ വന്നോളാം അങ്ങോട്ട്…
തോൽവി സമ്മതിച്ചു സതീശൻ പറഞ്ഞതും ഗർവ്വോടെ തിരിഞ്ഞു നടന്നവരെല്ലാം
“ഞാനേ… എന്റെ ചൊല്ലുവിളിക്കനുസരിച്ച് വളർത്തിയതാണവനെ, ഞങ്ങളെ തി ,ർ ത്തിട്ടും അവനൊരുത്തിയെ ചന്തം കണ്ട് കെട്ടിയെടുത്തെന്ന് വെച്ച് എന്റെ വാക്കിനപ്പുറം പോവാൻ സമ്മതിക്കില്ല ഞാനവനെ…
അടുക്കള പുറത്തിരുന്ന് ആരോടോ വീരവാദം പറയുന്ന അമ്മയെ കേട്ടാണ് സതീശൻ വന്നത്, സതീശൻ വന്നതു കണ്ടിട്ടും അമ്മയ്ക്ക് യാതൊരു കുലുക്കവുമില്ല..
ഇവനോട് ഞാനാദ്യമേ പറഞ്ഞതാണ്, അനിയത്തിയുടെ കല്യാണം കൂടി കഴിഞ്ഞിട്ടുമതി ഇവന്റെ കല്യാണംന്, അത് കേൾക്കാതെ പ്രായം മുപ്പത് കടന്നൂന്ന് പറഞ്ഞ് പെണ്ണ് കെട്ടിയിവൻ, അതും പോരാഞ്ഞ് കൊ,ല്ലമൊന്ന് തികയുമ്പോഴേക്കും അവള്തേ പെറാനായ്… പൈസ എത്ര വേണം ഒന്ന് പെറ്റെണീറ്റ് ആശൂത്രീന്ന് പോരാൻ… ഇപ്പോ ഇതിന്റെയൊക്കെ വല്ല കാര്യേം ഉണ്ടോ ഇവന്…”
“എന്നെക്കാൾ പ്രായത്തിന് നാലഞ്ച് വയസ്സ് ഇളയതായ അനിയൻ എനിയ്ക്ക് മുമ്പേ കല്യാണം കഴിച്ചതിനമ്മയ്ക്കൊന്നും പറയാനില്ലേ…?
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല സതീശന്..
“നിന്നെ പോലെയാണോ അവൻ…? നീ കുടുംബത്തിലെ മൂത്തവനാണ്, നിനക്ക് താഴേക്ക് ഉള്ളവരെ നോക്കേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്…”
സതീശനു നേരെ വാക്കേറ്റത്തിനെന്നവണ്ണം ചെന്നമ്മ ശബ്ദമുയർത്തിയതും എല്ലാവരുടെ നോട്ടവും അവന്റെ നേർക്കായ്, ആരുടെയും മുഖത്തു നോക്കാതെ തിരിച്ചു മുറിക്കുള്ളിലേക്ക് കയറി പോവുന്ന സതീശനെ പരിഹാസത്തിൽ നോക്കി അമ്മയും സഹോദരങ്ങളും…
ക്ഷണിച്ച അതിഥികളെല്ലാം എത്തിചേർന്നതും ദിനേശനും ഭാര്യ വരദയും കേക്ക് മുറിച്ച് തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങു ന്നതിനിടയിലേക്കാണ് രണ്ടു കയ്യിലും വലിയ ബാഗുമായ് സതീശനിറങ്ങി വന്നത്… കൂടെ മെല്ലെ നടന്ന് കാന്തിയുമുണ്ട്…
“നീയിതെങ്ങോട്ടാ സതീശാ ബാഗെല്ലാം എടുത്ത്..?
സതീശന്റെ മുഖത്തെ കടുപ്പത്തിൽ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട് അമ്മ..
“ഞാൻ വീടുമാറുകയാണ്, മൂത്തമകന്റെ ഉത്തരവാദിത്തങ്ങളുടെ ഭാരവും ദാ ഈ നിമിഷം ഞാനിവിടെ ഇറക്കി വെക്കുകയാണ്.. ആർക്കു വേണമെങ്കിലും അത് തലയിലേറ്റാം…’
കടുപ്പമേറിയ സതീശന്റെ സംസാരത്തിൽ ഒരു പുശ്ച ചിരി തെളിഞ്ഞമ്മയിൽ..
“ഇറങ്ങി പോവുമ്പോൾ ഈ വീടുമായുള്ള സകല ബന്ധവും ഉപേക്ഷിച്ചു പോണം നീ, ഒരു തരിമണ്ണിന്റെ അവകാശം പോലും നിനക്ക് തരില്ല ഞാൻ.. വാക്കൊ ന്നേയുള്ളു എനിയ്ക്ക്..
വാശിയിൽ പറയുന്ന അമ്മയെ പിന്താങ്ങി അമ്മയ്ക്കൊപ്പം നിൽക്കുന്ന സഹോദരങ്ങളെ നിറഞ്ഞൊന്നു നോക്കി ചിരിച്ചു സതീശൻ..
അച്ഛന്റെ മരണത്തോടെ കുടുംബത്തെ തലയിലേറ്റി എന്റെ ഇരുപത്താമത്തെ വയസ്സിൽ പ്രവാസിയായതാണ് ഞാൻ, അന്നു മുതലിന്നോളം എന്റെ പണത്തെ അല്ലാതെ എന്നെ സ്നേഹിച്ചവരാരുമില്ല ഇവിടെ, നിങ്ങളെ എതിർത്ത് ഞാനൊരു കല്യാണം കഴിച്ച അന്നുതൊട്ട് നിങ്ങൾക്കെന്റെ ഭാര്യയേയും ഇഷ്ടമല്ല. നിങ്ങളുടെയെല്ലാം അ,ടിവസ്ത്രങ്ങൾ വരെ അലക്കിപ്പിച്ചിട്ടുണ്ട് ഇവളെ കൊണ്ട് നിങ്ങളെല്ലാവരും… ,എന്തിന് അവളുടെ വയറ്റിലുള്ള എന്റെ കുഞ്ഞുങ്ങൾവരെ ഭൂമി കാണാതെ മടങ്ങാൻ നേർച്ചയും വഴിപാടുമിട്ടവരാണ് നിങ്ങൾ…അതറിഞ്ഞ നിമിഷം ഈ വീട് വിട്ടിറങ്ങേണ്ടതാണ് ഞാൻ ,എന്നിട്ടും നിന്നത് ദാ ഇതൊന്ന് കയ്യിൽ കിട്ടാൻ വേണ്ടിയാണ്…
കയ്യിലെ ഫയൽ സതീശൻ അനിയനു നീട്ടിയതും അതു കയ്യിൽ വാങ്ങി തുറന്നു വായിച്ച ദിനേശന്റെ മുഖം കടലാസു പോലെ വിളറി… അതു കണ്ടു കാര്യ മറിയാതെ നിന്നു അമ്മയും മറ്റും..
വേറെ ഒന്നുമല്ല, പ്രവാസിയായതു മുതൽ ഈ വീടിനും എന്റെ സഹോദരങ്ങളുടെ പഠിപ്പിനും അവരുടെ മറ്റു ആവശ്യങ്ങൾക്കുമെല്ലാം ഞാൻ ചിലവാക്കിയ പൈസയുടെ കൃത്യമായ കണക്കാണിത്, തെളിവുൾപ്പെടെയുണ്ടതിൽ…
ഞാനീ വീട് വിട്ടിറങ്ങി കൃത്യം പതിനഞ്ചു നാൾ കഴിയുമ്പോൾ ഈ സംഖ്യ ഒരു രൂപ കുറയാതെ എനിയ്ക്ക് കിട്ടണം, തരാൻ വൈകിയാൽ കേസ് കോടതിയിലെത്തു മെന്ന് മാത്രമല്ല, ഞാനായിട്ട് ഒഴിവാക്കി വിട്ട കുറെ പൈസയുണ്ട്, അതിന്റെ കണക്കും തെളിവുമെല്ലാം ഇതിൽ ചേർക്കും ഞാൻ…തന്ന് തീർക്കാൻ ഒരു പാട് കഷ്ടപ്പെടും അമ്മയും മക്കളും…
എന്നെയൊരു മകനോ സഹോദരനോ ആയി കാണാത്ത നിങ്ങളോടൊന്നും യാതൊരു ദയയും കാണിക്കില്ല ഞാൻ, ജയിലിൽ കിടത്തും ഞാൻ മൂന്നിനേം… അതിനവസരം നൽകിയാൽ ഇല്ലാതാവുന്ന ഭാവി ആരുടേതാണെന്ന് ഓർത്താൽ മതി അമ്മ…”
അനിയത്തിയെ കനപ്പിച്ചു നോക്കി കാന്തിയുടെ കൈപിടിച്ചാ വീടിന്റെ പടിയിറങ്ങുമ്പോൾ വിജയി ആയിരുന്നു സതീശനെങ്കിൽ, അവനിൽ നിന്നൊട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അ,ടിയിൽ കടപുഴകി വീണിരുന്നു അവരമ്മയും രണ്ടു മക്കളും..
ഇനി ഓടട്ടേ അവർ കാലു വെന്ത നായയെ പോലെ സതീശനുള്ള പണത്തിനായ്…
