രണ്ടുമൂന്നു ദിവസം പുറംലോകത്ത് നടക്കുന്നതൊന്നും അറിയാതെ ഞാൻ തകർന്നിരുന്നു. ആകെ ഒരു മരവിപ്പ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത പോലെ………

എഴുത്ത്:-ജെയ്നി റ്റിജു

ഡ്യൂട്ടി കഴിഞ്ഞു ഒന്ന് കിടന്നാൽ മതി എന്ന് കരുതിയാണ് ഞാൻ വീട്ടിലേയ്ക്ക് കയറിയത്. അടുപ്പിച്ചുള്ള മൂന്നാമത്തെ നൈറ്റ്‌ ആണ്. നിലത്ത് നിൽക്കാൻ നേരമില്ലാത്ത തരത്തിലുള്ള തിരക്കും. ചക്രം വെച്ച ഷൂ കൊണ്ടാണ് ഓടുന്നതെന്ന് തോന്നും.. വിന്ററിന്റെയാണ്. തണുപ്പ് കാലത്താണല്ലോ എല്ലാവർക്കും ഇല്ലാത്ത അസുഖം മൊത്തം വരുന്നത്. എബി എണീറ്റു കാണില്ല. എണീറ്റിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ വിളിക്കാറുമില്ല.
എനിക്ക് യുകെയിൽ ജോലി കിട്ടി അധികം വൈകാതെയായിരുന്നു കല്യാണം. ഒരു എയ്ഡഡ് സ്കൂളിൽ ഓഫീസ് സ്റ്റാഫായിരുന്നു എബി. സാമ്പത്തികം ഒക്കെ ഞങ്ങളെപ്പോലെ ഇടത്തരം. വളരെ ശാന്തസ്വാഭാവമായിരുന്നു എബിയുടേത്. കാണാനും നല്ലത്. അതുകൊണ്ട് തന്നെ അധികം ആലോചിക്കാതെ വിവാഹം നടന്നു.. കുടുംബവും നല്ലത്. അപ്പനും അമ്മയും സ്കൂൾ ടീച്ചേഴ്സ്. അവിടെ നാലുമക്കളിൽ ഇളയവനായിരുന്നു എബി. എല്ലാവരും കൂടെ കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാവണം സ്വന്തമായി തീരുമാനങ്ങൾ ഒന്നും എബിക്കില്ല. അമ്മപ്പുത്രനായിരുന്നത് കൊണ്ട് തന്നെ അമ്മയായിരുന്നു എബിക്ക് വേണ്ടിയെല്ലാം തീരുമാനിച്ചിരുന്നത്. തുടക്കത്തിൽ അവരുടെ സ്നേഹം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും എന്തിലും ഏതിലും ഇടപെടുന്ന സ്വഭാവം എന്നെ ശ്വാസം മുട്ടിച്ചുതുടങ്ങി.

കല്യാണം കഴിഞ്ഞു രണ്ടാഴ്ച്ചക്കുള്ളിൽ ഞാൻ തിരിച്ചു വന്നു. എബിയെ കൊണ്ടുവരാനുള്ള വിസ നോക്കിതുടങ്ങിയപ്പോൾ മുതൽ അമ്മ ഉടക്കിത്തുടങ്ങി. എബിക്ക് ഇവിടെ വന്നു എന്ത് ജോലികിട്ടും, അവന്റെ കാര്യങ്ങൾ ഞാൻ ശരിക്കും നോക്കുമോ എന്നൊക്കെയായി. അല്ലെങ്കിൽ എന്നോട് ഇവിടുത്തെ ജോലി മതിയാക്കി ചെല്ലാൻ. ഇത്രയും കഷ്ടപ്പെട്ട് ഒരു ജോലി വാങ്ങി ഇവിടെ വന്നിട്ട് വെറുതെ ഇട്ടിട്ട് പോകാൻ ഞാൻ തയ്യാറാല്ലായിരുന്നു. വീട്ടിലെ കടങ്ങൾ വീടിവരുന്നതേയുള്ളൂ. അനിയത്തിയുടെ പഠിപ്പ്, അതിനിടയിൽ ഇപ്പോൾ കല്യാണത്തിന് വേണ്ടി പൊടിച്ച ലക്ഷങ്ങൾ. ഇതൊന്നും നാട്ടിലെ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്തു വീട്ടിത്തീർക്കാൻ കഴിയില്ലെന്നത് ഉറപ്പാണല്ലോ. ഒടുവിൽ ഒന്നിച്ചു ജീവിക്കാനുള്ള എന്റെ ആഗ്രഹത്തിന്റെയും പ്രേരണയുടെയും മുന്നിൽ എബി വഴങ്ങി. നാട്ടിലെ ജോലി ഉപേക്ഷിച്ചു ഇങ്ങോട്ട് പോന്നു.

സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം. എന്റെ മോനെ ബുദ്ധിമുട്ടിക്കുന്നു, ശീലമില്ലാത്ത ജോലി ചെയ്യിക്കുന്നു എന്നുള്ള അമ്മയുടെ ചൊറിച്ചിൽ അവഗണിച്ചാൽ സ്വസ്ഥം.

യഥാർത്ഥപ്രശ്നം ആരംഭിച്ചത് എബിക്ക് ജോലി അന്വേഷിച്ചു തുടങ്ങിയപ്പോഴാണ്.. ഇവിടെ ഏറ്റവും എളുപ്പമായി കിട്ടുന്ന കെയറർ ജോലി എബിക്ക് താല്പര്യമില്ല. പിന്നെ ഒന്നു രണ്ടു കൺവീനിയൻസ് സ്റ്റോറിൽ പാർട്ട്‌ ടൈം. അതും സെറ്റായില്ല. പിന്നെ ഫുഡ്‌ ഡെലിവറി തുടങ്ങി. ഇവിടെ ഒരു ജോലിയും മോശമല്ല എന്ന് എത്ര പറഞ്ഞാലും എബിയ്ക്ക് അത് മനസ്സിലാവില്ല. വീട്ടുകാർ പുച്ഛിക്കുന്നു എന്നതാണ് വിഷമം. ഈയിടെ കുറച്ചു വിഷമത്തിലുമാണ് പുള്ളി. എന്താണെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല.

ഇന്നലെ ചെറുതായൊന്നു വഴക്കിട്ടിട്ടാണ് ഞാൻ ഡ്യൂട്ടിക്ക് പോയത്. എല്ലാവരുടെയും മുന്നിൽ നന്നായിത്തന്നെയാണ് ജീവിക്കുന്നതെന്ന് കാണിക്കാൻ തന്നെയാണ് ഞാൻ ഇൻസ്റ്റാൾമെന്റിൽ പുതിയ ഐഫോൺ വാങ്ങിക്കൊടുത്തത്. ഇന്നലെ വൈകിട്ട് ഉറങ്ങിയെണീറ്റ് ഡ്യൂട്ടിയ്ക്ക് പോകാൻ റെഡിയായി താഴെ വന്നപ്പോൾ ആ ഫോൺ എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു. എന്റെ കണ്ട്രോൾ പോയി എന്നതാണ് സത്യം. വീട്ടിൽ നിന്നാരോ എന്തോ പറഞ്ഞ ദേഷ്യത്തിനാണത്രേ. മാത്രവുമല്ല, അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന അഞ്ഞൂറ് പൗണ്ട് നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നു. കാരണം ചോദിച്ചിട്ട് പറയുന്നുമില്ല. ഈയൊരു മാസം ഇനി എങ്ങനെ മുന്നോട്ട് പോകും എന്നോക്കെയുള്ള ചിന്ത എന്നെ പ്രാന്ത് പിടിപ്പിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു പോയി. ആ ദേഷ്യത്തിൽത്തന്നെ ഞാനിറങ്ങിപ്പോകുകയും ചെയ്തു.

ഫോണില്ലാത്തത് കൊണ്ട്എബി ഇന്നലെ ജോലിക്ക് പോയിട്ടുണ്ടാവില്ല. രാത്രി വിളിക്കാനും പറ്റിയില്ലല്ലോ. എനിക്കും കുറച്ചു നിയന്ത്രിക്കാമായിരുന്നു.സാരമില്ല. കാണുമ്പോൾ കെട്ടിപിടിച്ചൊന്നു സോറി പറഞ്ഞാൽ തീരാവുന്നതേയുള്ളൂ എന്റെ എബിയുടെ പിണക്കം. ഇന്നെന്തായാലും എബിയെ കൂട്ടിക്കൊണ്ടുപോയി കുറഞ്ഞ വിലയുടേതായാലും ഒരു ഫോൺ വാങ്ങിക്കൊടുക്കണം.

റൂമിന്റെ ഡോർ തുറന്നതും എന്റെ ശ്വാസം നിലച്ചുപോയി. നിലത്ത് വീണു കിടപ്പുണ്ട് എബി. വോമിറ്റ് ചെയ്തിട്ടുണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലഡ്‌ വന്നു ഉണങ്ങിപ്പിടിച്ചിരിക്കുന്നു. എന്തൊക്കെയോ മരുന്നുകളുടെ രൂക്ഷഗന്ധം. ഓടിച്ചെന്നു പിടിച്ചു കുലുക്കി. അനക്കമില്ല. ശരീരം തണുത്തു തുടങ്ങിയിരിക്കുന്നു. എങ്കിലും സിപിആർ തുടങ്ങി. ഇടയ്ക്കെപ്പോഴോ സംയമനം വീണ്ടെടുത്തപ്പോൾ എമർജൻസി നമ്പറിലേക്ക് വിളിച്ചു. ഒരു ഭ്രാന്തിയെപ്പോലെ വീണ്ടും വീണ്ടും ഞാൻ അവന്റെ നെഞ്ചിൽ അമർത്തിക്കൊണ്ടിരുന്നു . എമർജൻസി ടീമിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മരണം സംഭവിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ അവസാനനിമിഷമെങ്കിലും അവനെന്നെ വിളിച്ചേനെ എന്ന തോന്നൽ എന്നെ ഭ്രാന്ത് പിടിപ്പിച്ചു.

പിന്നീടുണ്ടായതൊന്നും എന്റെ ബോധമനസ്സിലില്ല.

രണ്ടുമൂന്നു ദിവസം പുറംലോകത്ത് നടക്കുന്നതൊന്നും അറിയാതെ ഞാൻ തകർന്നിരുന്നു. ആകെ ഒരു മരവിപ്പ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത പോലെ. എല്ലാ കാര്യങ്ങളും ചെയ്തത് എന്റെ സുഹൃത്തുക്കളാണ്. അവരെനിക്ക് കാവലുണ്ടായിരുന്നു. ഞാനെന്തെങ്കിലും ചെയ്തു പോകുമോ എന്നവർക്കും പേടിയുണ്ടായിരുന്നു.

രണ്ടുദിവസത്തിനു ശേഷമാണ് ഞാൻ ഫോൺ ചോദിച്ചത്. അതുവരെ എന്റെ ഫോൺ അവരുടെ കയ്യിലായിരുന്നു. അവരായിരുന്നു എന്റെയും എബിയുടെയും ബന്ധുക്കളെയെല്ലാം വിളിച്ചതും വിവരങ്ങൾ അറിയിച്ചു കൊണ്ടിരുന്നതും. ഫോൺ ചോദിച്ചപ്പോൾ അവരാദ്യം തരാൻ മടിച്ചു. പിന്നെ നോക്കിയപ്പോൾ സോഷ്യൽ മീഡിയ എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.. ഫോൺ കിട്ടിയപ്പോൾ ധൈര്യം കിട്ടിയില്ലെങ്കിലും ആദ്യം വിളിച്ചത് എബിയുടെ വീട്ടിലേക്കായിരുന്നു. പപ്പയാണെടുത്തത്.

” പപ്പാ ” എന്ന വിളിയോടെ ഞാൻ പൊട്ടിക്കരയുകയായിരുന്നു.

” എന്റെ മകനെന്താടി പറ്റിയെ? നീയൊക്കെ കൂടെ എന്താ അവനെ ചെയ്തത്? ഞങ്ങടെ അടുത്ത് നിന്ന് പറിച്ചോണ്ട് പോയിട്ട് കൊ,ന്നുകളഞ്ഞല്ലോടി വൃത്തികെട്ടവളെ നീ…”

പപ്പാ അലറുകയായിരുന്നു. ഞാൻ ശബ്ദം നിലച്ചു നിന്നുപോയി. ഫോൺ എന്റെ കയ്യിൽ നിന്ന് താഴെ വീണു. അമ്മയുടെ അലറിക്കരച്ചിലും ശാപവാക്കുകളും വേറേതോ ലോകത്തുനിന്നെന്ന പോലെ ഇനിയും കട്ട് ആയിട്ടില്ലാത്ത ഫോണിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.

കുറച്ചു സമയം പിടിച്ചു എനിക്ക് സംഗതികളുടെ കിടപ്പ് പിടികിട്ടാൻ. എനിക്കെതിരെ നാട്ടിലും സോഷ്യൽ മീഡിയയിലും നിറയുന്ന വിദ്വേഷത്തിന്റെ കഥകൾ. ഞാൻ ജോലിയില്ലാതിരുന്ന അവനെ ഭരിക്കുന്നതും അപമാനി ക്കുന്നതും സഹിക്കാൻ കഴിയാതെയാണ് അവൻ മരിച്ചതെന്ന് ഒരു പക്ഷം. എന്റെ വഴിപി,ഴച്ച പോക്ക് കണ്ടുപിടിച്ചതുകൊണ്ടാവും ആ പാവം ജീവനൊ ടുക്കിയത് എന്നൊരു പക്ഷം. ഞാനും എന്റെ കാമുകനും കൂടെ കൊ,ന്നതാവുമെന്ന് പറയുന്നവരുമുണ്ട്.

അപ്പോൾ ഇതെല്ലാം വിശ്വസിച്ചാണ് പപ്പയും മമ്മിയും എന്നോട്… ഞാൻ ജീവൻ കൊടുത്തു സ്നേഹിച്ച എന്റെ എബി, എന്നോടൊരു വാക്ക് പോലും പറയാതെ ഈ ഭൂമിയിൽ നിന്ന് പോയിട്ട്, ഇപ്പോൾ അതിന്റെ ഉത്തരവാദി ഞാനാണെന്ന്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വിശ്വസിക്കാൻ സ്വന്തം വീട്ടുകാർ കൂടെ തയ്യാറല്ലായിരുന്നു. ” നീ ഇപ്പോൾ ഇങ്ങോട്ട് വരാതിരിക്കു ന്നതാവും നല്ലത് ” എന്നു പറഞ്ഞത് സ്വന്തം അപ്പനാണ്. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയായിരുന്നു.

അതോടൊപ്പം എബിയുടെ ബോഡി നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിനുള്ള പണമൊക്കെ സുഹൃത്തുക്കൾ വഴി പിരിവൊക്കെ നടത്തി സംഘടിപ്പിക്കുന്നുണ്ട്.

അതിനിടയിലാണ് എബിയുടെ ഒരു കസിൻ, സിനീഷ് വിളിച്ചത്. അവന്റെ ഫോണിൽ എബിയുടെ ആധാർ കാർഡും ഞങ്ങളുടെ കുറച്ചു ഫോട്ടോസും ഒക്കെ വെച്ച് എന്തൊക്കെയോ അനാവശ്യ മെസ്സേജുകൾ അവനു വന്നിരുന്നുവെന്ന്. ഫോൺ ഹാക്ക് ആയോ എന്നു ചോദിക്കാനാണ് വിളിച്ചത്. ഇത് രണ്ടുദിവസം മുന്പാണ് വന്നത്. ഈ സാഹചര്യത്തിൽ ചോദിക്കാതിരുന്നതാണ്. ഇന്ന് വിളിക്കാൻ കാരണം വേറെയും കുറച്ചു സുഹൃത്തുക്കൾക്ക് ഇതേ മെസ്സേജ് വന്നിട്ടുണ്ടത്രെ. എനിക്കൊന്നും മനസ്സിലായില്ല. എബിയുടെ ഫോൺ മരിക്കുന്നതിന്റെ തലേദിവസം എബിയുടെ കയ്യിൽ നിന്ന് വീണു പൊട്ടിപ്പോയി എന്നു പറഞ്ഞപ്പോൾ ഒന്നും പറയാതെ ഫോൺ വെച്ചു.കുറച്ചു കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു. അവൻ അതിനെക്കുറിച്ച് അന്വേഷിച്ചു. ഓൺലൈൻ ലോൺ ആപ്പുകളിൽ ലോൺ എടുത്ത് അടവ് മുടങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്ന രീതിയാണത്രേ അത്. ലോൺ ആപ്പിനൊരു കുഴപ്പമുണ്ട്. അധികം രേഖകളൊ ന്നും ഇല്ലാതെ ലോൺ തരും, പക്ഷെ, നമ്മുടെ എല്ലാ റെക്കോർഡുകളും ആക്സസ്സ് ചെയ്യാനുള്ള പെർമിഷൻ വാങ്ങുമെന്ന്. എത്രയടച്ചാലും തീരാത്ത പണത്തിന്റെ പേരിൽ നമ്മുടെ തന്നെ ഫോട്ടോസും വീഡിയോസും മോർഫ് ചെയ്തു കാണിച്ചവർ ഭീഷണിപ്പെടുത്തും. ഇതിനെതിരെ കംപ്ലയിന്റ് ഒരുപാട് പോയിട്ടുണ്ടെങ്കിലും ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ ഈ സൈറ്റുകൾ ബാൻ ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.. എവിടെയൊക്കെയോ ഏതൊക്കെയോ മനക്കരുത്തില്ലാത്ത പാവങ്ങൾ ആത്മഹത്യയിൽ അഭയം തേടുന്നു..

എന്റെ എബി, കടം എടുത്തതോ അടയ്ക്കാൻ ബുദ്ധിമുട്ടുന്നതോ ഞാനോ വീട്ടുകാരോ അറിഞ്ഞില്ല. അഭിമാനിയാതിനാൽ മറ്റാരോടും ചോദിക്കാൻ മനസ്സനുവദിച്ചു കാണില്ല. ജോലിയില്ലെന്നുള്ള പരിഹാസം കേൾക്കണ്ട എന്നും കരുതിക്കാണും. സ്വയം പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ, എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാവും എന്റെ എബി.. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയതിനെ ഞാനും കുറ്റപ്പെടുത്തുമെന്ന് കരുതിക്കാണും. ഇതല്ല, ഇതിലും വലിയ പ്രശ്നം വന്നാലും ഞാൻ കൂടെ നിൽക്കുമെന്ന് മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ല.

പിന്നീടെല്ലാം ചെയ്തത് സിനീഷായിരുന്നു.. സൈബർ പോലീസിൽ കംപ്ലയിന്റ് കൊടുത്തു.. പരാതിയുടെ കോപ്പിയുമായി ബാങ്കിൽ ചെന്ന് എബിയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു.. ലോൺ എടുത്തത് മൂന്ന് ലക്ഷം.. അടച്ചത് അഞ്ചു ലക്ഷത്തോളം. പിന്നെ അടയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞത് കൊണ്ടാവും അവർ ബ്ലാക്‌മെയ്ലിംഗ് തുടങ്ങിയത്.. എബിയെ ഫോണിൽ കിട്ടായതായപ്പോഴാവണം അവർ എബിയുടെ കോൺടാക്റ്റുകൾക്ക് വീഡിയോസ് അയച്ചു തുടങ്ങിയത്.. സൈബർ പോലീസിനും കൂടുതലൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആ ഫോൺ നമ്പറുകൾ ചേസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ടുകളും ഫേക്ക് ഐഡിയിൽ. ആ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാനുള്ള നടപടികൾ ചെയ്തു എന്നല്ലാതെ ഇതിന്റെ പുറകിലെ ആരെയും പിടിക്കാൻ കഴിഞ്ഞില്ല..

വീട്ടിൽ എല്ലാവരെയും എല്ലാം ബോധ്യപ്പെടുത്തിയത് സിനീഷാണ്.. മരണകാരണം ഇതാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും സിനീഷാണ്. എനിക്കെതിരെ കൊലവിളി നടത്തിയവരൊന്നും തിരുത്തിയില്ലെങ്കിലും എബിയുടെ പപ്പയുടെയും മമ്മിയുടെയും മുന്നിലെങ്കിലും എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണമായിരുന്നു.
ദിവസങ്ങൾക്കു ശേഷം നാട്ടിൽ വെച്ച് എബിയെ യാത്രയാക്കുമ്പോൾ എന്നെ ചേർത്തുപിടിച്ച കൈകളും പപ്പയുടേതായിരുന്നു..മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അതിലധികം ഒന്നും ചെയ്യാൻ ആ പാവം അച്ഛനാവുമായിരുന്നില്ല. ഇപ്പോൾ ഇത്തരം ആപ്പുകൾക്കെതിരെ കേസുമായി പപ്പാ മുന്നിലുണ്ട്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഇനിയാർക്കും നഷ്ടപ്പെടാതിരിക്കാൻ… ഞങ്ങളോഴുക്കിയ കണ്ണുനീർ മറ്റാരും ഒഴുക്കാതിരിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *