മിത്രാ
എഴുത്ത്:-❤നിത്യാ മോഹൻ❤
“മിത്ര, മിത്ര “
പലതവണ വിളിച്ചപ്പോഴാണ് അവൾ കണ്ണ് തുറന്നത്. ” നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഈ തൊടിയിൽ വന്ന് ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കരുതെന്ന്”.
ഒന്നാമത്തെ ഇവിടെ കാടാണ്, സർപ്പക്കാവും…. നിനക്ക് വീട്ടിലിരുന്നു എഴുതിക്കൂടെ ?
കാശി നാഥൻ അവളുടെ നേരെ കൈനീട്ടിക്കൊണ്ടു പറഞ്ഞു … അത് അവഗണിച്ചവൾ തനിയെ എഴുന്നേറ്റു, മടിയിൽ നിന്നും പേനയും ബുക്കും താഴേക്കു ഊർന്നു…. അവളെടുക്കും മുൻപേ അവൻ അതെടുക്കുവാൻ കുനിഞ്ഞു രണ്ടാളുടെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചു, മിത്ര തല തിരുമ്മിക്കൊണ്ട് ദേഷ്യത്തോടെ അവനെ നോക്കി…..!
അവൻ തല തടവി കൊടുക്കാനായി കൈ നീട്ടി…. അവൾ കൈ തട്ടി മാറ്റി,
” സ്വസ്ഥമായി ഇരുന്നൊന്നെഴുതാൻ വന്നതാ , എനിക്ക് ഈ വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണ്, ആരുടെ ശല്യവുമില്ല, “
എന്തിനാ കാശിയേട്ടൻ ഇങ്ങോട്ട് വന്നത് ??
ഈർഷ്യയോടെ ആയിരുന്നു ആ ചോദ്യം.
നിന്നെ മുത്തശ്ശി അന്വേഷിക്കുന്നു… അവിടെ ചെന്നു ചോദിക്കൂ കാര്യം.
എനിക്കറിയാം നീ ഈ കാട്ടിൽ കാണുമെന്ന് അതാണ് ഇങ്ങോട്ട് വന്നത് .
അവൾ വേഗം വീട്ടിലേക്കു നടന്നു…. അവളെ കണ്ട പാടെ മുത്തശ്ശി ചോദിച്ചു
” എന്താ കുട്ടി, എപ്പോ നോക്കിയാലും… ഈ എഴുത്തുമായി ആ തൊടിയിൽ, സൂക്ഷിക്കണം.. വല്ല ഇഴജന്തുക്കളൊക്കെ കാണും “.
മുത്തശ്ശിക്കറിയോ, എന്നെ വല്യ ഇഷ്ടമാണ് ആ തൊടിയിലെ ഓരോ ഇലകൾക്കും പോലും….എന്റെ അമ്മ ഉറങ്ങുന്ന മണ്ണ്, എന്റെ അമ്മയുടെ സംഗീതവും, കഥകളും കേട്ടുണർന്നിരിക്കണം അവിടെയുള്ള ഓരോ ജീവ ജാലങ്ങളും….!
“മിത്ര നിന്റെ അച്ഛൻ വിളിച്ചിരുന്നു, അമ്മായി അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു. അടുത്ത മാസം വരണുണ്ടത്രേ…കുറേ സമയം ഫോൺ റിങ് ചെയ്തു, നിന്നെ ഇവിടെ കണ്ടതുമില്ലാ , അതോണ്ട് ഞാൻ എടുത്ത് സംസാരിച്ചു. …!
മോളു പോയി കുളിച്ചിട്ട് വാ, അമ്മായി പായസം ഉണ്ടാക്കിയിട്ടുണ്ട്… പാലട…
“ഇന്നെന്താ അമ്മായി പ്രത്യേകത ആരുടെയെങ്കിലും പിറന്നാൾ ആണോ ??
“അപ്പോൾ നീയൊന്നും അറിഞ്ഞില്ലേ ??”
അവൾ അമ്മായിക്കടുത്തേക്കു ചെന്നു,
“ഇല്ലാ.., എന്താ അമ്മായി! ?”
നിരഞ്ജൻ വരുന്നുണ്ട്… കൂടെ കുറച്ച് ഫ്രണ്ട്സും… അവന് വല്യ ഇഷ്ടമാണ് പാലട,. ബാക്കി വിഭവങ്ങളൊക്കെ ശാരദ ഒരുക്കുന്നു.
അവൾ ഒന്നും പറയാതെ പതിയെ റൂമിലേക്ക് നടന്നു.
നിരഞ്ജൻ ആ പേര് അച്ഛൻ പറയുമ്പോഴൊക്കെ ഒരുപാട് കൊതിച്ചിരുന്നു ഒന്ന് കാണാൻ… ചെറുപ്പത്തിൽ അമ്മ മരിച്ചതിനു ശേഷം അച്ഛന്റെ കൂടെ ഗൾഫിലായിരുന്നു…. പ്ലസ് ടു കഴിഞ്ഞ് അവിടെ ചേർന്നതാണ് കോളേജിൽ ഒരു വർഷം ആയപ്പോൾ അച്ഛന് ഒരേ നിർബന്ധം ഇനി നാട്ടിൽ നിന്ന് പഠിക്കണം, അവിടുത്തെ ശീലങ്ങൾ പഠിക്കണം എന്നൊക്കെ….
സത്യത്തിൽ താനും കുറേ മോഹിച്ചിരുന്നു. ഇവിടെ ഈ തൊടിയും, സർപ്പക്കാവും, കുളവും…അതൊക്കെ ഓർക്കുമ്പോൾ അമ്മ മനസ്സിൽ ഓടിയെത്തിയിരുന്നു, അമ്മയുടെ ഇഷ്ടവും ഇതൊക്കെ ആയിരുന്നെന്നു അച്ഛൻ എപ്പോഴും പറയുമായിരുന്നു.
താൻ പോരുമ്പോൾ അച്ഛൻ തനിച്ചാവുമെന്ന ഒരു സങ്കടം മാത്രം.
അങ്ങനെ ഇവിടെ അമ്മയുടെ വീട്ടിലേക്കു തന്നെ പറിച്ചു നട്ടു .
ആദ്യമായിട്ടാണ് നിരഞ്ചേട്ടനെ നേരിട്ട് കാണാൻ പോവുന്നത്,
പെട്ടെന്ന് പുറകിൽ നിന്നും വല്യ ശബ്ദത്തിൽ കാശിനാഥൻ അവളെ പേടിപ്പിച്ചു.
” എന്താ കാശിയേട്ടാ ഇത്, ഞാൻ പേടിച്ചു പോയീട്ടോ. “
നീ ഇനി അടങ്ങി ഒതുങ്ങി ഒക്കെ നടന്നോ, ആ കാട്ടിലേക്ക് പോകുന്നതും ഒഴുവാക്കണം!.
എന്തിന് എന്ന ഭാവമായിരുന്നു അവൾക്ക്. അവൻ തുടർന്നു… എന്താണെന്നു അറിയുമോ. ഏട്ടൻ ഇന്ന് വൈകുന്നേരം വരും, വല്യ ദേഷ്യക്കാരനാണ്, എല്ലാർക്കും പേടിയാ ഏട്ടന്റെ ദേഷ്യം, നീ ഇവിടെ ഉള്ള കാര്യം അറിയാം പക്ഷെ പെണ്ണാണെന്നൊന്നും ഏട്ടൻ നോക്കൂല അതാണ് പ്രകൃതം.
റൂമിൽ ചെന്നു ആലോചിച്ചവൾ….
പണ്ടെങ്ങോ വെക്കേഷന് വന്നപ്പോൾ കണ്ടതാണ് ഏട്ടനെ… പക്ഷെ അന്ന് തന്നെ വല്യ ഇഷ്ടമായിരുന്നു… എന്ത് പറഞ്ഞാലും തന്നോട് പിണങ്ങില്ലായിരുന്നു. അതൊക്കെ ഇപ്പോ ഓർക്കുന്നുണ്ടോ ആവോ.
സന്ധ്യ ആയപ്പോഴേക്കും അവരെല്ലാം എത്തി. നിരഞ്ജനെ കൂടാതെ അഞ്ചു പേര്… മൂന്ന് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും.
എല്ലാരും ഹാളിൽ വിശഷങ്ങൾ പങ്കിട്ടിരുന്നു. മുത്തശ്ശി കുറേ നേരം വിളിച്ചിട്ടാണ് മിത്ര കൂടെ ചെന്നത്.
ആ മുഖം അവരിൽ അവൾ തിരഞ്ഞു. അവൾ നോക്കുന്നതറിഞ്ഞു അവൻ നോട്ടം പിൻവലിച്ചു. അമ്മാവൻ മിത്രയെ അവർക്കെല്ലാം പരിചയപ്പെടുത്തി.
അവൾ ചെറു ചിരി പാസ്സാക്കി നിന്നു.
“മോളേ ഇവരൊക്കെ നിരഞ്ജന്റെ കൂടെ വർക്ക് ചെയ്യുന്നവരാ, ഓരോരുത്തരെയും പേര് പറഞ്ഞ് പരിചയപ്പെടുത്തി.
ജോൺ, സന്ദീപ്, സാം, റിയ, പൂജ….. ഇവരൊക്കെ രണ്ട് മൂന്ന് ദിവസം ഇവിടെ കാണും മോളേ….
അവൾ തലയിളക്കി. അവൾക്ക് തോന്നി … നിരഞ്ജൻ അവളെ ശ്രദ്ധിക്കുന്നേയില്ലയെന്ന്. അവൾ റൂമിലേക്ക് നടന്നു.
രാത്രിയിൽ 12 വരെ വീട്ടിൽ ചിരിയും ശബ്ദവും ഉയർന്നു നിന്നു.
ഔട്ട് ഹൗസിലേക്കു വന്നവർ എല്ലാവരും കിടക്കാനായി പോയി. എപ്പോഴോ മിത്രയും ഉറക്കത്തിലേക്കു വഴുതി.
” തൊടിയിലേക്കു നടക്കുമ്പോൾ എന്തോ നല്ല ഗന്ധം മൂക്കിലേക്ക് അരിച്ചെത്തി, ഇലഞ്ഞി പൂത്ത ഗന്ധമോ ? “
അറിയുവാൻ സാധിക്കുന്നില്ല… അവൾ സ്ഥിരം ഇരിക്കാറുള്ള ചെമ്പകമരത്തിൻ തണലിൽ വേറെ ആരോ ഇരിക്കുന്നു. മിത്രക്ക് ദേഷ്യം വന്നു
” അതേയ് … ഇതെന്റെ സ്ഥലമാണ്, എന്റെ മാത്രം… അവിടെ നിന്നും എഴുന്നേൽക്കൂ… !”
അവൾ പറയുന്നത് കേട്ടിട്ടാവണം അയാൾ തിരിഞ്ഞു നോക്കി….
മിത്ര ഞെട്ടി പുറകോട്ട് ആഞ്ഞു… വീണു പോയി. ആ രൂപത്തിന് മുഖമില്ല. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു, പറ്റുന്നില്ല. അവിടമാകെ ഇരുണ്ടുമൂടി … ഒന്നും കാണാൻ സാധിക്കുന്നില്ല…. !
മിത്ര ഞെട്ടി കണ്ണ് തുറന്നു.
സ്വപ്നമായിരുന്നു….
അവൾ ആകെ വിയർത്തിരുന്നു. വല്ലാതെ ദാഹിക്കുന്നു.., എഴുന്നേറ്റു വാതിൽ തുറന്നു…. അടുക്കളയിൽ എത്തി ലൈറ്റ് ഇട്ടു…
പെട്ടെന്ന് ഞെട്ടി അതാ അവിടെ നിരഞ്ജൻ. അവളെ കണ്ടതും അവൻ ചൂളി പോയി…അവൾ ശരിക്കും നോക്കി… വല്ലാത്ത ഒരു നാറ്റം… മ,ദ്യമാണ്..
” നീയെന്താ ഇവിടെ… ?
നിനക്ക് ഉറക്കമില്ലേ ?
ആഹ് പിന്നെ ഈ കാര്യം…. അമ്മയോട് എങ്ങാനും പറഞ്ഞാൽ… അവൻ ദേഷ്യത്തോടെ നോക്കി.
അവൾ ഒരു മറുപടിയും പറയാതെ തിരിഞ്ഞു നടന്നു.
” മിത്ര”
അവൾ തിരിഞ്ഞു നോക്കാതെ നിന്നു…
അവൻ അടുത്തേക്ക് വരുന്നതിന്റെ കാൽപ്പെരുമാറ്റം കേൾക്കാം… !
അവളുടെ ചെവിക്കു പുറകിലായി വന്നവൻ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു
” സോറി”…
അവൻ നടന്നകലുമ്പോൾ അവളുടെ മനസ്സിലൂടെ ഒരു നേർത്ത മഞ്ഞിൻ കുളിരൊഴുകി !!!
*****************
അമ്മായി നിർബന്ധം പിടിച്ചത് കൊണ്ടാണ് മിത്ര രണ്ട് ദിവസത്തേക്ക് അവധി എടുത്തത്. രാവിലെ എഴുന്നേൽക്കുമ്പോഴേ കേൾക്കാം പുറത്ത് നല്ല മേളം…. ഭക്ഷണം കഴിച്ചു റൂമിൽ വന്നിരുന്നു…. ജനാലകളിലൂടെ കാണാം തൊടിയും, തൊടിയിലേക്കിറങ്ങുന്ന കൽ പടവുകളും…. ഇന്ന് മുല്ല നന്നായി പൂത്ത് നിൽക്കുന്നു… താഴെ അവിടവിടെയായി കൊഴിഞ്ഞും കിടപ്പുണ്ട്. എന്നും സന്ധ്യക്ക് മുൻപേ മുല്ലമൊട്ട് ഇറുത്ത് വയ്ക്കാറുണ്ട്.ഇന്നലെ അതിഥികളുടെ കടന്നു കയറ്റം കാരണം…. ഒന്നും നടന്നില്ലെന്നവളോർത്തു….!
ആരുടേയും ശബ്ദം കേൾക്കാതെ വന്നപ്പോൾ പതിയെ മുറ്റത്തേക്കിറങ്ങി.. ഔട്ട്ഹൌസ് ന്റെ പുറത്ത് ആരെയും കണ്ടില്ല.
തൊടിയിലേക്കിറങ്ങുന്ന സ്റ്റെപ്പിലിരുന്നു. നോക്കുമ്പോൾ അതാ ഒരാള് ധൃതി വച്ച് നടന്നു വരുന്നു…. !
“നിരഞ്ജേട്ടൻ” .
അവൾ വേഗം എഴുന്നേറ്റു ഒതുങ്ങി നിന്നു. അവന്റെ നടത്തം പതിയെയായി…അവളുടെ അടുത്തെത്തിയപ്പോൾ അവൻ നിന്നു.
“ആ ചെമ്പകച്ചുവട് മിത്രയുടെ സ്ഥിരം വാസസ്ഥലമാണോ ?”.
അവൾ ആശ്ചര്യത്തോടെ അവനെ നോക്കി,
മം… മൂളുക മാത്രം ചെയ്തു.
അമ്മ പറയാറുണ്ട്, ഇന്ന് ഞാൻ അവിടെയെത്തിയപ്പോൾ …. “ചെമ്പകം പൂത്തിട്ടില്ല, പക്ഷെ അവിടെ നിറയുന്നത് നിന്റെ ഗന്ധമാണ് മിത്ര”…!
മറുപടിയൊന്നും പറയാതെ അവൾ തല താഴ്ത്തി നിന്നു. അത് കണ്ടവൻ മനസ്സിൽ ചിരിച്ചു… ഇത്രയും തൊട്ടാവാടിടായിരുന്നോ ഈ പെണ്ണ്…
“നീ ഇപ്പോ അങ്ങോട്ട് പോവണ്ട, ” അവിടെ അവരെല്ലാമുണ്ട്, അകത്തേക്ക് പൊയ്ക്കോ ഓക്കേ…. അത്രയും പറഞ്ഞവൻ വീട്ടിലേക്കു പോയി.. !
അവൾ വീണ്ടും ആ സ്റ്റെപ്പിലേക്കു ഇരുന്നു, നിരഞ്ജൻ പറഞ്ഞതോർത്തവൾ വിഷമിച്ചു, അവിടെ അവരെല്ലാം ??
തന്റെ സ്വർഗം അവർ നശിപ്പിച്ച് കാണും..,. ആരും അവിടെ ഇരിക്കുന്നത് അവൾക്കിഷ്ടമല്ലായിരിന്നു. അവൾ വീട്ടിലേക്കു നോക്കി, ആരെയും കാണുന്നില്ല!
അങ്ങോട്ട് പോയേ പറ്റൂ… അവിടെ വൃ,ത്തികേടാക്കാൻ ആരെയും അനുവദിക്കില്ല… മനസ്സിൽ ചിന്തിച്ചുകൊണ്ടവൾ മുന്നോട്ടു നടന്നു….
അവൾ വരുന്നത് കണ്ടപ്പോൾ പൂജ കൈയുയർത്തി വിളിച്ചു,
” ഹായ് മിത്രാ “.
മനസ്സിൽ ദേഷ്യമെങ്കിലും മുഖത്ത് ചിരി വരുത്തിയവൾ പറഞ്ഞു ,
“ഹായ്”.
അവളെ കണ്ടതും സാം വലിച്ചുകൊണ്ടിരുന്ന സി,ഗരറ്റ് ഒന്നുകൂടി ആഞ്ഞു വലിച്ച്, പുക ഊതി…വഷളൻ ചിരി പാസാക്കി. അവരുടെ അടുത്ത് രണ്ട് മൂന്ന് ഗ്ലാസും കുപ്പിയും ഇരിപ്പുണ്ടായിരുന്നു.
“വരൂ മിത്ര, വരൂ… ഇരിക്കൂ “
ഇത് കേട്ട് കൂടെയുണ്ടായിരുന്ന റിയയും, ജോണും ചിരിച്ചു. പൂജ അവരോട് അരുത് എന്ന് ആംഗ്യം കാണിച്ചു. സാം സി,ഗരറ്റ് വലിച്ച് വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, കൂടെ എല്ലാരുടെയും ചിരിയും…. ഇത് മിത്രക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ,
അവളെ വേദനിപ്പിച്ചതത്രയും… ആ പരിശുദ്ധമായ സ്ഥലം ഇങ്ങനെ വൃ,ത്തികേടാക്കിയതായിരുന്നു, അതിലും വേദന തൊട്ട് അപ്പുറം മാറിയാണ് സർപ്പക്കാവ്, ഈ വന്ന ആളുകൾക്ക് വിവരം ഇല്ലെങ്കിലും… നിരഞ്ജന് അവരെ പറഞ്ഞു മനസ്സിലാക്കാമായിരുന്നെന്നു അവളോർത്തു, നിരഞ്ജനോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി!
കൂടെ അവരുടെ പരിഹാസം അവളെ കൂടുതൽ ദേഷ്യത്തിലേക്കു തള്ളി.
” നിർത്ത് “
മിത്രയുടെ ശബ്ദമുയർന്നു.
“പൊയ്ക്കോണം ഇവിടുന്ന് എല്ലാവരും “….
അവൾ വീണ്ടും പറഞ്ഞു.
അവർ നിശബ്ദരായി പരസ്പരം നോക്കി. അവൾ വീണ്ടും ശബ്ദമുയർത്തി പറഞ്ഞു.
നിങ്ങളുടെ ഈ ദു,ശീലങ്ങളൊക്കെ നടത്താനുള്ള ഇടമല്ലിത്. പരിശുദ്ധമായ സ്ഥലമാണ്….ഇതെല്ലാം അറിയുന്ന ഒരാള് നിങ്ങൾക്ക് വളം വച്ച് തന്നു,
പക്ഷെ…..
ഇത് ഞാനിവിടെ അനുവദിക്കില്ല… അവളുടെ സ്വരം ഉറച്ചതായിരുന്നു.
പൂജ വേഗം എഴുന്നേറ്റു… വീട്ടിലേക്കു നടന്നു.
റിയ ജോണിന്റെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു… അവളെ രൂക്ഷമായി നോക്കി നടന്നു പോയി.
പക്ഷെ….
സാം ഒരു കൂസലുമില്ലാതെ ഇരുന്നു . സി,ഗരറ്റ് കുറ്റി താഴേക്കിട്ടു ഷൂ കൊണ്ട് ഞെരിച്ച് എഴുന്നേറ്റു…. അവളുടെ അടുത്തേക്ക് നടന്നു വന്നു.
“നീ പേടിപ്പിക്കുവാണോ ? “
അവൻ അവളുടെ കണ്ണുകളിലേക്കു ഉറ്റുനോക്കി. അവൾ കണ്ണുകൾ പിൻവലിച്ചില്ല, ദേഷ്യം നിറഞ്ഞ് നിൽക്കുകയായിരുന്നവൾ. അവൻ അവളിലേക്ക് വീണ്ടും അടുത്തു, ശബ്ദമില്ലാതെ ചിരിച്ചു. അവളുടെ ഇടതു കൈയിൽ അവൻ പിടുത്തമിട്ടു. നിനക്ക് എന്താടീ ഇത്രയും അഹങ്കാരം…. ചിരിച്ചു കൊണ്ടായിരുന്നു അവന്റെ ചോദ്യം.
” കൈയെടുക്കൂ “….
മ,ദ്യത്തിന്റെ രൂക്ഷ ഗന്ധം അവൾക്കനുഭവപ്പെട്ടു.
ദേഷ്യം കൊണ്ട് അവളുടെ മിഴികൾ ചുവന്നു നിറഞ്ഞു , ഒന്ന് കൂടിയവൾ ആവർത്തിച്ചു…
” കൈയെടുക്കെടാ “..
അവളുടെ ശബ്ദം ഉയർന്നിരുന്നു.
അവന്റെ പിടുത്തം മുറുകിയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. പിന്നീടൊന്നുമവൾ ആലോചിച്ചില്ല…. അവന്റെ ക,രണം നോക്കി ഒന്ന് കൊടുത്തു.
കൈ വിട്ടു… അവൻ പുറകോട്ടു വേച്ചു.
അവൾ അലറി
“പോ,ടാ…പോ “….
അങ്ങോട്ട് ഓടി വന്ന സന്ദീപ് കാര്യമറിയാതെ കുഴങ്ങി,
“എന്താ, എന്ത് പറ്റി, “
ഒന്നുമറിയാതെയവൻ ഇരുവരെയും മാറി മാറി നോക്കി. കാര്യം പന്തികേടെന്നു അവന് മനസ്സിലായി, സാമിനെ പിടിച്ച് വലിച്ച് അവൻ ഒരുവിധം കൊണ്ട് പോയി…. സാമിന്റെ മിഴികളിൽ അവളോടുള്ള പക ആളിക്ക,ത്തി.
മിത്ര, തളർന്ന് ചെമ്പകച്ചോട്ടിലേക്കിരുന്നു…. മുഖം പൊത്തിയവൾ പൊട്ടിക്കരഞ്ഞു.
അവളുടെ മനസ്സ് ആകെ തകർന്നിരുന്നു…. വീട്ടിലേക്കു കയറുമ്പോൾ എന്തൊക്കെയോ ശബ്ദം കേൾക്കാം….!
” നിങ്ങൾ ഇപ്പോ ഇറങ്ങുവാ എന്ന് പറയുന്നതെന്ത് കൊണ്ടാണ്, എനിക്ക് മനസ്സിലാകുന്നില്ല.?..
മൂന്ന് നാല് ദിവസം കഴിഞ്ഞേ പോകൂ എന്ന് പറഞ്ഞാണ് വന്നത്…. എന്നിട്ട് ഇപ്പോ ???
നിരഞ്ജൻ മാറി മാറി ചോദിച്ചു കൊണ്ടിരുന്നു.
ആരും ഒന്നും മിണ്ടിയില്ല. എല്ലാരും പാക്ക് ചെയ്തു പോകുവാൻ ഒരുങ്ങി ഇറങ്ങി.
നിശബ്ദത ലംഘിച്ചു കൊണ്ട് സാം പറഞ്ഞു, ഞാനെടുത്ത തീരുമാനമാണ് ഈ മടക്കം… ഇനി ഒരു ശല്യമായി ഞങ്ങൾ ആരും കാണില്ല.
നിരഞ്ജൻ സാമിന്റെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു…!
എന്താടാ എന്ത് പറ്റി ?,
മറുപടി ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല, അവൻ നിരഞ്ജന്റെ കൈ തട്ടിമാറ്റി…
” നമ്മുക്കിറങ്ങാം .. “
ബാക്കിയുള്ളവരോടായി അവൻ പറഞ്ഞു ….
അവിടെയെല്ലാരും എന്താണ് കാര്യം എന്നറിയാതെ സ്തംഭിച്ചു നിൽക്കുന്നു.
വേഗം സന്ദീപ് നിരഞ്ജനെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി. റൂമിൽ നിന്നും പുറത്തേക്ക് വന്ന നിരഞ്ജൻ ദേഷ്യത്താൽ മിത്രയുടെ റൂം ലക്ഷ്യമാക്കി നടന്നു.
“മിത്രാ”
നിരഞ്ജന്റെ വിളി കേട്ട് അവൾ ബെഡിൽ നിന്നും ഞെട്ടി എഴുന്നേറ്റു…!
റൂമിലേക്ക് വന്ന പാടെ അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് ഹാളിലേക്ക് കൊണ്ട് വന്ന് സാമിന്റെ മുൻപിലേക്ക് മാറ്റി നിർത്തി.
അവൻ മനസ്സിൽ ഊറി ചിരിച്ചു.
അവൾ അമ്മായിയെയും അമ്മാവനെയും ദയനീയമായി നോക്കി….
ഇവള് ഒരു തെറ്റ് ചെയ്തു അച്ഛാ , മറ്റാർക്കും അറിയില്ല… അമ്മയോ അച്ഛനോ, മറ്റാരുമോ ഇതിൽ ഇടപെടേണ്ട….!
ആരും എതിർത്ത് ഒന്നും പറഞ്ഞില്ല…. !
“മിത്രാ, ചെമ്പകചോട്ടിൽ ഇവര് ഇരുന്നത് എന്റെ സമ്മതത്തോടെയാണ്, നീ ഇവന്റെ കരണത്ത,ടിച്ചതിനു അവനോട് സോറി പറയണം, അങ്ങനെ ആണേൽ അവര് പോകൂലാ
” പറയ് മിത്രാ..അവന്റെ സ്വരം കനത്തു “.
അവൾ നിരഞ്ജനെ രൂക്ഷമായി നോക്കി…!
“ശരി, ഞാൻ മാപ്പ് ചോദിക്കാം”,
അതിന് മുൻപ് ഒരു കാര്യമുണ്ട് ഏട്ടാ,… ഏട്ടനറിയോ.അവിടെ സർപ്പക്കാവുണ്ട്, എന്റെ അമ്മയുടെ ഓർമ്മയായി നട്ട ചെമ്പകമുണ്ട്, എന്റെ ലോകം ഇതൊക്കെയാണ്, ഏട്ടൻ അതൊന്നും ഓർത്തില്ല, ഇവരവിടെ ഇരുന്നത് ഒരു പ്രശമല്ലാ, പക്ഷെ ഇതുപോലെ ദുശീലങ്ങൾ അവിടെ വച്ച് ഒഴിവാക്കാം, അതിനെയാണ് ഞാൻ എതിർത്തത് …. !
മിത്രാ നീ വിഷയത്തിൽ നിന്നും മാറേണ്ട , നമ്മുടെ വീട്ടിൽ അതിഥിയായി വന്ന ഒരാളെ നീ ത,ല്ലി , അവനെ അ,ടിച്ചത് എന്തിന് വേണ്ടി. അതിന് നീ സോറി പറഞ്ഞേ പറ്റൂ. അവന്റെ ശബ്ദം ഉയർന്നു !
അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. ഞാൻ സോറി പറയാം…. അവൾ നിരഞ്ജന്റെ മുൻപിലേക്ക് നീങ്ങി നിന്നു… !
അവന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി പറഞ്ഞു.
” എന്റെ ശ,രീരത്ത് തൊട്ട ഇവനെ പിന്നെ എന്ത് ചെയ്യണമായിരുന്നു ?”
ഇത് കേട്ട് നിരഞ്ജൻ മാത്രമല്ല… എല്ലാവരും ഞെട്ടി.
“ഇനിയും ഞാൻ ക്ഷമ ചോദിക്കണമോ ?”
മിത്ര കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി, അവളുടെ പുറകേ നിരഞ്ജന്റെ അമ്മയും പോയി.
എല്ലാവരും സാമിനെ നോക്കി….,
അവൻ തല താഴ്ത്തി… പിന്നെ പുറത്തേക്കിറങ്ങി…കൂടെ മറ്റുള്ളവരും..!.
നിരഞ്ജൻ ഒന്നും പറയുവാനാവാതെ നിന്നു പോയി.
അച്ഛൻ നിരഞ്ജന്റെ അടുത്തേക്ക് വന്നു….,
ഫ്രണ്ട്സ് ആവാം… പക്ഷെ വീട്ടിൽ കൊണ്ടുവരുമ്പോൾ കുറച്ചുകൂടെ മാന്യത യുള്ളവരാണോയെന്നു നോക്കണം .
അവന് പറയാൻ മറുപടിയില്ലായിരുന്നു!!!
*************
നിരഞ്ജന് ആകെ വിഷമമായിരുന്നു, അച്ഛൻ പറഞ്ഞത് സത്യമെന്ന് അവന് തോന്നി,
“മിത്ര…. അവളെ താൻ ഒരുപാട് സങ്കടപ്പെടുത്തി, കാര്യമറിയാതെ അവളെ വേദനിപ്പിച്ചതിൽ അവന് അതിയായ സങ്കടം തോന്നി.
അവൻ റൂമിൽ നിന്നും ഇറങ്ങി… മിത്രയുടെ റൂമിൽ അവളെക്കണ്ടില്ല, അവിടെ യെല്ലാം അവൻ നോക്കി, അവളില്ല, ഈ സമയത്ത് ഇവള് ഇതെവിടെപ്പോയി, തിരിച്ചു റൂമിലേക്ക് പോകുവാൻ തുടങ്ങുമ്പോഴാണ് മുത്തശ്ശിയുടെ റൂമിൽ നിന്നും സംസാരം കേട്ടത്…!
അവൻ റൂമിലേക്ക് കയറി… മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചു കിടക്കുന്നു മിത്ര. അവനെ കണ്ടതും അവളെഴുന്നേറ്റു.
മുത്തശ്ശി ചിരിച്ചു…
എന്ത് പറ്റി എന്റെ ദേഷ്യക്കാരൻ കുട്ടിക്ക്… !
മുത്തശ്ശി അവനെ അടുത്തേക്ക് ചേർത്ത് ഇരുത്തി..
അവന്റെ നോട്ടമത്രയും മിത്രയിലായിരുന്നു,
അവളുടെ കരഞ്ഞു കലങ്ങിയ മിഴികൾ അവനെ നോവിച്ചു. എന്തൊക്കെയോ പറയണമെന്നോർത്ത അവൻ വാക്കുകൾക്ക് പരതി.
ഇതെന്താ രണ്ടാളും പിണക്കത്തിലാണോ, മുത്തശ്ശി രണ്ടാളെയും മാറിമാറി നോക്കി, മിത്ര തലയുയർത്തി അവനെ നോക്കി. അവന്റെ മിഴികളെ നേരിടാനാവാതെ അവൾ റൂം വിട്ടു പുറത്തേക്കിറങ്ങി.
“മിത്രാ”….
അവന്റെ വിളി കേട്ടവൾ നിന്നു ….
തിരിഞ്ഞു നോക്കാതെ റൂമിലേക്ക് ധൃതി വച്ച് നടന്നു, റൂമിലെത്തി വാതിലടച്ചു.
നിരാശയോടെ നിരഞ്ജൻ റൂമിലേക്ക് പോന്നു.
ഫോൺ എടുത്ത് നോക്കി രണ്ട് മിസ്സ് കാൾ… സാമിന്റെയാണ്… തെറ്റ് ചെയ്തതിന് സോറി ചോദിച്ചു മെസ്സേജും. അവൻ മറുപടിയൊന്നും കൊടുക്കാതെ ഫോൺ ഓഫ് ചെയ്തു. അവൻ ആലോചിച്ചു കൊണ്ട് റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പെട്ടെന്ന് ഉത്തരം കിട്ടിയ പോൽ നിന്നു, വാതിൽ തുറന്ന് പുറത്തിറങ്ങി,
എല്ലാരും കിടന്നു എന്നവന് മനസ്സിലായി,… മിത്രയുടെ റൂമിന്റെ മുൻപിലെത്തി ചുറ്റും നോക്കി, പതിയെ വാതിലിൽ തട്ടി.
റൂം തുറന്ന മിത്ര ഞെട്ടി. അവൾ മാറിക്കൊടുത്തു, നിരഞ്ജൻ റൂമിലേക്ക് കയറി. നിരഞ്ജൻ അവളെ നോക്കി, അവൾ പുറത്തേക്ക് നോക്കി ആരെങ്കിലും കാണുന്നുണ്ടോയെന്ന്…അവൻ അവളുടെ അടുത്തേക്ക് വന്നു.
നീയ് നോക്കണ്ട എല്ലാരും കിടന്നു.
വീണ്ടുമവൻ പറഞ്ഞു
“മിത്രാ”….
“സോറി മിത്രാ”…
ഞാൻ ഒന്നുമറിഞ്ഞിരുന്നില്ല,
പിന്നീട് നീരസമായി അവന്റെ സംസാരത്തിൽ
നിന്നോട് ഞാൻ പറഞ്ഞതല്ലേ, ആ സമയത്ത് അങ്ങോട്ട് പോകരുതെന്ന്,
എന്നിട്ട്
പറഞ്ഞത് കേൾക്കാതെ പോയി അതുകൊണ്ടല്ലേ, ഇത്രയൊക്കെ സംഭവിച്ചത്.
ദേഷ്യവും, സങ്കടവും, സ്നേഹവും കൊണ്ടവൻ എന്തൊക്കെയോ വീണ്ടും വീണ്ടും സമാധാനത്തിനായി പറഞ്ഞുകൊണ്ടിരുന്നു.
മിത്രക്ക് മനസ്സിലാകുമായിരുന്നു ആ സ്നേഹത്തെ, അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവനെ ശ്രവിച്ചുകൊണ്ടിരുന്നു. തന്നോടുള്ള സ്നേഹമാണ് ദേഷ്യമായി പലപ്പോഴും തോന്നിയിരുന്നതെന്ന് അവളോർത്തു.
അവന്റെ കണ്ണുകളിലേക്കു തന്നെയവൾ നോക്കി നിന്നു.
” മിത്രാ”….
നിനക്ക് എന്നോട് ദേഷ്യമുണ്ടോ ?…
ഇല്ലെന്നവൾ തലയാട്ടി,
അവന്റെ മുഖത്ത് ചിരി വിടർന്നു.
ഓഹ് ആശ്വാസമായി…. അതു പറഞ്ഞവൻ വെളിയിലിറങ്ങി… ഇനി വാതിൽ അടച്ചോ..!
വാതിൽ അടച്ച് ബെഡിൽ വന്നിരുന്ന അവളുടെ മനസ്സ് നിറയെ നിരഞ്ജന്റെ ചൂളിയുള്ള നിൽപ്പും, കുറ്റപ്പെടുത്തലും ദേഷ്യവുമൊക്കെയായിരുന്നു,
അവളുടെയുള്ളിൽ ഒരായിരം പ്രണയത്തിൻ പീലികൾ വിടർന്നു.
വീണ്ടും വാതിലിൽ മുട്ട് കേട്ട് മിത്ര ഞെട്ടി… !
വാതിൽ തുറന്നു.
കള്ളച്ചിരിയുമായി നിരഞ്ജൻ, അവളെന്തെങ്കിലും ചോദിക്കും മുൻപേ അവൻ റൂമിൽ കയറി വാതിൽ ചാരി.
എന്താണെന്നോർത്ത് നിൽക്കുന്ന അവളോട് അവൻ പറഞ്ഞു
” മിത്രാ, എനിക്ക് എന്തോ നിന്നോട് പറയാനുണ്ടായിരുന്നു, റൂമിൽ ചെന്നപ്പോഴാണ് ആലോചിച്ചത്. “
അവൾ ചെറുചിരിയോടെ അവനെ നോക്കി.
അവളുടെ കൈയിൽ പിടിച്ചവൻ വലിച്ച് തന്നിലേക്ക് ചേർത്തു. കുപ്പിവളകൾ പൊട്ടി താഴേക്കു വീണു, അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് അവൾ അവനിലേക്ക് ഒട്ടിനിന്നു .
ഇരുകൈകൾ കൊണ്ട് അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തു കൊണ്ടവൻ പതിയെ പറഞ്ഞു.
” മിത്രാ….നീ നിരഞ്ജന്റെയാണ്, നിരഞ്ജന്റെ മാത്രം “
അവളുടെ ചുടു നിശ്വാസങ്ങൾ അവന്റെ നെഞ്ചിൽ താളം തീർത്തുകൊണ്ടിരുന്നു.
പക്ഷെ….
അവരറിയാതെ ആ വാതിലുകൾക്കു പിന്നിൽ രണ്ട് കണ്ണുകൾ എല്ലാമറിയുന്നുണ്ടായിരുന്നു !!!!
**************
തൊടിയിലേക്കിറങ്ങുമ്പോൾ മിത്രയുടെ മനസ്സ് മുഴുവൻ കഴിഞ്ഞ ദിവസം നടന്ന സംഭവമായിരുന്നു, രണ്ട് ദിവസമായി പുറത്തേക്കിറങ്ങിയിട്ടെന്ന് അവളോർത്തു.
ചെമ്പകച്ചോട്ടിലെത്തിയപ്പോൾ അവളാകെ ആശ്ചര്യപ്പെട്ടു, എന്നും ഇലകൾ വീണു കിടക്കുന്ന അവിടമാകെ വൃത്തിയാക്കിയിരിക്കുന്നു, ആരാകുമെ ന്നവളോർത്തു, ചിലപ്പോൾ നിരഞ്ജേട്ടനാവും….!
ചെമ്പകച്ചോട്ടിലേക്കവളിരുന്നു,
നല്ല കാറ്റുണ്ട്, പതിയെ മിഴികളടച്ചു….. !
അവൾ നടക്കുകയാണ്…., ചെമ്പകച്ചോടു കടന്ന്, സർപ്പക്കാവും താണ്ടി … കുറച്ച് മാറി… ഒരു താമരക്കുളം,
അതാ അതിന്റെ താഴത്തെ പടവിൽ ഒരാൾ ഇരിക്കുന്നു, …,
ഒരു ചെറു കല്ലെടുത്ത് അവൾ കുളത്തിലേക്കെറിഞ്ഞു… വെള്ളത്തുള്ളികൾ അവന്റെ മുഖത്തേക്കു തെറിച്ചു, തിരിഞ്ഞു മുകളിലേക്ക് അവൻ നോക്കി,
മുഖമില്ലാത്ത രൂപം…..!
മിത്ര ഞെട്ടലോടെ കണ്ണുകൾ തുറന്നു !
ഹൃദയമിടിപ്പ് വേഗത്തിലായി….. ആരാണ് അയാൾ…??
കുറേ ദിവസങ്ങൾക്കു മുൻപും താനൊരു സ്വപ്നം കണ്ടിരുന്നു…., അതിലും ഈ മുഖമില്ലാത്ത രൂപം കണ്ടിരുന്നു,
നല്ല തണുത്ത കാറ്റു ഏറ്റിട്ടും അവൾ വിയർത്തു,
അവളെഴുന്നേറ്റു ഒന്ന് ശങ്കിച്ചു,
അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ എന്ന ചിന്തയായി, ആരെങ്കിലും അറിഞ്ഞാൽ വഴക്ക് പറയും ഉറപ്പാണ്….. !
ഈ ചെമ്പകച്ചോടു കഴിഞ്ഞ് പെണ്ണുങ്ങൾ അങ്ങോട്ട് പോകരുതെന്ന് പറയാറുള്ളത് അവളോർത്തു,
അത്..ആ സ്ത്രീ രൂപം താൻ തന്നെ ആയിരുന്നോ ??
തിരിച്ചു വീട്ടിലേക്കു പോകുവാനൊരുങ്ങിയ അവളെ എന്തോ ഒന്ന് നിയന്ത്രിക്കും പോലെ തോന്നി…!
സർപ്പക്കാവ് ലക്ഷ്യമാക്കി അല്പം പേടിയോടെ നടന്നു, സർപ്പക്കാവ് കഴിഞ്ഞ് ഇടവഴിയാണ് നിറയെ മരങ്ങൾ…, പലതരം കിളികളുടെ ശബ്ദങ്ങൾ…., വെളിച്ചം കുറഞ്ഞു വരും പോലെ പ്രതീതി…. !
ശബ്ദമുണ്ടാക്കാതെ പതിയെ നടന്നു….. പക്ഷെ ആ കുളം അവിടെയെങ്ങും അവൾക്ക് കാണുവാൻ സാധിച്ചില്ല, അവിടമാകെ മരങ്ങൾ നിറഞ്ഞ് നിൽക്കുന്നു!
ശ്രദ്ധിച്ചു നോക്കിയപ്പോൾ മൂന്ന് മരങ്ങൾ കൂടി നിൽക്കുന്നിടത്ത് ആരോ നിൽക്കും പോലെ തോന്നി…., മുൻപോട്ടു നടക്കണമോ അവൾ സംശയിച്ചു…. പെട്ടെന്ന് പുറകിൽ നിന്നും വിളി വന്നു.
” മിത്രാ”….
അവൾ പേടിച്ചു തിരിഞ്ഞു നോക്കി….
നിരഞ്ജൻ…
അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു.
നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്, ഇവിടേയ്ക്ക് വരരുതെന്ന്, അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് വീട്ടിലേക്കു നടന്നു….
അവൾ പുറകോട്ട് തിരിഞ്ഞു നോക്കി.
ഇല്ല… ആ മരങ്ങൾക്കിടയിൽ താൻ മുൻപ് കണ്ട രൂപം ഇപ്പോൾ കാണിന്നില്ല,
ആരായിരുന്നു അത് ?
അവളുടെ കൈ വേദനിച്ചു.
” എനിക്ക് വേദനിക്കുന്നു “
പറഞ്ഞത് കേൾക്കാത്ത മട്ടിൽ അവൻ ധൃതിയിൽ അവളുമായി നടന്നു. വീട്ടിലേക്കു കയറുന്ന പടവുകളെത്തിയപ്പോൾ അവന്റെ കൈ അയഞ്ഞു, അവൾ കൈ വലിച്ചു, അവനെ പേടിയോടെ നോക്കി,
അവളുടെ കണ്ണിലേക്കു ദേഷ്യത്തിൽ നോക്കി…ആജ്ഞാപിച്ചു ,
” കേറി പോ “,
“ഇനിയും ഇങ്ങനെ ആവർത്തിച്ചാൽ നിന്നെ തൊടിയിലേക്കു പോലും ഇറക്കില്ല,”
ആ വാക്കുകൾ ഉറച്ചതായിരുന്നു.
രാത്രിയിൽ എത്ര ആലോചിച്ചിട്ടും മിത്രക്ക് ഉത്തരം കിട്ടിയില്ല.!
വാതിൽ തുറന്ന് മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു….!
മുത്തശ്ശി ഉറങ്ങിയിരുന്നില്ല, അവളെ അടുത്തു വിളിച്ച് ചേർത്ത് ഇരുത്തി, തലയിൽ തലോടി, മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ചു കിടന്നപ്പോൾ, അവളുടെ മനസ്സാകെ തണുത്തു.
” മുത്തശ്ശി, ഞാനൊരു കാര്യം ചോദിക്കട്ടെ ?”
ചോദിച്ചോള്ളൂ മോളേ,
നിനക്ക് എന്ത് വേണേലും ചോദിക്കലോ.
നമ്മുക്ക്, ഈ തൊടിയിൽ ഒരു താമരക്കുളമുണ്ടോ ??.
ആ ചോദ്യം കേട്ട് മുത്തശ്ശി ഞെട്ടി, ആ മുഖത്തെ ഭാവം അവൾ ശ്രദ്ധിച്ചു,
വേഗം മടിയിൽ നിന്നും തലയുയർത്തി, അവൾ കൈയിൽ പിടിച്ച് കുലുക്കി വിളിച്ചു.
“മുത്തശ്ശി”
മുത്തശ്ശി അവളുടെ മുഖത്ത് ഇരുകൈകളും ചേർത്ത് വച്ച് ചോദിച്ചു…
എന്താ, മോളേ… എന്താ നിനക്ക്… ഇപ്പോ ഇങ്ങനെ ഒരു സംശയം തോന്നാൻ ? ആ മിഴികൾ നിറഞ്ഞിരുന്നു.
റൂമിനു പുറത്തെ കാൽപ്പെരുമാറ്റം കേട്ട് അവർ നിശബ്ദരായി… !!
*
ആരും റൂമിലേക്ക് കടന്ന് വരാത്തതിനാൽ മിത്ര എഴുന്നേറ്റു.. വാതിലിൽ ചെന്ന് ചുറ്റം നോക്കി, ആരെയും കണ്ടില്ല… വാതിൽ അടച്ച് തിരിച്ചു വന്ന് മുത്തശ്ശിയുടെ അരികിലിരുന്നു.
” പല സമയത്തായി കണ്ടിട്ടുള്ള സ്വപ്നങ്ങൾ മിത്ര ഒരു കഥ പോലെ പറഞ്ഞു കേൾപ്പിച്ചു”
“മുത്തശ്ശി,
ഇവിടെ എന്തൊക്കെയോ മറഞ്ഞിരുപ്പുണ്ട്, എനിക്കറിയണം മുത്തശ്ശി, എന്താണ് അതൊക്കെ… “
അവളുടെ വാശിക്ക് മുൻപിൽ മുത്തശ്ശി മനസ്സ് തുറന്നു.
” മോളേ” നീ സ്വപ്നത്തിൽ കണ്ടതൊന്നും നിന്നെയല്ല… അത് നിന്റെ അമ്മയാണ്, എന്റെ മോള്
“ഭദ്ര”….
മിത്ര, ആകാംഷയോടെ മുത്തശ്ശിയെ ശ്രവിച്ചു. ഓരോന്നും പറയുമ്പോൾ മുത്തശ്ശിയുടെ മിഴികൾ നിറയുന്നത് അവൾ ശ്രദ്ധിച്ചു.
ഭദ്ര, അവളായിരുന്നു… ഈ വീടിന്റെ വിളക്ക്…ആട്ടവും, പാട്ടും, എഴുത്തു മൊക്കെയായി ഈ വീടിന്റെ എല്ലായിടത്തും ഓടി നടന്നു.
ആ ഇടയ്ക്കാണ് മുത്തശ്ശന് അറിയുന്ന ആരോ പറഞ്ഞിട്ട് ഒരു പയ്യൻ ജോലിക്ക് വന്നത്, മിടുക്കൻ നല്ല പെരുമാറ്റം… എല്ലാ ജോലിയും ഒരു മടിയും കൂടാതെ ചെയ്തു. ഇവിടെ ഏതേലും ഒരു മൂലയിൽ അവൻ ഒതുങ്ങുമായിരുന്നു… തൊടിയും… പരിസരവും വൃത്തിയും വെടിപ്പുമാക്കിയവൻ.ഇടയ്ക്ക് അവന്റെ മുഖത്ത് സങ്കടം കണ്ടിരുന്നു, ആരാഞ്ഞാപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞു,
അവസാനം മുത്തശ്ശന്റെ ചോദ്യത്തിന് മുന്നിൽ അവന് പറയാതിരി ക്കാനായില്ല…. കല്യാണം കഴിഞ്ഞ്, കുഞ്ഞു ജനിച്ചപ്പോൾ ഭാര്യ മരിച്ചു പോയി. കുഞ്ഞിനെ ഏതോ ബന്ധുവായ സ്ത്രീയാണ് നോക്കുന്നത് പോലും… ഇടയ്ക്ക് വല്ലപ്പോഴും ഇവൻ പോകും…മറ്റാരും അവനുണ്ടായിരുന്നില്ല.
ഇവിടെയെല്ലാവർക്കും അവനോട് വീണ്ടും സ്നേഹം കൂടിയതല്ലാതെ കുറവ് സംഭവിച്ചില്ല… !
അങ്ങനെ ഇരിക്കുമ്പോഴാണ് ആ ദുരന്തം ഉണ്ടായത് .
യാദൃച്ഛികമായി തൊടിയിലേക്കു ചെന്ന മുത്തശ്ശൻ കണ്ടത്… താമരക്കുളത്തിന്റെ കല്പടവിൽ അവന്റെ മടിയിൽ തല ചായ്ച്ചിരിക്കുന്ന ഭദ്രയെയാണ്….
മുത്തശ്ശൻ അവനെ അ,ടിച്ചു…അവനങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല, അവന്റെ ദുഃഖം കണ്ട് സഹതാപം തോന്നിയാണോ ഭദ്രക്ക് ഇങ്ങനെ തോന്നിയത്, അതും അറിയില്ല….
എന്തായാലും അവളുടെ തീരുമാനം മുത്തശ്ശന്റെ മുഖത്തു നോക്കി പറഞ്ഞു. കല്യാണമുണ്ടെങ്കിൽ അത് അവനെ മാത്രമാകുമെന്ന്. അവൻ ഒരക്ഷരം മിണ്ടിയില്ല….മുത്തശ്ശനു… വല്യ ദേഷ്യമായി… അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളുമോക്കെയായി മുത്തശ്ശന്റെ കൈയിലിരുന്ന ക,ത്തി കൊണ്ട് അവന് കു,ത്തേറ്റു, വേണമെന്ന് വച്ച് ചെയ്തതല്ലാ .. പറ്റി പോയി…
പക്ഷെ… അവന്റെ ജീവൻ രക്ഷിക്കാനായില്ല..ആ താമരക്കുളത്തിൽ ര,ക്തം കലർന്നു…..അവിടെ തന്നെ ആ ശരീരമിട്ടു… കുളം മൂടി…. വേറെ വഴി ഇല്ലായിരുന്നു.
മുത്തശ്ശി വിതുമ്പി…
ദീർഘ നിശ്വാസത്തോടെ വീണ്ടും തുടർന്നു…. കേസൊന്നും ഉണ്ടായില്ല…. മുത്തശ്ശന്റെ പിടിപാടുകൾ കൊണ്ട് അത് ആരും അറിഞ്ഞില്ല എന്ന് വേണം പറയാൻ.
ഭദ്രയുടെ വിവാഹമായിരുന്നു മുത്തശ്ശന്റെ ലക്ഷ്യം…ആദ്യമൊന്നും സമ്മതിക്കാതിരുന്ന ഭദ്ര… പിന്നീട് സമ്മതം മൂളി.
പെട്ടെന്ന് എല്ലാം നടത്തി… പക്ഷെ വാശി കേറി അവൾ വിവാഹം കഴിഞ്ഞ് പിന്നിവിടെ നിന്നില്ല…. ഇങ്ങോട്ട് വന്നതുമില്ല… നീ ഉണ്ടായിട്ട് പോലും ഒന്ന് ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല….
അവസാനം എന്റെ കുഞ്ഞും….
അന്ന് ചെയ്ത തെറ്റിന് മുത്തശ്ശൻ പ്രായശ്ചിത്തം ചെയ്തു…. പിന്നീട് കിടപ്പായി പോയി…ഒരുപാട് നാള്… ഇങ്ങനെ കിടന്നകിടപ്പ് ആയിരുന്നു…
മുഴുവിപ്പിക്കാനാവാതെ മുത്തശ്ശി… ഏങ്ങലടിച്ചു… !!
മിത്ര മുത്തശ്ശിയെ പതിയെ ബെഡിലേക്കു കിടത്തി… അവൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ.. മുത്തശ്ശി അവളുടെ കൈയിൽ പിടിച്ചു…
“എന്താ… മുത്തശ്ശി ?”….
മോളേ… അവൻ… നിരഞ്ജൻ… നിരഞ്ജൻ…
” എന്താ… പറയ് മുത്തശ്ശി… “
അവൾ മുത്തശ്ശിയെ വിളിച്ചു….
മോളേ എനിക്ക് ഒന്ന് ഉറങ്ങണം… മുത്തശ്ശിക്ക് ക്ഷീണമുണ്ടെന്നു അവൾക്ക് തോന്നി… പുതപ്പ് എടുത്ത് നേരെ ഇട്ടുകൊടുത്ത് മിത്ര അവിടെ നിന്നും എഴുന്നേറ്റു….!
വെളിയിലേക്കിറങ്ങിയ അവളുടെ ചിന്ത മുത്തശ്ശി പറയുവാൻ വന്ന കാര്യമായിരുന്നു…, പിന്നെ പ്രായശ്ചിത്തം അത് എന്താണ് ??
പെട്ടെന്ന് അവൾ ഞെട്ടി മുൻപിൽ അമ്മാവൻ…. !!
“നിനക്ക് ഉറക്കമില്ലേ കുട്ടി, പോയി കിടന്ന് ഉറങ്ങൂ” …. അവൾ റൂമിലേക്ക് നടന്നു…
“മിത്രാ”…
അമ്മാവന്റെ വിളി കേട്ട് അവൾ നിന്നു….
” നിന്റെ മനസ്സിൽ അരുതാത്ത എന്തേലും ആഗ്രഹമുണ്ടേൽ…അത് മറക്കണം… നീ ഈ വീട്ടിൽ ജീവിക്കേണ്ട കുട്ടിയാണ്…!
അമ്മാവൻ പറഞ്ഞത് മനസ്സിലാകാതെ മിത്ര അമ്പരന്നു !!!
പിറ്റേ ദിവസം മുത്തശ്ശിയുടെ മരണവാർത്ത യറിഞ്ഞാണ് ആ തറവാടുണർന്നത്…. ! അത് മിത്രക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….!
ആഴ്ചകൾ പലതും പൊഴിഞ്ഞിട്ടും മിത്ര, പല ഓർമ്മകളും പേറി…അസ്ഥിത്തറയുടെ അടുത്ത് പോയി നിൽക്കും…. എന്തൊക്കെയോ പറയാൻ ബാക്കി വച്ചാണ് ആ മരണമെന്ന് അവൾ ഇടയ്ക്കിടെ ആലോചിക്കും.
നിരഞ്ജനോട് അവൾ എല്ലാ കാര്യങ്ങളും പങ്കു വച്ചു.
അത് കേട്ടവൻ ചിരിച്ചു…. !
മിത്രയ്ക്ക് ദേഷ്യം തോന്നി.
പക്ഷെ ചിരി നിർത്തി…, അവളെ നോക്കിയ ആ മിഴികൾ കലങ്ങിയിരുന്നു, കണ്ണുനീർ പൊടിഞ്ഞിരുന്നു.
” നിനക്കറിയോ മിത്ര, മുത്തശ്ശന്റെ ആ പ്രായശ്ചിത്തം അത് ഞാനാണ്…
“ഈ ഞാൻ…!!
മിത്ര ഞെട്ടി !!
പറയുമ്പോൾ അവന്റെ ചുണ്ടുകൾ വിറകൊണ്ടു.
മുത്തശ്ശൻ എന്നെ ഒരുപാട് സ്നേഹിച്ചു…., എനിക്ക് നല്ല ഓർമ്മയുണ്ട്, മുത്തശ്ശിക്കും, അമ്മയ്ക്കും എന്നോട് വല്യ സ്നേഹമായിരുന്നു….!
അമ്മ സ്വന്തം മകനെ പോലെ എന്നെ സ്നേഹിച്ചു, ലാളിച്ചു…. അച്ഛനിൽ നിന്നും ഒരിക്കലും എനിക്കത് കിട്ടിയില്ല, സ്വന്തം മകനു സ്വത്തെല്ലാം നഷ്ടപ്പെടുമോ അതായിരിക്കും ആ മനസ്സ് നിറയെ…. ഇവിടെ നിന്നും പോകുവാൻ ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന ഞാൻ… ദൂരേക്ക് ജോലിക്ക് പോയത് അതുകൊണ്ടാണ്…. മനസ്സിൽ ഒരുപാട് ദേഷ്യമായിരുന്നു.
അവഗണന സഹിക്കാൻ പറ്റില്ല മിത്ര… പലപ്പോഴും, പലസ്ഥലത്തും മാറ്റി നിർത്തിയിട്ടുണ്ട്. ഇനി നിനക്കും അങ്ങനെ ചെയ്യാം.
ഞാൻ ജന്മം കൊണ്ടു താണവനാണ്… മഹത്വമുള്ള തറവാട്ടിൽ ജനിച്ചവനല്ല…!!
നിരഞ്ജന്റെ വാക്കുകൾ ഇടറി… അവന്റെ ആ അവസ്ഥ മിത്രയെ ദുഃഖത്തിലാഴ്ത്തി .. അവൾ ഓടി ചെന്ന് അവനെ ഇറുകെ പുണർന്നു….
“ആർക്കു വേണ്ടേലും എനിക്ക് വേണം എന്റെ നിരഞ്ജേട്ടനെ…, “
അവന് ആശ്വസിക്കാൻ ആ വാക്ക് മാത്രം മതിയാകുമായിരുന്നു.
അമ്മാവൻ വിളിക്കുന്നത് കേട്ടാണ്… മിത്ര അങ്ങോട്ട് എത്തിയത്. ” എല്ലാവരുമുണ്ടായിരുന്നു അവിടെ…. അമ്മായിയുടെ അടുത്തായി മിത്രയും നിന്നു.
നിരഞ്ജൻ ഇനി ബാംഗ്ലൂർക്കു മടങ്ങുന്നത് എന്നാണ് ?
നിരഞ്ജൻ എന്തെങ്കിലും അച്ഛനോട് പറയും മുൻപേ വീണ്ടും അച്ഛൻ തുടർന്നു,
” ഇനി വിവാഹമൊക്കെ കഴിഞ്ഞ് പതിയെ യാത്ര മതിയല്ലോ, അല്ലേൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര തന്നെയാവും “.
അപ്പോൾ നമ്മുക്ക് അതങ്ങു ഉറപ്പിക്കാം അല്ലെ…
. ഉവ്വ്…
അത് മാത്രമായിരുന്നു നിരഞ്ജന്റെ മറുപടി.
ഞാൻ സമയവും ഡേറ്റും ഒക്കെ കുറിച്ചു…. നല്ല പൊരുത്തമാണ് ജാതകത്തിനു…. അത് കേട്ടു അമ്മയ്ക്ക് വല്യ സന്തോഷമായി…. !
മിത്ര ചെറിയ നാണത്തോടെ നിരഞ്ജനെ നോക്കി… അവനും സന്തോഷത്തിലായിരുന്നു.
വീണ്ടും അച്ഛന്റെ വാക്കുകൾ
രണ്ട് വിവാഹങ്ങളും ഒരുമിച്ചാണ്…. നിരഞ്ജന്റെയും, കാശിയുടെയും.
എല്ലാർക്കും ഇരട്ടി സന്തോഷമാണുണ്ടായത്..!
പക്ഷെ കാശി വല്യ ദേഷ്യത്തിലായിരുന്നു.
” അച്ഛനെന്താ പറയുന്നത് ആരൊക്കെ തമ്മിലാണ് വിവാഹം… “
എനിക്കൊന്നും മനസ്സിലാകുന്നില്ല ?
അത് തന്നെയല്ല, എനിക്കിപ്പോൾ ഒരു വിവാഹം വേണ്ട….
ഏട്ടന്റെ നടത്തൂ…
“കാശി, ഇവിടെ തീരുമാനമെടുക്കാൻ മുതിർന്നവരുണ്ട്. “
“നീ വിവാഹം കഴിക്കാൻ പോകുന്നത് മിത്രയെ ആണ് “
ആ വാക്ക് കേട്ട് എല്ലാരും ഞെട്ടി. നിരഞ്ജൻ ഒന്നും പറയുവാനാവാതെ നിന്നു പോയി, ഇത്രയും നേരം അവനോർത്തത് മിത്രയെ തനിക്ക് തരുന്ന കാര്യമാണ് അച്ഛൻ പറയുന്നതെന്നാണ്…!
ഈ ഒറ്റ വാക്ക് അവനെ തളർത്തി
അച്ഛൻ എന്തൊക്കെയാണ് ഈ പറയുന്നത്, മിത്ര… അവൾ നിരഞ്ജേട്ടനുള്ളതാണ്.
കാശി അത് പറഞ്ഞ് തീരും മുൻപേ മിത്രയുടെ ശബ്ദവും ഉയർന്നു.
” ഇത് നടക്കില്ല,”
“മോളേ !! “
അമ്മായി അവളെ പിടിച്ചു.
അമ്മായിയുടെ കൈ അവൾ തട്ടി മാറ്റി.
എനിക്ക് പറയാനുള്ളത് ഞാൻ പറയട്ടെ അമ്മായി.
എല്ലാരും കേൾക്കാനായി ഞാൻ പറയുവാ, എനിക്ക് കാശിയേട്ടനെ സ്വന്തം സഹോദരനായി മാത്രെ കാണാൻ പറ്റൂ…തിരിച്ചു കാശിയേട്ടനും അങ്ങനെ തന്നെയായിരിക്കും. അതിനപ്പുറം ഞങ്ങൾ തമ്മിൽ ഒന്നുമില്ല.
ഞാൻ സ്നേഹിച്ചത് നിരഞ്ജേട്ടനെയാണ്….!
അവൾ വാശിയോടെ പറഞ്ഞു.
അവളെ ത,ല്ലുവാനോങ്ങിയ അച്ഛന്റെ കൈകൾ തടഞ്ഞു നിരഞ്ജൻ !
“ഓഹോ,
അപ്പോൾ നീ രണ്ടും കൽപ്പിച്ചാണ് അല്ലെ ?”
” അല്ലച്ഛാ… ഞങ്ങൾ തമ്മിൽ ഇഷ്ടമാണ്, അത് പറയുവാനിരിക്കുവായിരുന്നു….! നിരഞ്ജൻ നീരസത്തോടെ പറഞ്ഞു.
“അമ്മാവാ, എന്റെ അമ്മയുടെ പേരിൽ മുത്തശ്ശൻ എഴുതി വച്ച സ്വത്തെല്ലാം പോകും എന്നോർത്താണെങ്കിൽ, അത് വേണ്ട. എനിക്ക് അതൊന്നും വേണ്ട, നിരഞ്ജേട്ടനും ഒരു സ്വത്തും വേണ്ട. തൊടിയിലെ കുറച്ച് സ്ഥലം രണ്ട് ആത്മാക്കൾ ഉറങ്ങുന്നില്ലേ…ആ മണ്ണ് അത് മാത്രം മതി ഞങ്ങൾക്ക്.
അതുകൊണ്ടും നിർത്തിയില്ലവൾ….
എനിക്കറിയില്ലായിരുന്നു ഒന്നും….
ഒന്നുമറിയാതെയാണ് ഞാൻ നിരഞ്ജേട്ടനെ സ്നേഹിച്ചത്…. അത് അങ്ങനെ തന്നെ വേണമെന്ന് ദൈവം തീരുമാനിച്ചതാവും ….!
പണ്ട്, എന്റെ അമ്മയുടെ സ്നേഹത്തിനു ആരും വില നൽകിയില്ല, അത് മാത്രമല്ല… ഒന്ന് ഉപദേശിക്കാതെ കൊ,ന്നു കളഞ്ഞില്ലേ ആ പാവത്തിനെ !”
“മിത്രാ”,
നിന്റെ സംസാരം കൂടുന്നു….
അമ്മാവന്റെ സ്വരമുയർന്നു…. !!
“നിരഞ്ജന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.
അവൾ തുടർന്നു….
അതേ അമ്മാവാ…. അറിയാൻ പലതും ഉണ്ടായിരുന്നു, അതെല്ലാം അറിഞ്ഞു…. ആ പാവത്തിനെ കൊ,ന്ന കുറ്റം മുത്തശ്ശന്റെ തലേൽ വന്നു…. അറിയാതെ കൊണ്ടതാണ് പോലും…. പക്ഷെ സത്യം അതും എനിക്ക് അറിയാം….
അല്ല… അറിഞ്ഞു….
അമ്മാവൻ അറിഞ്ഞുകൊണ്ടുതന്നെ കൊ,ന്നതാണ്….
അല്ലെ… ?അവൾ കിതച്ചു.
അമ്മായി അവളെ പിടിച്ച് വലിച്ചു….
അവൾ പോകാൻ കൂട്ടാക്കിയില്ല.
” എന്റെ അച്ഛനെ കൊ,ന്നതാണെന്നു പണ്ടേ അറിഞ്ഞിരുന്നു, എന്തേലും ചെയ്യാൻ എന്റെ മനസ്സിൽ തോന്നിയാലോ എന്ന് കരുതിയാണ് ഇവിടെ നിന്നും മാറി നിന്നത്…ഞങ്ങളെ പിരിക്കാനാണ് ശ്രമമെങ്കിൽ…. ഞാൻ അത് അറിഞ്ഞുകൊണ്ടു ചെയ്യും…. !
നിരഞ്ജന്റെ വാക്ക് കേട്ടു അമ്മ ഓടി വന്ന് അവന്റെ കൈയിൽ പിടിച്ച് കരഞ്ഞു.
” വേണ്ട മോനെ, ഈ അമ്മയെ ഓർത്തു നീ ക്ഷമിക്കൂ !!
അവൻ അമ്മയെ ചേർത്ത് പിടിച്ചു.
പിറ്റേന്ന് രാവിലെ നിരഞ്ജൻ വീട്ടിൽ നിന്നും പോകുവാനിറങ്ങി,
“മിത്രാ” അവൻ നീട്ടി വിളിച്ചു…. !
ചെമ്പകത്തിനോടും ആ തൊടിയോടും യാത്ര പറഞ്ഞ്… അമ്മയുടെയും മുത്തശ്ശിയുടെയും അസ്ഥിത്തറയിൽ വിളിക്ക് വച്ച് അവൾ മടങ്ങി!
മിത്രയെ ചേർത്ത് പിടിച്ചു അവനിറങ്ങുമ്പോൾ.ചെമ്പകച്ചോട്ടിൽ…. ഇത് കണ്ട് ആനന്ദിക്കുന്നവർ ഉണ്ടായിരുന്നു. ഒരിക്കൽ ഒന്നാകാൻ കഴിയാതെ
പോയവർ !!!!
അവസാനിച്ചു
