Story written by JK
“”എന്റെ ചെറുക്കനോട് ആണോടി നിനക്ക് തീണ്ടാരി തുണി വാങ്ങി കൊണ്ടു വരാൻ പറയുന്നത്?? നിന്റെ തറവാട്ടിൽ ഒക്കെ ഇങ്ങനെയാണോ ആണുങ്ങൾ ആണോ ഇതെല്ലാം ചെയ്തു കൊടുക്കുക!! അന്നേ എന്റെ ആങ്ങള പറഞ്ഞതാ തെക്കുന്ന് ഒരു ബന്ധം നോക്കണ്ട എന്ന്!! അന്നേരം ഞാനത് കേട്ടില്ലല്ലോ എന്റെ ദൈവങ്ങളെ.. എന്നിട്ടിപ്പോ വന്നു കയറിയത് കണ്ടില്ലേ ഒരു മൂ,ദേവി!”” ജാനകി പ്രാകി പറഞ്ഞതും, ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു. ഇന്നലെ മുതൽ അടിവയറ്റിൽ വല്ലാത്ത വേദന. പാഡ് ഇരിപ്പുണ്ടാകും എന്നാണ് കരുതിയത്. ഉണ്ടായിരുന്നു താനും. ശ്രീജിത്തിന്റെ അനിയത്തി കുറച്ചുദിവസം ഇവിടെ നിൽക്കാൻ വേണ്ടി വന്നിരുന്നു, അന്നേരം അവൾ എടുത്തു കൊണ്ടു പോയതാണ്. തന്നോട് ഒന്നു പറയുക കൂടി ചെയ്തില്ല. അതല്ലെങ്കിലും അങ്ങനെ തന്നെ ആണല്ലോ. അവർക്ക് എന്തു വേണമെന്ന് തോന്നിയാലും ചോദ്യവും ഇല്ല പറച്ചിലും ഇല്ല, അങ്ങ് എടുത്തു കൊണ്ടു പോകും. ആരോടെങ്കിലും പരാതി പറയാൻ നിന്നാൽ പിന്നെ വാദി പ്രതിയാകും അതുകൊണ്ട് അങ്ങനെ എന്തെങ്കിലും കണ്ടാലും ഒന്നും മിണ്ടാറില്ല ദിവ്യ.
പക്ഷേ ഇത്തവണ കുടുങ്ങിയത് ദിവ്യ ആയിരുന്നു. പുറത്ത് മഴ കനക്കുന്നുണ്ട്. അടുക്കളയിലെ പുകയുന്ന അടുപ്പിനടുത്തിരുന്ന് കണ്ണീർ തുടയ്ക്കാൻ പോലും മറന്ന് ദിവ്യ നിന്നു. ജാനകി യമ്മയുടെ വാക്കുകൾ ശരങ്ങൾ പോലെ നെഞ്ചിൽ തറയ്ക്കുന്നുണ്ടായിരുന്നു. ഒരു സാനിറ്ററി പാഡ് വാങ്ങിക്കൊണ്ടു വരാൻ ഭർത്താവിനോട് പറഞ്ഞത് ഇത്ര വലിയ അപരാധമാണോ എന്ന് അവൾക്ക് മനസ്സിലായില്ല. തന്റെ ശരീരത്തിന് സംഭവിക്കുന്ന സ്വാഭാവികമായ ഒരു മാറ്റത്തെ ഇത്ര വലിയ പാപമായി കാണുന്ന അമ്മായിയമ്മയുടെ ചിന്താഗതിയോട് പൊരുതാൻ അവൾക്കായില്ല. ഇത്തവണ പീരി,യഡ്സ് വന്നത് കുറച്ച് നേരത്തെ ആണ്.. രണ്ടുദിവസമായി മേലുമുഴുവൻ വല്ലാത്ത വേദനയും മറ്റും ആയിരുന്നു ഇതിന്റെ ആകും എന്ന് കരുതിയില്ല.. എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോഴാണ് ശ്രീജിത്ത് ജോലി കഴിഞ്ഞ് വന്നത്. നനഞ്ഞൊട്ടി വന്ന അവനോട്, വേദന കടിച്ചമർത്തിക്കൊണ്ട് പതുങ്ങിയ സ്വരത്തിലാണ് അവൾ കാര്യം പറഞ്ഞത്. എത്ര നല്ല കോട്ടൻ ആണെങ്കിലും തുണിയുടെ പാഡ് അവൾക്ക് അലർജി ആണ്. കഴിഞ്ഞ തവണ അത് ഉപയോഗിച്ചപ്പോൾ ഉണ്ടായ മുറിവുകളും നീറ്റലും ഇപ്പോഴും മായാതെ നിൽക്കുന്നു. അതുകൊണ്ടാണ് മറ്റാരെയെങ്കിലും ഏൽപ്പിക്കാതെ ശ്രീജിത്തിനോട് തന്നെ അവൾ അത് ആവശ്യപ്പെട്ടത്… കഷ്ടകാലത്തിന് ജാനകി അത് കേട്ടു കൊണ്ടുവന്നു അപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ബഹളം.
”അമ്മേ, ഒന്ന് നിർത്തുന്നുണ്ടോ? അവൾ എന്റേ ഭാര്യ അല്ലെ? അവൾക്ക് വയ്യാത്തപ്പോൾ എന്നോടല്ലാതെ പിന്നെ ആരോടാ പറയുക?” ശ്രീജിത്ത് ബൈക്കിന്റെ ചാവി മേശപ്പുറത്ത് വെച്ചു കൊണ്ട് ചോദിച്ചു. ജാനകി വിടാൻ ഭാവമില്ലായിരുന്നു. “നീ മിണ്ടരുത് ശ്രീജിത്തേ. നീ ഇവളുടെ പാവാട ചരടിൽ കുടുങ്ങിയിരിക്കുകയാണ്. ആണുങ്ങളുടെ ജീവിതം ഇങ്ങനെ പെണ്ണുങ്ങളുടെ വിഴുപ്പ് ചുമക്കാൻ ഉള്ളതല്ല. നീയൊരു സർക്കാർ ഉദ്യോഗസ്ഥനാണ്. നിന്റെ തറവാടിത്തം മറക്കരുത്. തെക്കുന്ന് വന്ന ഈ പെണ്ണിന്റെ തോളിൽ കയറാൻ നീ പാടില്ല.” ജാനകി ഉറഞ്ഞു തുള്ളുകയാണ്.. അത് കേട്ട്ശ്രീ ജിത്ത് ശാന്തനായി ദിവ്യയെ നോക്കി. അവളുടെ മുഖത്തെ വിളർച്ചയും കണ്ണിലെ സങ്കടവും അവനെ വേദനിപ്പിച്ചു. അവൻ ജാനകിയെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു, “അമ്മേ, എന്റെ അ,ടിവസ്ത്രം പോലും അലക്കി തരുന്നവളാണ് ഇവൾ. എനിക്ക് വയ്യാതെ കിടന്നപ്പോൾ രാപ്പകൽ എനിക്ക് കൂട്ടിരുന്ന വളാണ്. അന്ന് എന്റെ കാര്യങ്ങൾ ചെയ്തു തരാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല. അപ്പോഴൊന്നും ഈ ആഭിജാത്യം ഞാൻ കണ്ടില്ലല്ലോ. പിന്നെ മാസം തോറും അവൾ അനുഭവിക്കുന്ന ഈ വേദനയിൽ ഒരു പാക്കറ്റ് സാനിറ്ററി പാഡ് വാങ്ങി നൽകുമ്പോ എന്റെ പൗരുഷം ഇല്ലാതാവും എങ്കിൽ അതങ്ങ് ഇല്ലാതാവട്ടെ… ശ്രീജിത്ത് ദേഷ്യത്തോടെ പറഞ്ഞു.. എന്നും തന്നെ അനുസരിച്ച് ജീവിച്ചിരുന്ന ശ്രീജിത്തിന്റെ വായിൽ നിന്ന് അത്രയും കേട്ടതും ജാനകി തരിച്ചു നിന്നു പോയി.
“നീ എന്നോട് തർക്കുത്തരം പറയാൻ തുടങ്ങി അല്ലേ ?? എന്തായാലും തലയിണ മന്ത്രം ശരിക്കും ഏൽക്കുന്നുണ്ട്. പിന്നെ നീ എന്നെ പഠിപ്പിക്കണ്ട. നീയൊക്കെ ജനിക്കുന്നതിന് മുൻപേ ഉള്ള കാലം മുതൽ ഞാൻ ഇതൊക്കെ കാണുന്നതാ. ഞങ്ങളൊക്കെ തുണി ഉപയോഗിച്ചാണ് വളർന്നത്. നിന്റെ അച്ഛനോട് ഞാൻ ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? ചോദിച്ചുനോക്ക്.. ഇല്ല.. എന്താ കാരണം?? ആണുങ്ങൾക്ക് അവരുടേതായ അന്തസ്സ് ഉണ്ട്.. തീണ്ടാ രിത്തുണി വാങ്ങാനും പേര് എടുക്കാനും ആണുങ്ങളെ അല്ല വിളിക്കേണ്ടത്.. അങ്ങനെയൊക്കെ കണ്ടറിഞ്ഞ് പെരുമാറണം എന്നുണ്ടെങ്കിൽ അന്തസ്സുള്ള ഫാമിലിയിൽ ജനിക്കണം ഇത് അതല്ലല്ലോ”
ജാനകി ഉറഞ്ഞു തുള്ളി “അത് അച്ഛന്റെയും അമ്മയുടെയും കാലം. ഇത് എന്റെ കാലമാണ്. എന്റെ ഭാര്യക്ക് ഞാനല്ലാതെ മറ്റാരാണ് ഇതെല്ലാം മേടിച്ചു കൊടുക്കുക? അമ്മയുടെ ഈ പഴഞ്ചൻ ചിന്താഗതികൾ ദയവായി ഇവളുടെ മേൽ അടിച്ചേൽപ്പിക്കരുത്.” ശ്രീജിത്ത് അത്രയും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി.ജാനകി ദേഷ്യത്തോടെ മുറ്റത്തേക്ക് ഇറങ്ങി. “കണ്ടില്ലേ എന്റെ ദൈവങ്ങളേ, എല്ലാം അവളുടെ തലയിണ മന്ത്രമാണ്. എന്റെ മകൻ എന്നോട് തിരിച്ചു സംസാരിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാം ഇവൾ വന്ന കാലം തൊട്ട് തുടങ്ങിയതാണ്.” അവരുടെ പിറുപിറുക്കലുകൾ മഴയുടെ ശബ്ദത്തിൽ അലിഞ്ഞു പോയി.
ദിവ്യ മുറിയിൽ കട്ടിലിന്റെ മൂലയിൽ ഇരിക്കുകയായിരുന്നു. ശ്രീജിത്ത് അടുത്തേക്ക് വന്നു. അവൻ അവളുടെ തലയിൽ തലോടി. “ദിവ്യേ, നീ വിഷമിക്കണ്ട. അമ്മയുടെ രീതി അങ്ങനെയാണ്. അവർ വളർന്ന സാഹചര്യം അതാണ്. അത് നമ്മൾ വലിയ പ്രശ്നം ആക്കി എടുക്കുമ്പോഴാണ് പ്രശ്നം.. ഇത്രയും വയസ്സായ അമ്മയുടെ സ്വഭാവം എന്തായാലും നമ്മളെ കൊണ്ട് തിരുത്താൻ കഴിയില്ല!! അതുകൊണ്ട് തൽക്കാലം ഒഴുക്കിനൊത്ത് നീന്താം ” ശ്രീജിത്ത് പറഞ്ഞു…
ദിവ്യയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. “എനിക്ക് പേടിയാകുന്നു ശ്രീജിത്തേട്ടാ. ഞാൻ കാരണം അമ്മയുമായി നിങ്ങൾ വഴക്കിടുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു. ഞാൻ തുണി തന്നെ ഉപയോഗിച്ചോളാം.”ശ്രീജിത്ത് ചിരിച്ചു. “അലർജി ആയിട്ട് വീണ്ടും കഷ്ടപ്പെടാനോ? അതൊന്നും വേണ്ട അത്ര വലിയ ത്യാഗം ഒന്നും നീ ചെയ്യേണ്ട… ഞാൻ ഇപ്പോൾ തന്നെ പോയി വാങ്ങി വരാം. നീ ഒന്ന് കിടന്നോ.” അവൻ വീണ്ടും റെയിൻകോട്ട് ഇട്ട് പുറത്തേക്ക് ഇറങ്ങി.
രാത്രി ഭക്ഷണത്തിന് ഇരിക്കുമ്പോൾ വീട് നിശബ്ദമായിരുന്നു. ജാനകി കഴിക്കാൻ വന്നില്ല. അവർ മുറിയിൽ കയറി വാതിലടച്ചു. ശ്രീജിത്ത് ഭക്ഷണം കഴിക്കുമ്പോൾ ദിവ്യ അവന് വിളമ്പി കൊടുത്തു.
”നീ കഴിച്ചില്ലേ?” അവൻ ചോദിച്ചു.
”വിശപ്പില്ല ഏട്ടാ. വയറു വേദന കൂടി വരുന്നു.”
”ഇന്ന് രാത്രി റെസ്റ്റ് എടുക്ക്. നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ മാറും.”
അവൻ കൈ കഴുകി വന്ന ശേഷം ദിവ്യയുടെ കൈകൾ ചേർത്തു പിടിച്ചു. “നോക്ക് ദിവ്യേ, ഞാൻ ഒരു ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ട്. ഒരു രണ്ട് മാസത്തിനുള്ളിൽ അത് ശരിയാവും എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. അങ്ങനെ ട്രാൻസ്ഫർ കിട്ടിയാൽ നമുക്ക് രണ്ടുപേർക്കും ജോലി കിട്ടുന്ന സ്ഥലത്തുള്ള ഏതെങ്കിലും ക്വാർട്ടേഴ്സിലേക്ക് മാറാം. അതു വരെ മാത്രം അമ്മയെ ഒന്ന് സഹിക്കണം. അമ്മ മോശക്കാരി ആയതുകൊണ്ടല്ല, പക്ഷേ അവരുടെ ലോകം വളരെ ചെറുതാണ്. ഒരുപക്ഷേ ഇതിലും മോശമായ അനുഭവങ്ങളിലൂടെ ആകും അമ്മ കടന്നുവന്നത് എന്ന് വച്ച് മറ്റൊരാളോട് ഇത്രയും ടോക്സിക് ആയി പെരുമാറണം എന്നല്ല ഞാൻ പറഞ്ഞത്.. അവരുടെ മനസ്സ് അങ്ങനെ ആയിപ്പോയി എത്ര പറഞ്ഞാലും അതൊന്നും മാറ്റാൻ നമുക്ക് കഴിയില്ല. അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയേ ചെയ്യൂ.. ഇപ്പോൾ ചെയ്യാനുള്ള ഒരു കാര്യം നമ്മൾ അവരിൽ നിന്ന് അകലം പാലിക്കുക എന്നതാണ്.. അങ്ങനെ ഈ ബന്ധം എന്ന്നേക്കുമായി നിലനിർത്തുക.. അതിനുള്ള ഏക പോംവഴി ആണ് എന്റെ ട്രാൻസ്ഫർ.. ശ്രീജിത്ത് പറഞ്ഞു നിർത്തി.. ദിവ്യ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. പുറത്ത് കാറ്റും മഴയും തകർത്തു പെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവൾക്ക് ഇപ്പോൾ വലിയ സമാധാനം തോന്നി.
”ശ്രീജിത്തേട്ടനെ പോലെ മനസ്സിലാക്കാൻ മനസ്സുള്ള ഒരു ഭർത്താവ് ഉണ്ടെങ്കിൽ എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.” അവൾ സ്നേഹത്തോടെ പറഞ്ഞു. മറ്റുള്ളവർ എന്ത് വിചാരിച്ചാലും, ലോകം എന്ത് പറഞ്ഞാലും, തന്റെ വേദന മനസ്സിലാക്കുന്ന, തന്നെ ഒരു മനുഷ്യനായി കാണുന്ന ഒരാൾ കൂടെയുള്ളപ്പോൾ ബാക്കിയെല്ലാം നിസ്സാരമാണെന്ന് അവൾക്ക് തോന്നി. ആ രാത്രിയുടെ തണുപ്പിലും അവളുടെ ഉള്ളിൽ സ്നേഹത്തിന്റെ ഒരു വലിയ കനൽ ഉരുകിക്കൊണ്ടിരുന്നു.
ഒരു സഹധർമ്മിണി എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിൽ തന്റെ ആവശ്യങ്ങളെയും വേദനകളെയും മാനിക്കുന്ന ഒരു പങ്കാളിയെ ലഭിച്ചത് ദൈവനിശ്ചയമാണെന്ന് അവൾ വിശ്വസിച്ചു. ജാനകിയമ്മയുടെ പ്രാക്കുകൾക്കും ശകാരങ്ങൾക്കും അപ്പുറം തങ്ങൾക്കിടയിൽ വളരുന്ന ഈ കരുതലാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. നാളെയും ജാനകിയമ്മ ചിലപ്പോൾ പുതിയ പരാതികളുമായി വരും. പക്ഷേ ശ്രീജിത്തിന്റെ ഈ കരുതൽ ഉള്ളിടത്തോളം കാലം തനിക്ക് പതറേണ്ടി വരില്ലെന്ന് അവൾ ഉറപ്പിച്ചു. നന്ദിയോടെയും സ്നേഹത്തോടെയും അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. ശ്രീജിത്ത് അവളെ നോക്കി കണ്ണ് ചിമ്മി. ആ കൊച്ചു മുറിയിൽ അപ്പോൾ സ്നേഹത്തിന്റെ സുഗന്ധം നിറഞ്ഞിരുന്നു..
