Story written by Jk
”” അമ്മേ അമ്മ കല്യാണത്തിന് ഇടാൻ എന്നും പറഞ്ഞ് എന്റെ കയ്യിൽ നിന്ന് വാങ്ങിയ ആ മുല്ല മൊട്ട് മാല എവിടെ??”” അടുക്കളയിൽ ചായയിട്ടു കൊണ്ടിരുന്ന രാജമ്മയുടെ അടുത്തേക്ക് വന്ന് അനുശ്രീ ചോദിച്ചു. അവളുടെ സ്വരത്തിൽ നേരിയ പരിഭ്രമമുണ്ടായിരുന്നു. വൈകുന്നേരം ഒരു സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന് പോകാൻ വേണ്ടി ആഭരണപ്പെട്ടിയൊക്കെ എടുത്തു വെച്ചപ്പോഴാണ് ആ മാല മാത്രം അതിലില്ലെന്ന് അവൾ ശ്രദ്ധിച്ചത്.
രാജമ്മ ഒന്ന് പതറി. പക്ഷേ, ആ മുഖത്തെ പതർച്ച പെട്ടെന്ന് തന്നെ മാഞ്ഞു. ഒരു നിഗൂഢമായ പുഞ്ചിരിയോടെ അവർ മറുപടി പറഞ്ഞു:
””അയ്യോ മോളെ, നിന്റെ നാത്തൂന് അത് കണ്ടിട്ട് അങ്ങ് ഇഷ്ടമായി. അവൾ എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു കൊണ്ട് പോയിരിക്കുകയാണ്.. അവളുടെ വീട്ടിൽ കല്യാണങ്ങൾ അല്ലേ ഇനി വരാൻ പോകുന്നത്, അതെല്ലാം കഴിഞ്ഞിട്ട് തരാം എന്ന് പറഞ്ഞു!! നമ്മൾ തമ്മിൽ എന്തിനാണ് ഒരു കണക്ക്? അതുകൊണ്ട് നിന്നോട് പറയാതെ ഞാൻ അത് എടുത്തുകൊടുത്തു!””
രാജമ്മയുടെ ഈ ‘സ്നേഹത്തിൽ പൊതിഞ്ഞ’ വാക്കുകൾ കേട്ട അനുശ്രീ തരിച്ചു നിന്നു പോയി. അവളുടെ ഉള്ളിൽ ദേഷ്യം അണപൊട്ടിയൊഴുകി.
””അതെന്ത് പണിയാ അമ്മേ?? എന്റെ മാല ആർക്കെങ്കിലും കൊടുക്കുമ്പോൾ എന്നോട് ചോദിക്കണ്ടേ?? അതെങ്ങനെയാ അമ്മ അങ്ങ് കൊടുക്കുക, അതും എന്നോട് ഒരു വാക്ക് പോലും പറയാതെ??”” അനുശ്രീയുടെ ശബ്ദം ഉയർന്നു.
””നീയിതെന്താ മോളെ ഇത്ര നിസാര കാര്യത്തിന് ഇങ്ങനെ ബഹളം വെക്കുന്നത്? സുമിത നിന്റെ നാത്തൂനല്ലേ? അന്യരല്ലല്ലോ? അവൾക്ക് അത് ഇഷ്ടപ്പെട്ടപ്പോൾ ഞാൻ കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞ് അവൾ തിരിച്ചു തരുമല്ലോ. നമ്മുടെ വീട്ടിലെ മാലയല്ലേ എന്നാ ഞാൻ കരുതിയത്..”” രാജമ്മ നിസ്സാരമായി പറഞ്ഞു.
””നമ്മുടെ വീട്ടിലെ മാലയല്ല അമ്മേ, അത് എന്റെ അച്ഛൻ എനിക്ക് തന്നതാണ്!”” അനുശ്രീ വിട്ടുകൊടുത്തില്ല. “”എന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടാണ് ഓരോ തരി സ്വർണ്ണവും ഉണ്ടാക്കിയത് എന്ന് എനിക്കറിയാം. അമ്മയ്ക്ക് ഇത് മറ്റൊരാൾക്ക് കൊടുക്കാൻ എന്ത് അവകാശമാണുള്ളത്?””
അനുശ്രീയുടെ ചോദ്യം രാജമ്മയെ ചൊടിപ്പിച്ചു. അവർ ശബ്ദം കൂട്ടി ബഹളം വെക്കാൻ തുടങ്ങി. “”ഓ… ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. നിനക്ക് ഈ വീട്ടിലെ ആളുകളെ വിശ്വാസമില്ല. ഒരു മാല എടുത്തു കൊടുത്തതിന് നീ എന്നെ ഇങ്ങനെ ചോദ്യം ചെയ്യണമെങ്കിൽ നിന്റെ മനസ്സിലിരിപ്പ് എനിക്ക് പിടികിട്ടി. ഈ വീട്ടിൽ ഇനി എനിക്ക് ഒരു വിലയുമില്ലേ?””
ബഹളം കേട്ട് അനുശ്രീയുടെ ഭർത്താവ് മിഥുൻ അകത്തേക്ക് വന്നു. ””എന്താ ഇവിടെ പ്രശ്നം? എന്തിനാ എല്ലാവരും കൂടി ഇങ്ങനെ ഒച്ച വെക്കുന്നത്?”” മിഥുൻ ചോദിച്ചു.
അനുശ്രീ നടന്ന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു. മിഥുൻ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജമ്മ വിടാൻ ഭാവമില്ലായിരുന്നു. അവർ കരച്ചിലിന്റെ വക്കിലെത്തി. “”മിഥുനേ, നിന്റെ ഭാര്യ എന്നെ ഇങ്ങനെ അധിക്ഷേപിക്കുമെന്ന് ഞാൻ കരുതിയില്ല. അവളുടെ സാധനം ഞാൻ മോഷ്ടിച്ചു കൊണ്ടുപോയി എന്നാണല്ലോ ഇവൾ പറയുന്നത്!””
മിഥുൻ അനുശ്രീയെ നോക്കി. “”അനു, അത് സുമിതയല്ലേ കൊണ്ടുപോയത്? അവൾക്ക് കൊടുത്തതിന് എന്തിനാ ഇങ്ങനെ വഴക്കുണ്ടാക്കുന്നത്?””
””മിഥുൻ, പ്രശ്നം സുമിത കൊണ്ടുപോയതല്ല,”” അനുശ്രീ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”പ്രശ്നം എന്റെ സമ്മതമില്ലാതെ അമ്മ അത് എടുത്തു കൊടുത്തു എന്നതാണ്. എന്റെ കല്യാണം കഴിഞ്ഞു വന്ന അന്ന് മുതൽ എന്റെ സ്വർണ്ണമെല്ലാം അമ്മയുടെ കയ്യിലാണ്. എനിക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ പോലും അമ്മയോട് കെഞ്ചി ചോദിക്കണം. കഴിഞ്ഞദിവസം ഞാൻ ബഹളം വെച്ചതിനെ തുടർന്ന് ആണ് അമ്മ എന്റെ സ്വർണം എന്റെ കയ്യിൽ തന്നത്. എന്റെ മുറിയിൽ അലമാരയിൽ പൂട്ടി വച്ച് സ്വർണം എന്റെ സമ്മതം ചോദിക്കാതെയാണ് അമ്മ എടുത്തത്.. അത് ശരിയായി എന്ന് മിഥുനു തോന്നുന്നുണ്ടോ… നോക്ക് ഒരാൾക്ക് ഏറ്റവും അത്യാവിശ്യം വേണ്ടത് കുറച്ചു പ്രൈവസി ആണ് അതെനിക്ക് ഇവിടെ ഇല്ല.. ഇത് എന്റെ ജീവിതമാണ്, എന്റെ സാധനങ്ങളാണ്. എനിക്ക് അതിൽ ഒരവകാശവുമില്ലേ?””
അനുശ്രീ ചോദിച്ചപ്പോൾ മിഥുന് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല..
രാജമ്മയുടെ പെരുമാറ്റം അനുശ്രീക്ക് പണ്ടേ മടുത്തിരുന്നു. അവളുടെ അച്ഛൻ, ഒരു സാധാരണ കർഷകൻ, മകളുടെ കല്യാണത്തിന് വേണ്ടി ഓരോ മാസവും മിച്ചം പിടിച്ചുണ്ടാക്കിയ സ്വർണ്ണമായിരുന്നു അത്. പക്ഷേ, ഈ വീട്ടിൽ വന്നത് മുതൽ ആ സ്വർണ്ണത്തിന്റെ താക്കോൽ രാജമ്മയുടെ കയ്യിലായിരുന്നു. അനുശ്രീക്ക് ഒരു മാല ഇടണമെങ്കിൽ പോലും രാജമ്മയുടെ ‘അനുമതി’ വേണമായിരുന്നു..
അവൾക്ക് എങ്ങോട്ടെങ്കിലും പോകണം എന്ന് ഉണ്ടെങ്കിൽ രാജമ്മയോട് സ്വർണം കെഞ്ചി ചോദിക്കണം.. കുറച്ചുനാൾ ഒക്കെ അവൾ അത് സഹിച്ചു പിന്നീട് അത് ശരിയാവില്ല എന്ന് മനസ്സിലായപ്പോഴാണ് വഴക്കിട്ട് സ്വർണം തിരികെ വാങ്ങി അവൾ അവളുടെ കയ്യിൽ സൂക്ഷിക്കാൻ തുടങ്ങിയത്.. അതിനിടയിലാണ് കല്യാണത്തിന് പോകണം എന്നൊക്കെ പറഞ്ഞ് മാല എടുത്തു കൊണ്ട് പോയത്.. എന്നിട്ട് ഒരു വാക്ക് പോലും പറയാതെ അത് മിഥുന്റെ പെങ്ങൾ സുമിതക്ക് കൊടുത്തിരിക്കുന്നു.. സുമിത ആണെങ്കിൽ ഒരു ആർത്തി പിടിച്ചവൾ ആണ് നല്ലത് എന്തെങ്കിലും കണ്ടാൽ അവൾക്ക് അപ്പോ അത് വേണം. അത് ചുരിദാർ ആയാലും ശരി സാരി ആയാലും ശരി സ്വർണം ആയാലും ശരി.. ഇതും മെല്ലെ കൊണ്ടുപോയി അവളുടെതാക്കാനുള്ള പ്ലാൻ ആണ് എന്ന് അനുശ്രീക്ക് മനസ്സിലായി അതുകൊണ്ടാണ് അവൾ ഇത്രയും ബഹളം വെച്ചത്..
അന്ന് രാത്രി മിഥുൻ ആലോചനയിലാണ്ടു. അനുശ്രീ പറഞ്ഞതിൽ കാര്യമു ണ്ടെന്ന് അവന് തോന്നി. സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അവൾക്ക് സ്വാതന്ത്ര്യം വേണം. രാജമ്മയുടെ അമിതമായ നിയന്ത്രണങ്ങൾ പലപ്പോഴും അവരുടെ സ്വകാര്യതയെ പോലും ബാധിച്ചിരുന്നു. പിറ്റേന്ന് രാവിലെ മിഥുൻ രാജമ്മയോട് സംസാരിക്കാൻ തീരുമാനിച്ചു. “”അമ്മേ, അനുശ്രീ പറഞ്ഞതിൽ തെറ്റില്ല. അവളുടെ സാധനങ്ങൾ അവളോട് ചോദിക്കാതെ ആർക്കും കൊടുക്കാൻ പാടില്ല. അത് ഇപ്പോ സുമിതക്കാണെങ്കിലും ശരി. അനുശ്രീയുടെ അച്ഛൻ അത്രയും കഷ്ടപ്പെട്ട് സ്വർണമാക്കി കൊടുത്തത് അത് അവളുടെ ആവശ്യത്തിനാണ്.. അത് നമ്മുടെ ഇഷ്ടത്തിന് ഓരോന്ന് ചെയ്യുന്നത് ശരിയല്ല. അതുകൊണ്ട് ആ മാല ഉടനെ തന്നെ തിരിച്ചു വാങ്ങണം.”” മിഥുൻ പറഞ്ഞു..
രാജമ്മ ഞെട്ടിപ്പോയി സ്വന്തം മകൻ ഇതുപോലെ പറയും എന്ന് അവർ കരുതിയില്ല ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ അവൻ തന്റെ കൂടെ നിൽക്കും.. അനുശ്രീയെ ചീ,ത്ത പറയും.. അതോടെ ഇതുപോലെ ഇനി എന്ത് എടുത്താലും അവൾ ഒന്നും മിണ്ടാതാകും എന്നൊക്കെയായിരുന്നു രാജമ്മയുടെ കണക്കുകൂട്ടൽ… “”നീയും അവളുടെ കൂടെ കൂടിയോ മിഥുനേ? ഞാൻ നിന്നെ ഇത്രയും കഷ്ടപ്പെട്ട് വളർത്തിയത് ഒരു പെണ്ണ് വരുമ്പോൾ അമ്മയെ തള്ളിപ്പറയാനാണോ?””
അമ്മയുടെ സ്ഥിരം സെന്റിമെന്റൽ നാടകങ്ങൾ തുടങ്ങുകയാണെന്ന് മിഥുന് മനസ്സിലായി. “”ഇത് തള്ളിപ്പറയലല്ല അമ്മേ. ഇത് സത്യമാണ്. ഇത്രയും കാലം അനുശ്രീ ഒന്നും മിണ്ടാതിരുന്നത് അവളുടെ നല്ല സ്വഭാവം കൊണ്ടാണ്. പക്ഷേ ഇതിനിയും തുടരാൻ പറ്റില്ല.””
കലഹം രൂക്ഷമായി. രാജമ്മ തന്റെ പഴയ അടവുകൾ എല്ലാം പുറത്തെടുത്തു. വീടിനുള്ളിൽ സമാധാനമില്ലാത്ത അന്തരീക്ഷമായി. ഓരോ നിമിഷവും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും അനുശ്രീക്ക് സഹിക്കേണ്ടി വന്നു. അന്ന് വൈകുന്നേരം മിഥുൻ അനുശ്രീയെ അടുത്തു വിളിച്ചു. “”അനു, നമുക്ക് ഇവിടെ ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. അമ്മയുടെ രീതികൾ മാറാൻ പോകുന്നില്ല. നിന്റെ മനഃസമാധാനം കളഞ്ഞു ഇവിടെ ജീവിക്കുന്നതി നേക്കാൾ നല്ലത് നമുക്ക് മാറി താമസിക്കുന്നതാണ്.”” അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു. അവൾ മിഥുന്റെ കൈകളിൽ മുറുക്കി പിടിച്ചു. “”മിഥുൻ, എനിക്ക് ആഡംബരമൊന്നും വേണ്ട. ഒരു ചെറിയ വാടകവീട്ടിലാണെങ്കിലും സമാധാന മായി ഉറങ്ങാൻ പറ്റിയാൽ മതി. ആരുടെയും ദയയ്ക്ക് കാത്തു നിൽക്കാതെ ജീവിക്കണം.””
അവർ രണ്ടുപേരും ആ തീരുമാനത്തിൽ ഉറച്ചുനിന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മിഥുൻ ഓഫീസിനടുത്ത് ഒരു ചെറിയ ഫ്ലാറ്റ് കണ്ടെത്തി. സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടയിൽ രാജമ്മ വീണ്ടും വന്നു. “”നിങ്ങൾ പോവുകയാണല്ലേ? ഈ തള്ളയെ ഒറ്റയ്ക്കാക്കിയിട്ട് നിങ്ങൾ സന്തോഷിക്കുമെന്ന് കരുതുന്നുണ്ടോ?””
മിഥുൻ ശാന്തനായി മറുപടി പറഞ്ഞു: “”അമ്മേ, ഞങ്ങൾ അമ്മയെ ഉപേക്ഷിക്കുകയല്ല. ഇടയ്ക്കിടെ വന്ന് അമ്മയെ കാണും. പക്ഷേ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം. അതിന് ഈ ദൂരം അത്യാവശ്യ മാണ്. അമ്മയുടെ മനസ്സ് കണ്ട് ഇവിടെത്തന്നെ നിന്നിട്ടുണ്ടെങ്കിൽ അമ്മയുടെ സ്വഭാവം ഇതിലും മോശമാകും.. ഇപ്പോ എനിക്ക് അമ്മയോട് ചെറിയ ഒരു ഇഷ്ടമുണ്ട് അതും പോകും.”” അത്രയും പറഞ്ഞ് അനുശ്രീയും മിഥുനും ആ വീട്ടിൽ നിന്നിറങ്ങി. അവരുടെ പുതിയ ചെറിയ വീട്ടിലേക്ക് കയറുമ്പോൾ വലിയ ആശ്വാസമാണ് അനുശ്രീക്ക് തോന്നിയത്. അവിടെ രാജമ്മയുടെ ചോദ്യം ചെയ്യലുകളില്ല, തന്റെ സാധനങ്ങൾ മറ്റൊരാൾക്ക് കൊടുക്കുന്ന വേദനയില്ല.
സ്വന്തം അധ്വാനത്തിൽ ഉണ്ടാക്കിയ ആ ചെറിയ ലോകത്ത്, അവൾ അന്ന് രാത്രി സ്വസ്ഥമായി ഉറങ്ങി. ഒരുപക്ഷേ ആ മുല്ല മൊട്ട് മാല അവൾക്ക് ഇനി തിരിച്ചു കിട്ടിയെന്നു വരില്ല, പക്ഷേ അതിനേക്കാൾ വിലയുള്ള ‘സ്വാതന്ത്ര്യം’ അവൾക്ക് ലഭിച്ചു കഴിഞ്ഞു.
