എഴുത്ത് :- ശ്വേത
“നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് ഇപ്പോൾ കല്യാണം ആലോചിക്കാൻ? എന്നിട്ട് കണ്ടുപിടിച്ചു കൊണ്ടുവന്നേക്കുന്നു ഒരു കൂലിപ്പണിക്കാരനെ… നാണമില്ലേ എന്നോട് ഇത് പറയാൻ?”ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു വേണി.
ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വേണി. അമ്മയുടെ വാശി കാരണം അവളുടെ ജാതകം ഒന്നു നോക്കിച്ചപ്പോഴാണ് കല്യാണ സമയം ആയെന്ന് അറിഞ്ഞത്. ഇപ്പോൾ കല്യാണം നടന്നില്ലെങ്കിൽ പിന്നെ വർഷങ്ങൾ കുറെ കഴിഞ്ഞേ അങ്ങനെ ഒരു യോഗം ഉണ്ടാവൂ എന്ന് കൂടി കേട്ടപ്പോൾ അമ്മയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അച്ഛനും സമാധാനം കൊടുക്കാതെ ആയതോടെ, വേണിക്ക് കല്യാണം ആലോചിക്കാം എന്ന് അച്ഛൻ തീരുമാനിച്ചു.
ആദ്യത്തെ നറുക്ക് വീണത് വേണിയുടെ അമ്മാവന്റെ മകൻ ഹരിയ്ക്കാണ്. ചെറുപ്പത്തിൽ എപ്പോഴോ വേണിയും ഹരിയും ഒന്നിക്കണം എന്നൊരു ആഗ്രഹം, വേണിയുടെ മുത്തശ്ശി പറഞ്ഞിരുന്നത്രേ… അത് നടപ്പിലാക്കാനുള്ള ശ്രമം ആയിരുന്നു മാതാപിതാക്കളുടേത്.
“മോളേ, ഹരി ഇപ്പോൾ കൂലിപ്പണിക്കാരൻ ആണെങ്കിലും, തീരെ വിദ്യാഭ്യാസം ഇല്ലാത്ത ഒരാൾ അല്ലല്ലോ അവൻ? പിജി വരെ പഠിച്ചതല്ലേ? അവനു പുറത്തൊന്നും പോയി ജോലി ചെയ്യാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ലേ കൃഷി ചെയ്യാൻ ഇറങ്ങിയത്? എന്നാൽ എന്താ, തൊട്ടതെല്ലാം പൊന്നാക്കുകയല്ലേ അവൻ? നിനക്ക് അവൻ ഒരു കുറവും വരുത്തില്ല.”.’അമ്മ ഉറപ്പിച്ചു പറഞ്ഞു.
“ശരി… നിങ്ങളൊക്കെ പറയുന്നത് പോലെ ഞാൻ കല്യാണത്തിന് സമ്മതിക്കാം. പക്ഷേ, ഒരു കണ്ടിഷൻ ഉണ്ട്.” വേണി പറഞ്ഞത് കേട്ട് അവളുടെ അച്ഛനും അമ്മയും പരസ്പരം നോക്കി.
“അത്ര വല്യ കാര്യം ഒന്നുമല്ല. എന്നെ കല്യാണം കഴിക്കാൻ ഹരിയേട്ടന് താല്പര്യം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയണം.”.അവൾ പറഞ്ഞത് കേട്ട് അമ്മയുടെ മുഖം തെളിഞ്ഞു.
“അതിപ്പോ പ്രത്യേകിച്ച് പറയാനുണ്ടോ? അവനും കൂടി താല്പര്യം ഉള്ളത് കൊണ്ട് ആയിരിക്കുമല്ലോ ഏട്ടൻ ഇങ്ങനെ ഒരു ആലോചന വച്ചത്?”.’അമ്മ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചു.
“താല്പര്യം ഉള്ളത് കൊണ്ട് ആയിരിക്കും എന്ന്. ആ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പില്ല. പക്ഷെ, എനിക്ക് ആ ഉറപ്പ് കിട്ടണം. അത് ഹരിയേട്ടനിൽ നിന്ന് തന്നെ കിട്ടണം. ഹരിയേട്ടൻ എന്നോട് വന്നു പറയണം എന്നെ കെട്ടാൻ തയ്യാറാണെന്ന്, എന്നെ ഇഷ്ടമാണെന്ന്…”.അത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ മുറിയിലേക്ക് കയറിപ്പോയി.
അവൾ എന്ത് ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു അവളുടെ അച്ഛനും അമ്മയും. എന്തായാലും കല്യാണം നടത്തിയല്ലേ പറ്റൂ …ഒരു നിമിഷം പോലും പാഴാക്കാതെ, വേണിയുടെ നിലപാട് അവളുടെ ‘അമ്മ, ഹരിയുടെ അമ്മയെ അറിയിച്ചു.
“ഇതിപ്പോ വല്ലാത്ത തൊന്തരവ് ആയല്ലോ അനിതേ… ഇവിടെ ഒരുത്തനോട് ഞാൻ ഇതും പറഞ്ഞു ചെന്നാൽ എന്താ ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. അല്ലെങ്കിൽ തന്നെ ഇവരുടെ കല്യാണം ചെറുപ്പത്തിലേ പറഞ്ഞു ഉറപ്പിച്ചതല്ലേ? പിന്നെന്താ ഇങ്ങനെ?”.ഹരിയുടെ ‘അമ്മ ചോദിച്ചു.
“എനിക്ക് അറിയില്ല ചേച്ചി… ആ പെണ്ണ് എന്താ മനസ്സിൽ കണ്ടേക്കുന്നത് എന്ന് ദൈവത്തിനറിയാം. ചേച്ചി അവനോട് ഒന്ന് സംസാരിച്ചിട്ട് എന്താ എന്നുവച്ചാൽ തീരുമാനിക്ക്.”.അനിത പറഞ്ഞു കൊണ്ട് കാൾ കട്ടാക്കി..സരോജിനിയുടെ നോട്ടം അകത്തെ മുറിയിലേക്ക് ഒരു നിമിഷം ഒന്ന് പാളി..‘അവനോട് ഞാൻ ഇതെങ്ങനെ പറയും എന്റെ ഈശ്വരാ!’ സരോജിനി നെടുവീർപ്പിട്ടു. പിന്നെ എന്തും വരട്ടെ എന്ന് കരുതി ആ മുറി ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ, കട്ടിലിൽ കിടക്കുകയായിരുന്നു ഹരി. ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ ആ ഭാഗത്തേക്ക് നോക്കി.
“എന്താ അമ്മേ?”
“അത്… അനിത വിളിച്ചിരുന്നു.” അമ്മ പറഞ്ഞത് കേട്ട് ഹരി കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നു.
“അമ്മായി എന്താ പറഞ്ഞേ?”.താല്പര്യത്തോടെ ആയിരുന്നു ഹരിയുടെ ചോദ്യം.
“വേണി വാശിയിലാണ്. കല്യാണം നടക്കണമെങ്കിൽ, നീ അവളോട് നേരിട്ട് ചെന്ന് സമ്മതം പറയണം എന്നാ അവൾ പറയുന്നത്.”.പരുങ്ങലോടെ സരോജിനി പറഞ്ഞത് കേട്ട് ഹരി ഒന്ന് നെടുവീർപ്പിട്ടു.
“അവൾക്ക് അത്ര വാശിയാണേൽ വേണ്ടെന്ന് വെയ്ക്കാം. ഈ ഭൂമിയിൽ പെണ്ണായിട്ട് അവൾ മാത്രമല്ലല്ലോ ഉള്ളത്?”.ഹരി വാശിയോടെ പറയുന്നത് കേട്ടു കൊണ്ടാണ് അവന്റെ സഹോദരി ഹരിത അവിടേക്ക് കയറി വരുന്നത്.
“ആഹ്, പണ്ട് ഇതുപോലെ ഒന്ന് പറഞ്ഞതിനാ അവൾ ഈ വാശി പിടിക്കുന്നത്. അത് ഓർമയുണ്ടല്ലോ…” ഹരിത ചോദിച്ചത് കേട്ട് സരോജിനി മുഖം ചുളിച്ചു.
“നീ എന്ത് കാര്യമാ ഈ പറയുന്നത്?” അമ്മയുടെ ചോദ്യം കേട്ടപ്പോൾ ഹരിത നോക്കിയത് ഹരിയെ ആണ്. അവൻ അമ്മയോട് ഒന്നും പറയണ്ട എന്ന രീതിയിൽ കണ്ണും കൈയും ഒക്കെ കാണിക്കുന്നുണ്ട്.
“ഏട്ടൻ ഒന്നും പറയണ്ട. ‘അമ്മ ഇനിയെങ്കിലും കാര്യം അറിയണ്ടേ?” അവൾ ചോദിച്ചത് കേട്ട് അവൻ മുഖം തിരിച്ചു. മക്കൾ രണ്ടാളുടെയും ഭാവങ്ങളിൽ നിന്ന് കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്ന് ‘അമ്മ ഊഹിച്ചു.
“നീ കാര്യം പറയ് ഹരിതേ…” ‘അമ്മ ആവശ്യപ്പെട്ടതോടെ പിന്നീട് ഒന്നും ആലോചിക്കാൻ നിൽക്കാതെ ഹരിത ആ കഥ പറഞ്ഞു തുടങ്ങി.
“അമ്മേ… ഏട്ടൻ പിജി ക്ക് പഠിക്കുന്ന സമയം… അന്ന് വേണി പ്ലസ് വണ്ണിലാണ്. അവൾ കൂട്ടുകാരോട് എന്തോ ബെറ്റ് വച്ചിട്ട് ഏട്ടനോട് ഇഷ്ടം പറയാൻ വന്നു. കൂടെ അവളുടെ കുറച്ചു കൂട്ടുകാരികളും ഉണ്ടായിരുന്നു. എട്ടന്റേം അവളുടെം കല്യാണം നടക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവൾ അവരെ കൂട്ടിക്കൊണ്ട് വന്നത് തന്നെ. അവൾ ഇഷ്ടം പറഞ്ഞാൽ ഏട്ടൻ എതിർക്കില്ലെന്ന് പ്രതീക്ഷിച്ചു കാണും. അവൾ വന്നു അത് പറയേണ്ട താമസം, ഏട്ടൻ അവളെ നിഷ്കരുണം തള്ളിക്കളഞ്ഞു. അവളെ ഭാര്യ എന്ന സ്ഥാനത്തേക്ക് സങ്കല്പിച്ചിട്ട് പോലുമില്ല എന്ന് പറഞ്ഞു. അതോടെ അവൾ ആകെ തകർന്നു പോയി. കൂട്ടുകാരുടെ പരിഹാസം വേറെ… അന്ന് തൊട്ടാണ് അവൾ ഏട്ടനെ ശ്രദ്ധിക്കാതെ ആയത്. ഇപ്പോൾ കല്യാണത്തിന് അവൾ ഇങ്ങനെ ഓരോ ഡിമാൻഡ് വയ്ക്കുന്നത് എന്തിനാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ലേ?”.ഹരിത ചോദിച്ചു. അവൾ പറഞ്ഞതൊക്കെ കേട്ട് സരോജിനിയമ്മ ഹരിയെ തറപ്പിച്ചു നോക്കി.
“എന്തൊക്കയാടാ ഇത്? ചുമ്മാതല്ല ആ പെൺകൊച്ചു ഇത്രേം വാശി പിടിക്കുന്നത്. നീയായിട്ട് ഉണ്ടാക്കി വച്ച പുലിവാല് അല്ലേ? അപ്പോൾ നീ തന്നെ പരിഹാരം കണ്ടോ…” അത്രയും പറഞ്ഞുകൊണ്ട് അവർ ആ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
“ആഹാ, അവൾക്ക് അത്ര വാശിയാണെങ്കിൽ അതിനൊരു പരിഹാരം കണ്ടിട്ടേയുള്ളൂ ബാക്കി കാര്യം.” ഹരി അത് പറയുന്നതിനൊപ്പം ഹരിതയെ നോക്കി കണ്ണ് ചിമ്മി.
“പോകുന്നത് ആരുടെ അടുത്തേക്ക് ആണെന്ന് ഓർമ്മയുണ്ടല്ലോ അല്ലേ… പണ്ടത്തെപ്പോലെ ഓരോ ഭീഷണിയും കൊണ്ട് ചെല്ലാൻ ആണെങ്കിൽ അവളുടെ കയ്യിൽ നിന്ന് വീണ്ടും വാങ്ങിക്കൂട്ടാം…” ഹരിത പറഞ്ഞത് കേട്ട് ഹരി ചിരിയോടെ തലയാട്ടി. വേണിയെയും തിരക്കി ഹരി നേരെ പോയത് അവൾ സ്ഥിരമായി പോകാറുള്ള ലൈബ്രറിയിലേക്ക് തന്നെയായിരുന്നു. അവളും സുഹൃത്തുക്കളും ആഴ്ചയിലൊരിക്കൽ വായനശാലയിൽ സന്ദർശകരാണ്. അത് ഹരിക്ക് അറിയാവുന്ന കാര്യവുമാണ്. അവൻ ലൈബ്രറിയിൽ ചെല്ലുമ്പോൾ പ്രതീക്ഷ തെറ്റിക്കാതെ വേണി അവിടെത്തന്നെ ഉണ്ടായിരുന്നു.
“ഡീ വേണി…” അവളുടെ അടുത്തേക്ക് ചെന്നുകൊണ്ടുള്ള അവന്റെ വിളികേട്ട് അവളും സുഹൃത്തുക്കളും ഒന്നിച്ചു തിരിഞ്ഞു നോക്കി. ഹരിയെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായെങ്കിലും അത് മറച്ചു വച്ചു കൊണ്ട് അവൾ തന്റെ സുഹൃത്തുക്കളേ നോക്കി. ഹരിയുടെ വരവ് എന്തിനാണ് എന്ന് അറിയാത്തതുകൊണ്ട് ആകെ അമ്പരപ്പിൽ ആയിരുന്നു അവരും.
“ എന്നെ കെട്ടാൻ പറ്റില്ല എന്ന് നീ നിന്റെ അമ്മയോട് പറഞ്ഞോ?” അവളെ കണ്ടപാടെ അവൻ ചോദിച്ചത് അതായിരുന്നു.
“ പറഞ്ഞു… അതിലെന്താ തെറ്റ്? എന്നെ ഇഷ്ടമല്ലാത്ത ഒരാളിനൊപ്പം ഞാൻ എന്തിനാണ് എന്റെ ജീവിതം ജീവിച്ചു തീർക്കുന്നത്? അതിലും നല്ലത് എന്നെ സ്നേഹിക്കാൻ പറ്റുന്ന ഏതെങ്കിലും ചെക്കനോടൊപ്പം ജീവിക്കുന്നതല്ലേ…”
വേണി ചോദിക്കുന്നത് കേട്ട് ചിരിയോടെ നിൽക്കുന്നുണ്ടെങ്കിലും ഹരിയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു.
“അങ്ങനെ ഏതെങ്കിലും ഒരുത്തനെ കെട്ടാൻ ആയിരുന്നെങ്കിൽ നീ എന്തിനാ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്?”.അവൻ ചോദിച്ചത് കേട്ട് അവൾ അവനെ തറപ്പിച്ചു നോക്കി.
“ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതിനുള്ള മറുപടിയും എനിക്ക് കിട്ടിയതാണല്ലോ.. ഞാൻ അന്ന് തന്നെ ആ ഇഷ്ടമൊക്കെ എന്റെ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞു. ഇപ്പോൾ എന്റെ മനസ്സിൽ അത് ഒന്നുമില്ല.”.അവൾ പറയുന്നത് കേട്ട് അവൻ ഒരു ചുവടു കൂടി മുന്നോട്ടു നടന്നു.
“അങ്ങനെ വേണ്ടെന്നു വയ്ക്കാൻ ഞാൻ സമ്മതിക്കില്ലെങ്കിലോ?” അവൻ ചോദിക്കുന്നതിന്റെ അർത്ഥം മനസ്സിലാകുന്നുണ്ടെങ്കിലും അറിയാത്ത ഭാവം നടിച്ചു വേണി.
“ഇങ്ങനെ ഉണ്ടക്കണ്ണും വച്ച് നോക്കണ്ട. എനിക്ക് നിന്നെ ഇഷ്ടമാണ്.. അതും വർഷങ്ങളായിട്ടുള്ള ഇഷ്ടം.. ഇപ്പോൾ നിന്റെ മനസ്സിൽ സംശയം ഉണ്ടാകും എന്ന് എനിക്കറിയാം.. അന്ന് നിന്നോട് അങ്ങനെ പറഞ്ഞത് മനപ്പൂർവം തന്നെ യാണ്. അല്ലെങ്കിൽ തന്നെ നീ പഠിക്കാൻ മണ്ടിയാണ്. അപ്പോൾ പിന്നെ ഞാൻ ഈ ഇഷ്ടം കൂടി പറഞ്ഞിട്ട് വേണം നീ ഒന്നും പഠിക്കാതെ ആവാൻ.. അല്ലെങ്കിൽ തന്നെ നിനക്ക് ബോധമില്ലേ? നമ്മുടെ കല്യാണം വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചതാണ് എന്ന് നിനക്ക് അറിയാവുന്നതല്ലേ.. അപ്പോൾ പിന്നെ ഈ ഹരി എന്നും വേണിയുടേതാണ് എന്ന് നിനക്കെന്താ ചിന്തിക്കാൻ പറ്റാത്തത്…?”
അവളിലേക്ക് ചേർന്നു നിന്നു കൊണ്ട് അവൻ ചോദിക്കുമ്പോൾ അവളുടെ മുഖത്തേക്ക് നാണം ഇരച്ചു കയറി. അപ്പോഴും അവളുടെ ഒരു നോട്ടം ഒപ്പമുള്ള സുഹൃത്തുക്കളെ ആയിരുന്നു. മുൻപൊരിക്കൽ അവൻ അവളുടെ ഇഷ്ടം നിരസിച്ചത് അതെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ആയിരുന്നു…. അന്ന് അതിന്റെ പേരിൽ അവർ അവളെ ഒരുപാട് കളിയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നിപ്പോൾ അതിനൊക്കെയുള്ള ഒരു മധുര പ്രതികാരം പോലെയാണ് അവൾക്ക് തോന്നിയത്… അവന്റെ നെഞ്ചോരം ചായുമ്പോൾ അവളുടെ ഉള്ളിൽ ഒരു കല്യാണം മേളം മുഴങ്ങി തുടങ്ങിയിരുന്നു.
☆☆☆☆☆☆)☆
