എഴുത്ത്:-സജി തൈപ്പറമ്പ്
വീക്കൻഡായത് കൊണ്ട് ട്രെയിനിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു ,
റിസർവ്വേഷൻ ടിക്കറ്റ് ഉള്ള ഞാൻ എനിക്ക് കിട്ടിയ വിൻഡോ സീറ്റിൽ ആദ്യമേ കയറിയിരുന്നു
ട്രെയിൻ പുറപ്പെടാനുള്ള വിസിലടി പുറകിൽ നിന്ന് കേട്ടു, അപ്പോഴും വാതില്ക്കൽ അകത്തേയ്ക്ക് കയറിപ്പറ്റാനുള്ളവരുടെ ഉന്തും തള്ളുമായിരുന്നു
പെട്ടെന്നാണ് ആ കൂട്ടത്തിൽ നിന്നൊരു യുവതി , ഞാനിരുന്ന വിൻഡോയിലൂടെ അവളുടെ തോൾ ബാഗ്, എൻ്റെ കൈയ്യിലേയ്ക്ക് തന്നിട്ട്, അപ്പുറത്തെ ഒഴിവുള്ള ഒരു സീറ്റ് ചൂണ്ടിക്കാട്ടി അതിലേയ്ക്കൊന്ന് വയ്ക്കാൻ പറഞ്ഞത്,
അപ്പോഴേക്കും ട്രെയിനിൻ്റെ നീട്ടിയുള്ള ഹോൺ മുഴങ്ങുകയും മുന്നോട്ട് ചലിച്ച് തുടങ്ങുകയും ചെയ്തു.
ഉള്ളിലൊരു ആന്തലോടെ, അവര് ട്രെയിനിൽ കയറിയോ എന്ന് ഞാൻ തിരിഞ്ഞ് നോക്കി.
പ്ളാറ്റ്ഫോമിൽ ആരെയും കാണാതിരുന്നപ്പോൾ, അവർ അകത്ത് കയറിയിട്ടുണ്ടാവുമെന്ന് ഞാൻ ആശ്വസിച്ചു.
സീറ്റുകൾക്ക് നടുവിലൂടെ അപ്പോഴും ആളുകൾ തിക്കിത്തിരക്കി തങ്ങളുടെ സീറ്റിനായി തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു.
എൻ്റെ കണ്ണുകൾ ആ യുവതിയെ പരതുകയായിരുന്നു ,പെട്ടെന്നവൾ ഞാൻ ബാഗ് വച്ച സീറ്റിൽ വന്നിരുന്നിട്ട്, ബാഗ് മടിയിൽ വച്ച് എന്നെ നോക്കി പുഞ്ചിരിച്ചു.
വളരെ പെട്ടെന്നാണ് ട്രെയിനിൻ്റെ വേഗത വർദ്ധിച്ചത് ,ഒന്ന് രണ്ട് ചെറിയ സ്റ്റേഷനുകൾ കടന്ന് പോയി, പതിവ് പോലെ ടിക്കറ്റ് എക്സാമിനർ കടന്ന് വന്നു
ഞാൻ മൊബൈലെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സ്ക്രീൻ ഷോട്ട് കാണിച്ച് കൊടുത്തു, മറ്റുള്ളവർ അവരവരുടെ ടിക്കറ്റുകൾ ഹാജരാക്കിയെങ്കിലും ആ സ്ത്രീയുടെ കൈയിൽ മാത്രം ടിക്കറ്റില്ലായിരുന്നു
അവർ എക്സാമിനറോട് എന്തോ എക്സ്ക്യൂസ് പറഞ്ഞെങ്കിലും അയാൾ ഫൈനടയ്ക്കണമെന്നും ഷൊർണ്ണൂരെത്തുമ്പോൾ ഇറങ്ങി ജനറൽ കമ്പാർട്ട്മെൻറിൽ കയറണമെന്നും നിർദ്ദേശിച്ചു
ഷൊർണ്ണൂരിൽ നിന്ന് കയറുന്ന ആളാണ് ആ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത് അത് കൊണ്ട് അവിടെ വരെ ഇരിക്കാൻ അയാൾ അവരെ അനുവദിച്ചു
ഇത് റിസർവേഷൻ ക്ളാസ്സാണെന്ന് അറിയില്ലായിരുന്നോ ?
എക്സാമിനർ പോയി കഴിഞ്ഞപ്പോൾ ,ഞാനവരോട് കുശലം ചോദിച്ചു
അറിയാമായിരുന്നു, പക്ഷേ എനിക്ക് പെട്ടെന്ന് യാത്ര പുറപ്പെടേണ്ടി വന്നു, ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോൾ നല്ല തിരക്ക്,ട്രെയിൻ വിട്ട് പോകുമെന്ന് പേടിച്ചാണ് ടിക്കറ്റെടുക്കാതെ ഓടി വന്ന് ട്രെയിനിൽ കയറിയത്, ടിക്കറ്റ് പരിശോധനയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ല ,ഫൈനടച്ച് കഴിഞ്ഞപ്പോൾ പേഴ്സ് കാലിയായി, ഇനിയിപ്പോൾ കുറ്റിപ്പുറത്ത് നിന്ന് വീട്ടിലെത്താനുള്ള വണ്ടി കൂലി മാത്രമേ കഷ്ടിച്ചുണ്ടാവു ,,
ഒരു ഹാൻഡ് കർച്ചീഫും, കെ എസ് ആർ ടി സി ബസ്സിൻ്റെ ടിക്കറ്റും, പിന്നെ മുഷിഞ്ഞ കുറച്ച് പത്ത് രൂപാ നോട്ടുകളും മാത്രമുള്ള അവളുടെ പേഴ്സ് എന്നെയവൾ തുറന്ന് കാണിച്ചു
വെപ്രാളത്തിനിറങ്ങിയത് കൊണ്ട് ഒന്നും കഴിക്കാതെയാണ് ഓടി വന്ന് ട്രെയിനിൽ കയറിയത് ,സാരമില്ല ഇനിയിപ്പോൾ വീട്ടിൽ ചെന്നിട്ട് എന്തേലും കഴിക്കാം
അവൾ സ്വയം സമാധാനിച്ചു
അല്ല എവിടെയാ വീട് ?എന്ത് ചെയ്യുന്നു ?ഹസ്ബൻ്റും കുട്ടികളുമൊക്കെ?
അറിയാനുള്ളതെല്ലാം ഞാൻ ഒറ്റച്ചോദ്യത്തിലൊതുക്കി
കുറ്റിപ്പുറത്ത് നിന്ന് നിലമ്പൂർക്ക് പോകുന്ന വഴിയാണ് ,സ്റ്റേഷനിൽ നിന്ന് ബസ്സിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യണം ,കുട്ടികളില്ല ,ഹസ്ബൻ്റ് ഒരു ആക്സിഡൻ്റ് പറ്റി കിടപ്പിലാണ്, എനിക്ക് ചെറിയൊരു ജോലിയുണ്ട് ,അത് കൊണ്ടാണ് ഞാനും അദ്ദേഹത്തിൻ്റെ അമ്മയും അടങ്ങുന്ന കുടുംബം കഴിയുന്നത്
അവൾ പറഞ്ഞ ജീവിത കഥകൾ സഹാനുഭൂതിയോടെ ഞാൻ കേട്ടിരുന്നു
ഇതിനിടയിൽ എൻ്റെ കൈയ്യിലുണ്ടായിരുന്ന സ്വീറ്റ് ബണ്ണും മൗണ്ടൻ ഡ്യൂ ഡ്രിങ്ക്സും ഞാനവൾക്ക് കൊടുത്തിരുന്നു
ഇനിയിപ്പോൾ വീട്ടിലെത്തുമ്പോൾ പാതിരാത്രി ആകുമല്ലോ ? ബസ്റ്റോപ്പിൽ കൂട്ടികൊണ്ട് പോകാൻ ആരേലും വരുമോ ?
ഞാൻ ജിജ്ഞാസയോടെ ചോദിച്ചു
ആര് വരാനാ ?എനിക്കങ്ങനെ ഒരുപാട് ബന്ധുക്കളൊന്നുമില്ല , ബസ്സ്റ്റോപ്പി ലിറങ്ങിയിട്ട് ,ശ്വാസം പിടിച്ച് കാല് വലിച്ച് വച്ചങ്ങ് നടക്കും ,പിന്നെ ചെറിയൊരു പേടിയുള്ളത് ഇപ്പോൾ നാട്ടിൽ പുലി ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടാണ് ,എന്നെ പുലി പിടിച്ചിട്ടുണ്ടോന്ന് നാളത്തെ പത്രം നോക്കിയാൽ അറിയാൻ പറ്റും
അത് കേട്ട് എൻ്റെ മനസ്സിലൊരു വെള്ളിടി വെട്ടിi ,എൻ്റെ ചെറുപ്പത്തിൽ അച്ഛനെ ആന ചവിട്ടിക്കൊന്നപ്പോൾ അനാഥമായിപ്പോയ എൻ്റെ കുടുംബവും, ഞങ്ങളെ വളർത്താൻ വിധവയായ അമ്മച്ചി, അടുക്കളപ്പണിക്ക് പോയതുമാണ് പെട്ടെന്ന് എൻ്റെ മനസ്സിൽ തെളിഞ്ഞത്
ഇവൾക്ക് എന്തേലും സംഭവിച്ചാൽ പ്രായമായ അമ്മയും കിടപ്പിലായ അവളുടെ ഭർത്താവും എങ്ങനെ ജീവിക്കുമെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി .
അല്ല, എന്താ ആലോചിക്കുന്നത്? ഇനി വല്ലതും അറിയാനുണ്ടോ?
അവൾ ഒരു ചിരിയോടെ ചോദിച്ചു.
ഉണ്ട്, തൻ്റെ ഫോൺ നമ്പര് കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
ഞാൻ തെല്ല് ജാള്യതയോടെ പറഞ്ഞു .
ഓഹ് എന്തിനാ ചേട്ടാ ,, ഒന്നോ രണ്ടോ മണിക്കൂർ നമ്മള് സംസാരിച്ചെന്നും പറഞ്ഞ്, ഫോൺ നമ്പരൊക്കെ കൈമാറേണ്ട കാര്യമുണ്ടോ ?ചേട്ടൻ ചോദിച്ചത് കൊണ്ട്, ഞാനെൻ്റെ കുടുംബകാര്യങ്ങൾ തുറന്ന് പറഞ്ഞെന്നേയുള്ളു ,ഹസ്ബൻ്റ് കിടപ്പിലാണെങ്കിലും ഞാനിപ്പോഴും ഹാപ്പിയാണ് ,ഇങ്ങനെ മരണം വരെ സന്താഷവുംസമാധാനവുമായി ജീവിക്കണമെന്നേ എനിക്കുളളു,,
അവളുടെ മറുപടിയിൽ ഞാൻ ഇളിഭ്യനായെങ്കിലും അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി.
ഇനി പത്ത് മിനുട്ട് കൂടി കഴിഞ്ഞാൽ ട്രെയിൻ ഷൊർണ്ണൂരെത്തും, അവൾ അടുത്ത കമ്പാർട്ട്മെൻ്റിലേയ്ക്ക് പോകും ,ഞാൻ വിൻഡോയിലൂടെ വെളിയിലേയ്ക്ക് നോക്കി ചിന്താകുലനായിരുന്നു, ദൂരെ ഷൊർണ്ണൂർ എന്നെഴുതിയ വലിയ മഞ്ഞ ബോർഡ് കണ്ട് തുടങ്ങി,
പെട്ടെന്ന് ബോധോദയമുണ്ടായത് പോലെ, ഞാനൊരു തുണ്ട് പേപ്പറിൽ എൻ്റെ ഫോൺ നമ്പർ എഴുതി അവളുടെ നേരെ നീട്ടി
അവളെന്നെ ചോദ്യഭാവത്തിൽ നോക്കി
വെറും ഒന്നോ രണ്ടോ മണിക്കൂർ സംസാരിച്ചെന്ന് കരുതി ഞാൻ വില കൊടുത്ത് വാങ്ങിയ ബണ്ണും ഡ്രിങ്ക്സും നിങ്ങൾക്ക് വെറുതെ തരണ്ട കാര്യമില്ലല്ലോ?വീട്ടിൽ ചെന്നിട്ട്, ഹസ്ബൻ്റിൻ്റെ മൊബൈലിൽ നിന്ന്, ഈ നമ്പരിലേയ്ക്ക് എഴുപത് രൂപാ എനിക്ക് അയച്ച് തന്നാൽ മതി, ഇതാണെൻ്റെ ഗൂഗിൾ പേ നമ്പർ,,
അത് കേട്ട്, അവളുടെ മുഖം വാടിയത് ,ഞാൻ കണ്ടില്ലെന്ന് നടിച്ചു
ഷൊർണ്ണൂരിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ, നേരം ഇരുട്ടി തുടങ്ങിയിരുന്നു ,കുറച്ച് കഴിഞ്ഞപ്പോൾ, ചപ്പാത്തിയും മുട്ടക്കറിയും, ചിക്കൻ ബിരിയാണിയു മൊക്കെയായി, കച്ചവടക്കാര് കമ്പാർട്ട്മെൻ്റിലൂടെ കടന്ന് പോയെങ്കിലും ,ഞാനൊന്നും വാങ്ങിച്ചില്ല.
എന്ത് കൊണ്ടോ എനിക്ക് വിശപ്പ് തോന്നിയില്ല, കുറ്റിപ്പുറം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ,ഞാൻ വാതില്ക്കൽ ചെന്ന്, പുറത്തേയ്ക്ക് നോക്കി, പക്ഷേ അവളെ മാത്രം കണ്ടില്ല,
മനസ്സിൽ വലിയൊരു ഭാരവുമായി, ഞാൻ വീണ്ടും എൻ്റെ സീറ്റിൽ തന്നെ വന്നിരുന്നു.
എന്തൊക്കെയോ ആലോചിച്ചിരുന്ന്, ഞാൻ മയക്കത്തിലേയ്ക്ക് വീണു ,
പിന്നെ ഞാൻ ഉണരുന്നത് ,എൻ്റെ മൊബൈൽ റിങ്ങ് കേട്ടിട്ടാണ്.
പരിചയമില്ലാത്ത നമ്പര് കണ്ട്, ആകാംക്ഷയോടെ ഞാൻ കോൾ അറ്റൻറ് ചെയ്തു.
ഹലോ ചേട്ടാ ,, ഈ നമ്പരിൽ G pay ചെയ്യാൻ പറ്റുന്നില്ല ,ചേട്ടന് വേറെ നമ്പര് വല്ലതുമുണ്ടോ ?
അവളുടെ ശബ്ദമാണ്, അതെന്ന് തിരിച്ചറിഞ്ഞ നിമിഷം, എൻ്റെ ഹൃദയത്തിലുണ്ടായിരുന്ന ഭാരം പെട്ടെന്നലിഞ്ഞില്ലാതായി,
അതിൽ G pay ഇല്ലെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ,ആ നമ്പര് തന്നത്, എനിക്ക് പൈസ വേണ്ട, നിങ്ങൾ സുരക്ഷിതമായി വീട്ടിലെത്തിയെന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു ,അതിന് വേണ്ടിയാണ്, ഞാൻ നിങ്ങളോട് G pay ചെയ്യാൻ പറഞ്ഞ്, എൻ്റെ നമ്പര് തന്നത്, ഇപ്പോൾ
സമാധാന മായി, ശരി എന്നാൽ ഞാൻ ഫോൺവയ്ക്കട്ടെ ,ഹസ്സിനെയും അമ്മയെയും അന്വേഷിച്ചെന്ന് പറയണേ,,,
ഫോൺ കട്ട് ചെയ്തപ്പോൾ, എൻ്റെ മനസ്സിനുണ്ടായ സമാധാനം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു,
ചില യാത്രകൾ അങ്ങനെയാണ്, ഒരു ചെറിയ പരിചയപ്പെടലിലൂടെ, നമ്മളറിയാതെ തന്നെ, അവർ നമ്മുടെ പ്രിയപ്പെട്ടവരായി മാറും,,,.