എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
രാവിലെ ചേച്ചി വിളിച്ചിരുന്നു. ഫിക്സഡ് ഡിപ്പോസിറ്റായി അച്ഛന്റെ അക്കൗണ്ടിൽ കിടക്കുന്ന പത്ത് ലക്ഷം രൂപ അത്യാവശ്യമായി തനിക്ക് വേണമെന്ന് പറയാനായിരുന്നു പതിവില്ലാത്ത ആ വിളി.
‘നിനക്കും കൂടിയുള്ളതാണെന്ന് അച്ഛൻ പറഞ്ഞു. നീ സമ്മതിച്ചാലേ തരൂ… തിരിച്ച് തരാടി. ഇതിപ്പോൾ ഞങ്ങളുടെ വീടിന്റെ കാര്യമായത് കൊണ്ടാണ്. ബാങ്ക്ന്ന് നോട്ടീസ് വന്നിട്ടുണ്ട്. തരാൻ അച്ഛനോട് പറയെടി…’
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്താണ് മറുപടിയായി പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. നിന്റെ അഞ്ച് ലക്ഷം രണ്ട് വർഷത്തിനുള്ളിൽ തരാമെന്ന് പറഞ്ഞിട്ടും എന്റെ മൗനം മുറിഞ്ഞില്ല. എന്തെങ്കിലുമൊന്ന് മൊഴിയൂ രാജീയെന്ന് അവൾ കാറിയപ്പോൾ അച്ഛനോട് പറയാം ചേച്ചീയെന്ന് ഞാൻ പറഞ്ഞു. എങ്കിലത് വലിയ ഉപകാരം ആയിരിക്കുമെന്ന് കൂടി ചേർത്തിട്ടാണ് അവൾ ഫോൺ കട്ട് ചെയ്തത്.
”എന്നിട്ട് നീ അച്ഛനെ വിളിച്ച് പറഞ്ഞോ…?’
കാര്യം അറിഞ്ഞ അശോകേട്ടൻ രാത്രിയിൽ ചോദിച്ചതാണ്. അപ്പോൾ തന്നെ വിളിച്ച് പറഞ്ഞല്ലോയെന്ന് പറഞ്ഞ് ഞാൻ ലൈറ്റ് ഓഫ് ചെയ്തു. അശോകേട്ടന് തീരേ ഇഷ്ടപ്പെട്ടില്ല. അല്ലെങ്കിൽ പിന്നെ, അണഞ്ഞ ബൾബിനെ വീണ്ടും തെളിയിച്ച് നീയിത് എന്ത് പണിയാടി കാണിച്ചതെന്ന് അങ്ങേര് പറയില്ലായിരുന്നുവല്ലോ…
‘ഉണ്ടാകുമ്പോൾ അവള് തരും. രണ്ട് കൊല്ലത്തിനുള്ളിൽ തിരിച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട്…’
എന്നും പറഞ്ഞ് ആ വെളിച്ചത്തിൽ കണ്ണുകളടച്ച് ഞാൻ കിടന്നു.
‘കിട്ടും കിട്ടും… നോക്കിയിരുന്നോ…!’
കണ്ണുകളെ കുറച്ചുകൂടി മുറിക്കിയെന്നല്ലാതെ എനിക്ക് യാതൊന്നും പ്രതികരിക്കാൻ തോന്നിയില്ല. ഫാനിന്റെ കറക്കത്തോടൊപ്പം അശോകേട്ടന്റെ ശ്വാസത്തിന്റെ താളം മാത്രം കേൾക്കാം.
‘അഞ്ച് ലക്ഷം ദാനം കൊടുത്തിട്ട് കിടക്കുന്നത് കണ്ടില്ലേ… ഒറ്റ ച*വിട്ടിന് തറയിലേക്കിടണം…’
എന്നാൽ ച*വിട്ടേന്നും പറഞ്ഞ് ഞാൻ കണ്ണുകൾ തുറന്ന് തലയുയർത്തി. ശബ്ദം കനത്തിലായത് കൊണ്ട് അങ്ങേര് മറ്റൊന്നും മിണ്ടാതെ ലൈറ്റും ഓഫ് ചെയ്ത് മലർന്ന് കിടന്നു. ശേഷം എനിക്ക് എതിരായി തിരിഞ്ഞു.
‘എന്നാലും രാജിയേ… അഞ്ച് ലക്ഷം വെറുതേ കളഞ്ഞല്ലോ നീ… ബുദ്ധിയുള്ള ആരെങ്കിലും തിരിച്ച് തരുമോ..? ചോദിച്ചാൽ, നിന്റേതല്ലല്ലോ, അച്ഛന്റെ പണമായിരുന്നില്ലേയെന്ന് പറയും. അടുത്തെങ്ങാനും നിന്റെ അച്ഛൻ തട്ടിപ്പോയാല് ആ പണം ഒരുകാലത്തും കിട്ടില്ല…’
കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്. കൂടുതൽ കനത്തിൽ സംസാരിച്ചാൽ അടുത്ത മുറിയിലെ മക്കളിലേക്ക് എത്തുമോയെന്ന കരുതൽ കൊണ്ട് ഞാൻ ഒച്ച വെച്ചില്ല.
“എല്ലാവരും അശോകേട്ടനെ പോലെയല്ല…”
പതിയേയാണ് പറഞ്ഞതെങ്കിലും കനത്തിൽ തന്നെ അങ്ങേരിലത് കൊണ്ടു. അതുകൊണ്ടാകണം മുഖം മറയ്ക്കുന്ന വിധം പുതപ്പ് വലിച്ചത്. പിന്നീട് ഞാനും യാതൊന്നും മിണ്ടിയില്ല. കൂടുതൽ സംസാരിച്ചാൽ, സ്വന്തം ചേട്ടനെ പറ്റിച്ച് വസ്തു തട്ടിയെടുത്ത കഥ കൂടി ഞാൻ പറയുമായിരുന്നു.
നഗരത്തിന്റെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന മൂന്ന് സെന്റിൽ നിറയേയുള്ള കട മുറിയായിരുന്നുവത്. സഹോദരൻ ഗൾഫിൽ പോയ കാലത്ത് അച്ഛനെ സൂത്രത്തിൽ കൈക്കലാക്കി അശോകേട്ടൻ നേടിയതാണ് ആ മുറി. പരമ്പരാഗത സ്വത്തൊന്നും അല്ലാത്തത് കൊണ്ട് അച്ഛനെക്കൊണ്ട് ഒപ്പിടിപ്പിച്ച് ലോൺ എടുക്കുകയും, പിന്നീട് തന്ത്രപരമായി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു.
‘ഇപ്പോഴെന്തായി…! നീയല്ലേ പറഞ്ഞത് രണ്ട് വർഷത്തിനുള്ളിൽ നിന്റെ ചേച്ചി തിരിച്ച് തരുമെന്ന്… ഞാൻ പറഞ്ഞില്ലേ…. പണത്തിന്റെ ആവിശ്യമറിയുന്ന മനുഷ്യരെല്ലാവരും എന്നെപ്പോലെ മാത്രമേ ചിന്തിക്കൂ രാജി… ‘
അശോകേട്ടൻ അങ്ങനെ പറഞ്ഞപ്പോഴാണ് ആ സംഭവം കഴിഞ്ഞിട്ട് രണ്ട് വർഷമായെന്നത് ഞാൻ അറിയുന്നത്. ശരിയാണ്. രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ പലതവണകളിലായി സംസാരിച്ചിട്ടുണ്ടെങ്കിലും പണത്തിന്റെ കാര്യമൊന്നും ഞാനും ചേച്ചിയും പരസ്പരം സൂചിപ്പിച്ചിരുന്നില്ല. ചോദിക്കെന്ന് അശോകേട്ടൻ പലപ്പോഴും നിർബന്ധിച്ചെങ്കിലും എനിക്കതിന് തോന്നിയില്ല. അതിന് മാത്രം ദാരിദ്ര്യം ഉണ്ടായില്ലായെന്നത് തന്നെയാണ് കാരണം.
ഏത് സാഹചര്യത്തിലും തനിക്ക് എന്ത് ലാഭമെന്ന് ചിന്തിക്കുകയും, അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യർ തന്നെയാണ് ഭൂമിയിൽ കൂടുതലെന്നത് ആരും പറയാതെ തന്നെ എനിക്ക് അറിയാം. കെഞ്ചലും കണ്ണീരുമായി കൈനീട്ടി വാങ്ങുന്ന പണം പോലും ഉണ്ടായിട്ടും പലരും തിരിച്ച് കൊടുക്കുന്നില്ല. പക്ഷെ, പണത്തിനുമപ്പുറം ബന്ധങ്ങൾക്കാണ് മൂല്യമെന്ന് കരുതുന്ന ചുരുക്കം ചിലരെങ്കിലും എവിടെയെങ്കിലുമൊക്കെ ഉണ്ടാകില്ലേ… തീർച്ചയായിട്ടും ഉണ്ടാകും. ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്തിൽ നിന്ന് മനുഷ്യരെന്നേ പരസ്പരം തമ്മിലടിച്ച് നശിക്കുമായിരുന്നൂ..
‘നീയാരാടാ എന്നെ ഭീഷിപ്പെടുത്താൻ… കാശിന്റെ കാര്യത്തിൽ എനിക്കെല്ലാവരും ഒരുപോലെയാണ്. ഞാൻ ആരെയും പറ്റിച്ചിട്ടില്ല. അല്ലെങ്കിൽ, നീയൊരു കാര്യം ചെയ്യ്. മരിച്ച് പോയ നമ്മുടെ അച്ഛനെ തിരിച്ച് കൊണ്ട് വാ… അച്ഛൻ ഇഷ്ടത്തോടെ എനിക്ക് തന്നതാണ്…. ‘
കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ചേട്ടനുമായുള്ള അശോകേട്ടന്റെ ഫോണിലൂടെയുള്ള വാക്ക് പോര് ഈയിടെയായി ഇവിടെ പതിവാണ്. ഗത്യന്തരമില്ലാതെയാണ് ആ മനുഷ്യനിങ്ങനെ വിളിക്കുന്നത്. കട നീയെടുത്ത സ്ഥിതിക്ക് കുറച്ച് പണമെങ്കിലും തരൂവെന്ന് തുടങ്ങിയ സ്ഥിരം സംസാരമായിരിക്കും. കൈയ്യിൽ പണം ഉണ്ടെങ്കിലും അശോകേട്ടൻ ആർക്കുമൊന്നും കൊടുക്കില്ല.
ആ ഫോൺ സംഭാഷണം നിന്നപ്പോൾ പറഞ്ഞ് വെച്ചത് പോലെയാണ് കാളിംഗ് ബെല്ലടി ഉയർന്നത്. കതക് തുറന്ന അശോകേട്ടന്റെ മുഖത്ത് വലിയ തെളിച്ചമൊന്നുമില്ല. നോക്കുമ്പോൾ, വന്നിരിക്കുന്നത് എന്റെ ചേച്ചിയാണ്. കൂടെ പുള്ളിക്കാരിത്തിയുടെ ഭർത്താവുമുണ്ട്.
‘നിനക്കൊരു മാറ്റവുമില്ല…’
എന്നും പറഞ്ഞ് നീണ്ട ചേച്ചിയുടെ കൈകളിൽ പിടിച്ച് നിനക്കും യാതൊരു മാറ്റവുമില്ലെന്ന് ഞാൻ പറഞ്ഞു. ചേച്ചിയും ഭർത്താവും ഇരിക്കും മുമ്പേ, ഇതുവഴി പോകുന്ന വഴിക്ക് കയറിയത് ആയിരിക്കുമല്ലേയെന്ന് അശോകേട്ടൻ അവരോട് ചോദിച്ചു. അല്ലായെന്ന് പറഞ്ഞ് ചേച്ചി തന്റെ ബാഗ് തുറന്ന് ഒരു പൊതി പുറത്തേക്ക് എടുക്കുകയായിരുന്നു. അത്, എനിക്ക് നേരെ നീട്ടുമ്പോൾ ആറ് ലക്ഷമുണ്ടെന്നും ചേച്ചി പറഞ്ഞു.
‘നീയെന്താണ് നോക്കി നിൽക്കുന്നെ… വീട്ടിൽ കയറി വന്നവർക്ക് ചായയെങ്കിലും കൊടുക്കെടീ..’
അശോകേട്ടന്റെ കണ്ണുകളിലെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു. ചേച്ചിയോടും ഭർത്താവിനോടും ഇഷ്ടത്തോടെ അങ്ങേര് സംസാരിക്കാൻ തുടങ്ങി. ഇടയിലെപ്പോഴോ… അവളൊരു കാര്യം പറഞ്ഞു. ചായയുമായി ഹാളിലേക്ക് എത്തുമ്പോഴാണ് ഞാനത് കേട്ടത്.
‘ഇവളന്ന് ഇത് തന്നില്ലെങ്കിൽ ആകെ പെട്ട് പോയേനെ… ആരെങ്കിലും ചെയ്യോ… പണമെന്ന് വന്നാൽ പിന്നെ ആർക്കും കുടുംബവും വേണ്ട ബന്ധവും വേണ്ട. സ്വന്തം രക്തത്തെ പറ്റിച്ചിട്ടായാലും സമ്പാദിക്കണമെന്നേയുള്ളു… ശരിയല്ലേ അശോകാ….?’
അശോകേട്ടന്റെ കഥകളൊന്നും അറിയാത്ത ചേച്ചിയുടെ ആ പറച്ചിലും ചോദ്യവും കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടുവെന്നാണ് തോന്നുന്നത്. എല്ലാവരും തന്നെ പോലെയല്ലായെന്ന് അങ്ങേർക്ക് ഇപ്പോൾ കൃത്യമായി മനസിലായിട്ടുണ്ടാകും. അല്ലെങ്കിൽ പിന്നെ, നിങ്ങള് സംസാരിച്ചിരിക്കെന്ന് പറഞ്ഞ് കുനിഞ്ഞ തലയുമായി അശോകേട്ടൻ മുറിയിലേക്ക് പോകുമായിരുന്നില്ലല്ലോ….!!!
