വാതിലിന് മറവിൽ നിൽക്കുന്നവളുടെ മുഖം പകുതി മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ ഞാൻ പറഞ്ഞത് അവളിൽ എന്തു തരം വികാരമാണ് ഉണ്ടാക്കിയിരിക്കുക എന്നുപോലും അറിയില്ല…..

എഴുത്ത് :- കാർത്തിക

”’ ദീപ്തി ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ??? “”

വാതിലിന് മറവിൽ നിൽക്കുന്നവളുടെ മുഖം പകുതി മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ ഞാൻ പറഞ്ഞത് അവളിൽ എന്തു തരം വികാരമാണ് ഉണ്ടാക്കിയിരിക്കുക എന്നുപോലും അറിയില്ല!!

“” പ്ലീസ് അരവിന്ദ് ഒന്ന് പോകൂ!!! എനിക്കറിയാമായിരുന്നു അവസാനം ഈ ഒരു ചോദ്യത്തിലാണ് എല്ലാം വന്നു നിൽക്കുക എന്ന്!!! ദയവുചെയ്ത് ഒരു കാര്യം മനസ്സിലാക്കണം ഞാൻ കെട്ട് പ്രായം തികഞ്ഞു നിൽക്കുന്ന പെൺകുട്ടിയല്ല ഭർത്താവ് മരണപ്പെട്ട പെൺകുട്ടിയാണ് ദയവുചെയ്ത് എന്നെ എന്റെ വഴിക്ക് വിടൂ!!”””

അവൾ പറഞ്ഞത് കേട്ടപ്പോൾ ഒന്നും മിണ്ടാതെ അരവിന്ദ് പടിയിറങ്ങി… പോകുന്നേരം നിസ്സഹായയായ ഒരു വൃദ്ധമാതാവ് എന്നെ നോക്കി അവരുടെ മിഴികളിൽ നിറഞ്ഞുനിന്ന കണ്ണീര് കണ്ടില്ല എന്ന് നടിച്ചു..

ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം അച്ഛൻ ഞാൻ ജനിക്കുന്നതിനും മുമ്പ് തന്നെ, ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് പിന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അത്രയെങ്കിലും വളർത്തി വലുതാക്കിയത്..

അവിടെനിന്ന് തനിക്ക് വേണ്ടതെല്ലാം നൽകി, അവന്റെ മനസ്സിലും വീട്ടിലും ഇടം നൽകിയത് രഞ്ജിത്ത് ആയിരുന്നു തന്റെ ഏക സുഹൃത്ത്…?വെറും സുഹൃത്ത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ അത് തികയാതെ വരും അവനുള്ള വിശേഷണം…

ഈ ജീവിതത്തിൽ ആരോടെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ അത് അവനോട് മാത്രമാണ്… എന്റെ ക്ലാസ്സിൽ എന്റെ ബെഞ്ചിൽ ഇരുന്ന് പഠിച്ചിരുന്നവൻ.. എല്ലാവരും കൂടി നിൽക്കുന്ന ക്ലാസ് ഫോട്ടോ വാങ്ങാൻ പണം ഇല്ലാ എന്ന് പറഞ്ഞ ഒരു ദിവസമാണ് എന്റെയും കൂടി പണം കൊടുത്ത് അവൻ എന്റെ സുഹൃത്താവുന്നത് ചെറിയ പ്രായം ആയതുകൊണ്ട് അതിലെ ഔപചാരിക തയൊന്നും നോക്കിയില്ല ഫോട്ടോ കിട്ടുമല്ലോ എന്നു മാത്രമേ കരുതിയുള്ളൂ..

അതൊരു തുടക്കമായിരുന്നു അമ്മ ഉള്ളപ്പോൾ തന്നെ അവൻ വീട്ടിൽ വരികയും അമ്മ ഉണ്ടാക്കി തരുന്നതെല്ലാം സ്വാധോടെ കഴിക്കുകയും ചെയ്തിരുന്നു അവന്റെ അമ്മ ഞങ്ങളുടെ സ്കൂളിൽ തന്നെയുള്ള ടീച്ചർ ആണ് അച്ഛൻ അവിടുത്തെ മാഷും.

പക്ഷേ അതിന്റെ യാതൊരു ഭാവവും അവൻ എന്നോടോ അമ്മയോടോ കാണിച്ചിരുന്നില്ല അമ്മയ്ക്കും അവനെ ഇഷ്ടമായിരുന്നു എന്നെപ്പോലെ തന്നെ?എന്റെ അമ്മ മരിച്ചപ്പോൾ എന്നെ കൂടെ കൂട്ടണമെന്ന് അവൻ പറഞ്ഞതിന് മാഷും ടീച്ചറും എതിര് നിന്നില്ല.. എന്നെയും അവരുടെ കൂടെ കൂട്ടി.. നന്നായി പഠിപ്പിച്ചു ഭക്ഷണവും വസ്ത്രവും തന്നു..?ഒരു കൂടപ്പിറപ്പിന്റെ സ്നേഹം അവനും.

കോളേജിൽ പഠിക്കുമ്പോൾ രണ്ടുപേരും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ് തിരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ രണ്ടും വേറെ വേറെ കോളേജിൽ ആയിരുന്നു..

അങ്ങനെ ആണ് കുറച്ച് വർഷം ഞങ്ങൾ തമ്മിൽ പിരിയേണ്ടി വന്നത്. ഇതിനിടയിൽ കോളേജിലെ ഒരു പെൺകുട്ടിയുമായി എനിക്ക് പ്രണയം തോന്നി അവനോട് തന്നെയായിരുന്നു അതിനെപ്പറ്റി ആദ്യം പറഞ്ഞത് അവൻ പ്രോത്സാഹിപ്പിച്ചു അവളോട് ഇഷ്ടം പറഞ്ഞപ്പോൾ അവൾക്കും എതിർപ്പൊന്നും ഇല്ലായിരുന്നു അങ്ങനെ എന്റെ ജീവിതത്തിലേക്ക് അവനല്ലാതെ മറ്റൊരാൾ കൂടി കടന്നുവന്നു സന്തോഷം എന്താണെന്ന് ശരിക്കും അറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അവിടെന്നങ്ങോട്ട്.

ഒരു ജോലി കിട്ടിയിട്ട് അവളെ സ്വന്തമാക്കാം എന്ന് കരുതി… അവന് ഫോട്ടോ കാണേണ്ടെ എന്ന് ചോദിച്ചപ്പോൾ നിന്റെ പെണ്ണിനെ നേരിട്ട് കണ്ടോളാം എന്നാണ് അവൻ പറഞ്ഞത് അതോടെ അവൻ നേരിട്ട് കണ്ടോട്ടെ എന്ന് ഞാനും കരുതി.

പക്ഷേ അത് എനിക്ക് വലിയൊരു അടിയായി തീരും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. പഠനം കഴിഞ്ഞ് ആദ്യം ജോലി കിട്ടിയത് അവനായിരുന്നു അവന്റെ അച്ഛന് ഒരു ചെറിയ പ്രശ്നം ഹാർട്ടിന് അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അവന്റെ വിവാഹം നടന്നു കാണണം എന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു അങ്ങനെയാണ് അവനുവേണ്ടി ഒരു കല്യാണാലോചന നോക്കിയത് അവിടെ പെണ്ണുകാണാൻ ചെന്നപ്പോൾ എന്നെയും വിളിച്ചിരുന്നു..

അവിടെ ചെന്ന് നോക്കിയ പ്പോഴാണ് ആ സത്യം ഞാൻ മനസ്സിലാക്കുന്നത് എന്റെ പ്രിയപ്പെട്ട ദീപ്തിയാണ് ആ പെണ്ണ് എന്ന് അവന് ആണെങ്കിൽ ഒറ്റനോട്ടത്തിൽ തന്നെ അവളെ ഇഷ്ടമാവുകയും ചെയ്തു.?നിസ്സഹായനായി ഇരിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ എന്തു പറഞ്ഞു ഞാൻ അത് തടയും ഇത്രയും കാലം അവൻ എന്നെ ഒരു കൂടെപ്പിറപ്പിനെ പോലെയാണ് സ്നേഹിച്ചിട്ടുള്ളത്… അവൻ എന്നും ഞാൻ എന്നും ഒരു വേർതിരിവ് അവരും കാണിച്ചിട്ടില്ല…?എല്ലാവർക്കും ഇഷ്ടമായി അവർ തന്നെ ഉറപ്പിച്ചു കഴിഞ്ഞു ഈ വിവാഹം ഇനി അത് മുടക്കുക എന്നെല്ലാം പറഞ്ഞാൽ അത് അവനോട് ചെയ്യുന്ന നന്ദികേടായി പോകും. അതുകൊണ്ട് ഞാൻ തന്നെയാണ് മുൻകൈ യെടുത്ത്. ദീപ്തിയെ പറഞ്ഞു മനസ്സിലാക്കിയത്..

കൂടെ കൊണ്ടുപോയില്ലെങ്കിൽ അവൾ ചത്തു കളയും എന്നെല്ലാം പറഞ്ഞു സാവകാശത്തിൽ ഞാൻ അവളോട് ഈ വിവാഹത്തിന് സമ്മതിക്കാൻ പറഞ്ഞു എങ്ങനെയൊക്കെയോ മനസ്സിലാക്കി എടുത്തു

അവരുടെ വിവാഹം കഴിഞ്ഞു.. ആദ്യമൊന്നും ദീപ്തിക്ക് അവനെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല പക്ഷേ സാവകാശം അവൾ അതിന് ശ്രമിക്കുന്നു ണ്ടായിരുന്നു പക്ഷേ അതിന് മുമ്പ് തന്നെ ഒരു ആക്സിഡന്റിൽ അവനെ ഞങ്ങൾക്കെല്ലാവർക്കും നഷ്ടമായി ദീപ്തി തനിച്ചായി… അതറിഞ്ഞപ്പോൾ അവന്റെ അച്ഛനും ഈ ലോകത്തോട് വിട പറഞ്ഞു പിന്നെയുള്ളത് ടീച്ചറും അവളും മാത്രമാണ് സ്വന്തം വീട്ടിലേക്ക് പോലും പോകാതെ ടീച്ചറെയും നോക്കി അവൾ അവിടെ കഴിച്ചുകൂട്ടി.

അന്നേരമാണ് ഒരു ദിവസം ടീച്ചർ എന്നോട് വന്നു ചോദിക്കുന്നത് ദീപ്തിയേ നിനക്ക് വിവാഹം കഴിച്ചു കൂടെ എന്ന്..

എന്തു മറുപടി പറയും എന്നറിയാതെ ഞാൻ ഇരുന്നു പിന്നെയാണ് അവളെ കാണാൻ പോകുന്നതും സംസാരിക്കുന്നതും എല്ലാം ടീച്ചറുടെ നിർദ്ദേശപ്രകാരം ആയിരുന്നു.

ടീച്ചറും കൂടി നിർബന്ധിക്കാൻ തുടങ്ങിയതോടെ അവൾ എന്നെ കാണാൻ വന്നിരുന്നു.

“”” നമ്മൾ തമ്മിൽ സ്നേഹിച്ചിരുന്നു എന്ന കാര്യം സത്യമാണ് പക്ഷേ അദ്ദേഹം എന്റെ കഴുത്തിൽ താലികെട്ടിയതിനുശേഷം അദ്ദേഹത്തെ ഒരു ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ ഞാൻ പരിശ്രമിച്ചിരുന്നു ഏറെക്കുറെ അത് അങ്ങനെ തന്നെ ആവുകയും ചെയ്തിരുന്നു എല്ലാ രീതിയിലും ഒന്നായതിനുശേഷം തന്നെയാണ് അദ്ദേഹം എന്നെ വിട്ടു പോയത് ഇപ്പോൾ എന്റെ മനസ്സിൽ അദ്ദേഹം മാത്രമേയുള്ളൂ ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ??? അരവിന്ദിന് കഴിയുമോ രഞ്ജിത്തേട്ടനെ മറന്ന് ആ സ്ഥാനത്ത് മറ്റൊരാളെ കൂടിയിരുത്താൻ?? കഴിയുമെങ്കിൽ പറയൂ ഞാനും ശ്രമിക്കാം അരവിന്ദനെ ആ സ്ഥാനത്തേക്ക് മനസ്സിൽ നിറയ്ക്കാൻ.

അവൾ ആ പറഞ്ഞതിന് എന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല ടീച്ചറെ ഞാൻ സാവകാശം പറഞ്ഞു മനസ്സിലാക്കി പിന്നെ എന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു..

ഇന്നും അവൾ അവന്റെ ഓർമ്മകളും പേറി അവിടെ കഴിയുകയാണ് ചില ബന്ധങ്ങൾ അങ്ങനെയാണ്!! വിട്ടുപോകാനും പുതിയത് ഒന്ന് തിരഞ്ഞെടുക്കാനും കഴിയാതെ അങ്ങനെ അതിൽ തന്നെ ആഴ്ന്നിറങ്ങി ജീവിതം കഴിയും….

ഇടയ്ക്ക് അവളെ കാണാൻ പോകും!!! അതിനിടയിൽ മറ്റൊരു പെൺകുട്ടിയെ കണ്ടു, അവൾക്ക് എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു പിന്നെ അധികം ചിന്തിക്കാതെ അവളെ ജീവിതത്തിലേക്ക് കൂട്ടി.

ആർക്കും ആരും പകരമാകുകയൊന്നും ഇല്ല എങ്കിലും, ഒരാളെ പറ്റി കുറെ പേർ ഇരുന്നു ആലോചിച്ച് ജീവിതം കളയുന്നത് വെറുതെയാണെന്ന് ഒരു തോന്നൽ എനിക്കുണ്ടായി..

അത്രമാത്രം…

Leave a Reply

Your email address will not be published. Required fields are marked *