Story written by Saji Thaiparambu
അഭീ,,നീയാണോ അമ്മയുടെ രണ്ടാം വിവാഹത്തിന് തടസ്സം നിന്നത്?
വിരുന്ന് സൽക്കാരത്തിന് ചെന്നപ്പോൾ ഷീലമ്മായി പറഞ്ഞാണ് രാധിക അക്കാര്യമറിയുന്നത്?
സൽക്കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴാണ് ബൈക്കിൻ്റെ പുറകിലിരുന്ന് രാധിക അഭിയോടത് ചോദിച്ചത്
അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് വേഗത കുറച്ച് റോഡരികിലേയ്ക്ക് ഒതുക്കി നിർത്തി.
അതേ രാധു,, ഞാനാണ് സമ്മതിക്കാതിരുന്നത് ,അത് വേറൊന്നുമല്ല, എനിക്ക് സ്വന്തമെന്ന് പറയാൻ എൻ്റമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു ,മറ്റൊരു വിവാഹം കഴിച്ചാൽ അമ്മയ്ക്ക് എന്നോടുള്ള സ്നേഹം കുറയുമെന്നും ഞാൻ ഒറ്റപ്പെട്ട് പോകു മെന്നുള്ള ഭയം കൊണ്ടായിരുന്നു അന്ന് ഞാനതിന് സമ്മതിക്കാതിരുന്നത് ,,
അയാൾ കുറ്റബോധത്തോടെ പറഞ്ഞു
ഓഹ്, അതായിരുന്നോ കാര്യം? അങ്ങനെയാണെങ്കിൽ നിന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കേണ്ടെന്ന് അമ്മയ്ക്കും തീരുമാനമെടുക്കാമായിരുന്നല്ലോ?
കാരണം നിനക്കിപ്പോൾ ഒരു കൂട്ടായി, കാലക്രമേണ നമുക്ക് മക്കളുണ്ടാകു മ്പോൾ നിനക്ക് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരുണ്ടാവും, അപ്പോൾ നീ അമ്മയെ മറന്ന് പോകുമെന്നും അവര് തനിച്ചായി പോകുമെന്നും പാവം അമ്മ ചിന്തിച്ചില്ലല്ലോ?
ഇല്ല രാധികേ ,,, എൻ്റെ അമ്മയെ ഞാൻ മറക്കില്ല തനിച്ചാക്കുകയുമില്ല ,,
അതെങ്ങനെ ഉറപ്പ് പറയാൻ കഴിയും അഭീ,, ഞാനിവിടെ വന്നിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു ,, അതിന് മുൻപ് നീ അമ്മയുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കുമായിരുന്നു അമ്മയ്ക്ക് വയ്യാതായിട്ട് രണ്ട് ദിവസമായി, എന്നിട്ട് നീ അതിനെക്കുറിച്ച് അന്വേഷിച്ചോ ?
ങ്ഹേ,, അമ്മയ്ക്ക് എന്ത് പറ്റി ഞാനറിഞ്ഞില്ലല്ലോ?
അതാണ് ഞാൻ പറഞ്ഞത് ഞാൻ വരുന്നതിന് മുൻപ് എന്ത് കാര്യത്തിനും നീ അമ്മയെ ആണ് ആശ്രയിച്ച് കൊണ്ടിരുന്നത് ,എല്ലാ ദിവസവും അമ്മയുടെ മടിയിൽ തല വച്ച് കിടക്കുകയും അന്നത്തെ വിശേഷങ്ങൾ അമ്മയോട് പറയുകയും ചെയ്യുന്നൊരു ശീലം അഭിക്കുണ്ടായിരുന്നു, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എന്നെങ്കിലും അഭിയത് ചെയ്തിട്ടുണ്ടോ ?
അല്ല അത് പിന്നേ , നിൻ്റെയടുത്താണല്ലോ ഞാനിപ്പോൾ വിശേഷങ്ങളൊക്കെ പറയുന്നത് അത് കൊണ്ടാണ്
യെസ് ,അത് തന്നെയാണ് ഞാൻ പറഞ്ഞ് വന്നത് എല്ലാ മനുഷ്യരും അവരുടേതായ ജീവിതം തുടങ്ങുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാതെ വരും ,ഇവിടെയിപ്പോൾ സംഭവിച്ചതും അത് തന്നെയാണ് ,അഭിയുടെ ജീവിതം എന്നിലേയ്ക്ക് ചുരുങ്ങിയപ്പോൾ അമ്മ ഒറ്റപ്പെട്ടു പോയി ,അത് കൊണ്ട് അമ്മയ്ക്കും വേണം ഒരു കൂട്ട് ,ഇത്രനാളും അഭിയ്ക്ക് വേണ്ടി അവർ സ്വന്തം ജീവിതസുഖങ്ങളൊക്കെ മാറ്റിവച്ചു ഇപ്പോൾ അഭിയ്ക്ക് ഒരു ഇണയെ കിട്ടിയില്ലേ? അത് പോലെ അമ്മയ്ക്കും വേണം ഒരു കൂട്ട് ,നമുക്ക് അമ്മയുടെ പുനർവിവാഹം ഉടനെ നടത്തണം അഭീ,,
രാധിക പറയുന്നതിൽ കാര്യമുണ്ടെന്ന് അഭിയ്ക്കും തോന്നി വീട്ടിലെത്തിയ ഉടനെ തന്നെ അഭിയും രാധികയും ചേർന്ന് അമ്മയോട് വിവാഹക്കാര്യം സംസാരിച്ചു
ആദ്യമൊക്കെ, തനിയ്ക്ക് പ്രായം കഴിഞ്ഞ് പോയെന്ന് പറഞ്ഞ് അമ്മ എതിർത്തെങ്കിലും മകൻ്റെയും മരുമകളുടെയും നിർബന്ധത്തിന് വഴങ്ങി അവർ സമ്മതം മൂളി
കേട്ടോ രാധികേ ,,പിന്നെയൊരു കാര്യം, അമ്മയുടെ വിവാഹം കഴിഞ്ഞാലും ഈ വീട്ടിൽ തന്നെ രണ്ട് പേരും ഉണ്ടാവണം അതിന് സമ്മതിക്കുന്നയാളെ ക്കൊണ്ട് വേണം അമ്മയെ വിവാഹം കഴിപ്പിക്കേണ്ടത് ,കാരണം എനിയ്ക്ക് എൻ്റെ അമ്മയെ എപ്പോഴും കണ്ടോണ്ടിരിക്കണം ,,
അഭിയുടെ ഡിമാൻ്റ് കേട്ട് രാധിക അതിശയോക്തിയോടെ അവനെ നോക്കിയിട്ട് തലയാട്ടി സമ്മതിച്ചു