എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ദാമ്പത്യത്തിൽ തുല്ല്യത കിട്ടുന്നില്ലായെന്നാണ് സുജയുടെ പരാതി. എന്നാൽ പിന്നെ ആ പരാതിയങ്ങ് മാറ്റണമെന്ന് തോന്നി. തുല്ല്യതയ്ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്നും അവളോട് ചോദിച്ചു.
വെച്ച് വിളമ്പി തരാനും കട്ടിലിൽ കു,ത്തി മ,റിയാനും മാത്രമാണോ നിങ്ങൾ പുരുഷന്മാർക്ക് സ്ത്രീകളെന്ന് ചോദിച്ച് സുജയൊരു വിമോചന നായികയെ പോലെ തുറിച്ച് നോക്കുകയാണ്. ആ നേരം അവളുടെ കയ്യിൽ ദോശ മുരിപ്പ് പറ്റിയ ചട്ടുകമുണ്ടായിരുന്നു…
കട്ടിലിലെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറഞ്ഞു. നാണത്തോടെ തെളിയാൻ തുടങ്ങിയ മൂന്ന് നാല് ചിരികളെ സുജ വിദഗ്ദമായി വിഴുങ്ങി. അതുപോട്ടേയെന്നും പറഞ്ഞ് അവൾ വീണ്ടും വീട്ട് ജോലി വിഷയത്തിലേക്ക് പ്രവേശിച്ചു. നിങ്ങള് കസേരയിലിരുന്ന് പണം വാങ്ങുന്നത് പോലെ എളുപ്പമാണെന്ന് കരുതിയോ വീട്ട് ഭരണമെന്ന് പെണ്ണ് വീണ്ടും ചോദിക്കുകയാണ്….
ആ ശബ്ദം എന്നെ പ്രകോപിതനാക്കി. എന്ത് മല മറിക്കുന്ന ജോലിയാണ് നിനക്ക് ഇവിടെയുള്ളതെന്ന് ചോദിച്ചാണ് കടയിലെ കണക്ക് പുസ്തകവുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങിയത്. ദോശ കരിഞ്ഞ മണം വന്നപ്പോൾ സുജ അടുക്കളയിലേക്കും ചലിച്ചു.
എനിക്ക് കവലയിൽ പലചരക്ക് കടയാണ്. കടയിൽ സഹായിയായുള്ള നാണുവേട്ടന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. അരക്കിലോ പഞ്ചാര ചോദിച്ചാൽ കാൽക്കിലോ പരിപ്പും തൂക്കി വരുന്ന നാണുവേട്ടന് ഒച്ചിന്റെ വേഗതയാണ്. മിക്ക സാധനങ്ങളും ഒരുമിച്ച് കിട്ടുന്ന മറ്റ് കടകളൊന്നും കവലയിൽ ഇല്ലാത്തത് കൊണ്ട് മാത്രമാണ് എന്റെ കട ഓടുന്നത്. സുജയുടെ അമ്മായിയുടെ അനിയന്റെ ഭാര്യയുടെ അച്ഛന്റെ വകയിൽ ആരോ ആയത് കൊണ്ട് നാണുവേട്ടനെ മാറ്റി ചിന്തിക്കാനും പറ്റില്ല…
എന്തൊക്കെ പറഞ്ഞാലും സുജയെ എനിക്ക് അത്രയ്ക്കും ഇഷ്ട്ടമാണ്. അവളും പിള്ളേരും ഇല്ലാത്ത മറ്റൊരു ലോകം എനിക്ക് ഉണ്ടെങ്കിൽ അത് ഈ പലചരക്ക് കട മാത്രമാണ്. അത് ആരെക്കാളും കൂടുതൽ നന്നായിട്ട് സുജയ്ക്ക് അറിയുകയും ചെയ്യാം. ഒന്ന് പുണർന്നാൽ അടർന്ന് വീഴാത്ത യാതൊരു പരിഭവങ്ങളേയും ഇന്നേവരെ ഞങ്ങൾ സ്വാഗതം ചെയ്തിട്ടില്ല….
സ്ത്രീവിമോചനത്തിന് ചുക്കാൻ പിടിക്കുന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായി സുജയുടെ സുഹൃത്തിനെ തിരഞ്ഞെടുത്തതിൽ പിന്നെയാണ് അവളിലൊരു മാറ്റം പ്രകടമാകുന്നത്. സ്ത്രീകൾ പുരുഷന്റെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി മാത്രം രൂപകല്പന ചെയ്തിട്ടുള്ള ഉപകരണമല്ലെന്ന് പറയുന്ന എത്രയോ പ്രസംഗങ്ങളൊക്കെ അവൾ മൊബൈലിൽ കണ്ടിട്ടുണ്ട്. എല്ലാ പിന്തുണയുമെന്ന് കൂട്ടിച്ചേർത്ത് അവളത് എല്ലാവർക്കും അയച്ച് കൊടുക്കുകയും ചെയ്യും.
അങ്ങനെ അങ്ങനെ താനും ഒരു പുരുഷന്റെ സുഖങ്ങൾക്ക് വേണ്ടി മാത്രം കഷ്ട്ടപ്പെടുന്ന ഉപകരണമല്ലേയെന്ന് സുജ സംശയിക്കാൻ തുടങ്ങി. ആ തോന്നലുകളുടെ വളർച്ചയാണ് അവളിലെ ഈ പ്രകടമായ മാറ്റം.
അന്നും, രാത്രി ഒമ്പത് മണിയൊക്കെ ആകുമ്പോഴേക്കും ഞാൻ വീട്ടിലെത്തി. പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞ് കഴിക്കാനുള്ള വിശപ്പുമായി തയ്യാറായിട്ടും ടീവിയും കണ്ടുകൊണ്ട് ഹാളിലെ സോഫയിൽ ഇരിക്കുന്ന സുജ എഴുന്നേറ്റില്ല. സാധാരണ ഇരിക്കുമ്പോഴേക്കും അവളെല്ലാം ഒരുക്കി വെക്കുമായിരുന്നു. രാവിലത്തെ പിണക്കം കാരണമായിരിക്കുമെന്ന് കരുതി ഞാൻ എഴുന്നേറ്റ് അവളുടെ ക,ഴുത്തിലൊരു ഉ,മ്മയും കൊടുത്ത് വന്ന് വിളമ്പി താടിയെന്ന് പറഞ്ഞു.
വേണമെങ്കിൽ എടുത്ത് തിന്നോളണമെന്ന് പറഞ്ഞ് മാക്സിയുടെ കഴുത്ത് വലിച്ച് ഞാൻ പതിപ്പിച്ച ഉമ്മയെ സുജ മായിച്ച് കളഞ്ഞു. എനിക്ക് വിഷമമായി. വിശപ്പ് കാരണം എതിർത്ത് പറയാനൊന്നും ശ്രമിക്കാതെ ഞാൻ അടുക്കളയിലേക്ക് പോയി അടച്ച് വെച്ച പാത്രങ്ങളെല്ലാം തുറന്ന് നോക്കി. ആകെയുണ്ടായിരുന്ന ഒന്നര കഷ്ണം ചപ്പാത്തിയെടുത്ത് കോഴിക്കറി വെച്ച ചട്ടിയിൽ പെരട്ടിയെടുത്ത് തിന്നു. ശേഷം, ഇത്തിരി വെള്ളം കുടിച്ചു.
നിനക്കും പിള്ളേർക്കും ഉണ്ടാക്കുമ്പോൾ കുറച്ച് കൂടുതൽ ഉണ്ടാക്കിയാൽ നിന്റെ വളയൂരി പോകുമോയെന്ന് ചോദിച്ചാണ് ഞാൻ അടുക്കളയിൽ നിന്ന് ഇറങ്ങിയത്. വേണ്ടത് സ്വയം ഉണ്ടാക്കി കഴിച്ചാൽ മാനമൊന്നും ഇടിഞ്ഞ് വീഴില്ലായെന്നായിരുന്നു സുജയുടെ മറുപടി. .
ഇരുന്ന് ചെയ്യുന്ന ജോലികൾക്ക് യാതൊരു പ്രയാസവും ഇല്ലെന്ന് കരുതുന്ന സുജയോട് എന്റെ ക്ഷീണത്തെ കുറിച്ച് പറഞ്ഞ് തർക്കിക്കാൻ തോന്നിയില്ല. എന്നാൽ പിന്നെ നാളെ മുതൽ കടയിലേക്ക് നീ പോയിക്കോയെന്ന് മാത്രം പറഞ്ഞ് ഞാൻ പോയി കിടന്നു.
എത്ര കരുതലോടെ സ്നേഹിച്ചാലും ധിക്കരിച്ച് വേദനിപ്പിക്കുന്ന മക്കളുള്ള ഒരു അമ്മയുടെ മനസ്സിലായിരുന്നു ആ രാത്രിയുടെ മയക്കം…..
കിടക്കും മുമ്പേ പറഞ്ഞത് അതീവ ഗൗരവ്വത്തിലാണ് സുജ എടുത്തിരിക്കുന്ന തെന്ന് കാലത്ത് ഉണർന്നപ്പോഴാണ് മനസ്സിലായത്. കടയുടെ കണക്ക് പുസ്തകവുമെടുത്ത് അവൾ ഒരുങ്ങി നിൽക്കുന്നു.
”നീയിത് എന്ത് ഭാവിച്ചാണെന്റെ സുജേ…!’
മറുപടിയായി വീട്ട് ജോലിയെന്താണെന്ന് ചെയ്ത് പഠിക്കെന്ന് സുജ മൊഴിഞ്ഞു. അവൾ ഇറങ്ങി പോകുന്നത് ഞാൻ അങ്ങനെ കണ്ണുകൾ അടയ്ക്കാതെ നോക്കി നിൽക്കുകയാണ്….
വാശിയാണെങ്കിൽ വാശി തന്നെയെന്ന തീരുമാനത്തോടെ വീട്ട് ഭരണം ഞാൻ ഏറ്റെടുത്തു. ചോറും കറിയും വെച്ച് വീട് വൃത്തിയാക്കുമ്പോഴാണ് സുജ ഫോണിൽ വിളിച്ച് പിള്ളേരുടെ യൂണിഫോം കഴുകിയിടണമെന്ന് പറഞ്ഞത്. തിരിച്ചൊന്നും പറയാനാകാതെ ഞാൻ അനുസരിച്ചു.
രാത്രി എട്ട് മണിയാകുമ്പോഴേക്കും സുജ തിരിച്ച് വന്നിരുന്നു. വീടിനകത്ത് പതിവിലും കൂടുതൽ വൃത്തിയും ഭംഗിയും വന്നെന്ന് പുറത്ത് കാട്ടാത്ത അവളുടെ ചിരിയിൽ വ്യക്തമാണ്. പരിചയമില്ലാത്ത ലോകത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ കൗതുകവും കഷ്ട്ടപ്പാടും ഞങ്ങൾ പങ്കുവെച്ചില്ല…
ആഴ്ച്ചയൊന്ന് കഴിഞ്ഞപ്പോൾ കടയിലെ അരിയുടേയും പഞ്ചാരയുടേയും മുളകിന്റെയുമൊക്കെ സമ്മിശ്രമായ ഗന്ധമില്ലാതെ എനിക്ക് പറ്റില്ലെന്നായി. പാകത്തിൽ പാചകം ചെയ്യാനുള്ള ആ പ്രത്യേകമായ കഴിവ് എനിക്ക് ഇല്ലെന്ന് ഉണ്ടാക്കിയത് തൊട്ട് നക്കുമ്പോൾ ഓരോ നാളും ബോധ്യമായി.
സുജയുടെ ഉൾപ്പെടെയുള്ള തുണി കഴുകിയിടുന്നതിലോ വീട് തൂത്ത് വാരുന്നതിലോ യാതൊരു കുഴപ്പവുമില്ല. ഒന്ന് കയറിയിറങ്ങിയാൽ അലങ്കോലമാകുന്ന അടുക്കളയുടെ മുന്നിലാണ് മുട്ട് കുത്തിപ്പോകുന്നത്.
വീട്ട് ഭരണത്തിൽ പുരുഷൻമ്മാർക്ക് ശോഭിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ക്ഷമയില്ലായ്മയാണെന്ന് ഒരൊറ്റ ആഴ്ച്ചകൊണ്ട് തോന്നി. ഉപയോഗിച്ച പാത്രങ്ങൾ ക്ഷമയോടെ അന്നന്ന് വൃത്തിയാക്കി മാറ്റിവെക്കാൻ പലപ്പോഴും പറ്റുന്നില്ല. പാടുപെട്ട് വൃത്തിയാക്കിയ അടുക്കള ഒരുദിവസം ശ്രദ്ധിച്ചില്ലെങ്കിൽ കയ്യീന്ന് പോകും. കഴുകാത്ത പാത്രങ്ങളെല്ലാം കുമിഞ്ഞ് കൂടി കൊഞ്ഞനം കുത്തുമ്പോൾ അടുക്കളയിലേക്ക് പോകാനേ തോന്നില്ല.
മറവിയുടെ ശല്ല്യമാണ് മറ്റൊരു തലവേദന. കൃത്യ നേരത്ത് അടുപ്പ് കെടുത്താത്ത് കൊണ്ട് മാത്രം പഴുത്ത് കരിഞ്ഞ ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും ഭക്ഷണവും എന്നോട് പൊറുക്കില്ലായെന്ന് തോന്നുന്നു. സുജയുടെ കാല് പിടിച്ചിട്ടാണെങ്കിലും കടയുടെ ഭരണം തിരിച്ച് പിടിക്കണമെന്ന് തോന്നുകയാണ്…
അന്ന് രാത്രിയിൽ, സുജ കുളിച്ചിട്ട് വരുമ്പോഴേക്കും ഞാൻ ഭക്ഷണമൊക്കെ ഒരുക്കി വെച്ചു.
‘ഇതെന്തോന്ന് ഫുഡാ അച്ഛാ…!’
കഴിപ്പൊക്കെ കഴിഞ്ഞ് എഴുന്നേറ്റ് പോകുമ്പോൾ മുഷിച്ചലോടെ പിള്ളേര് പറഞ്ഞതാണ്. ഞാൻ മിണ്ടിയില്ല. ക്ഷമയോടെ കാത്തിരുന്നു.
‘അതേ…’
സുജയുമായി സംസാരിക്കാനുള്ള അവസരം തേടുന്ന ആ വേളയിലാണ് അവളുടെ ശബ്ദം ഉയർന്നത്. കനം പിടിച്ച മുഖവുമായി ഞാൻ തല ഉയർത്തി.
‘വേണമെങ്കിൽ നാളെ മുതൽ നിങ്ങള് കടയിലേക്ക് പൊയ്ക്കോള്ളുട്ടോ..!’
കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല.
“എന്തേ.. മതിയായൊ..?”
മറുപടി പറയാൻ അവൾക്ക് പെട്ടെന്ന് സാധിച്ചില്ല. പതിയേ, നാണുവേട്ടന് കാത് കേൾക്കുന്നില്ലെന്നും. താൻ കണക്ക് കൂട്ടി കഴിയുന്നത് വരെ കാത്തിരിക്കാൻ സാധനം വാങ്ങാൻ വരുന്നവർക്ക് ക്ഷമയില്ലെന്നും സുജ എന്നെ നോക്കാതെ പറഞ്ഞു. അത് കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ പറ്റിയില്ല. ഞാൻ ചിരിച്ചപ്പോൾ അവൾ എഴുന്നേറ്റ് പോകുകയും ചെയ്തു. പാത്രങ്ങളെല്ലാമെടുത്ത് ഞാൻ അടുക്കളയിലേക്കും പോയി.
അന്ന് കിടന്നിട്ടും ഞങ്ങൾ ഉറങ്ങിയില്ല. നാളുകൾക്ക് ശേഷം എനിക്ക് സുജയെ നിർബന്ധമായി കെട്ടിപ്പിടിക്കണമെന്ന് തോന്നി. അരയിൽ തൊട്ടപ്പോൾ തന്നെ അവൾ തിരിഞ്ഞ് കിടന്ന് എന്നെ പരമാവധി തന്നിലേക്ക് ചേർത്ത് പിടിച്ചു.
‘അതേയ്… നിങ്ങളെന്നെ പൊന്ന് പോലെ നോക്കുമെങ്കിൽ ഞാൻ തന്നെ ഇവിടുത്തെ ജോലിയെല്ലാം ചെയ്തോളാം..’
”ഇതുവരെ നിന്നെ മുക്ക് പോലെയാണോ നോക്കിയത്.?”
അൽപ്പം പിൻവലിഞ്ഞ് അരിശത്തോടെയാണ് സുജയോട് ഞാനത് ചോദിച്ചത്. ഒരാഴ്ച്ചയോളം അടക്കിവെച്ച സങ്കടങ്ങളെല്ലാം അവളുടെ കണ്ണുകളിലൂടെ വിങ്ങി വന്നു. കവിളിലേക്കത് ഒലിച്ചിറങ്ങിയപ്പോൾ ഞാൻ അവളുടെ മുഖം വാരിയെടുത്തു.
‘നിനക്ക് ഇവിടുത്തെ പണി കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കിൽ സഹായത്തിന് ഒരാളെ നിർത്താം.. ‘
മറുപടിയായി വേണ്ടായെന്ന് പറഞ്ഞ് സുജ എന്റെ കണ്ണുകളിൽ ഉമ്മവെച്ചു. കൃത്യം ആ നേരമാണ് അവളുടെ അമ്മായിയുടെ അനിയന്റെ ഭാര്യയുടെ അച്ഛന്റെ വകയിലുള്ള ഞങ്ങളുടെ നാണുവേട്ടൻ ആരുടെയോ ഫോണിൽ നിന്ന് എന്നെ വിളിച്ചത്.
‘എടോ… നിന്റെ പെണ്ണുമ്പിള്ള പേരുപോലും അറിയാത്ത ആർക്കൊക്കെയോ കടം കൊടുക്കുന്നുണ്ട്… കട പൂട്ടിക്കുന്നതിന് മുമ്പെങ്കിലും നീ വരുമോ…!?’
നാണുവേട്ടൻ ഉറക്കെ ചോദിച്ചു. എന്റെ മുഖമുരസ്സി കിടക്കുന്ന സുജയ്ക്ക് ആ ശബ്ദം കേൾക്കാൻ പ്രയാസമേ ഉണ്ടായിരുന്നില്ല. അവൾക്ക് കൂട്ടാനൊന്നും അറിയില്ലെടോയെന്ന് കൂടി നാണുവേട്ടൻ പറഞ്ഞപ്പോഴേക്കും കയ്യിൽ നിന്ന് ഫോൺ വാങ്ങി അവൾ കട്ട് ചെയ്തു. ശേഷം, കണക്ക് പരീക്ഷയിൽ തോറ്റ കുട്ടിയെപ്പോലെ തലകുനിച്ച് നിന്നു…
കാത് പൊട്ടുന്ന ദേഷ്യപ്പെടൽ പ്രതീക്ഷിച്ചിരുന്നത് കൊണ്ടായിരിക്കണം നിമിഷങ്ങൾ കഴിഞ്ഞിട്ടും സുജ തല ഉയർത്താതിരുന്നത്.. കിടക്കയിൽ കമിഴ്ന്ന് കിടന്ന് ചിരിക്കുന്ന ഞാൻ എങ്ങനെ ദേഷ്യപ്പെടാനാണ്…! മിണ്ടാൻ പോയിട്ട്, മര്യാദയ്ക്ക് ശ്വാസമെടുക്കാൻ പോലും ആ നേരം പറ്റുന്നുണ്ടായിരുന്നില്ല. അത് കണ്ടപ്പോൾ സുജയുടെ സങ്കടം വീണ്ടും കൂടി. വിങ്ങലോടെ അടുത്തേക്ക് വന്ന് മതിയാവോളം എന്നെ തല്ലുകയും, മാറിൽ മൂക്കുരക്കുകയും ചെയ്തു. ഇഷ്ടം കൊണ്ടാണ്… നിറഞ്ഞ കണ്ണുകളിലെ ആ ചിരി വ്യക്തമായത് പറയുന്നുണ്ട്. പരസ്പരം അടർന്ന് മാറാൻ പറ്റാത്ത വിധമാണ് ഞങ്ങളെന്ന് അറിയുന്നുണ്ട്……!!!
****************
