എഴുതിയത്:-ശ്രീജിത്ത് ഇരവിൽ
മാറോട് ചേർത്ത് ഉറക്കാൻ കിടത്തിയ ഒരു രാത്രിയിൽ, അമ്മ എവിടെപ്പോയെന്ന് മോൻ ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം പറയാൻ വളരേ ബുദ്ധിമുട്ടുള്ള ഉത്തരം ആയിരുന്നുവത്.
‘അമ്മ ഒരിടം വരെ പോയേക്കുവാ…. നാളെ വരും…’
കേട്ടതും, തലയുയർത്തി കണ്ണെടുക്കാതെ മോൻ എന്നെ ഏറെ നേരം നോക്കി. അവന്റെ നേർക്കാഴ്ച്ചയിൽ നിന്ന് മാറാൻ പറ്റാതെ ഉള്ള് പിടയുകയാണ്. ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോയ അവന്റെ അമ്മയെ എങ്ങനെ കൊണ്ടുവരും…! ഇനിയൊരിക്കലും ഞങ്ങളുടെ ജീവിതത്തിലേക്ക് അവൾ വരില്ലായെന്ന ആ ബോധം കണ്ണുകളെ നനച്ചു. പുരികങ്ങൾ അതിൽ തൊട്ട് പിടഞ്ഞു…
മോന് ഇപ്പോൾ പ്രായം ആറ് കഴിഞ്ഞതേയുള്ളൂ… അവന്റെ ഒന്നാം പിറന്നാളിന് മുമ്പേ എനിക്ക് ഭാര്യയെ നഷ്ടപ്പെട്ടു. കാലാതീതമായ നഷ്ട്ടങ്ങൾ എന്താണെന്ന് അറിയാത്ത എന്റെ കുഞ്ഞോളം കുഞ്ഞാകാൻ പിന്നീട് ഞാൻ പഠിക്കുകയായിരുന്നു. അവനെ പോലെ ഇടയ്ക്ക് മാത്രം ഓർക്കുകയും, പിന്നീട് മറക്കുകയും ചെയ്യുന്ന പരുവത്തിലേക്ക് ഞാനും വളർന്നു.
പക്ഷേ, മനസ്സിന്റെ വളർച്ച നിൽക്കില്ലല്ലോ… അവളുടെ ഇല്ലായ്മയെ, നാളെ വരുമെന്ന കള്ളം കൊണ്ട് എത്ര നാൾ എനിക്ക് ഇങ്ങനെ ഒളിപ്പിക്കാൻ സാധിക്കും…! മരിച്ച് പോയ പ്രിയപ്പെട്ടവരെല്ലാം ഓർമ്മകളുടെ തുടിപ്പുകളായി ജീവിച്ചിരിക്കുന്നവരിൽ താളം പിടിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. അവളുടെ ഈണത്തോട് ചേരാതെ തുഴയാൻ ജീവിതത്തിന് ഒരു കര ഇല്ലെന്ന് ഞാൻ അറിയുന്നു. കാലത്തിന് മായിക്കാൻ പറ്റാത്ത മുറിവുകളും മനുഷ്യരിൽ ഉണ്ടെന്നത് അനുഭവത്തിൽ പകൽ പോലെ തെളിയുന്നു…
മോൻ വളരുകയാണ്. അമ്മയെ അന്വേഷിക്കുമ്പോൾ ഒരിടം വരെ പോയിരിക്കുന്നുവെന്നും, നാളെ വരുമെന്നുമുള്ള ഉത്തരം ഇനിയും അവന്റെ ചോദ്യങ്ങളെ തൃപ്തിപ്പെടുത്തില്ല.. ആദ്യമൊക്കെ അങ്ങനെ പറയുമ്പോൾ എവിടേക്കാണ് അമ്മ പോയതെന്ന് കിന്നരി പല്ലുകളിൽ നാക്ക് തട്ടിക്കൊണ്ട് അവൻ ചോദിക്കാറുണ്ട്. ആ ചോദ്യം നിന്ന സ്ഥിതിക്ക് അവനും കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെന്ന് വേണം കരുതാൻ. അവളെ ഓർത്ത് നിരന്തരം ദുഃഖിക്കുന്ന ഞങ്ങളുടെ നാളുകൾക്ക് തീരശ്ശീല വീണേ പറ്റൂ…
അമ്മ ഇനി വന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് ഒരിക്കൽ മോനോട് ചോദിച്ചിരുന്നു. ഉത്തരം പറയാൻ അവൻ വിഷമിക്കുന്നുണ്ടെന്ന് മനസിലായപ്പോൾ വിഷയം മാറ്റി.
‘മോൻ വളർന്ന് അച്ഛനെ പോലെ ആകുമ്പോഴേക്കും അച്ഛന് വയസായിട്ടുണ്ടാകും…’
” എന്നിട്ട്…? “
കഥകൾ കേട്ടിരിക്കുന്ന ലാഘവത്തിലാണ് മോൻ ചോദിച്ചത്. വയസ്സായാൽ എല്ലാവരും മരിക്കുമെന്ന് ഞാൻ മറഞ്ഞു. മരണമെന്ന വാക്ക് അവന് തീരേ പരിചയം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും, മനുഷ്യരെ സംബന്ധിച്ച് അനശ്ചിതമായ അപരിചിതത്വം മരണത്തിന് മാത്രമല്ലേയുള്ളൂ…
‘മരിക്കാന്ന് പറഞ്ഞാ.. ന്താച്ഛാ…?’
കണ്ണുകൾ വിടർത്തിക്കൊണ്ടാണ് മോൻ ചോദിച്ചത്. അവന്റെ അമ്മയെ ഉദാഹരിച്ച് ഉത്തരം പറയാൻ നന്നേ ബുദ്ധിമുട്ടി. ആ ബുദ്ധിമുട്ട് മനസ്സിലായത് കൊണ്ടാണോയെന്ന് അറിയില്ല, തന്റെ ഇഷ്ട്ട കളിപ്പാട്ടവുമായി അവന്റെ ശ്രദ്ധ മാറിപ്പോയി. എത്ര ശ്രദ്ധിച്ചാലും പിടികിട്ടാത്ത മരണത്തിൽ തന്നെയായിരുന്നു അപ്പോഴും മനസ്സ്…
അന്ന്, കട നേരത്തേ അടച്ചത് കൊണ്ട് മാത്രം വീട്ടിലേക്ക് വരുന്ന വഴിയിൽ നിന്ന് യാദൃശ്ചികമായി പഴയകാല സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. വിശേഷങ്ങളുടെ കൂമ്പാരം ഇടിഞ്ഞ് വീണപ്പോൾ ഞാൻ അവനെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നെ യാതൊന്നും പറയാൻ സമ്മതിക്കാതെ അവൻ ഒരു സംസാരപ്പെട്ടി ആകുകയായിരുന്നു..
ആ സൗഹൃദത്തിൽ മനം നിറഞ്ഞ സന്തോഷത്തോടെ രണ്ട് കാതുകളും ഞാൻ അവന് കൊടുത്തു…
വീട്ടിലേക്ക് എത്തിയപ്പോൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂടെ വന്നതിന്റെ ഓർമ്മ കൂട്ടുകാരനിൽ തെളിഞ്ഞിരുന്നു. ഏറെ പരിചയമുള്ള ഇടം കണ്ടത് പോലെ അവന്റെ കണ്ണുകൾ ഒളിയുകയാണ്. ഉമ്മറത്തിരുന്ന് തന്റെ അമ്മൂമ്മയുമായി മഞ്ചാടിക്കുരു പെറുക്കിക്കൂട്ടുന്ന തിരക്കിലായിരുന്നു ആ നേരം മോൻ…
നിന്റെ കുഞ്ഞാണോയെന്നും ചോദിച്ച് കൂട്ടുകാരൻ അവനെ തോളോടെ എടുത്ത് പൊക്കി. അവന്റെ നെറ്റിയിലൊരു ഉമ്മ കൊടുത്തു. ശേഷം, എവിടെയെടാ നിന്റെ പെണ്ണെന്നും, കുഞ്ഞിനോട് അമ്മയെന്നും ചോദിച്ചു.
അങ്ങനെ കേട്ടപ്പോൾ, താൻ ചായ എടുക്കാമെന്ന് പറഞ്ഞ് എന്റെ അമ്മ അകത്തേക്ക് പോകുകയായിരുന്നു. ഞാനും മോനും പരസ്പരം നോക്കി തലകുനിച്ചത് കൂട്ടുകാരൻ കണ്ടിട്ടുണ്ടാകില്ല. ഉണ്ടായിരുന്നുവെങ്കിൽ ചോദ്യം ആവർത്തിക്കില്ലായിരുന്നുവല്ലോ….
അതൊക്കെ പറയാമെന്നും, നീയാദ്യം കയറിയിരിക്കൂവെന്നും ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. അതിന് മുമ്പേ, കൂട്ടുകാരന്റെ ചോദ്യത്തിനുള്ള ഉത്തരമെന്നോണം മറുപടി ഉയർന്നു. കള്ളമാണെങ്കിലും, തന്റെ കിന്നരി പല്ലുകളിൽ തട്ടി മോൻ പറഞ്ഞത് തന്നെയായിരുന്നു ഞങ്ങളുടെ തുടർ ജീവിതത്തിലെ ശരി…
‘അമ്മ ഒരിടം വരെ പോയേക്കുവാ… നാളെ വരും…!!!’
