Story written by Jk
കണ്ണൂരിലെ ആ പ്രഭാതം പതിവുപോലെ തിരക്കുള്ളതായിരുന്നു. അരവിന്ദ് തന്റെ ലാപ്ടോപ്പ് ബാഗ് മുറുക്കിപ്പിടിച്ച് ബസ്സും കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു.. ബൈക്ക് ഒരെണ്ണം ഉണ്ട് പക്ഷേ അതിൽ പെട്രോൾ അടിക്കുന്ന പൈസയേക്കാൾ ലാഭം ബസ്സിൽ പോകുന്നതാണ് അങ്ങനെയാണെങ്കിൽ ആ പണം കൂടി കുടുംബത്ത് ചെലവാക്കാം. അതായിരുന്നു അയാളുടെ കണക്കുകൂട്ടൽ.. പെട്ടെന്ന് ബസ് വന്നു.. ഇപ്പോൾതന്നെ അത്യാവശ്യം തിരക്കുണ്ട് എന്നാൽ അതൊന്നും നോക്കാതെ സമയത്തിന് എത്താൻ വേണ്ടി അരവിന്ദ് ആ ബസ്സിൽ കയറി… പയ്യാമ്പലം ഭാഗത്തുനിന്നും ടൗണിലേക്ക് സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിനുള്ളിൽ യാത്രക്കാരുടെ തിരക്ക് പതിയെ വർദ്ധിച്ചു കൊണ്ടിരുന്നു. എല്ലാവരും ദീർഘദൂര യാത്രക്കാരാണ് അതുകൊണ്ട് സീറ്റ് കിട്ടും എന്നൊരു വ്യാമോഹം അരവിന്ദിന് ഉണ്ടായിരുന്നില്ല… അയാൾ ഉള്ള സ്ഥലത്ത് കംഫർട്ട് ആയി നിൽക്കാൻ ശ്രമിച്ചു…
മുപ്പത്തഞ്ചുകാരനായ അരവിന്ദ് ഒരു മെഡിക്കൽ റെപ്രസെന്ററ്റീവാണ്. അന്നത്തെ ദിവസത്തെ ടാർഗെറ്റുകൾ, കാണേണ്ട ഡോക്ടർമാർ, വീട്ടിൽ മരുന്നിനായി കാത്തിരിക്കുന്ന വൃദ്ധരായ മാതാപിതാക്കൾ—ഇതൊക്കെ യായിരുന്നു അയാളുടെ മനസ്സിൽ. തലേദിവസം രാത്രി ഉറക്കമില്ലാതെ തയ്യാറാക്കിയ റിപ്പോർട്ടുകളുടെ ടെൻഷനിൽ അയാൾ പുറത്തെ കാഴ്ചകൾ പോലും ശ്രദ്ധിക്കാതെ ശൂന്യതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അതേ ബസിലേക്ക് ‘മായ വ്ലോഗ്‌സ്’ എന്ന പേരിൽ അറിയപ്പെടുന്ന മായ കയറി. കയ്യിൽ ലേറ്റസ്റ്റ് ഐഫോണും സ്റ്റെബിലൈസറും. അവൾക്ക് വേണ്ടത് ഒരു ‘വൈറൽ കണ്ടന്റ്’ ആയിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ ലക്ഷക്കണക്കിന് വ്യൂസ് കിട്ടുമെന്ന് അവൾക്കറിയാമായിരുന്നു. ബസിലെ തിരക്കിനിടയിൽ അവൾ തന്റെ ഇരയെ തിരഞ്ഞു. ശാന്തനായി, ഒന്നിനും പ്രതികരിക്കാതെ ടെൻഷനടിച്ചു നിൽക്കുന്ന അരവിന്ദിനെ കണ്ടപ്പോൾ അവൾക്കൊരു ബുദ്ധി തോന്നി. ആളെ കണ്ടാലേ അറിയാം ഒരു മാന്യൻ!! ഇത്തരം ആളുകളുടെ വീഡിയോ ആകുമ്പോൾ കുറച്ചു കൂടുതൽ റീച്ച് കിട്ടും!!
അവളുടെ മനസ്സിൽ അതായിരുന്നു..
മായ പതുക്കെ അരവിന്ദിന്റെ അടുത്തേക്ക് നീങ്ങി നിന്നു. അയാൾ അതൊന്നും അറിഞ്ഞതേയില്ല; ജോലി സംബന്ധമായ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും ഓർഡറുകൾ കുറിച്ചെടുക്കുന്നതിനുമുള്ള തിരക്കിലായിരുന്നു അയാൾ.
മായ തന്റെ ഫോൺ രഹസ്യമായി ഓൺ ചെയ്തു. ബസിന്റെ കുലുക്കത്തി നിടയിൽ അവൾ മനപ്പൂർവ്വം തന്റെ ശ,രീരം അയാളുടെ കൈകളിൽ തട്ടത്തക്ക രീതിയിൽ നിന്നു. തന്റെ പുറകിൽ ആരോ ഉണ്ട് എന്ന് മനസ്സിലാക്കിയ അരവിന്ദ് ഒരു നിമിഷം ഒന്ന് ഞെട്ടി മാറി നിന്നു പിന്നെ ബസിലെ തിരക്ക് കൊണ്ട് ആണെന്ന് കരുതി അയാൾ വീണ്ടും തന്റെ ചിന്തകളിലേക്ക് മടങ്ങി.?എന്നാൽ മായ വിട്ടില്ല. അവൾ ക്യാമറ ആംഗിൾ പൂർണ്ണമായും അയാളെ ഒപ്പിയെടുക്കുന്ന വിധത്തിൽ ക്രമീകരിച്ചു, അരവിന്ദ് അവളെ മനപ്പൂർവ്വം സ്പർശിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവൾ ചില ദൃശ്യങ്ങൾ പകർത്തി. എന്നിട്ട് പെട്ടെന്ന് അവൾ ഉച്ചത്തിൽ നിലവിളിച്ചു.
”എന്താടോ താൻ കാണിക്കുന്നത്? ഒരു പെണ്ണ് അടുത്ത് നിൽക്കുമ്പോൾ തനിക്ക് ഇത്രയും മോശം വിചാരമാണോ?” ബസിലെ യാത്രക്കാർ എല്ലാവരും അരവിന്ദിനെ നോക്കി. അരവിന്ദ് ആകെ പകച്ചുപോയി. അയാൾ ഒന്നും അറിഞ്ഞിട്ടു കൂടി ഉണ്ടായിരുന്നില്ല… അല്ലെങ്കിൽ തന്നെ അയാൾക്ക് ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല ജീവിത പ്രാരാബ്ദം അത്രത്തോളം ഉണ്ടായിരുന്നു..
“ഞാൻ… ഞാൻ ഒന്നും ചെയ്തില്ല സഹോദരി, എന്റെ കൈ അറിയാതെ പോലും തട്ടിയിട്ടില്ല,” അയാൾ വിക്കി വിക്കി പറഞ്ഞു.?പക്ഷേ മായ വിട്ടില്ല. അവൾ ക്യാമറ അയാളുടെ വിറയ്ക്കുന്ന മുഖത്തിന് നേരെ തിരിച്ചു. “ഇതാ നോക്കൂ സുഹൃത്തുക്കളേ, മാന്യനായി നിൽക്കുന്ന ഈ മെഡിക്കൽ റെപ്രസെന്ററ്റീവിന്റെ യഥാർത്ഥ മുഖം. ഇങ്ങനെയുള്ള കപടവേഷധാരികളെ വെറുതെ വിടരുത്.” ആളുകൾ മായയുടെ പക്ഷം ചേർന്നു. ചിലർ അരവിന്ദിനെ ചീത്ത വിളിച്ചു, ഒരാൾ അയാളെ പിടിച്ചു തള്ളി. അപമാനിതനായി, കണ്ണുനിറഞ്ഞ് അരവിന്ദ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓടി.
അന്ന് വൈകുന്നേരം തന്നെ മായ ആ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘കണ്ണൂരിലെ ബസ് യാത്രക്കിടെ ദുരനുഭവം’ എന്നായിരുന്നു ടൈറ്റിൽ. മിനിറ്റുകൾക്കുള്ളിൽ അത് വൈറലായി. അരവിന്ദിന്റെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും എല്ലാം ആളുകൾ കണ്ടുപിടിച്ചു. അടുത്ത ദിവസം അരവിന്ദ് ജോലിക്ക് ചെന്നപ്പോൾ മാനേജർ അയാളെ പുറത്താക്കി. കമ്പനിയുടെ പേര് മോശമായെന്ന് അവർ പറഞ്ഞു. അയൽവാസികൾ അയാളെ പുച്ഛത്തോടെ നോക്കി. സോഷ്യൽ മീഡിയയിൽ അയാളെ തൂ,ക്കി ക്കൊ,ല്ലണം എന്ന് വരെ കമന്റുകൾ വന്നു. എന്നാൽ വീഡിയോ സൂക്ഷിച്ചു നോക്കിയ ചിലർക്ക് അരവിന്ദ് നിരപരാധിയാണെന്ന് തോന്നിയിരുന്നു. അയാളുടെ കണ്ണുകളിലെ ഭയം, അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത്—എല്ലാം അതിൽ വ്യക്തമായിരുന്നു. പക്ഷേ, മായയുടെ ആരാധകരുടെ ബഹളത്തി നിടയിൽ ആ ശബ്ദങ്ങൾ ആരും കേട്ടില്ല. അരവിന്ദ് തന്റെ മുറിയിൽ അടച്ചിരുന്നു. എടാ, നീ ശരിക്കും ഇത് ചെയ്തോ?” എന്ന ആളുകളുടെ ആ ചോദ്യം അരവിന്ദിനെ പൂർണ്ണമായും തകർത്തു കളഞ്ഞു. ലോകം മുഴുവൻ തന്നെ വേട്ടയാടുക യാണെന്നും, സത്യം തെളിയിക്കാൻ തനിക്ക് കഴിയില്ലെന്നും അയാൾ ഭയന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്താനുള്ള സാമ്പത്തികമോ മാനസികമോ ആയ കരുത്ത് ആ സാധാരണക്കാരന് ഇല്ലായിരുന്നു. ആ രാത്രിയിൽ, ബാക്കിയുള്ളവർ ഓൺലൈനിൽ അയാൾക്കെതിരെ ട്രോളുകൾ ഉണ്ടാക്കുമ്പോൾ, അരവിന്ദ് മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി..
എന്നാൽ അയാൾക്കുണ്ടായിരുന്ന നല്ലവരായ കുറച്ച് സുഹൃത്തുക്കൾ അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു… പലർക്കും സത്യം ബോധ്യപ്പെട്ടു.. ആരെ യെങ്കിലും കിട്ടിയാൽ ക്രൂ,ശിക്കാൻ നിൽക്കുന്ന ചിലർ മാത്രം അയാൾക്കെതിരെ വായിൽ വരുന്നതെല്ലാം പറഞ്ഞു സന്തോഷം കണ്ടെത്തി. എന്നാൽ അതെല്ലാം ബാധിച്ചത് അരവിന്ദിനെ ആയിരുന്നു. അയാളുടെ കൂട്ടുകാരും അച്ഛനും അയാളെ തനിച്ചാക്കിയ ഒരു നേരത്ത് അയാൾ മ,രണം തിരഞ്ഞെടുത്തു കൊടുത്തിരുന്ന മുണ്ട് റൂമിലെ റൂഫിൽ ഉള്ള കൊളുത്തിൽ കു,രുക്കി, മറ്റേ ഭാഗം ക,ഴുത്തിലൂടെയും കെട്ടി പതിയെ മരണത്തെ പുൽകി..
അരവിന്ദിന്റെ മരണം കണ്ണൂരിനെ പിടിച്ചുലച്ചു. മരണ വാർത്ത പുറത്തുവന്ന തോടെ ജനങ്ങളുടെ മനസ്സ് മാറി. മായയുടെ വീഡിയോ ആളുകൾ വീണ്ടും വീണ്ടും പരിശോധിച്ചു. സ്ലോ മോഷനിൽ കണ്ടപ്പോൾ മായ തന്നെയാണ് മനപ്പൂർവ്വം അയാളുടെ അടുത്തേക്ക് നീങ്ങിയതെന്നും, അരവിന്ദ് കൈകൾ മാറ്റി വെക്കാൻ ശ്രമിക്കുന്നുണ്ടെന്നും എല്ലാവർക്കും വ്യക്തമായി. ജനങ്ങളുടെ രോഷം മായയ്ക്ക് നേരെ തിരിഞ്ഞു. സൈബർ ഇടങ്ങളിൽ അവൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. പോലീസ് കേസ് എടുത്തു. പക്ഷേ ജനങ്ങൾ കാത്തിരുന്നില്ല. മായയുടെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടി. അത് ഒരു ‘ജനകീയ കോടതി’യായി മാറി. അവിടെ ഒരു വിചാരണ നടന്നു. സാധാരണക്കാരായ ആളുകൾ അവിടെ നിന്നു.
“നാല് കാശിനും കുറച്ച് വ്യൂസിനും വേണ്ടി ഒരു മനുഷ്യന്റെ ജീവിതം തകർത്ത നീ ആണോ വ്ലോഗർ?” ഒരാൾ ചോദിച്ചു.”നീ ചെയ്തത് കൊ,ലപാതകമാണ്, കണ്ടന്റല്ല!” മറ്റൊരാൾ ഉറക്കെ വിളിച്ചു പറഞ്ഞു.?മായ അകത്ത് ഭയന്നു വിറച്ചിരിക്കുകയായിരുന്നു. അവൾക്ക് സംരക്ഷണം നൽകാൻ സൈബർ ലോകത്തെ അവളുടെ ആരാധകർ ആരും വന്നില്ല. പോലീസ് അവളെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, ജനക്കൂട്ടം അവൾക്ക് നേരെ ആക്രോശിച്ചു. അവൾ തല കുനിച്ചു നിന്നു. പക്ഷേ അപ്പോഴേക്കും ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അരവിന്ദ് പോയിക്കഴിഞ്ഞിരുന്നു.
അരവിന്ദിന്റെ ശവസംസ്കാരത്തിന് ബസിലെ കണ്ടക്ടറും ഡ്രൈവറും എത്തിയിരുന്നു. അവർ മാധ്യമങ്ങളോട് പറഞ്ഞു, “ആ പാവം മനുഷ്യൻ ഒന്നും ചെയ്തിരുന്നില്ല എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. പക്ഷേ ആ പെണ്ണിന്റെ വീഡിയോയും ബഹളവും കണ്ടപ്പോൾ ഞങ്ങൾ പ്രതികരിക്കാൻ ഭയന്നു.”
ഈ സംഭവം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തർക്കും ഒരു പാഠമായി മാറി. ഒരു ക്യാമറ കയ്യിലുണ്ടെന്ന് കരുതി ആർക്കും ആരെയും തകർക്കാമെന്ന അവസ്ഥ എത്രത്തോളം ക്രൂ,രമാണെന്ന് ലോകം തിരിച്ചറിഞ്ഞു. മായ ജയിലിലായി. പക്ഷേ അരവിന്ദിന്റെ വീട്ടിലെ ആ വൃദ്ധ മാതാപിതാക്കളുടെ കണ്ണീർ ഒപ്പാൻ ആർക്കും കഴിഞ്ഞില്ല.. അവരുടെ ഏക ആശ്രയം ആ ഒരു ചെറുപ്പക്കാരൻ മാത്രമായിരുന്നു അയാൾ ജോലിയെടുത്ത് കൊണ്ടു വരുന്നത് കൊണ്ടായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്.. തങ്ങളുടെ ഭാവി ജീവിതം ഈ മകൻ ഉള്ളതുകൊണ്ട് സുരക്ഷിതമാണ് എന്ന് കരുതിയിരുന്ന മാതാപിതാക്കൾ, ഇനി ഒരു നേരത്തെ അന്നത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട ഗതിയായി.. എന്തിനായിരുന്നു ഇത്രയും വലിയ ക്രൂ,രത? കുറച്ച് ലൈക്കിനു വേണ്ടിയോ അതുകൊണ്ട് കിട്ടുന്ന റീച്ചിന് വേണ്ടിയോ?? ഒരാളുടെ ജീവനേക്കാൾ ജീവിതത്തേക്കാൾ വലിപ്പം ഉണ്ടായിരുന്നോ അവയ്ക്കെല്ലാം?? “”
ജനകീയ കോടതിയിലെ വിധി ഇന്നും മുഴങ്ങുന്നു: “ഒരു സ്ക്രീനിന്റെ അപ്പുറത്ത് ഇരുന്ന് നമ്മൾ നൽകുന്ന ഓരോ ലൈക്കും കമന്റും ഒരാളുടെ ജീവിതമോ മരണമോ നിശ്ചയിച്ചേക്കാം. അതുകൊണ്ട് സത്യം അറിയാതെ ഒരാളെയും വിചാരണ ചെയ്യരുത്… പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിക്കണം അത് പക്ഷേ ഒരു നിരപരാധിയുടെ ജീവനെടുത്തത് പോലെ ആയിരിക്കരുത്!!
♡♡♡♡♡♡♡♡
