നീ ആവശ്യപ്പെട്ടതെല്ലാം വാങ്ങിച്ചു തരുമ്പോൾ ഞാൻ പലപ്പോഴും കടം വാങ്ങിയാകും. ആ വെപ്രാളം ചിലപ്പോൾ എന്റെ മുഖത്തു നീ കണ്ടിട്ടുണ്ടാകും. എന്നിട്ടും നീ പിന്നെയും പിന്നെയും ആവശ്യങ്ങളുടെ പട്ടിക നിരത്തുമ്പോൾ……

എഴുത്ത്:- മഹാദേവന്‍

ഒത്തിരി സ്നേഹിച്ചവളുടെ നാവിൽ നിന്നാണ് ഇതൊക്കെ കേൾക്കുന്നതെന്ന് ഓർക്കുമ്പോൾ എന്ത് നെഞ്ച് നീറുക യായിരുന്നു.

” എടി, ഇതൊക്കെ അറിഞ്ഞല്ലേ നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ടത്. എന്റെ അവസ്ഥകളെല്ലാം നിന്നോട് പറഞ്ഞി ട്ടുള്ളതല്ലേ.  അന്നൊക്കെ നിനക്ക് എല്ലാം അട്ജെസ്റ്റ് ചെയ്യാൻ ഇഷ്ടമായിരുന്നു.  എല്ലാതിനേക്കാൾ ഉപരി എന്നോടൊത്തുള്ള ജീവിതമാണ് നിന്റ സ്വപ്നം എന്ന് നീ പറഞ്ഞിട്ടുണ്ട്. എന്നിട്ടിപ്പോ, അതെ നീ എന്റെ ഇല്ലായ്മയെ കുറിച്ച് വ്യാകുലപ്പെടുന്നു.

നീ ആവശ്യപ്പെട്ടതെല്ലാം വാങ്ങിച്ചു തരുമ്പോൾ ഞാൻ പലപ്പോഴും കടം വാങ്ങിയാകും. ആ വെപ്രാളം ചിലപ്പോൾ എന്റെ മുഖത്തു നീ കണ്ടിട്ടുണ്ടാകും. എന്നിട്ടും നീ പിന്നെയും പിന്നെയും ആവശ്യങ്ങളുടെ പട്ടിക നിരത്തുമ്പോൾ അത് എന്തിനാണെന്നോ അതിന്റെ ആവശ്യം ഇപ്പോൾ ഉണ്ടോ എന്നൊന്നും ചോദിക്കാതെ നിന്റ ആവശ്യങ്ങൾ സന്തോഷത്തോടെ നടത്തി തരുമ്പോൾ  ഒന്നും നീ എന്നിൽ കാണാത്ത  എന്റെ പ്രാരാബ്ദങ്ങൾ നീ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.  “

എന്റെ ചോദ്യങ്ങൾക്കുള്ള അവളുടെ മറുപടി ഒറ്റവാക്കിൽ ആയിരുന്നു…

” എനിക്കിത് മുന്നോട് കൊണ്ടു പോകാൻ താല്പര്യം ഇല്ല. “

അവളുടെ തീരുമാനം ഉറച്ചതാണെന്ന് തോന്നിയത് കൊണ്ട് കെഞ്ചാനോ സങ്കടപ്പെടാനോ നിന്നില്ല.

തിരുത്താൻ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ട്  ഒന്നും പറയാതെ അവിടെ നിന്ന് പോരുമ്പോൾ  അവളുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിയ്ക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു.

വളരെ പെട്ടന്ന് ആയിരുന്നു അവളുടെ വിവാഹം. അറിഞ്ഞപ്പോൾ ഒത്തിരി വിഷമം തോന്നി. ആ ദിവസം, താലി കെട്ടുന്ന നിമിഷം  ഒന്ന് കടന്നുപോകാൻ ഒരുപാട് സമയമെടുത്തു.

ഒരു രാത്രി കൂടെ ഇരുട്ടിവെളുക്കുമ്പോൾ  ആ ഒരിഷ്ടം കൂടെ വഴിമാറി ഒഴുകിയിരുന്നു.

ദിവസങ്ങൾ മാസങ്ങളും വർഷങ്ങളുമായി  മാറുമ്പോൾ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.

അന്ന് പുതിയ പണിക്കായി ഒരു വീട്ടിൽ ചെല്ലുമ്പോൾ അറിഞ്ഞിരുന്നില്ല ഒരിക്കൽ പ്രണയിച്ചവളുടെ വീട് ആണെന്ന്.

ആണെന്ന് അറിഞ്ഞ നിമിഷം  കൂട്ടുകാരനോട് പറഞ്ഞതാണ് ” ടാ, എനിക്കിവിടെ ശരിയാവില്ല. നിനക്കറിയാലോ എല്ലാം. അവളുടെ വീട്ടിൽ ഞാൻ… അത് ശരിയാവില്ലടാ ” എന്ന് പറയുമ്പോൾ കൂട്ടുകാരൻ ചിരിക്കുകയായിരുന്നു. 

” എന്റെ മോനെ… നിന്നെ വേണ്ടെന്നും പറഞ്ഞു പോയവളെ കാണുമ്പോൾ നീ എന്തിനാടാ മാറി നടക്കുന്നത്?  നീ നിന്റ ജോലി ചെയാൻ ആണ് വന്നത്.  അത് ആത്മാർത്ഥതയോടെ ചെയ്യുക. വൈകീട്ട് കാശ് വാങ്ങുക. പോവുക, അത്രേ ഉള്ളൂ… അതിൽ അവളാണല്ലോ മുന്നിൽ എന്ന് കരുതി ഒരു നാണക്കേടും വേണ്ട “

ശരിയാ… അവൻ പറഞ്ഞതാണ് ശരി.  ഇവളിപ്പോ എന്റെ ആരുമല്ല. പിന്നെ ഇവളെ കാണുമ്പോൾ ഞാൻ എന്തിന് പോകണം.

ജോലിയുടെ ഇടവേളയിൽ അവൾ അടുത്ത് വന്നപ്പോൾ  മൈൻഡ് ചെയ്യാൻ നിന്നില്ല. അത് അറിഞ്ഞത്കൊണ്ടാവണം മിണ്ടിതുടങ്ങിയത് അവളായിരുന്നു.

” ദേവേട്ടന് സുഖമാണോ? “

“സുഖം “എന്ന് മറുപടി നൽകുമ്പോൾ അവൾ പുഞ്ചിരിച്ചു. എല്ലാവരും ചോദിക്കുന്നപ്പോലെ സുഖമാണോ എന്ന് തിരിച്ചു ചോദിക്കാൻ നിന്നില്ല. സുഖവും സന്തോഷവും കിട്ടാൻ വേണ്ടി തന്നെ ഉപേക്ഷിച്ചു പോയവളോട് സുഖമാണോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലെന്ന് തോന്നി.

“ഫാമിലി?”

” ഉം… “

ഒരു മൂളലിൽ അതിനുള്ള ഉത്തരം നൽകുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു

“എന്നോട് ദേഷ്യമാണെന്ന് അറിയാം… ഞാൻ ആണല്ലോ ദേവേട്ടനെ….. എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ,  എനിക്ക്   ഹൈ എജുക്കേഷൻ നേടാൻ നിങ്ങളുടെ കൂടെ വന്നാൽ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ….   അന്ന് വീട്ടുകാർ എനിക്ക് വേണ്ടി ഒരാളെ കണ്ടെത്തി.  ഒത്തിരി കാശുള്ളവർ, ഇഷ്ടം പോലെ പഠിക്കാനുള്ള അനുവാദം. വിവാഹം കഴിഞ്ഞ് പഠനം തുടർന്നോളാൻ പറഞ്ഞപ്പോൾ എനിക്ക് കിട്ടാവുന്നതിൽ വെച്ച് വലിയ ഒരു ലൈഫ് ആയിരുന്നു അന്നത്.  ഒന്നുമില്ലാത്തവനും  ഒത്തിരി ഉള്ളവനും തമ്മിലുള്ള അന്തരം ഞാൻ അന്ന് മനസിലാക്കി.. എന്റെ സ്വപ്‌നങ്ങൾ നടക്കാൻ എനിക്ക് മുന്നിൽ വേറെ. വഴി ഇല്ലായിരുന്നു. “

അവൾ  ഓരോന്നും പറയുമ്പോൾ സത്യം പറഞ്ഞാൽ ദേഷ്യമാണ് തോന്നിയത്. എന്നെ തേച്ചിട്ടു പോയ കഥയാണ്  എനിക്ക് മുന്നിൽ വളരെ ലളിതമായി വിളമ്പുന്നത്.  

“ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്.. നീ ആഗ്രഹിച്ചപ്പോലെ നിന്റ സ്വപ്നങ്ങൾ നടന്നല്ലോ.. പിന്നെ എന്താ… “

എന്ത് വക്കിലെ അനിഷ്ടം അവൾക്ക് മനസ്സിലായെന്ന് തോന്നി.

  ?” സോറി ദേവ്വേട്ടാ… പെട്ടന്ന് മുന്നിൽ കണ്ടപ്പോ ഞാൻ….  ഞാൻ നഷ്ടപ്പെടുത്തിയ എന്റെ ജീവിതം ഓർത്തുപോയി..  പറക്കാൻ മോഹിച്ചു ചാടിയത് ഒരു കൂട്ടിൽ ആയിരുന്നു.  ഇപ്പോൾ പറക്കാൻ കഴിയാതെ ഈ വീട്ടിൽ ഒതുങ്ങിപ്പോയി എന്റെ സ്വപ്‌നങ്ങൾ.

കെട്ടിയിട്ട് പഠിച്ചോളാൻ പറഞ്ഞതാ.. കെട്ട് കഴിഞ്ഞപ്പോൾ ഞാൻ പഠിച്ചു… കെട്ടുന്ന വരെ ഉള്ള വാഗ്ദാനങ്ങൾക്ക് ചില ലൈഫിൽ കെട്ടു കഴിയുമ്പോൾ പ്രസക്തി ഇല്ലെന്ന്.. കൂടെ ഒരു കുട്ടി കൂടെ ആയി കഴിഞ്ഞാൽ….”

അവളുടെ വാക്കുകൾ കേട്ടപ്പോൾ ആഗ്രങ്ങൾക്കൊത്ത ജീവിതം അല്ല അവിടെ എന്ന് തോന്നി. അതുവരെ തോന്നിയ ദേഷ്യം ഒരു സഹതാപത്തിലേക്ക് വഴിമാറി എങ്കിലും പ്രകടിപ്പിക്കാൻ നിന്നില്ല.

എന്റെ മറുപടിക്ക് നിൽക്കാതെ അവൾ അകത്തേക്ക് പോകുമ്പോൾ  ഒരു വിഷമം തോന്നി.  ഇട്ടെറിഞ്ഞു പോയവൾ ആണെങ്കിലും  ഒത്തിരി കാലം. സ്നേഹിച്ചവളുടെ വിഷമം കണ്ടപ്പോൾ…..

അല്ലേലും അതെല്ലാം സ്വാഭാവികമാണ്. ആത്മാർത്ഥസ്നേഹത്തിന് എന്നും ഒരു വിങ്ങൽ കൂടെ ഉണ്ടാകും..

എത്ര ശ്രമിച്ചാലും അടർത്താൻ കഴിയാത്ത ഒരു നുള്ള്. സ്നേഹവും…

വൈകീട്ട് ജോലി കഴിഞ്ഞു പോരാൻ നേരം അവൾ കാശ് നീട്ടുമ്പോൾ പുഞ്ചിരിയോടെ കാശ് വാങ്ങി എണ്ണിനോക്കുമ്പോൾ  അവൾ പുഞ്ചിരിയോടെ ചോദിച്ചത് ” ഭാര്യ ന്ത്‌ ചെയ്യുന്നു ” എന്നായിരുന്നു.

എണ്ണി കഴിഞ്ഞ കാശ് പോക്കറ്റിൽ ഇട്ടുകൊണ്ട് ബൈക്കിൽ കേറാൻ തുടങ്ങുമ്പോൾ ഞാൻ മറുപടിയും നൽകി.

”  അവള് പഠിക്കുവാ…. MBBS “

അവളുടെ മുഖത്ത്‌ ഒരു ഞെട്ടൽ കണ്ടു ഞാൻ.

ഒന്നിനും കൊളളത്തവന്റെ ഭാര്യ ഡോക്ടർ ആവാൻ പഠിക്കുക യാണെന്ന് പറയുമ്പോൾ ഞെട്ടാതിരിക്കില്ലല്ലോ.

ഞാൻ പതിയെ ബൈക്കിൽ കയറി അവിടെ നിന്ന് ഇറങ്ങുമ്പോൾ സൈഡ്ഗ്ലാസ്സിലൂടെ ഞാൻ ഒന്ന് നോക്കി.

ഉണ്ട്… പിറകിൽ അവൾ അതുപോലെ. തന്നെ നിൽപ്പുണ്ട്…

അക്കര പച്ച തേടിപ്പോയ ഒരുവളെ അവൾ പഴിക്കുന്നുണ്ടാകും.എല്ലാം വിധി…

അവളുടെയും എന്റെയും.

☆☆☆☆☆☆☆☆)

Leave a Reply

Your email address will not be published. Required fields are marked *