നീ അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുന്നത്? അവൾ നിന്റെ പെങ്ങളാണ്. അവളുടെ കാര്യങ്ങളൊക്കെ നടത്തി കൊടുക്കാനുള്ള ഉത്തരവാദിത്വം അവളുടെ സഹോദരനായ നിനക്കാണ്……..

എഴുത്ത്:-ശ്വേത

“ഇങ്ങനെ ഒരു കാര്യം ഞാൻ നിന്നോടല്ലാതെ ആരോടാ ചോദിക്കേണ്ടത്? അവൾ നിന്റേം കൂടെ അനിയത്തി അല്ലേ..?അമ്മയുടെ ചോദ്യം കേട്ട് അരുൺ ഒന്ന് പതറി..

” അത് പിന്നെ…”

എന്തു മറുപടി പറയണമെന്നറിയാതെ അരുൺ ഭാമയെ ഒന്ന് നോക്കി. അവൾക്ക് എന്തുവന്നാലും എനിക്കൊന്നുമില്ല എന്നൊരു ഭാവമാണ്. അവളിൽ നിന്ന് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. കാരണം കുറച്ചു സമയം മുൻപ് അമ്മ അവളോട് പറഞ്ഞത് അങ്ങനെയൊരു വർത്തമാനം ആയിരുന്നല്ലോ.
അരുണിന്റെ അനിയത്തിയുടെ കല്യാണ കാര്യമാണ് ചർച്ചാവിഷയം. അവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് വിവാഹം കഴിക്കാൻ പോകുന്നത്. ഒന്നിച്ച് പഠിച്ചവർ തന്നെയാണ് ഇരുവരും. ഒരു പ്രണയവിവാഹം എന്ന് വേണമെങ്കിൽ പറയാം. പക്ഷേ പ്രശ്നം അതൊന്നുമല്ല. അവർ പ്രണയിച്ചാണ് വിവാഹം കഴിക്കുന്നതെങ്കിലും, സാധാരണ അറേഞ്ച്ഡ് മാരേജ് പോലെ തന്നെ സ്ത്രീധനവും ആർഭാടവും ഒക്കെ വേണം. ഒന്നിലും ഒരു കുറവും വരുത്താൻ പറ്റില്ല.

ഇത് ചെറുക്കന്റെ വീട്ടുകാർ ചോദിച്ചതാണ് അതോ അനിയത്തി ചോദിക്കുന്ന താണോ എന്നൊന്നും അരുണിന് അറിയില്ല. നൂറു പവന്റെ സ്വർണം ഉണ്ടെങ്കിലേ കല്യാണപ്പന്തലിലേക്ക് ഇറങ്ങൂ എന്നാണ് അരുണിമയുടെ വാദം.

” നൂറു പവൻ കൊടുക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല അമ്മേ.. അതിനുള്ള വരുമാനം ഒന്നും എനിക്കില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലോ..” അരുണിമയുടെ ആവശ്യം കേട്ട ഉടനെ അരുൺ പറഞ്ഞത് അങ്ങനെയായിരുന്നു.

” നീ അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുന്നത്? അവൾ നിന്റെ പെങ്ങളാണ്. അവളുടെ കാര്യങ്ങളൊക്കെ നടത്തി കൊടുക്കാനുള്ള ഉത്തരവാദിത്വം അവളുടെ സഹോദരനായ നിനക്കാണ്. അല്ലെങ്കിൽ തന്നെ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ സഹോദരി ഒന്നുമില്ലാതെ കല്യാണ പ്പന്തലിലേക്ക് ഇറങ്ങുന്നതിന്റെ നാണക്കേട് നിനക്കു തന്നെയാണ്.”
അമ്മ പറഞ്ഞത് കേട്ടപ്പോൾ അരുൺ ആദ്യം നോക്കിയത് ഭാമയുടെ മുഖത്തേക്ക് ആയിരുന്നു.

” അമ്മേ ഗവൺമെന്റ് ജോലിയാണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല.. അതിനു മാത്രമുള്ള ശമ്പളം ഒന്നും അരുണേട്ടന് കിട്ടുന്നില്ല എന്ന് അമ്മയ്ക്ക് അറിയാമല്ലോ… കിട്ടുന്നതൊക്കെ ലോൺ അടയ്ക്കാനും വീട്ടിലെ ചെലവുകൾക്കും മാത്രമേ തികയുന്നുള്ളൂ… ഇന്നത്തെ സ്വർണ്ണത്തിന്റെ വിലയനുസരിച്ച് 100 പവൻ സ്വർണം എന്നൊക്കെ പറയുമ്പോൾ എത്ര രൂപ വരും എന്ന് അമ്മയ്ക്ക് ഒന്ന് ഊഹിച്ചു കൂടെ…”

ഭാമ ചോദിച്ചത് അമ്മയ്ക്ക് തീരെ ഇഷ്ടമായില്ല.

” ഞങ്ങളുടെ വീട്ടിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം. വന്നു കയറിയ വരൊക്കെ അഭിപ്രായം പറയാനും ഭരിക്കാനും വരുന്നതൊക്കെ എന്റെ കാലം കഴിഞ്ഞിട്ടു മതി…” അമ്മ എടുത്തടിച്ച പോലെ പറഞ്ഞ ആ വാചകത്തിൽ ഭാമയുടെ വായടഞ്ഞു പോയിരുന്നു. പിന്നീട് എന്തു പറയണമെന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല. അവൾ മൗനം പാലിച്ചു.

പക്ഷേ ആ നിമിഷം അരുണിന് ആകെ വല്ലായ്മ തോന്നുന്നുണ്ടായിരുന്നു. തന്റെ ഭാര്യയെയാണ് അമ്മ അപമാനിക്കുന്നത്. പക്ഷേ ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാനാവില്ല. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് മകൻ എന്ന് അമ്മ അഹങ്കാരത്തോടെ വീമ്പ് പറയുമ്പോൾ അതിന്റെ പിന്നിൽ താൻ അനുഭവിച്ച തൊന്നും അമ്മ ഓർക്കാറു പോലുമില്ല.

ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം. തുച്ഛമായ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ മരണത്തിനു ശേഷം സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് അങ്ങനെയൊരു ജോലിയിലേക്ക് ഇറങ്ങേണ്ടി വന്നതാണ്. അന്നൊക്കെ അനിയത്തിയുടെ നല്ല ഭാവി മാത്രമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. അവളെ നന്നായി പഠിപ്പിക്കാനും നല്ല നിലയിൽ കെട്ടിച്ചു വിടാനും ഒക്കെയായിരുന്നു ആഗ്രഹം. പിന്നെ അച്ഛന്റെ അസുഖം നിമിത്തം കുറച്ച് ഏറെ കടങ്ങളും ഉണ്ടായിരുന്നു.
അന്ന് എങ്ങനെയെങ്കിലും കുടുംബം നടത്തിയാൽ മതി എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോലി ചെയ്യുന്ന സമയത്താണ് ഇടയ്ക്കൊക്കെ ബസ്റ്റോപ്പിൽ വച്ച് കണ്ട് ഭാമയെ പരിചയമാകുന്നത്. അവളും ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. കുടുംബത്തിൽ ധാരാളം ഉത്തരവാദിത്വങ്ങൾ ഉള്ള പെൺകുട്ടി.

അവളും അന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. അത്യാവശ്യം ഭേദപ്പെട്ട ശമ്പളവും അവൾക്ക് അന്നുണ്ടായിരുന്നു. എന്നും കണ്ടും സംസാരിച്ചും തങ്ങൾ തമ്മിൽ അടുപ്പത്തിലായി. പതിയെ എങ്ങനെയോ ആ അടുപ്പം പ്രണയത്തിന് വഴി മാറി. അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ തകൃതിയായി നടന്നപ്പോഴാണ് തന്റെ വീട്ടിൽ അവളെ കുറിച്ച് കാര്യം പറയുന്നത്. അന്നത്തെ അമ്മയുടെ പ്രതികരണം ഓർക്കാൻ കൂടി വയ്യ.

” കെട്ടിക്കാൻ പ്രായമായ പെങ്ങൾ ഒരുത്തി വീട്ടിലിരിക്കുമ്പോൾ ആണ് അവനെ സ്വന്തമായി കല്യാണം കഴിക്കാനുള്ള പൂതി മൂത്തു നടക്കുന്നത്..” അമ്മയുടെ ആ വാചകത്തിൽ തന്റെ സകല പ്രതീക്ഷയും നഷ്ടമായത് ആയിരുന്നു. പക്ഷേ അവൾക്ക് ജോലിയുണ്ടെന്നു അറിഞ്ഞതോടെ അമ്മ തന്റെ അടവ് മാറ്റി. പിന്നീട് കല്യാണം നടത്താനുള്ള തിടുക്കം അമ്മയ്ക്കായിരുന്നു.വീട്ടിലേക്ക് ഒരാളുടെ കൂടി വരുമാനം എത്തുമല്ലോ എന്നൊരു ചിന്തയായിരുന്നു അമ്മയ്ക്ക് എന്ന് പിന്നീടാണ് അറിഞ്ഞത്. അവളും കൂടി വീട്ടിലേക്ക് എത്തിയതോടെ വീട്ടു ചെലവുകളുടെ കാര്യത്തിൽ തനിക്ക് ഒരു ആശ്വാസം തോന്നിയെങ്കിലും അവളോടുള്ള അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റം ശരിയല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാലും പ്രതികരിക്കാറില്ല. എന്തെങ്കിലും പറഞ്ഞാൽ ഭാര്യയുടെ വാക്കുകളുടെ തുള്ളുകയാണ് എന്നൊരു ആരോപണത്തെ കൂടി നേരിടേണ്ടി വരും.

താൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായി കാണണം എന്നുള്ളത് ഭാമയുടെ നിർബന്ധം ആയിരുന്നു. അതിനു വേണ്ടി പുസ്തകങ്ങൾ വാങ്ങി തന്നതും രാത്രികളിൽ ഉറങ്ങാതെ കൂട്ടിരുന്നതും അവളായിരുന്നു. പലപ്പോഴും താൻ പഠിക്കുന്നത് കാണുമ്പോൾ അനിയത്തിയുടെ മുഖത്ത് ഒരു പുച്ഛഭാവം തെളിഞ്ഞു കാണാറുണ്ട്.

” ഈ പ്രായത്തിൽ ഒക്കെ ചേട്ടൻ പഠിച്ചിട്ട് എന്ത് കിട്ടാനാണ്… ആ നേരത്ത് വേറെ ഏതെങ്കിലും നല്ല ജോലി നോക്കി ഗൾഫിലേക്ക് എങ്ങാനും പോയാൽ ബാക്കിയുള്ളവർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാകും..” അവൾ പലപ്പോഴും തന്നോട് പറഞ്ഞിട്ടുള്ള വാചകമാണ്. അപ്പോഴൊക്കെയും ആശ്വാസമായത് ഭാമയാണ്.

ഒരുപാട് കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഒരു ഗവൺമെന്റ് ജോലി സ്വന്തമാക്കിയത്. അതുവരെയും സ്വന്തമായി കുഞ്ഞുങ്ങളെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ഈ കഷ്ടപ്പാടിന് ഇടയിലേക്ക് ഒരു കുട്ടി കൂടി വന്നാൽ കാര്യങ്ങൾ ആകെ താറുമാറാകും എന്നൊരു ചിന്ത.. അനിയത്തിയുടെ പഠിത്തം കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ വീട്ടിലേക്ക് ഒരു ആശ്വാസമാകും എന്നാണ് കരുതിയത്. അവളെ പഠിപ്പിക്കാൻ എടുത്ത ലോണെങ്കിലും അവൾ തിരിച്ചടയ്ക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ പ്രതീക്ഷ മാത്രമായി അസ്തമിച്ചു.
അവൾക്ക് അതിലൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ഓരോ മാസത്തിലും കിട്ടുന്ന സാലറി അവളുടെ ആവശ്യങ്ങൾക്ക് പോലും തികയുന്നില്ല എന്നാണ് അവൾ പറയാറ്. ഇപ്പോൾ തനിക്ക് ഒരു കുഞ്ഞു കുട്ടിയുണ്ട്. മോള് വന്നതിൽ പിന്നെ ഭാമ ജോലിക്ക് പോയിട്ടില്ല. അതോടെ വീട്ടിലേക്കുള്ള വരുമാനം കുറഞ്ഞു എന്ന ഭാവത്തിൽ അമ്മ അവളോട് ഒളിഞ്ഞും തെളിഞ്ഞും പോര് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് അവളോടുള്ള ചില കു,ത്തി വർത്തമാനങ്ങൾ.

” അരുണേ… നീ എന്താ ആലോചിച്ചിരിക്കുന്നത്? നീ ഒന്നും പറഞ്ഞില്ലല്ലോ.. സ്വർണ്ണവും കാറും നീ ഏറ്റു എന്ന് ഞാൻ അവരോട് പറയട്ടെ?” അമ്മ ചോദിച്ചപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്.

” പറയണ്ട…” ഒറ്റവാക്കിൽ അരുൺ മറുപടി പറഞ്ഞു.

” പറയണ്ട എന്നോ? നീ എന്താ ഉദ്ദേശിക്കുന്നത്? മര്യാദയ്ക്ക് ഒത്തുവന്ന ഒരു ആലോചനയാണ്. അത് മുടങ്ങി പൊക്കോട്ടെ എന്നാണോ…?” അമ്മ ദേഷ്യത്തോടെ ചോദിച്ചു.

” അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ലല്ലോ.. സ്വർണ്ണവും കാറും കൊടുക്കാനുള്ള വരുമാനം എന്റെ കയ്യിൽ ഇല്ല എന്നേ ഞാൻ പറഞ്ഞുള്ളൂ. ഇവളും കുറെ നാളായി ജോലിക്ക് പോവുകയല്ലേ. അത്യാവശ്യം പൈസ ഒക്കെ കയ്യിൽ ഉണ്ടാവുമല്ലോ.. അതെടുത്ത് അവൾക്ക് ആവശ്യമുള്ളത് എന്താണെന്ന് വെച്ചാൽ വാങ്ങിക്കോട്ടെ.. അല്ലാതെ എന്റെ കയ്യിൽ ഒന്നുമില്ല..” അരുൺ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

” അതെങ്ങനെ ശരിയാകും അരുണേ? നീയല്ലാതെ ആരാ ഇതൊക്കെ ചെയ്തു കൊടുക്കാനുള്ളത്? പിന്നെ അവളുടെ ജോലിയുടെയും വരുമാനത്തിന്റെയും കാര്യം നിനക്ക് അറിയാമല്ലോ.. നീ മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.. ഓരോരുത്തിമാർ വന്നു കയറി കുടുംബത്തെ സമാധാനം കളഞ്ഞു.” ഭാമയെ ഒന്ന് നോക്കിക്കൊണ്ടാണ് അമ്മ അത് പറഞ്ഞത്. അതോടെ അരുണിന്റെ ദേഷ്യം നിയന്ത്രണം വിട്ടു.

” അമ്മ എന്തിനും ഏതിനും അവളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അവളിവിടെ വന്നു കയറിയതിനു ശേഷം ഈ കുടുംബത്ത് മുൻപത്തേതിനേക്കാൾ നന്നായി മാത്രമേ കാര്യങ്ങൾ നടന്നിട്ടുള്ളൂ. ഈ വീട്ടിലേക്ക് അവൾ എത്രത്തോളം പൈസ ചെലവാക്കിയിട്ടുണ്ടെന്ന് അമ്മക്ക് അറിയാമോ? അവൾക്ക് ജോലി ചെയ്തു കിട്ടുന്ന പണത്തിന്റെ മുക്കാൽ ഭാഗവും അവൾ ഇവിടെ തന്നെയാണ് ചെലവാക്കി കൊണ്ടിരുന്നത്. ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായതിനു ശേഷം ആണ് അവൾ ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കാൻ തുടങ്ങിയത്. എന്റെ എല്ലാ നെഗറ്റീവ് സാഹചര്യങ്ങളിലും എനിക്ക് കൈത്താങ്ങായി എന്നത് അവളാണ്. അല്ലാതെ ഈ വീട്ടിലുള്ള ഒരാളും എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. അനിയത്തിക്ക് ജോലി കിട്ടിക്കഴിഞ്ഞാൽ അവളുടെ ലോൺ എങ്കിലും അടയ്ക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ മണ്ടനായി. അവൾക്ക് അവളുടെ കാര്യങ്ങൾ മാത്രം… എനിക്കും ഒരു കുഞ്ഞു വളർന്നു വരുന്നുണ്ട്.. അവൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ കരുതി വയ്ക്കേണ്ട ഞാൻ.. അല്ലാതെ ഉള്ളതു മുഴുവൻ നിങ്ങൾക്ക് തന്നിട്ട് ഞാൻ എന്താ ചെയ്യേണ്ടത്?” അരുൺ ചോദിച്ചു.

എന്നാൽ അതിനെന്തു മറുപടി പറയണം എന്നറിയാതെ അമ്മ പകച്ചു പോയി..
” ഞാനിങ്ങനെ പറയുന്നത് കേട്ട് ഒരു ക്രൂ,രനായ സഹോദരനാണ് ഞാൻ എന്ന് കരുതണ്ട. അവളെ കെട്ടിക്കാൻ ഉള്ള പൈസയൊക്കെ ഞാൻ കരുതി വച്ചിട്ടുണ്ട്. പക്ഷേ അത് ഈ പറയുന്നതുപോലെ 100 പവനും ആർഭാടവും കാണിക്കാനുള്ള തൊന്നുമില്ല. സാധാരണ കല്യാണം നടത്താനുള്ള പണം ഞാൻ സ്വരുക്കൂട്ടി വച്ചിട്ടുണ്ട്. പിന്നെ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാലും ഞാൻ നോട്ട് അടിക്കുന്നൊന്നുമില്ല. കിട്ടുന്ന പണം അതേപോലെതന്നെ ചെലവായി പോകുന്നുണ്ട്. ഇതിപ്പോ ഞാനും അവളും കൂടി ഒരു ചിട്ടി ചേർന്നിട്ടുണ്ട്. ഇവളുടെ കല്യാണം മുന്നിൽ കണ്ടു തന്നെ ചെയ്തതാണ്. ആ പൈസ കിട്ടുമ്പോൾ അതിനനുസരിച്ച് എന്താണെന്ന് വെച്ചാൽ ചെയ്യാം. അതിൽ കൂടുതൽ ഒരു ബാധ്യത കൂടി പെടലിയിലേക്ക് എടുത്തു വയ്ക്കാൻ എന്നെക്കൊണ്ട് വയ്യാത്തത് കൊണ്ടാ. ഇപ്പോൾതന്നെ കിട്ടുന്ന പൈസയുടെ പകുതിയും ലോണിലേക്ക് ആണ് അടഞ്ഞു പോകുന്നത്.. മോളുടെ സങ്കടങ്ങളും അവസ്ഥകളും മനസ്സിലാക്കുന്ന അമ്മ മോന്റെ അവസ്ഥ കൂടി ഒന്ന് പരിഗണിക്കാൻ ശ്രമിക്കുക…” അത്രയും പറഞ്ഞു കൊണ്ട് അരുൺ ഭാമയെയും കൂട്ടി തങ്ങളുടെ മുറിയിലേക്ക് പോയി. ആ നേരം മകൻ പറഞ്ഞതിൽ ശരി തെറ്റുകളെ വിശകലനം ചെയ്യുകയായിരുന്നു അമ്മ…

Leave a Reply

Your email address will not be published. Required fields are marked *