നിനക്ക് നല്ല രീതിയിൽ വരുമാനം ഉണ്ട് എന്നല്ലേ നീ ഇപ്പോൾ പറഞ്ഞത്? അങ്ങനെ അത്രയും നല്ല സാലറി വാങ്ങുന്ന ഒരാളാണെങ്കിൽ അവനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്?……

എഴുത്ത്:-ശ്വേത

” മീനുവിനു കൂടി ജോലിയുള്ളത് സുധിക്ക് ഒരു ആശ്വാസമാണ് അല്ലേ…അതാകുമ്പോൾ വീട്ടിലെ കാര്യങ്ങൾ എങ്കിലും നടന്നു പോകുമല്ലോ..” അമ്മായി ചോദിച്ചത് കേട്ട് സുധി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

” ആശ്വാസം… അതിനെക്കുറിച്ച് ഒന്നും പറയാത്തതാണ് ഭേദം. സത്യം പറഞ്ഞാൽ ഇവൾ ജോലിക്ക് പോകുന്നത് എനിക്ക് അധിക ചെലവാണ്.” സുധി പറഞ്ഞത് കേട്ട് അമ്മായി അതെന്താ അങ്ങനെ എന്നൊരു ഭാവത്തോടെ മീനുവിനെ നോക്കി. അവളാണെങ്കിൽ അമ്പരപ്പോടെ സുധിയെ നോക്കുന്നുണ്ട്. അവന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു പ്രവർത്തി അവൾ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

” അത് സുധി പറഞ്ഞത് നേരാണ്. ഇവൾ ജോലിക്ക് പോകാൻ വണ്ടിക്കൂലി വരെ ഇടയ്ക്ക് അവനോട് ചോദിക്കുന്നത് കേൾക്കാം.. ഇവൾക്ക് കിട്ടുന്ന സാലറി ഒക്കെ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ എനിക്കറിയില്ല.. ഈ വീട്ടിലേക്ക് അവളായിട്ട് 10 പൈസ ചെലവാക്കിയിട്ടില്ല. എന്തിനും ഏതിനും അവന്റെ മുന്നിൽ പോയി കൈനീട്ടും. അപ്പോൾ പിന്നെ എന്തിനാണ് ജോലി എന്ന് പറഞ്ഞ് നേരം വെളുക്കുമ്പോൾ കെട്ടിയൊരുങ്ങി പോകുന്നത് എന്ന് ദൈവത്തിനറിയാം…” അമ്മ പുച്ഛത്തോടെയും പരിഹാസത്തോടെയും മീനുവിനെ നോക്കി കൊണ്ട് പറഞ്ഞു.
ആ നിമിഷം മീനു ആകെ അമ്പരന്നു പോയി. ഈ വീട്ടിലെ അവളുടെ അവസ്ഥ യെക്കുറിച്ച് അവൾ ഒരു നിമിഷം ആലോചിച്ചു..

” സുധിയേട്ടാ… എന്റെ ഫോൺ ഒന്ന് റീചാർജ് ചെയ്തേക്കണേ.. ഇന്നാണ് അതിന്റെ പൈസ തീരുന്നത്..” രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് മീനു അവനോട് പറഞ്ഞു.

” നിനക്ക് സ്വന്തമായി റീചാർജ് ചെയ്തു കൂടെ..? എന്തിനും അവന്റെ മുന്നിൽ പോയി കൈ നീട്ടുന്നത് എന്തിനാ? നീ ജോലിക്ക് പോകുന്നതല്ലേ?” തങ്ങളുടെ സംസാരത്തിനിടയിലേക്ക് അമ്മായിയമ്മ കടന്നു വരുമെന്ന് മീനു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

” അതിനുള്ള പൈസ എന്റെ കയ്യിൽ ഇല്ല..” മീനു അത് പറഞ്ഞുകൊണ്ട് സുധിയുടെ മുഖത്തേക്ക് നോക്കി.

” നീ ജോലിക്ക് പോയി പോയി എന്റെ കയ്യിൽ പൈസ ഇല്ലാതായി. എന്റെ എല്ലാ ആവശ്യവും ഞാൻ നടത്തി തരികയും വേണം നിനക്ക് ജോലിക്കും പോണം.. ഇത് എന്തിനാണെന്ന് എനിക്കറിയില്ല.. ഞാൻ എന്തായാലും റീചാർജ് ചെയ്തിട്ടുണ്ട്. ഇനിയെന്നും എന്നോട് ഇങ്ങനെ ചോദിക്കാൻ നിക്കണ്ട. നിന്റെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ നീ സാധിക്കണം. അല്ലാതെ അതിനും കൂടി പണം കണ്ടെത്താൻ എന്നെക്കൊണ്ട് പറ്റില്ല.”.എടുത്തടിച്ച പോലെ പറഞ്ഞുകൊണ്ട് സുധി പുറത്തേക്ക് ഇറങ്ങിപ്പോയി.

” അവൻ പറഞ്ഞതിൽ എന്താ തെറ്റ്? നിന്നെപ്പോലെ തന്നെയല്ലേ അവനും ജോലിക്ക് പോകുന്നത്? അവന്റെ കൈയിൽ അതിനുമാത്രമുള്ള പണം ഒന്നും ഉണ്ടാകില്ല. ജോലിക്ക് പോയി കിട്ടുന്നത് അവൻ തന്നെയല്ലേ ഇവിടുത്തെ ചെലവ് നോക്കുന്നത്? കൊച്ചിന്റെ കാര്യങ്ങളും നോക്കണം. എല്ലാത്തിനും കൂടി എവിടുന്നാ പണം?” അമ്മ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു അവരെ നോക്കി ഒന്ന് പൂച്ചത്തോടെ ചിരിച്ചുകൊണ്ട് മീനു ജോലിക്ക് പോകാൻ ഇറങ്ങി.

” ഈ കേൾക്കുന്നതൊക്കെ ശരിയാണോ മീനൂ? മോളെ ജോലിക്ക് പോകുന്നതു കൊണ്ട് ഗുണം ഒന്നും ഇല്ലെങ്കിൽ പിന്നെന്തിനാ ആ ജോലി? അത് വിട്ടിട്ട് വേറെ നോക്കിക്കൂടെ?”.സ്നേഹത്തിൽ ചാലിച്ച ചോദ്യമായിരുന്നു അമ്മായിയുടേത് എങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന ശരങ്ങൾ അവൾക്ക് വ്യക്തമായി കാണാമായിരുന്നു.

” വേറെ ജോലി നോക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഇത്രയും സാലറി കിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ്..” മീനു പതിയെ പറഞ്ഞത് കേട്ട് അമ്മായി അവളെ തുറിച്ചു നോക്കി.

” നിനക്ക് നല്ല രീതിയിൽ വരുമാനം ഉണ്ട് എന്നല്ലേ നീ ഇപ്പോൾ പറഞ്ഞത്? അങ്ങനെ അത്രയും നല്ല സാലറി വാങ്ങുന്ന ഒരാളാണെങ്കിൽ അവനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്?”.അമ്മായി ചോദിച്ചത് കേട്ട് മീനു മറുപടി പറയാൻ ഒരുങ്ങി. പക്ഷേ സുധിയുടെ തുറിച്ചുനോട്ടത്തിൽ അവൾ മൗനം പാലിച്ചു.

” അത് നിനക്കറിയില്ലേ? ” അച്ഛൻ ചോദിച്ചത് കേട്ട് മീനു അച്ഛനെ തുറിച്ചു നോക്കി.

” അവൾ അവനെയല്ല അവൻ അവളെയാണ് ബുദ്ധിമുട്ടിക്കുന്നത്. ഇവിടത്തെ പലർക്കും കഥയൊന്നും അറിയില്ല. വെറുതെ നാടകം കാണുന്നതു പോലെ ഓരോന്ന് കണ്ടിരിക്കുന്നു എന്ന് മാത്രം.” അത്രയും പറഞ്ഞു കൊണ്ട് അച്ഛൻ അമ്മയുടെ നേർക്ക് തിരിഞ്ഞു.

” ഇവരുടെ കല്യാണത്തിന് മുൻപ് ഈ വീട്ടിലെ കാര്യങ്ങൾ നടന്നത് പോലെയാണോ ഇപ്പോൾ? അതിനെക്കാൾ കൂടുതൽ പണം സുധി വീട്ടിലേക്ക് ചെലവാക്കുന്നില്ലേ?” അച്ഛൻ അമ്മയോട് ചോദിച്ചു.

” അത് പുതിയ കാര്യമൊന്നുമല്ലല്ലോ.. കല്യാണം കഴിഞ്ഞപ്പോൾ അവന്റെ വരുമാനം കൂടി. അതുകൊണ്ട് അവൻ കൂടുതൽ ചെലവാക്കുന്നു. അതിൽ ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു?” അമ്മ പരിഹാസത്തോടെ ചോദിച്ചു.

” ആ കൂടിയ വരുമാനം എവിടെ നിന്നാണ് എന്ന് നീ അന്വേഷിച്ചോ? അവന് പ്രമോഷൻ ഒന്നും കിട്ടിയിട്ടില്ല. സാലറി ഹൈക്കും ഉണ്ടായിട്ടില്ല. അപ്പോൾ പിന്നെ നിന്റെ മോന് ക,ള്ളക്കടത്ത് വല്ലതുമുണ്ടോ? “.അച്ഛൻ ചോദിച്ചത് കേട്ട് അമ്മയ്ക്ക് ദേഷ്യമായി.

” വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. എന്റെ മോന് അങ്ങനെ പണം ഉണ്ടാക്കേണ്ട ആവശ്യമൊന്നുമില്ല. അവൻ നല്ല അന്തസായി ജോലിക്ക് പോകുന്നുണ്ട്.” അമ്മ വാദിച്ചു.

” നിന്റെ മോൻ ജോലിക്ക് പോകുന്നില്ല എന്ന് ഞാൻ പറഞ്ഞില്ല. അവൻ ജോലിക്ക് പോയ സമ്പാദിക്കുന്നത് പോലെ തന്നെ ഈ പെൺകുട്ടിയും ജോലിക്ക് പോയി സാലറി വാങ്ങുന്നുണ്ട്. പക്ഷേ ഒരു വ്യത്യാസമുണ്ട്. നിന്റെ മോന്റെ പണം അവന് സ്വതന്ത്രമായി ചെലവാക്കാം അവനെ ഇഷ്ടമുള്ള അത്രയും കാര്യങ്ങളിൽ പണം ചെലവഴിക്കാം. പക്ഷേ അവളുടെ കാര്യം വ്യത്യസ്തമാണ്. അവളുടെ എടിഎം കാർഡ് അടക്കം നിന്റെ മോന്റെ കയ്യിലാണ് എന്ന് നിനക്കറിയാമോ?”
അച്ഛൻ ചോദിച്ചത് കേട്ട് മീനും ഒരു പകപോടെ അച്ഛനെ നോക്കി. ഈ വക കാര്യങ്ങളൊക്കെ അച്ഛന് അറിയാം എന്ന് അവൾക്ക് അറിയില്ലായിരുന്നു.

” അവളുടെ എടിഎം കാർഡ് എന്തിനാ അവൻ വാങ്ങി വച്ചിരിക്കുന്നത്?”
അങ്ങനെ യൊരു ചോദ്യത്തോടെ അമ്മ സുഖിയെ നോക്കി. അവൻ മറുപടി പറയാതെ തലകുനിച്ചു.

” ഞാനിവിടെ കല്യാണം കഴിഞ്ഞ് വന്ന അന്ന് തന്നെ എന്റെ എടിഎം കാർഡ് വാങ്ങി കൈയിൽ വച്ചതാണ്. നിന്റെ കയ്യിൽ പണം ഇരുന്നാൽ നിനക്ക് സൂക്ഷിച്ചു ചെലവാക്കാൻ അറിയില്ലെന്നും, ഞാനാകുമ്പോൾ അതിന്റെതായ രീതിയിൽ നോക്കിക്കോളാം എന്നും പറഞ്ഞ് വാങ്ങിയെടുത്തതാണ്. കല്യാണം കഴിഞ്ഞ് പുതുമോടിയിൽ പ്രശ്നങ്ങളുണ്ടാക്കണ്ട എന്ന് കരുതി ഞാനും അത് കാര്യമാക്കിയില്ല. പക്ഷേ അത് ഈ രീതിയിൽ അവസാനിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് കിട്ടുന്ന സാലറി കൂടി സുധിയേട്ടൻ സുധിയേട്ടന്റെ ഇഷ്ടം അനുസരിച്ച് ചെലവാക്കി കൊണ്ടിരിക്കുകയാണ്. എന്നിട്ട് എന്റെ ആവശ്യങ്ങൾക്ക് പത്തോ നൂറോ ചോദിച്ചാൽ അതിന് ഒരു 100 കണക്ക് ഞാൻ കേൾക്കണം. മാസാമാസം മുപ്പതിനായിരം രൂപ സാലറി വാങ്ങുന്ന ഞാൻ 25 ദിവസം ജോലിക്ക് പോകണമെങ്കിൽ 25000 പ്രാവശ്യം തെ,റി കേൾക്കണം. എന്റെ ഇഷ്ടത്തിന് ഒരു നാരങ്ങ വെള്ളം പോലും വാങ്ങി കുടിക്കാൻ പറ്റില്ല. അതിന്റെ കണക്ക് വരെ ഞാൻ സുധിയേട്ടനെ ബോധിപ്പിക്കണം. എന്നാൽ സുധിയേട്ടൻ എന്റെ അക്കൗണ്ടിൽ നിന്ന് ഈ പണം മുഴുവൻ എടുത്ത് എന്തിന് ചെലവാക്കുന്നു എന്ന് ഞാൻ ചോദിച്ചാൽ പിന്നെ അതാകും പ്രശ്നം. സത്യം പറഞ്ഞാൽ എനിക്കും മടുത്തു. അതിനിടയിൽ മറ്റുള്ളവരോട് ഈ രീതിയിലാണ് എന്നെക്കുറിച്ച് സംസാരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞില്ല. സുധിയേട്ടന് എന്റെ മുഖത്ത് നോക്കി പറയാമോ ഞാൻ ജോലിക്ക് പോകുന്നത് സുധിയേട്ടന് അധിക ചെലവാണെന്ന്? ” അവൾ ചോദിച്ചത് കേട്ട് അവൻ പകച്ചുകൊണ്ട് അവളെ നോക്കി.

” ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല.. വെറുതെ ഒരു തമാശയ്ക്ക്..”
അവൻ പറഞ്ഞപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു.

” അത് അത്ര നല്ല തമാശ ആയിരുന്നില്ല മോനേ.. അച്ഛന് ഒരു തീരുമാനമേ യുള്ളൂ… നിന്റെ കയ്യിൽ ഇരിക്കുന്ന അവളുടെ എടിഎം കാർഡ് ഇപ്പോൾ തന്നെ തിരിച്ചു കൊടുത്തേക്ക്.. നിന്റെ പണം ചെലവഴിക്കാൻ നിനക്ക് കഴിയുന്നതു പോലെ തന്നെ അവളെ കൊണ്ടും പറ്റും. പിന്നെ മാസം മുഴുവനും ഇരുന്ന് കഷ്ടപ്പെട്ടിട്ട് കയ്യിൽ കിട്ടുന്ന പൈസ അല്ലേ.. അത് അങ്ങനെ ധൂർത്തടിക്കാൻ ഒന്നും ആരെക്കൊണ്ടും പറ്റില്ല ..” അച്ഛൻ ഉറച്ച തീരുമാനം പോലെ പറഞ്ഞ പ്പോൾ സുധിക്ക് മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. അവൻ പെട്ടെന്ന് തന്നെ മുറിയിലേക്ക് പോയി എടിഎം കാർഡ് കൊണ്ടുവന്ന് അവളെ ഏൽപ്പിച്ചു.

” എന്തായാലും എന്റെ സാലറിയിൽ നിന്ന് വീട്ടുചിലവിനുള്ള ഒരു തുക ഞാൻ മാറ്റി വയ്ക്കുന്നുണ്ട്. അത് കൃത്യമായി അച്ഛനെ ഏൽപ്പിക്കുകയും ചെയ്യാം. ബാക്കിയുള്ള പൈസ എത്ര തന്നെയാണെങ്കിലും അത് എന്റെ അക്കൗണ്ടിൽ കിടന്നോട്ടെ… എനിക്ക് പണം സൂക്ഷിക്കാൻ അറിയാമോ ഇല്ലയോ എന്ന് നോക്കാമല്ലോ…”
അത്രയും പറഞ്ഞു കൊണ്ട് മീനു മുറിയിലേക്ക് നടക്കുമ്പോൾ തനിക്ക് മുന്നിൽ ഇറങ്ങിയ പുതിയ സംഭവങ്ങളെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്ന ചിന്തയിലായിരുന്നു അമ്മായി.

Leave a Reply

Your email address will not be published. Required fields are marked *