Story written by Saji Thaiparambu
ഇടവേള കിട്ടിയപ്പോൾ ഡ്യൂട്ടി റൂമിലിരുന്ന് കൂട്ടുകാരികളോടൊപ്പം ഒരു റീല് ചെയ്യാനൊരുങ്ങുമ്പോഴാണ് പുതിയൊരു ആക്സിഡൻ്റ് കേസ് വന്നിട്ടുണ്ടെന്ന് അറ്റൻ്റർ വന്ന് പറയുന്നത്
മൊബൈല് ഓഫ് ചെയ്ത് ബാഗിൽ വച്ചിട്ട് കാഷ്വാലിറ്റിയിലേക്ക് ഓടിചെല്ലുമ്പോൾ ചോരയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന ആളെ കണ്ട് എപ്പോഴത്തെയും പോലെ ഉള്ളൊന്ന് കാളി
ദിവ്യാ,,,, വേഗം ബോഡി ക്ളീൻ ചെയ്യ് എവിടെയൊക്കെയാണ് മുറിവെന്ന് ഒരു പിടിയും കിട്ടുന്നില്ല
ഡോക്ടറുടെ പരിഭ്രാന്തി കണ്ട് ഞങ്ങൾ വേഗം അലർട്ടായി , രമ്യയോടൊപ്പം ഞാനും കോട്ടൺ കൊണ്ട് വളരെ സൂക്ഷ്മതയോടെ ബ്ളഡ് തുടച്ച് മാറ്റുമ്പോഴാണ് അയാൾ ഒന്ന് ഞരങ്ങിയത്
തിരിഞ്ഞു മുഖത്തേക്ക് നോക്കിയപ്പോൾ ബ്ളഡ് മൂടി കിടക്കുന്ന കണ്ണുകൾ അയാൾ കഷ്ടപ്പെട്ട് തുറക്കാൻ ശ്രമിക്കുകയായിരുന്നു
അലിവോടെ ഞാൻ മറ്റൊരു കോട്ടണെടുത്ത് അയാളുടെ മുഖത്തെ രക്തം തുടച്ചു മാറ്റിയപ്പോഴാണ് എൻ്റെ മുന്നിൽ മൃതപ്രായനായി കിടക്കുന്നത് രഞ്‌ജിത്താണെന്ന് എനിക്ക് മനസ്സിലായത്
നിങ്ങൾ നഴ്സുമാർക്ക് എപ്പോഴും ഡെറ്റോളിൻ്റെയും ലോഷൻ്റെയും മണമാണെന്നും നിങ്ങളുടെ കൈയ്യിൽ സദാ രക്തക്കറയുണ്ടാവുമെന്നും അത് കൊണ്ട് എനിക്കീ വിവാഹത്തിന് താത്പര്യമില്ലെന്നും പറഞ്ഞ് അന്ന് തൻ്റെ വീട്ടിൽ നിന്നും കൂട്ടുകാരനോടൊപ്പം ഇറങ്ങിപ്പോയതായിരുന്നു ഇയാൾ
അന്ന് തൻ്റെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു.ഒരു പക്ഷേ തന്നോട് അലിവ് തോന്നിയ ദൈവമായിരിക്കും തന്നെ വേദനിപ്പിച്ചതിന് അയാൾക്ക് ശിക്ഷ കൊടുത്തത്
പേഷ്യൻ്റിനെ വേഗം OT യിലേക്ക് കൊണ്ട് പോകു , ക്വിക്ക് ,,
ഡോക്ടറുടെ അലർച്ച കേട്ടാണ് ഞാൻ ഓർമ്മയിൽ നിന്നുണർന്നത്
OT യിലെ ഡ്യൂട്ടിക്കാർ വേറെ സ്റ്റാഫായിരുന്നത് കൊണ്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി
എടീ എന്നാല് നമുക്കിനി ലഞ്ച് കഴിച്ചിട്ടിരിക്കാം നല്ല മഴയുണ്ട് ചിലപ്പോൾ ഇനിയും കേസ്സുകൾ വന്നാൽ പട്ടിണിയാകും
സീമയാണത് പറഞ്ഞത് അവൾക്ക് വിശപ്പിൻ്റെ അസുഖമുള്ളതാണ്
നിങ്ങള് കഴിച്ചോ എനിക്കെന്തോ വിശപ്പ് തോന്നുന്നില്ല
എൻ്റെ മനസ്സിൽ എന്തോ വലിയൊരു അസ്വസ്ഥത അലട്ടികൊണ്ടിരുന്നു അന്ന് തന്നോട് അങ്ങനെ പറഞ്ഞിട്ട് ഇറങ്ങിപ്പോയ രഞ്ജിത്ത് ആരെ ആയിരിക്കും കല്യാണം കഴിച്ചിട്ടുണ്ടാവുക അതോ ഇത് വരെ കല്യാണം കഴിച്ചിട്ടുണ്ടാവില്ലേ?
അല്ല ഞാനെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ തലപുകയ്ക്കുന്നത് അയാള് കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ
വെറുതെ അലഞ്ഞ് തിരിഞ്ഞ ചിന്തകൾക്ക് ഞാൻ വേഗം കടിഞ്ഞാണിട്ടു
അതിന് ശേഷം മൈനറായിട്ടുള്ള ഏതാനും കേസുകൾ കൂടി അറ്റൻ്റ് ചെയ്തതോടെ എൻ്റെ മനസ്സിൽ നിന്നും രാവിലത്തെ സംഭവം മാഞ്ഞ് പോയിരുന്നു
രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം എനിക്ക് ജനറൽ ഡ്യൂട്ടി ആയിരുന്നു അന്ന് ഡോക്ടറോടൊപ്പം സർജ്ജറിവാർഡിൽ റൗണ്ട്സിന് ചെന്നപ്പോൾ വീണ്ടും രഞ്ജിത്തിനെ കണ്ടു
ബെഡ്ഡിന് അരികിലായി സ്റ്റൂളിന് മുകളിൽ അയാളോടൊപ്പം അന്ന് വന്ന ആ കൂട്ടുകാരനും ഇരിപ്പുണ്ടായിരുന്നു
കൂട്ടുകാരനാണ് എന്നെ ആദ്യം കണ്ടത്അയാളുടെ കണ്ണിലെ അമ്പരപ്പിലൂടെ അയാൾക്ക് എന്നെ മനസ്സിലായെന്ന് ഞാനുറപ്പിച്ചു, ആ വിവരം അയാൾ രഞ്ജിത്തിനോട് പറയുമെന്ന് എനിക്കറിയാമായിരുന്നു അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ , ഞാൻ അടുത്ത ബെഡ്ഡിലേയ്ക്ക് പോയ ഡോക്ടറെ അനുഗമിച്ചു .
റൗണ്ട്സ് കഴിഞ്ഞപ്പോഴേക്കും ലഞ്ച് ബ്രേക്കായി കൂട്ടുകാരികളോടൊപ്പം ചോറ് കഴിച്ച് കൈകഴുകുമ്പോഴാണ് പെട്ടെന്ന് ഡ്യൂട്ടി റൂമിൻ്റെ മുന്നിലെത്തിയിട്ട് ആരോ ബെല്ലടിച്ചത്
പാത്രം കമഴ്ത്തിവച്ച് ഞാൻ ചെന്ന് വാതില് തുറന്നപ്പോൾ കണ്ടത് രഞ്ജിത്തിൻ്റെ കൂട്ടുകാരനെ ആയിരുന്നു
എന്താ എന്ത് വേണം ?
അല്പം നീരസത്തോടെയാണ് അയാളോട് ഞാൻ ചോദിച്ചത്
അത് പിന്നെ അന്ന് കുട്ടിയെ പെണ്ണ് കാണാൻ വന്ന രഞ്ജിത്തിൻ്റെ കൂട്ടുകാരനാണ് ഞാൻ
ഉം അതെനിക്ക് തന്നെ കണ്ടപ്പോഴെ മനസ്സിലായായിരുന്നു അത് പറയാനാണോ താനിപ്പോൾ വന്നത് ?
ഹേയ് അല്ല അന്ന് രഞ്ജിത്ത് കുട്ടിയോട്കു റച്ച് മോiശമായിട്ടാണ് സംസാരിച്ചത് അതിന് മാപ്പ് ചോദിക്കാനാണ് ഞാൻ വന്നത്
അതിന് താനെന്തിനാ മാപ്പ് ചോദിക്കുന്നത് എന്നെയും എൻ്റെ പ്രൊഫഷനെയും അയാളല്ലേ ഇൻസൾട്ട് ചെയ്തത് അപ്പോൾ മാപ്പ് ചോദിക്കേണ്ടത് രഞ്ജിത്തല്ലേ?
അല്ല അവൻ ചോദിക്കില്ല കാരണം പണ്ടേ നഴ്സുമാരോട് അവനൊരു വെറുപ്പുണ്ട് അത് മറ്റൊന്നുല്ല പണ്ട് കിടപ്പിലായ അവൻ്റെ അമ്മയെ സ്ഥിരമായി ഇൻജക്ഷൻ ചെയ്യാൻ ഒരു നഴ്സ് വരുമായിരുന്നു ഒരു ദിവസം എങ്ങനെയോ അവർക്കൊരു അബദ്ധം പറ്റി മരുന്ന് മാറിയാണ് ഇൻജക്ട് ചെയ്തത് അങ്ങനെ രോഗം മൂർച്ഛിച്ചാണ് അമ്മ മരിച്ചത് അതിന് ശേഷമാണ് നഴ്സുമാരോട് അവന് ശത്രുത തുടങ്ങിയത് അന്ന് കുട്ടിയെ പെണ്ണ് കാണാൻ വരുമ്പോൾ കുട്ടി , ലാബ് ടെക്നീഷ്യനാണെന്നാണ് ബ്രോക്കറ് പറഞ്ഞിരുന്നത്, തന്നോട് സംസാരിച്ചപ്പോൾ മാത്രമാണ് നഴ്സാണെന്നറിയുന്നത്
ഓഹ് അങ്ങനെയാണോ ? ശരി എങ്കിൽ ഞാനത് മറന്നേക്കാം പോരെ?
അല്ല എനിക്ക് വേറൊരു കാര്യം കൂടി പറയാനുണ്ടായിരുന്നു
ങ്ഹേ ഇനി എന്ത് കാര്യം ?
അല്ല എൻ്റെ അമ്മ നഴ്സായിരുന്നു അത് കൊണ്ട് എനിക്കീ ഡെറ്റോളിൻ്റെയും ലോഷൻ്റെയും സ്മെല്ലൊന്നും അത്ര പുത്തരിയല്ല ,നാട്ടിൽ എല്ലാവർക്കും അമ്മയോട് വലിയ കാര്യമാണ്, മോളി സിസ്റ്റർ അടുത്തുള്ളത് ഞങ്ങൾക്കാക്കെ ഒരു സമാധാനമാണെന്ന് വീട്ടിൽ ഇൻസുലിൻ എടുക്കാൻ വരുന്ന ചേച്ചിമാരൊക്കെ എപ്പോഴും പറയുമായിരുന്നു ബിസിനസ്സുകാരനായ അച്ഛൻ്റെ പേരിലായിരുന്നില്ല ഞാൻ അറിയപ്പെട്ടിരുന്നത് മോളിസിസ്റ്ററുടെ മകൻ എന്ന ലേബലിലായിരുന്നു , അതെനിക്ക് ഭയങ്കര അഭിമാനവുമായിരുന്നു അന്ന് മുതലേ നിങ്ങള് മാലാഖമാരോട് എനിക്ക് ഒരു ആരാധന ഉണ്ടായിരുന്നു ,അമ്മയോട് ഞാൻ എപ്പോഴും പറയുമായിരുന്നു ഞാനും എൻ്റെ അച്ഛനെ പോലെ ഒരു നഴ്സിനെ കല്യാണം കഴിക്കൂന്ന്വി.രോധമില്ലെങ്കിൽ അടുത്ത ഹോളിഡേയിൽ ഞാൻ അമ്മയേം കൂട്ടി, കുട്ടിയെ പെണ്ണ് ചോദിക്കാൻ വന്നോട്ടെ?
രഞ്ജിത്തിൻ്റെ കൂട്ടുകാരൻ്റെ ആ ചോദ്യം ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് ഞാനാകെ പകച്ച് പോയി, പക്ഷേ ഞാനത് പുറത്ത് കാണിച്ചില്ല.
നിങ്ങളീ പറയുന്നതൊക്കെ സത്യമാണെന്ന് ഞാനെങ്ങനെ വിശ്വസിക്കും ?
അല്ലാ അത് പിന്നെ കുട്ടിയെ വിശ്വസിപ്പിക്കാൻ ഞാനിപ്പോ എന്താ ചെയ്കാ?
എങ്കിൽ ഞാനൊരു കാര്യം പറയാം എന്നെ പെണ്ണ് ചോദിക്കാൻ വരുമ്പോൾ നിങ്ങളുടെ ഈ മീശ കളഞ്ഞിട്ട് വരണം അപ്പോൾ ഞാൻ വിശ്വസിക്കാം നിങ്ങള് പറഞ്ഞത് സത്യമാണെന്ന്
എൻ്റെ കണ്ടീഷൻ കേട്ട് അയാളുടെ മുഖം മങ്ങി ഒന്നും മറുപടി പറയാതെ അയാള് പെട്ടെന്ന് തന്നെ പോകുകയും ചെയ്തു.
എന്തിനാടീ നീ അയാളോട് അങ്ങനൊക്കെ പറഞ്ഞത് കണ്ടിടത്തോളം അയാളൊരു മര്യാദക്കാരനായിട്ടാണ് എനിക്ക് തോന്നിയത് പിന്നെ ആ മീശ അയാൾക്ക് നന്നായി ചേരുന്നുമുണ്ട്
രമ്യ എന്നെ കുറ്റപ്പെടുത്തി
ഞാനയാളെ ഒന്ന് പരീക്ഷിച്ചതാണെടി നോക്കാം , എൻ്റെ പരീക്ഷണം വിജയിക്കുമോന്ന് ,
അങ്ങനെ പിറ്റേ ഞായറാഴ്ച പറഞ്ഞത് പോലെ അയാൾ അമ്മയേം കൂട്ടി വീട്ടിൽ വന്നു
പക്ഷേ ഞാൻ പറഞ്ഞത് പോലെ അയാൾ മീശവടിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി
നിങ്ങൾക്കെന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം കെട്ടോ
എൻ്റെ അച്ഛൻ അങ്ങനെ പറഞ്ഞത് കേട്ട് ഞാൻ അയാളെയും കൂട്ടി തെക്കേ പറമ്പിലെ മാഞ്ചുവട്ടിലേക്ക് നടന്നു
നിങ്ങളെന്താ മീശ കളയാതിരുന്നത്? അപ്പോൾ നിങ്ങൾക്ക് എന്നോട് ആത്മാർത്ഥതയൊന്നുമില്ല അല്ലേ?
കുട്ടി ഒരു കാര്യം മനസ്സിലാക്കണം എൻ്റെ ചുണ്ടിന് മുകളിലുള്ള ഈ മീശയാണ് എൻ്റെ പേഴ്സണാലിറ്റി, അതില്ലാതായാൽ പിന്നെ ഞാൻ ഞാനല്ലാതാകുകയാണ്, എന്നും നല്ല വ്യക്തിത്വത്തോടെ ജീവിക്കണമെന്നാണ് അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത്, തന്നോട് ഞാൻ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നുമൊക്കെ വെട്ടിത്തുറന്ന് പറഞ്ഞത് ആ വ്യക്തിത്വം എനിക്കുള്ളത് കൊണ്ടാണ് , അത് കൊണ്ട് മീശകളഞ്ഞിട്ടുള്ള ഒരു വിവാഹ ബന്ധത്തിന് എനിക്ക് താല്പര്യമില്ല അതൊന്ന് നേരിട്ട് പറയാനാണ് ഞാൻ വന്നത് അമ്മയെ ഞാൻ മറ്റെന്തെങ്കിലും പറഞ്ഞ് മാനേജ് ചെയ്തോളാം എങ്കിൽ ശരി ഞങ്ങളിറങ്ങട്ടെ
അയാളെന്നോട് യാത്ര പറഞ്ഞ് പോകാനൊരുങ്ങി
നില്ക്കു ഞാൻ ആവശ്യപ്പെട്ടത് പോലെ നിങ്ങളിന്ന് മീശ കളഞ്ഞിട്ടാണ് വന്നതെങ്കിൽ നമ്മുടെ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലായിരുന്നു ഇപ്പോഴാണ് നിങ്ങളോടെനിക്ക് ബഹുമാനം തോന്നിയത് നിങ്ങളുടെ ഈ നിലപാടിനെയാണ് എനിക്കിഷ്ടം പോകുന്നതിന് മുമ്പ് അച്ഛനോട് എപ്പോൾ വിവാഹം നടത്താമെന്ന് കൂടി ഉറപ്പിച്ചിട്ട് പൊയ്ക്കോളു
ഞാൻ പറഞ്ഞത് കേട്ട് സന്തോഷം കൊണ്ട് അയാളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു.