നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ തന്റെ ഭാര്യ പറഞ്ഞ വാക്കുകൾ ആണ് അത് അയാളുടെ നെഞ്ചിൽ കൂ,ർത്ത മുള്ളുകൾ പോലെ ത,റച്ചു..

Story written by JK

“അതെ, നിങ്ങള് ഇവിടെ ലീവിന് വന്നിട്ട് ഇപ്പോൾ മലമറിക്കാൻ ഒന്നുമില്ല!! തന്നെയുമല്ല ഇങ്ങോട്ട് വരാൻ ഇപ്പോൾ ടിക്കറ്റിനൊക്കെ ഒരുപാട് രൂപയാകും അതുകൊണ്ട് ആ പണം ഇങ്ങോട്ട് അയച്ചുതന്നാൽ മതി… ഇവിടെ നൂറുകൂട്ടം ലോൺ അടയ്ക്കാൻ ഉണ്ട് അപ്പോഴാണ് ഒരു നാട്ടിൽ വരവ്!!”

നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ തന്റെ ഭാര്യ പറഞ്ഞ വാക്കുകൾ ആണ് അത് അയാളുടെ നെഞ്ചിൽ കൂ,ർത്ത മുള്ളുകൾ പോലെ ത,റച്ചു..

ആനന്ദിന്റെ ഉള്ളിലെ സങ്കടം ഒരു വലിയ തിരമാല പോലെ ആഞ്ഞടിക്കുക യായിരുന്നു. ദുബായിലെ ആ കൊച്ചു മുറിയിൽ ഫാനിന്റെ കറക്കം നോക്കി കിടക്കുമ്പോൾ അയാൾ പഴയ കാര്യങ്ങൾ ഓരോന്നായി ഓർത്തു. പത്തൊമ്പതാമത്തെ വയസ്സിൽ, മീശ പോലും മുളച്ചു തുടങ്ങുന്നതിന് മുൻപ് ഈ മണലാരണ്യത്തിലേക്ക് വിമാനം കയറിയതാണ്. അന്ന് പെങ്ങന്മാരുടെ കല്യാണം നടത്തി കൊടുക്കണം , അച്ഛൻ ബാക്കിവെച്ചു പോയ കടങ്ങൾ തീർക്കണം, ഓലമേഞ്ഞ ആ വീട് ഒന്ന് വാർക്കണം… ഇതൊക്കെയായിരുന്നു സ്വപ്നം. ഓരോ മാസവും ശമ്പളം കിട്ടുമ്പോൾ തന്റെ ചായകാശിന് പോലും തികയാത്ത തുക മാത്രം കൈയ്യിൽ വെച്ച് ബാക്കി മുഴുവൻ നാട്ടിലേക്ക് അയക്കുമായിരുന്നു..

നാട്ടിലുള്ളവർ നന്നായി കഴിയണമെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ…
​ഫോണിൽ സന്ധ്യയുടെ ശബ്ദം വീണ്ടും മുഴങ്ങി. “അതെ, നിങ്ങള് ഇവിടെ ലീവിന് വന്നിട്ട് ഇപ്പോൾ മലമറിക്കാൻ ഒന്നുമില്ല!! തന്നെയുമല്ല ഇങ്ങോട്ട് വരാൻ ഇപ്പോൾ ടിക്കറ്റിനൊക്കെ ഒരുപാട് രൂപയാകും അതുകൊണ്ട് ആ പണം ഇങ്ങോട്ട് അയച്ചുതന്നാൽ മതി… ഇവിടെ നൂറുകൂട്ടം ലോൺ അടയ്ക്കാൻ ഉണ്ട് അപ്പോഴാണ് ഒരു നാട്ടിൽ വരവ്!!” ​ അന്നേരം ആനന്ദൻ ചോദിച്ചിരുന്നു, “സന്ധ്യേ, ഞാൻ വന്നിട്ട് മൂന്ന് കൊല്ലം കഴിഞ്ഞില്ലേ? മോളെ ഒന്ന് കാണണ്ടേ എനിക്ക്? അവൾ ഇപ്പോൾ ഒന്നാം ക്ലാസ്സിലായില്ലേ?” എന്ന്.

​” വീഡിയോ കോൾ വിളിക്കുമ്പോൾ കാണുന്നത് അവളെ തന്നെയല്ലേ..?? പിന്നെ ഇനിയിപ്പോ നേരിട്ട് കാണാൻ എന്താ ഉള്ളത്… നോക്ക് ആനന്ദേട്ടാ ഓരോ സെന്റിമെന്റ്സ് കാണിച്ചു ഈ വരുന്ന കാശ് ടിക്കറ്റിന് കളഞ്ഞാൽ ഈ മാസത്തെ ബാങ്ക് ഇൻസ്‌റ്റാൾമെന്റ് ആര് അടയ്ക്കും? നിങ്ങളുടെ പെങ്ങൾ സുനിതയുടെ കല്യാണത്തിന് എടുത്ത ലോൺ ഇപ്പോഴും തീർന്നിട്ടില്ല. അതുകൂടി ഒന്ന് ഓർക്കുന്നത് നല്ലതാ.” സന്ധ്യയുടെ മറുപടിയിൽ ഒരിത്തിരി പോലും സ്നേഹമുണ്ടായിരുന്നില്ല.

​ആനന്ദൻ ഫോൺ കട്ടാക്കി ബെഡിലേക്ക് ചാഞ്ഞു. കൂടെ താമസിക്കുന്ന റഹീം ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. റഹീം പതുക്കെ അടുത്ത് വന്ന് തോളിൽ തട്ടി. “എന്താടാ ആനന്ദാ, വീട്ടിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ?”

​”പ്രശ്നമില്ല റഹീമേ… ഞാൻ അവർക്കൊക്കെ വെറും ഒരു കറവപ്പശു മാത്ര മാണെന്ന് ഇന്ന് എനിക്ക് ബോധ്യമായി. സ്നേഹമില്ലാത്ത പണത്തിന് വേണ്ടി മാത്രം കാത്തിരിക്കുന്ന കുറെ മനുഷ്യർ.” ആനന്ദന്റെ കണ്ണുകൾ നിറഞ്ഞു.
​അന്നുരാത്രി അയാൾ ഒരു തീരുമാനമെടുത്തു. ഇനി കിട്ടുന്ന പണം മുഴുവൻ കണ്ണടച്ച് വീട്ടിലേക്ക് അയക്കില്ല. പിറ്റേ മാസം മുതൽ അയാൾ വീട്ടിലേക്ക് അയക്കുന്ന തുക പകുതിയാക്കി കുറച്ചു. സന്ധ്യ വിളിച്ചു ബഹളം വെച്ചു. “ഇതെന്താ ഇത്ര കുറവ്? ബാക്കി പണം എവിടെ?” ആനന്ദൻ ശാന്തനായി പറഞ്ഞു, “ഇവിടെ കമ്പനിയിൽ പണി കുറവാ സന്ധ്യേ. ഓവർ ടൈം ഒന്നുമില്ല. ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.”

അങ്ങനെ കുറെ മാസങ്ങൾ. അയാൾ രഹസ്യമായി തന്റെ അക്കൗണ്ടിൽ പണം സ്വരൂപിച്ചു. ആർക്കും ഒരു സൂചനയും നൽകാതെ ഒരു ദിവസം അയാൾ നാട്ടിലേക്ക് തിരിച്ചു. എയർപോർട്ടിൽ നിന്ന് നേരെ വീട്ടിലേക്ക് പോകാതെ തന്റെ ആത്മാർത്ഥ സുഹൃത്തായ വേണുവിന്റെ വീട്ടിലേക്കാണ് അയാൾ പോയത്.

​”ആനന്ദാ! നീയെന്താ ഈ കാണിക്കുന്നത്? വീട്ടിൽ പറയാതെ വന്നോ?” വേണു അത്ഭുതപ്പെട്ടു.

​”വേണൂ, എനിക്ക് ചില കാര്യങ്ങൾ നേരിട്ട് കാണണം. നീ എന്നെ ഒന്ന് സഹായിക്കണം.” ​അടുത്ത ദിവസം വൈകുന്നേരം വേണുവിന്റെ ബൈക്കിന് പിന്നിലിരുന്ന് ആനന്ദൻ തന്റെ വീടിന് മുന്നിലൂടെ പോയി. കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. മുറ്റത്ത് ഒരു പുത്തൻ കാർ കിടക്കുന്നു. വീടിന്റെ മുൻവശം ആകെ മോടി പിടിപ്പിച്ചിരിക്കുന്നു. സന്ധ്യ വിലകൂടിയ സാരിയും ആഭരണങ്ങളും അണിഞ്ഞ് ആരുടെയോ കല്യാണത്തിന് പോകാൻ ഇറങ്ങുകയാണ്.

​”ഇതെന്താ വേണൂ കൊട്ടാരമോ ? ഞാൻ അയക്കുന്ന പണം തികയുന്നില്ല എന്ന് പറഞ്ഞ് അവൾ എപ്പോഴും പരാതിയായിരുന്നു. അതുകൊണ്ട് അവർ ഇവിടെ ഇത്രയും സൂക്ഷിച്ചു ജീവിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞില്ല… നിനക്കറിയോ ഒന്ന് അസുഖം വന്നാൽ പോലും ഞാൻ ഡോക്ടറുടെ അരികിലേക്ക് പോകാറില്ല പണം ചെലവാകുമല്ലോ എന്ന് പേടിച്ച്.. അങ്ങനെ മുണ്ട് മുറുക്കി അയച്ചു കൊടുത്തതാണ് നീ ഒന്ന് നോക്ക് അവരുടെ ആഡംബരം .” ആനന്ദൻ സങ്കടത്തോടെ പറഞ്ഞു..

​”ആനന്ദാ, നീ വിഡ്ഢിയാവുകയായിരുന്നു. നിന്റെ പെങ്ങന്മാർക്ക് നീ കൊടുത്ത പണമൊക്കെ വെച്ച് അവർ ഇവിടെ ബിസിനസ്സ് തുടങ്ങുകയും വലിയ നിലയിൽ ആവുകയും ചെയ്തു. അവർ നിന്നെ വിളിച്ചു പണമില്ലെന്ന് പറഞ്ഞ് കരയുന്നത് വെറും അഭിനയമായിരുന്നു. നിന്റെ ഭാര്യയും ഈ കൂട്ടത്തിൽ ഒട്ടും പിന്നിലല്ല.”

വേണു ദീർഘനിശ്വാസത്തോടെ പറഞ്ഞു,.

​ആനന്ദൻ ഒന്നും മിണ്ടിയില്ല. അന്ന് രാത്രി അയാൾ വീട്ടിൽ കേറിച്ചെന്നു. തന്നെ കണ്ടപ്പോൾ സന്ധ്യയുടെ മുഖത്ത് സന്തോഷമല്ല, ഒരുതരം ഭയമാണ് കണ്ടത്. “നിങ്ങൾ… നിങ്ങൾ എന്താ പറയാതെ വന്നത്? വരാൻ ടിക്കറ്റിന് കാശ് എവിടുന്ന് കിട്ടി?” ​അല്പം കഴിഞ്ഞപ്പോൾ പെങ്ങന്മാർ ഓരോരുത്തരായി എത്തി. ലതയും സുനിതയും ഗീതയും. അവർക്കാർക്കും ആനന്ദൻ വന്നതിൽ ഒട്ടും താല്പര്യ മില്ലായിരുന്നു.

​”ഏട്ടാ, ഇപ്പോൾ എന്തിനാ വന്നത്? ഞാനിപ്പോ മോൾക്ക് ഒരു സ്വർണ്ണമാല വാങ്ങാൻ ഏട്ടനോട് കാശ് ചോദിക്കാനിരിക്കുകയായിരുന്നു. ഈ ടിക്കറ്റ് എടുത്ത കാശ് ഉണ്ടെങ്കിൽ അത് നടക്കുമായിരുന്നു.” ഗീത പരിഭവം പറഞ്ഞു.

​ആനന്ദൻ ചിരിച്ചു. “എനിക്ക് അവിടെ പണി പോയി. ഇനി ഞാൻ നാട്ടിൽ നിൽക്കാൻ തീരുമാനിച്ചു. എന്റെ കൈയ്യിൽ ഇനി പണമൊന്നുമില്ല.”
​അതുകേട്ടതോടെ എല്ലാവരുടെയും മട്ടുമാറി. “അതെങ്ങനെ ശരിയാകും? പണിയില്ലാതെ ഇവിടെ ഇരുന്നാൽ ഞങ്ങൾ എങ്ങനെ ജീവിക്കും?” സന്ധ്യ ഉറക്കെ ചോദിച്ചു. ​അടുത്ത കുറച്ചു ദിവസങ്ങൾ ആനന്ദിന് നരകതുല്യമായിരുന്നു. ആരും അയാളോട് നേരാംവണ്ണം സംസാരിച്ചില്ല. ചോറിന് കറി വെക്കാൻ പോലും സന്ധ്യ മടി കാണിച്ചു. “കാശ് തരുന്നവർക്ക് മാത്രമേ ഇവിടെ ആഹാരമുള്ളൂ” എന്ന രീതിയിലായി അവളുടെ പെരുമാറ്റം. ഒരു ദിവസം ആനന്ദൻ തന്റെ ബാഗിൽ നിന്നും ഒരു പേപ്പർ കഷ്ണം പുറത്തെടുത്തു. ദുബായിൽ വെച്ച് അവസാന നിമിഷം എടുത്ത ഒരു ലോട്ടറി ടിക്കറ്റ് ആയിരുന്നു അത്. അയാൾ റഹീമിനെ വിളിച്ച് നമ്പർ നോക്കാൻ പറഞ്ഞു. ​ഫോണിന്റെ അപ്പുറത്ത് റഹീം അലറുകയായിരുന്നു. “ആനന്ദാ! നിനക്ക്… നിനക്ക് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നു! അഞ്ചു കോടി രൂപയാടാ നിന്റെ അക്കൗണ്ടിൽ വരാൻ പോകുന്നത്!”

​ആനന്ദൻ വിറയ്ക്കുന്ന കൈകളോടെ ഫോൺ വെച്ചു. പക്ഷേ ഈ വാർത്ത അയാൾ രഹസ്യമാക്കി വെച്ചു. അയാൾ വീട്ടുകാരെ ഒന്നുകൂടി പരീക്ഷിക്കാൻ തീരുമാനിച്ചു. “എനിക്ക് തീരെ വയ്യ, ഡോക്ടറെ കാണാൻ ഒരു ആയിരം രൂപ വേണം.” അയാൾ സന്ധ്യയോട് ചോദിച്ചു.

​”എന്റെ കയ്യിൽ കാശൊന്നുമില്ല. ആ പെങ്ങന്മാരോട് പോയി ചോദിക്ക്.” അവൾ മുഖം തിരിച്ചു. പെങ്ങന്മാരുടെ അടുത്തേക്ക് ചെന്നപ്പോൾ അവരും കൈമലർത്തി. “ഏട്ടാ, ഞങ്ങൾക്ക് ഇപ്പോൾ ഭയങ്കര ചിലവാ. ഏട്ടൻ വല്ല പണിക്കും പോയി നോക്ക്.” ​അന്ന് വൈകുന്നേരം ആനന്ദൻ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു. വക്കീലിനെയും കൂട്ടിയിരുന്നു. “എല്ലാവരും ഒന്ന് ഇങ്ങോട്ട് വന്നേ. എനിക്ക് ചിലത് പറയാനുണ്ട്.” ആനന്ദൻ ശാന്തനായി തന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് മേശപ്പുറത്ത് വെച്ചു. അതിലെ വലിയ അക്കങ്ങൾ കണ്ടപ്പോൾ സന്ധ്യയുടെയും പെങ്ങന്മാരുടെയും കണ്ണുകൾ തള്ളിപ്പോയി.

​”ഇത്… ഇതെന്താ ഇത്രയും പണം?” ലത വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
​”ഇത് എനിക്ക് അടിച്ച ലോട്ടറിയാണ്. കോടികളുണ്ട് ഇതിൽ. പക്ഷേ… ഈ പണം അനുഭവിക്കാൻ നിങ്ങൾക്ക് ആർക്കും അവകാശമില്ല. എന്റെ കഷ്ടപ്പാടിന്റെ കാലത്ത് എന്നെ ഒരു കറവപ്പശുവായി മാത്രം കണ്ട നിങ്ങൾക്കാർക്കും ഈ ആനന്ദന്റെ സ്നേഹം ഇനി കിട്ടില്ല.” ആനന്ദൻ കടുപ്പിച്ചു പറഞ്ഞു.

​”ആനന്ദേട്ടാ… ഞാൻ പേടിച്ചിട്ട് പറഞ്ഞതല്ലേ… നമുക്ക് സന്തോഷമായി ജീവിക്കണ്ടേ?” സന്ധ്യ പതുക്കെ അടുത്തു വന്നു.

​”വേണ്ട സന്ധ്യേ. നിനക്ക് വേണ്ടത് പണമാണ്. അത് നിന്റെ അക്കൗണ്ടിൽ ഞാൻ കുറച്ചു ഇട്ടിട്ടുണ്ട്. മോൾക്ക് വേണ്ട കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം. പക്ഷേ ഇനി ഈ വീട്ടിൽ നിന്റെ കൂടെ കഴിയാൻ എനിക്ക് താല്പര്യമില്ല. ഈ വീടും പറമ്പും എന്റെ അധ്വാനമാണ്… പക്ഷേ എന്റെ കുഞ്ഞു നിന്റെ കൂടെ ഉള്ളതു കൊണ്ട് ഇത് ഞാൻ നിനക്ക് ഔദാര്യമായി തരികയാണ്.. നിന്റെ അക്കൗണ്ടിൽ ഞാനിട്ട പണം നിനക്ക് ഒന്നിനും തികയില്ല കാരണം നീ ആഡംബര ജീവിതം ആണല്ലോ നയിക്കുന്നത്.. അത് തീരുമ്പോൾ നീ എന്റെ വില മനസ്സിലാകും.. കുഞ്ഞിന്റെ കാര്യം മാത്രം ഞാൻ നോക്കും… കുഞ്ഞിന്റെ കാര്യം മാത്രം!!

ഇനി എന്റെ സ്നേഹനിധികളായ പെങ്ങമ്മാരുടെ തനി സ്വഭാവം ഞാൻ നേരിട്ട് കണ്ടുകഴിഞ്ഞു നിങ്ങൾക്കെല്ലാവർക്കും ഇവിടുന്ന് പോകാം.” ​അവർ അപേക്ഷിച്ചു, കരഞ്ഞു, കാലുപിടിച്ചു. പക്ഷേ ആനന്ദൻ കുലുങ്ങിയില്ല. വക്കീലിനെ ഏൽപ്പിച്ച് അയാൾ തന്റെ പെട്ടിയുമായി ഇറങ്ങി. കടൽതീരത്ത് അയാൾ സ്വന്തമായി ഒരു ചെറിയ വീട് വാങ്ങി. അവിടെ അയാൾ സമാധാനത്തോടെ ജീവിക്കാൻ തുടങ്ങി. പണമില്ലാത്ത ആനന്ദനെ വേണ്ടാത്തവർക്ക്, പണമുള്ള ആനന്ദനെയും ആവശ്യമില്ലെന്ന് അയാൾ ഉറപ്പിച്ചു. തന്റെ ജീവിതത്തിലെ ബാക്കി കാലം തനിക്ക് ഇഷ്ടമുള്ള രീതിയിൽ, തന്നെ സ്നേഹിക്കുന്ന യഥാർത്ഥ സുഹൃത്തുക്കളോടൊപ്പം ജീവിക്കാൻ അയാൾ തീരുമാനിച്ചു. മരുഭൂമിയിലെ ചൂടിൽ വെന്തുരുകിയ ആ പത്തൊമ്പത് കൊല്ലത്തിന് ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനം ആ ലോട്ടറി പണമായിരുന്നില്ല, മറിച്ച് തന്റെ കൂടെയുള്ളവരുടെ തനിനിറം മനസ്സിലാക്കാൻ കിട്ടിയ അവസരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *