Story written by Jk
”എല്ലാവരും കൂടി മനപ്പൂർവ്വം ആയിരുന്നൊ ആ പെണ്ണിനെ എന്റെ തലയിൽ കെട്ടിവച്ചത്??”
രഞ്ജിത്ത് അങ്ങനെ ചോദിച്ചപ്പോൾ മറുപടി ഇല്ലാതെ നിന്നു രാഗിണി. അവന്റെ കണ്ണുകളിൽ ദേഷ്യവും അതിലേറെ സങ്കടവും നിറഞ്ഞുനിന്നിരുന്നു.
”ചേച്ചി വിചാരിച്ചത് പോലെ എല്ലാം നടന്നു എന്ന് ഒന്ന് ചേച്ചിയെ വിളിച്ചു പറഞ്ഞേക്ക്!! അനിയന്റെ ജീവിതം തകർത്തിട്ട് സന്തോഷം ആവട്ടെ!!” അത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങിപ്പോകുന്ന രഞ്ജിത്തിനെ വിഷമത്തോടെ നോക്കി നിന്നു രാഗിണി. നെഞ്ച് പിടഞ്ഞാണ് അവൻ പടിയിറങ്ങിയത്. തന്റെ കൂടി തെറ്റാണ് എന്ന് രാഗിണിക്ക് അറിയാമായിരുന്നു. മകളുടെ വാക്കിന് വഴങ്ങി മകന്റെ ജീവിതം ബ,ലികൊടുക്കേണ്ടി വന്ന ഒരമ്മയുടെ കുറ്റബോധം അവരെ തളർത്തി.
രാഗിണിക്ക് മക്കൾ രണ്ടാണ്. മൂത്തത് രമ്യയും ഇളയവൻ രഞ്ജിത്തും. ചെറുപ്പം മുതൽ തന്നെ രമ്യ ഒരു സ്വാർത്ഥയാണ്. എന്തും അവൾക്ക് മാത്രം മതി എന്ന കാഴ്ചപ്പാട്. രാഗിണിയുടെ ഭർത്താവ് ഗൾഫിൽ ആയിരുന്നു. അയാൾ കൊണ്ടുവരുന്നത് മുഴുവനും രമ്യ കൈക്കലാക്കും. രഞ്ജിത്തിന് അവൾക്ക് വേണ്ടാത്തത് എന്തെങ്കിലും കിട്ടിയാൽ ആയി. ചെറുപ്പം മുതൽ തന്നെ ഒരു പാവം ആയിരുന്നു രഞ്ജിത്ത്. അങ്ങനെ ഒന്നിനും ഒരു വാശിയും ഇല്ല. അങ്ങനെയാണ് അച്ഛൻ അവനെയും ഗൾഫിലേക്ക് കൊണ്ടുപോകുന്നത്. അതോടെ രമ്യയ്ക്ക് ചാകരയായിരുന്നു. രണ്ടുപേരും കൊണ്ടുവരുന്നത് കണക്കു പറഞ്ഞു അവൾ വാങ്ങിക്കൊണ്ടുപോകും. ഇതിനിടയിൽ അച്ഛന് നെഞ്ചു വേദന വന്ന് ഈ ലോകത്തോട് വിട പറയുമ്പോൾ കുടുംബത്തിന്റെ ഭാരം മുഴുവൻ രഞ്ജിത്ത് ഏറ്റെടുക്കുകയായിരുന്നു..
രമ്യയുടെ വിവാഹം വളരെ മുൻപ് തന്നെ കഴിഞ്ഞതാണ്. അവൾക്ക് രണ്ട് പെൺകുട്ടികളാണ്. മനോഹരൻ അവളുടെ വാക്കുകൾ കേട്ട് അതിനൊത്ത് തുള്ളുന്ന ഒരാളാണ്. അങ്ങനെ ആണെങ്കിൽ കൂടി സ്വന്തം കാര്യം നേടിയെടുക്കാൻ മിടുക്കനാണ് അയാൾ. മനോഹരന്റെ വീട്ടിൽ അയാളുടെ പെങ്ങളും ആയി എന്തോ ഒരു പ്രശ്നം ഉണ്ടായതിൽ പിന്നെ രമ്യ കുട്ടികളെയും അയാളെയും വിളിച്ച് സ്വന്തം വീട്ടിൽ ആണ് ഇപ്പോൾ. രഞ്ജിത്ത് അമ്മയ്ക്ക് അവൾ ഒരു കൂട്ട് ആകുമല്ലോ എന്ന് കരുതി അതിനെ എതിർക്കാനും പോയില്ല.. എന്നാൽ അത് തനിക്ക് തന്നെ വലിയ വിനയാകും എന്ന് അവൻ കരുതിയില്ല.
മരിക്കുന്നതിന് മുമ്പ്അ ച്ഛൻ കൂടെക്കൂടെ അവനോട് വിവാഹത്തെക്കുറിച്ച് പറയുമായിരുന്നു. എന്നാൽ അച്ഛൻ പോയതിനുശേഷം ഇപ്പോൾ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഒടുവിൽ രഞ്ജിത്ത് തന്നെയാണ് അമ്മയോട് ഏതെങ്കിലും ഒരു പെണ്ണിനെ നാട്ടിൽ നോക്കിവയ്ക്കാൻ പറഞ്ഞത്.
”അമ്മേ, എനിക്ക് അവിടെ നിന്ന് ലീവ് കിട്ടാൻ പാടാണ്. അമ്മയും ചേച്ചിയും കൂടി നല്ലൊരു ആലോചന നോക്ക്. നിങ്ങൾക്ക് കണ്ട് ഇഷ്ടമാവുകയാണെങ്കിൽ താൻ ചെന്ന് വിവാഹം കഴിച്ചാൽ മതിയല്ലോ. ഫോട്ടോയും മറ്റും അയച്ചു തന്നാൽ എനിക്കും ഇവിടെയിരുന്ന് അഭിപ്രായം പറയാം.”
അവൻ പറഞ്ഞതും അമ്മ സമ്മതിച്ചു. എന്നാൽ രമ്യയുടെ മനസ്സിൽ മറ്റൊരു പദ്ധതിയായിരുന്നു. അവൾ അമ്മയെ സ്വാധീനിക്കാൻ തുടങ്ങി.
”അമ്മേ, അവന് ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ കുട്ടി ഉള്ള ഇടത്തുനിന്ന് കല്യാണം നോക്കിയാൽ മതി. അങ്ങനെ ആകുമ്പോൾ അവന് ആ വീട് ഉണ്ടാകുമല്ലോ? ഈ വീട് എനിക്ക് എടുക്കുകയും ചെയ്യാം. അല്ലാതെ ഈ രണ്ട് പെൺമക്കളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകാനാണ്??” രമ്യ കരഞ്ഞു പറഞ്ഞപ്പോൾ രാഗിണിക്ക് അവൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നി. അല്ലെങ്കിൽ അമ്മമാർക്ക് പെൺമക്കളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടല്ലോ. അവർ തിരഞ്ഞു നടന്ന് ഒരു പെൺകുട്ടിയെ കണ്ടെത്തി. രസിക എന്നായിരുന്നു അവളുടെ പേര്. ബുദ്ധിവളർച്ചയില്ലാത്ത ഒരു കുട്ടി. എന്നാൽ കാഴ്ചയിൽ അത് തോന്നുകയും ഇല്ല. അച്ഛനും അമ്മയ്ക്കും ഒരൊറ്റ മകൾ ആയിരുന്നു അത്. അത്യാ വശ്യം നല്ല ഒരു വീടും അതിന്റെ ചുറ്റുപാടും ഒക്കെ അവർക്ക് ഉണ്ട്.
രമ്യ മനോഹരനോട് രഹസ്യമായി പറഞ്ഞു, “ഈ കുട്ടിയെ കല്യാണം കഴിച്ചാൽ ഇതെല്ലാം രഞ്ജിത്തിന് ചെന്ന് ചേരും. അവൾക്ക് വലിയ വിവരമൊന്നു മില്ലാത്തത് കൊണ്ട് രഞ്ജിത്ത് അവിടെത്തന്നെ നിന്നോളും. അപ്പോൾ ഈ വീട് നമുക്ക് സ്വന്തമാക്കാം.” അത്രയും പറഞ്ഞ് ആ പെൺകുട്ടിയുടെ പ്രശ്നം പോലും അവനിൽ നിന്ന് മറച്ചുവെച്ച് രമ്യ കല്യാണം ഉറപ്പിച്ചു. രഞ്ജിത്ത് ഇടയ്ക്ക് വിളിക്കുമ്പോൾ അവൾ കള്ളങ്ങൾ പറഞ്ഞു.
”രഞ്ജിത്തേ, പെണ്ണ് കാണാൻ നല്ല സുന്ദരിയാണ്. നല്ല തറവാട്. നിനക്ക് ഇഷ്ടപ്പെടും ഉറപ്പാ.” രമ്യ ഫോണിലൂടെ അവനെ വിശ്വസിപ്പിച്ചു. മനപ്പൂർവ്വം തന്നെ അവൾ അവർക്ക് ഫോണിൽ സംസാരിക്കാനുള്ള ചാൻസ് നഷ്ടപ്പെടുത്തി യിരുന്നു. “അയ്യോടാ, അവൾ ഭയങ്കര നാണക്കാരിയാ. കല്യാണം കഴിഞ്ഞിട്ട് പോരേ സംസാരം?” എന്ന് പറഞ്ഞ് രമ്യ ഒഴിഞ്ഞുമാറി. രസികയുടെ ഫോട്ടോ അവൾ ഫോണിൽ എടുത്ത് അയച്ചു കൊടുത്തു. കാണാൻ വലിയ തെറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് രഞ്ജിത്ത് അതിനെ ഒക്കെ പറയുകയും ചെയ്തു.
”വിവാഹത്തിന്റെ തലേദിവസം നാട്ടിലേക്ക് എത്തിയാൽ മതി. അങ്ങനെ യാണെങ്കിൽ നിനക്ക് കല്യാണം കഴിഞ്ഞാൽ അവളുടെ കൂടെ കൂടുതൽ ദിവസം നിൽക്കാമല്ലോ.” രമ്യ അവനെ പറഞ്ഞ് ചട്ടം കെട്ടി. സത്യത്തിൽ അവൻ നേരത്തെ എത്തിയാൽ രസികയുടെ അവസ്ഥ മനസ്സിലാക്കുമെന്ന് അവൾ ഭയന്നിരുന്നു.
അവളുടെ വാക്ക് വിശ്വസിച്ച് അവൻ അതുപോലെ ചെയ്തു. കല്യാണത്തിന്റെ തലേദിവസം രാത്രിയാണ് അവൻ എത്തിയത്. പിറ്റേദിവസം രാവിലെ തന്നെ വിവാഹം നടന്നു. താലി കെട്ടുന്ന നേരത്ത് രസികയുടെ മുഖത്ത് കണ്ട ഒരുതരം അസ്വാഭാവികമായ ചിരി അവൻ ശ്രദ്ധിച്ചെങ്കിലും ടെൻഷൻ കൊണ്ടാകുമെന്ന് കരുതി സമാധാനിച്ചു.
എന്നാൽ വിവാഹം കഴിഞ്ഞ് അടുത്ത നിമിഷം മുതൽ എന്തൊക്കെയോ പ്രശ്നങ്ങൾ അവന് രസികയിൽ തോന്നി. ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല, കൊച്ചു കുട്ടികളെപ്പോലെയുള്ള പെരുമാറ്റം. സദ്യ കഴിക്കുന്നതി നിടയിൽ അവൾ കാണിച്ച ചില കാര്യങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി. വൈകുന്നേരം രഞ്ജിത്ത് തന്റെ അമ്മാവനെ മാറ്റി നിർത്തി ചോദിച്ചു, “അമ്മാവാ, രസികയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്ക് എന്തോ ഒരു പന്തികേട് തോന്നുന്നു.” അമ്മാവൻ നെടുവീർപ്പിട്ടു. “മോനേ, ആ കുട്ടിയുടെ അച്ഛനും അമ്മയും എല്ലാം തുറന്നു പറഞ്ഞിരുന്നു. ബുദ്ധിവളർച്ച കുറവാണെന്ന് അവർ പറഞ്ഞതാണ്. പക്ഷേ നിന്റെ ചേച്ചിയാണ് പറഞ്ഞത് നിനക്ക് അതൊന്നും കുഴപ്പമില്ലെന്ന്. നീ സമ്മതിച്ചതാണെന്നാണ് ഞങ്ങൾ കരുതിയത്.”
രഞ്ജിത്ത് തകർന്നുപോയി. “ഞാൻ സമ്മതിച്ചെന്നോ? ചേച്ചി എന്നോട് ഇത് പറഞ്ഞിട്ടുപോലുമില്ല!”
അവൻ നേരെ രാഗിണിയുടെ അടുത്തേക്ക് ചെന്നു. “അമ്മേ, ഇതൊക്കെ അറിഞ്ഞിട്ടാണോ നിങ്ങൾ മിണ്ടാതിരുന്നത്?” രാഗിണി കരയാൻ തുടങ്ങി. “മോനേ, രമ്യ പറഞ്ഞത് അവൾക്ക് നല്ല സ്വത്തുണ്ടെന്നാണ്. നിനക്ക് ഒരു കുറവും ഉണ്ടാവില്ലെന്ന്…” അപ്പോഴാണ് രമ്യ അവിടേക്ക് വന്നത്. അവൾ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു, “എന്താ രഞ്ജിത്ത് ഇവിടെ ഒരു ബഹളം?”
”എന്തിനായിരുന്നു ചേച്ചി എന്നോട് ഈ ചതി ചെയ്തത്? എന്റെ ജീവിതം വെച്ച് കളിക്കാൻ നിനക്ക് എങ്ങനെ തോന്നി?” രഞ്ജിത്ത് ഗർജിച്ചു. രമ്യ നിസ്സാരമായി പറഞ്ഞു, “നിനക്ക് അവിടെ രാജാവായി വാഴാം. പിന്നെന്താ പ്രശ്നം? കുറച്ച് വിവരക്കുറവുണ്ടെന്നേയുള്ളൂ, അവളെ ഒന്ന് മെരുക്കിയെടുത്താൽ മതി.”
”മെരുക്കാൻ ഇത് മൃഗമല്ല ചേച്ചി, എന്റെ ഭാര്യയാണ്! നിനക്ക് സ്വത്ത് കിട്ടാൻ വേണ്ടി എന്നെ ഒരു കരു ആക്കി മാറ്റിയില്ലേ!”
അവന് ആകെ സങ്കടം വന്നു. തന്റെ കൂടപ്പിറപ്പ് സ്വത്തിന് വേണ്ടി തന്നെ ചതിച്ചിരിക്കുന്നു. പക്ഷേ സ്വന്തം പെറ്റമ്മ പോലും തന്റെ ഭാഗം നിന്നില്ലല്ലോ എന്നോർത്തപ്പോൾ അവന് വല്ലാത്ത സങ്കടം തോന്നി. അവിടെ നിൽക്കാൻ അവന് കഴിഞ്ഞില്ല. അവൻ തന്റെ ബാഗും എടുത്ത് രസികയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
തുടക്കത്തിൽ രസികയോട് അവന് ദേഷ്യമായിരുന്നു. അവൾ അവന്റെ അടുത്തേക്ക് വരുമ്പോൾ അവൻ ഒഴിഞ്ഞുമാറി. പക്ഷേ രസിക അവനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ബുദ്ധിവളർച്ച ഇല്ലെങ്കിൽ കൂടി “രഞ്ജിത്തേട്ടാ” എന്ന് വിളിച്ച് അവൾ എപ്പോഴും അവന്റെ പുറകെ നടന്നു. ഇടയ്ക്ക് അവൾ കുറുമ്പ് കാണിക്കും, ഇടയ്ക്ക് പാട്ടു പാടും. രഞ്ജിത്ത് ചിന്തിച്ചു, “ഈ കുട്ടിയോട് ദേഷ്യം കാണിച്ചിട്ട് എന്താണ് കാര്യം? ഇവൾ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. ചതിച്ചത് എന്റെ വീട്ടുകാരാണ്.” പതിയെ അവളുടെ നിഷ്കളങ്ക ഭാവം അവന് അവളോട് സ്നേഹം വളർത്തി. രഞ്ജിത്ത് ആ വീട് വിട്ട് പൂർണ്ണമായും രസികയുടെ വീട്ടിലേക്ക് മാറി. രമ്യയും അമ്മയും അവനെ കാണാൻ വന്നപ്പോൾ അവൻ അവരെ ഇറക്കിവിട്ടു..
“നിങ്ങൾക്ക് വേണ്ടത് ഈ വീടല്ലേ, അത് എടുത്തോ. ഇനി എന്റെ ജീവിതത്തി ലേക്ക് വരരുത്.” അവൻ ഉറപ്പിച്ചു പറഞ്ഞു. രഞ്ജിത്ത് രസികയെ നല്ല ഡോക്ടർമാരെ കാണിച്ചു. സ്പീച്ച് തെറാപ്പിയും മറ്റ് ചികിത്സകളും നൽകി. അവൻ അവളോടൊപ്പം സമയം ചെലവഴിച്ചു. കാര്യങ്ങൾ ക്ഷമയോടെ പറഞ്ഞു കൊടുത്തു. അതോടെ അവൾ പതിയെ ചെയ്ഞ്ച് ആയി. മുഴുവനായി ഒന്നുമില്ലെങ്കിലും ചെറിയ രീതിയിൽ ഒക്കെ ഒരു മാറ്റം അവളിൽ വന്നു. അവൾ സ്വന്തം കാര്യങ്ങൾ ചെയ്യാനും രഞ്ജിത്തിനെ സഹായിക്കാനും പഠിച്ചു. രണ്ട് വർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ രസിക ഗർഭിണിയായി. രഞ്ജിത്തിന് വല്ലാത്ത പേടിയുണ്ടായിരുന്നു, കുഞ്ഞിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന്. എന്നാൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ ഡോക്ടർ പറഞ്ഞു, “കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. യാതൊരു പ്രശ്നവുമില്ല.” ആ വാർത്ത കേട്ടപ്പോൾ രഞ്ജിത്തിന്റെ കണ്ണുകൾ നിറഞ്ഞു. താൻ അറിയാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതാണ് രസികയും മോളും. ഒരു വലിയ ചതിയിൽ നിന്നാണ് ഈ ബന്ധം തുടങ്ങിയതെങ്കിലും, ഇന്ന് അവൻ സന്തോഷവാനാണ്. രമ്യയുടെ സ്വാർത്ഥത അവന് നൽകിയത് ഒരു പുതിയ ജീവിതമായിരുന്നു.
ഇപ്പോൾ അവർക്ക് വേണ്ടി ജീവിക്കുകയാണ് രഞ്ജിത്ത്. ലോകം എന്ത് പറഞ്ഞാലും തന്റെ നിഷ്കളങ്കയായ ഭാര്യയും മോളുമാണ് തന്റെ സ്വർഗ്ഗമെന്ന് അവൻ തിരിച്ചറിഞ്ഞു. ചില അഡ്ജസ്റ്റ്മെന്റുകളിലൂടെ അവൻ തന്റെ ജീവിതം മനോഹരമായി മുന്നോട്ട് കൊണ്ടുപോയി.
