ച,ത്തുപോയ കൂട്ടുകാരന്റെ ഭാര്യക്ക് മോൾക്കും കൂട്ടു കടന്നിട്ട് വരുമ്പോൾ ഇവിടെ സ്വന്തമായി ഒരു ഭാര്യയും മോളും ഉണ്ടെന്നുള്ള കാര്യം മറക്കരുത്…”ദേഷ്യത്തോടെയുള്ള കാവേരിയുടെ വാക്കുകൾ……

എഴുത്ത്:-ശ്രേയ

” ച,ത്തുപോയ കൂട്ടുകാരന്റെ ഭാര്യക്ക് മോൾക്കും കൂട്ടു കടന്നിട്ട് വരുമ്പോൾ ഇവിടെ സ്വന്തമായി ഒരു ഭാര്യയും മോളും ഉണ്ടെന്നുള്ള കാര്യം മറക്കരുത്…”
ദേഷ്യത്തോടെയുള്ള കാവേരിയുടെ വാക്കുകൾ കേട്ട് നന്ദൻ ഒരു നിമിഷം പകച്ചു പോയി.

” നീ എന്തൊക്കെയാടി ഈ പറയുന്നത്..? നിനക്കെന്താ ബോധമില്ലേ?” അതും ചോദിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ അകത്തേക്ക് കയറി പോയി. പക്ഷേ ഹാളിൽ അവനെ കാത്തിരുന്നത് അവന്റെയും അവളുടെയും വീട്ടുകാരായിരുന്നു.പ്രതീക്ഷിക്കാതെ രണ്ടു വീട്ടുകാരെയും ഒന്നിച്ചു കണ്ടപ്പോൾ നന്ദൻ ഒന്നു പകച്ചു. അവൻ കാവേരിയെ തിരിഞ്ഞു നോക്കി. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നൊരു ഭാവത്തിൽ കാവേരി അകത്തേക്ക് കയറി.

” നീ എവിടെയായിരുന്നു നന്ദ ഇതുവരെയും…?” ആ ചോദ്യം കാവേരിയുടെ സഹോദരന്റെതായിരുന്നു.

” ഞാൻ…” നന്ദന് പെട്ടെന്ന് എന്തു മറുപടി പറയണം എന്നുപോലും അറിയുന്നുണ്ടായിരുന്നില്ല.

” നിന്നെ രാവിലെ മുതലേ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.. ഫോൺ പോലും നോക്കാൻ പറ്റാത്ത എന്ത് ബുദ്ധിമുട്ടായിരുന്നു നിനക്ക് ഉണ്ടായിരുന്നത്?” കിരൺ വീണ്ടും ചോദിച്ചു.

” അത്… കിച്ചന്റെ മോൾക്ക്… അവൾക്ക് പനിയായിരുന്നു. രാവിലെ അവളെയും കൊണ്ട് ആശുപത്രിയിൽ പോയതാണ്. വീട്ടിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. പിന്നെ ഇവിടേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ ഭയങ്കര കരച്ചിലായിരുന്നു. അവൾക്ക് കൂട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല.”നന്ദൻ പറഞ്ഞത് കേട്ട് കിരണിന് ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു.

” അത് നിന്റെ കൂട്ടുകാരന്റെ ഭാര്യയും കുഞ്ഞും താമസിക്കുന്ന വീടല്ലേ? നിന്റെ കൂട്ടുകാരൻ ആണെങ്കിൽ മരിച്ചു പോവുകയും ചെയ്തു. ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യക്കും കുഞ്ഞിനും എന്തെങ്കിലും ഒരു ആവശ്യം വന്നാൽ സഹായിക്കുന്നത് നല്ലതൊക്കെ തന്നെയാണ്. എന്ന് കരുതി ഏതു നേരവും അവിടെ പോയി കൂട്ടിയിരിക്കണം എന്നല്ല അതിനർത്ഥം. നിന്നെ ഇവിടത്തെ ഒരു ആവശ്യത്തിന് വിളിച്ചാൽ പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇന്ന് രാവിലെ മുതൽ ഈ നേരം വരെ ഞങ്ങൾ ആരൊക്കെ നിന്നെ മാറിമാറി വിളിച്ചിട്ടുണ്ട് എന്നെങ്കിലും നിനക്കറിയാമോ.” കിരൺ ചോദിക്കുമ്പോൾ അവന്റെ ദേഷ്യം വല്ലാതെ കൂടിയിരുന്നു.

കിരണിന്റെ നോട്ടത്തിലും ഭാവത്തിലും ചോദ്യത്തിലും ഒക്കെ നന്ദൻ വല്ലാതെ ഭയന്നു പോയി. കാവേരിയെ വിവാഹം കഴിച്ച ആ ദിവസം മുതൽ അളിയൻ എന്നതിനേക്കാൾ ഉപരി ഒരു സുഹൃത്തായിരുന്നു കിരൺ. എന്ത് കാര്യവും പരസ്പരം തുറന്നു പറയാവുന്ന സൗഹൃദം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
നാട്ടിൽ കുട്ടിക്കാലം മുതലേ ഉള്ള കൂട്ടുകാരനാണ് കിച്ചൻ. പഠിത്തവും ജോലിയും ഒക്കെ ഒന്നിച്ച് തന്നെയായിരുന്നു. ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴി എതിരെ വന്ന ഒരു ലോറി ഇടിച്ചതാണ് കിച്ചന്റെ മരണകാരണം. അന്ന് ആ വണ്ടിയുടെ പുറകിൽ താനും ഉണ്ടായിരുന്നു. പക്ഷേ നിസ്സാര പരിക്കുകളോടെ താൻ രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ കിച്ചന്റെ അവസ്ഥ പരിതാപകരമായിരുന്നു.. അന്ന് തന്റെ കൈപിടിച്ച് അവൻ ആവശ്യപ്പെട്ടതായിരുന്നു, അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം.. അവർക്ക് കൂട്ടായി ഉണ്ടാവണമെന്ന് അവൻ ആവശ്യപ്പെട്ടതാണ്. അവന്റെ അവസാന വാക്കുകളെ ധിക്കരിക്കാൻ ഇന്ന് വരെയും തോന്നിയിട്ടില്ല.

അവന്റെ ഭാര്യക്കും കുഞ്ഞിനും എന്ത് ആവശ്യത്തിനും ഏതു സമയത്തും താൻ ഉണ്ടാകും. ആദ്യമൊക്കെ വീട്ടിൽ കാവേരിക്കും അത് പ്രശ്നമായിരുന്നില്ല. അവരുടെ വീട്ടിലേക്ക് പോകാനും അവരുടെ കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാനും കാവേരിക്കും താൽപര്യമായിരുന്നു. പക്ഷേ അതിലൊക്കെ വ്യത്യാസം വന്നത് എപ്പോഴാണ് എന്നറിയില്ല… പെട്ടെന്ന് ഒരു ദിവസം ഞാൻ അവിടേക്ക് പോകുന്നതും സമയം ചെലവഴിക്കുന്നതും അവൾക്ക്ഇ ഷ്ടമല്ലാതെയായി. പക്ഷേ അപ്പോഴേക്കും കിച്ചന്റെ മകളും തന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. പെട്ടെന്ന് ഒരു ദിവസം അവരെ വേണ്ടെന്നു വയ്ക്കാൻ തനിക്ക് കഴിയാതെ പോയി.. കാവേരിയുടെ സമ്മതത്തോടെയും അല്ലാതെയും തനിക്ക് ആ വീട്ടിലേക്ക് പോകേണ്ടി വന്നു. അതൊരിക്കലും ഒരു തെറ്റായ ഉദ്ദേശത്തോടെ ആയിരുന്നില്ല..

” നീ എന്താണ് ആലോചിച്ചു നിൽക്കുന്നത്??? ഇവിടെ ഞങ്ങൾ ഇത്രയും പേർ സംസാരിക്കുന്നത് നീ കേൾക്കുന്നില്ലേ?” നന്ദന്റെ അച്ഛൻ ചോദിച്ചപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്.

” അച്ഛൻ എന്താ ചോദിച്ചത്?” അവരുടെ സംസാരം കേൾക്കാത്തത് കൊണ്ട് തന്നെ നന്ദൻ ചോദിച്ചു.

” ഇവിടെ എത്തിയിട്ടും അവിടത്തെ ചിന്ത തന്നെയായിരിക്കും. അതുകൊണ്ടാണ് സംസാരിച്ചത് ഒന്നും കേൾക്കാതെ നിൽക്കുന്നത്..” കാവേരിയുടെ അമ്മയുടെ വാക്കുകൾ ആയിരുന്നു അത്. നന്ദൻ ഞെട്ടലോടെ ആ അമ്മയെ നോക്കി. മുൻപ് തന്നോട് എത്രത്തോളം സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറിയിരുന്ന ആളാണ്! പെട്ടെന്നൊരു ദിവസം ഇത്രത്തോളം മാറ്റം വരാൻ എന്താണ് ഉണ്ടായത്..? നന്ദന് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

” നീ ഇവിടെ വന്ന് ഇത്രയും സമയം ആയി… ഞങ്ങളെല്ലാവരും എന്തിനാണ് ഇവിടെ കൂടിയിരിക്കുന്നത് എന്നെങ്കിലും നിനക്ക് ചോദിക്കാമായിരുന്നു… രാവിലെ മുതൽ ഈ നേരം വരെ ഞങ്ങൾ എന്തിനാണ് നിന്നെ മാറിമാറി വിളിച്ചത് എന്ന് നിനക്ക് അന്വേഷിക്കാമായിരുന്നു. നിനക്കിപ്പോഴും അതിനൊന്നും സമയമില്ല..”
ദേഷ്യത്തോടെ നന്ദന്റെ അമ്മ പറഞ്ഞു. അപ്പോഴാണ് യഥാർത്ഥത്തിൽ നന്ദൻ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.

” നിങ്ങൾ…” നന്ദൻ ചോദിക്കാൻ തുടങ്ങുന്നത് എന്താണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലായി

” ഇനി കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടണ്ട… ഇന്ന് രാവിലെ കല്ലുമോൾ ഒന്നു വീണു.. നെറ്റി പൊ,ട്ടിയിട്ടുണ്ട്, കൈക്ക് പൊ,ട്ടലും ഉണ്ട്.. സ്വന്തം ഭർത്താവ് നാട്ടിലുള്ളപ്പോൾ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭാര്യക്ക് നാട്ടുകാരുടെ സഹായം തേടേണ്ട ആവശ്യമില്ലല്ലോ.. അതുകൊണ്ട് അവൾ നിന്നെ വിളിച്ചു. നിനക്ക് പിന്നെ ഫോൺ എടുക്കാനുള്ള നേരം ഇല്ലല്ലോ… കൂട്ടുകാരന്റെ കുട്ടി ആണല്ലോ വലുത്… ” പുച്ഛത്തോടെ കിരൺ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞെട്ടലോടെ നന്ദൻ കാവേരി നോക്കി. ആ നോട്ടം കാണാത്തതു പോലെ കാവേരി മുഖം വെ,ട്ടിച്ചു.

“കാവേരി… മോള്…” നന്ദന് എന്ത് ചോദിക്കണം എന്നും പറയണമെന്നും അറിയുന്നുണ്ടായിരുന്നില്ല.

” നിങ്ങൾക്ക് ഇപ്പോഴാണോ ഒരു മോളുള്ള കാര്യം ഓർമ്മ വന്നത്? രാവിലെ മുതൽ ഈ സമയം വരെ ഞാൻ എത്ര തവണ വിളിച്ചു? ഒരിക്കലെങ്കിലും എന്നെ ഒന്ന് തിരികെ വിളിക്കാമായിരുന്നില്ലേ? വീട്ടിൽ ഭാര്യയും മകളും ഒറ്റയ്ക്കാണെന്ന് നിങ്ങൾക്കറിയാവുന്നതല്ലെ? അപ്പോൾ എന്തെങ്കിലും ഒരു ആവശ്യമില്ലാതെ ഞാൻ ഇങ്ങനെ തുടർച്ചയായി വിളിക്കില്ല എന്നെങ്കിലും നിങ്ങൾക്ക് ചിന്തിക്കാ മായിരുന്നില്ലേ…

ചുറ്റും ര ക്തവുമായി എന്റെ മോള്…. അവൾ കിടക്കുന്ന കണ്ടിട്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല.. ഞങ്ങൾക്ക് ആകെയുള്ള ആശ്രയം നിങ്ങളാണല്ലോ… നിങ്ങൾക്ക് പിന്നെ ഞങ്ങളെക്കാൾ വലുതായി പലതും ഉണ്ടെങ്കിലും ഞങ്ങൾക്ക് അങ്ങനെയല്ലല്ലോ. നിങ്ങളെ വിളിച്ചിട്ട് കിട്ടാതെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന എനിക്ക് തുണയായി വന്നത് ഈ വഴിയിലൂടെ പോയ ഒരു ഓട്ടോക്കാരനാണ്. എന്റെ കരച്ചിലും കുട്ടിയുടെ കിടപ്പും ഒക്കെ കണ്ട് സാഹചര്യം പന്തി അല്ലെന്ന് കണ്ട് അയാൾ വണ്ടി നിർത്തി കാര്യം അന്വേഷിച്ചു. ഒരു നിമിഷം പോലും വൈകിപ്പിക്കാതെ മോളെയും എടുത്ത് ഓട്ടോയിലേക്ക് ഓടുകയായിരുന്നു ആ മനുഷ്യൻ. എന്റെ ജീവിതത്തിൽ ഇന്നോളം എനിക്ക് ആരോടെങ്കിലും അകമഴിഞ്ഞ നന്ദി തോന്നിയിട്ടുണ്ടെങ്കിൽ അത് ആ മനുഷ്യനോട് മാത്രമാണ്… അയാൾ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല…” പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ കാവേരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” ആശുപത്രിയിൽ ചെന്ന് നിന്നിട്ടാണ് ഇവൾ ഞങ്ങളെ ഫോൺ വിളിച്ചു കാര്യം പറയുന്നത്. ആശുപത്രിയിലെ എല്ലാ കാര്യങ്ങളും എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല അച്ഛൻ ഒന്നു വരാമോ എന്ന് എന്റെ മോള് എന്നെ വിളിച്ചു ചോദിക്കുമ്പോൾ എന്തു പറയണമെന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. എന്റെ മോന്റെ കയ്യിലിരിപ്പ് കൊണ്ടാണല്ലോ ഈ ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നത് എന്ന ഒരു സങ്കടം ആയിരുന്നു എനിക്ക്.. ഞാൻ തന്നെയാണ് അവളുടെ വീട്ടുകാരെയും വിവരമറിയിച്ചത്. ഇന്നത്തെ കൊണ്ട് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം..” നന്ദന്റെ അച്ഛൻ സ്വരം കടുപ്പിച്ചു.

” എല്ലാത്തിനും ഉള്ള മറുപടി ഞാൻ തരാം.. പക്ഷേ ഞാൻ മോളെ ഒന്ന് കണ്ടിട്ട്..”
നന്ദൻ അതും പറഞ്ഞു മുറിയിലേക്ക് നടക്കാൻ തുടങ്ങി.

” വേണ്ട… ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് നീ മുറിയിൽ കയറിയാൽ മതി.. ഇനിയും നിനക്ക് നിന്റെ കൂട്ടുകാരന്റെ ഭാര്യയും കുഞ്ഞും ആണ് വലുതെങ്കിൽ, ഈ നിമിഷം എന്റെ പെങ്ങളെയും കൊണ്ട് ഞാൻ ഈ വീടിന്റെ പടിയിറങ്ങും. പിന്നീട് നിന്റെ ജീവിതത്തിൽ എന്റെ പെങ്ങളോ അവളുടെ വയറ്റിൽ ജനിച്ച നിന്റെ കുഞ്ഞോ ഉണ്ടാവില്ല. അത് ഓർത്തുകൊണ്ട് വേണം നീ ഒരു തീരുമാനമെടുക്കാൻ…” കിരണിന്റെ വാക്കുകൾ നന്ദന് ഒരു ഞെട്ടൽ തന്നെയായിരുന്നു.

അതേസമയം നന്ദന്റെ ഫോൺ ബെല്ലടിച്ചു. സ്ക്രീനിൽ കിച്ചന്റെ ഭാര്യയുടെ നമ്പർ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ കാവേരിയുടെ മുഖത്ത് ഒരു പുച്ഛം പ്രകടമായി.. എല്ലാവരും ആകാംക്ഷയോടെ നന്ദന്റെ മുഖത്തേക്ക് ആണ് നോക്കിയത്. ആ ഒരു കോളാണ് അവന്റെ തീരുമാനം ഉറപ്പിക്കുക എന്ന് അവർക്ക് അറിയാമായിരുന്നു.

ഒരു നിമിഷം ഫോണിലേക്ക് നോക്കി നിന്നെങ്കിലും തൊട്ടടുത്ത നിമിഷം അവൻ ആ കോൾ കട്ട് ആക്കി. അത് കണ്ടപ്പോൾ കാവേരിയിൽ സംശയം നിറഞ്ഞു.

” എനിക്ക് എന്റെ ഭാര്യയും കുഞ്ഞും തന്നെയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. നിങ്ങളൊക്കെ കരുതുന്നതു പോലെ കിച്ചന്റെ ഭാര്യയെയും കുഞ്ഞിനെയും ഞാൻ സഹായിക്കുന്നത് അവനു കൊടുത്ത വാക്കിന്റെ പുറത്തു തന്നെയാണ്. അതിനപ്പുറം ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. അച്ഛനില്ലാത്ത ഒരു കൊച്ചിന് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ ആരെങ്കിലും ഉണ്ടാകണ്ടേ എന്നൊരു ചിന്തയിലാണ് ഞാൻ അവരെ സഹായിക്കാറുള്ളത്… അത് എന്റെ കുടുംബത്തിൽ ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല…” എല്ലാവർക്കും മുന്നിൽ കൈകൂപ്പി കൊണ്ട് നന്ദൻ അത് പറയുമ്പോൾ എല്ലാവരിലും ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു. കാവേരിയെ ഒന്നു നോക്കിക്കൊണ്ട് കല്ലു മോളെ കാണാനായി അവൻ ബെഡ്റൂമിലേക്ക് ഓടി കയറുമ്പോൾ ഒരു അച്ഛന്റെ ആദി പ്രകടമായി കാണാമായിരുന്നു. ആ സമയം കാവേരിയിൽ വിരിഞ്ഞ പുഞ്ചിരിക്ക് പത്തരമാറ്റ് ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *