ഒന്നും തിരുത്താനൊരവസരവും തരാതിരുന്നതിലൂടെ അവളുടെയുള്ളിൽ എത്രമാത്രം ഞാനസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്ന് തെളിയിക്കുകയായിരുന്നു……

Story written by Shincy Steny Varanath

നിങ്ങളെ ഏറ്റവും അസ്വസ്ഥരാക്കുന്നതാര്?

ഭാര്യ… ഏറ്റവും അധികം മുഴങ്ങിക്കേട്ടത് റോബിൻ്റെ ശബ്ദമായിരുന്നു. കൂടെക്കൂടി ഭാര്യ എന്ന് മറ്റു പലരും ആവർത്തിച്ചും.

പുരുഷൻമാരുടെ ആർത്തുചിരിയുടെ ശബ്ദം കൊണ്ട് ആ ഹാള് നിറഞ്ഞു.

റോബിൻ്റെ, ഡിഗ്രി സഹപാഠികളെല്ലാം കുടുംബത്തോടു കൂടി ഒത്തുചേർന്നതാണ്. അധ്യാപകരിൽ ചിലരുമുണ്ട്.

വെറുതെ തമാശകളും അന്വേഷണങ്ങളുമൊക്കെയായി എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ആരോ ഒരു രസത്തിന് സോഷ്യൽ മീഡിയയിൽ വന്നൊരു ചോദ്യത്തെ അവിടെ അവതരിപ്പിച്ചതാണ്.

എല്ലാവരുടെയും കണ്ണുകൾ സൽസ്വഭാവിയായ, ബുദ്ധിമാനായ, പരോപകാരിയായ റോബിൻ്റെ ഭാര്യയെ തേടുകയായിരുന്നു…

എല്ലാവരുടെയുമിടയിൽ അത്രയേറെ അപമാനിതയായെങ്കിലും, ഒന്നും മുഖത്ത് പ്രകടിപ്പിക്കാതെ ഒരു ചിരിയോടെ റിയ അതിനെ നേരിട്ടു.

‘റോബിനെ നിനക്കിന്ന് അത്താഴമില്ലട… ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണ്… നിൻ്റെ കാര്യം പോക്കാ… ‘ എന്നൊക്കെ സുഹൃത്തുക്കൾ റോബിനെ കളിയാക്കുന്നുണ്ട്.

പിന്നെയും പലരും വാശിക്ക് ഭാര്യമാരെ ട്രോളുന്നുണ്ട്. ചില ഭാര്യമാർ അതിന് അവിടെ വച്ച് തന്നെ മറുപടി പറയുന്നുണ്ട്. ചിലരുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.

പിരിയുന്നതിന് മുൻപായി, സംസാരിക്കാൻ മൈക്കെടുത്തത് അവരുടെ ഇംഗ്ലീഷ് അധ്യാപകൻ ജോയി സാറായിരുന്നു. ആ വേദിയിൽ ഏറ്റവുമധികം മൗനമായിരുന്നതും അദ്ദേഹമായിരുന്നു.

സാറ് പണ്ടിങ്ങനെയല്ലായിരുന്നു, ഇപ്പോൾ സൈലൻ്റായിപ്പോയി എന്ന് സംഭാഷണങ്ങൾക്കിടയിൽ പലരും പറയുന്നത് കേട്ടു.

സാറ് മൈക്കെടുത്തു, സംസാരിച്ച് തുടങ്ങി… ഔപചാരികമായ വാക്കുകളെല്ലാം കഴിഞ്ഞ്, അദ്ദേഹം തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്ന റോബിനോട് അവിടുന്ന് സംസാരിച്ച് തുടങ്ങി…

റോബിൻ… നീയെന്നോടൊരു ചോദ്യം ചോദിക്കുമോ… എന്നെയിന്ന് ഏറ്റവും അസ്വസ്ഥമാക്കുന്നതെന്തെന്ന്?

സാറ്… ഞാൻ…

നീ ചോദിച്ചില്ലേലും ഞാൻ ഉത്തരം പറയാൻ വല്ലാതാഗ്രഹിക്കുന്നു…ഇതുപോലൊരു സദസിൽ തന്നെ ഞാനതു പറയണ്ടതാണ്.

നിനക്ക് ഭാര്യയാണ് അസ്വസ്ഥതയെങ്കിൽ, എനിക്ക് ഭാര്യയില്ലായ്മയാണ് അസ്വസ്ഥത.

നിന്നെപ്പോലെ ചിന്തിച്ച കാലം കഴിഞ്ഞാണ് ഈ അസ്വസ്ഥത എനിക്ക് പിടികിട്ടിയത്.

നിങ്ങടെ അസ്വസ്ഥത എന്തെന്ന് എനിക്ക് മനസ്സിലാകും. വൈകിട്ട് മടുപ്പോടെ കേറി ചെല്ലുമ്പോൾ, താമസിച്ചതിന് പരാതി പറയുന്നത് കേൾക്കുമ്പോൾ നമ്മുക്ക് ദേഷ്യം വരും.  

മൊബൈലുമായി എവിടേലും മാറിയിരിക്കുമ്പോൾ, മക്കളുടെ കാര്യങ്ങൾ പറയും, അവരുടെ വേദനയോ വിഷമമോ ഒക്കെപ്പറയും.

ചിലപ്പോൾ നിങ്ങളുടെ മാതാപിതാക്കളെക്കുറിച്ചുള്ള പരാതിയാകാം, സഹപ്രവർത്തകരെക്കുറിച്ചാകാം…

അടച്ചു തീരാത്ത ലോണിനേക്കുറിച്ചോ, പണയത്തിൽ നിന്ന് തിരിച്ചെടുക്കാത്ത അവരുടെ പ്രിയപ്പെട്ട ആഭരണത്തെക്കുറിച്ചാകാം.

ഇതൊക്കെ ഞാനും കേട്ടിട്ടുണ്ട്. അന്ന് മൊബൈലിന് പകരം മാസികകളോ, TVയൊ ഒക്കെയാണ് ഞാനതിൽ നിന്ന് രക്ഷപെടാൻ തിരഞ്ഞെടുത്തിരുന്നത്.

ഞാൻ ശ്രദ്ധിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്ന തോന്നൽ വലിയ വഴക്കിലേയ്ക്കെത്തുമ്പോൾ പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്, ‘ഒരു പണിയുമില്ലാ തിരിക്കുവല്ലേ, വെറുതെയിരുന്ന് തിന്നുവല്ലേ… ‘

നിനക്ക് എന്ത് വേണം, വായിക്കാൻ പുസ്തകം വേണൊ, ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തരാം, എന്നെയൊന്ന് ശല്യപ്പെടുത്താതിരിക്കാമോ…’

അവള്, കഴിക്കാൻ ഇഷ്ടമുള്ള പല വസ്തുക്കളും വേണ്ടാന്ന് വച്ചതിന് പല കാരണവും പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും,

ഇതൊന്നുമല്ല സത്യമെന്ന് ഒരിക്കൽ എന്നോട് പറഞ്ഞു, ‘വെറുതെ യിരിക്കുവല്ലെ, കൂടുതല് കഴിച്ചാൽ എല്ലിനിടയിൽ കേറുമെന്ന്…’

അവസാനം എൻ്റെ അസ്വസ്തത അവസാനിക്കാൻ ഇനി അധികം കാത്തിരിക്കണ്ട എന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പറഞ്ഞപ്പോഴായിരിക്കും അവളു നിറഞ്ഞ് ചിരിച്ചതെന്ന് എനിക്ക് തോന്നുന്നു.

പല രാത്രികളിലും വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ ഏഴുന്നേറ്റിരുന്ന്, രാവിലെ പതിവുകളിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ ഇന്നലെ ഉറങ്ങാൻ പറ്റിയില്ല,

ക്ഷീണമാണെന്ന്‌ പറയുമ്പോൾ ഞാൻ പറഞ്ഞ മറുപടിയാണ് അന്നെന്നെ ഏറ്റവും വേദനിപ്പിച്ചത്. ‘ ഞാൻ പറഞ്ഞോ ഉറങ്ങണ്ടെന്ന്, ഞാനെന്തെങ്കിലും ചെയ്തിട്ടാണോ നിനക്ക് വേദന വന്നത്…”

ചികിത്സിച്ച് നോക്കാം…കുറച്ചേറെ പണം ആവശ്യമാണ്.

ചിലപ്പോൾ കുറച്ചു കാലം കൂടി ആയുസ്സ് നീട്ടിക്കിട്ടാം എന്ന് അന്ന് ഡോക്ടറ് പറഞ്ഞപ്പോൾ, ഒരിക്കലും കാണാത്ത വാശിയോടെ അവള് പറഞ്ഞത്, വേദനയ്ക്കുള്ള മരുന്ന് മാത്രം മതിയെന്നാണ്.

“കാശുണ്ടാക്കാനുള്ള കഷ്ടപ്പാട് എനിക്കറിയില്ല, നിങ്ങൾക്കത് നന്നായറിയാല്ലോ… അതുകൊണ്ട് കൈയിലുള്ളതൊന്നും കളയണ്ട… പ്രായമായാണ് വരുന്നത്…

ഇപ്പോൾ കളഞ്ഞാൽ പിന്നെ മക്കളുടെ നേരെ കൈ നീട്ടണ്ട അവസ്ഥ വരും. അത് ഭയങ്കര വിഷമമാണ്…”

പുറത്തേയ്ക്കിറങ്ങിയപ്പോൾ എന്നോട് മാത്രമായിപ്പറഞ്ഞു.

അവൾക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് പലപ്പോഴും പറഞ്ഞ സ്ഥലങ്ങളെല്ലാം ഞാൻ ഓർത്തെടുത്തു കൊണ്ടുപോകാൻ തയ്യാറായി.

എവിടേക്കും വന്നില്ല. 25 വർഷം കൊണ്ട് ഞാൻ പറഞ്ഞതിൽ അവളെ വേദനിപ്പിച്ച വാക്കുകളിൽ പലതും, പിന്നെയുള്ള 6 മാസത്തിനിടെ പല സന്ദർഭങ്ങളിലും ഓർമ്മയിലേക്ക് വന്നു.

ഒന്നും തിരുത്താനൊരവസരവും തരാതിരുന്നതിലൂടെ അവളുടെയുള്ളിൽ എത്രമാത്രം ഞാനസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്ന് തെളിയിക്കുകയായിരുന്നു.

സ്ത്രീ ഏറ്റവും പ്രിയപ്പെട്ടവരോട് എന്തും ക്ഷമിക്കും, ഒന്നും മറക്കില്ലെന്നത് ഒരു സത്യമാണെന്നാണ് എനിക്കും തോന്നി…

”അധികം പ്രായമൊന്നുമായിട്ടില്ല, കുറവുകളൊക്കെ പരിഹരിച്ച്, ജോലിയുള്ള, അധികം സംസാരിക്കാത്ത ഒന്നിനെക്കൂടെ കെട്ടാനുള്ള കാലമുണ്ടെന്ന്…”

അവള് വളരെ കാര്യമായി പറയുമ്പോഴെയ്ക്കും നിസ്സഹായത എന്നെ മുടിയിരുന്നു.

പിന്നീട്, ജോലി കഴിഞ്ഞ് താമസിച്ചാലും നേരത്തെ ചെന്നാലും ആരും കാത്തിരിക്കാനില്ലാതായപ്പോഴാണ് പരിഭവങ്ങൾക്കും ഇത്ര മധുരമുണ്ടായിരുന്നെന്നറിഞ്ഞത്.

ഒരിക്കലും നഷ്ടപ്പെടും എന്ന് നമ്മള് കരുതാത്തതാത്തതെന്തും നഷ്ടപ്പെടുമ്പോഴുള്ള വേദന അതനുഭവിക്കുന്നവന് മാത്രമറിയുന്നതാണ്.

ഇന്ന്, എനിക്ക് മക്കളുണ്ട്, എല്ലാം ചെയ്ത് തരുന്നുണ്ട്, കാശുമുണ്ട്… പക്ഷെ, അന്നത്തെ എൻ്റെ ആ ശല്യത്തിനടുത്ത് മാത്രം ചിലവായിരുന്ന സ്വാതന്ത്ര്യമില്ല…

അവകാശമില്ല…അന്നത്തെ എന്നെപ്പോലെ മക്കളും അവരുടെ ലോകത്തെയ്ക്ക് ചുരുങ്ങിയപ്പോൾ കൂട്ടിന് ഭീകരമായ ഏകാന്തതയും…

ഭർത്താവ് നഷ്ടപ്പെട്ടവർക്ക് പറയാൻ ഇതിലും വലിയ സങ്കടം പറയാനുണ്ടാകും.

എനിക്കെൻ്റേതാണല്ലോ വലുത്… തിരുത്താൻ പറ്റാതാകുന്നതിന് മുൻപേ ആരുടെയും കാലം കഴിഞ്ഞ് പോകാതിരിക്കട്ടെ എന്നതാണെൻ്റെ ഇന്നത്തെ പ്രാർത്ഥന.

റോബിൻ, നിറഞ്ഞ കണ്ണോടെ റിയയെ തിരിഞ്ഞ് നോക്കി.

‘നിന്നെ മര്യാദ പഠിപ്പിക്കാതെ, അങ്ങനെ ഞാനുടനെയൊന്നും പോകില്ലെന്ന് ‘ റിയ അടുത്ത് വന്ന് നിന്ന് പറഞ്ഞത് നിറഞ്ഞ കണ്ണുകളുമായിരുന്നവരുടെ ചുണ്ടിലും ചിരി വിരിയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *