എന്റെ പൊന്നു ഭരതേട്ടാ, കൂടപ്പിറപ്പുകളോട് സ്നേഹം ഉള്ളതൊക്കെ നല്ലതുതന്നെയാണ്. വേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ നനഞ്ഞ ഇടം കുഴിക്കുന്നവരെ അറ്റ്ലീസ്റ്റ് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു………

Story written by Jk

“”ചേട്ടൻ ശ്രീക്കുട്ടിക്ക് കൊടുത്തയക്കാം എന്ന് പറഞ്ഞ മാല എന്തിയെ??””

നിമ്മി ഫോൺ ചെയ്തു ചോദിക്കുമ്പോൾ എന്ത് പറയണം എന്ന് അറിയാതെ നിന്നു ഭരതൻ.. ​ശ്രീക്കുട്ടി വലിയ കുട്ടി ആയി എന്നറിഞ്ഞപ്പോൾ, ഉണ്ടായിരുന്ന ചിട്ടി വിളിച്ചെടുത്ത് ഒന്നര പവന്റെ ഒരു മാല വാങ്ങി വച്ചിരുന്നു. അളിയൻ ഉടനെ നാട്ടിലേക്ക് പോകും എന്നറിഞ്ഞപ്പോൾ അളിയന്റെ കയ്യിൽ കൊടുത്തു വിടാം എന്ന് നിമ്മിയോട് പറയുകയും ചെയ്തു. അളിയൻ എത്തിയിട്ട് ഇതിപ്പോ ഒരാഴ്ചയായി മാല കിട്ടാത്തത് കൊണ്ടാണ് അവൾ ചോദിക്കുന്നത്.

സ്വന്തം കുഞ്ഞിന് വേണ്ടി കൊടുത്തയച്ച മാല ഓരോന്ന് പറഞ്ഞ് സ്വന്തം പെങ്ങൾ കൈക്കലാക്കി എന്ന് പറയാനാവാതെ ഭരതൻ നിന്നു.

​””അത് ബിന്ദു എടുത്തായിരുന്നോ??”” നിമ്മിയുടെ ചോദ്യം വന്നു. ​ഒന്നും മിണ്ടാതെ നിൽക്കുന്നവനോട് ഒന്നുകൂടി അവൾ ചോദിച്ചു. അതോടെ സത്യം പറയേണ്ടി വന്നു. ഭരതന്റെ നേർ താഴെയുള്ള പെങ്ങളാണ് ബിന്ദു. അവളുടെ ഭർത്താവ് വിനയൻ നാട്ടിലേക്ക് പോകുന്നുണ്ട് എന്നറിഞ്ഞപ്പോൾ അയാളുടെ കയ്യിൽ മാല കൊടുത്തുവിട്ടതാണ് ചെയ്തതിൽ വച്ച് ഏറ്റവും വലിയ അബദ്ധം.

​”ഇതെന്താ ചേട്ടാ ശ്രീക്കുട്ടിക്ക് മാത്രം മാല? എന്റെ മോളും വലിയ കുട്ടി ആയതല്ലേ? അന്നേരം ചേട്ടൻ ഒന്നും കൊടുത്തയച്ചില്ലല്ലോ?? അപ്പൊ ചേട്ടന് സ്വന്തം കുഞ്ഞിന് വാങ്ങാൻ അറിയാം അല്ലേ??” എന്ന് ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞുപോയതാണ് എന്നാപ്പിന്നെ അത് അമ്മു എടുത്തോട്ടെ എന്ന്. അതോടെ ചേട്ടനെ പുകഴ്ത്തി രണ്ടു വാക്കും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

നിമ്മിയോട് എല്ലാം പറഞ്ഞപ്പോൾ നിമ്മി കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു.
​”എന്റെ പൊന്നു ഭരതേട്ടാ, കൂടപ്പിറപ്പുകളോട് സ്നേഹം ഉള്ളതൊക്കെ നല്ലതുതന്നെയാണ്. വേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ നനഞ്ഞ ഇടം കുഴിക്കുന്നവരെ അറ്റ്ലീസ്റ്റ് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു.. ഇല്ലെങ്കിൽ ഒന്നും ഇല്ലാതായി തീരുന്നത് നമുക്കാണ്!” ​ഭരതന്റെ താഴെ രണ്ടു പേരാണ് ബിന്ദുവും ബീനയും. അവർ ഭരതനെ ഊറ്റി ആണ് ജീവിക്കുന്നത്. ഭരതൻ ആണെങ്കിൽ കൂടെപ്പിറപ്പുകളെ ഒത്തിരി സ്നേഹിക്കുന്നവനും എന്നാൽ അവർക്ക് ഇങ്ങോട്ട് അങ്ങനെ ഒന്നുമില്ല. അവരുടെ കുടുംബം ആണ് വലുത്. വയ്യാതെ കിടക്കുന്ന അമ്മയെ ഒരു നോക്ക് കാണാൻ പോലും അവർ ആരും വരില്ല. പക്ഷേ ഭരതൻ വന്നാൽ സാധനങ്ങൾ കൊണ്ടു പോകാൻ ഓടി വരും. ഭരതന് ഇതൊന്നും മനസ്സിലാവില്ല. നിമ്മി എന്തെങ്കിലും പറഞ്ഞാൽ കൂടെപ്പിറപ്പുകളെ തമ്മിൽ തെറ്റിക്കാൻ നോക്കുകയാണ് എന്ന് പറയും.

തന്റെ മകൾ ശ്രീകുട്ടിക്ക് മറ്റാരും വാങ്ങി കൊടുക്കാൻ ഇല്ല.. വിദേശത്ത് ചോ,രനീരാക്കി അധ്വാനിച്ചുണ്ടാക്കുന്ന പണം ഓരോ രൂപയും കൂട്ടി വെക്കുന്നത് നാട്ടിലുള്ള തന്റെ ഭാര്യയ്ക്കും മകൾക്കും വേണ്ടിയാണെന്ന് അയാൾ ഒരു നിമിഷം മറന്നുപോയി. ബിന്ദുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ഒരു തരം കുറ്റബോധം അതായിരുന്നു അവൾക്ക് ആ മാല നൽകാൻ അയാളെ പ്രേരിപ്പിച്ചത്. പക്ഷേ അത് നിമ്മിയോട് എങ്ങനെ വിശദീകരിക്കും? ​നിമ്മി വീണ്ടും സംസാരിച്ചു തുടങ്ങി..

“ഭരതേട്ടാ, നമ്മൾ ഇവിടെ ഒരു മാലയ്ക്ക് വേണ്ടി ഏട്ടൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാമല്ലോ? ബിന്ദുവിനോ ബീനയ്ക്കോ ഇല്ലാത്തത് കൊണ്ടല്ല അവർ ഇത് ചോദിച്ചു വാങ്ങുന്നത്. അവർക്ക് കൊടുക്കാൻ പാടില്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷെ സ്വന്തം മകളുടെ അവകാശം ചോദിച്ചു വാങ്ങുന്ന അവരുടെ ആ മനസ്സ് നിങ്ങൾ കാണാതെ പോകരുത്.” ​ഭരതൻ ആകെ അസ്വസ്ഥനായി. അയാൾക്ക് തന്റെ സഹോദരിമാരായ ബിന്ദുവിനോടും ബീനയോടും ഉള്ളത് അമിതമായ സ്നേഹമായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചപ്പോൾ അമ്മയെ സഹായിക്കാനും പെങ്ങന്മാരെ പഠിപ്പിക്കാനും കല്യാണം കഴിപ്പിക്കാനും ഒക്കെ ഭരതൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർ എന്ത് ചോദിച്ചാലും ഇല്ല എന്ന് പറയാൻ അയാൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ അവർ വളർന്നു വലുതായി, സ്വന്തമായി ജീവിതമായി, സാമ്പത്തിക ഭദ്രതയായി. എന്നിട്ടും ഭരതന്റെ കയ്യിൽ നിന്ന് എന്തെങ്കിലും ത,ട്ടിയെടുക്കാൻ അവർ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. ​അമ്മയുടെ കാര്യത്തിൽ പോലും അവർക്ക് ഉത്തരവാദിത്തമില്ലായിരുന്നു. അമ്മയ്ക്ക് വയ്യാതെ കിടന്നപ്പോൾ മരുന്നിനും ഭക്ഷണത്തിനുമുള്ള പണം ഭരതൻ കൃത്യമായി അയച്ചു കൊടുക്കും. പക്ഷേ അമ്മയെ ശുശ്രൂഷിക്കാൻ ആരെങ്കിലും ഒരാൾ വരണമെന്ന് പറഞ്ഞാൽ ബിന്ദുവിനും ബീനയ്ക്കും നൂറു നൂറു കാരണങ്ങളാണ്. “മക്കൾക്ക് പരീക്ഷയാണ്”, “അയൽപക്കത്ത് മരണം നടന്നു”, “വീട്ടിൽ പണിയുണ്ട്” ഇങ്ങനെയുള്ള ഒഴികഴിവുകൾ ഭരതൻ വിശ്വസിച്ചു. എന്നാൽ നിമ്മി ഇതൊക്കെ നേരിട്ട് കാണുന്നവളാണ്. ഭരതൻ നാട്ടിലെത്തിയാൽ മാത്രം അവർ ഓടി വരും. ഭരതൻ കൊണ്ടുവരുന്ന വിദേശ സാധനങ്ങളും വസ്ത്രങ്ങളും കൈക്കലാക്കാൻ അവർ മത്സരിക്കും…

ഇതൊന്നും ഭരതന് മനസ്സിലാവില്ല..

” എടീ നമുക്കൊരു ആവശ്യം വരുമ്പോൾ അവർ ഒക്കെയല്ലേ ഉള്ളൂ!””

കൂടെക്കൂടെ ഭരതൻ പറയുന്നത് അതാണ്.. ​ഒടുവിൽ സഹികെട്ടാണ് നിമ്മി പറഞ്ഞത്, സ്വന്തം പെങ്ങന്മാരുടെ സ്വഭാവം മനസ്സിലാകണമെങ്കിൽ അവരോട് എന്തെങ്കിലും ഒരു സഹായം ചോദിച്ചു നോക്കാൻ. ഭരതന് ആദ്യം അത് ഇഷ്ടപ്പെട്ടില്ല. “എന്റെ പെങ്ങന്മാരോട് ഞാൻ എന്തിനാണ് അനാവശ്യമായി പണം ചോദിക്കുന്നത്? അവർക്ക് എവിടുന്ന് പണം കിട്ടാനാണ്?” എന്നായിരുന്നു അയാളുടെ ചോദ്യം. എങ്കിലും നിമ്മിയുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. ഭരതൻ ബിന്ദുവിനെ വിളിച്ചു. “ബിന്ദു, എനിക്ക് ഒട്ടും വയ്യ. ഹോസ്പിറ്റലിൽ പോയപ്പോൾ ചെറിയൊരു സർജറി വേണം എന്ന് പറഞ്ഞു.. പെട്ടെന്ന് ഒരു വലിയ തുക വേണം. നിന്റെ കയ്യിൽ വല്ലതുമുണ്ടോ?” ബിന്ദുവിന്റെ മറുപടി പെട്ടെന്നായിരുന്നു. “അയ്യോ ചേട്ടാ, എന്റെ കയ്യിൽ എവിടുന്ന് പണം? വിനയേട്ടന്റെ കയ്യിൽ ഒന്നുമില്ല എന്ന് അറിഞ്ഞുകൂടെ. മക്കളുടെ സ്കൂൾ ഫീസ് പോലും കൊടുക്കാൻ പാടുപെടുകയാണ്. കയ്യിൽ ചില്ലിക്കാശില്ല ചേട്ടാ..”

അവൾ പറയുന്നത് പച്ചക്കള്ളം ആണെന്ന് ഭരതന് മനസ്സിലായി.. ബിന്ദുവിനും നിമ്മിക്കും ഒരേ ചിട്ടിയുണ്ടായിരുന്നു. ആ ചിട്ടി ഇത്തവണ ബിന്ദുവിനാണ് അടിച്ചത്. നല്ലൊരു തുക അവളുടെ കയ്യിലുണ്ട്. അത് മുഴുവൻ അവൾ ആരും അറിയാതെ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു എന്ന് നിമ്മി വഴി ഭരതൻ അറിഞ്ഞിരുന്നു. പക്ഷേ ബിന്ദു അത് മറച്ചുവെച്ചു. അടുത്തത് ബീനയുടെ ഊഴമായിരുന്നു. ബീനയുടെ ഭർത്താവിന്റെ പേരിൽ കുറച്ച് സ്ഥലം വിറ്റിരുന്നു. ആ പണം മുഴുവൻ അവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഭരതൻ അവളോടും സഹായം ചോദിച്ചു. “ബീനേ, അടിയന്തിരമായി കുറച്ചു പണം വേണം. സ്ഥലം വിറ്റ കാശ് നിന്റെ കയ്യിൽ കാണുമല്ലോ?” ​ബീനയും ഒട്ടും പിന്നിലായിരുന്നില്ല. “ചേട്ടാ, ആ പണം മുഴുവൻ കടം തീർക്കാൻ ചെലവായി പോയി. ഇപ്പോൾ ഞങ്ങളും വലിയ ബുദ്ധിമുട്ടിലാണ്. ചേട്ടന് എന്തെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് തരുമെന്നാണ് ഞങ്ങൾ കരുതിയത്.”
​ഭരതന്റെ ഉള്ളൊന്നു പിടഞ്ഞു. താൻ ഇന്നുവരെ അവർക്ക് വേണ്ടി ചെയ്ത തൊന്നും അവർ ഓർക്കുന്നില്ല. താൻ കഷ്ടപ്പെടുമ്പോൾ ഒരു ചെറിയ കൈത്താങ്ങ് പോലും നൽകാൻ തയ്യാറാകാത്തവർ, തന്റെ കുഞ്ഞിന്റെ മാല തട്ടിയെടുക്കാൻ കാണിച്ച ആവേശം ഭരതനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ പെങ്ങന്മാരുടെ യഥാർത്ഥ സ്വഭാവം അയാൾക്ക് അന്നാണ് ശരിക്കും ബോധ്യപ്പെട്ടത്.

​നിമ്മി പറഞ്ഞത് ശരിയായിരുന്നു. സ്നേഹത്തിന് അതിരുകൾ വേണം. അർഹത യില്ലാത്തവർക്ക് നൽകുന്ന സ്നേഹം അവരെ കൂടുതൽ സ്വാർത്ഥരാക്കുകയേ ഉള്ളൂ. ഭരതൻ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ദേഷ്യത്തോടെ ബിന്ദുവിനെ വീണ്ടും വിളിച്ചു. ​”ബിന്ദു, ആ മാല നീ നിമ്മിയുടെ വീട്ടിൽ എത്തിക്കണം. ശ്രീക്കുട്ടിക്ക് വേണ്ടി ഞാൻ വാങ്ങിയതാണത്. നിന്റെ മകൾക്ക് വാങ്ങാൻ നിന്റെ കയ്യിൽ പണമുണ്ടെന്ന് എനിക്കറിയാം. വിനയന്റെ കയ്യിൽ മാല കൊടുത്തു വിട്ടത് നിനക്ക് തരാനല്ല. അത് ഉടനെ അവിടെ എത്തിച്ചേ മതിയാകൂ.”

തന്നത് തിരിച്ചു വാങ്ങാൻ നാണമില്ലേ ഏട്ടന് എന്നൊക്കെ ​ബിന്ദു പറയാൻ ശ്രമിച്ചെങ്കിലും ഭരതൻ കേട്ടില്ല. “മറ്റുള്ളവരുടെ സ്വർണ്ണവും പണവും കണ്ടാൽ കൈ നീട്ടുന്ന സ്വഭാവം നീ ഇനി നിർത്തിക്കോ. ഉപകാരമില്ലാത്തവർക്ക് ഇനിയും സഹായം ചെയ്യാൻ താൻ ഒരുക്കമല്ല.. ഇതിന്റെ നാണക്കേട് ഞാൻ സഹിച്ചു.” എന്ന് ഉറപ്പിച്ചു പറഞ്ഞു അയാൾ ഫോൺ വെച്ചു. ​തുടർന്ന് അയാൾ ബീനയെയും വിളിച്ചു. ബീനയ്ക്ക് പണയം വയ്ക്കാനായി മുൻപ് ഒരു മാല കൊടുത്തിട്ടുണ്ടായിരുന്നു. “ബീനേ, ഞാൻ തന്ന ആ മാല ഉടനെ തിരിച്ചേൽപ്പിക്കണം. എനിക്ക് അതിന്റെ ആവശ്യമുണ്ട്.” തന്റെ പെങ്ങന്മാർ തന്നെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഭരതന് അവരോടുള്ള ബഹുമാനം നഷ്ടപ്പെട്ടു. അവർ തന്നെ ഒരു എടിഎം മെഷീൻ ആയിട്ടാണ് കണ്ടിരുന്നത്. പണം ഉള്ളപ്പോൾ മാത്രം അവർക്ക് ഭരതനെ വേണം. അല്ലാത്തപ്പോൾ അവർ മുഖം തിരിക്കും.

​ഈ സംഭവം ഭരതനെ ഒരു വലിയ പാഠം പഠിപ്പിച്ചു. ജീവിതത്തിൽ ആരോടൊക്കെ സ്നേഹം കാണിക്കണം, ആർക്കൊക്കെ വേണ്ടി കഷ്ടപ്പെടണം എന്ന തിരിച്ചറിവ് അയാൾക്കുണ്ടായി. നിമ്മി എപ്പോഴും പറയുമായിരുന്നു, “നമ്മുടെ കുടുംബം ആദ്യം നോക്കുക, അതിനു ശേഷം മറ്റുള്ളവരെ സഹായിക്കുക” എന്ന്. ഭരതൻ അത് വൈകിയാണെങ്കിലും മനസ്സിലാക്കി.
​പിറ്റേന്ന് വൈകുന്നേരമായപ്പോഴേക്കും ബിന്ദുവിന്റെ ഭർത്താവ് വിനയൻ മാലയുമായി നിമ്മിയുടെ വീട്ടിലെത്തി. ബിന്ദുവിന് ദേഷ്യവും വിഷമവും ഉണ്ടായിരുന്നെങ്കിലും ഭരതന്റെ വാക്കുകൾ അവളെ ഭയപ്പെടുത്തിയിരുന്നു. ബീനയും മാല തിരിച്ചു കൊടുത്തു. ഭരതൻ ഇപ്പോൾ സമാധാനത്തിലാണ്. താൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇനി അർഹതയുള്ളടത്ത് മാത്രമേ ചിലവാക്കൂ എന്ന് അയാൾ ഉറപ്പിച്ചു. സ്വന്തം കുഞ്ഞിന്റെയും ഭാര്യയുടെയും സന്തോഷമാണ് തനിക്ക് വലുതെന്ന് അയാൾ തിരിച്ചറിഞ്ഞു. കൂടപ്പിറപ്പുകളെ സ്നേഹിക്കാം, പക്ഷേ അവർ നമ്മളെ വഞ്ചിക്കുമ്പോൾ കണ്ണടച്ചു നിൽക്കരുത്. ജീവിതത്തിൽ പൊട്ടന്മാർ ആകരുത് എന്ന വലിയ പാഠം ഭരതൻ ആ മാലയിലൂടെ പഠിച്ചു. നിമ്മിയുടെ വാക്കുകൾ സത്യമാണെന്ന് അയാൾക്ക് ബോധ്യമായി. നനഞ്ഞ ഇടം കുഴിക്കുന്നവരെ തിരിച്ചറിയുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *