എനിക്ക് സുഖമില്ല അദ്ദേഹത്തെ ഒന്ന് വിളിക്കാമോ??, മക്കളുടെ കാര്യത്തിൽ ഒരു തീരുമാനം വേണം. ശശിയേട്ടനെ ഒന്ന് കണ്ടിട്ട് ഞങ്ങൾ പൊയ്ക്കോളാം…

Story written by Jk

സുമംഗലിയായി ഇറങ്ങാൻ നേരത്ത് വൃന്ദ ഒന്ന് തിരിഞ്ഞു നോക്കി. ദയനീയമായിരുന്നു അവളുടെ നോട്ടം. വിവാഹത്തിനുവേണ്ടി ഓടിനടന്ന് ക്ഷീണിച്ച തന്റെ ഏട്ടനെ കണ്ടതും, മഹേഷിന്റെ കൈവിട്ട് അവൾ ഓടി വന്ന് ആ നെഞ്ചിലേക്ക് ചാരി. വിഷ്ണുവിന്റെ കണ്ണുകൾ ഒഴുകിയിറങ്ങി. ഒരു കൂടപ്പിറപ്പ് ആയിരുന്നില്ല വൃന്ദയ്ക്ക് അവൻ, ശരിക്കും അച്ഛൻ തന്നെയായിരുന്നു. വൃന്ദയെയും ചേർത്തുപിടിച്ച് വിഷ്ണു മഹേഷിന്റെ അരികിലേക്ക് ചെന്നു.

​”നോക്കിക്കോണേ!! ഒരു പാവം പൊട്ടി പെണ്ണാണ്… ഇനി നീ വേണം അവൾക്ക്…!!” വിഷ്ണുവിനെ പറയാൻ സമ്മതിക്കാതെ മഹേഷ് അവനെ ചേർത്തുപിടിച്ചു. ഇനി അവൾക്ക് എല്ലാം എല്ലാമായി താൻ ഉണ്ടാകും എന്ന മട്ടിൽ മഹേഷ് വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു.

​വൃന്ദയും വിഷ്ണുവും അമ്മ മരിച്ചതിനുശേഷമാണ് അനാഥരായത്. അവരുടെ അമ്മ ഗായത്രിക്ക് ക്യാൻസർ ആയിരുന്നു. സുന്ദരിയായ ഗായത്രിയെ കണ്ടു ഇഷ്ടപ്പെട്ട കല്യാണം കഴിച്ചതായിരുന്നു അവരുടെ അച്ഛൻ ശശീന്ദ്രൻ. എന്നാൽ ആദ്യത്തെ ആ മോഹം അങ്ങ് കഴിഞ്ഞതോടെ അയാൾ മറ്റു പെണ്ണുങ്ങളെ തേടിപ്പോയി. നല്ല ജോലിയും ശമ്പളവും ഉണ്ടായിരുന്നതുകൊണ്ട് അയാൾക്ക് പെണ്ണുങ്ങളെ കിട്ടാൻ ക്ഷാമം ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു സാമർത്ഥ്യക്കാരിയായ നഴ്സ് അയാളെ അവരുടെ വരുതിയിൽ ആക്കി…

എന്തോ കാര്യത്തിന് ഹോസ്പിറ്റലിൽ നിന്ന് പരിചയപ്പെട്ടത് ആയിരുന്നു അവരെ. എന്നാൽ ശശീന്ദ്രന്റെ കയ്യിൽ നല്ല പണമുണ്ട് എന്ന് മനസ്സിലാക്കിയ അവർ അയാളെ വ,ശീകരിച്ചു അയാളുടെ കൂടെ കൂടി. നല്ല തണ്ടും മിടുക്കും ഉള്ള ആങ്ങളമാർ ഉണ്ടായതുകൊണ്ട് ശശീന്ദ്രന് അവരെ വിട്ടു പോരാനും ഭയം ആയിരുന്നു. ഗായത്രി തന്നെ വിട്ടുപോയ ഭർത്താവിന്റെ കാരുണ്യത്തിനായി ഒരിക്കലും ചെന്നിട്ടില്ല. പക്ഷേ ഒരിക്കൽ അവർക്ക് ചെല്ലേണ്ടി വന്നു.
​അത്യാവശ്യം പഠിച്ച ഗായത്രി അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറായി ജോലി ചെയ്തിരുന്നു. ആ പണം കൊണ്ട് കുഞ്ഞുങ്ങളെ അവർ നന്നായി നോക്കി. ഒരു ദിവസം സ്കൂളിൽ തലചുറ്റി വീണപ്പോഴാണ്, കൂടെ ജോലി ചെയ്യുന്നവർ അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അവിടെ നിന്നാണ് തനിക്ക് ഇങ്ങനെയൊരു അസുഖമുള്ള കാര്യം അറിയുന്നത്. ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിൽ എത്തി എന്നറിഞ്ഞപ്പോൾ അവർ ആദ്യമായി ജീവിതത്തിൽ തകർന്നു. സ്വന്തം ഭർത്താവ് ഉപേക്ഷിച്ചിട്ട് പോലും ആത്മധൈര്യം കൈവിട്ടിരുന്നില്ല. സ്വന്തമായി അധ്വാനിച്ച് തന്റെ മക്കളെ നോക്കാം എന്നുള്ള ധൈര്യം അവർക്കുണ്ടായിരുന്നു. എന്നാൽ അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. വിഷ്ണു പ്ലസ് ടു എത്തിയിട്ടേയുള്ളൂ. വൃന്ദ ഏഴാം ക്ലാസും.

തനിക്ക് എന്തെങ്കിലും പറ്റിയാൽ പഠിക്കുന്ന കുഞ്ഞുങ്ങൾ എന്തുചെയ്യും എന്നതായിരുന്നു അവരുടെ ടെൻഷൻ. അമ്മയും അച്ഛനും ഇല്ലാത്തതുകൊണ്ട് ആങ്ങളമാർ ആരും കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയ്യാറാവില്ല എന്ന് ഉറപ്പായിരുന്നു. അല്ലെങ്കിൽ തനിക്ക് ഇങ്ങനെ വാടക വീട് എടുത്ത് വരേണ്ടി വരുമായിരുന്നില്ല. അതോടെ ആണ് ഇത്രയൊക്കെ നെറികേട് എന്നോട് ചെയ്തിട്ടും ശശീന്ദ്രനെ ഒന്ന് പോയി കാണാൻ അവർ തീരുമാനിച്ചത്. തന്റെ കുഞ്ഞുങ്ങളുടെ അച്ഛനല്ലേ, താൻ ഇല്ലാണ്ടായാൽ അവർക്ക് താങ്ങാവും എന്ന് കരുതി.

അമ്മ ഒറ്റയ്ക്ക് പോകണ്ട എന്നും പറഞ്ഞ് വിഷ്ണുവും കൂടെ കൂടിയിരുന്നു. “അമ്മേ, ഞാൻ കൂടെ വരാം. അമ്മയ്ക്ക് വയ്യാത്തതല്ലേ?” എന്ന് വിഷ്ണു ചോദിച്ചപ്പോൾ, “വേണ്ട മോനേ, അമ്മ പോയിട്ട് വരാം” എന്ന് ഗായത്രി പറഞ്ഞു. പക്ഷേ അവൻ കേട്ടില്ല.
​അവർ ശശീന്ദ്രന്റെ പുതിയ വീട്ടിലെത്തിയപ്പോൾ അവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. ഷീജ എന്ന ആ ദുഷ്ടയായ നഴ്സ് ആയിരുന്നു അവരെ സ്വീകരിച്ചത്… ശശീന്ദ്രൻ വീടിന്റെ അകത്ത് ഉണ്ടായിരുന്നു എന്നാൽ ഒരിക്കൽ പോലും അയാൾ വെളിയിൽ വന്നില്ല.

“എനിക്ക് സുഖമില്ല അദ്ദേഹത്തെ ഒന്ന് വിളിക്കാമോ??, മക്കളുടെ കാര്യത്തിൽ ഒരു തീരുമാനം വേണം. ശശിയേട്ടനെ ഒന്ന് കണ്ടിട്ട് ഞങ്ങൾ പൊയ്ക്കോളാം .”

ഗായത്രി വളരെ വിനീതയായി പറഞ്ഞു,..

​എന്നാൽ ഷീജ പുച്ഛത്തോടെ അവരെ നോക്കി. , “അതിനിപ്പോ ഇവിടെ ആർക്കും സമയമില്ല. മക്കളെ നോക്കാൻ പറ്റില്ലെങ്കിൽ അവരെ വല്ല അനാഥാലയത്തിലും കൊണ്ടുപോയി ആക്ക്. ഇങ്ങോട്ട് കെട്ടിയെടുത്തോണ്ട് വരണ്ട.” ഈ വാക്കുകൾ കേട്ടപ്പോൾ വിഷ്ണുവിന്റെ രക്തം തിളച്ചു. “അമ്മേ, നമുക്ക് പോകാം. ഇവിടെ നിൽക്കണ്ട,” അവൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. കണ്ണീരോടെയാണ് അമ്മ ആ പടി ഇറങ്ങിയത്. വഴിയിൽ വെച്ച് വിഷ്ണു പറഞ്ഞു, “അമ്മ വിഷമിക്കണ്ട. അമ്മയെയും എന്റെ അനിയത്തിയെയും ഞാൻ നോക്കിക്കോളാം. നമുക്ക് ആരുടെയും സഹായം വേണ്ട.” ​ഒന്നും വരില്ല എന്നും ദൈവം നമ്മളെ കൈവിടില്ല എന്നും ഒക്കെ അവൻ പറഞ്ഞു..

ഗായത്രിക്ക് ഏക ആശ്വാസം അവൻ ആയിരുന്നു…

പിന്നീട് ഗായത്രിയുടെ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ ഗായത്രി വിഷ്ണുവിന്റെ കൈ പിടിച്ചു പറഞ്ഞു, “മോനേ, വൃന്ദയെ നീ നോക്കണം. അവൾക്ക് നീ മാത്രമേ ഉള്ളൂ.”

​”അമ്മ ഒന്നും പേടിക്കണ്ട, ഞാൻ അവളെ പൊന്നുപോലെ നോക്കും,” വിഷ്ണു വിതുമ്പിക്കൊണ്ട് പറഞ്ഞു. ഒരു വർഷം ഏതാണ്ട് കഴിഞ്ഞപ്പോൾ ഗായത്രി അവരെ വിട്ടു പോയി. അന്നേരം വിഷ്ണു ഡിഗ്രി ഒന്നാം വർഷം വിദ്യാർത്ഥി യായിരുന്നു. അനിയത്തി എട്ടാം ക്ലാസ്സിലും. അമ്മയുടെ മരണം വിഷ്ണുവിനെ വല്ലാതെ തളർത്തി. വീട്ടിലെ വാടകയും വൃന്ദയുടെ പഠനവും എല്ലാം വലിയ ചോദ്യചിഹ്നമായി മുന്നിൽ നിന്നു.

അവിടെവച്ച് വിഷ്ണുവിന് തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. കൂട്ടുകാരും അധ്യാപകരും നിർബന്ധിച്ചെങ്കിലും അവൻ വഴങ്ങിയില്ല. “എനിക്ക് ഇപ്പോൾ വേണ്ടത് എന്റെ അനിയത്തിയുടെ ഭാവി ആണ്,” അവൻ പറഞ്ഞു. അവൻ പല ജോലികൾക്കും പോയി തുടങ്ങുകയും അനിയത്തിക്ക് വേണ്ടി ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അവളെ വളർത്തുകയും ചെയ്തു.

​ പകലൊക്കെ ജോലിക്ക് പോകും, രാത്രിയിൽ ഡിസ്റ്റൻസ് ആയി പഠിക്കും. അങ്ങനെ അവൻ ഡിഗ്രി പൂർത്തിയാക്കി. കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി കിട്ടി. ശമ്പളം കുറവായി രുന്നെങ്കിലും അവർക്ക് ജീവിക്കാൻ അത് മതിയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിദേശത്തേക്ക് പോകാൻ ഒരു അവസരം വന്നു. നല്ല ശമ്പളമായിരുന്നു.
​”ഏട്ടാ, ഏട്ടൻ പോയിക്കോളൂ. എനിക്ക് കുഴപ്പമൊന്നുമില്ല,” വൃന്ദ പറഞ്ഞു.
​പക്ഷേ വിഷ്ണു സമ്മതിച്ചില്ല. അവന് പോകണമെന്നുണ്ടെങ്കിൽ വൃന്ദയെ കണ്ണിൽ ചോ,രയില്ലാത്ത ബന്ധുക്കളുടെ അരികിൽ നിർത്തേണ്ടി വരും… അത് അവനെ കൊണ്ട് കഴിയാത്ത കാര്യമായിരുന്നു.

“നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി എനിക്ക് എവിടെയും പോകാൻ പറ്റില്ല വൃന്ദ. പണം എങ്ങനെയുമുണ്ടാക്കാം, പക്ഷേ നിന്റെ സുരക്ഷയാണ് എനിക്ക് പ്രധാനം.”
​അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പ്രശസ്ത കമ്പനിയിൽ അവൻ ഇന്റർവ്യൂവിന് പോകുന്നത്. അവിടെ വെച്ച് കമ്പനി ഉടമസ്ഥർക്ക് വിഷ്ണുവിന്റെ സത്യസന്ധതയും കഴിവും ബോധ്യപ്പെട്ടു. ഒരു സാധാരണ ഡിഗ്രിക്കാരന് ചിന്തിക്കാൻ പോലും പറ്റാത്ത ശമ്പളത്തിൽ അവർ അവനെ ജോലിക്ക് എടുത്തു. അതോടെ അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു. സ്വന്തമായി വീട് വെച്ചു, കാർ വാങ്ങി. വൃന്ദയെ നല്ല കോളേജിൽ ചേർത്ത് പഠിപ്പിച്ചു. ​സമ്പന്നനായതോടെ പഴയ ശത്രുക്കൾ മിത്രങ്ങളായി വന്നു. ഒരിക്കൽ ഷീജ വിഷ്ണുവിനെ കാണാൻ വന്നു. “വിഷ്ണു മോനേ, അച്ഛന് തീരെ വയ്യ. നിങ്ങൾ വീട്ടിലേക്ക് വരണം. പഴയതൊക്കെ നമുക്ക് മറക്കാം,” അവർ വിനീതയായി പറഞ്ഞു. വിഷ്ണു ചിരിച്ചു. “പഴയതൊന്നും മറക്കാൻ എനിക്ക് പറ്റില്ല ഷീജേ. അന്ന് എന്റെ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ ആ പടിവാതിൽ ഇന്നും എന്റെ മനസ്സിലുണ്ട്. അമ്മയുടെ സ്ഥാനത്ത് നിന്ന് നിങ്ങൾ വന്ന് എന്നെ വിളിക്കണ്ട. അന്ന് നിങ്ങൾ ചെയ്തതുപോലെ തന്നെ ഞാൻ നിങ്ങളോട് പറയുന്നു, ഇറങ്ങിപ്പോ എന്റെ വീട്ടിൽ നിന്ന്.”

അതോടെ പകയോടെയാണ് അവർ ഇറങ്ങിയത്..

​വൃന്ദ വളർന്നു വലിയ പെണ്ണായി. അവൾക്ക് മഹേഷിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന് വലിയ സന്തോഷമായി. “നിന്റെ സന്തോഷമാണ് എന്റെയും സന്തോഷം,” അവൻ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് വിഷ്ണു ആ വിവാഹം ഗംഭീരമായി നടത്തി. ​വിവാഹ മണ്ഡപത്തിൽ വെച്ച് എല്ലാവരും സന്തോഷിക്കുമ്പോൾ വിഷ്ണു കണ്ടു, ദൂരെ ഒരു മൂലയിൽ ശശീന്ദ്രൻ നിൽക്കുന്നു. ആ പഴയ ഗമയൊന്നും ഇപ്പോഴില്ല. ഒരു ഭിക്ഷക്കാരനെപ്പോലെ മുഷിഞ്ഞ വസ്ത്രം ധരിച്ച് അയാൾ അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നു. മ,ദ്യപാനം കാരണം അയാൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. ജോലി പോയി, ഷീജ അയാളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇപ്പോൾ ഗായത്രിക്ക് വന്ന അതേ അസുഖം അയാളെയും പിടികൂടിയിരിക്കുന്നു. ​വിഷ്ണുവിന് അയാളോട് ദേഷ്യമോ സങ്കടമോ തോന്നിയില്ല. “താൻ ചെയ്ത പാപത്തിന്റെ ഫലം അയാൾ അനുഭവിക്കുന്നു,” വിഷ്ണു മനസ്സിൽ കരുതി. അയാൾ ഒന്ന് നോക്കിയെങ്കിലും വിഷ്ണു മുഖം തിരിച്ചു.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം ശശീന്ദ്രൻ മരിച്ചു എന്ന വാർത്ത വിഷ്ണു അറിഞ്ഞു. ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹം. വിഷ്ണു അവിടെ ചെന്നു. ഒരു മകൻ എന്ന നിലയിലുള്ള കടമകൾ അവൻ ചെയ്തു. അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ഒരു പിടി ബലിചോർ നൽകി അയാൾക്ക് മോക്ഷം നൽകി. അത് സ്നേഹം കൊണ്ടായിരുന്നില്ല, മറിച്ച് തന്റെ അമ്മ പഠിപ്പിച്ചു തന്ന സംസ്കാരം കൊണ്ടായിരുന്നു. ​തിരികെ വീട്ടിലേക്ക് വരുമ്പോൾ വിഷ്ണുവിന് ഒരു കാര്യം ബോധ്യമായി. ജീവിതം ഒരു വട്ടമാണ്. നമ്മൾ എന്ത് വിതയ്ക്കുന്നുവോ അത് തന്നെ കൊയ്യും. തന്റെ അനിയത്തി സുരക്ഷിതമായ ഒരു കൈകളിൽ എത്തിയല്ലോ എന്ന സമാധാനത്തിൽ വിഷ്ണു ആകാശത്തേക്ക് നോക്കി. അവിടെ ഒരു നക്ഷത്രമായി തന്റെ അമ്മ പുഞ്ചിരിക്കുന്നത് അവൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *