എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ… എന്റെ ഭർത്താവിന്റെ ഉദ്യോഗം കണ്ടിട്ടാണോ നിങ്ങൾ ഇങ്ങനെ പെറ്റു കൂട്ടിയത്? മോളെ കെട്ടിച്ചു കൊടുക്കാൻ പണം ഇല്ലെങ്കിൽ വല്ല സന്യാസത്തിനും വിട്…..

Story written by Jk

“എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ… എന്റെ ഭർത്താവിന്റെ ഉദ്യോഗം കണ്ടിട്ടാണോ നിങ്ങൾ ഇങ്ങനെ പെറ്റു കൂട്ടിയത്? മോളെ കെട്ടിച്ചു കൊടുക്കാൻ പണം ഇല്ലെങ്കിൽ വല്ല സന്യാസത്തിനും വിട്!!”

സംഗീതയുടെ വാക്കുകൾ ഒരു ചാട്ടുളി പോലെ മഹേശ്വരിയുടെ നെഞ്ചിൽ തറച്ചു. തന്റെ മൂത്ത മകൻ ആനന്ദിനോട് ഇളയ മകൾ ആതിരയുടെ കല്യാണത്തിന് ഒരു സഹായം ചോദിച്ചു വന്നതായിരുന്നു അവർ. മറുപടി പറയാൻ കഴിയാതെ മഹേശ്വരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൈയ്യിലിരുന്ന തുണിസഞ്ചി മുറുക്കിപ്പിടിച്ച് അവർ ഉമ്മറത്തെ തൂണിൽ ചാരി നിന്നു..

“സംഗീതേ… നീ എന്തൊക്കെയാ ഈ പറയുന്നത്? അവൾ നിന്റെ കൂടി അനിയത്തിയല്ലേ? നിന്റെ വീട്ടുകാരെ എല്ലാം ഞാൻ സ്വന്തം പോലെ കാണുന്നില്ല? അതുപോലെ നിനക്കും കണ്ടൂടെ ” ആനന്ദ് പരുങ്ങലോടെ ചോദിച്ചു.
​”അനിയത്തിയോ? ഏത് അനിയത്തി? ആനന്ദേട്ടാ, അധികം സെന്റിമെന്റ്സ് ഒന്നും വേണ്ട. നിങ്ങളെ പത്തു മാസം ചുമന്നത് ഈ അമ്മയാണെങ്കിൽ അത് നിങ്ങളുടെ അമ്മയുടെ കടമയാണ്. വയറ്റിൽ കുരുത്തതിനെ പിന്നെ കളയാൻ പറ്റില്ലല്ലോ.. എന്നുവച്ച് എന്നും ഇങ്ങനെ അവരെയും സഹായിച്ചു നടക്കാൻ പറ്റുമോ..

പക്ഷേ എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തും പിന്നെ നിങ്ങളുടെ ഈ ശമ്പളവും ഇവർക്ക് ഓരോ ആവശ്യങ്ങൾ വരുമ്പോൾ തൂത്തുവാരി കൊടുക്കാൻ എനിക്ക് സൗകര്യമില്ല. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് ഇവർ പൈസ ചോദിച്ചു വരുന്നത്. കഴിഞ്ഞ മാസം ആതിരയുടെ പരീക്ഷാ ഫീസിനും പുസ്തകത്തിനുമെന്ന് പറഞ്ഞ് കുറച്ചല്ലേ കൊണ്ടുപോയത്? ഉടനെ കല്യാണം ആയി പോലും അല്ല ഒരു കാര്യം ചോദിക്കട്ടെ നിങ്ങളെ കണ്ടിട്ടാണോ ഇവർ ഇതൊക്കെ ചെയ്യുന്നത്??” സംഗീത ഇടംകൈ കൊണ്ട് മുടി ഒതുക്കിക്കൊണ്ട് പരിഹാസത്തോടെ പറഞ്ഞു.

​മഹേശ്വരി ശബ്ദം താഴ്ത്തി പറഞ്ഞു, “മോനേ ആനന്ദേ… ആതിരയുടെ വിവാഹം ഉറപ്പിച്ചു. അടുത്ത മാസം പത്തിന് ആണ് തീയതി. ചെക്കന്റെ വീട്ടുകാർക്ക് വലിയ ഡിമാൻഡ് ഒന്നുമില്ല. എങ്കിലും മോളെ ഒന്ന് ഒരുക്കി വിടണ്ടേ? എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന ആ രണ്ട് വള വിറ്റിട്ടാണ് സദ്യയുടെ കാര്യം ശരിയാക്കിയത്. കുറച്ച് സ്വർണ്ണം എടുക്കാൻ…”

“സ്വർണ്ണമോ? നല്ല തമാശ!, ഇവിടെ ഞങ്ങൾ ഉള്ള ലോൺ എങ്ങനെ അടച്ചു തീർക്കാം എന്ന് ആലോചിച്ചു ഇരിക്കുകയാണ്..!””

അതും പറഞ്ഞ് സംഗീത ആനന്ദിനെയും കൂട്ടി അകത്തേക്ക് പോയി.

​സത്യത്തിൽ ആനന്ദിന് ലഭിച്ച ഗവൺമെന്റ് ജോലി മഹേശ്വരിക്ക് അവകാശ പ്പെട്ടതായിരുന്നു. ഭർത്താവിന്റെ അകാല മരണത്തെത്തുടർന്ന് ആശ്രിത നിയമനം വഴി ലഭിക്കേണ്ട ആ ജോലി, തന്റെ മകന്റെ ഭാവി സുരക്ഷിതമാകട്ടെ എന്ന് കരുതി അവർ വേണ്ടെന്നു വെച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന വ്യാജരേഖകൾ ഉണ്ടാക്കി അവർ ആ ജോലി മകന് വാങ്ങി നൽകി. അന്ന് ആതിര ചെറിയ കുട്ടിയായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും മകനെ ഒരു നിലയിൽ എത്തിക്കാൻ മഹേശ്വരി സഹിച്ച വേദനകൾക്ക് ആ വീടിന്റെ ചുവരുകൾ സാക്ഷിയാണ്. ആ ഉദ്യോഗം വന്നതോടെയാണ് വലിയ തറവാട്ടിലെ മകളായ സംഗീത ആനന്ദിന്റെ ജീവിതത്തിലേക്ക് വരുന്നത്.

​വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപേ സംഗീത ആനന്ദിനെ കൊണ്ട് മാറി താമസിപ്പിച്ചു. അമ്മയോടും അനിയത്തിയോടും ആനന്ദിന് വലിയ സ്നേഹമായിരുന്നു. പക്ഷേ, സംഗീതയുടെ നിരന്തരമായ വഴക്കും കു,ത്തു വാക്കുകളും കാരണം അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ അവന് കഴിഞ്ഞിരുന്നില്ല. ഓരോ തവണയും അവൻ അമ്മയെ കാണാൻ പോകുമ്പോൾ സംഗീത വീട്ടിൽ യുദ്ധക്കളം സൃഷ്ടിക്കും.

​”നിനക്ക് ഇറങ്ങിപ്പോകണോ ആനന്ദേ? എങ്കിൽ പോയിക്കോ. പക്ഷേ ഈ വീടും കാറും എന്റെ അച്ഛൻ തന്നതാണ്. ഇത് ഇവിടെ ഇട്ടിട്ട് നിനക്ക് നിന്റെ അമ്മയുടെ കൂടെ ചെന്ന് പട്ടിണി കിടക്കാം.” ഇതായിരുന്നു സംഗീതയുടെ സ്ഥിരം ഭീഷണി. ​മഹേശ്വരി കരഞ്ഞുകൊണ്ട് പടിയിറങ്ങുന്നത് കണ്ടപ്പോൾ ആനന്ദിന്റെ ഉള്ളു പിടഞ്ഞു. അവൻ പടിവാതിൽ വരെ അവരെ അനുഗമിക്കാൻ നോക്കി യെങ്കിലും സംഗീതയുടെ കടുപ്പമേറിയ നോട്ടം അവനെ തളച്ചിട്ടു. മഹേശ്വരി നടന്നു നീങ്ങി. അവരുടെ ചെരിപ്പിന്റെ തേഞ്ഞ ശബ്ദം വഴിയിൽ കുറച്ചു നേരം കേട്ടു, പിന്നെ അത് നിശബ്ദമായി.

സംഗീത അകത്തേക്ക് കയറിപ്പോയപ്പോൾ ആനന്ദ് വേഗം ഫോണെടുത്തു ആതിരയെ വിളിച്ചു. “മോളെ, കുറച്ചു പണം ഞാൻ എങ്ങനെയെങ്കിലും എത്തിക്കാം. നീ അമ്മയോട് വിഷമിക്കണ്ട എന്ന് പറയണം.. ബാങ്ക് ലോൺ എന്തെങ്കിലും കിട്ടുമോ എന്ന് ഞാൻ നോക്കുന്നുണ്ട്. പക്ഷേ സംഗീത അറിയരുത്,” അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

​പക്ഷേ ആതിര അത് സമ്മതിച്ചില്ല. അവളുടെ ശബ്ദത്തിൽ ഒരു ഉറപ്പുണ്ടായിരുന്നു. “വേണ്ട ഏട്ടാ, ഒളിച്ചും പാത്തും തരുന്ന ഈ സഹായം എനിക്ക് വേണ്ട. ഏട്ടന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകാനാണ് ഞങ്ങൾ മാറി നിൽക്കുന്നത്. അത് ഇല്ലാതാക്കണ്ട. അമ്മ അവിടെ വന്ന് കരഞ്ഞ് നിങ്ങടെ കാല് പിടിച്ചു എന്ന് അയൽപക്കത്തെ ചേച്ചി പറഞ്ഞു ഞാൻ അറിഞ്ഞു. ഇത്രയും കാലം അമ്മ ആ ജോലി വേണ്ടെന്ന് വെച്ച് ഏട്ടനെ വളർത്തിയത് ഏട്ടൻ സന്തോഷത്തോടെ ജീവിക്കാനാണ്, അല്ലാതെ ഏട്ടന്റെ ഭാര്യയുടെ പരിഹാസം കേൾക്കാനല്ല.”

​”ആതിരേ… നീ ദേഷ്യപ്പെടരുത്. എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാ…”
​”വഴിയുണ്ട് ഏട്ടാ. സ്വയം ആഭിമാനത്തോടെ ജീവിക്കുക എന്നത് തന്നെയാണ് വഴി. ഏട്ടൻ വിഷമിക്കണ്ട. ഈ കല്യാണം നടക്കും. അന്തസ്സായി തന്നെ നടക്കും.” അവൾ ഫോൺ കട്ട് ചെയ്തു.

ആതിര നേരെ മഹേശ്വരിയുടെ അടുത്തേക്ക് ചെന്നു. അവർ ജനലിനടുത്ത് ഇരുന്ന് കരയുകയായിരുന്നു. ആതിര അമ്മയുടെ തോളിൽ കൈ വെച്ചു. “അമ്മേ, ഇനി ആ വീട്ടിൽ സഹായം ചോദിച്ചു പോകരുത്. ഏട്ടൻ ഒരു പാവമാണ്, പക്ഷേ ആ വീടിന്റെ അധികാരം സംഗീതയ്ക്കാണ്. അവർക്ക് നമ്മുടെ സ്നേഹമോ അമ്മയുടെ ത്യാഗമോ മനസ്സിലാകില്ല.”

​”പക്ഷേ മോളെ… നിന്റെ കല്യാണം… നിനക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ. പത്ത് പവൻ എങ്കിലും ഇടാതെ നിന്നെ ഞാൻ എങ്ങനെ അങ്ങോട്ട് അയക്കും?” മഹേശ്വരി തേങ്ങി. ആതിര ചിരിച്ചു. “അമ്മേ, എനിക്ക് സ്വർണ്ണം വേണ്ട. എന്നെ സ്നേഹിക്കുന്ന ഒരു മനുഷ്യനെയാണ് എനിക്ക് വേണ്ടത്. ശരത് ഏട്ടൻ അങ്ങനെയുള്ള ആളാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കും.”

പിറ്റേന്ന് വൈകുന്നേരം ശരത്തും കുടുംബവും ആതിരയുടെ വീട്ടിലെത്തി. വിവാഹത്തിന്റെ ബാക്കി കാര്യങ്ങൾ സംസാരിക്കാനായിരുന്നു അത്. ആതിര തന്റേടത്തോടെ ശരത്തിന് മുന്നിൽ നിന്നു.

​”ശരത് ഏട്ടാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്. എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ പറയണം എന്ന് തോന്നി,” ആതിര പറഞ്ഞു തുടങ്ങി. മഹേശ്വരി ഭയത്തോടെ അവളെ നോക്കി.

​”എന്താ മോളെ? എന്താണെങ്കിലും പറഞ്ഞോ,” ശരത്തിന്റെ അച്ഛൻ മാധവൻ നായർ വാത്സല്യത്തോടെ പറഞ്ഞു.

​”എന്റെ ഏട്ടന് ഗവൺമെന്റ് ജോലിയുണ്ട്, വലിയ തറവാട്ടിലാണ് കല്യാണം കഴിച്ചിരിക്കുന്നത് എന്നതുകൊണ്ട് എനിക്ക് ഒരുപാട് സ്വർണ്ണവും പണവും കൊണ്ടുവരാൻ കഴിയില്ല. എന്റെ കുടുംബത്തിന്റെ സാഹചര്യം ഇതാണ്. അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് കിട്ടേണ്ട ജോലി ഏട്ടന് കൊടുത്തു. പക്ഷേ ഇന്ന് ആ വീട്ടിൽ അമ്മയ്ക്ക് ഒരു വിലയുമില്ല. പണമോ സ്വർണ്ണമോ പ്രതീക്ഷിച്ചാണ് ഈ ആലോചനയെങ്കിൽ ഇപ്പോഴേ നിർത്താം. എനിക്ക് എന്റെ അമ്മയെയും കൂടി നോക്കണം,” ആതിരയുടെ കണ്ണുകൾ തിളങ്ങി. ​മുറിയിൽ അൽപ്പനേരം നിശബ്ദത പടർന്നു. മഹേശ്വരി തല താഴ്ത്തി നിന്നു. എന്നാൽ ശരത്തിന്റെ അച്ഛൻ എഴുന്നേറ്റ് മഹേശ്വരിയുടെ അരികിൽ ചെന്നു.

“മഹേശ്വരിയമ്മേ, നിങ്ങളുടെ മകൾക്ക് ഇത്രയും നല്ല മനസ്സ് എവിടെ നിന്ന് കിട്ടി എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. മോളെ ആതിരേ, ഞങ്ങൾക്ക് വേണ്ടത് നിന്നെയാണ്, നിന്റെ ഏട്ടന്റെ പണമല്ല. അന്തസ്സായി ജീവിക്കുന്ന നിന്റെ കുടുംബത്തെ ഞങ്ങൾക്ക് അറിയാം. ഒരു രൂപ പോലും സ്ത്രീധനമായി ഞങ്ങൾക്ക് വേണ്ട. എന്റെ മകൻ ഒരു എഞ്ചിനീയറാണ്, അവന് നിന്നെ പൊന്നു പോലെ നോക്കാൻ അറിയാം. പിന്നെ നിന്റെ അമ്മ… അവർ ഞങ്ങളുടെയും അമ്മയാണ്. നിനക്ക് അവരെ നോക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഈ വീട്ടിൽ ഉണ്ടാകും.”

​ശരത് ആതിരയെ നോക്കി പുഞ്ചിരിച്ചു. “ആതിര പറഞ്ഞത് എനിക്ക് ഇഷ്ടമായി. സ്വന്തം നിലപാട് വ്യക്തമാക്കാൻ കാണിച്ച ഈ ധൈര്യമാണ് എനിക്ക് വേണ്ടത്. സ്വർണ്ണം തൂക്കി നോക്കിയല്ല ഞാൻ പെണ്ണുകാണാൻ വന്നത്.”
​വിവാഹദിവസം എത്തി. വളരെ ലളിതമായ ചടങ്ങുകളായിരുന്നു. ആതിര വെള്ളപ്പട്ടുടുത്തു, കഴുത്തിൽ ഒരു ലളിതമായ മാല മാത്രം ധരിച്ച് അതിസുന്ദരിയായി നിന്നു. കല്യാണ മണ്ഡപത്തിലേക്ക് ആനന്ദും സംഗീതയും വന്നു. സംഗീത വിലകൂടിയ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് അഹങ്കാരത്തോടെയാണ് വന്നത്. അവൾ വിചാരിച്ചത് ആതിരയുടെ കല്യാണം ആകെ ദരിദ്രമായിരിക്കുമെന്നും അവിടെ ചെന്ന് എല്ലാവരെയും പുച്ഛിക്കാമെന്നുമാണ്.

എന്നാൽ അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. ശരത്തിന്റെ വീട്ടുകാർ ആതിരയെയും മഹേശ്വരിയെയും അങ്ങേയറ്റം ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും ആതിരയുടെ ലാളിത്യത്തെ പുകഴ്ത്തുന്നു.

​”ഇത്രയും വലിയ പണക്കാരായിട്ടും അവർ ഒരു രൂപ പോലും വാങ്ങിയില്ലത്രേ! ആതിരയുടെ ഭാഗ്യം,” അവിടെ കൂടിയിരുന്നവർ സംസാരിക്കുന്നത് സംഗീത കേട്ടു. ​ആനന്ദ് അനിയത്തിയുടെ അടുത്തു ചെന്ന് ഒരു കവർ നീട്ടി. “മോളെ… ഇത് നിനക്ക് എന്റെ വക…”

​ആതിര ആ കവർ സ്നേഹപൂർവ്വം നിരസിച്ചു. “വേണ്ട ഏട്ടാ. ഏട്ടന്റെ സ്നേഹം മാത്രം മതി എനിക്ക്. ഈ പണം ഏട്ടൻ സൂക്ഷിച്ചു വെച്ചോ, ചേച്ചിയുമായി വഴക്കിടാൻ ഇത് കാരണമാക്കണ്ട. ഞാനിവിടെ സന്തോഷവതിയാണ്.” ആതിരയുടെ ആ വാക്കുകൾ ആനന്ദിന്റെ ഉള്ളിൽ തറച്ചു. സ്വന്തം അനിയത്തിയുടെ കല്യാണത്തിന് പോലും സഹായം നൽകാൻ കഴിയാത്ത തന്റെ നിസ്സഹായത അവനെ വേട്ടയാടി. സംഗീത അവിടെ ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി. പണത്തിന്റെ ഹുങ്കിൽ താൻ പരിഹസിച്ചവർ ഇന്ന് സമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. ​ലളിതമായ ചടങ്ങുകളോടെ ആതിരയുടെ വിവാഹം നടന്നു. പണത്തിന്റെ ഹുങ്കിൽ അഹങ്കരിച്ച സംഗീതയ്ക്കും, നിസ്സഹായനായി നിന്ന ആനന്ദിനും മുന്നിൽ തലയുയർത്തിപ്പിടിച്ചു തന്നെ ആതിര പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. തന്റെ അമ്മയെ കാറിലിരുത്തി ശരത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ആതിര മഹേശ്വരിയെ നോക്കി ചിരിച്ചു. സ്നേഹത്തിന് മുന്നിൽ പണം തോറ്റുപോയ നിമിഷമായിരുന്നു അത്. ആതിരയുടെ പുതിയ വീട്ടിലേക്കുള്ള യാത്ര സത്യസന്ധതയുടെയും കരുത്തിന്റെയും വലിയൊരു സന്ദേശമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *