എഴുത്ത്:-ശ്വേത
” ഈ വീട് എന്തായാലും എനിക്ക് വേണം.. ഞാനല്ലേ ഇളയ മകൻ.. അപ്പോൾ സ്വാഭാവികമായും തറവാട്ട് സ്വത്തിന്റെ അവകാശം എനിക്കാണ് കിട്ടേണ്ടത്..”
തനിക്ക് മുന്നിൽ നിന്ന് വെല്ലുവിളിയോടെ പറയുന്ന അനിയൻ ഹരിയെ ഹേമന്ത് തുറിച്ചു നോക്കി.
എന്നാണ് തന്റെ സഹോദരൻ ഇങ്ങനെ സംസാരിക്കാൻ പഠിച്ചത് എന്ന് ഹേമന്ത് അതിശയത്തോടെ ഓർത്തു.ഇന്നലെ വരെയും സ്നേഹം ചാലിച്ചു ഏട്ടാ എന്ന് മാത്രമേ വിളിച്ചിട്ടുള്ളു. പെട്ടെന്ന് അവൻ ഉണ്ടായ ഭാവമാറ്റം എന്തുകൊണ്ടാണ് എന്നോർത്തപ്പോൾ ഹേമന്തിന്റെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിടർന്നു.
ഹരിയും ഹേമന്തും പരസ്പരം ഒരുപാട് സ്നേഹിക്കുന്ന സഹോദരങ്ങൾ ആയിരുന്നു. ഹേമന്തിന് ദുബായിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറാ യിട്ടായിരുന്നു ജോലി. അത്യാവശ്യം നല്ല സാലറിയും ഉണ്ടായിരുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ച അവരെ അമ്മ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്.
വീട്ടുപണിക്കും മറ്റ് കൂലിപ്പണികൾക്കും പോയി വല്ലാതെ ബുദ്ധിമുട്ടിയാണ് ആ അമ്മ മക്കളെ പഠിപ്പിച്ചത്. അന്നൊക്കെയും അമ്മ അവരോട് പറയാറുള്ള ഒരു വാചകം ഉണ്ട്.
” എന്റെ മക്കൾ പഠിച്ച് നല്ല നിലയിൽ എത്തിയിട്ട് വേണം അമ്മയ്ക്ക് ഒന്ന് വിശ്രമിക്കാൻ… നമ്മുടെ അവസ്ഥ മക്കൾക്ക് രണ്ടാൾക്കും നന്നായി അറിയുന്നതല്ലേ… അതുകൊണ്ട് ഒരിക്കലും ഒരു തെറ്റായ മാർഗത്തിലേക്ക് പോകരുത്.. നിങ്ങളിലാണ് അമ്മയുടെ പ്രതീക്ഷ..”
ആ വാചകം എപ്പോഴും ഓർമ്മയിൽ വച്ചു കൊണ്ടായിരുന്നു ഹേമന്തന്റെ ജീവിതം. എല്ലാ ക്ലാസുകളിലും ഒന്നാം സ്ഥാനം നേടി അവൻ പഠിത്തത്തിൽ മികവു തെളിയിച്ചു. പഠനം കൊണ്ട് മാത്രമേ തനിക്ക് തന്റെ ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാക്കാൻ കഴിയൂ എന്ന് അവന് നന്നായി അറിയാമായിരുന്നു. പഠിത്തത്തിന് ഇടയിലും ചില ചില്ലറ ജോലികൾ ഒക്കെ ചെയ്ത് അവൻ അമ്മയെ സഹായിക്കാറുണ്ടായിരുന്നു. വെളുപ്പിനെ പത്രം ഇടാൻ പോകാനും ചില കൂലിപ്പണികൾക്ക് പോകാനും ഒക്കെ അവൻ ശ്രമിച്ചിരുന്നു. സ്കൂളിലെ അവധി ദിവസങ്ങളിലും വെക്കേഷനും ഒക്കെ അവൻ ജോലിക്ക് പോകാറുണ്ട്. അങ്ങനെ കിട്ടുന്ന പണം കൂട്ടിവെച്ച് അവൻ അടുത്ത അധ്യയന വർഷത്തിലേക്കുള്ള പുസ്തകങ്ങളും ബുക്കും അത്യാവശ്യം സാധനങ്ങൾ ഒക്കെ വാങ്ങിക്കാറുണ്ട്. തന്റെ ഒരു കാര്യത്തിലും അമ്മയെ ബുദ്ധിമുട്ടിക്കരുത് എന്നൊരു ചിന്താഗതിക്കാരനായിരുന്നു ഹേമന്ത്.
എന്നാൽ ഹരി അന്നും ആർഭാടങ്ങളിൽ ജീവിക്കുന്ന ഒരാളായിരുന്നു. എല്ലാ കൊല്ലവും പുതിയ ബാഗ് വേണമെന്നും ഷൂവും ചെരിപ്പും പുതിയ വസ്ത്രങ്ങളും വേണമെന്നും അവൻ വാശി പിടിച്ചിരുന്നു. അതൊക്കെ ഒരു അനിയന്റെ കുസൃതികളായി മാത്രമേ ഹേമന്ത് കണ്ടിട്ടുള്ളൂ. പലപ്പോഴും തന്റെ ആവശ്യങ്ങൾ മാറ്റിവെച്ചു കൊണ്ട് ഹേമന്ത് ഹരിയുടെ ആവശ്യങ്ങൾ നടത്തി കൊടുത്തിട്ടുണ്ട്. അവനിലെ ആ വാശിയും ദേഷ്യവും ഒരിക്കലും അടങ്ങിയില്ല. എന്നും എപ്പോഴും ഹേമന്ദിന്റെ കയ്യിൽ നിന്ന് പലതും തട്ടിപ്പറിക്കാൻ ആയിരുന്നു ഹരിയുടെ താൽപര്യം.
എൻജിനീയറിങ്ങിന് ഹേമന്തിന് അഡ്മിഷൻ കിട്ടിയത് മെറിറ്റ് സീറ്റിൽ തന്നെയായിരുന്നു. എങ്കിലും തന്റെ പഠന ചെലവുകൾക്ക് വേണ്ടി അവൻ അപ്പോഴും അധ്വാനിക്കാറുണ്ടായിരുന്നു. തന്റെ കാര്യങ്ങളൊന്നും അമ്മയ്ക്ക് ഒരു ബാധ്യത ആവരുത് എന്ന് അവന്റെ ചിന്ത. കോളേജിൽ അത്യാവശ്യം നന്നായി തന്നെ പഠിക്കാറുണ്ടായിരുന്ന ഹരി ക്യാമ്പസ് റിക്രൂട്ട്മെന്റ് ലൂടെയാണ് ദുബായിലെ ജോലി സ്വന്തമാക്കിയത്. അന്ന് കടൽ കടന്നു പോകുമ്പോൾ എങ്ങനെയും തന്റെ കുടുംബത്തെ നല്ല നിലയിൽ എത്തിക്കണം എന്നൊരു ചിന്ത മാത്രമേ ഹേമന്തിന് ഉണ്ടായിരുന്നുള്ളൂ.
അവന്റെ ആഗ്രഹം പോലെ തന്നെ ദുബായിൽ എത്തി കഠിനാധ്വാനം ചെയ്തു വീട്ടിലെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ തന്നെ ചെയ്തു വന്നു. അവന് ജോലി കിട്ടിയപ്പോൾ തന്നെ അമ്മ ജോലിക്ക് പോകണ്ട എന്ന് അവൻ വീട്ടിൽ പറഞ്ഞിരുന്നു. അപ്പോഴേക്കും അമ്മയ്ക്കും അത്യാവശം പ്രായമായതുകൊണ്ട് അവന്റെ വാക്കുകളെ അനുസരിക്കാൻ അമ്മ തയ്യാറായി. അതോടെ ഹരിയുടെ പഠന ചെലവുകളും ഹേമന്ത് ഏറ്റെടുത്തു. ചേട്ടൻ ദുബായിൽ എൻജിനീയറാണ് എന്ന മേനി പറഞ്ഞു ഹരി അ,ടിച്ചുപൊളി ലൈഫ് തന്നെയായിരുന്നു നാട്ടിൽ മുന്നോട്ടു കൊണ്ടു പോയിരുന്നത്. വീട്ടിലെ സാഹചര്യങ്ങൾ ഒന്നും ഹരിയെ ബാധിച്ചതേയില്ല. എല്ലാ മാസവും ഹേമന്തറിൽ നിന്ന് ഒരു തുക പോക്കറ്റ് മണിയായി ഹരി കൈപ്പറ്റാറുണ്ട്. അഥവാ അത് കുറഞ്ഞു പോയാൽ അതിന്റെ പേരിൽ ഹേമന്തനെ വിളിച്ച് ബഹളം വയ്ക്കാറുണ്ട്.
അനിയന് തന്നോട് അല്ലാതെ മറ്റാരോടും ചോദിക്കാനാവില്ലല്ലോ എന്നൊരു ചിന്തയിൽ ഹേമന്ത് എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു. ഹരിയുടെ പഠനവും കഴിഞ്ഞതിനു ശേഷം ആണ് ഹേമന്തിന് ഒരു കുടുംബ ജീവിതത്തെക്കുറിച്ച് ചിന്ത ഉണ്ടായത്. അത്രയും വർഷങ്ങൾ കൊണ്ട് തന്നെ ഹേമന്ത് വീട് പുതുക്കി പണിയുകയും കുറച്ച് വസ്തു വാങ്ങുകയും ചെയ്തിരുന്നു. ആ സമയം ഹേമന്ത് നാട്ടിൽ ഇല്ലാത്തതുകൊണ്ട് തന്നെ അമ്മയുടെ പേരിലായിരുന്നു വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത്. ഹേമന്തിന്റെ കല്യാണ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അമ്മയാണ് മറ്റൊരു നിർദ്ദേശം മുന്നോട്ടു വച്ചത്.
” വന്നു കയറുന്ന പെൺകുട്ടിക്ക് നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നില്ലെങ്കിൽ അത് ഒരു പ്രശ്നമായി മാറും. ഒന്നാമത് നീ പുറത്ത് ജോലി ചെയ്യുന്ന ആളല്ലേ.. അപ്പോൾ വരുന്ന പെൺകുട്ടി ഇവിടെ നിൽക്കേണ്ടി വരും.. അവൾക്കിവിടെ എന്റെ കൂടെ ഒത്തു പോകാൻ പറ്റിയില്ലെങ്കിൽ അതൊരു പ്രശ്നമാകും. അപ്പോൾ നിന്റെ കൂടെ കൊണ്ടുപോകാൻ നോക്കണം..” അമ്മ പറഞ്ഞത് ശരിയാണെന്ന് ഹേമന്തിനു തോന്നി.
അല്ലെങ്കിലും എല്ലാ പെൺകുട്ടികളും വിവാഹം കഴിയുമ്പോൾ ആഗ്രഹിക്കുന്നത് ഭർത്താവിനോടൊപ്പം ഉള്ള ഒരു ജീവിതമാണ്. ” എന്തായാലും ഏട്ടൻ ദുബായിൽ സെറ്റിൽഡ് ആവാൻ പോവുകയല്ലേ.. അപ്പോൾ പിന്നെ ഈ വീട് എന്റെ പേരിൽ എഴുതി തന്നേക്ക്…” പെട്ടെന്നായിരുന്നു ഹരി ആവശ്യം ഉന്നയിച്ചത്. അത് കേട്ട് അമ്മയും ഹേമന്തും വല്ലാതെ ഞെട്ടി പോയിരുന്നു.
” വീട് നിന്റെ പേരിൽ എഴുതി തരാനോ? അതെന്തിനാ?” ഞെട്ടൽ വിട്ടുമാറാതെ തന്നെ അമ്മ ചോദിച്ചു.
” അതിൽ ഇങ്ങനെ ഞെട്ടാൻ മാത്രം എന്തിരിക്കുന്നു? ഞാനല്ലേ ഇളയ മകൻ… പിന്നെ തറവാട്ടിൽ ഞാൻ മാത്രമല്ലെ ഉണ്ടാകൂ.. അപ്പോൾ നാട്ടുനടപ്പ് അനുസരിച്ച് ഇത് എനിക്ക് തരേണ്ടത് തന്നെയാണ്..’ ഒട്ടും പതറാതെ ഹരി തന്റെ ആവശ്യമുന്നയിച്ചു
” അതെങ്ങനെ ശരിയാകും ഹേമന്തല്ലേ വീട് വെച്ചത്..? അപ്പോൾ ഈ വീട് അവന് അവകാശപ്പെട്ടതാണ്.. നിനക്ക് വേണമെങ്കിൽ വസ്തു എഴുതി തരാം.. അതും ഇപ്പോഴൊന്നും പറ്റില്ല..”
അമ്മ അങ്ങനെ പറഞ്ഞതിനാണ് അവൻ തർക്കിച്ചു തുടങ്ങിയത്. ഇന്നലെ വരെയും അവന്റെ ചെലവ് നോക്കിയത് ഏട്ടൻ ആണെന്നും വീട് വെച്ചത് ഏട്ടൻ ആണെന്നും ആ സമയം അവൻ ഓർത്തതേയില്ല.
” എന്തായാലും നീ ഇത്രയൊക്കെ സംസാരിക്കാൻ പഠിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം. ഇപ്പോഴെങ്കിലും എനിക്ക് നിന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റിയല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് സന്തോഷമാണ് തോന്നുന്നത്. ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ കുറച്ചു നാൾ കൂടി കഴിഞ്ഞാൽ നീ ഇതിനപ്പുറവും പറയും.. ഈ വീട് നിനക്ക് തരണമെന്നാണ് അമ്മയുടെ തീരുമാനം എങ്കിലും ഞാൻ എതിർക്കില്ല.. എല്ലാം അമ്മയുടെ ഇഷ്ടം പോലെ ആവട്ടെ.. ഒന്നുമില്ലാ യ്മയിൽ നിന്ന് ഇവിടെ വരെ എത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ എനിക്ക് എന്റേതായ ഒരു ലോകം ഉണ്ടാക്കിയെടുക്കാൻ കഴിയും. പക്ഷേ ആ ലോകത്ത് ഒരിക്കലും നീ ഉണ്ടാവില്ല.. ” ഹേമന്ത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
” അങ്ങനെ നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊന്നും ഇവന് കൊടുക്കേണ്ട. ഇവന് അവകാശം ചോദിക്കാൻ ഇതൊന്നും പാരമ്പര്യമായി കിട്ടിയതല്ല. ആകെ ഒരു 5 സെന്റ് വസ്തു മാത്രമാണ് പാരമ്പര്യമായി കിട്ടിയതായി ഇവിടെയുള്ളത്. അത് വേണമെങ്കിൽ ഇവന് കൊടുത്തേക്കാം. അല്ലാതെ ഒരു അണ പൈസ അവന് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല.. ” അമ്മ വാശിയോടെ പറഞ്ഞു.
” അല്ലെങ്കിലും അമ്മയ്ക്ക് ഏട്ടനോടാണ് താല്പര്യം എന്ന് എനിക്കറിയാം. അതുകൊണ്ടാണല്ലോ എന്റെ ആവശ്യങ്ങളൊക്കെ കണ്ടില്ലെന്ന് നടിക്കുന്നത്.. എന്തൊക്കെ പറഞ്ഞാലും ഈ വീട് എനിക്ക് കിട്ടിയേ പറ്റൂ.. ഏട്ടന് ഇത്രയും നല്ല ജോലിയും വരുമാനവും ഒക്കെ ഉള്ളതല്ലേ. വേണമെങ്കിൽ ഇനിയും ഒരു വീട് വയ്ക്കാവുന്നതേയുള്ളൂ..” ഹരി പറഞ്ഞപ്പോൾ ഹേമന്ത് കൂടുതൽ തർക്കിച്ചില്ല.
” അങ്ങനെ തന്നെ ആയിക്കോട്ടെ.. ഈ വീട് അവന് എഴുതി കൊടുത്തേക്ക്.. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ സ്വന്തമായി എന്തെങ്കിലുമൊക്കെ നേടിയെടുക്കാൻ എനിക്ക് പറ്റും.” അത്രയും പറഞ്ഞുകൊണ്ട് ഹേമന്ത് തന്റെ ഫോണുമായി ഉമ്മറത്തേക്ക് ഇറങ്ങി. ആ സമയം അവരുടെ അമ്മ മനസ്സറിഞ്ഞ് ശപിക്കുകയായിരുന്നു ഹരിയെ. എന്നിട്ടും അവന് ഒരു കൂസലും ഉണ്ടായിരുന്നില്ല.അല്ലെങ്കിലും ചിലരൊക്കെ അങ്ങനെയാണ്, ഏതു സാഹചര്യത്തിലും അവരവരുടെ ആവശ്യങ്ങൾ മാത്രമേ അവർ പരിഗണിക്കുകയുള്ളൂ
