ഈ നാട്ടിൽ നിന്ന് പോയാൽ മാത്രമേ ഞാൻ ഗതി പിടിക്കൂവെന്നാണ് അമ്മൂമ്മ പറയുന്നത്… അമ്മൂമ്മയ്ക്ക് അങ്ങനെ പറയാം… എനിക്ക് പറ്റില്ലായിരുന്നു. ഞാൻ പോയാൽ അമ്മൂമ്മയ്ക്ക് ആരുണ്ടെന്ന ചിന്തയും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അമ്മൂമ്മ തന്ന നാന്നൂറ് രൂപയിൽ നിന്ന് നൂറ് എടുത്ത് മേശയുടെ മേലെ വെച്ചു. ചേച്ചിയുടെ മോൻ ചെത്തി മിനുക്കിയ പെൻസിലിലേക്കാണ് പിന്നീട് ശ്രദ്ധ പോയത്. മാറ്റിവെച്ച നൂറ് രൂപയുടെ വട്ടത്തിൽ ‘പൂനയിലേക്ക്’ എന്ന് എഴുതിയപ്പോൾ വലിയ സന്തോഷമൊന്നും തോന്നിയില്ല. നൂറ് രൂപയുടെ ടിക്കറ്റ് മതിയെന്നാണ് ദാമു പറഞ്ഞത്. ശരിയായിരിക്കും, എന്റെ ഭാവി പൂനയിൽ തന്നെയായിരിക്കും…

പേഴ്സിൽ അമ്മൂമ്മയുടെ ചിത്രമുണ്ട്. പൂനയിലേക്കെന്ന് എഴുതിയ നൂറ് രൂപ അതിന്റെ അടിയിലാണ് ഒളിപ്പിച്ച് വെച്ചത്. അങ്ങനെയൊരു ശീലം പണ്ടുതൊട്ടേയുണ്ട്… ഏതെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് അത് ഉപകരിക്കുകയും ചെയ്യും… നൂറ് രൂപയൊക്കെ ആദ്യമായാണ് ഇങ്ങനെ മാറ്റി വെക്കാൻ കഴിയുന്നത്… അതും അമ്മൂമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രം…

ഈ നാട്ടിൽ നിന്ന് പോയാൽ മാത്രമേ ഞാൻ ഗതി പിടിക്കൂവെന്നാണ് അമ്മൂമ്മ പറയുന്നത്… അമ്മൂമ്മയ്ക്ക് അങ്ങനെ പറയാം… എനിക്ക് പറ്റില്ലായിരുന്നു. ഞാൻ പോയാൽ അമ്മൂമ്മയ്ക്ക് ആരുണ്ടെന്ന ചിന്തയും ചുമന്ന് നാടുവിടാൻ ആഗ്രഹിക്കുന്നതേയില്ല…

ഇളം പ്രായത്തിലേ അനാഥരായ ഞങ്ങളെ പൊത്തി പിടിച്ചത് അമ്മൂമ്മയാണ്… ബസ്സ്‌ അപകടത്തിൽ മരിച്ച അച്ഛനെയും അമ്മയേയും ഒരുമിച്ച് ഉമ്മറത്ത് കിടത്തിയപ്പോഴും, ഉണ്ടായിരുന്ന വീട് ജപ്തിയിൽ പോയപ്പോഴും ആ ചൂട് ആവോളം അറിഞ്ഞതാണ്. ആയുസ്സ് ഒടുങ്ങും വരെ അതൊന്നും മറക്കാൻ കഴിയില്ല…

‘നീയിങ്ങനെ തെണ്ടി നടന്നാൽ എങ്ങനെയാ രഘൂ…. പൂനയ്ക്ക് പൊയ്ക്കൂടേ… ദാമൂന്റെ അച്ഛൻ ഇന്നാള് കൂടി എഴുതിയിരുന്നുവെന്നാണ് നിന്റെ ചേച്ചി പറഞ്ഞത്… ഇന്നാ.. ഇത് പിടി… നമ്പറും വിലാസവുമൊക്കെ കത്തിലുണ്ട്… പോയ്ക്കോ…’

എന്നും പറഞ്ഞാണ് പെൻഷൻ കിട്ടിയതിൽ നിന്ന് നാന്നൂറ് രൂപ അമ്മൂമ്മ ചുരുട്ടി തന്നത്. അമ്മൂമ്മയ്ക്ക് ഇടമുണ്ട്. ആ ഇടത്തിൽ ഓല കൊണ്ടും, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും വലിച്ച് കെട്ടിയ വീടുമുണ്ട്. ചേച്ചിയുടെ കല്ല്യാണം കഴിയുന്നത് വരെ അവിടെയാണ് താമസിച്ചത്. ശേഷമുള്ള പെയ്ത്തിൽ ചോർച്ച കൂടിയപ്പോൾ അളിയൻ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നു.

പത്തിൽ ജയിച്ചിട്ടും പഠനം തുടരാൻ കഴിഞ്ഞിരുന്നില്ല. അളിയന്റെ കൂടെ കൂടിയിട്ട് ഇപ്പോൾ ആറ് വർഷങ്ങളായി. ആ മനുഷ്യന്റെ സാമ്പത്തിക സ്ഥിതിയും മോശം തന്നെ… എന്റെ ചിലവിനുള്ള വക ഞാൻ കണ്ടെത്തുന്നുണ്ടെങ്കിലും വീടിന് താങ്ങാവാൻ പറ്റുന്നില്ല. ചില്ലറ ജോലി ചെയ്തുണ്ടാക്കുന്ന പണം മുഴുവനായും വീട്ടിലേക്ക് എത്തിക്കാൻ പറ്റുന്നില്ല… കുപ്പിയെന്നും, സിനിമയെന്നും പറഞ്ഞ് കൂട്ടുകാർ കൂടുമ്പോൾ സമ്പാദിക്കുന്നതൊക്കെ തീർന്ന് പോകുന്നു…

അമ്മൂമ്മ പറഞ്ഞതിൽ കാര്യമുണ്ട്… ദാമൂന്റെ അടുത്തേക്ക് പോകണം… അതിന് തന്നെയാണ് പൂനയിലേക്കെന്ന് എഴുതിയ നൂറ് രൂപ പേഴ്സിൽ ഒളിപ്പിച്ചത്… പക്ഷെ, എപ്പോഴാണ് പോകേണ്ടതെന്ന് മാത്രം തീരുമാനിക്കാൻ കഴിയുന്നില്ല…

ദാമു കുട്ടിക്കാലത്തേയുള്ള കൂട്ടുകാരനാണ്. അവന്റെ അച്ഛന് പൂനയിലാണ് ജോലി. ആ കുടുംബത്തെ മുഴുവൻ അമ്മൂമ്മയ്ക്ക് അറിയാം. കൂടെ പറഞ്ഞയച്ചാൽ ഇവനെ ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് അവന്റെ അച്ഛൻ എത്രയോ തവണകളിലായി പറഞ്ഞിട്ടുണ്ട്… എനിക്ക് സമ്മതം അല്ലായിരുന്നു…

കവലയിലെ കോയിൻ ബൂത്തിൽ നിന്ന് ദാമുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. പഠിത്തം നിർത്തിയ കാര്യം പറഞ്ഞപ്പോൾ കാരണം അവൻ ചോദിച്ചില്ല. ഇനിയെന്താ നിന്റെ പ്ലാനെന്ന് മാത്രം ആരാഞ്ഞു. ഇനിയിയെങ്കിലും ഇങ്ങോട്ട് വരൂവെന്നും പറഞ്ഞു. അമ്മൂമ്മയ്ക്ക് പിന്നെ ആരുണ്ടെടായെന്ന് ചോദിച്ചാണ് ഞാൻ സംസാരം നിർത്തിയത്. അമ്മൂമ്മ എന്റെ ജീവനാണെന്ന് ആരെക്കാളും കൂടുതൽ ദാമൂവിന് അറിയാം…

‘രക്ഷപെടുമെങ്കിൽ പോടാ… ഇടയ്ക്കൊക്കെ വന്നാൽ മതി…?’

പെയിന്റ് പണിക്ക് പോയതിന്റെ കൂലിയുമായി കൂട്ടുകാരോടൊപ്പം കൂടിയപ്പോൾ ഒരുത്തൻ പറഞ്ഞതാണ്. ഞാൻ മിണ്ടിയില്ല. നൂറ് രൂപയുടെ തീവണ്ടിക്കൂലിയിൽ എത്തുന്ന ആ ഇടം എവിടെയാണെന്ന് പോലും എനിക്ക് അറിയില്ല… പറ്റില്ല… അമ്മൂമ്മയുടെ കാലം വരെ ഈ നാട് വിട്ട് എവിടേക്കും പോകില്ല… അമ്മൂമ്മയ്ക്ക് ആരുണ്ടെന്നതിനും അപ്പുറം എനിക്ക് അമ്മൂമ്മ ഇല്ലല്ലോയെന്നത് ചിന്തിക്കാനേ കഴിയുന്നില്ല… അങ്ങനെയൊക്കെ ചിന്തിച്ചാണ് വീട്ടിലേക്ക് നടന്നത്…

‘രഘൂ… നിന്റെ അമ്മൂമ്മ കുഴഞ്ഞ് വീണു… ആശുപത്രിയിലേക്ക് കൊണ്ടുപോയി….’

കേട്ട പാതി കേൾക്കാത്ത പാതി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ബസ്സ് കിട്ടിയില്ല. ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തുമ്പോഴേക്കും അമ്മൂമ്മ പോയിരുന്നു. ഇനിയെങ്കിലും ഈ നാട്ടിൽ നിന്ന് പോടായെന്ന് പറയാൻ പാകം ആ കണ്ണുകൾ അടഞ്ഞിരുന്നു…

ചേച്ചിയെ പോലെ നെഞ്ച് തല്ലി കരയാൻ എനിക്ക് സാധിച്ചില്ല… അളിയൻ സ്ഥലത്ത് ഇല്ലാത്തതാണ്… കാര്യങ്ങളൊക്കെ കൃത്യമായി നടക്കണം… സ്വന്തം മണ്ണിൽ തന്നെ അമ്മൂമ്മയെ ഭദ്രമായി അടക്കം ചെയ്യണം… അച്ഛനും അമ്മയുടെയും അരികിൽ തന്നെയാകാം… ആരുമൊന്നും പറയേണ്ടതില്ല… ഓർമ്മ തെളിഞ്ഞ പ്രായത്തിൽ തന്നെ മരണാനന്തര ചടങ്ങുകളെ കൃത്യമായി കണ്ടതല്ലേ….

മൂന്നാം നാൾ. ബലിയിടൽ കർമ്മമൊക്കെ കഴിഞ്ഞ് ചായ കുടിക്കാൻ ഇരുന്നപ്പോൾ അളിയൻ എന്നോട് പണമെന്തെങ്കിലും ഉണ്ടാകുമോയെന്ന് ചോദിച്ചു. അമ്മൂമ്മയെ കിടത്താൻ പറമ്പ് വൃത്തിയാക്കി കുഴി തോണ്ടിയവർക്ക് കൂലി കൊടുത്തില്ല പോലും… പേഴ്സിൽ നോക്കിയപ്പോൾ പത്തോ ഇരുപതോ രൂപ കാണും… അമ്മൂമ്മയുടെ ചിത്രം കണ്ടപ്പോൾ പൂനയിലേക്കെന്ന് എഴുതി ഒളിപ്പിച്ച് വെച്ച നൂറ് രൂപയെ ഓർമ്മ വന്നു. മറ്റൊന്നും ഓർത്തില്ല. അതെടുത്ത് അളിയന് കൊടുത്തു. ശേഷം, കുളിമുറിയിലേക്ക് നടന്നു. കതക് അടച്ചതിന് ശേഷമാണ് കരഞ്ഞത്… ഇനിയുണ്ടെന്ന് പറയുന്ന കാലത്ത് അമ്മൂമ്മ ഇല്ലല്ലോയെന്ന് ഓർത്ത് വിങ്ങിയത്….

‘ഞാൻ പൂനയിലേക്ക് പോകുകയാണ്…’

നാളുകൾക്ക് ശേഷമുള്ള ഒരു രാത്രിയിൽ ചേച്ചിയോട് ഞാൻ പറഞ്ഞു. നിന്റെ ഇഷ്ടം പോലെയെന്ന് അളിയനും അഭിപ്രായപ്പെട്ടു. മരുമോന്റെ നെറ്റിയിൽ ഉമ്മയും വെച്ച് പടിയിറങ്ങുമ്പോൾ അളിയൻ കുറച്ച് പണം തരാൻ ശ്രമിച്ചിരുന്നു. പേഴ്സ് കാലിയായിരുന്നിട്ടും ഞാൻ വാങ്ങിയില്ല. ഉണ്ടെന്ന് വെറുതേ കള്ളം പറഞ്ഞു… ഇടയ്ക്ക് വരാമെന്ന് മൊഴിഞ്ഞ് ആ മുറ്റത്ത് നിന്ന് ഒഴിയുമ്പോൾ അമ്മൂമ്മയെ ഓർത്തിരുന്നു… കണ്ണുകൾ കലങ്ങിയിരുന്നു…

‘റെയിൽവേ സ്റ്റേഷനിലേക്ക്…’

റോഡിൽ നിന്ന് കൈ കാണിച്ചപ്പോൾ നിർത്തിയ പരിചയക്കാരന്റെ ബൈക്കിൽ കയറി ഞാൻ ചലിച്ചു. ദാമുവിന്റെ വിലാസമെഴുതിയ കത്ത് പോക്കറ്റിലുണ്ട്. അവിടം വരെ എത്താനുള്ള പണമാണ് ഇല്ലാത്തത്… എന്തായാലും റെയിൽവേ സ്റ്റേഷനിലേക്ക് പോകാം. അങ്ങോട്ടേക്കുള്ള തീവണ്ടിയുടെ നേരം ചോദിക്കാം… ടിക്കറ്റൊന്നും എടുക്കാതെ അതിൽ കയറി ഇരിക്കാം… കരുതുന്നതൊന്നും സംഭവിക്കാത്തത് കൊണ്ട് പിന്നെയെല്ലാം, വരുന്നത് പോലെ…

സ്റ്റേഷനിൽ എത്തി. പൂനയിലേക്കുള്ള വണ്ടിയുടെ നേരം ചോദിച്ചപ്പോൾ ആറ് മണിക്കൂർ കാത്തിരിക്കണം പോലും… കാത്തിരുന്നു… കരഞ്ഞ് തളർന്ന ബാല്യം തൊട്ട് അമ്മൂമ്മയുടെ കഥ തീരുന്നത് വരെയുള്ള കാലത്തെ ഓർത്തിരുന്നു…

‘എവിടേക്കാ രഘൂ…?’

ശാന്തിയമ്മാളാണ്… അമ്മൂമ്മയുടെ ഇടത്തിൽ നിന്ന് നടക്കേണ്ട ദൂരമേയുള്ളൂ ശാന്തിയമ്മാളുടെ വീട്ടിലേക്ക്… എന്നോട് വലിയ സ്നേഹമാണ്… ചെറുപ്പത്തിൽ എത്രയോ വട്ടം എന്റെ കവിളിൽ നുള്ളി തന്റെ ചുണ്ടിൽ മുട്ടിച്ചിട്ടുണ്ട്. അതിലും കൂടുതൽ ഐസ് വാങ്ങാൻ കാശും തന്നിട്ടുണ്ട്… എല്ലാത്തിനും അപ്പുറം അടുത്ത് വരുമ്പോഴേല്ലാം തലയിൽ തടവിയിട്ടുണ്ട്…

‘പൂനയിലേക്കാ… ദാമൂന്റെ അടുത്തേക്ക്…!’

ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ശാന്തിയമ്മാൾ പതിവ് തെറ്റിച്ചില്ല. ബെഞ്ചിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്ന്, തലയിൽ തടവി. ഒന്നും പറഞ്ഞില്ല. കൈയ്യിൽ ഉണ്ടായിരുന്ന സഞ്ചിയിൽ കൈയ്യിട്ട് തന്റെ പേഴ്സ് എടുക്കുകയാണ്. ഐസ് വാങ്ങാനുള്ള ചില്ലറയല്ല. ആ പ്രായവുമല്ലല്ലോ…! ഒരു മുഴുവൻ നോട്ട് എന്റെ കൈയ്യിൽ വെച്ച് തന്നു. നന്നായി വരുമെന്ന് പറഞ്ഞ് ഒന്നുകൂടി തലയിൽ തൊട്ടതിന് ശേഷമാണ് ശാന്തിയമ്മാൾ പോയത്…

കണ്ണുകൾ നിർത്താതെ ചോരുകയാണ്. ജീവിതം ഇങ്ങനെയൊക്കെ ആണെങ്കിൽ മനുഷ്യർ സ്തംഭിച്ച് പോകില്ലേയെന്ന സംശയം മാത്രം…! പൂനയിലേക്ക് പോടായെന്ന് അമ്മൂമ്മ ആവർത്തിക്കുകയാണ്. അത് കേട്ട് ശാന്തിയമ്മാൾ തന്ന പണം ഉള്ളം കൈയ്യിൽ ഇരുന്ന് വിറക്കുകയാണ്. എവിടെയൊക്കെ കറങ്ങി വന്നതാണെന്ന് അറിയില്ല…. അതേ നൂറ് രൂപ… അമ്മൂമ്മ ചുരുട്ടി തന്നതിൽ നിന്ന് പേഴ്സിൽ ഒളിപ്പിച്ചപ്പോൾ സംഭവിച്ച മടക്ക് വരെ വ്യക്തം…

അമ്മൂമ്മയ്ക്കായി കുഴി കുത്തിയവർക്ക് കൊടുക്കാൻ അളിയന് കൊടുത്ത അതേ നോട്ട് വീണ്ടും കൈവെള്ളയിൽ വന്നപ്പോൾ പൊള്ളുകയാണ്… അല്ല…! ആയുസ്സ് ഒടുങ്ങും വരെ ഒഴിഞ്ഞ് പോകില്ലെന്ന് പറയാൻ വന്ന അമ്മൂമ്മയുടെ ചൂട് അറിയുകയാണ്…

ചേച്ചിയുടെ മോന്റെ പെൻസിൽ മഷി അപ്പോഴും ആ നോട്ടിൽ നിന്ന് പൂർണ്ണമായി മാഞ്ഞിട്ടുണ്ടായിരുന്നില്ല… പൂനയിലേക്കെന്ന് വ്യക്തമായി വായിക്കാൻ പറ്റുന്നു… അമ്മൂമ്മേയെന്ന് വിളിച്ച് കരഞ്ഞുപോയ ആ നിമിഷത്തെ ഒരു ഉൾപ്പിടപ്പിലൂടെ അല്ലാതെ ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല….!!!

Leave a Reply

Your email address will not be published. Required fields are marked *