Story written by Athira
അവനെന്നെ പ്രണയിച്ചിരുന്നെന്ന് പറയാനാവോ വിളിക്കുന്നത്. ഞാൻ കൂടെ ഇല്ലാതെ ആയപ്പോൾ ഞാൻ ഇല്ലാതെ പറ്റില്ലെന്ന് അവന് തോന്നിയിട്ടുണ്ടാവോ…
ഫോൺ എടുത്ത് ചെവിയോട് ചേർക്കുമ്പോൾ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു.
“ഹെലോ” നരേന്റെ ശബ്ദം. ആദ്യമായി കേൾക്കും പോലെ…
“ദയാ… ഞാൻ… ഞാനൊരു അച്ഛനാകാൻ പോകുന്നു ദയ.” സന്തോഷം കൊണ്ട് കരയുകയാണോ അവനെന്ന് തോന്നി പോയി.
അതെ… അവൻ ആനന്ദത്തിന്റെ പരമോന്നതിയിലാണ്. എന്നോളം ആ ശബ്ദത്തിന്റെ ആഴം അറിയുന്ന മറ്റൊരാളുണ്ടോ..
“ദയ കേൾക്കുന്നില്ലേ നീ.”
“കൺഗ്രാറ്റ്സ് നരേൻ.” ആ ഒരൊറ്റ വാക്കിൽ ആശംസ അറിയിച്ച് കോൾ കട്ട് ചെയ്യാനിരുന്നതാണ്. പക്ഷേ മറുതലയ്ക്കൽ അവന്റെ നിശബ്ദത… അതിന്റെ അർത്ഥം…
“എനിക്ക്… തന്നെയൊന്ന് കാണണം ദയ.”
“എനിക്ക് കണേണ്ട നരേൻ.” ഒരു നിമിഷം ആലോചിക്കപോലും വേണ്ടായിരുന്നു എനിക്ക് മറുപടി പറയാൻ.
“എന്നെ ഇങ്ങനെ കൊ,ല്ലരുത് ദയ. എനിക്ക് പറ്റുന്നില്ല…. നിനക്കറിയോ ഞാനിപ്പോൾ എത്രത്തോളം സന്തോഷിക്കുന്നുവോ അത്രത്തോളം ദുഖിക്കുന്നുമുണ്ട്. ഇപ്പോഴെന്നല്ല ഇനിയും എത്ര വലിയ സന്തോഷങ്ങൾ എന്നെ തേടി എത്തിയാലും നീ എന്നെ ഇങ്ങനെ കൊ,ല്ലാതെ കൊ,ന്നുകൊണ്ടിരിക്കും.
അച്ഛനാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ ആദ്യം ഓർത്തത് നിന്റെ മുഖമാണ് ദയ. എന്നെ സ്നേഹത്തോടെ മാത്രം നോക്കുന്ന നിന്റെ മുഖം. ഒന്ന് ശപിച്ചൂടെ ദയ നിനക്കെന്നെ.”
കണ്ണുകളടച്ചു കരച്ചിലടക്കിപ്പിടിച്ചു നിൽക്കുമ്പോൾ അവനെന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിലെന്ന് കൊതിച്ചു…
കോൾ കട്ട് ചെയ്തത് ഞാനായിരുന്നു.
“ഒന്ന് ശപിച്ചൂടെ ദയ നിനക്കെന്നെ…” അവന്റെ വാക്കുകൾ പിന്നെയും ഓർത്തു.
ഒരോ നിമിഷവും എത്രയോ പ്രണയത്തോടെ അവനെ ഓർത്തുകൊണ്ടിരിക്കുന്ന ഞാൻ അവനെ ശപിക്കാനോ.
വിവാഹം കഴിഞ്ഞും ഞങ്ങൾ രണ്ടാളും ഒന്നിച്ചു ചെന്നൈയിൽ തന്നെയായിരുന്നു… നരേൻ എനിക്ക് പിന്നെയും ആരൊക്കെയോ ആയി മാറുകയായിരുന്നു. അവനിൽ മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയിരുന്നു എന്റെ ജീവിതം.
ആ സമയത്തൊക്കെ നരേന് നാട്ടിൽ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാനായിരുന്നു ആഗ്രഹം. എപ്പോഴും പറയുമായിരുന്നു എനിക്ക് എല്ലാവരെയും തന്നതിന് നിന്നോട് തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്ന്.
അത് പറയുമ്പോഴൊക്കെ അവനെന്റെ കൈത്തണ്ടയിൽ പിടി മുറുക്കും. നെറ്റിയിൽ ചുണ്ട് ചേർക്കും.
“നിനക്കറിയോ ദയ എന്നും നിന്നെ എനിക്ക് വേണമെന്ന് തോന്നിയത് എപ്പോഴാണെന്ന്.” വിവാഹം കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചു പോകും വഴിയായിരുന്നു അവന്റെ ചോദ്യം.
“നിന്റെ അച്ഛനെ കണ്ടത് മുതൽ.” എന്നോട് ഇഷ്ടം പറയും മുൻപ് നരേൻ അച്ഛനെ കണ്ടിരുന്നു എന്നത് തന്നെ എനിക്കൊരു പുതിയ അറിവായിരുന്നു.
“എന്നെ കാണാൻ വേണ്ടി മാത്രമായിരുന്നു അച്ഛൻ അന്ന് ചെന്നൈയിലേക്ക് വന്നത്. മകൾ തിരഞ്ഞെടുത്തയാളെ ഒന്ന് നേരിൽ കാണാൻ. അന്നൊക്കെ നിന്നോട് സൗഹൃദത്തിൽ കവിഞ്ഞു എന്തെങ്കിലും ഉണ്ടോയെന്ന് എന്നിൽ തന്നെ തിരയുകയായിരുന്നു ഞാൻ.
പക്ഷേ നിന്റെ അച്ഛൻ എന്നെ മോനെ എന്ന് വിളിച്ചപ്പോൾ നിറുകയിൽ തലോടിയപ്പോൾ ഞാനത് ആഗ്രഹിച്ചിരുന്നു ദയ. നിന്റെ അമ്മയെ അന്ന് അദ്ദേഹം വീഡിയോ കോൾ ചെയ്ത് തന്നു അദ്ദേഹം. ആ സ്നേഹം കണ്ടപ്പോൾ എനിക്കതെന്നും വേണമെന്ന് തോന്നി ദയ.
ആദ്യമായായിരുന്നു എന്നെ നോക്കിയൊരാളിന്റെ കണ്ണിൽ ഞാൻ വാത്സല്യം കണ്ടത്. അച്ഛൻ അമ്മ എന്നൊക്ക പറയുന്നത് അത്ര വലിയ ഒന്നാണെന്ന് ഞാൻ അപ്പോഴാണ് ദയ മനസ്സിലാക്കിയത്. നിന്റെ അച്ഛനെ കണ്ടതിന് ശേഷം.”
അവൻ പറഞ്ഞു നിർത്തുമ്പോൾ നരേൻ എന്നെ പ്രണയിച്ചിരുന്നില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെനിക്ക്. പക്ഷേ കഴിഞ്ഞില്ല.
നരേൻ ആയിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. എനിക്കെന്തും തുറന്ന് പറയാവുന്ന എന്റെ ഏറ്റവും നല്ല സുഹൃത്ത്.
ബെഡ്റൂമിൽ ആദ്യമൊക്കെ അവൻ അകലം പാലിച്ചപ്പോൾ എനിക്കൊന്നും തോന്നിയിരുന്നില്ല. പിന്നെ കുറച്ചു സമയം വേണം അത്രമാത്രം എന്ന് പറഞ്ഞപ്പോഴും കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു.
മനസ്സ് കൊണ്ട് അവൻ അടുത്തുള്ളപ്പോൾ ഞാനത്രമേൽ സന്തോഷിക്കുന്നുണ്ടായിരുന്നു എന്നത് തന്നെയായിരുന്നു അതിന്റെ കാരണവും.
എന്നേക്കാളേറെ നരേൻ സ്നേഹിക്കുന്നത് അച്ഛനെയുന്ന അമ്മയെയും ആണെന്ന് ഓർക്കുമ്പോഴൊക്കെ എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.
അച്ഛന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോഴായിരുന്നു ഞാൻ ചെന്നൈയിലെ ജോലി റിസൈൻ ചെയ്ത് നാട്ടിൽ വന്നത്. എന്നേക്കാൾ അന്ന് നാട്ടിൽ നിൽക്കാൻ തിടുക്കം കാട്ടിയത് നരേൻ ആയിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അതിന് കഴിഞ്ഞില്ല.
ഓരോ വീക്കെന്റിലും അവൻ നാട്ടിലേക്ക് വന്നിരുന്നത് അച്ഛനെ കാണാൻ ആയിരുന്നോ എന്ന് പോലും തോന്നിയിട്ടുണ്ട്. എനിക്കും അമ്മയ്ക്കും ധൈര്യം തരുന്ന നരേൻ തിരികെ ചെന്നൈയ്ക്ക് പോകുമ്പോൾ പലപ്പോഴും അവന്റെ ആസ്സാന്നിധ്യം എന്നെ പൊള്ളിച്ചിരുന്നു.
ഇടയ്ക്ക് ജോലിത്തിരക്കെന്ന കാരണം പറഞ്ഞു നരേന്റെ വരവ് മാസത്തിൽ ഒരിക്കലെന്ന കണക്കിലേക്ക് ചുരുങ്ങിയിരുന്നെങ്കിലും അവൻ തന്ന് മടങ്ങുന്ന കുന്നോളം സ്നേഹം മാത്രം മതിയായിരുന്നു ഞങ്ങൾക്ക്.
ഇടയ്ക്ക് എപ്പോഴോ നരേന്റെ വിളികൾ അച്ഛന്റെയും അമ്മയുടെയും ഫോണിലേക്ക് മാത്രമായി തുടങ്ങി. അങ്ങോട്ട് വിളിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ എനിക്ക് മറുപടി മാത്രം തരുന്ന നരേൻ ശെരിക്കും എനിക്കൊരു അന്യനായി തുടങ്ങുകയായിരുന്നു.
“ഇപ്പോഴും നരേന് എന്നെയൊരു ഭാര്യയായി കാണാൻ കഴിയുന്നില്ലേ. സുഹൃത്ത് എന്നതിനപ്പുറം നിനങ്ങൾക്കെന്നോട് ഒന്നുമില്ലാത്തത് കൊണ്ടാണോ ബെഡ്റൂമിൽ വരുമ്പോൾ എനിക്ക് മുഖം പോലും തരാത്തത്.” ഉള്ളിലടക്കിപ്പിടിച്ച നോവത്രയും അണ പൊട്ടി ഒഴുകുകയായിരുന്നു ആ നിമിഷം.
“ഐ വാണ്ട് യൂ ടു ബി ഓൾ മൈൻ നരേൻ.”
അതിൽ പരിഭവമുണ്ടായിരുന്നു… പരാതിയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും നരേൻ എന്നെ പ്രണയിക്കുന്നില്ല എന്ന തോന്നലിന്റെ… കുറച്ചു കാലമായി അവഗണിച്ചതിന്റെ ഒക്കെ…
“ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു നരേൻ നമ്മൾ ഇത്ര കാലവും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നെന്ന്… നിങ്ങൾ എന്നെ പ്രയിച്ചിരുന്നെന്ന് ഉള്ളത് എന്റെ തെറ്റുധാരണ ആയിരുന്നില്ലേ.
ടെൽ മീ നരേൻ. നിങ്ങളെന്റെയൊരു രോമത്തിൽ പോലും തൊട്ടില്ലെങ്കിലും നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ മതി നരേൻ എനിക്ക്. അത് മാത്രം മതി…” ഒരു പൊട്ടിക്കരച്ചിലോടെ തളർന്നു ഞാൻ ബെഡിലേക്ക് ഇരിക്കുമ്പോൾ “ഐആം സോറി” എന്ന് മാത്രം പറഞ്ഞ് അവനും മുഖം പൊത്തി ബെഡിലേക്ക് ഇരുന്നു.
“എനിക്ക്… എനിക്ക് സംസാരിക്കണം ദയ…” ഏറെ നേരത്തെ നിശബ്ദതയെ ഭേദിച്ചു കൊണ്ടവൻ പറഞ്ഞു.
“ദയ. ഞാൻ… ഞാനൊരു തെറ്റാണ് ദയ. വലിയ തെറ്റ്. എനിക്ക് ഒരു അച്ഛനെയും അമ്മയെയും തന്ന… എന്നെ സ്നേഹത്തിൽ പൊതിഞ്ഞ നിന്നെ… ഐആം സോറി ദയ.
നിന്നോട് പ്രണയം ഉണ്ടോന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷേ എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എനിക്കൊരു സുഹൃത്തും വഴികാട്ടിയും ഒക്കെയാണ് നീ… എനിക്കെല്ലാം.
എനിക്ക് അറിയില്ല ദയ. ഒരു ഭർത്താവ് എന്ന നിലയ്ക്ക് ഞാനൊരു പരാജയമാണ്. എനിക്കറിയാം എന്നിൽ നിന്നും നീ എന്തൊക്കെ ആഗ്രഹിക്കുന്നു എന്ന്. പക്ഷേ എനിക്ക് പറ്റുന്നില്ല. ഞാൻ തോറ്റുപോകുന്നു.
നിന്നോട് എനിക്ക് സ്നേഹമുണ്ട്. അത്രേ അറിയൂ. അതിന്റെ നിറം എന്താണെന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ദയ. അത് തിരിച്ചറിയാതെ നിന്നെ ഞാൻ മോഹിപ്പിക്കാൻ പാടില്ലാരുന്നു. ഭാര്യയാക്കാൻ പാടില്ലായിരുന്നു.
ഐ ആം സോറി ദയ.” ശില കണക്കെ ഇരുന്ന് എല്ലാം കേട്ടതേയുള്ളൂ ഞാൻ. മുഖം കുനിച്ചിരുന്ന് കരയുന്ന നരേനെ ഞാൻ ഏറെ നേരം നോക്കിയിരുന്നു.
“അവനെന്നെ പ്രണയിച്ചിച്ചിട്ടില്ലേ….” ഞാൻ എന്നോട് തന്നെ ചോദിച്ചു. പിന്നിലേക്ക് ആലോചിച്ചു നോക്കിയപ്പോഴൊക്കെ കിട്ടിയ ഉത്തരത്തിന് നേരെ ഞാൻ മുഖം തിരിച്ചു നിന്നു.
” നമ്മുടെ ഓഫീസിൽ ഒരു കുട്ടിയുണ്ട് ദയ. പുതിയ ആളാണ്. വേദ. അവളും എന്നെപ്പോലെയാണ്. ആരുമില്ലാത്തവൾ. അനാഥ.
സൗഹൃദം ആയിരുന്നു ആദ്യമൊക്കെ. അത് അങ്ങനെയല്ല എന്ന് തോന്നിയപ്പോഴൊക്കെ ഞാൻ എന്നെത്തന്നെ വിലക്കി. പിടി വിട്ടു പോകുമെന്ന് തോന്നുമ്പോഴൊക്കെ നിന്റെ അടുത്തേക്ക് ഓടി വരും.
പക്ഷേ എത്രകണ്ട് ഞാൻ എന്നെത്തന്നെ പറ്റിക്കും. പറ്റണില്ല ദയ. അച്ഛന്റെയും അമ്മയുടെയും മുഖത്ത് പോലും നോക്കാൻ എനിക്ക് ആവുന്നില്ല. നിന്റെ അടുത്ത് വരാൻ കഴിയുന്നില്ല. നിന്നെ നോക്കാൻ പറ്റുന്നില്ല. നിന്നോട് സംസാരിക്കാനും പറ്റുന്നില്ല.
അവൾക്കാരുമില്ല ദയ… ആരും…”
അവസാനത്തെ വാചകം കേട്ടതും ഒരു നിമിഷം എന്റെ ഹൃദയം മിടിക്കാതെ നിന്നെന്ന് തോന്നി. അതിലവന്റെ തീരുമാനമുണ്ടായിരുന്നു. എന്നോടുള്ള യാചന ഉണ്ടായിരുന്നു.
കരയരുതെന്ന് എത്ര പറഞ്ഞിട്ടും കണ്ണുകൾ പെയ്തുകൊണ്ടിരുന്നു. കുനിഞ്ഞിരുന്ന മുഖമുയർത്തി നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ ആ കണ്ണുകൾ എന്നോട് ക്ഷമ ചോദിക്കുകയായിരുന്നു.
“നാരേൻ സന്തോഷായിട്ടിരിക്കണം. എനിക്ക് അത് മാത്രം മതി. ജീവിതം ഒന്നേയുള്ളു നരേൻ. അത് ആർക്ക് വേണ്ടിയും അഭിനയിച്ചു തീർക്കേണ്ടതല്ല.”
എന്റേതാണെന്നൊരു ഹൃദയം മുറവിളി കൂട്ടുമ്പോഴും കരച്ചിലടക്കി ഞാൻ അവനോടത് പറഞ്ഞത് അവനെനിക്ക് അത്രമാത്രം പ്രിയപ്പെട്ടതായ ത്കൊണ്ടായിരുന്നു.
അടുത്ത നിമിഷം ഞാൻ മരിച്ചു വീഴുമെന്ന് തോന്നി…. ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നി.
നോവുകളത്രയും അവന് മുൻപിൽ മറച്ചു പിടിച്ചു… ഉറങ്ങാതെ ഒരു രാത്രി മുഴുവൻ മൗനമായി നീ എന്റേതാണ് നരേൻ എന്ന് പറഞ്ഞു നിലവിളിക്കുമ്പോൾ അത് അവനും അറിഞ്ഞിരുന്നെന്ന് തോന്നി.
ഒരു കട്ടിലിൽ രണ്ടപരിചിതരെ പോലെ കിടക്കുമ്പോഴും ഒക്കെയൊരു സ്വപ്നമായിരുന്നെങ്കിലെന്ന് ആശിക്കുന്ന മനസ്സിനെ ഞാൻ ശകാരിച്ചുകൊണ്ടേയിരുന്നു.
പിറ്റേന്ന് കാലത്ത് ഞാൻ തന്നെയായിരുന്നു ഉടൻ മടങ്ങണമെന്ന് അവനോട് പറഞ്ഞത്. നോവോടെ അവനെന്നെ നോക്കിയപ്പോൾ വികാരങ്ങളില്ലാ ത്തവളെപ്പോലെ ഞാൻ മുഖം തിരിച്ചു.
” എന്നെയൊന്ന് ഹഗ് ചെയ്യുമോ ദയ. ” എയർ പോർട്ടിലേക്ക് കയറും മുൻപ് ഇടറിയ സ്വരത്തോടെ അവൻ ചോദിച്ചു.
കണ്ണുനീരിന്റെ നനവറിഞ്ഞപ്പോൾ അവനിൽ നിന്നും ഞാൻ വേർപെട്ടുമാറി…
ചെന്നൈയിൽ തിരികെ എത്തിയ നരേൻ ഒരു പെണ്ണിന്റെ കൂടെ ഒന്നിച്ചൊരു വീട്ടിൽ താമസിക്കുന്നുവെന്ന് ഇസയും ഫ്രഡിയും ഒക്കെ എന്നെ വിളിച്ചറിയിച്ചിരുന്നു.
ഡിവോഴ്സ് കിട്ടും മുൻപേ അവർ ഒന്നിച്ചു താമസം തുടങ്ങിയപ്പോഴായിരുന്നു മറ്റുള്ളവരുടെ കണ്ണിലും നരേൻ ഒരു വലിയ തെറ്റായത്.
പക്ഷേ ഞാൻ… ഞാനവനെ വെറുത്തിരുന്നില്ല. സ്നേഹം… വാത്സല്യം അങ്ങനെ ഇന്നുവരെ അനുഭവിക്കാൻ ഭാഗ്യം കിട്ടാത്ത പലതും കാട്ടിയാണ് അവനെ ഞാൻ എന്റേതാക്കിയത്.
ഒരുപക്ഷേ അതിനിടയിൽ എന്നോടുള്ള സ്നേഹം എന്തായിരുന്നെന്ന് തിരിച്ചറിയാൻ അവനും കഴിഞ്ഞിരുന്നിരിക്കില്ല.
പക്ഷേ അന്നുമിന്നും എന്റെ പ്രണയം ഇന്നും ഞാൻ ഊരിമാറ്റാത്ത എന്റെ കഴുത്തിലെ താലിയുടെ അവകാശി മാത്രമാണ്.
പലപ്പോഴും നരേൻ എന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ജീവിതം നശിപ്പിക്കരുതെന്ന്. പുതിയൊരു ജീവിതം തുടങ്ങണമെന്ന്.
ഇലകൾ പൊഴിഞ്ഞിട്ടും ചില്ലകൾ വരണ്ടുണങ്ങിയിട്ടും നിന്റെ ഓർമ്മകൾ എന്നിലങ്ങനെ വേരാഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയാതെ വെറുതെയൊരു ചിരിയോടെ ഞാനവനെ കേട്ടിരിക്കും.
വറ്റിവരണ്ടൊരു പുഴപോലെയാണിന്നെന്റെ പ്രണയം. ഒരു പെരുമഴ കാത്ത് ഇന്നും പ്രതീക്ഷയോടെ അതാ മഴമേഘത്തെ നോക്കി നിൽക്കാണ്.
ഹൃദയം പൊട്ടുമാറ് പ്രണയിച്ചു തോറ്റതാണ്… മരിച്ചു വീണതാണ് അവിടെ. ഇനിയൊരു ഉയർത്തെഴുന്നേൽപ്പില്ലാതെ.
പിന്നെ എങ്ങനെയാണ് ഞാനിനിയും പുതിയൊരു ജീവിതത്തിലേക്ക് പോകുന്നത്. പ്രണയിച്ചു മുറിവേറ്റവരൊക്കെ പ്രണയത്തെ ഭയക്കുന്നുണ്ടാകും.
വെട്ടിനുറുക്കിയ ആയുധത്തെ തന്നെ നോവോടെ നോക്കി നിൽക്കുന്നുണ്ടാകും അവരൊക്കെ ഇപ്പോഴും.
നരേനെ ഞാനിന്നും പ്രണയിക്കുന്നോ എന്ന് ചോദിച്ചാൽ മരച്ചു പോയൊരു മനസ്സാണ് എന്റെ ഉത്തരം. പക്ഷേ അന്നും ഇന്നും എന്നും എന്റെ പ്രണയത്തിനൊരു മുഖമേയുള്ളൂ… അത് നരേന്റെതാണ്.
വേദനയായാണെങ്കിലും ഇന്നും ആ ഹൃദയത്തിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന അറിവ് ഒരു സുഖമാണ്. കാരണം ഇനിയൊരു പുനർജ്ജന്മമില്ലാത്ത ദയയെ ഞാൻ നൽകിയത് അവനാണ്. അവന് മാത്രം.
അങ്ങനെയിരിക്കെ ഞാനവനെ എങ്ങനെ വെറുക്കും. അതെ അയാളെ വെറുക്കാൻ എനിക്ക് കാരണങ്ങളേതുമില്ല… അതങ്ങനെയാണ്…
അവസാനിച്ചു…
