ആദ്യമൊക്കെ വളരെ ഉത്സാഹത്തോടെയായിരുന്നു അവൾക്കൊരു തുണയെ അച്ഛനും അമ്മയും തിരഞ്ഞത് എങ്കിൽ പതിയെ അവർക്ക് ഭയമാകാൻ തുടങ്ങി….

എഴുത്ത്:- നില

“” എന്താ അമ്മേ അവർക്കും ഈ വിവാഹത്തോട് താല്പര്യം ഇല്ല എന്ന് പറഞ്ഞല്ലേ??’”

മകൾ ചോദിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകി അതോടെ ഏകദേശം നിലയ്ക്ക് കാര്യം മനസ്സിലായി.. “”” അവര് പൊയ്ക്കോട്ടെ നില മോളെ നിനക്ക് മറ്റൊരു വിവാഹം ഈ അച്ഛൻ കൊണ്ടുവരും ആർഭാടമായി അച്ഛൻ അത് നടത്തി തരും!””

എന്ന് മനോജ് പറഞ്ഞപ്പോൾ നില അച്ഛന്റെ അരികിലേക്ക് എത്തി..

“” അച്ഛാ, എനിക്ക് ഒരു വിവാഹം വേണം എന്ന് ഒരു മോഹവും ഇല്ല നിങ്ങളുടെ താൽപര്യ ത്തിനു വേണ്ടി നിന്നു തന്നു എന്നെ ഉള്ളൂ എനിക്ക് വേറെയും കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ജീവിതത്തിലെ അവസാനവാക്ക് വിവാഹം ആണ് എന്നൊരു ചിന്താഗതി എനിക്കില്ല!””

അവൾ പറഞ്ഞത് കേട്ട് മനോജ് ഒന്നും മിണ്ടിയില്ല എങ്കിലും അവൾക്ക് അറിയാമായിരുന്നു തന്റെ പ്രായത്തിലുള്ള എല്ലാവരുടെയും കല്യാണം കഴിഞ്ഞിട്ടും തന്റെ വിവാഹം നടക്കാത്തതിൽ ആ മനസ്സിൽ ഉള്ള ദുഃഖം..

തന്റെ കുറവ് അറിഞ്ഞു വരുന്നവർ ഒന്നും തനിക്കൊരു ജീവിതം തരാൻ തയ്യാറല്ല.. അവൾ തന്റെ വലതുവശത്തുള്ള കൃത്രിമ കാലിലേക്ക് നോക്കി..

ബിസിനസ് ആയിരുന്നു മനോജിന് അത്യാവശ്യ പച്ച പിടിക്കാൻ തുടങ്ങിയിരുന്നു അങ്ങനെ യാണ് വീട് വെച്ചത് വീടിന്റെ ലോൺ ഒരുവിധം അടുത്ത് തീർന്നപ്പോൾ ഒരു ദിവസം മനോജ് വന്നു പറഞ്ഞു ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാം എന്ന്.

അതിനുശേഷം നിലയും അവളുടെ അനിയൻ നീരജും നിലത്തൊന്നു മല്ലായിരുന്നു.. എത്രയും പെട്ടെന്ന് കാർ വാങ്ങണം വീട്ടിലേക്ക് കൊണ്ടുവരണം എന്നെല്ലാം പറഞ്ഞ് മക്കൾ ബഹളം വച്ചു അത് പ്രകാരമാണ് മനോജ് അങ്ങനെ ചെയ്തത് മുൻപ് ഓടിച്ചു പരിചയം ഉണ്ടെങ്കിലും അത്ര അങ്ങോട്ട് അറിയാ മായിരുന്നില്ല മനോജിനു ഡ്രൈവിംഗ്.

എല്ലാവരെയും കൂട്ടി അടുത്തുള്ള അമ്പലത്തിലേക്ക് പോയതായിരുന്നു പോകും വഴി ചെറിയൊരു ആക്സിഡന്റ്.. മുന്നിൽ ഇരുന്നത് നില ആയിരുന്നു അവൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.. ശക്തമായി ഒരു മരത്തിൽ ചെന്ന് ഇടിച്ചപ്പോൾ മുന്നിലെ ഡോർ തകർന്ന് അവൾ പുറത്തേക്ക് വീണു..

ആ അപകടത്തിൽ വലതു കാലിന് സാരമായി പരിക്ക് പറ്റി ചതഞ്ഞ ആ കാല് എത്രയും പെട്ടെന്ന് മു iറിച്ചു കളഞ്ഞില്ലെങ്കിൽ ഇൻഫെക്ഷൻ വരും എന്ന് ഡോക്ടർമാർ വിധിയെഴുതി.. ഒരു പ്ലസ് ടു കാരിക്ക് തന്റെ വലതുകാൽ നഷ്ടപ്പെട്ടാൽ ജീവിതം എത്രത്തോളം ദുഷ്കരമാവും എന്ന് എല്ലാവരും സങ്കടത്തോടെ ചിന്തിച്ചു പക്ഷേ അപ്പോഴും തളരാൻ നില തയ്യാറായിരുന്നില്ല മുറിച്ചു കളയണമെങ്കിൽ അങ്ങനെയാവട്ടെ എന്ന് അവൾ അച്ഛനോട് പറഞ്ഞു അമ്മയ്ക്കും അച്ഛനും അവളാണ് ധൈര്യം നൽകിയത്.

അവളുടെ ധൈര്യത്തിന് പുറത്ത് അവർ അത് ചെയ്തു..

കൃത്രിമ കാല് വെച്ചതും അതിൽ നടക്കാൻ പഠിച്ചതും എല്ലാം വളരെ പെട്ടെന്നായിരുന്നു… അവളെപ്പറ്റി ഓർത്ത് അഭിമാനം മാത്രമേ ആ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ..

പക്ഷേ അവർ തളർന്നുപോയത് അവൾക്ക് ഒരു വിവാഹം നോക്കിയപ്പോഴാണ്… ആദർശം പറയുന്ന ഇങ്ങനെയുള്ള പെൺകുട്ടികളും മറ്റും മുന്നിലേക്ക് വരണം എന്ന് ഘോരഘോരം പ്രസംഗിക്കുന്ന ആളുകൾ തന്നെ ഒരു കുറവുണ്ട് എന്നതിന്റെ പേരിൽ സ്വന്തം വീട്ടിലേക്ക് അവളെ കൊണ്ടുവരാൻ മടിച്ചു..

പല ആലോചനകളും പകുതിയിൽ വച്ച് മടങ്ങിപ്പോയി എല്ലാത്തിനും കാരണം അവളുടെ കുറവ് തന്നെ..

ആദ്യമൊക്കെ വളരെ ഉത്സാഹത്തോടെയായിരുന്നു അവൾക്കൊരു തുണയെ അച്ഛനും അമ്മയും തിരഞ്ഞത് എങ്കിൽ പതിയെ അവർക്ക് ഭയമാകാൻ തുടങ്ങി..

തങ്ങളുടെ കാലശേഷം അവൾ ഒറ്റപ്പെടുമോ എന്ന് അവർ ഭയപ്പെട്ടു..

അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നത്.. അയാളെ നീലയ്ക്ക് നല്ല പരിചയം ഉണ്ടായിരുന്നു അവളുടെ കൂടെ സ്കൂളിൽ പഠിച്ച അനുമോദ്..

ഒരിക്കൽ അവളോട് ഇഷ്ടമാണ് എന്ന് അവൻ പറഞ്ഞിരുന്നു പക്ഷേ അന്ന് അത്ര കാര്യമായി എടുത്തില്ല അവൻ ഇത്രയും കാലം തന്നെ മനസ്സിലിട്ട് നടക്കുകയായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.

“” ഞാൻ നിങ്ങളുടെ ജാതിയല്ല പക്ഷേ എനിക്ക് ഒരുപാട് കാലമായി നിലയോട് ഭയങ്കര ഇഷ്ടമാണ് ഞാൻ അത് അവളോട് തുറന്നു പറഞ്ഞിട്ടുമുണ്ട് ഇപ്പോൾ അവൾക്കൊരു കുറവുണ്ട് എന്നതിന്റെ പേരിൽ അവസരം മുതൽ എടുക്കാൻ വേണ്ടി വന്നതല്ല ശരിക്കും ഇഷ്ടമായിട്ട് തന്നെയാണ്!! ഒരു നല്ല ജോലി നേടിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ ഇപ്പോഴാണ് അത്യാവശ്യം നല്ലൊരു ഗവൺമെന്റ് ജോലി കിട്ടിയത് ഇനി അവളെ യാതൊരു കുറവും ഇല്ലാതെ എനിക്ക് നോക്കാൻ കഴിയും എന്നൊരു ഉറപ്പുണ്ട് അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇവിടെ വന്ന് നിന്ന് പെണ്ണ് ചോദിക്കുന്നത്..

അത് കേട്ടതും മനോജിന്റെ കണ്ണുകൾ നിറഞ്ഞു.. അനുമോദിന്റെ കണ്ണിലെ ആത്മാർത്ഥത അയാൾക്ക് കാണാനുണ്ടായിരുന്നു.. എന്റെ മോളെ നിന്റെ കയ്യിൽ ഏൽപ്പിക്കാൻ എനിക്ക് സന്തോഷം മാത്രമേയുള്ളൂ അവളുടെ കണ്ണ് നിറയാതെ നോക്കണം അത് മാത്രമേ ഈ അച്ഛന് പറയാനുള്ളൂ എന്ന് മനോജ് അനുമോദിനോട് പറഞ്ഞു മനോജിന്റെ കൈ പൊതിഞ്ഞു പിടിച്ചായിരുന്നു അനുമോദ് അതിനുള്ള മറുപടി പറഞ്ഞത്..

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അവരുടെ വിവാഹം ഉറപ്പിച്ചു ജ്യോത്സ്യരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ഒരു അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട് പക്ഷേ ആ അമ്പലത്തിലേക്ക് ഒരുപാട് സ്റ്റെപ്പുകൾ കയറി പോണം ഓരോ സ്റ്റെപ്പുകളും പ്രയാസത്തോടെ കയറുന്ന അവളെ തന്റെ രണ്ട് കൈകൾ കൊണ്ട് വാരിയെടുത്തു അനുമോദ്…

പിന്നെ മുകളിൽ ശ്രീ കോവിലിനു മുന്നിൽ കൊണ്ടുപോയി മാത്രമേ നിർത്തിയുള്ളൂ.

അവിടെവച്ച് പ്രാർത്ഥനയോടെ അവളുടെ കഴുത്തിലേക്ക് താലി കെട്ടുമ്പോൾ അനുമോദിന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു അപ്പുറത്ത് മനോജും ഇതെല്ലാം കണ്ട് കണ്ണുകൾ തുടച്ചിരുന്നു കാരണം മനോജിന് ഉറപ്പായിരുന്നു, തന്റെ മകളുടെ കണ്ണ് നിറയാൻ പോലും സമ്മതിക്കാതെ അനുമോദ് അവളെ പൊന്നുപോലെ നോക്കും എന്ന്..

വിവാഹം കഴിഞ്ഞതിനുശേഷം അവരുടെ പ്രതീക്ഷയെക്കാൾ മുകളിലായിരുന്നു അനുമോദ്.. ഡാൻസ് പഠിച്ച നിലയെ അവൻ ആദ്യം കാട്ടിക്കൊടുത്തത് സുധാചന്ദ്രന്റെ ഡാൻസ് വീഡിയോസ് ആയിരുന്നു..

അത് കണ്ടതും ഇൻസ്പെയർ ആയി അവളും ഡാൻസ് പ്രാക്ടീസ് തുടങ്ങി.. ഒന്നര വർഷം കൊണ്ട് അത്യാവശ്യം ആ കാല് അവളുടെ നിയന്ത്രണത്തിൽ വന്നു… മനോഹരമായി അവൾ നൃത്തം ചെയ്തു… ലോകത്ത് അവൾക്ക് അവളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു..

ഓരോ സ്റ്റേജിലും കയറുമ്പോൾ അവൾ നന്ദിയോടെ അനുമോദിനെ നോക്കും… അവൻ കൂടെ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും തനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നില്ല.. ചിലപ്പോൾ തന്റെ കുറവിനോട് പോലും അവൾക്ക് സ്നേഹം തോന്നും കാരണം അതൊന്ന് ഉണ്ടായതുകൊണ്ട് മാത്രമാണ് അനുമോദിനേ തനിക്ക് കിട്ടിയത്…

ജീവിതത്തിൽ സന്തോഷം മാത്രമായിരുന്നു പിന്നീട് അങ്ങോട്ട്… ചില നല്ല മനസ്സുള്ളവർ കൂടെയുണ്ടെങ്കിൽ എന്ത് കുറവുകളും മറക്കാൻ കഴിയും എന്ന് അവൾക്ക് ബോധ്യമായി

Leave a Reply

Your email address will not be published. Required fields are marked *