​അല്ലേലും നിങ്ങടെ സാരി തുമ്പിൽ തൂങ്ങുന്ന നിങ്ങടെ മോനെ ഇനി എനിക്ക് വേണ്ട!!…..

Story written by Jk

​”അല്ലേലും നിങ്ങടെ സാരി തുമ്പിൽ തൂങ്ങുന്ന നിങ്ങടെ മോനെ ഇനി എനിക്ക് വേണ്ട!!”

രാജിയുടെ വാക്കുകൾ ആ വീടിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. വർഷങ്ങളായി ഉള്ളിലൊതുക്കിയ അമർഷവും വേദനയും ആ ഒരൊറ്റ വാചകത്തിൽ പുറത്തേക്ക് ഒഴുകുകയായിരുന്നു. രാജിയുടെ നാവിൽ നിന്ന് വീണ വാക്കുകൾ കേട്ട് ഭാരതിയമ്മ ഒന്ന് ഞെട്ടി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രാജിയെയാണ് അവർ ഇന്ന് കാണുന്നത്. കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ കയറിയ അന്നു മുതൽ ഒരു പാവയെപ്പോലെ അവർ പറയുന്നതിനൊക്കെ തലയാട്ടി നിന്ന ആ പെൺകുട്ടിയല്ല ഇത് എന്ന് അവർക്ക് തോന്നി..

​മൂന്ന് വർഷം മുൻപാണ് രാജിയും ഹരിയും വിവാഹിതരായത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഒരു ബാങ്ക് എംപ്ലോയി ആണ് ഹരി, കാണാനും മിടുക്കൻ ആകെക്കൂടി ഉള്ളത് ഒരു പെങ്ങളാണ് അവളുടെ കല്യാണം കഴിഞ്ഞു വേറെ ബാധ്യത ഒന്നുമില്ല!! അതോടെ വിവാഹ കമ്പോളത്തിൽ ഹരിക്ക് മാർക്കറ്റ് കൂടി. ഏതു പെണ്ണിനേയും കാണുമ്പോൾ ഓരോ കുറ്റം പറഞ്ഞ അവൻ രാജയെ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ട് സമ്മതം മൂളി..
കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ വിവാഹം ഉറപ്പിച്ചു…

ഒരുപാട് സ്വപ്നങ്ങളുമായാണ് രാജി ആ വീട്ടിലേക്ക് വന്നത്. പക്ഷേ, ആദ്യരാത്രി മുതൽ അവൾക്ക് മനസ്സിലായി, ആ വീട്ടിൽ ഹരിക്ക് സ്വന്തമായി തീരുമാനങ്ങൾ ഒന്നുമില്ല എന്ന്…എന്തും അമ്മ പറയുന്നതു പോലെ അനുസരിക്കുന്ന ഒരു പാവയാണ് അയാൾ… ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ട ഭാരതീയമ്മ പിന്നീട് ജീവിച്ചത് പോലും അവർക്ക് വേണ്ടി ആയിരുന്നു.. ഹരിക്കും അവന്റെ പെങ്ങൾ ഹരിതയ്ക്കും.. ഹരിതയുടെ കാര്യത്തിൽ കൂടുതൽ സ്വാർത്ഥത ഒന്നും അവർക്കില്ല ഇനി ഉണ്ടെങ്കിൽ തന്നെ ഹരിത അത് സമ്മതിച്ചു കൊടുക്കാനും പോകുന്നില്ല.. എന്നാൽ ഹരി അങ്ങനെ ആയിരുന്നില്ല..

​ഹരിക്ക് സ്വന്തമായി ഒരു ഇഷ്ടമില്ലായിരുന്നു. അമ്മ പറയുന്നതാണ് അവന് വേദവാക്യം. രാവിലെ എണീക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ അമ്മയുടെ നിർദ്ദേശങ്ങൾ വേണം.

ഇതുവരെ അത് വലിയ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ വിവാഹം കഴിഞ്ഞതോടെയാണ് അതൊരു വലിയ പ്രശ്നമായി തീർന്നത്.. മകനെ മരുമകൾക്ക് വിട്ടുകൊടുക്കാൻ അമ്മായി അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു..

തിരിച്ചുഹാരിക്കും അങ്ങനെ തന്നെ ആയിരുന്നു ഭാര്യയെക്കാൾ ജീവിതത്തിൽ അയാൾ അമ്മയ്ക്ക് സ്ഥാനം കൊടുത്തു… ഭാര്യക്ക് അവളുടെ സ്ഥാനം നിഷേധിച്ചു… തന്നെപ്പോലെ അമ്മയുടെ ആജ്ഞയ്ക്കൊത്ത് നിൽക്കുന്ന വെറും ഒരു പാവയായി തീരണം എന്നായിരുന്നു അയാളുടെയും ആഗ്രഹം അത് ആദ്യരാത്രിയിൽ തന്നെ അയാൾ തുറന്നു പറയുകയും ചെയ്തു.

ഒരുപാട് ക്ലേശങ്ങൾ സഹിച്ചാണ് അമ്മ എന്നെയും ഹരിതയെയും വളർത്തി വലുതാക്കിയത് അതുകൊണ്ട് ഇനിയുള്ള കാലം അമ്മയ്ക്ക് സന്തോഷം മാത്രം കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. അമ്മ എന്തെങ്കിലും പറഞ്ഞാൽ അത് അതേപടി അനുസരിക്കണം… അമ്മയുടെ കണ്ണ് നിറയുന്നത് ഒന്നും നിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല!!!

ഒരു മകന്റെ അമ്മയോടുള്ള കരുതൽ മാത്രമായി അവൾ അതിനെ കണ്ടു എന്നാൽ അത് തന്റെ ജീവിതത്തിൽ വീഴാൻ പോകുന്ന കരിനിഴൽ ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു.

ഹരിക്ക് എന്ത് ഇഷ്ടമാണെന്നോ, അവന്റെ താല്പര്യങ്ങൾ എന്താണെന്നോ രാജിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. കാരണം ഹരിക്ക് അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. അമ്മ വിളമ്പുന്ന ഭക്ഷണം, അമ്മ തിരഞ്ഞെടുക്കുന്ന വസ്ത്രം, അമ്മ നിശ്ചയിക്കുന്ന യാത്രകൾ… ഹരി വെറുമൊരു നിഴൽ മാത്രമായിരുന്നു.
​ആദ്യം രാജി കരുതി, ഹരിക്ക് അമ്മയോടുള്ള ബഹുമാനവും സ്നേഹവുമാണ് ഇതെന്ന്. പക്ഷേ കാലം കടന്നുപോയപ്പോൾ അത് സ്നേഹം ഒന്നുമല്ല മറിച്ച് സ്വന്തം വ്യക്തിത്വം പണയം വെക്കലാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവർ രണ്ടുപേരും പുറത്തുപോകാൻ ഒരുങ്ങുമ്പോൾ ഭാരതിയമ്മ ഉമ്മറത്ത് വരും.
​”ഹരീ, ഈ വെയിലത്ത് അവളെയും കൊണ്ട് എങ്ങോട്ടാ? കുറച്ച് കഴിഞ്ഞു പോയാൽ പോരേ? അല്ലെങ്കിൽ ഞാനും കൂടി വരാം, അവിടെ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.”

അമ്മയുടെ ഒപ്പം വരാനുള്ള ആഗ്രഹം കേൾക്കുമ്പോൾ ഹരിയുടെ മുഖത്ത് സന്തോഷമാണ് മിന്നുക. “എന്നാ അമ്മയും കൂടി വന്നോളൂ” എന്ന് അവൻ പറയുമ്പോൾ, കാറിന്റെ പിൻസീറ്റിൽ തനിച്ചിരിക്കുന്ന രാജിയുടെ മുഖത്തെ നിരാശ അവൻ കാണാറില്ലായിരുന്നു. ഒരു സിനിമയ്ക്ക് പോകുമ്പോൾ അവിടെയും ഉണ്ടാകും അവർ, കാറിന്റെ മുൻപിൽ ഒരിക്കലും അവർ രാജിയെ ഇരിക്കാൻ സമ്മതിക്കില്ല ഹരിയോട് ചേർന്ന് അവർക്ക് തന്നെ ഇരിക്കണം.. തന്റെ വീട്ടിലേക്ക് പോകാൻ പോലും അവർ അനുവദിക്കില്ല താൻ അവിടെ പോയി നിൽക്കുമ്പോൾ ഹരിയും അവിടെ വന്നു നിന്നാലോ എന്ന ഭയമാണ് വൃത്തികെട്ട സ്ത്രീക്ക്..

​പലപ്പോഴും രാജി ഹരിയോട് തനിച്ച് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. “ഹരിയേട്ടാ, നമുക്ക് നമ്മുടെ കാര്യങ്ങൾ സ്വന്തമായി തീരുമാനിച്ചു കൂടെ? എന്തിനാണ് എല്ലാത്തിനും അമ്മയുടെ സമ്മതം ചോദിക്കുന്നത്?” എന്നൊക്കെ
​അപ്പോഴൊക്കെ ഹരിയുടെ മറുപടി ഒന്നുതന്നെയായിരുന്നു. “എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ രാജി. അമ്മ പറയുന്നത് കേൾക്കുന്നത് കൊണ്ട് നിനക്ക് എന്താ ഇത്ര കുഴപ്പം? അമ്മയ്ക്ക് നമ്മളെക്കാൾ അനുഭവപരിചയം ഉണ്ടല്ലോ.”
​അനുഭവപരിചയത്തിന്റെ പേരിൽ തന്റെ സ്വകാര്യതയെപ്പോലും ചോദ്യം ചെയ്യുന്ന അമ്മായി അമ്മയെ രാജിക്ക് സഹിക്കാനായില്ല. ബെഡ്റൂമിലെ വിരി മാറ്റുന്നത് മുതൽ ഹരിയുടെ ഓഫീസിലെ കാര്യങ്ങൾ വരെ അമ്മയുടെ തീരുമാനമായിരുന്നു. എന്തിന്, അവർക്കൊരു കുഞ്ഞ് വേണമെന്ന കാര്യത്തിൽ പോലും ഭാരതിയമ്മ ജാതകവും ഗ്രഹനിലയും നോക്കി സമയം നിശ്ചയിച്ചു.
​ഒരിക്കൽ രാജിയുടെ അച്ഛന് ഒട്ടും വയ്യ എന്ന് പറഞ്ഞ് അവിടെ നിന്ന് ഫോൺ വന്നു.

അത് കേട്ട് ഭയന്ന് രാജി തന്റെ വീട്ടിലേക്ക് രണ്ടു ദിവസം നിൽക്കാൻ പോകണമെന്ന് പറഞ്ഞു. “ഇപ്പൊ പോകണ്ട, നിന്റെ ചേച്ചി വന്ന് നിൽക്കട്ടെ നിനക്ക് അടുത്ത മാസം പോകാം” എന്നായിരുന്നു ഭാരതിയമ്മയുടെ വിധി. ഹരി അതേറ്റു പാടി. രാജിയുടെ അച്ഛന് സുഖമില്ലാത്ത സമയത്ത് പോലും അമ്മയുടെ സമ്മതത്തിനായി ഹരി കാത്തുനിന്നത് അവളെ വല്ലാതെ തളർത്തിക്കളഞ്ഞു.
അന്നുമുതലാണ് അവൾ മാറി ചിന്തിക്കാൻ തുടങ്ങിയത്..

എനിക്ക് പോയേ പറ്റൂ എന്നും പറഞ്ഞ് അവരുടെ രണ്ടുപേരുടെയും സമ്മതത്തിന് കാത്തുനിൽക്കാതെ അവൾ ഇറങ്ങി.. അത് വലിയ പ്രശ്നമായി ഒടുവിൽ എല്ലാവരും ഇടപെട്ട് അത് സോൾവ് ചെയ്ത് വീണ്ടും അവൾ ആ നരകത്തിൽ തന്നെ വന്നു കയറി.

അവർ അവളെ വാക്കുകൾ കൊണ്ട് കുത്തി നോവിക്കാൻ തുടങ്ങി എല്ലാം സഹിച്ച് അവൾ പിന്നെയും അവിടെ പിടിച്ചുനിന്നു..

​ അതിനുശേഷം മറ്റൊരു പ്രശ്നം കൂടി ഉണ്ടായി.

രാജിയുടെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ അവൾ നേരത്തെ തയ്യാറെടുത്തതാണ്. ഹരിയോട് അവൾ പ്രത്യേകം പറഞ്ഞിരുന്നു, ചെറുപ്പം മുതൽ ഉള്ള കൂട്ടുകാരിയാണ് ഈ വിവാഹത്തിന് പോകാതിരിക്കാൻ കഴിയില്ല എന്ന് അവൾ ഹരിയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു..

“” നിനക്കെന്താ രാജീവ് എന്റെ അമ്മ നമ്മളെ പോകാൻ സമ്മതിക്കും എന്നായിരുന്നു ഹരി പറഞ്ഞത്!!” ഹരി ചോദിച്ചപ്പോൾ ഭാരതീയ പോകണ്ട എന്ന് പറഞ്ഞില്ല..

നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ എന്ന ഭാവം ആയിരുന്നു അവർക്ക് അതോടെ ഹരി രാജിക്ക് നേരെ തിരിഞ്ഞു.. കണ്ടോ ഞാൻ പറഞ്ഞില്ലേ എന്റെ അമ്മ ഒരു പാവമാണ്…

ഹരി പറഞ്ഞു എന്നാൽ അവൾക്ക് ഇതൊന്നും അത്ര വിശ്വസിക്കാൻ കഴിഞ്ഞില്ല എന്തോ അമ്മ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് അവൾക്ക് അറിയാമായിരുന്നു.

എന്തായാലും കല്യാണത്തിന്റെ അന്ന് രാവിലെ വരെ അവർ പ്രശ്നം ഉണ്ടാകാത്തത് അവൾക്ക് ഒരു ആശ്വാസമായി.. ഒരുങ്ങി ഇറങ്ങാൻ തുടങ്ങിയപ്പോൾ ഭാരതിയമ്മക്ക് എന്നും ഇല്ലാത്ത ഒരു നെഞ്ചുവേദന അത് തങ്ങൾ ഒരുമിച്ചു പോകുന്നത് ഇല്ലാതാക്കാൻ ആണ് എന്ന് അവൾക്ക് മനസ്സിലായി എന്നാൽ ഹരി ആകെ ടെൻഷനിൽ ആയിരുന്നു…

“” ഹോസ്പിറ്റലിൽ പോകാം അമ്മേ എന്ന് അവൻ പറഞ്ഞപ്പോൾ കുറച്ചുനേരം കിടന്നാൽ മതി എന്ന് പറഞ്ഞു..

” ഹരിയേട്ടാ അപ്പുറത്തെ ലീല ചേച്ചിയോട് ഇവിടെ വന്ന് ഇരിക്കാൻ അറിയാം നമുക്ക് പോകാം ഇനിയും വൈകിയാൽ..!!””

എന്ന് രാജി പറഞ്ഞതും ഹരി അവളുടെ നേരെ ഒരു ചാട്ടം ആയിരുന്നു.. അമ്മയ്ക്ക് വയ്യാത്തപ്പോൾ പോകണം എന്ന് പറയാൻ ഇത്രയും ദുഷ്ട മനസ്സായിരുന്നോ നിന്റേത് എന്നും പറഞ്ഞ്..

​ഇതായിരുന്നു രാജിയുടെ ക്ഷമയുടെ അവസാന ബിന്ദു. അവൾ അകത്തേക്ക് കയറിപ്പോയി അലമാര തുറന്നു. തന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും ഒരു ബാഗിലേക്ക് വാരിയിട്ടു. ഹരിയും അമ്മയും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ബാഗുമായി ഉമ്മറത്തേക്ക് വന്ന രാജിയെ കണ്ട് അവർ സ്തംഭിച്ചു പോയി.
​”നീ എങ്ങോട്ടാ ഈ ബാഗുമായിട്ട്?” ഹരി അത്ഭുതത്തോടെ ചോദിച്ചു.

​”എന്റെ വീട്ടിലേക്ക്. ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവ് ഉണ്ടാവില്ല ഹരിയേട്ടാ.”
​ഭാരതിയമ്മ ഉടൻ തന്നെ രംഗത്തെത്തി. “ഇതെന്നാ തമാശയാണോ കൊച്ചേ? ഒരു കാര്യവുമില്ലാതെ ഇങ്ങനെ ഇറങ്ങിപ്പോകാൻ പാടുണ്ടോ? ഹരി നീ എന്തെങ്കിലും പറ.”

​ഹരി തല ചൊറിഞ്ഞുകൊണ്ട് നിന്നു. “രാജി, അമ്മ പറയുന്നത് കേൾക്ക്. നമുക്ക് സംസാരിച്ച് തീർക്കാം. അമ്മയ്ക്ക് വിഷമമാവില്ലേ?” ഹരി പറഞ്ഞു.. അവൾ ഒന്നും മിണ്ടിയില്ല..

“” നോക്ക് പിന്നെ നിനക്ക് തോന്നിയത് പോലെ ഇറങ്ങിപ്പോയാൽ പിന്നെ എന്റെ ചെറുക്കൻ നിന്നെ വിളിക്കാൻ വരില്ല!”

ഭാരതീയമ്മ പറഞ്ഞു ഈ വാചകമാണ് അവളെ പൊട്ടിത്തെറിപ്പിച്ചത്. അപ്പോഴാണ് അവൾ പറഞ്ഞത്: “അല്ലേലും നിങ്ങടെ സാരി തുമ്പിൽ തൂങ്ങുന്ന നിങ്ങടെ മോനെ ഇനി എനിക്ക് വേണ്ട!!” രാജി അത് പറഞ്ഞപ്പോൾ ഹരി അമ്മയുടെ മുഖത്തേക്ക് നോക്കുകയായിരുന്നു, എന്ത് ചെയ്യണം എന്നറിയാതെ. രാജിക്ക് ചിരിയാണ് വന്നത്. ഇത്രയും കാലം താൻ ആരെയാണ് സ്നേഹിച്ചത്? സ്വന്തമായി ഒരു നിലപാടെടുക്കാൻ ധൈര്യമില്ലാത്ത, അമ്മയുടെ തണലിൽ മാത്രം വളരുന്ന ഒരു മുതിർന്ന കുട്ടിയെയോ?

“നിങ്ങൾക്കൊരു ഭാര്യയെയല്ല ഹരിയേട്ടാ വേണ്ടത്, നിങ്ങളുടെ കൂടെ കളിക്കാൻ ഒരു പാവയെയാണ്. അതിന് എന്നെ കിട്ടില്ല. സ്വന്തം കാലിൽ നിൽക്കാൻ എന്ന് തോന്നുന്നുവോ, അന്ന് മാത്രം എന്നെ വന്ന് കണ്ടാൽ മതി. നിങ്ങൾ വരില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങൾക്ക് മാറാൻ കഴിയില്ല അതുകൊണ്ട് ഇനി എനിക്ക് എന്റെ വഴി നിങ്ങൾക്ക് നിങ്ങളുടെ വഴി..

അതും പറഞ്ഞു .” ​രാജി ആ വീട്ടിൽ നിന്നും പടിയിറങ്ങി. ഗേറ്റ് കടക്കുമ്പോൾ അവളുടെ ചുമലിൽ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി. പിന്നിൽ ഭാരതിയമ്മയുടെ ശകാരങ്ങളും ഹരിയുടെ വിളികളും കേൾക്കാ മായിരുന്നു. പക്ഷേ അവൾ തിരിഞ്ഞു നോക്കിയില്ല. ​ഓട്ടോയിൽ ഇരിക്കുമ്പോൾ അവൾ തന്റെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു..

“അച്ഛാ, ഞാൻ വരികയാണ്.!! ഇനി എനിക്ക് ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല!!” അവൾ ഇവിടുത്തെ ജീവിതത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞു കൊടുത്തിരുന്നു അന്നേരം അച്ഛൻ തന്നെയാണ് അവളോട് ഇനി അവിടെ കടിച്ചു തൂങ്ങി നിൽക്കേണ്ട ഇങ്ങ് വന്നോളാൻ പറഞ്ഞത്..

​മറ്റൊരാളുടെ സാരിത്തുമ്പിൽ തൂങ്ങുന്ന ഒരാളെക്കാൾ നല്ലത്, സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് അവൾ തിരിച്ചറിഞ്ഞു. മഴ പെയ്തു തോർന്ന ഒരു ആകാശം പോലെ രാജിയുടെ മനസ്സ് അപ്പോൾ ശാന്തമായിരുന്നു. ആ വീടിന്റെ പടികൾ ഇറങ്ങിയത് വെറുമൊരു ഇറങ്ങിപ്പോക്കല്ലായിരുന്നു, മറിച്ച് അവൾക്ക് അവളിലേക്കുള്ള ഒരു തിരിച്ചറിവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *