ആരാധികേ…
എഴുത്ത്:-ബാലനന്ദ
എന്തെന്നറിയാത്തൊരാരാധനയുടെ ആരോഹണ സ്വരം പാടി.. 🎶
റേഡിയോയിലൂടെ ഒഴുകി വരുന്ന ഗാനത്തിന് കാതോർത്ത് പുറത്തേക്ക് കണ്ണും നട്ട് അശ്വതി നിന്നു. കണ്ണെത്താ ദൂരത്തോളം പച്ചപ്പ് നിറഞ്ഞ വയൽ. മനോഹരമായ കാഴ്ച.
നീലാകാശത്തിന് താഴെ പച്ചക്കടൽ എന്ന് പറയുന്നത്, ഒരുപക്ഷേ ഇതാകാം.
റേഡിയോയിലെ ഗാനം പിന്നെയും അവളുടെ ശ്രദ്ധ അതിലേക്ക് ക്ഷണിച്ചു.
എന്തെന്നറിയാത്തൊരാരാധനയുടെ ആരോഹണ സ്വരം പാടി..
സ്നേഹ മയൂരമേ നിൻ പദതാളം
ഞാൻ തേടുകയായിരുന്നു
ഇത്രനാളും തേടുകയായിരുന്നു..
എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണ സ്വരം പാടി.. 🎶
ആരാധന.. ഈ ജന്മത്തിൽ ഒരാളോട് മാത്രമേ തോന്നിയിട്ടുള്ളു. കൗമാരത്തിൽ പത്രത്താളുകളിൽ വന്ന ചെറുകഥകളിലൂടെയാണ്, ആ എഴുത്തുകാരനെ അറിഞ്ഞത്. ആരാണെന്നോ എന്താണെന്നോ കൂടുതലായി ഒന്നും തന്നെ അറിയില്ല. കഥകളുടെയെല്ലാം ചുവട്ടിൽ ദേവൻ എന്ന പേരിനൊപ്പം കാണുന്ന മങ്ങിയ ഒരു ഫോട്ടോ, അതായിരുന്നു ആകെ ഉള്ളത്. അദ്ദേഹത്തിന്റെ എഴുത്തിനോട് ഒരു തരം ആസക്തി ആയിരുന്നു. വായിച്ചാലും വായിച്ചാലും മതി വരാത്തതു പോലെ. പ്രണയത്തിന് എന്തെല്ലാം നിർവ്വചനങ്ങൾ. ഒരു പുരുഷന് ഇങ്ങനെയും ഒരു സ്ത്രീയെ സ്നേഹിക്കാൻ കഴിയുമോ. അദ്ദേഹത്തിന്റെ കഥകളിലെ പെൺകുട്ടികൾ എല്ലാം എത്ര സുന്ദരികളാണ്. അല്ലെങ്കിലും സൗന്ദര്യമുള്ള സ്ത്രീകളെ ആർക്കാണ് ഇഷ്ടപ്പെടാൻ കഴിയാതെയിരിക്കുക. പ്രണയം എന്തെന്നറിഞ്ഞു തുടങ്ങിയത് ആ വരികളിലൂടെയാണ്. യൗവ്വനത്തിലേക്ക് ചേക്കേറിയപ്പോൾ ഒരിക്കലെങ്കിലും പ്രണയിക്കപ്പെടാൻ കൊതിച്ചു പോയിട്ടുണ്ട്.
പ്രണയത്തിന്റെ വേദന ശരിക്കും അറിയാവുന്നത്, പ്രണയിച്ചു പരാജയപ്പെട്ടവർക്കാണോ? അല്ലേയല്ല.. ആ വേദന തീർത്തും അനുഭവിക്കു ന്നവർ പ്രണയിക്കപ്പെടാത്തവർ തന്നെയാണ്..പ്രണയത്തിനോട് എന്നും എനിക്ക് പ്രണയമായിരുന്നു. എന്നിട്ടും, എന്നെ പ്രണയിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ഒരുതരം അറപ്പാണ് ഓർമ്മ വച്ചനാൾ മുതൽ പലരിലും കണ്ടത്.
സഹതാപം കൊണ്ടുള്ള സ്നേഹവും കണ്ടിട്ടുണ്ട്. പക്ഷേ, ആ സ്നേഹത്തിന് സൗഹൃദത്തിൽ കവിഞ്ഞൊരു അർത്ഥം കണ്ടെത്താൻ ആരും ധൈര്യപ്പെട്ടില്ല.
പ്രണയിക്കാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടവൾ അതായിരുന്നോ ഞാൻ? ഒരിക്കലുമല്ല, കൗമാര കാലം മുതൽ ഒരാളുമായി ഞാൻ അഗാധ പ്രണയ ത്തിലല്ലേ, ആ എഴുത്തുകാരന്റെ വരികളിലൂടെ അയാളെയല്ലേ ഞാൻ പ്രണയിച്ചിരുന്നത്..
“മോളേ നീ ഇതുവരെ റെഡിയായില്ലേ?”
കട്ടിലിൽ കിടക്കുന്ന അവളുടെ സാരി കണ്ട് വാതിൽ തുറന്നു വന്ന അമ്മ ചോദിച്ചു.
അച്ചു പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണു മാറ്റി അമ്മയെ നോക്കി, അതിന് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.അമ്മ അടുത്ത് വന്ന് അവളുടെ തലയിൽ തലോടി.
“അച്ചു അവർ എത്താറായി, മോള് സാരിയുടുത്ത് ഒന്ന് ഒരുങ്ങിയേ..”
“എന്തിനാ അമ്മേ.. എത്ര തവണയായി ഞാൻ ഈ വേഷം കെട്ടാൻ തുടങ്ങിയിട്ട്.”
“അമ്മയ്ക്ക് വേണ്ടി ഈ ഒരു തവണത്തേക്ക് കൂടി..”
അമ്മ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.അമ്മയുടെ മുഖം കണ്ടിട്ട് വേണ്ടെന്ന് പറയാൻ അവളുടെ നാവ് പൊന്തിയില്ല.യാന്ത്രികമായി അവൾ തലയാട്ടി.അമ്മ അവളെ നോക്കിയൊന്ന് ചിരിച്ച്, നെറുകിൽ ഒരുമ്മ കൊടുത്തിട്ട് സന്തോഷത്തോടെ പുറത്തേക്ക് പോയി.
അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനു വേണ്ടി മാത്രമാണല്ലോ, മകളായ ഞാൻ പെണ്ണ് കാണൽ എന്ന ഈ പ്രഹസനത്തിന് നിന്നു കൊടുക്കുന്നത്.
കെട്ടിക്കാൻ നിനക്ക് താഴെ ഒരാൾ വളർന്നു വരുന്നുണ്ടെന്ന അവരുടെ ഭീക്ഷണിക്ക് മുന്നിൽ, എന്റെ വാശിക്ക് ഒരു സ്ഥാനവും ഇല്ല.പക്ഷേ അവർ മറന്നു പോകുന്ന ഒന്നുണ്ട്, ഓരോ പ്രാവശ്യം വന്നു കണ്ടുപോകുന്നവരും ചേച്ചിയെ വേണ്ട അനിയത്തിയെ ആണെങ്കിൽ കെട്ടാമെന്ന് പറഞ്ഞിട്ട് പോകുമ്പോൾ, മുറിവേൽക്കുന്ന എന്റെ ഹൃദയം. ആർക്കും വേണ്ടാത്തവളായി ഞാൻ മാറിയത് എന്റെ തെറ്റാണോ.. ഒന്നര വയസ്സുള്ളപ്പോൾ മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്നു ദേഹത്തിന്റെ മുക്കാൽ ഭാഗവും മാരകമായ രീതിയിൽ പൊള്ളലേറ്റിട്ടും, ജീവനോടെ തിരിച്ചു വന്നത് എന്റെ തെറ്റാണോ. ഒന്നും ആരുടെയും തെറ്റല്ല അമ്മയേയും കുറ്റം പറയാൻ പറ്റില്ല. എല്ലാവരും അമ്മയുടെ ശ്രദ്ധക്കുറവാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയതെന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോഴെല്ലാം, ഞാൻ ചേർത്തു പിടിച്ചിട്ടേയുള്ളു. മനപ്പൂർവം എന്റെ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന്, എന്നെപ്പോലെ എല്ലാവർക്കും അറിയാം. എന്നിട്ടും അവർ പരിഹസിക്കും അതാണ് ലോകം. ഇന്നും എന്നെ കുറ്റബോധത്തോടെ നോക്കുന്ന അമ്മ മാത്രമാണ്, എന്റെ ഏക വേദന.
സാരി ഒരുവിധം ഉടുത്തു.. മനസ്സില്ലാതെ ചെയ്യുന്നത് കൊണ്ടുതന്നെ ഒന്നും ശരിയാകുന്നുണ്ടായിരുന്നില്ല. പൊള്ളൽ ഉള്ള മുഖത്തിന്റെ പകുതിഭാഗം കൈകൊണ്ട് മറച്ച്, അവൾ കണ്ണാടിയിലേക്ക് നോക്കി. കവിളിലും താടിയിലുമാണ് മുഖത്ത് പൊള്ളലുള്ളത്. കഴുത്തിന്റെ മുക്കാൽ ഭാഗത്തോളം പൊള്ളിയിട്ടുണ്ട്. ഇരു കൈകളിലും മാ,റിടങ്ങളിലും കാലുകലുകളിലും ആയി ശരീരത്തിന്റെ മുക്കാൽ ഭാഗത്തോളം പൊള്ളൽ കാർന്നിട്ടുണ്ട്. കുറച്ചുനേരം നോക്കി നിന്നതിനു ശേഷം അവൾ മുഖത്ത് നിന്നും കൈകൾ എടുത്തു മാറ്റി. പൂർണ്ണ ചന്ദ്രനെ കാർമേഘങ്ങൾ മറച്ചതുപോലെ അവളുടെ മുഖം മങ്ങി.
അവൾക്ക് ചെമ്പൻ നിറമാണ്. കട്ടിയുള്ള പുരികവും വിടർന്ന കണ്ണുകളും അവളുടെ ഭംഗി കൂട്ടി.
പൊള്ളിയുണ്ടായ പാടുകളിൽ കൂടി വിരലോടിക്കുമ്പോൾ അവളുടെ കണ്ണിൽ നീർ തെളിഞ്ഞു.
“ചേച്ചി..”
കണ്ണമർത്തി തുടച്ചിട്ട് അവൾ തിരിഞ്ഞു നോക്കി.
“ചേച്ചി അവർ വന്നിട്ടുണ്ട്, അമ്മ വരാൻ പറഞ്ഞു.”
“മം.. മോള് പൊയ്ക്കോ ചേച്ചി വന്നേക്കാം.”
കൂടുതൽ ഒന്നും പറയാതെ അഞ്ചിത തിരിഞ്ഞു നടന്നു.
എന്നെക്കാളും രണ്ടു വയസ്സിന്റെ കുറവ് മാത്രമേയുള്ളു അവൾക്ക്. ഞാനിങ്ങനെ നിന്ന് പോയതു കാരണം, അവൾക്കും കല്യാണം ഒന്നും നടക്കുന്നില്ല. അതിന്റെ ചെറിയൊരു നീരസം ഈ ഇടെയായി അവൾക്കെന്നോട് ഉണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല, നല്ലൊരാലോചന വന്നിരിപ്പുണ്ട്. പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ടേ അവളുടേത് നടത്തുകയുള്ളു എന്ന വാശിയിലാണ്, അച്ഛൻ.
കണ്ണാടിയിൽ നിന്നും ഒരു പൊട്ടെടുത്ത് നെറ്റിയിൽ വച്ചു. മുടി മൊത്തത്തിൽ പിടിച്ച് ഒരു ക്ലിപ്പിട്ടു. എന്നിട്ട് വിറയ്ക്കുന്ന കാലടികളോടെ അടുക്കളയിലേക്ക് നടന്നു.
അമ്മയുടെ പുറകേ ഉമ്മറത്തേക്ക് നടക്കുമ്പോൾ ഇനിയും എത്രനാൾ ഇങ്ങനെ വേഷം കെട്ടണമെന്നോർത്ത്, എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു.
“ഇതാണ് എന്റെ മൂത്തമകൾ അശ്വതി.”
അച്ഛൻ എന്നെ പരിചയപ്പെടുത്തി കൊടുത്തിട്ടും, മുന്നിൽ ഇരിക്കുന്ന ആളുകളെ തലയുയർത്തി നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. മറ്റൊന്നും കൊണ്ടല്ല, പലയാവർത്തി അനുഭവം ഉള്ളതുകൊണ്ട് വന്നിരിക്കുന്നവരുടെ മുഖഭാവം എന്താണെന്ന കാര്യത്തിൽ, എനിക്ക് ഒരൂഹമുണ്ട്.
“മോള് അകത്തേക്ക് പൊയ്ക്കോളൂ.”
അച്ഛൻ പറഞ്ഞതു കേട്ട് ഞാൻ ആശ്വാസത്തോടെ തിരിഞ്ഞ് നടന്നു.
“പയ്യന് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ, അല്ലേ?”
തിരിഞ്ഞു നടക്കുന്നതിനിടയിൽ പരിചയമില്ലാത്തൊരു സ്വരം കേട്ടു. ചിലപ്പോൾ ചെറുക്കന്റെ ആരെങ്കിലുമാകും.
“അതിനെന്താ ആയിക്കോട്ടെ..”
അച്ഛന്റെ മറുപടി കൂടി കേട്ടത്തോടെ, അവൾ വേഗം മുറിയിലേക്ക് നടന്നു.
‘ഇതിനു മുൻപ് വന്നവരാരും എന്നെ കണ്ടതിനു ശേഷം സംസാരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാൻ.ആളെ ഒന്നു നോക്കിയത് പോലുമില്ലല്ലോ, എന്നെ കണ്ടു കഴിയുമ്പോൾ തന്നെ പോകുമെന്നാണ് ഞാൻ കരുതിയത്. എന്തായാലും എന്നോട് സംസാരിക്കാൻ ഇവിടേക്ക് വരുമല്ലോ, അപ്പോൾ കാണാം. എന്നാലും എന്താകും എന്നോട് ചോദിക്കാനുള്ളത്?’
അവളുടെ ഹൃദയം പതിവിനുവിപരീതമായി പ്രത്യേക താളത്തിൽ മിടിക്കാൻ തുടങ്ങി.
‘എന്താ ഇപ്പൊ ഇങ്ങനെയൊക്കെ?’
ഒരു നിശ്വാസത്തോടെ അവൾ ജനാലക്കമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു..അടുത്തടുത്തു വരുന്ന പദവിന്യാസം കേട്ടിട്ടും തിരിഞ്ഞു നോക്കാനാകാതെ, ഹൃദയത്തിന്റെ ഭാഷ മനസ്സിലാകാതെ അവൾ പുറത്തെ കാഴ്ചകളിൽ തറഞ്ഞു നിന്നു.
“അശ്വതി..”
തിരിഞ്ഞു നോക്കണോ.. നോക്കാതെയിരുന്നാൽ അത് അപമര്യാദയാകില്ലേ.. മനസ്സിൽ നടന്ന പിടിവലികൾക്കൊടുവിൽ, അവൾ അവന് നേരെ നടന്ന് തിരിഞ്ഞു തല താഴ്ത്തി നിന്നു.
“തനിക്ക് എന്നെ കാണണ്ടേ.. നേരത്തെയും എന്റെ മുഖത്ത് ഇയാൾ നോക്കിയില്ലല്ലോ..”
ആദ്യമായിട്ടാണ് ഈ സ്വരം കേൾക്കുന്നതെങ്കിലും ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയൊക്കെയോ പോയി ആ ശബ്ദം പ്രതിധ്വനിക്കുന്നു..ആത്മാവിനു സുപരിചിതമെന്നപോലെ ആ സ്വരം അവൾക്ക് ചുറ്റും വലയം ചെയ്തു.
തലയുയർത്തി ഒന്നേ നോക്കിയുള്ളൂ അവൾ ഞെട്ടി പിന്നോക്കം മാറി..
“ദേ.. ദേവൻ..”
“തനിക്കെന്നെ അറിയാമോ?” അവന്റെ സ്വരത്തിൽ ആകാംഷയുണ്ട്.
“അത്.. ഞാൻ.. ഞാൻ കഥകളൊക്കെ വായിച്ചിട്ടുണ്ട്.”
“മം.. നന്നായി..”
അശ്വതി ദേവന്റെ മുഖത്ത് തന്നെ കണ്ണും നട്ടു നിന്നു. അവന്റെ ഓരോ ഭാവങ്ങളും അവൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇത്രയും നാൾ മനസ്സിൽ ഉടവ് തട്ടാതെ സൂക്ഷിച്ച വിഗ്രഹം, ഒരു നിമിഷം കൊണ്ടു വീണുടഞ്ഞു പോകുമോ എന്നവൾ ഭയപ്പെട്ടു.
“എന്താടോ ഇങ്ങനെ നോക്കുന്നത്?”
“ഒന്നുമില്ല.. ഞാൻ വെറുതെ..”
“മം.. താൻ ഏതുവരെ പഠിച്ചു.?”
“എംഎ മലയാളം.”
“അപ്പോൾ എന്റെ വിഷയം തന്നെ. അല്ല, ജോലിക്കൊന്നും ശ്രമിച്ചില്ലേ?”
“ഉവ്വ്.. ശ്രമിക്കുന്നുണ്ട്.”
“തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ?”
“ഇല്ല..”
“അതെന്താ?”
“എന്തിനാ വെറുതെ.. ഇവിടുന്ന് പോയാൽ പിന്നെ നമ്മൾ തമ്മിൽ കാണാനേ പോകുന്നില്ലല്ലോ.”
“അതെന്താ അങ്ങനെ?
“ഇതിന് മുൻപ് വന്നു പോയിട്ടുള്ളവരെല്ലാം അങ്ങനെ ആയിരുന്നു.”
“മം..”
ഒന്നു മൂളിയിട്ട് ദേവൻ തിരികെ നടന്നു. വാതിൽ പടിയിലെത്തി തിരിഞ്ഞു നോക്കിയ അവൻ, അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
“നമ്മൾ തമ്മിൽ ഇനിയും കാണും, നമ്മുടെ കല്യാണത്തിന്റെ അന്ന്.”
അവിശ്വസനീയതയോടെ അവൻ പോയ വഴിയേ നോക്കി അവൾ നിന്നു.
കാറിന്റെ ശബ്ദം അകന്നു പോകുന്നത് കേട്ട്, അശ്വതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
അമ്മയും അച്ഛനും അഞ്ചിതയും ഹാളിൽ നിന്ന് സംസാരിക്കുകയാണ്.
“പയ്യൻ കൊള്ളാം അല്ലേ നല്ല പെരുമാറ്റം..”
“മം.. നൂറ് പവനും ഈ വീടും അശ്വതി മോൾക്ക് കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്.”
അച്ഛന്റെ സംസാരം കേട്ട് ഹാളിലേക്ക് ചലിച്ച അശ്വതിയുടെ കാലുകൾ നിശ്ചലമായി. കാതുകൾ കൊട്ടിയടച്ചതു പോലെ അവൾക്ക് തോന്നി. അലച്ചു വന്ന കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട്, അവൾ തിരിഞ്ഞു മുറിയിലേക്കോടിക്കയറി വാതിൽ വലിച്ചടച്ചു.
ദേഷ്യം കൊണ്ടും വിഷമം കൊണ്ടും വല്ലാത്തൊരു അവസ്ഥയിൽ, നിരാശയോടെ അവൾ കണ്ണാടിയിൽ കണ്ട തന്റെ രൂപത്തിലേക്ക് മിഴികൾ നട്ടു. ശരീരത്തിൽ നിന്നും സാരി പറിച്ചെറിഞ്ഞു പൊള്ളി വികൃതമായ ശരീരത്തിലേക്കവൾ നോക്കി. കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ മാറു നനച്ചു താഴേക്കൊഴുകിയപ്പോൾ, പൊള്ളിഉണങ്ങിയ പാടുകളിൽ നിന്നും വീണ്ടും വേദന ഉറവയെടുത്തു.
ഇത്രയുംകാലം ആരാധിച്ച വിഗ്രഹം ഒരു നിമിഷം കൊണ്ടു വീണു തകർന്നു.
സ്ത്രീസൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന മഹാൻ, കാണാൻ വിരൂപയായ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചപ്പോഴേ ഞാനോർക്കണമായിരുന്നു, അത് പണത്തൂക്കത്തിന്റെ മേൻമ കൊണ്ടാകുമെന്ന്. ഒരുനിമിഷമെങ്കിലും ഞാൻ അരുതാത്തത് എന്തൊക്കെയോ ആഗ്രഹിച്ചു പോയല്ലോ ഭഗവാനെ.. ഒന്നും വേണ്ടിയിരുന്നില്ല. ഇങ്ങനെ ഒരു കണ്ടുമുട്ടൽ ഉണ്ടായിരുന്നില്ലെങ്കിൽ, നിശ്ശബ്ദമായി ഞാൻ നിങ്ങളെ ആരാധനയോടെ പ്രണയിക്കുമായിരുന്നു. എന്നാൽ, എല്ലാം അവസാനിച്ചില്ലേ, നിങ്ങളെപ്പോലൊരുവനെ ഒരിക്കൽ ആരാധിച്ചിരുന്നല്ലോ എന്നോർത്ത്, സ്വയം എന്നോട് തന്നെ പുച്ഛമാണ് എനിക്കിപ്പോൾ.
നിലത്തൂർന്നിരുന്ന് കട്ടിലിൽ തലവച്ച്, കഴിഞ്ഞു പോയ നിമിഷങ്ങളെ ശപിച്ചുകൊണ്ട് അവൾ ഏങ്ങി.
ഏറെ നേരത്തിനു ശേഷം അമ്മ വാതിൽ തട്ടി വിളിച്ചപ്പോഴാണ്, അവൾ ഞെട്ടി എഴുന്നേറ്റത്. നിലത്തു കിടന്ന സാരി വാരിച്ചുറ്റി കണ്ണുകൾ അമർത്തി തുടച്ചിട്ട്, അവൾ എഴുന്നേറ്റ് വാതിൽ തുറന്നു. അവളുടെ കോലം കണ്ട് അമ്മ സംശയത്തോടെ അകത്തേക്ക് കയറി.
“എന്താ മോളേ, എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്?”
“ഒന്നുമില്ല നല്ല തലവേദന..”
“കുറച്ചുനേരം കിടന്നാൽ മതി മാറും. പിന്നെ, പയ്യനും വീട്ടുകാർക്കും ഒക്കെ നിന്നെ ഇഷ്ടപ്പെട്ടു. അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തണം എന്നാ അച്ഛന്റെ തീരുമാനം. അച്ഛനു പേടിയാ എങ്ങാനും ഈ കല്യാണം തട്ടിമാറി പോകുമോന്ന്.”
“മം.. “
“അമ്മേടെ മോൾക്ക് സന്തോഷം ആയില്ലേ?”
“എന്തിനാ അമ്മേ ഞാൻ സന്തോഷിക്കേണ്ടത്? പണവും സ്വർണവും ഒക്കെ മോഹിച്ചല്ലേ അയാൾ എന്നെ കെട്ടുന്നത്, അല്ലാതെ ആത്മാർത്ഥ പ്രണയം കൊണ്ടൊന്നും അല്ലല്ലോ.”
“നീ എന്തൊക്കെയാ മോളെ പറയുന്നത്, ഇങ്ങോട്ട് ഇഷ്ടപ്പെട്ടു വന്ന കൂട്ടരാ. പിന്നെ നിനക്ക് തരാൻ വേണ്ടി കരുതി വച്ചിരുന്നത് തന്നെയാണ് തരുന്നത്.”
“ഓ.. കിട്ടാനുള്ളതൊക്കെ അറിഞ്ഞ് ഇഷ്ടപ്പെട്ടു വന്നതാകും.”
“നീ അനാവശ്യം പറയരുത്. അങ്ങനെയാണെങ്കിൽ ഇതിന് മുൻപ് വന്നവർക്കും ഇതൊക്കെ കൊടുക്കുമായിരുന്നല്ലോ, അവരാരും സമ്മതിച്ചില്ലല്ലോ.”
“ഇപ്പോൾ തോന്നുന്നു അവരൊക്കെ ആത്മാഭിമാനം ഉള്ളവരായിരുന്നുവെന്ന്.”
അതിന് മറുപടി പറയാതെ, അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അമ്മ മുറിവിട്ടു പോയി. വാതിൽ തുറന്നപ്പോൾ അച്ഛനും അഞ്ചുവും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു അവർ എല്ലാം കേട്ടുവെന്ന് വ്യക്തമാണ്.
“ദേവൻ ഗവണ്മെന്റ് സ്കൂളിലെ മലയാളം മാഷാണ്. അവന് ജീവിക്കാൻ ഇവിടുന്ന് കൊടുത്തിട്ട് വേണ്ട. പിന്നെ, രണ്ടാഴ്ച കഴിഞ്ഞു വരുന്ന വ്യാഴാഴ്ച കല്യാണത്തിന് തയ്യാറായിക്കോളു. ഇതിൽ ഇനി ഒരു എതിരഭിപ്രായം ആരും പറയണ്ട.”
അച്ഛൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞിട്ടു പോയി. അമ്മയും അഞ്ചുവും അച്ഛന് പുറകേ പോയി.
‘എന്തൊക്കെയാണ് ഞാൻ അമ്മയോട് പറഞ്ഞത്? ഒന്നും വേണ്ടായിരുന്നു. എന്നാലും ദേവേട്ടനെ പോലെ സമൂഹത്തിൽ നല്ലൊരു സ്ഥാനത്തു നിൽക്കുന്ന ആൾക്ക് എന്നെപ്പോലൊരു ഭാര്യയെ ഒരിക്കലും അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ എന്തിനു വേണ്ടിയാണ്.. ആർക്കു വേണ്ടിയാണ്, എന്നെ കൂടെ കൂട്ടാൻ തീരുമാനിച്ചത്.’
അലമാരയിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകത്തിൽ നിന്നും ദേവന്റെ അവൾക്കേറ്റവും പ്രിയപ്പെട്ട പുസ്തകം വലിച്ചെടുത്തു താളുകൾ മറിച്ചു…
“”മാമ്പൂവിന്റെ നിറമാണവൾക്ക്. കല്യാണസൗഗന്ധികത്തിനെ പോലെ മനം മയക്കുന്ന ഗന്ധം പേറുന്നവൾ. തുമ്പപ്പൂവിന്റെ നൈർമല്യം ഉള്ളവൾ. നീല ശഖുപുഷ്പം വിടർന്നതു പോലെയുള്ള കരിനീല കണ്ണുകളുള്ളവൾ. പനിനീർപ്പൂ വിതളുകൾ പോലെ ലോലമായ അധരങ്ങളുള്ളവൾ. കുളിച്ചീറനായി ഇരവ് പോലും നാണിക്കുന്ന കേശഭാരത്തിൽ തുളസിപ്പൂവ് ചൂടിയവൾ.
കിളിനാദത്തിൽ എന്റെ കാതോരം, നീ മാത്രമാണ് എന്റെ പ്രണയവും ജീവിതവും എന്ന് മന്ത്രിക്കുന്നവൾ. എന്നോടുള്ള പ്രണയത്തിന്റെ ര,ക്തം വഹിക്കുന്ന നീല ഞരമ്പുകളോടിയ മാറിടത്തിൽ എന്റെ പേരെനിക്ക് കോറിയിടണം. നിന്റെ ആലില വയറിൽ ഒരു കുഞ്ഞു ജീവന്റെ മുദ്ര എനിക്ക് പതിപ്പിക്കണം. എന്റെ പ്രണയം ഇവളോടാണ് കണ്ണുകളിൽ നാണമൊളിപ്പിച്ചു എന്റെ സ്പർശനമേ ൽക്കുമ്പോൾ വിവശയായി എന്റെ മാ,റിൽ ഒളിക്കുന്ന എന്റെ ആത്മാവിന്റെ അംശത്തോട്.””
ബുക്ക് അടച്ചു മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ ജനാലയ്ക്ക് അടുത്തേക്ക് നടന്നു.
എന്തൊരു വിരോധാഭാസമാണ് വിധി എനിക്കുനേരെ വച്ചുനീട്ടിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ സങ്കല്പവും എന്റെ രൂപവും വിപരീത ദിശകളിൽ ആണല്ലോ.
“ചേച്ചി…”
അഞ്ചുവിന്റെ വിളി അച്ചുവിനെ ഓർമ്മകളിൽ നിന്നുണർത്തി.
“എന്താ മോളേ?”
“ഇന്ന് വന്ന ചേട്ടനെ ചേച്ചിക്ക് ഇഷ്ടായില്ലേ?”
‘അത് മോളേ.. ഇല്ല ചേച്ചിക്ക് കുഴപ്പമില്ല.. അച്ഛൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞല്ലോ. മാത്രമല്ല ഇനിയും ചേച്ചി കാരണം എന്റെ അനിയത്തിക്ക് ഒരു ബുദ്ധിമുട്ടുണ്ടാകില്ല.”
“എന്റെ കാര്യം ഓർത്താണ് ചേച്ചി ഇതിന് സമ്മതിച്ചതെങ്കിൽ വേണ്ട,
ചേച്ചിക്ക് ഇഷ്ടപ്പെട്ട ആള് വരുമ്പോൾ മാത്രം സമ്മതിച്ചാൽ മതി. എനിക്കിപ്പോൾ എന്റെ ചേച്ചിയെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.”
“ഇതാണ് വിധിയെങ്കിൽ ഇത് നടക്കട്ടെ മോളേ, ചേച്ചിയായിട്ട് അതിനൊരു മുടക്കം പറയില്ല.”
“മം.. നല്ല ചേട്ടൻ തന്നെയാ ചേച്ചി, നല്ല പെരുമാറ്റം. എന്തുകൊണ്ടും എന്റെ ചേച്ചിയെ നന്നായി തന്നെ നോക്കും എനിക്കുറപ്പുണ്ട്.”
അഞ്ചു പറഞ്ഞത് തലയാട്ടി കേട്ട് അച്ചു അവൾക്കൊരു വരണ്ട ചിരി സമ്മാനിച്ചു.
അഞ്ചു മുറിയിൽ നിന്നും പോയിട്ടും അവൾ അതേ നിൽപ്പ് തുടർന്നു.
പാവം എന്റെ അനിയത്തിക്കുട്ടി അവൾക്കെന്നോട് സ്നേഹമാണെന്ന് എനിക്കറിയാം ഇനിയെങ്കിലും അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ ഞാൻ തടസ്സമാകാൻ പാടില്ല.
✒✒✒✒
കല്യാണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഓരോ പെൺകുട്ടികൾക്കും സ്വപ്നം കാണാനും മോഹക്കൊട്ടാരങ്ങൾ പണിതുയർത്താനും ഉള്ള സമയമാണ്. പക്ഷേ, എന്റെ കണ്ണുകൾ മാത്രം എന്താണ് തോരാതെ പെയ്യുന്നത്. അമ്മ പലയാവർത്തി പറഞ്ഞു തന്നതല്ലേ ഒരു പൈസ പോലും അവർ സ്ത്രീധനം ചോദിച്ചില്ല, എനിക്ക് തരുന്നതൊക്കെ അച്ഛന്റെ ഇഷ്ടത്തിന് തരുന്നതാണെന്ന്.
എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടാ എന്റെ മനസ്സ് ദേവേട്ടനെ കുറ്റപ്പെടുത്തുന്നത്. എന്റെ അപകർഷതാബോധം അല്ലേ എന്നെ അതിന് പ്രേരിപ്പിക്കുന്നത്. നാളെ ഈ നേരത്ത് ദേവേട്ടനോടൊപ്പം ഒരു മുറിയിൽ ആലോചിക്കാൻ കൂടി എനിക്ക് കഴിയുന്നില്ല. ഒരിക്കലും ഇങ്ങനെയൊന്നും ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല. ഇങ്ങനെയൊന്നും ആയിരുന്നില്ലെങ്കിൽ ഇന്ന് ഏറ്റവും സന്തോഷിക്കുന്നത് ഞാൻ ആകുമായിരുന്നില്ലേ.. ആരാധിച്ച പ്രണയിച്ച പുരുഷനെ തന്നെയല്ലേ, എനിക്ക് ഭർത്താവായി ലഭിക്കാൻ പോകുന്നത്.
പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു, ചിന്തകളിലേക്കും ആ ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയപ്പോൾ അച്ചു കട്ടിലിലേക്ക് ഇരുന്നു. മേശപ്പുറത്ത് തയ്യാറാക്കി വച്ചിരിക്കുന്ന ബാഗുകളിലേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
എനിക്ക് സ്വന്തമായതെല്ലാം കെട്ടിപ്പെറുക്കി ഒരു യാത്ര.
ഒരു ദീർഘ നിശ്വാസത്തോടെ അവൾ തലയിണയിലേക്ക് തല ചായ്ച്ചു.
അമ്പലനടയിൽ എല്ലാവരുടെയും സാന്നിധ്യത്തിൽ വിവാഹ വേഷത്തിൽ ദേവന്റെ അടുത്ത് നെഞ്ചിടിപ്പടക്കി അവൾ നിന്നു. പല സ്ഥലങ്ങളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നെങ്കിലും, അവൾ മനപ്പൂർവം അതെല്ലാം കേട്ടില്ലെന്ന് നടിച്ചു.
അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളിലേക്ക് പാറി വീഴുന്നത് പലപ്പോഴും കണ്ടെങ്കിലും, കണ്ടില്ലെന്ന് നടിച്ച് അവൾ നിന്നു. ദേവന്റെ താലിയും സിന്ദൂരവും കണ്ണുകളടച്ച് ഏറ്റു വാങ്ങുമ്പോൾ മരണം വരെയും ഇതൊന്നും തന്നിൽ നിന്നും അടർത്തി മാറ്റരുതെന്ന് പ്രാർത്ഥിക്കാനാണ് അവൾക്ക് തോന്നിയത്.
അവന്റെ കഴുത്തിൽ ഹാരം അണിയിച്ചപ്പോൾ അവളുടെ കണ്ണുകൾ ആ മിഴികളുമായി നിമിഷനേരത്തേക്ക് ഉടക്കി നിന്നു.
അച്ഛനോടും അമ്മയോടും അഞ്ജുവിനോടും യാത്ര പറഞ്ഞു കാറിലേക്ക് കയറിയപ്പോൾ കണ്ണുനീരൊപ്പി ദേവൻ അവളെ ചേർത്തു പിടിച്ചു. ജീവിത ത്തിൽ ആദ്യമായി അച്ഛനല്ലാതെ ഒരു പുരുഷന്റെ സംരക്ഷണം അവൾ അറിഞ്ഞു.
കൈകൾ തട്ടിയെറിയണമെന്നുണ്ടെങ്കിലും, ശരീരം അതിനോട് പ്രതികരിക്കുന്നില്ല.
പഴയൊരു തറവാടിന്റെ മുറ്റത്തേക്ക് കാറോടി കയറി. കാറിൽ നിന്നും ഇറങ്ങാൻ ദേവൻ നീട്ടിയ കൈ എല്ലാവരുടെയും മുന്നിൽ വച്ചു വേണ്ടെന്ന് പറയാൻ അശ്വതിക്ക് കഴിഞ്ഞില്ല..അവൻ കാറിൽ നിന്നും കരുതലോടെ അവളെ പിടിച്ചിറക്കി.
നിറഞ്ഞ ചിരിയോടെ മുന്നിൽ കത്തിച്ചു വച്ച നിലവിളക്കുമായി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അവളുടെ മനസ്സൊന്നു തണുത്തു. നിറഞ്ഞ മനസ്സോടെ അമ്മയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി വലതുകാൽ വച്ച്, ആ വീടിന്റെ മരുമകളായി അവൾ അകത്തേക്ക് കയറി. പൂജാമുറിയിൽ വിളക്ക് വച്ച് പ്രാർത്ഥിച്ചിട്ട് തിരിഞ്ഞപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ദേവനെ കണ്ട് തല താഴ്ത്തി, അവൾ അമ്മയുടെ അടുത്തേക്ക് നടന്നു.
രാത്രിയിൽ അമ്മയുടെ കയ്യിൽ നിന്നും വിറയ്ക്കുന്ന കൈകളോടെ പാല് ഗ്ലാസും വാങ്ങി മുറിയിലേക്ക് നടക്കുമ്പോൾ, പ്രക്ഷുബ്ധമായ കടൽ പോലെ മനസ്സിൽ ചിന്തകൾ അലയടിച്ചു കൊണ്ടിരുന്നു. പാതി ചാരിയ വാതിൽ പതുക്കെ തുറന്ന് അവൾ അകത്തേക്ക് കയറി.
മണിയറയിലെ അലങ്കാരങ്ങളിലേക്ക് അവൾ പുഛത്തോടെ നോക്കി.
എന്തിന് വേണ്ടിയാണ് ആദ്യരാത്രി എന്ന പ്രഹസനം, എന്റെ ശ,രീരത്തിൽ തൊടാൻ തന്നെ ദേവേട്ടന് മടി തോന്നും. പൊള്ളി തൊലി വലിഞ്ഞ കൈകളിലേക്കും ശരീരത്തിലേക്കും അവളുടെ കണ്ണുകൾ പാഞ്ഞു.
പാലിന്റെ ഗ്ലാസ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ കട്ടിലിൽ കയറി കിടന്ന് കണ്ണുകൾ അടച്ചു.
ദേവൻ പുറത്തു നിന്നും വന്നതും വാതിൽ കുറ്റിയിട്ടതും നിരാശയോടെ അവളെ നോക്കിയിട്ട് ലൈറ്റ് അണച്ചു അരികത്തായി കിടന്നതുമെല്ലാം, ഉറക്കം നടിച്ചു കിടന്ന അവൾ വ്യക്തമായി അറിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ പുതപ്പിന്റെ അറ്റം പിടിച്ചു അമർത്തി തുടച്ച്, അവൾ കട്ടിലിന്റെ ഓരം പറ്റി കിടന്നു.
തുടർന്നുള്ള ദിവസങ്ങളിലും അവളുടെ അവഗണന തുടർന്നു. അമ്മയോട് നന്നായി സംസാരിക്കുന്ന അവൾ തന്റെ മുന്നിൽ എത്തുമ്പോൾ മാത്രം നിശബ്ദ ആകുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അന്ന് പതിവ് തെറ്റിച്ച് അവൾക്കും മുൻപ് ദേവൻ മുറിയിൽ അവൾ വരുന്നതും നോക്കിയിരുന്നു. മുറിയിൽ ദേവൻ ഉണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെ, വിറയ്ക്കുന്ന ചുവടുകളോടെ അവൾ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
കട്ടിലിൽ ഇരിക്കുന്ന ദേവനെ കണ്ടതായി ഭാവിക്കാതെ, അവൾ ജനാലയ്ക്ക് അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി നിന്നു.
പിൻ കഴുത്തിൽ നിശ്വാസം അടിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
ഇത്രയും അടുത്ത് ആദ്യമായിട്ടാണ്. അവൾ അവനെ കടന്നു പോകാനായി ശ്രമിച്ചെങ്കിലും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അവന്റെ മുന്നിലേക്ക് നിർത്തി.
അച്ചു, നിന്റെ ഈ ഒളിച്ചുകളി നിർത്തിക്കൂടെ, എന്താ നിന്റെ പ്രശ്നം കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസമായി നീ ഒരുവാക്ക് എന്നോട് സംസാരിച്ചിട്ടുണ്ടോ, അതും പോട്ടെ ഞാൻ എത്ര പ്രാവശ്യം നിന്നോട് സംസാരിക്കാൻ ശ്രമിച്ചു നീ എന്തിനാ എപ്പോഴും എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്?
“എന്നെ വിട് ദേവേട്ടാ എനിക്ക് കിടക്കണം.”
“എന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി തന്നതിന് ശേഷം നിനക്ക് പോകാം.”
“എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാം. അതിന് മുൻപ് ഞാനൊരു ചോദ്യം ചോദിക്കട്ടെ എന്തിന് വേണ്ടിയാ ദേവേട്ടൻ എന്നെ കല്യാണം കഴിച്ചത്, എന്റെ അച്ഛൻ തരാമെന്ന് പറഞ്ഞ സ്വത്തിനു വേണ്ടിയോ.”
“അശ്വതി…” ഉയർന്നു കേട്ട ദേവന്റെ ശബ്ദത്തിൽ അവൾ ഞെട്ടി പിന്നോട്ടു മാറി.
“നിന്റെ സ്വത്തും പണവും മോഹിച്ചല്ല നിന്നെ ഞാൻ സ്വന്തമാക്കിയത്. നിന്നിൽ നിന്നും ഇങ്ങനെയൊരു പെരുമാറ്റം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അശ്വതി. എന്നെ മനസ്സിലാക്കുന്ന സുഖത്തിലും ദുഖത്തിലും എന്നോടൊപ്പം ചേർന്നിരിക്കുന്ന ഒരു കൂട്ടിന് വേണ്ടിയാണ് ഞാൻ കല്യാണം കഴിച്ചത്. അത് നിന്നിൽ നിന്നും ലഭിക്കുമെന്ന് കരുതിയത് എന്റെ തെറ്റ്.”
അവസാന വാചകം പറഞ്ഞപ്പോൾ ദേവന്റെ ശബ്ദം ഇടറിയിരുന്നു. അശ്വതിയെ നോക്കാതെ മുറിയിൽ നിന്നും ഇറങ്ങി വാതിൽ വലിച്ചടച്ച്, അവൻ പുറത്തേക്ക് നടന്നു.
പറഞ്ഞത് അല്പം കൂടിപ്പോയെന്ന് മനസ്സിലായ അവൾ എന്തു ചെയ്യണ മെന്നറിയാതെ താഴേക്ക് ഊർന്നിരുന്നു.
‘എന്തിനു വേണ്ടിയാണ് ഇത്രയും പരുക്കനായി ഞാൻ അദ്ദേഹത്തോട് സംസാരിച്ചത് എന്നെ ഒരു നോക്ക് കൊണ്ടു പോലും ഇവിടെ വന്നതിന് ശേഷം നോവിച്ചിട്ടില്ല. ഇത്രയും ദിവസം ഞാൻ അവഗണിച്ചിട്ടും ക്ഷമയോടെ കാത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കഥകൾ.. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ദൈവമേ..’
രാത്രി ഏറെ വൈകിയിട്ടും ദേവനെ കാണാത്തതു കൊണ്ട് അശ്വതി പുറത്തേക്ക് ഇറങ്ങി. മുറ്റത്ത് കല്ലുപാകി വളച്ചു കെട്ടിയ മാവിന്റെ ചുവട്ടിൽ ആകാശം നോക്കി കിടക്കുന്ന അവനരികിലേക്ക് നടന്നു.
“നല്ല തണുപ്പുണ്ട് അകത്ത് വന്നു കിടന്നോളു, ഇവിടെ കിടന്ന് പനി പിടിപ്പിക്കണ്ട.”
അച്ചുവിനെ രൂക്ഷമായി നോക്കിയിട്ട് ദേവൻ എഴുന്നേറ്റിരുന്നു.
“നീ പോയി കിടന്നോ എനിക്ക് ഉറക്കം വരുന്നില്ല. നമ്മൾ പ്രതീക്ഷിക്കാത്തത് പലതും ജീവന് തുല്യം സ്നേഹിക്കുന്നവരുടെ വായിൽ നിന്നും കേട്ടാൽ, പാടെ തകർന്ന് പോകും. ഞാനും ഇപ്പോൾ ആ അവസ്ഥയിലാണ്.
“അതിനു കാരണം ഞാനാണോ?”
“നിനക്കെന്തു തോന്നുന്നു?”
“അപ്പോൾ എന്റെ അവസ്ഥയോ.. കഥകളിലൂടെ സ്ത്രീ സൗന്ദര്യത്തിന്റെ മൂത്തിമത്ഭാവം വിവരിക്കുന്ന, സൗന്ദര്യത്തെ ആരാധിക്കുന്ന വായനക്കാരുടെ മനസ്സിൽ പോലും വാക്കുകൾ കൊണ്ട് പ്രണയകാലം ഒരുക്കുന്ന എഴുത്തുകാരൻ, എന്നെപ്പോലെ ഒരുവളെ ജീവിതത്തിലേക്ക് കൈപിടിക്കാൻ തയ്യാറായി എന്നത് കൊണ്ട് ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്‍?”
അവിശ്വസനീയതയോടെ ദേവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളെ നോക്കി.
“നീ.. നീ എന്തൊക്കെയാ ഈ പറയുന്നത്?”
“കൗമാരകാലം മുതൽ ഞാൻ ആരാധിച്ചിരുന്നതാ ഈ എഴുത്തുകാരനെ, ഓരോ കഥകളും അതിലെ വാചകങ്ങളും ഇപ്പോഴും നെഞ്ചിൽ ഇട്ട് ആരാധിക്കുന്നതാ, ആ എന്നോട്..” അവൾ വിതുമ്പിക്കൊണ്ട് നിർത്തി.
“അച്ചു.. കഥകൾ അല്ല ജീവിതം.. ജീവിതം ജീവിച്ച് അറിയാനുള്ളതാണ്. കഥകൾക്കുള്ളിൽ ചോദ്യങ്ങളില്ല. പക്ഷേ ജീവിതത്തിൽ എല്ലാത്തിനും നമ്മൾ ഉത്തരം കണ്ടെത്തിയേ മതിയാകു. എന്റെ കഥകളിൽ ഞാൻ വർണ്ണിച്ചിരുന്ന സ്ത്രീകളുടെ ബാഹ്യസൗന്ദര്യം മാത്രമേ നീ വായനയിലൂടെ മനസിലാക്കിയിട്ടുള്ളു. അവിടെയാണ് നിനക്ക് തെറ്റിയത്, എന്റെ നായികമാരെല്ലാം ബാഹ്യസൗ ന്ദര്യത്തിൽ ഉപരി ആന്തരിക സൗന്ദര്യവും ഉള്ളവരായിരുന്നു. നിന്റെയും ആന്തരിക സൗന്ദര്യമാണ് എന്നെ നിന്നിലേക്ക് അടുപ്പിച്ചത്. അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ അല്ല നിന്നെ ഞാൻ ആദ്യമായി കാണുന്നത്, അതിനും എത്രയോ മുൻപ് ഞാൻ നിന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. നിന്നിലൂടെ ഞാൻ അറിയാൻ ശ്രമിച്ചത് നിന്റെ മനസ്സിനെയായിരുന്നു. അവിടുത്തെ നന്മ കണ്ടിട്ടാണ് ഞാൻ നിന്നെ പ്രണയിച്ചത്. ബാഹ്യ സൗന്ദര്യം പുറംമോടി മാത്രമാണ്. ജീവിതത്തിൽ മനസ്സറിഞ്ഞു സ്നേഹിക്കണമെങ്കിൽ മനസ്സിൽ നമ്മയുള്ള പെണ്ണിനെ തന്നെ വേണം. അത് എന്റെ അച്ചൂട്ടിയിൽ ആവോളം Apartment തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ എന്റെ ഭാഗത്തും തെറ്റുണ്ട് നിന്റെ ഉള്ളിലെ അപകർഷതാബോധം ആയിരുന്നു ആദ്യം ഞാൻ തുടച്ചു നീക്കേണ്ടത്.”
ദേവൻ അച്ചുവിന്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് പ്രണയാർദ്രമായി അവളെ നോക്കി.
“എന്നെ തൃപ്തിപ്പെടുത്താനുള്ള സൗന്ദര്യം എന്റെ പെണ്ണിൽ ആവോളമുണ്ട്. എനിക്ക് ഈ ലോകത്തിലെ ഏറ്റവും സുന്ദരി എന്റെ ഭാര്യ തന്നെയാണ്.
മറ്റുള്ളവർ പറയുന്നതിലല്ല നമ്മുടെ ജീവിതം, അത് നമ്മൾ തീരുമാനിക്കും. ആരെന്തു പറഞ്ഞാലും നീ ദേവന്റെ ഭാര്യയാണെന്ന് തലയുയർത്തി തന്നെ പറയണം. മനസ്സിൽ അല്പം പോലും കളങ്കം ഇല്ലാതെയാണ് ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയത്. ഇനിയെങ്കിലും എന്നോട് കാണിക്കുന്ന ഈ അവഗണന നിർത്തിക്കൂടെ അച്ചു.”
“ദേവേട്ടാ.. ഞാൻ.. എനിക്ക്…”
“എനിക്ക് മനസ്സിലാകും അച്ചു, കഥകളിലൂടെയാണ് നീ ജീവിതം കാണാൻ ശ്രമിച്ചത്. യഥാർത്ഥ ജീവിതം കാണണമെങ്കിൽ നമുക്ക് ചുറ്റും കണ്ണുതുറന്നു നോക്കണം. ജീവിതത്തിലെ പല ഏടുകളും ചിന്തി നമുക്ക് കഥകളാക്കാം. പക്ഷേ അതിൽ ഭാവനയും കലർന്നിരിക്കും. ദേവനെന്ന വ്യക്തിയെ നീ എന്റെ കഥകളിലൂടെയാണ് മനസ്സിലാക്കാൻ ശ്രമിച്ചത്.ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ് നീ എന്റെ സങ്കൽപ്പത്തെ വിലയിരുത്തിയത്. എന്നാൽ ഇപ്പോൾ ഞാനൊരു തുറന്ന പുസ്തകമായി നിനക്ക് മുന്നിൽ ഉണ്ട്. എന്റെ കഥകളിലൂടെ അറിഞ്ഞ എന്നെ വിട്ടിട്ട്, ഞാനെന്ന പുസ്തകത്തെ ഒരിക്കൽ കൂടി വായിക്കാൻ നീ തയ്യാറാകില്ലേ. നിന്നിലൂടെ ഞാൻ കുടിയേറാൻ ആഗ്രഹിക്കുന്നത് നിന്റെ ആത്മാവിലാണ്. നിന്റെ ഉള്ളിന്റെ ഉള്ളിൽ അടക്കി വച്ചിരിക്കുന്ന പ്രണയം എല്ലാം എനിക്കായി നീ പകർന്നു നൽകില്ലേ?”
അച്ചു അവന്റെ കരവലയത്തിനുള്ളിൽ ഒതുങ്ങി അവൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു നിന്നു.
“എന്നോട് ക്ഷമിക്കണം ദേവേട്ടാ.. ഞാൻ.. ഞാൻ ദേവേട്ടന്റെ മനസ്സിന്റെ വലിപ്പം കാണാൻ ശ്രമിച്ചില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ശരിയാണെന്ന് കരുതി ഓരോന്ന് ചിന്തിച്ചു കൂട്ടി. അറിവ് വച്ച നാൾ മുതൽ ഞാൻ അനുഭവിച്ചതൊക്കെയാകാം, എന്റേത് മാത്രമായൊരു ലോകം കെട്ടിപ്പടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആ ലോകത്തിൽ എനിക്ക് കൂട്ടായി ദേവേട്ടന്റെ കഥകൾ ആയിരുന്നു ഉണ്ടായിരുന്നത്. ദേവേട്ടനോട് ആരാധനയിൽ കവിഞ്ഞൊരു പ്രണയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അതാണ് സത്യം..”
ദേവൻ അച്ചു പറഞ്ഞത് വിശ്വസിക്കാനാകാതെ അവളെ നോക്കി.
“സത്യമാണ് ദേവേട്ടാ.. എനിക്ക് ഇഷ്ടമായിരുന്നു, ദേവേട്ടന്റെ എഴുത്തുകളിലൂടെ ഏട്ടനെ, അങ്ങനെ ഒരാൾ എന്റെ മുന്നിൽ വിവാഹഅഭ്യർത്ഥനയുമായി എത്തിയപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഓരോന്ന് ചിന്തിച്ചപ്പോൾ ദേവേട്ടൻ എന്നെ ഒപ്പം കൂട്ടുന്നതിന് പിന്നിലെ കാരണത്തിന് പുറകേ എന്റെ മനസ്സ് പാഞ്ഞു. അതിനിടയിൽ എനിക്ക് തോന്നിയതൊക്കെ എന്റെ പൊട്ടബുദ്ധിയിൽ ഞാൻ ആലോചിച്ചു കൂട്ടി പക്ഷേ അപ്പോഴും ദേവേട്ടനോടുള്ള സ്നേഹം ഒരല്പം പോലും എന്റെ മനസ്സിൽ കുറഞ്ഞിരുന്നില്ല.
കല്യാണത്തിന് ദേവേട്ടന് മുന്നിൽ നിന്നത് നിറഞ്ഞ മനസ്സോടെ ആയിരുന്നില്ലെങ്കിലും, ഈ നിമിഷം മനസ്സിലെ എല്ലാ കളങ്കവും കഴുകി ദേവേട്ടന്റെ പ്രണയമായി തന്നെയാണ് ഞാൻ നിൽക്കുന്നത്.
അച്ചുവിന്റെ വാക്കുകളിൽ ദേവന്റെ മനസ്സ് നിറഞ്ഞു. അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കവും നാണത്തിൽ കുതിർന്ന അവളുടെ പുഞ്ചിരിയും അവനോടുള്ള പ്രണയത്താലാണെന്ന് അവൻ തിരിച്ചറിഞ്ഞു.
അന്നൊരിക്കൽ കൃഷ്ണന്റെ നടയിൽ എനിക്ക് എതിർ വശത്തായി തൊഴുതു നിൽക്കുന്ന പെൺകുട്ടിയെ ഞാൻ വെറുതെ ഒന്നു ശ്രദ്ധിച്ചതാണ്. നിന്റെ മുഖത്തിന്റെ ഒരു വശം മാത്രമാണ് ഞാൻ അപ്പോൾ കണ്ടത്. നിന്റെ വിടർന്ന കണ്ണുകളാണ് എന്റെ ശ്രദ്ധ ആദ്യമായി പിടിച്ചു പറ്റിയത്. എല്ലാവരും കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുമ്പോൾ അവൾ മാത്രം കണ്ണുകൾ തുറന്ന് കൈകൂപ്പി വിഗ്രഹത്തിൽ തന്നെ ലയിച്ചു നിൽക്കുന്നു. ഒരു വാക്ക് പോലും ഉരിയാടിയില്ലെങ്കിലും വിടർന്ന് താഴേക്ക് വീഴാൻ വെമ്പുന്ന മിഴിനീർ നിറഞ്ഞ ആ കണ്ണുകൾ, കണ്ണനോട് ഒരായിരം കഥകൾ പറയുന്നുണ്ടായിരുന്നു.
മനോഹരമായ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ ആ മിഴി മുത്തുകൾ വീണു പൊള്ളിയത് എന്റെ ഹൃദയത്തിൽ ആയിരുന്നു. നിന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി സ്വയം മറന്നു ഞാൻ നിന്നു.
തൊഴുതു കഴിഞ്ഞ് പ്രസാദവും വാങ്ങി തിരിഞ്ഞപ്പോഴാണ് നിന്നെ ഞാൻ പൂർണമായും കണ്ടത്.
കണ്ണനോട് നിറഞ്ഞ കണ്ണുകളാൽ ഓതിയ സങ്കടങ്ങൾ എന്തൊക്കെയാകുമെന്ന് ആ നിമിഷം എനിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു. എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി സ്വയം ഒരു മറ തീർത്ത് അതിനുള്ളിൽ ഇരിക്കാൻ ശ്രമിക്കുന്ന നിന്റെ മനസ്സ്, അവിടെ വച്ചേ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നെ ശ്രദ്ധിക്കാതെ അന്ന് നീ എന്നെ കടന്നു പോയപ്പോൾ ആ വിടർന്ന കണ്ണുകളിൽ എന്റെ രൂപം മാത്രം പ്രതിഫലിക്കണമെന്നും നിന്റെ മനസ്സിൽ എനിക്കായി ഒരിടം നേടിയെടുക്കണം എന്നും ആ ദിവസം തന്നെ ഞാൻ ഉറപ്പിച്ചിരുന്നു. അതേ അച്ചു നിന്നെ ഞാൻ അന്നേ പ്രണയിച്ചു തുടങ്ങിയിരുന്നു.പക്ഷേ അവിടെയും നീ എന്നെ തോൽപ്പിച്ചു ഞാൻ നിന്നെ കാണുന്നതിനും മുൻപേ നീ എന്നെ പ്രണയിച്ചു ആരാധിച്ചു നീ എന്റെ പുണ്യമാണ്.. ദൈവത്തിന്റെ കാണാനൂലുകൊണ്ട് ആത്മാവിനാൽ ബന്ധിക്കപ്പെട്ടവരാണ് നമ്മൾ.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ തെറ്റിദ്ധാരണയുടെ പേരിൽ ഒരു തുറന്നു പറച്ചിലിന്റെ അഭാവത്തിൽ നഷ്ടപെട്ടതോർത്ത് അവളുടെ ഉള്ളം തേങ്ങി.
അതു മനസ്സിലായിട്ടെന്നോണം അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് നെറ്റിയിൽ അമർത്തി ചും,ബിച്ചു. അവന്റെ വിരലുകൾ അവളുടെ പൊള്ളിയ കവിളിണകളെ തഴുകി ആധരത്തിലെത്തി മനസ്സിനേറ്റ പൊള്ളനിലുമേൽ മഞ്ഞു കണം വീണ അനുഭൂതിയിൽ അവൾ അവന്റെ അധരങ്ങളുടെമേൽ അവളുടെ സ്നേഹമുദ്രണം ചാർത്തി.
ഇനി അവരുടെ ജീവിതത്തിൽ തെറ്റിദ്ധാരണകൾക്ക് സ്ഥാനമില്ല. പ്രണയത്താൽ അച്ചുവിനുള്ളിലെ അപകർഷതാബോധത്തെ തുടച്ചു നീക്കാൻ ദേവന് കഴിയും. ആത്മാർത്ഥമായ സ്നേഹത്തോളം നല്ലൊരു മരുന്ന് ലോകത്തിൽ വേറേ കാണില്ല.
നിലാവ് നാണിച്ചു കാർമേഘപടലങ്ങൾക്കുള്ളിൽ മുഖം മറച്ചപ്പോൾ അവൻ അവളെയും ചേർത്തു പിടിച്ചു അവരുടെ പ്രണയകൂടാരത്തിൽ കയറി വാതിൽ ചേർത്തടച്ചു.
