Story written by Pratheesh
ഒരു രാത്രി ആരും അറിയാതെ അവളെ കാണാൻ അവളുടെ അടുത്തേക്ക് വരണമെന്ന് അവൻ നിർബന്ധം പിടിക്കാൻ തുടങ്ങിയതോടെ ” എന്തിനായിരിക്കും ? ” എന്നൊരു സംശയം അവൾക്കുള്ളിലും നിറഞ്ഞു.
ഇത്തരം ഒരു കാര്യം കേൾക്കുമ്പോൾ ഒരു പെൺകുട്ടിക്ക് സ്വാഭാവികമായും ആദ്യം തോന്നുന്ന ചിന്ത അവൻ തന്നെ ഉപയോഗപ്പെടുത്താൻ വേണ്ടി തന്നെ ആയിരിക്കുമോ എന്നായിരിക്കും. അതല്ലാതെ ഈ പാതിരാത്രിയിൽ ആരുമറിയാതെ ഒറ്റയ്ക്ക് അവളെ കാണാൻ വരേണ്ട എന്ത് അത്യാവശ്യം ആയിരിക്കാം അവനുള്ളത് ?
എന്നാൽ ഇവിടെ അവൾക്ക് അവനെ അത്തരത്തിൽ ഒരു സംശയം ഉണ്ടായിരുന്നില്ല, കാരണം അവളെ അനുഭവിക്കുക എന്നതാണ് അവന്റെ ഉദ്ദേശമെങ്കിൽ അതിന് ഇത്രയും വലിയ റിസ്ക് എടുത്ത് ഈ നട്ടപാതിരക്ക് അവളുടെ വീട്ടിലേക്ക് തന്നെ വരേണ്ട കാര്യമുണ്ടോ?എന്നാണ് അവൾ ചിന്തിക്കുന്നത്.
ഇത്തരം ഒരാവശ്യത്തിനാണെങ്കിൽ പകലു തന്നെ വല്ല ഹോട്ടലിൽ റൂം എടുക്കുകയോ ? അല്ലെങ്കിൽ ഡെയിലി റെന്റിനു കിട്ടുന്ന വല്ല ഫ്ലാറ്റും സംഘടിപ്പിക്കുകയോ ചെയ്താൽ പോരെ ? അതു മാത്രമല്ല ഇതെല്ലാം അവളെക്കാൾ നന്നായി അവനു തന്നെ അറിയാവുന്ന കാര്യങ്ങളുമാണ്!
എന്നിട്ടും ഒരു രാത്രി അവളുടെ വീട്ടിലേക്ക് തന്നെ വരണമെന്ന അവന്റെ നിർബന്ധം ഇനി മറ്റെന്തെങ്കിലും കാര്യത്തിനു വേണ്ടിയായിരിക്കുമോ ?
തുടർന്നവൾ അവൾക്കു അറിയാവുന്ന അത്തരം ചില സാധ്യതകളെ പറ്റി ആലോജിച്ചെങ്കിലും ഒന്നിലും ഒരു പൂർണ്ണമായ ഉത്തരം കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല.
അവസാനം ‘ചിലപ്പോഴൊക്കെ ഏതൊരു മനുഷ്യനിലും ചില സമയം ചില മാറ്റങ്ങൾ സംഭവിച്ചേക്കാം ‘ എന്ന ഒരു ചിന്തയിലേക്ക് ആണവൾ എത്തി ചേർന്നത്, അവളിലെ ആ ചിന്ത അവനു മേൽ സംശയത്തിന്റെ ഒരു ചെറിയ കരിനിഴൽ വീഴ്ത്തി.
അവൾ അത്രയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അവൻ ഈയൊരു കാര്യത്തിന് വേണ്ടി ഇത്രയും തരംതാഴ്ന്ന ഒരു രീതിയിലേക്ക് കടന്നു ചെല്ലുമോ ?
ചോദ്യങ്ങൾ പിന്നെയും അവളിൽ കുമിഞ്ഞു കൂടി തുടർന്ന് അവന്റെ കാര്യത്തിൽ വളരെ നേർത്ത രൂപത്തിൽ ആണെങ്കിൽ പോലും ഒരു വിശ്വാസക്കുറവ് അവളിലും മുളപൊട്ടാൻ തുടങ്ങി.
അതോടെ നിലവിലെ അവന്റെ ആവശ്യം തള്ളണമോ കൊള്ളണമോ എന്നറിയാൻ കഴിയാത്ത ഒരവസ്ഥ അവളിലും രൂപം കൊണ്ടു.
ഒപ്പമുള്ള കൂട്ടുകാരികളോട് ആരോടെങ്കിലും അതിനെക്കുറിച്ചു ചോദിക്കാമെന്നു വെച്ചാൽ തന്നെ അവൻ മുറിയിൽ വന്നു പോയി എന്നറിഞ്ഞാൽ തന്നെ ഇനി ആ മുറിയിൽ ഈ പറഞ്ഞതൊന്നും സംഭവിച്ചില്ലെങ്കിൽ പോലും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് വിശ്വസിക്കാൻ അവരൊരിക്കലും തയ്യാറാവുകയില്ല.
കാരണം അവരെ സംബന്ധിച്ച് അത് സംഭവിച്ചിട്ടുണ്ടാകും എന്നു വിശ്വസിക്കുമ്പോൾ അവർക്ക് കിട്ടുന്ന വല്ലാത്തൊരു മന:സുഖം അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുമ്പോൾ കിട്ടില്ലാന്ന് അവർക്കു തന്നെ നന്നായിട്ട് അറിയാം.
ഇതിനെല്ലാം ഉപരി ആറു വർഷത്തിൽ അധികമായി തന്നെ ഇത്രയധികം വിശ്വസിക്കുന്ന അവനെ അവിശ്വസിക്കുക എന്നത് അവർക്കിടയിലെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടുമോ എന്നും അവൾ ഭയപ്പെടുന്നുണ്ട്.
അന്ന് ആ രാത്രിയിൽ നേരം വെളുക്കും വരെ അതു തന്നെയായിരുന്നു അവളുടെ ചിന്തയിൽ മുഴുവൻ, അത്തരത്തിൽ ഒരു അവസരം സൃഷ്ടിക്കണമോ ? എന്ന ചിന്ത അവളെ വല്ലാതെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.
അവൻ എന്തായാലും തന്നെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കില്ലെന്ന ഒരു വിശ്വാസം അവൾക്കുണ്ട്.
അങ്ങിനെ ഏറെ ആലോചനകളുടെ അവസാനം രാത്രിയുടെ മൂന്നാം യാമങ്ങളിൽ എപ്പോഴോ അവനോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം അവനു തന്റെ മുറിയിലേക്ക് വരുന്നതിനു അനുവാദം കൊടുക്കാം എന്നnതീരുമാന ത്തിലേക്കാണ് അവൾ എത്തി ചേരുന്നത്.
അതേ തുടർന്ന് തമ്മിൽ കാണുവാൻ ഒരു ദിവസം അവർ തെരഞ്ഞെടുക്കുകയും അങ്ങിനെ ആ ദിവസം വന്നെത്തുകയും ചെയ്തു.
അന്ന് അവൾ കൊടുത്ത നിർദ്ദേശപ്രകാരം വീട്ടുകാരെല്ലാം ഉറങ്ങിയതിനു ശേഷം ആ രാത്രി അവൻ ആരും കാണാതെ അവളുടെ മുറിയിലെത്തുകയും ചെയ്തു,
ആദ്യത്തെ അനുഭവം ആയതുകൊണ്ട് തന്നെ രണ്ടു തരത്തിലുള്ള ഭയം അവൾക്കുണ്ടായിരുന്നു ഒന്ന് അവരുടെ ഈ രഹസ്യ സമാഗമം ആരെങ്കിലും അറിയുമോ എന്നതും രണ്ട് അവൾ മനസ്സിൽ കണക്കുകൂട്ടി വെച്ചിരിക്കുന്നത് പോലെ ഒരു സമീപനം അവന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമോ എന്നതും.
മുറിയിലെത്തിയ അവൻ അവളോടൊപ്പം അവളുടെ കട്ടിൽ ഇരിക്കുകയും ജീവിതത്തിൽ ആദ്യമായി അവളെ കാണുന്നത് പോലെ അവളെ നോക്കുകയും എത്ര കണ്ടാലും മതിവരാത്ത വിധം കുറച്ചധികം നേരമവളെ നോക്കിയിരിക്കുകയും, ആ മുറിയിൽ അവളോടൊത്ത് ഉണ്ടായിരുന്ന സമയം അത്രയും എത്ര സംസാരിച്ചാലും മതിയാവാത്ത ഒരാളോട് എത്ര കണ്ടു ഇഷ്ടത്തോടെയും താല്പര്യത്തോടെയും സംസാരിക്കാമോ അത്രയും ആർദ്രമായി അവളോട് സംസാരിക്കാനും മാത്രമാണ് അവൻ ശ്രമിച്ചത്.
തുടർന്ന് അവിടെ നിന്ന് തിരിച്ചു പോകുന്നതിനായി അവളോട് സമ്മതം ചോദിച്ചതും അവൾക്ക് പിന്നെയും സംശയമായി ഇത്രയധികം റിസ്ക് എടുത്ത് അവൻ ഈ രാത്രിയിൽ തന്റെ മുറിയിൽ വന്നത് തന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനും തന്നെ നോക്കിക്കൊണ്ടിരിക്കുന്നതിനും മാത്രമാണോയെന്ന്.. പlലതും ആലോചിച്ചു കൂട്ടിയത് കൊണ്ടാവാം അവളുടെ സംശയങ്ങൾ അവളെ വിട്ടു മാറിയിരുന്നില്ല.
അവസാനം അവൾ അതിനുള്ള ഉത്തരം അറിയാനായി അതിനെക്കുറിച്ച് അവനോട് തന്നെ ചോദിച്ചു അപ്പോൾ അവൻ അതിന് പറഞ്ഞ മറുപടി
“നിനക്ക് എന്നെ പൂർണമായ വിശ്വാസമുണ്ടോ ” എന്നറിയുക മാത്രമായിരുന്നു എന്റെ ലക്ഷ്യം എന്നു മാത്രമായിരുന്നു.
അവൻ അത് പറഞ്ഞപ്പോൾ ആ നിമിഷം അവൾ അവളിലെ സംശയം മറന്ന് അവനെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു. അങ്ങിനെ അവിടെ വന്നു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അവൻ വന്നതു പോലെ തിരിച്ചും പോയി. ആ സംഭവത്തോട് കൂടി അവർ തമ്മിലുള്ള അടുപ്പം കുറച്ചു കൂടി ദൃഢവും വിശ്വാസപൂർണ്ണവും ആയിത്തീർന്നു.
പക്ഷേ നമ്മൾ ആരെയൊക്കെ എത്ര കണ്ട് ആഴത്തിൽ സ്നേഹിച്ചാലും, ഇഷ്ടപ്പെട്ടാലും ശരി വിവാഹത്തിന് മുന്നേയുള്ള സ്നേഹബന്ധങ്ങൾക്കു പലതിനും ഒരു അവസാന ദിവസവും, അവസാന നിമിഷവും ഉണ്ടാവാറുണ്ട്. അത് ഇവിടെയും സംഭവിച്ചു.
അവസാന നിമിഷം എന്നത് ഏതൊരു പ്രണയവും വിവാഹത്തിലേക്ക് എത്തിച്ചേരുമോ ഇല്ലയോ എന്നു തീരുമാനിക്കപ്പെടുന്ന ആ നിമിഷമാണ്.
ആ നിമിഷത്തിലാണ് നമുക്കുള്ളിൽ അതുവരെയും ഉണ്ടായിരുന്ന ആ ഇഷ്ടങ്ങളെല്ലാം യഥാർത്ഥ പ്രണയമായിരുന്നോ എന്ന് തീരുമാനിക്കപ്പെടുന്നത്.
അതേ നിമിഷത്തിൽ തന്നെയാണ് എല്ലാം വിശ്വസിച്ചും സ്നേഹിച്ചും കൂടെ നിന്നിരുന്ന ആൾ താൻ ഒഴിവാക്കപ്പെട്ടെന്നും താൻ ഇനി ഒറ്റക്കാണെന്നും അറിയുന്നതും ചങ്കു തകർന്ന് ഹൃദയം പിളർന്നു കൊണ്ട് പിടഞ്ഞു വീഴുന്നതും.
ഇവിടെ അവർക്കിടയിലും അത്തരം ഒരു സന്ദർഭം കടന്നു വന്നതോടെ
അവളും അവനെ ഒഴിവാക്കി വീട്ടുകാരെ സ്വീകരിക്കാനാണ് തീരുമാനിച്ചത്.
അവൾക്കും അറിയാം അവൻ വിശ്വസ്തനായിരുന്നു സ്നേഹമുള്ളവനായിരുന്നു അവനോട് അവൾക്കും അതിയായ സ്നേഹമുണ്ടായിരുന്നു പ്രണയമുണ്ടായിരുന്നു ഇഷ്ടമുണ്ടായിരുന്നു എന്നെല്ലാം.
പക്ഷേ എന്നിട്ടും താൻ എന്തിനാണ് ഇത്തരത്തിൽ വീട്ടുകാർക്ക് വേണ്ടി അവനെ ഉപേക്ഷിക്കുന്നത് എന്നത് അവൾക്കുള്ളിലെ ഒരു വലിയ ചോദ്യമായിരുന്നു.
പക്ഷേ ആ ചോദ്യത്തിന് ഒരു തരത്തിലും ഉത്തരം കണ്ടെത്താൻ അവൾ ശ്രമിച്ചതേയില്ല കാരണം അതിന് അവൾ ഉത്തരം തേടിയിറങ്ങിയാൽ അവളുടെ വീട്ടുകാരെ അവൾക്ക് ഒഴിവാക്കേണ്ടി വരും എന്ന് അവൾക്കറിയാമായിരുന്നു.
അങ്ങനെ ആറു വർഷത്തെ അനശ്വരപ്രണയം ഒരു രാത്രിയുടെ കാലയളവിൽ വെട്ടി മുറുക്കപ്പെട്ടു. അവനെ അവൾ തീർത്തും അവളുടെ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റി കൊണ്ട് അവൾ അവക്കുള്ളിൽ പുതിയൊരു അവളെ സൃഷ്ടിച്ചു പക്ഷേ ആ അവളിൽ അവൻ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല ..!
തുടർന്ന് അവൻ അവളെ കണക്ട് ചെയ്യാൻ സാധ്യതയുള്ള എല്ലാ വഴികളും അവൾ തന്നെ അടച്ചു. ഫോണിൽ നിന്നും അവളുടെ പഴയ സിം കാർഡും അവൾ എടുത്തു മാറ്റി.
ആ സമയം അവളുടെ മനസ്സിലൂടെ കടന്നുപോയ ഒരു കാര്യമുണ്ട്,
” ഏതൊരു പ്രണയത്തിനും ഈ കാലത്ത് ഒരു സിമ്മിന്റെ വില മാത്രമേയുള്ളൂ എന്ന സത്യം”എടുത്തു മാറ്റുകയോ ഓടിച്ചു കളയുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നതോടെ രണ്ടുപേർ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഒരു നിമിഷം കൊണ്ട് തന്നെ മുറിച്ചു മാറ്റപ്പെടുന്ന വിധം വേർപെട്ടു പോകുമെന്ന്.
തമ്മിലുള്ള ബന്ധം വേർപ്പെട്ടതോടെ അവൾ കരുതിയത് പോലെ തന്നെ ആ ബന്ധം എന്നന്നേക്കുമായി അറ്റു പോയി. അവളും അവളുടെ പുതിയ സാഹചര്യങ്ങളുമായി ഒത്തുചേർന്ന് പൊരുത്തപ്പെടാൻ തുടങ്ങി അവളിൽ നിന്ന് പതിയെ അവനും പടിയിറങ്ങാൻ തുടങ്ങി.
തുടർന്ന് എല്ലാം തികഞ്ഞ തരത്തിൽ അവൾക്കു വന്ന ഒരു കല്യാണാലോചന സ്വീകരിക്കാൻ അവളും തയ്യാറായതോടെ അവളുടെ കല്യാണവും തീരുമാനിക്കപ്പെട്ടു,
മാത്രമല്ല അവൻ ഒരിക്കലും ഇനി തന്നെ തിരഞ്ഞു തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതെന്നും അവർ തമ്മിൽ ഇനി ഒരിക്കലും കണ്ടുമുട്ടാൻ ഇടവരരുതെന്നും കരുതി അവൾ സ്വന്തം കൂട്ടുകാരികളെ പോലും തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി നിർത്തി അവരിലൂടെ പോലും അവൻ തന്നെ തിരഞ്ഞു വരരുതെന്നും അവൾ തീർച്ചപ്പെടുത്തി.
അതോടൊപ്പം അവൾ ഭാവി ഭർത്താവുമായി സംസാരിക്കാനും ഹൃദയം പങ്കുവെക്കാനും തുടങ്ങി. ആർദ്രവും ഊഷ്മളവുമായ മറ്റൊരു പൂക്കാലം തന്നിൽ വിടരാൻ തുടങ്ങുകയാണെന്ന് അവൾ മനസ്സിൽ സ്വപ്നം കാണുവാനും തുടങ്ങി.
എന്നിരുന്നാലും നമ്മൾ മറക്കാൻ ശ്രമിക്കുന്നത് കൂടുതൽ ശോഭയോടെ ഓർമിക്കപ്പെടും എന്ന് പറയുന്നതു പോലെ അവന്റെ ഓർമ്മകൾ ചിലപ്പോഴൊക്കെ അവളിലേക്ക് കടന്നു വരികയും അവ അവളെ വാരിപ്പുണരാനും തുടങ്ങിയതോടെ ആ സമയം അവൾ ആ ഓർമകളെ തല്ലിക്കൊടുത്താനും ശ്രമിച്ചു കൊണ്ടിരുന്നു.
കാര്യങ്ങളെല്ലാം അവനും അറിയുന്നുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ അവനും കഴിഞ്ഞില്ല അവൾ അവനെ പൂർണമായും മാറ്റി നിർത്തിയോടെ ഒഴിഞ്ഞു നിൽക്കാൻ മാത്രമേ അവനും സാധിച്ചുള്ളൂ, അവൾ തന്നെയാണ് തന്നെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് അറിഞ്ഞ അവനിൽ അതു വലിയ ആഘാതം സൃഷ്ടിച്ചെങ്കിലും അവനും ഒന്നിനും മുതിർന്നില്ല.
ഹൃദയത്തിന് ഏൽക്കുന്ന മുറിവുകൾ അത് ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നാവുമ്പോൾ നമ്മുടെ എല്ലാ ചലനശേഷികളും നമുക്ക് നഷ്ടപ്പെട്ട് പോകും, അവനിലും സംഭവിച്ചത് അത് തന്നെയാണ്.
അവൾ എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു നിൽക്കുകയും പതിയെ സമയം കടന്നു പോവുകയും ചെയ്തതോടെ അവളുടെ കല്യാണ ദിവസവും വന്നടുത്തു.
അതോടെ എല്ലാം സുരക്ഷിതം എന്നവൾക്ക് തന്നെ പൂർണ്ണമായ വിധം ബോധ്യപ്പെട്ടു,
അങ്ങിനെ കല്യാണത്തിന് വെറും മൂന്നേമൂന്ന് നാൾ ബാക്കി നിൽക്കെ എല്ലാ കൂട്ടുകാരികളെയും മാറ്റിനിർത്തിയിട്ടും ഒരു കൂട്ടുകാരി അവളെ കാണാൻ അവളുടെ വീട്ടിലേക്ക് കയറി വന്നു. ആ കൂട്ടുകാരി അവർ ഇരുവരുടെയും ഒരു കോമൺ ഫ്രണ്ടായിരുന്നു.
അവളത് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല പക്ഷേ വീട്ടിലെത്തിയ ഒരാളെ വീട്ടിനകത്തേക്ക് ക്ഷണിക്കാതിരിക്കാനാവില്ലല്ലോ അതും കല്യാണം പോലെ ഒരു മംഗള കർമ്മം നടക്കാൻ പോകുന്ന വീട്ടിൽ അങ്ങിനെ ആ കൂട്ടുകാരിയെ അവൾക്ക് വീട്ടിനകത്തേക്ക് വിളിച്ചിരുത്തുതേണ്ടതായും ഒരു ഗ്ലാസ് വെള്ളം കൊടുക്കേണ്ടതായും വന്നു.
കൂട്ടുകാരി പക്ഷേ അവളെക്കാൾ മിടുക്കിയായിരുന്നു ആ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന സമയം മാത്രമേ ആ കൂട്ടുകാരിയും അവിടെ നിൽക്കാൻ തയ്യാറായുള്ളൂ.
കൂട്ടുകാരി പെട്ടന്ന് തന്നെ തിരിച്ചു പോകാൻ തുടങ്ങിയതോടു കൂടി അവൾക്കു കൂടുതൽ സമാധനമായി, സന്തോഷം പിന്നെയും അവളിൽ അലയടിക്കാൻ തുടങ്ങി,
അവൾ മനസ്സിൽ കണക്കുകൂട്ടിയിരുന്ന കാര്യങ്ങൾക്ക് ഒരു കോട്ടവും തട്ടാൻ പോകുന്നില്ല എന്ന ചിന്ത അവളെ കൂടുതൽ സന്തോഷവതിയാക്കി.
ആ ആശ്വാസത്തിൽ നിൽക്കവേ അവളെ വിട്ടു മുന്നോട്ട് നടന്നു പോയ ആ കൂട്ടുകാരി പെട്ടന്ന് ഒന്ന് തിരിഞ്ഞു നിന്ന് വീണ്ടും അവൾക്ക് മുന്നിലേക്ക് തന്നെ കയറി വന്ന് കൊണ്ട് അവളുടെ ചെവിയിൽ രഹസ്യമായി ഒരു കാര്യം പറഞ്ഞു,
“നിന്റെ മുറിയിലെ അലമാരയുടെ മുകളിൽ ഒരു ഒഴിഞ്ഞ പഴയ സെന്റ് കുപ്പി ഇരിക്കുന്നുണ്ട് പറ്റുകയാണെങ്കിൽ അതൊന്ന് എടുത്തു നോക്ക് “
അതും പറഞ്ഞ് അടുത്ത നിമിഷം കൂട്ടുകാരി അവിടെ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു അതോടെ അവൾ ആകെ കൺഫ്യൂഷനിലും ടെൻഷനിലുമായി തുടർന്ന് അവൾ പെട്ടെന്ന് തന്നെ തന്റെ മുറിയിലേക്ക് ഓടിച്ചെന്ന് ഒരു കസേര വലിച്ചിട്ട് അതിൽ കയറി നിന്ന് അലമാരിയുടെ മുകളിലേക്ക് നോക്കിയപ്പോൾ കൂട്ടുകാരി പറഞ്ഞതുപോലെ ഒരു പഴയ സെന്റ് കുപ്പി അവിടെ ഉണ്ടായിരുന്നു.
അവള് പെട്ടന്ന് തന്നെ ആ സെന്റ് കുപ്പി കൈയ്യിലെടുത്തു താഴെ ഇറങ്ങി അതിന്റെ മൂടി തുറന്നതും ഒരു സുഗന്ധം അവളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി എന്നാൽ ആ സമയം അവളിൽ ആദ്യം നിറഞ്ഞത് അവന്റെ മണമായിരുന്നു,
അവളെ കാണാനായി അവളുടെ അടുത്തേക്ക് അവൻ വരുമ്പോഴെല്ലാം അവൾക്ക് അനുഭവപെട്ടു കൊണ്ടിരുന്ന അതേ സുഗന്ധം. ഒരു നിമിഷം ആ സുഗന്ധത്തിന്റെ മാസ്മരികതയിൽ അഭിരമിച്ചവൾ ഒന്നു നിന്നു പോയി, അതിനു ശേഷമാണ് ആ സെന്റ് കുപ്പിക്ക് അകത്തു മടക്കിവെച്ച ഒരു കടലാസ് അവൾ കാണുന്നത് അവൾ വേഗം തന്നെ ആ കടലാസ് എടുത്ത് തുറന്നതും അതിൽ അവന്റെ കൈപ്പട അവൾ കണ്ടു. പതിയെ ആ കടലാസിൽ അവൻ എഴുതിയ വാക്കുകളും അവളിലേക്ക് കടന്നു വരാൻ തുടങ്ങി,
പ്രിയമുള്ള എമിറ,
നമ്മൾ തമ്മിൽ ഒന്നായിരുന്നെങ്കിൽ ഈ എഴുത്ത് നീ ഒരിക്കലും കാണുമായിരുന്നില്ല എന്ന് നീ ആദ്യമേ അറിയുക.
ഇങ്ങനെ ഒരു കത്ത് മുന്നേ എഴുതേണ്ടി വന്നതിൽ എനിക്കും വളരെയധികം വിഷമമുണ്ട് പക്ഷേ ഇതല്ലാതെ എനിക്കു മുന്നിൽ മറ്റു മാർഗ്ഗമില്ലായിരുന്നു,
ഒരാൾക്ക് അവരുടെ സ്വന്തം ജീവിതം എങ്ങിനെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ അതു ചെയ്യുന്നവർക്കത് ശരിയായി തോന്നാം
എന്നാൽ അതിന്റെ ഇരകളായി മാറുന്ന മറ്റു ചിലർക്ക് അത് ഒരിക്കലും പൊറുക്കാനോ ക്ഷമിക്കാനോ മറക്കാനോ കഴിയാത്ത വിധം ആഴത്തിലുള്ള മുറിവാണ്. മറ്റൊരു വിധത്തിൽ ഹൃദയം കൊടുത്തു സ്നേഹിച്ച മറ്റൊരാളുടെ മരണം തന്നെയാണ് അവിടെ സംഭവിക്കുന്നത്.
എത്ര കണ്ടു ആഴത്തിലാണോ നമ്മൾ സ്നേഹിക്കുന്നത് അത്രകണ്ട് ആഴത്തിലാണ് നമ്മളിൽ മുറിവേൽക്കുന്നത് ” എന്നു എവിടേയോ വായിച്ചതാണ് ഇത് എഴുതുമ്പോൾ ആദ്യം എന്റെ ഓർമ്മയിലേക്ക് വരുന്നത്
ഒരിക്കൽ എല്ലാം കൊണ്ടും ഒന്നായിരുന്ന ഒരാളെ ജീവിതത്തിൽ നിന്ന് എടുത്തു മാറ്റുമ്പോൾ ആ മനസ്സിന് എൽക്കുന്ന മുറിവ് ഇനി ജീവിതത്തിലൊരിക്കലും മറ്റൊരാളെ അത്രമേൽ സ്നേഹിക്കാൻ കഴിയാത്ത വിധം ആഴമായി അവരിൽ തുടരുമെന്നെങ്കിലും ഓർമ്മിക്കുക.
എനിക്ക് പറയാനുള്ളത് കേൾക്കാതിരിക്കാൻ വേണ്ടി ആയിരിക്കുമല്ലോ നീ എന്നോട് പോലും ഒന്നും പറയാതെ എന്നെ വിട്ടു പോയിട്ടുണ്ടാവുക എന്നാൽ ഒഴിവാക്കപ്പെടുന്നവർക്കും ചിലതെല്ലാം പറയാനുണ്ടാവും…
ഹൃദയം സ്വന്തമെന്നു കരുതി നമ്മളിൽ ചേർത്ത് വെക്കുന്ന ചില മനുഷ്യരുണ്ട് അവരിൽ നിന്നുള്ള ചതി നൽകുന്ന വേദന അതൊരിക്കലും മായില്ല.
ഒരിക്കൽ നമ്മുടെ എല്ലാമായിരുന്ന ഒരാളുടെ അരികിലേക്ക് ഇനി ഒരിക്കലും കടന്നു ചെല്ലാൻ പോലും നമുക്ക് അവകാശം ഇല്ലെന്നത് എക്കാലവും ഹൃദയത്തെ കീറിമുറിക്കുന്ന നോവാണ്.
ഇന്നലെ വരെ മുഖത്തോട് മുഖം നോക്കി പുഞ്ചിരിക്കാൻ കഴിയും വിധം അവരുടെ പുഞ്ചിരി നമുക്ക് മാത്രം സ്വന്തമായിരുന്നു ഇനി അത് കാണാനുള്ള അവകാശവും അവരോടൊപ്പം നമുക്ക് നഷ്ട്ടപ്പെടുന്നു.
പ്രണയം എക്കാലവും ഒരു കളവാണ്, സത്യമാണെന്നു നമ്മളെ തെറ്റിധരിപ്പിച്ചു കൊണ്ട് നമ്മളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന കളവ്.
ഇനി മുതൽ ഇന്നലെ വരെ ഉണ്ടായിരുന്ന നമ്മുടെ ആ പഴയ മുഖം ഇനി എനിക്കുമില്ല നിനക്കുമില്ല വീണ്ടും നമ്മൾ തമ്മിൽ കണ്ടു മുട്ടും മുന്നേ ഉണ്ടായിരുന്ന ആ പഴയ അപരിചിതർ ആയി തീർന്നിരിക്കുന്നു.
സ്നേഹം കൊടുത്തു വേദന വാങ്ങുക എന്ന എക്കാലത്തെയും പ്രണയ സമവാക്യത്തിന് നമ്മുടെ പ്രണയവും ഉടമകളായി തീർന്നിരിക്കുന്നു..
ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഓർമയിലേക്ക് ആദ്യം കടന്നു വരുന്ന ആ മുഖം ഇനിയില്ല. ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ കൺപീലികളിലൂടെ എന്നിലേക്ക് ഇറങ്ങി വന്ന് പുലർക്കാലം വരെ എന്നോടൊപ്പം ചേർന്ന് കിടന്നിരുന്ന ആ നീയും ഇനിയില്ല.
ഇടക്കെ എപ്പോഴെങ്കിലും ഒക്കെ ഒന്ന് പിണങ്ങി മിണ്ടാതെയായി രണ്ടു ദിവസം കഴിയുമ്പോൾ ഞാൻ വരുന്ന വഴികളിൽ എവിടെയെങ്കിലും എന്നെയും കാത്തു നിൽക്കുന്ന നിന്നെ കാണുമ്പോൾ എന്റെ ഉള്ളു നിറയുന്നൊരു സന്തോഷമുണ്ടായിരുന്നു അതും ഇനിയില്ല.
ചില പിണക്കങ്ങൾ അവസാനത്തേതാണ് എന്നറിയുമ്പോൾ അവരില്ലാത്ത അടുത്ത ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല എന്നാൽ ഇനി അതും എനിക്ക് സ്വന്തം..
മറ്റെല്ലാം ഓർമ്മയിൽ നിന്ന് മാഞ്ഞുപോകും വിധം നമ്മളെ പൂർണതയോടെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരാൾ അതായിരുന്നു എനിക്കു നീ.
എന്നിട്ടും ഇന്ന് മറ്റൊരാളുടെ സാന്നിധ്യം കൊണ്ട് വിസ്മൃതിയിൽ ആണ്ടു പോകുന്ന ഓർമ്മകൾ മാത്രമായി മാറുകയാണ് ഞാൻ.
സ്നേഹിക്കപ്പെടുകയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരാളോളം വേദനിക്കുന്ന മറ്റൊരാൾ ഉണ്ടാവുകയില്ല.
പ്രണയമെന്ന വന്യമായ ആഹ്ലാദത്തിനോടൊപ്പം വേർപാടെന്ന വേദനയുടെ കടലും അതിനോടൊപ്പം ചേർന്നു നിൽക്കുന്നുണ്ട്.
മുന്നേ നമ്മൾ ഹൃദയം കൊണ്ടാണ് സംസാരിച്ചിരുന്നത് ഇനി അകലങ്ങൾ കൊണ്ട് സംസാരിക്കേണ്ടി വരുന്നു.
ഹൃദയം തുറന്നിട്ടിട്ടും അതിൽ നിറക്കാൻ ഒന്നുമില്ലാതെ ആയിപ്പോവുന്ന ഒരാളുടെ അവസ്ഥ എന്താണെന്ന് നിനക്ക് മനസ്സിലാകുമോ എന്ന് എനിക്കറിയില്ല.
നിന്നോടുള്ള എന്റെ ഇഷ്ടങ്ങൾക്കും ഈ പ്രപഞ്ചത്തിന്റെ അത്രതന്നെ വലിപ്പമുണ്ടായിരുന്നു…
നിനക്ക് എന്നെ മറക്കാൻ കഴിയുന്ന വിധം ഞാനും നിന്നെ മറക്കും എന്ന് നീ കരുതുന്നുണ്ടെങ്കിൽ നീ അറിയുക,
വൈകാരികമായ ഏതൊരു മുറിവിനെയും അതിജീവിച്ച് ഹൃദയത്തിന്റെ ഹൃദയത്തിൽ എക്കാലവും ചേർന്നിരിക്കുന്ന ചില ജീവനും ഓർമ്മകളിൽ എപ്പോഴും മനോഹരമായി തുടരുന്ന ചില മനുഷ്യരുണ്ട് എന്ന സത്യം!
ഒരു രാത്രി നിന്റെ മുറിയിലേക്ക് വരണം എന്ന് പറഞ്ഞത് ചിലപ്പോൾ നമ്മുക്കിടയിലും ഇത്തരം ഒരു കാര്യം സംഭവിച്ചേക്കാം എന്നു കരുതി തന്നെയായിരുന്നു.
എന്നാൽ നീ എന്നിലേക്ക് തിരിച്ചു വരും എന്നു കരുതിയല്ല എങ്ങനെ ഒരു എഴുത്തു എഴുതുന്നത്, നമുക്കിടയിലും അങ്ങനെ ഒന്ന് സംഭവിച്ചാൽ ചില കാര്യങ്ങൾ നീ അറിഞ്ഞിരിക്കണം എന്ന് കരുതി മാത്രമാണ് ഇങ്ങനെ ഒരു എഴുത്ത്.
ഒരാൾക്ക് നൽകാൻ കരുതിവെച്ച സ്നേഹം മറ്റൊരാൾക്ക് നൽകി ജീവിക്കാൻ മടിയില്ലാത്തവരുടെ ലോകമാണിത് !
നമ്മൾ ഒരാളെ നഷ്ടപ്പെടുത്തുമ്പോൾ നമ്മൾ കൂടി ഉൾപ്പെട്ട അയാളുടെ ലോകമാണ് നമ്മൾ ഇല്ലാതെയാകുന്നത് !
എവിടേയോ കേട്ടിട്ടുണ്ട്, അനശ്വരമായ പ്രണയം എന്നത് പൂട്ടുപോലെ വിശ്വസ്തരായിരിക്കുക എന്നതാണെന്ന് പൊട്ടിയാലും തുരുമ്പെടുത്താലും മറ്റൊരു ചാവിയെയും അത് സ്വീകരിക്കുകയില്ല.
ഒരാളെ സ്വന്തം ജീവിതത്തിൽ നിന്നും മനസ്സിൽ നിന്നും പൂർണമായി ഒഴിവക്കാനും മാറ്റി നിർത്താനും ഉള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം മറ്റൊരാളെ വിവാഹം കഴിക്കുന്നതാണെന്ന് പലരും കരുതുന്നു.
അതുപോലെ പലപ്പോഴും പലരും മറന്നു പോകുന്ന ഒന്നുണ്ട് “നമുക്കൊരു പ്രണയം ഉണ്ടെങ്കിൽ ഇഷ്ടമുള്ള ആളോടൊത്ത് ജീവിക്കാനുള്ള അവസരവും അത് തന്നെയാണ് എന്നത്.”
ജീവിതത്തിൽ യാഥാർത്ഥ്യമായേക്കാവുന്ന ആഗ്രഹങ്ങളെ മാത്രം തിരഞ്ഞെടുത്തു സ്നേഹിക്കാൻ ആർക്കും സാധ്യമല്ല.
നിന്നോടും എന്നോടുമായി ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ നിന്നെയല്ലാതെ മറ്റൊരാളെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം നിന്നെ സ്നേഹിച്ചു പോയത്.
വജ്ജ്രം കൊണ്ട് പണിതുയർത്തിയാലും അസാധ്യമായ ഒരു സാധ്യത മാത്രമാണ് ഇന്നും പ്രണയം.
നന്ദി,
അബിർ
ആ എഴുത്തു വായിച്ചു തീർന്നതും അവളുടെ ഹൃദയം ഉരുകാൻ തുടങ്ങി ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി,ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയത് ഒരു സെന്റ് കുപ്പിയിൽ അവളുടെ കയ്യിൽ എത്തിപ്പെട്ടപ്പോൾ അതുവരെയുണ്ടായിരുന്ന അവളുടെ ലോകം മാറിമറിയുകയായിരുന്നു.
അതിനടുത്ത നിമിഷം അവൾ ഒഴിവാക്കി വെച്ച sim തന്റെ ഫോണിലേക്ക് എടുത്തിട്ട് അവന് ഒരു മെസ്സേജ് അയച്ചു.
“പുലർച്ചെ മൂന്നുമണിയോടെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വരും എന്നെ കൂട്ടിക്കൊണ്ടു പോകാൻ എന്റെ വീട്ടുപടിക്കൽ നീ ഉണ്ടാവണം “
അത്രമാത്രമായിരുന്ന ആ മെസ്സേജ്.
അവൾ msg അയച്ചതിന്റെ അടുത്ത സെക്കൻഡിൽ തന്നെ ആ മെസ്സേജ് റീഡ് ആയതും അവൾ കണ്ടു,
ഒപ്പം ഒരു timer set ചെയ്ത് അവളെ കെട്ടാൻ ഇരുന്ന ആൾക്കും അവൾ ഡീറ്റൈൽ ആയി കാര്യം പറഞ്ഞു ഒരു msg ഇട്ടു.
അവൾ പറഞ്ഞപോലെ രാവിലെ മൂന്ന് മണിക്ക് ഇറങ്ങി വന്ന അവളെ കൂടി കൊണ്ടു പോകാൻ അവളുടെ വീടിനുമുന്നിൽ അവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവനെ face ചെയ്യാൻ അവൾക്കൊരു മടിയുണ്ടായിരുന്നു എന്നാൽ അത് ഉണ്ടാവും എന്ന് അവനറിയാമായിരുന്നതു കൊണ്ട് അവൻ അവളിലേക്ക് ചെന്ന് അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചതും ആ സമയം അവരിൽ വീണ്ടും ആ പഴയ പ്രണയത്തിന്റെ പൂക്കാലം പിന്നെയും വിടരാൻ തുടങ്ങി…..!!!!
