രചന : ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
:::::::::::::::::::::
പരീക്ഷ പേപ്പർ കിട്ടിയ ദിവസം ആണ് ഞാൻ അറിഞ്ഞത് ഏട്ടനും ചേച്ചിയും നല്ലതും ഞാൻ ആ വീട്ടിലെ ഒന്നിനും കൊള്ളാത്തവനും ആണെന്ന്
പേര് വിളിച്ചു ക്ലാസ്സിൽ പേപ്പർ തരുമ്പോൾ ആലീസ് ടീച്ചറും പറഞ്ഞു, ചേട്ടന്റേം ചേച്ചീടേം പേര് കളയാൻ ഉള്ളതാണെന്ന്.
അതെങ്ങിനാ നാട്ടിലെ കുളത്തിലും പറമ്പിലും കളിച്ചു നടന്നാൽ ഇതിൽ കൂടുതൽ മാർക്ക് കിട്ടുമെന്ന് കരുതിയോ…? ഏട്ടന്റെ വാക്കുകളാണ്.
ഇവൻ കാരണം ഞാൻ നാണം കെടുവാണ് അമ്മേ….ദേ നിന്റെ അനിയൻ ഇന്നും ക്ലാസിനു പുറത്താണ് എന്നും പറഞ്ഞു കൂട്ടുകാരികൾ ചിരിക്കുമ്പോൾ ചമ്മി പോവാ….പഠിപ്പിസ്റ് ചേച്ചിയുടെ വാക്കുകളാണ്.
കേട്ടു കേട്ടു മടുക്കുമ്പോൾ അമ്മ നനച്ച അവല് കഴിപ്പു നിർത്തി ഞാൻ വടക്കേ പറമ്പിന്റെ വേലിയോട് ചേർന്നിട്ടുള്ള പേര മരത്തിൽ പോയിരിക്കും. ചീത്ത കേൾക്കുമ്പോൾ അവിടെ പോയിരിക്കുന്നത് എനിക്കു വല്യ ആശ്വാസം ആയിരുന്നു.
ഞാൻ അവിടെ ഇരിക്കുന്നത് കണ്ടാൽ അപ്പുറത്തെ വീട്ടിലെ രമേശനും വരും. പിന്നെ സങ്കടങ്ങളെല്ലാം കാറ്റിൽ പറക്കും. പിന്നെ കളിയാണ്…അവൻ കൂടെയുണ്ടെങ്കിൽ നേരം പോകുന്നത് അറിയില്ല. നേരം പോകുന്നത് അറിയാതെ വിളക്ക് വെച്ചതിനു ശേഷമാവും വീട്ടിലെത്തുക. അതിനും കിട്ടും കണക്കിന്…പിന്നെ പിന്നെ അതു ശീലമായി.
അങ്ങിനെ ഞാനും രമേശനും എട്ടാം ക്ലാസ്സിൽ സെക്കന്റിയർ പഠിക്കേണ്ട അവസ്ഥ വരെയെത്തി. ചേച്ചിയും ചേട്ടനും പഠിപ്പോടു പഠിപ്പായ കാരണം, നമ്മളു പഠിക്കാത്തവൻ എന്നും അവരുടെ കണ്ണിൽ ഒന്നിനും കൊള്ളാത്തവൻ ആയിരുന്നു.
ട്യൂഷൻ ക്ലാസ്സിലെ ഇന്ദുവിന് ലവ് ലെറ്റർ കൊടുത്തതു കയ്യോടെ അവൾ വീട്ടിലു കൊടുത്തത് കാരണം, വേറൊരു പേരുംകൂടി വീണു….തെമ്മാടി.
കാലങ്ങൾ പോയിക്കൊണ്ടിരുന്നു. ഏട്ടൻ പഠിച്ചു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി. കൂടെ ജോലി ചെയ്യുന്ന ഒരുത്തിയേയും കെട്ടി ഫ്ലാറ്റ് എടുത്തു ബാംഗ്ലൂർ ജീവിക്കുന്നു. ചേച്ചിടെ കല്യാണവും അച്ഛൻ ആർഭാടമായി തന്നെ നടത്തി. അവളിപ്പോൾ ഡോക്ടർ ആണ്. കെട്ടിയവനും ഡോക്ടർ…മുബൈയിൽ ആണ്…
രണ്ടുപേരും നന്നായി. ഇവൻ മാത്രം എന്താ ഇങ്ങനെ എന്നു ചോദിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും ഉത്തരമില്ലായിരുന്നു.
അച്ഛന്റെ മരണത്തിനു വീട്ടിലു വന്നപ്പോഴും ഏട്ടൻ എന്നോട് മിണ്ടുന്നുണ്ടായിരുന്നില്ല. ഒരിത്തിലും എത്തി പെടാത്തതിന്റെ പുച്ഛവും ആ മുഖത്തു ഉണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞു പോവുമ്പോഴും ചേച്ചി കുറ്റപ്പെടുത്താൻ മറന്നിട്ടുണ്ടായിരുന്നില്ല.
എന്തോ അന്ന് എനിക്കു കിടക്കുമ്പോൾ ഉറക്കം വന്നിരുന്നില്ല. എവിടൊക്കെയോ മനസ്സിൽ കുറ്റബോധം. എല്ലാരും കുറ്റപെടുത്തിയിട്ടും ഒരിക്കൽ പോലും അച്ഛൻ ഒരു വാക്കുകൊണ്ട് പോലും കുറ്റപെടുത്തിയിരുന്നില്ല എന്നിട്ടും…
ഞാൻ എണീറ്റു അമ്മേടെ മുറിയിലേക്ക് നടന്നു. അമ്മ കട്ടിൽ പടിയിൽ തലവെച്ചു ഇരിക്കയായിരുന്നു. ഞാൻ തിരിച്ചു നടന്നു അടുക്കളയിൽ പോയി ഒരു കട്ടൻ ഇട്ടു വന്നു. അമ്മ ഇതു കുടിക്കു എന്നു പറഞ്ഞപ്പോൾ അമ്മേടെ മുഖത്ത് ആശ്ചര്യമായിരുന്നു. ഇവനിതൊക്കെ അറിയോ എന്നുള്ള ഭാവമായിരുന്നു.
കൂട്ട്കാരുടെ കൂടെ അടിച്ചുപൊളിക്കാനുള്ള കാശിനു വേണ്ടി സദ്യപണിക്കും ഇലട്രിക്കൽ പണിക്കും പെയിന്റ് പണിക്കും വരെ പോയിട്ടുണ്ട് എന്നു അമ്മയ്ക്കുണ്ടോ അറിയുന്നു.
അച്ഛൻ ആഗ്രഹിച്ച പോലൊന്നും ഞാൻ ആവാത്തതിൽ അച്ഛനു വിഷമം ഉണ്ടായിരുന്നു അല്ലേ അമ്മേ…? എന്നു ചോദിച്ചപ്പോൾ അമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.
അമ്മക്ക് മരുന്നെടുത്തു കൊടുത്തിട്ടു ഉമ്മറ പടിയിലെ തിണ്ണയിൽ വന്നിരിക്കുമ്പോൾ മനസ്സിൽ ഇനിയെന്തു ചെയ്യും എന്നുള്ള ചിന്തയായിരുന്നു. ആ ചിന്തക്ക് ഒരു ഉത്തരം തന്നത് നിലാവെളിച്ചത്തിൽ കണ്ട പറമ്പായിരുന്നു.
അച്ഛന്റെ വിയർപ്പാണ് കാണുന്ന തെങ്ങും കവുങ്ങും കുരുമുളകുമെല്ലാം…അതു തന്നെയായിരുന്നു എനിക്കുള്ള ഉത്തരം. രാവിലെ എണീറ്റ്, എണീക്കാൻ വേണ്ടി അലാറം വെക്കേണ്ടി വന്നു ശീലമില്ലാത്തതു കാരണം. വിറകുപുരയുടെ ചുവരിൽ ചാരിവെച്ച കൈക്കോട്ട് എടുത്തു പറമ്പിലേക്ക് ഇറങ്ങുമ്പോൾ എവിടെ നിന്നോ ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു.
വാഴകൾക്കെല്ലാം വാട്ടം വന്നിട്ടുണ്ട്. മോട്ടോർ പുരയിൽ ചെന്നു മോട്ടോർ ഓണാക്കി, ഓരോ വാഴയുടെ കടക്കിലേക്കു തിരിച്ചു തിരിച്ചു വിട്ടു നനച്ചു. താഴേക്കു വീണു കിടന്ന കുരുമുളക് വള്ളിയെല്ലാം ഊന്നു മരത്തിലേക്ക് ചേർത്തു വെച്ചു കെട്ടി. താഴെ വീണു കിടക്കുന്ന അടക്കയെല്ലാം ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ ആക്കി കയ്യാല പുരയുടെ മുറ്റത്തു കൊണ്ടു വന്നു ഉണക്കാനിട്ടു. അപ്പോഴേക്കും വിശന്നു തുടങ്ങിയിരുന്നു.
വീട്ടിലേക്കു ചെന്നപ്പോൾ അമ്മ കഞ്ഞിയും മുളകു ചുട്ട ചമ്മന്തിയും പയറുപ്പേരിയും വിളമ്പി തന്നു. ഇന്നുവരെയില്ലാത്ത ഒരു രുചി തോന്നി, അന്നെനിക്ക് കഴിക്കുമ്പോൾ…അമ്മ വിളമ്പി തരുമ്പോൾ അമ്മയുടെ മുഖത്തു ഒരു തിളക്കം ഉണ്ടായിരുന്നു.
കറന്റ് ബില്ലടക്കാനും അടുക്കളയിലെ അലമാരിയിലെ സാധനങ്ങൾ തീരും മുൻപ് കണ്ടറിഞ്ഞു വാങ്ങി വെക്കലും….എല്ലാം ഞാൻ ഏറ്റെടുത്തിരുന്നു. പിന്നെ കൃഷി എന്നുള്ളത് എനിക്കൊരു ഹരമായി. ഒട്ടും മടുപ്പില്ലാതെ….ഇന്നിപ്പോൾ ആ പറമ്പിന്റെ മാറ്റുകൂടിയിട്ടേ ഉള്ളു.
ഒരൂസം പണി കഴിഞ്ഞു കുളത്തിലെ കുളിയും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അമ്മ അടുക്കളയിൽ വീണു കിടക്കുന്നു. വേഗം ഫോൺ എടുത്തു രമേശനെ വിളിച്ചു ഓട്ടോ ആയി വരാൻ പറഞ്ഞു, അമ്മേനേം കൊണ്ടു ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ മനസു നിറയെ പ്രാർത്ഥനയായിരുന്നു ഒന്നും സംഭവിക്കല്ലേ എന്നു.
ഉള്ളറിഞ്ഞ പ്രാർത്ഥനകൾ കേൾക്കാൻ ദൈവത്തിനു കഴിയാതിരിക്കോ….?
ഒന്നും സംഭവിച്ചില്ല, പ്രഷർ ലോ ആയതാ…ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്തു വരുമ്പോൾ അമ്മ ചോദിച്ചു ഏട്ടനേം ചേച്ചിനേം വിളിച്ചില്ലേ എന്ന്…?
വിളിച്ചപ്പോൾ തിരിച്ചു വിളിക്കാന്നു പറഞ്ഞു കാൾ കട്ട് ചെയ്ത ചേട്ടനെപ്പറ്റിയും കൂടുതൽ ഒന്നുമല്ലല്ലോ കൂടുതൽ ആണെങ്കിൽ വിളിക്കൂ എന്ന് പറഞ്ഞ ചേച്ചിനേം പറ്റിയും ഞാൻ അമ്മയോട് പറഞ്ഞില്ല.
ആ പറഞിട്ടുണ്ട് അമ്മേ…അവരിതാ ഇപ്പോകൂടി വിളിച്ചു വെച്ചേ ഉള്ളു എന്ന് പറഞ്ഞപ്പോൾ, അമ്മയൊന്നു മൂളുക മാത്രം ചെയ്തുള്ളു. പിന്നെത്തെ ചോദ്യം രമേശനോടായിരുന്നു…നീ ഇവനെ ബാക്കിയെല്ലാം പഠിച്ചപ്പോൾ മര്യാദക്ക് നുണപറയാൻ പഠിപ്പിച്ചില്ലെടാ എന്ന്…ഇപ്പോൾ കൂടി വിളിച്ചേ ഉള്ളുന്നു, അച്ഛൻ മരിച്ചു ചടങ്ങ് കഴിഞ്ഞു പോയതാ രണ്ടാളും…പിന്നെ ഒരു ഫോൺ പോലും വിളിച്ചിട്ടില്ല രണ്ടാളും…അവരെ കുറിച്ചു തന്നെയാണോ നീ പറഞ്ഞത്.
നീ പഠിക്കാത്തതിൽ ഞാൻ കുറേ ചീത്ത പറഞ്ഞിട്ടുണ്ട്…തല്ലിയിട്ടുണ്ട്…പക്ഷേ എനിക്കിപ്പോ തോന്നുവാ നീ ഒരുപാട് പഠിക്കാത്തത് നന്നായെന്ന്. അവരൊക്കെ പുസ്തകത്തിൽ ഉള്ളത് പഠിച്ചപ്പോൾ നീ പുറത്തുള്ളതാ പഠിച്ചതെന്ന് മനസിലാക്കാൻ അമ്മ വൈകിപോയെടാ എന്ന് പറഞ്ഞപ്പോൾ അമ്മേടെ കണ്ണിന്റെ കൂടെ എന്റെ കണ്ണും നിറഞ്ഞിരുന്നു…മനസും…
ഒരുപക്ഷേ എല്ലാവരും ഒരുപാട് കുറ്റപെടുത്തിയപ്പോൾ കളിയാക്കിയപ്പോൾ അച്ഛൻ മാത്രം ഒന്നും പറയാതിരുന്നത്, അച്ഛനു അറിയായിരുന്നിരിക്കാം മക്കളിൽ നിന്നു ഒന്നും പ്രതീക്ഷിക്കാതെ വളർത്തണമെന്ന സത്യം.