രചയിതാവ്: ദിവ്യ അനു അന്തിക്കാട്
————————-
ശൂന്യമാണ് ഇന്ന് മനസ്സും വീടും…
ഓരോ യാത്രയും മടങ്ങിവരവിന് ഒരുക്കം കൂട്ടിയിരുന്നു…തിടുക്കപ്പെട്ടിരുന്നു…
അമ്മായിയമ്മ, അല്ല അമ്മ തന്നെയായിരുന്നു. പക്ഷെ വിധുബാലക്ക് തിരിച്ചറിവ് വരാൻ ഒരുപാട് വൈകിപ്പോയെന്നു മാത്രം.
പ്രണയവിവാഹമായിരുന്നതുകൊണ്ട് തന്നെ വിധുവിനു അവളെ കേൾക്കുന്ന മനസ്സിലാക്കുന്ന ഒരാളെ തന്നെയാണ് വരനായി കിട്ടിയത്. മനസ്സിൽ ആഗ്രഹിക്കുന്നതിനുമുമ്പേ കൈക്കുള്ളിൽ കിട്ടിയിരുന്നു എല്ലാം…
ആദ്യമൊക്കെ അല്ലറചില്ലറ പ്രശ്നങ്ങൾ, ചെറിയ അമ്മായിയമ്മ പോരുകൾ എല്ലാം ഉണ്ടായിരുന്നെങ്കിലും പതുക്കെ പതുക്കെ അവരിലൊരാളായി വിധുവിനെ ആ അമ്മ കണ്ടുതുടങ്ങി എന്നുവേണം പറയാൻ…
ഖത്തറിൽ മോനും മരുമോളും പോകുമ്പോ ആ അമ്മ നിറഞ്ഞുവന്ന കണ്ണുനീർ മുണ്ടിന്റെ തലപ്പ് കൊണ്ട് തുടക്കുന്നുണ്ടായിരുന്നു…ഉണ്ണിയപ്പം മുതൽ അച്ചാർ വരെ ആ അമ്മ അടുപ്പിന്റെ ചുവട്ടിലിരുന്നു ഉണ്ടാക്കി കൊടുത്തുവിട്ടു.
അതും ഗ്യാസടുപ്പ് ഉണ്ടായിരുന്നിട്ടും വിറകടുപ്പിലുണ്ടാക്കുന്ന സ്വാദ് വരില്ലെന്നും പറഞ്ഞു കാലിൽ നീര് വന്നിട്ടും അതൊന്നും ഗൗനിക്കാതെ ചെയ്തുകൊടുത്തു…
പക്ഷെ പലപ്പോഴും വിധുവിന് അമ്മയെപ്പോലെ കാണാൻ സാധിച്ചോ എന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. പക്ഷെ നാട്ടിൽ വരുമ്പോ വേണ്ടപോലെ എല്ലാം ചെയ്തുകൊടുത്തിരുന്നു എങ്കിലും ആത്മാർത്ഥത അമ്മയോളം ഉണ്ടായിരുന്നില്ല എന്നുള്ളത് വിധുവിനു തന്നെ ഉറപ്പുള്ള കാര്യമാണ്.
ഓരോ തവണ വരുമ്പോഴും ഒരുതരം പ്രകടനം മാത്രമായിരുന്നു. എന്റെ അമ്മയല്ലല്ലോ എന്നുള്ള ഒരുതരം ചിന്ത തുടക്കത്തിലേ അവളിൽ വന്നു ചേർന്നിരുന്നു…
പക്ഷെ…ഇന്നലെ നാൽപ്പതു ദിവസത്തെ ലീവിന് വേണ്ടി എത്തിച്ചേർന്നതായിരുന്നു. പക്ഷെ അമ്മ….
അറ്റാക്ക് ആയിരുന്നു. വരുന്നതിനുമുമ്പേ എല്ലാം തീർന്നിരുന്നു. അച്ഛൻ ഉമ്മറത്തിരുപ്പുണ്ട്. നിസ്സഹായതയുടെ കണ്ണുകളുമായി. അദ്ദേഹത്തിനറിയാം മക്കൾ എത്ര വലിയ നിലയിൽ ആണെങ്കിലും ഭാര്യയുടെ കരുതലിന്റെ ആ ഒരിടം ഒഴിഞ്ഞു തന്നെ കിടക്കുമെന്നു.
അച്ഛാ എന്നും വിളിച്ചടുത്തിരുന്നപ്പോൾ ഒരു തേങ്ങൽ അച്ഛനിൽനിന്നുമുയർന്നുവോ…!! അകത്തളത്തിലേക്ക് കടന്നപ്പോഴേ ശൂന്യതയുടെ ആഴത്തിലേക്ക് കാൽ വയ്ച്ചപോലെ…
തൊണ്ടക്കുഴിയിൽനിന്നും അവ്യക്തമായി ഒരു ശബ്ദം വരുന്നു, വയറൊക്കെ കാളുന്നപോലെ, മുന്നോട്ടു നടക്കാൻ പറ്റുന്നില്ല…മോളെ ചായകുടിച്ചോ, നീ ഒന്നും ചെയ്യണ്ട മോളെ പത്തുദിവസം ലീവിന്‌വന്നതല്ലേ ഇവിടിരിക്കു കരീം പൊകേം ദേഹത്താക്കണ്ട, ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കുന്നപോലെ….
ഒരാഴ്ചകൊണ്ട് അടുക്കളയിലെ അടുപ്പിൽ മാറാല പിടിച്ചിരിക്കുന്നു, അമ്മ പോയേപ്പിന്നെ അയൽവക്കത്തെ ചേച്ചിയാണത്രെ അച്ഛന് ഭക്ഷണം കൊടുക്കുന്നതെല്ലാം…!!
മുറത്തിൽ ചേറി പകുതിയാക്കിയ അരി അങ്ങനെ തന്നെയിരുപ്പുണ്ട്. അച്ചാറുകുപ്പികൾ നിറഞ്ഞിരിക്കുന്നു. ഞങ്ങൾ വരുന്നതിന്റെ ഒരുക്കങ്ങൾ ആയിരുന്നിരിക്കണം…
ഒന്നുറക്കെ കരയാൻ തോന്നുന്നുണ്ട്. പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല. ഫ്യൂണറൽ എല്ലാം സമാജം മുഖാന്തിരമായിരുന്നു അതോണ്ട് തന്നെ അമ്മ കിടക്കുന്നിടം എന്നൊരിടമില്ല ഇപ്പൊ….അമ്മ അമ്മയുടെ കടമയെല്ലാം സ്നേഹമായി, കരുതലായി ഞങ്ങൾക്ക് തന്നു, പക്ഷെ തിരിച്ചോ…
(ആരോടായാലും ഈ ജന്മത്തിലെ സ്നേഹമെല്ലാം കടം വയ്ക്കാതെ കൊടുത്തു തീർക്കുക)