ഡോക്ടറേ ദേഷ്യത്തോടെ നോക്കി കൊണ്ടവൾ ആ ചോക്ലേറ്റ് തട്ടി തെറിപ്പിച്ചു…വീണ്ടും തല കുനിച്ചിരുന്നു.

ആമി

രചന: Aswathy Joy Arakkal

:::::::::::::::

ഒരക്ഷരം പഠിക്കില്ല. എല്ലാ സബ്ജെക്ട്നും കഷ്ടിച്ച് പാസ്സ് ആയെന്നു പറയാം. ട്യൂഷനും പോകില്ല…എല്ലാത്തിനും ദേഷ്യം, വാശി, തന്നിഷ്ടം. മുൻപൊക്കെ എന്തു നല്ല കുട്ടി ആയിരുന്നു എന്നറിയോ മാഡം…നന്നായി പഠിക്കും, ട്യൂഷന് പോകും…വലുതാകും തോറും വഷളായി വരാ ഇവള്. ആരെങ്കിലും വീട്ടിൽ വന്നാൽ റൂമിൽ നിന്നു വെളിയിൽ വരില്ല, നിഷേധി…

സൈക്കാട്രിസ്റ് മേഴ്‌സി മാത്യുവിന്റെ മുന്നിൽ പത്തു വയസ്സുകാരിയായ അഭിരാമിയെ (ആമി ) പറ്റിയുള്ള പരാതികൾ നിരത്തുകയാണ് അമ്മ സ്മിത.

എല്ലാം കേട്ടു തല കുനിച്ചു നിശബ്ദയായി ഇരിക്കുകയാണ് ആമികുട്ടി. സത്യമാണോ ആമികുട്ടി അമ്മ പറയണതൊക്കെ ഡോക്ടർ മോളോടായി ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ അതെ ഇരിപ്പു തുടർന്നു.

കണ്ടോ മാഡം എന്തു ചോദിച്ചാലും ഇങ്ങനെയാണ്. ഒന്നുങ്കിൽ മുഖത്തു നോക്കാതെ കള്ളത്തരം കാണിച്ചിരിക്കും. അല്ലെങ്കിൽ തുറിച്ചു നോട്ടം…സ്മിത ഇടപെട്ടു.

ഏയ്…ആമി നല്ല കുട്ടിയാ…അമ്മ വെറുതെ പറയാ അല്ലേ മോളെന്നു ചോദിച്ചു ഡോക്ടർ എണിറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ തോളിൽ കൈ ചേർത്ത് കൈയിൽ കരുതിയിരുന്ന ചോക്ലേറ്റ് അവൾക്കു നേരെ നീട്ടി.

ഡോക്ടറേ ദേഷ്യത്തോടെ നോക്കി കൊണ്ടവൾ ആ ചോക്ലേറ്റ് തട്ടി തെറിപ്പിച്ചു…വീണ്ടും തല കുനിച്ചിരുന്നു.

കണ്ടോ…അവളുടെ സ്വഭാവം കണ്ടില്ലേ…സ്മിത അവളെ തല്ലാൻ ഓങ്ങി. സ്മിത തല്ക്കാലം പുറത്തേക്കു നില്ക്കു. ഞാൻ മോളോട് ഒന്ന് തനിച്ചു സംസാരിക്കട്ടെ…

ഡോക്ടർ ആവശ്യപ്പെട്ടത് അനുസരിച്ചു സ്മിത റൂമിനു പുറത്തേക്കിറങ്ങി. ഡോക്ടർ പതുക്കെ ആമി മോളോട് അടുക്കാൻ ശ്രമിച്ചു. അമ്മയെ പറ്റിയും അച്ഛനെ പറ്റിയും വാവയെ പറ്റിയുമൊക്കെ അന്വേഷിച്ചും ചോദിച്ചും അവർ പതുക്കെ അവളിലേക്ക്‌ അടുത്തു, ഡോക്ടർ ആന്റി ആയി മാറാൻ ശ്രമിച്ചു.

ഒരുപരിധി വരെ അവരതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെ പതുക്കെ അവർ ആമിയുടെ മനസ്സറിയാൻ ശ്രമം തുടങ്ങി. മോളെന്തിനാ ആന്റി ചോക്ലേറ്റ് തന്നപ്പോ അങ്ങനെ ബീഹെവ് ചെയ്തത്. മോൾക്ക്‌ ചോക്ലേറ്റ് ഇഷ്ടമല്ലേ…? ഡോക്ടർ മോളോടായി ചോദിച്ചു.

പെട്ടന്ന് ആമി വീണ്ടും നിശബ്ദയായി. അവളിൽ ഉണ്ടാകുന്ന ഭാവമാറ്റം അവർ ശ്രദ്ധിച്ചു. എന്താണെങ്കിലും മോളു ആന്റിയോട്‌ പറയണം. ആന്റി ഉണ്ട് മോളോടൊപ്പം എന്തിനും…അവർ അവളിൽ ധൈര്യവും വിശ്വാസവും പകർന്നു.

അത്…അമ്മ…അവൾ വിക്കി വിക്കി പറഞ്ഞു. ആരും ഒന്നും അറിയില്ല എന്ന വാക്കിൽ ആമി മനസ്സു തുറന്നു…

പ്രായത്തിൽ കൂടുതൽ ശരീരവളർച്ച ഉള്ള കുട്ടി ആയിരുന്നു ആമി. ഒരു കുഞ്ഞു കൂടി ആയപ്പോൾ മനസ്സിനേക്കാൾ ശരീരം വളർന്ന മോളെ ശ്രദ്ധിക്കാൻ സ്മിതയും കുറച്ചു വീഴ്ച വരുത്തി. അതുവരെ തനിക്കു മാത്രം സ്വന്തമായിരുന്ന മാതാപിതാക്കളുടെ സ്നേഹം പങ്കിട്ടു പോകുന്നത് ആമിക്കും സങ്കടമായിരുന്നു.

അതോടെ ചെറുതായി മൂഡി ആയിപോയ മോളെ മുതലെടുക്കാനും ചിലരുണ്ടായി….ട്യൂഷൻ പഠിപ്പിച്ച അടുത്ത വീട്ടിലെ വിവേകേട്ടൻ ചോക്കലേറ്റസും ജ്യൂസും കൊടുത്തും തമാശകൾ പറഞ്ഞുമൊക്കെ ആമി മോളെ കയില്ലെടുത്തു.

പതുക്കെ ആ ചോക്ലേറ്റും ജ്യൂസ്‌മൊക്കെ മോളെ തൊടാനും തലോടാനുമായി വിവേകേട്ടൻ ഉപയോഗിച്ച് തുടങ്ങി. ട്യൂഷന് പോകാൻ മടി കാണിച്ചപ്പോൾ, വിവേകേട്ടനെ ഇഷ്ടമല്ലന് സൂചന കൊടുത്തപ്പോൾ, അതു പഠിക്കാനുള്ള മടി ആയി വ്യാഖ്യാനിച്ചു, അമ്മ മോളെ ശാസിച്ചു.

ഇവൾക്ക് മടിയാ വിവേകേ…എന്നു കാര്യമറിയാതെയുള്ള സ്മിതയുടെ സപ്പോർട്ട് വിവേകിന് വളമായി. അങ്ങനെ ആരുമില്ലാതിരുന്ന ഒരുനാൾ വിവേക് ആ കുഞ്ഞിനെ….

ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയിൽ ആ പിഞ്ചു ഹൃദയം വിറ കൊണ്ടു…ആ പേടി അവളെ പഠിപ്പിൽ അലസയും നിഷേധിയുമെല്ലാം ആക്കി മാറ്റി.

എല്ലാം ഡോക്ടർ സ്മിതയോട് പറയുമ്പോൾ ചലിക്കാൻ പോലുമാകാതെ തരിച്ചിരിക്കുകയായിരുന്നു അവൾ.

നോക്ക് സ്മിതാ…എല്ലാം സംഭവിച്ചു കഴിഞ്ഞിട്ടുള്ള കുറ്റബോധവും കരച്ചിലും എല്ലാം അർത്ഥശൂന്യം ആണ്. ശരിയാണ്, ഒരു കുഞ്ഞു കൂടി ആകുമ്പോൾ സ്വാഭാവികമായും തിരക്കാവും. ശ്രദ്ധ കുറയും. പക്ഷെ മോളുടെ ഭാഗം കൂടെ നിങ്ങള് ചിന്തിക്കൂ…

വളരുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടത് അവര് പറയുന്നത് കേൾക്കാനും അവരെ മനസ്സിലാക്കാനും ഉള്ള ആളെയാണ്. സ്മിത അവിടെ തോറ്റു പോയി എന്നു തന്നെ എനിക്ക് പറയേണ്ടി വരും. അവളെ കേൾക്കാൻ നിങ്ങൾ തയ്യാറായിരുന്നെങ്കിൽ ആമിക്കു ഈ അവസ്ഥ വരില്ലായിരുന്നു.

പലവട്ടം ആ കുഞ്ഞു നിങ്ങളോടെല്ലാം പറയാൻ തയാറായതാണ്. നിങ്ങളത് പഠിക്കാനുള്ള മടി ആയി വ്യാഖ്യാനിച്ചു…അതാണിപ്പോ…പല പേരെന്റ്സും ചെയ്യുന്ന തെറ്റല്ല, ക്രൂരതയാണത്. മക്കളെ മനസ്സിലാക്കാതെ അവരുടെ ഭാഗം കേൾക്കാതെയുള്ള അനാവശ്യ കുറ്റപ്പെടുത്തലുകൾ…

അവരെന്തിനെങ്കിലും മടി കാണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ചോദിച്ചു മനസ്സിലാക്കണം അല്ലാതെ ശകാരിക്കരുത്. എന്തിനും ഏതിനും ഉള്ള കുറ്റപ്പെടുത്തലും ശകാരവും കുഞ്ഞിനെ നിങ്ങളിൽ നിന്നകറ്റും. അവർ പറയുന്നത് വിശ്വസിക്കില്ല എന്നു തോന്നുമ്പോൾ, അവരുടെ പ്രശ്നങ്ങൾ ഷെയർ ചെയ്യാനവർ മടിക്കും.

അതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ അവസാനിക്കുന്നത്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും സ്നേഹവും സപ്പോർട്ടും ഈ പ്രായത്തിൽ അത്യാവശ്യമാണ്. നമ്മൾ അവർക്കായി എപ്പോഴും ഉണ്ടെന്ന തോന്നല് അവർക്കു നമ്മളോടെന്തും പറയാൻ ധൈര്യം വരും.

ലൈംഗിക ചൂഷണങ്ങളിൽ പെട്ടു പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. അതിൽ ആൺ, പെൺ വ്യത്യാസമില്ല. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് അതാതു പ്രായത്തിൽ അറിയേണ്ടത് പറഞ്ഞു കൊടുക്കണ്ടതു മാതാപിതാക്കളുടെ കൂടെ ഉത്തരവാദിത്തം ആണ്.

ഗുഡ് ടച്ചും ബാഡ് ടച്ചും പറഞ്ഞു കൊടുക്കണം. അസ്വസ്ഥത ഉളവാക്കുന്ന പെരുമാറ്റങ്ങളോട് നോ പറയാൻ പഠിപ്പിക്കണം. സർവോപരി അങ്ങനെ വല്ലതും ഉണ്ടായാൽ നമ്മളോടു പറയാൻ ഉള്ള വിശ്വാസം മക്കളിൽ വളർത്തി എടുക്കണം.

ഡോക്ടറുടെ വാക്കുകൾ സ്മിതയുടെ നെഞ്ചിൽ കഠാര പോലെ തറച്ചു കയറുകയായിരുന്നു. വിവേക് എന്ന നീചനോടുള്ള പകയോടൊപ്പം തന്നോട് തന്നെയുള്ള വെറുപ്പും അവളിൽ നുരഞ്ഞു പൊന്തി.തന്റെ കുഞ്ഞിനെ മനസ്സിലാക്കാൻ തനിക്കയില്ലെന്ന കുറ്റബോധം അവളെ തളർത്തി….

പൊള്ളുന്ന മനസ്സുമായി തന്നെ കെട്ടി പിടിച്ചു കരയുന്ന അമ്മയെ നിഷ്കളങ്കമായി നോക്കി കൊണ്ട് ഒന്നുമറിയാതെ ആമി മോൾ പറയുന്നുണ്ടായിരുന്നു…അമ്മ കരയണ്ട, ആമി മോളിനി നല്ല കുട്ടി ആയിക്കൊള്ളാം എന്നു…

Leave a Reply

Your email address will not be published. Required fields are marked *