ഇങ്ങള് എന്ത് ആലോചിച്ച് കിടക്കേണ് മനുഷ്യാ, ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്…

രചന: സിയാദ് ചിലങ്ക

—————

എനിക്ക് ഇനിയും ഒരു കുഞ്ഞിനെ വേണം.

നെഞ്ചത്ത് തലോടി കിടന്ന അവളുടെ പെട്ടെന്നുള്ള പ്രസ്ഥാവന കേട്ട ഒന്ന് ഞെട്ടി, പിന്നെ ഇടക്ക് ഇടക്ക് ഇങ്ങനെ പൊട്ട് പിടിച്ച എന്തെങ്കിലും വിടുന്നത് ഹോബിയായത് കൊണ്ട് സാധാരണ ചെയ്യാറുള്ളത് പോലെ ഒന്ന് മൂളി…

അപ്പോഴാണ് അവള് നെഞ്ചത്ത് ഒരു ഇടി തന്നത്…ഇങ്ങള് എന്ത് ആലോചിച്ച് കിടക്കേണ് മനുഷ്യാ…ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്.

നീ ആ ലൈറ്റ് ഒന്ന് ഇട്ടെ…അവളുടെ മോന്ത നേരാം വണ്ണം നോക്കി…എടി ഹമ്ക്കെ…എന്തിനാ നമ്മൾ വല്ല്യ കട്ടില് ഉണ്ടായിരുന്നത് മാറ്റി, അതിനേക്കാളും വല്യക്കാട്ടി കട്ടില് ഉണ്ടാക്കിയത്, ദേ കിടക്കുന്ന രണ്ട് പുള്ള കൾ വന്നിട്ടല്ലെ, നീ തന്നെയാ രണ്ട് പുള്ള കൾ മതി ഇനി നിറുത്താമെന്ന് പറഞ്ഞത്, എന്നിട്ട് തുന്നിക്കെട്ടി വെച്ചേക്കണത് കൊണ്ട് ഞാനെന്ത് കാണിക്കാനാ…

മിണ്ടാണ്ട് കിടന്നോ ഹി മാ റെ ഇല്ലെങ്കിൽ പുറംകാല് കൊണ്ട് ഒരു തൊ ഴി തന്നാൽ മീൻകാരൻ കോയക്കാന്റെ പൊരേല് എത്തും നീ…

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഉമ്മുകുൽസു വിന്റെ കരച്ചില് കേട്ടു…എഴുന്നേറ്റ് വീണ്ടും ലൈറ്റിട്ടു, ദാ കട്ടിലിന്റെ മൂലക്ക് ഇരുന്ന് കരയുന്നു ഉമ്മുകുൽസു. എന്റെ ഉമ്മു ഇക്ക ക്ഷീണിച്ച് കിടക്കല്ലെ ആയിരുന്നു, അന്റെ പോഴത്തം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നതാണ് മുത്തെ, എന്തിനാ ഇങ്ങനെ കരയുന്നത്, അന്ന് നീ പറഞ്ഞിട്ടല്ലെ പ്രസവം നിറുത്തിയത്, ഞാൻ പറഞ്ഞതാ അന്ന് നിറുത്തണ്ടാന്ന്.

അയ്ന് അന്ന് ഇക്കാടെ കടവും കഷ്ടപ്പാടും പെടാപ്പാടും കണ്ടപ്പോൾ രണ്ട് മക്കൾ മതി നിറുത്താമെന്ന് ഞാനൊരു അഭിപ്രായം പറഞ്ഞത് നേരാ…അങ്ങിനെ പറഞ്ഞെന്ന് കരുതി നിങ്ങ എന്തിനാ ഒപ്പിടാൻ പോയത്…

അപ്പോൾ ഞാനായി കുറ്റക്കാരൻ നന്നായി…എന്നാ ശരി അയ്ന് ഞാൻ എന്താ ചെയ്യേണ്ടത് നീ തന്നെ പറ ഉമ്മു, അന്റെ ഇഷ്ടം പോലെ ചെയ്യാം.

എന്നാല് നാളെ ഇങ്ങള് കട തുറക്കണ്ട നമുക്ക് ഒരീടം വരെ പോകാം…

രാവിലെ തന്നെ ഉമ്മുവിന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്, നോക്കുമ്പോൾ കുളിച്ച് വസ്ത്രമെല്ലാം അണിഞ്ഞ് പൗഡറും കൺമഷിയും ഇട്ട് മൊഞ്ചത്തിയായി നിൽക്കുന്നു ഉമ്മു…

വേഗം എണീറ്റ് റെഡിയാവ് ഇക്കാ…നമുക്ക് ബേഗം പോവാം….

കുളി കഴിഞ്ഞ് ചായ കുടിക്കാൻ മേശപ്പുറത്ത് വന്ന് ഇരുന്നപ്പോൾ അവളുടെ അടുത്ത പ്രസ്ഥാവന…

ഇന്ന് നേരത്തെ എണീറ്റ് റെഡിയാവാനുള്ളത് കൊണ്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല…പോയി വന്നിട്ട് ഉണ്ടാക്കി തരാം…

ബൈക്കിൽ കയറി ഇരുന്നു…അവൾ വന്ന് കയറും എന്ന് കരുതിയപ്പോൾ ദാ വന്ന് നിൽക്കുന്നു മുമ്പിൽ.

ഇങ്ങോട്ട് ഇറങ്ങ് മനുഷ്യാ ബൈക്കിനും കാറിനും ഒന്നും പോണ്ട, നടന്ന് പോയാൽ മതി…

പടച്ചോനെ രാവിലെ തന്നെ ഇവള് ഇത് എങ്ങോട്ടാണ് നടത്തുന്നത്…ഉമ്മു എങ്ങോട്ടാണ് നടന്ന് പോണത്…

ഇങ്ങള് മിണ്ടാണ്ട് എന്റെ കൂടെ വാ…ഗേറ്റ് കടന്ന് പുറത്തിറങ്ങി, രണ്ട് തിരിവ് കഴിഞ്ഞ്, റസാഖിന്റെ വീടിന് മുമ്പിൽ എത്തിയപ്പോൾ അവൾ നിന്നു.

പഴയ ഒരു ഓട് വീടാണ് അത്, മുറ്റത്ത് തന്നെ രണ്ട് കട്ടിൽ കിടക്കുന്നുണ്ട് കഴിഞ്ഞ ആഴ്ച റസാഖിന്റെയും ഭാര്യ വിമലയുടെയും മയ്യിത്ത് കിടത്തിയ കട്ടിൽ അതേപടി കിടക്കുന്നുണ്ട്, ബൈക്ക് ആക്സിഡൻറ് ആയിരുന്നു…

അവരുടെ കല്യാണം നാട്ടിൽ വലിയ കോളിളക്കം ഉണ്ടാക്കിയതായിരുന്നു. വലിയ പൈസക്കാരനായ നീലകണ്ഠൻ നായരുടെ മകളാണ് വിമല, റസാഖിന് ഉമ്മ മാത്രമെ ഉള്ളു, എല്ലാ എതിർപ്പുകളും അവഗണിച്ച് വിമലയെ റജിസ്റ്റർ ചെയ്ത് കൂട്ടികൊണ്ട് വന്നതായിരുന്നു റസാഖ്.

ഉമ്മറത്ത് ചെന്ന് നിന്ന് അവൾ വാതിലിൽ തട്ടി…റസാഖിന്റെ ഉമ്മ വാതിൽ തുറന്ന് പുറത്തേക്ക് വന്ന് നിന്നു. ആ കണ്ണുകൾ കണ്ടാലറിയാം കരഞ്ഞ് കരഞ്ഞ് വീങ്ങി നിൽക്കുന്നു. മനസ്സിൽ ഒരായിരം വേദനകൾ സഹിക്കുന്ന ഉമ്മാടെ മുഖം കണ്ടപ്പോൾ തന്നെ നെഞ്ച് ഒന്ന് പിടഞ്ഞു.

ഉറങ്ങാണ് മോളെ…എണീറ്റിട്ടില്ല ഇപ്പോൾ എണീക്കാനുള്ള സമയം ആയിട്ടുണ്ട്…

ഉമ്മു വീടിനകത്തേക്ക് കയറി ചെറിയ ഇടുക്കിയ മുറിയിൽ നിലത്ത് പായയിൽ എന്തോ കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട് രണ്ട് വയസ്സ് കാരി കിങ്ങിണി മോൾ. ഉമ്മു നിലത്ത് ഇരുന്ന് കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു.

കിങ്ങിണി മെല്ലെ കണ്ണ് തുറന്നു, ഉമ്മുവിനെ കണ്ടപ്പോൾ അവൾ കൈ നീട്ടി എടുക്കാൻ ആവശ്യപ്പെട്ടു, കിങ്ങിണി കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന റസാഖും വിമലയും കിങ്ങിണിയെ എടുത്ത് നിൽക്കുന്ന ഫോട്ടോ മാറ്റി വെച്ചു, ഉമ്മു കുഞ്ഞിനെ വാരിയെടുത്തു കവിളിൽ ഒരു ഉമ്മ കൊടുത്തു, അപ്പോൾ കിങ്ങിണി മോൾ ഇളം ചുണ്ട് കൊണ്ട് പുഞ്ചിരിച്ചു.

ഉമ്മു അവളെ തോളത്തിട്ടു, നല്ല അടുപ്പം ഉള്ളത് പോലെ അവൾ ഉമ്മുവിന്റെ തോളത്ത് ഉറക്കം വിട്ട് കളയാൻ ഇഷ്ടമാവാത്ത പോലെ കണ്ണ് അടച്ച് കിടന്നു…

മോളെ രാത്രി തീരെ ഉറങ്ങില്ല…വാപ്പി…അമ്മ…എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഇരിക്കും…പിറന്നാളിന് കുഞ്ഞിന് ഉടുപ്പ് എടുക്കാൻ പോയതല്ലെ രണ്ടാളും…രാത്രിയിയിൽ ഇതിന്റെ കരച്ചില് കേൾക്കുമ്പോൾ സഹിക്കുന്നില്ല മോളെ…മോള് ദിവസവും ഇവിടെ വരുന്നത് ആണ് ആകെ ഒരു സമധാനം…പ്രായമായ ഉമ്മ വിതുമ്പുന്നത് കണ്ട് കണ്ണുകൾ നിറഞ്ഞു.

ചെറിയ വീട് ആണ് പണിതത്, എങ്കിലും ഉള്ള രണ്ട് മുറികളും അത്യാവശ്യം വലുതാക്കി തന്നെ പണിതു. വലിയ കട്ടിലും അലമാരയും എല്ലാം ഉണ്ടെങ്കിലും നിലത്ത് പിന്നെയും സ്ഥലം ഉണ്ട്, അവിടെ പായ വിരിച്ച് പുതപ്പും ബെഡ്ഷീറ്റും കൊണ്ട് കിടക്കയും ഉണ്ടാക്കി തന്നു ഉമ്മു, ഇനി എന്റെ സ്ഥലം തറയിലാണ്.

വാപ്പിയെയും അമ്മയെയും ചോദിച്ച് വാശി പിടിച്ച കിങ്ങിണിയെ തോളത്ത് ഇട്ട് നടന്ന് ഉറക്കിയതിന് ശേഷം, രണ്ട് മക്കളെയും നീക്കി കിടത്തി കിങ്ങിണിയെ ഉമ്മുവിനരികിൽ കിടത്തി. കണ്ണടച്ച് കിടന്നപ്പോൾ തലമുടിയിൽ വിരലുകൾ കൊണ്ട് തലോടൽ, അരികിൽ വന്ന് കിടക്കുന്നുണ്ട് അവൾ.

ഇക്കാ വിഷമം ഉണ്ടോ ഇവിടെ കിടക്കാൻ…ഞാൻ കാരണം ഇക്കാക്ക് ബുദ്ധിമുട്ടായി അല്ലെ…

ശരിയാ ഉമ്മു…ബുദ്ധിമുട്ടായി. രണ്ട് പ്രസവത്തിലും പെൺകുട്ടികളെ ആഗ്രഹിച്ച എനിക്ക് കിട്ടിയത് മുട്ടൻമാരെയാണ്, ഇപ്പോൾ എനിക്ക് ഒരു മോളെ തന്നു നീ ബുദ്ധിമുട്ടിച്ചു….ഉമ്മയില്ലാതെ വളർന്ന എനിക്ക് ഇപ്പോൾ ഒരു ഉമ്മയെയും തന്നു ബുദ്ധിമുട്ടിച്ചു…നീ വെറും ഉമ്മുവല്ല…ഉമ്മുകുൽസുവാണ്…

ഉമ്മുവിന്റെ ചെവിയിൽ കടിച്ചപ്പോൾ നാണത്താൽ അവൾ സുഖമുള്ള വേദനയിൽ പതിഞ്ഞ സ്വരത്തിൽ ഇക്കാ…എന്ന് വിളിച്ചു…മുറുക്കെ കെട്ടിപ്പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *