Story written by Prajith
” മഞ്ജു നീ ധൈര്യമായി ഇറങ്ങ് ഒന്നും സംഭവിക്കില്ല… അവനെ പോലൊരു മണകൊണാഞ്ചനൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് “
രാജേഷ് പറഞ്ഞത് കേൾക്കെ മഞ്ജു ആകെ ആശയകുഴപ്പത്തിൽ ആയി.
” ചേട്ടാ ഞാൻ വരാൻ റെഡിയാ പക്ഷെ മോനെ എന്ത് ചെയ്യും.. “
” അവന് അഞ്ചു വയസ്സ് കഴിഞ്ഞില്ലേ ഇനീപ്പോ നിന്റെ വീട്ടുകാർക്കൊപ്പം വളർന്നോളും.. അല്ലേൽ അവന്റെ ത,ന്ത സന്തോഷ് ഉണ്ടല്ലോ. അവനോട് ഗൾഫിൽ ന്ന് നാട്ടിൽ വന്നു നിന്ന് കൊച്ചിനെ നോക്കാൻ പറയ്.. “.
പുച്ഛത്തോടെയുള്ള ആ മറുപടി കേൾക്കെ അസ്വസ്ഥതയായി തന്നെ നിന്നു മഞ്ജു. അതോടെ പതിയെ അവളുടെ ചുമലിലേക്ക് കയ്യിട്ടു രാജേഷ്.
” എടീ… സന്തോഷിന്റേം നിന്റേം കല്യാണം കഴിഞ്ഞിട്ട് എത്ര വർഷങ്ങൾ ആയി ഇപ്പോ”
“ഏഴു വർഷങ്ങൾ കഴിഞ്ഞു…”
ശാന്തയായി മറുപടി പറഞ്ഞു മഞ്ജു.
” ആ.. ആ ഏഴു വർഷത്തിനിടയ്ക്ക് എത്ര വട്ടം നീ അവന്റൊപ്പം കിടന്നിട്ടുണ്ടാകും.. ഒന്നോർത്ത് നോക്ക്. അവൻ ഗൾഫിലും നീ നാട്ടിലും പിന്നെന്ത് സുഖം കിട്ടാനാ നിനക്ക്. നീ എന്റൊപ്പം പോര് നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കാം.. പൊന്ന് പോലെ നോക്കാം ഞാൻ.”
ആ വാക്കുകൾ മഞ്ജുവിന്റെ മുഖം വിടർത്തി.
” ശെരി ഞാൻ വരാം.. പക്ഷെ എന്താ പ്ലാൻ അതൂടെ പറയ്. “
” എടോ നാളെ വെളുപ്പിന് നമുക്ക് പോകാം.. ഞാൻ വരാം നിന്നേ കൂട്ടാൻ എല്ലാരും ഉറക്കം ആകും ആ സമയം.. നീ പോയ വിവരം നേരം വെളുത്തെ അവര് അറിയുള്ളു.. ആ സമയം കൊണ്ട് നമുക്ക് നേരെ മൂന്നാർക്ക് വിടാം അവിടെ എവിടേലും വച്ചിട്ട് താലി കെട്ടാം ബാക്കിയൊക്കെ പിന്നെ “
ആ പ്ലാൻ മഞ്ജുവിനും ഇഷ്ടമായി.
” എന്നാൽ ഞാൻ പോട്ടെ.. മോൻ സ്കൂളിൽ ന്ന് വരാൻ സമയം ആയി രാത്രി വിളിക്കുമ്പോ സമയം പറഞ്ഞാൽ മതി..”
അവൾ പോകാൻ തിടുക്കം കൂട്ടവേ പതിയെ പിടിച്ചു തന്നോട് ചേർത്തു രാജേഷ്.
” എടോ.. നാളെ രാവിലെ വരുമ്പോ ഗോൾഡും കയ്യിൽ ഉള്ള കാശും ഒന്നും എടുക്കാൻ മറക്കല്ലേ.. അറിയാലോ ഞാൻ ഇച്ചിരി ടൈറ്റിൽ ആണ് ഇപ്പോ.. “
” ഓ അതൊക്കെ കൊണ്ട് വരാം ഞാൻ ചേട്ടൻ ടെൻഷൻ ആകേണ്ട. ചേട്ടന്റെ പ്രശ്നങ്ങൾ ഇനി മുതൽ എന്റെയും അല്ലെ.”
പുഞ്ചിരിയോടെ അവൾ നടന്നകലുമ്പോൾ കണ്ണെടുക്കാതെ നോക്കി നിന്നു രാജേഷ്.. പതിയെ പതിയെ അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിയുന്നത് മഞ്ജു അറിഞ്ഞിരുന്നില്ല..
മഞ്ജുവും രാജേഷും പരിചയപ്പെട്ടിട്ടു മൂന്ന് മാസങ്ങളെ ആകുന്നുള്ളു.. മഞ്ജു വിവാഹിതയും അഞ്ചു വയസ്സ് ഉള്ള കുട്ടിയുടെ അമ്മയും ആണ്. ഭർത്താവ് സന്തോഷ് പ്രവാസി ആണ്. പൊതുവെ ആൺ സൗഹൃദങ്ങളോട് കൂടുതൽ താത്പര്യം ഉള്ള മഞ്ജുവിനു പലപ്പോഴും ഭർത്താവ് സന്തോഷിൽ ഒരു തൃപ്തിക്കുറവ് തോന്നിയിട്ടുണ്ട്. കാണാൻ സുന്ദരിയായ തനിക്ക് ചേർന്ന ആളല്ല അവൻ എന്നതാണ് അവളുടെ പ്രശ്നം. പി എസ് സി കോച്ചിങ്ങിനു പോയി കൊണ്ടിരിക്കവേയാണ് രാജേഷിനെ മഞ്ജു പരിചയപ്പെടുന്നത്. സ്ഥിരമായി പോകുന്ന ബസിലെ കണ്ടക്ടർ ആണ് രാജേഷ് കാണാൻ സുമുഖൻ നല്ല പെരുമാറ്റം. വളരെ വേഗത്തിൽ അവർ അടുത്തു ആ അടുപ്പം വഴി വിട്ട് പോവുകയും ചെയ്തു. വിവാഹ ശേഷം സന്തോഷ് വച്ച പുതിയ വീട്ടിൽ ആയിരുന്നു മഞ്ജുവിന്റെ താമസം. ആ വീട്ടിൽ പല രാത്രികളിലും രാജേഷ് സന്ദർശകൻ ആയി. ഒരുമിച്ചുറങ്ങി അവർ. ഒടുവിൽ ഇപ്പോൾ സന്തോഷിനെ വിട്ട് രാജേഷിനൊപ്പം പോകുവാനുള്ള തയ്യാറെടുപ്പിൽ ആണ് മഞ്ജു.
തിരികെ വീട്ടിൽ എത്തവേ ആകെ ഒരു വെപ്രാളത്തിൽ ആയി അവൾ. കുറച്ചു ദിവസങ്ങളായി അവളുടെ അമ്മയും വീട്ടിൽ ഒപ്പമുണ്ട്. അതിരാവിലെ താൻ പോയാലും മോൻ ഉണരുമ്പോൾ അമ്മ ഉണ്ടല്ലോ എന്ന ധൈര്യമാണ് അവൾക്ക്. അത്യാവശ്യ സാധനങ്ങളും ഡ്രെസ്സും സ്വർണവും ഒക്കെ വേഗത്തിൽ അവൾ ഒരു ബാഗിൽ ആക്കി കട്ടിലിനടിയിൽ ഒളിപ്പിച്ചു.
” മോളെ നാളെ നിനക്ക് ക്ലാസ്സ് ഉണ്ടോ.ഇല്ലേൽ എനിക്കൊപ്പം ഒന്ന് ബാങ്കിൽ വരോ.. ഒരു പണയം ഉള്ളത് എടുക്കണം. എനിക്കാണേൽ അവിടുത്തെ കാര്യങ്ങൾ ഒന്നും അറിയില്ല.. “
അമ്മ വന്നു ചോദിക്കവേ പെട്ടെന്നു എഴുന്നേറ്റു മുറി വിട്ടിറങ്ങി അവൾ
“ഓ വരാം അമ്മേ.. നാളെ ക്ലാസ്സ് ഇല്ല .. രാവിലെ പോവാം നമുക്ക്.. “
ഒരു സംശയവും തോന്നിപ്പിക്കാത്ത വിധത്തിൽ അഭിനയിച്ചു മഞ്ജു.
അന്നത്തെ രാത്രിയിൽ ആകെ ഒരു വെപ്രാളം ആയിരുന്നു അവൾക്ക്. സന്തോഷ് വിളിച്ചെങ്കിലും സുഖമില്ല എന്ന് പറഞ്ഞു വേഗത്തിൽ കോൾ കട്ട് ചെയ്തു അവൾ. രാത്രി പത്തു മണിയോടെ രാജേഷിന്റെ കോൾ വന്നു.
” മഞ്ജു എല്ലാം റെഡിയല്ലേ.. രാവിലേ നാല് മണിക്ക് എത്തും ഞാൻ ആ സമയം വിളിക്കാം നീ പതുക്കെ പുറത്ത് വന്നാൽ മതി.”
അവൻ പറഞ്ഞത് കേൾക്കെ ധൈര്യം സംഭരിച്ചു ഓക്കേ പറഞ്ഞു അവൾ. പക്ഷെ ഉള്ളിലെ പേടി അങ്ങിനെ തന്നെ നിന്നിരുന്നു.
അന്നത്തെ രാത്രി ഉറങ്ങിയില്ല മഞ്ജു. തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങിനെയും നാല് മണി വരെ പിടിച്ചു നിന്നു അവൾ. പക്ഷെ സമയം നാല് മണി ആയിട്ടും രാജേഷിന്റെ കോൾ വരാതെയായപ്പോൾ ചെറിയൊരു ആശങ്ക തോന്നാത്തിരുന്നില്ല. അവന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിൽക്കുമ്പോൾ പെട്ടെന്ന് ഞെട്ടിച്ചു കൊണ്ട് കോളിങ് ബെൽ ശബ്ദം മുഴങ്ങി. വല്ലാതെ നടുങ്ങി പോയ മഞ്ജു ഒരു നിമിഷം അത് രാജേഷ് ആകുമോ എന്നോർത്തു ഭയന്ന് വിറച്ചു. വീണ്ടും വീണ്ടും ബെൽ ശബ്ദം മുഴങ്ങിയതോടെ പതിയെ അവൾ മുറി വിട്ട് പുറത്തേക്കിറങ്ങി. അപ്പോഴേക്കും അമ്മയുടെ മുറിയിലും വെട്ടം തെളിഞ്ഞു.
” ആരാ മോളെ ഈ സമയത്ത്.. “
ഭയത്തിൽ പുറത്തിറങ്ങിയ അമ്മ ചോദിക്കുമ്പോൾ മഞ്ജുവിനു മറുപടിയില്ലായിരുന്നു.
“പേടിക്കേണ്ട വാതിൽ തുറന്നോളൂ.. ഞാൻ ഇവിടുത്തെ സ്റ്റേഷനിലെ എസ് ഐ ഷാനവാസ് ആണ്. ഒരു അത്യാവശ്യ കാര്യമുണ്ട്. “
വീടിനു പുറത്ത് നിന്നുള്ള ആ മറുപടി കേട്ട് മഞ്ജുവും അമ്മയും ഒരുപോലെ നടുങ്ങി. ജന്നലിലൂടെ പോലീസ് ജീപ്പിന്റെ അലാറം ലൈറ്റിന്റെ വെളിച്ചം അകത്തേക്ക് അടിച്ചതോടെ വന്നത് പോലീസ് ആണെന്ന് അവർ ഉറപ്പിച്ചു. ധൈര്യം സംഭരിച്ചു അമ്മയാണ് വാതിൽ തുറന്നത്. എസ് ഐ ക്ക് ഒപ്പം വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട്നാല് പോലീസുകാരും ഉണ്ടായിരുന്നു അവരെ കൂടാതെ മറ്റൊരാളും… ആ ആളെ കണ്ടിട്ട് മഞ്ജു ഒന്ന് നടുങ്ങി. രാജേഷ് ആയിരുന്നു അത്. കയ്യിൽ വിലങ്ങൊക്കെയിട്ട് ഒരു കുറ്റവാളിയേ പോലെ..
” എന്താ സാറേ.. എന്താ പ്രശ്നം “
ആശങ്കയിൽ അമ്മ ചോദിക്കുമ്പോൾ ഷാനവാസ് മഞ്ജുവിനെയാണ് നോക്കിയത്. ആകെ പരുങ്ങലിൽ തലകുമ്പിട്ടു നിന്നു അവൾ.
” അമ്മയുടെ മോൾക്ക് ഇവനെ അറിയോ ന്ന് ചോദിക്ക്.. “
ഷാനവാസിന്റെ വാക്കുകൾ കേട്ട് അമ്മ നടുക്കത്തോടെ തിരിയുമ്പോൾ മഞ്ജുവിന്റെ മിഴികൾ അറിയാതെ തുളുമ്പി. ഭയത്താൽ നിന്നു വിറച്ചു അവൾ. എസ് ഐ പറഞ്ഞു കാര്യങ്ങൾ ഒക്കെയും അറിഞ്ഞ മഞ്ജുവിന്റെ അമ്മ നടുക്കത്തിൽ പിന്നിലേ ചുവരിലേക്ക് ചാഞ്ഞു പോയി.
” കുട്ടി നിനക്ക് ഇവൻ ആരാണെന്ന് അറിയോ പക്കാ ഫ്രോഡ് ആണ്. ഇതിനോടകം വിവാഹ വാഗ്ദാനം നൽകി അഞ്ചോളം പെൺകുട്ടികളെ പറ്റിച്ചിട്ടുണ്ട് ഇവൻ ആ ഇവനെ വിശ്വസിച്ചാണ് നീ ഇറങ്ങി പോകാൻ നിന്നത്. “
അപ്രതീക്ഷിതമായ ഷാനവാസിന്റെ ഓരോ വാക്കുകളും മഞ്ജുവിന്റെ ഉള്ളിൽ ഞെട്ടൽ ഉളവാക്കി.
‘ച,തിയനോ..’
വിശ്വസിക്കുവാൻ കഴിയുമായിരുന്നില്ല അവൾക്ക്. മൗനമായി തലകുമ്പിട്ടു നിന്ന രാജേഷിനെ നോക്കവേ അവളുടെ മുഖത്തേക്ക് രോഷം ഇരച്ചു കയറി.
” അടങ്ങി ഒതുങ്ങിയൊക്കെ ജീവിച്ചാൽ കൊളളാം.. “
ഒടുവിൽ താക്കീത് നൽകി പോലീസ് മടങ്ങുമ്പോൾ അമ്മയുടെ മുന്നിൽ മറുപടിയില്ലായിരുന്നു മഞ്ജുവിനു. രാജേഷിന്റെ മുഖത്തേക്ക് പോലും നോക്കുവാൻ കഴിഞ്ഞില്ല അവൾക്ക്. തന്റെ എടുത്തു ചാറ്റത്തിൽ സംഭവിക്കാമായിരുന്നാ ആ വലിയ ആപത്ത് ഓർക്കവേ മഞ്ജുവിന്റെ ഉള്ളം പിടഞ്ഞു. ചെയ്ത തെറ്റിന്റെ വ്യാപ്തി മനസിലാക്കി കരഞ്ഞു കാല് പിടിച്ച മകളെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ആ അമ്മ.
” എന്നോടല്ല.. നിങ്ങൾക്ക് വേണ്ടി വെളിനാട്ടിൽ പോയി കഷ്ടപ്പെടുന്ന ഒരു പാവം ഉണ്ടല്ലോ. അവനോട് ഏറ്റു പറയ് എല്ലാം.. കാല് പിടിക്ക്. അവൻ ക്ഷമിച്ചാൽ നിന്റെ ഭാഗ്യം.. നിങ്ങൾക്കൊക്കെ അഹങ്കാരം ആണ്. ആവശ്യം അനുസരിച്ചു എല്ലാം കിട്ടുന്നതിന്റെ അഹങ്കാരം. അല്ലാണ്ട് എന്ത് പറയാൻ ആണ്..”
അത്രയും പറഞ്ഞു അമ്മ മിഴികൾ തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് പോകുമ്പോൾ പൊട്ടിക്കരഞ്ഞു നിലത്തേക്കിരുന്നു പോയി മഞ്ജു. താൻ ചെയ്ത വലിയ തെറ്റ് അപ്പോൾ അവൾ പൂർണ്ണമായും മനസിലാക്കിയിരുന്നു ആ നിമിഷം മുതൽ ഉള്ളുരുകി ഇരുന്നു അവൾ എല്ലാം അറിഞ്ഞ ശേഷം സന്തോഷ് തന്നോട് പൊറുക്കുവാൻ തയ്യാറാകണേ എന്ന പ്രാർത്ഥനയിൽ.
(ശുഭം )
☆☆☆☆☆☆☆☆☆
