താനെന്തിന് വിഷമിക്കണം? ഒരിക്കൽ അവൾ തൻ്റെ ഭാര്യയായിരുന്നു ,പക്ഷേ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞ്, അവൾ തന്നിൽ നിന്നും മോചനം നേടി പോയതല്ലേ……

എഴുത്ത്:-സജി തൈപ്പറമ്പ്.(തൈപ്പറമ്പൻ)

ഡൈവോഴ്സിന് ശേഷം ആദ്യമായാണ് തൻ്റെ മുൻ ഭർത്താവിനെ , അവൾ കാണുന്നത്

അയാളെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട്, അവൾ ഒഴിഞ്ഞ്മാറാൻ ശ്രമിച്ചെങ്കിലും, അയാൾ വിട്ടില്ല

നിഷ എന്താ ഇവിടെ? ഹസ്സ് കൂടെ വന്നില്ലേ?

അത് പിന്നെ,, ഞാൻ ചെറിയൊരു ഷോപ്പിങ്ങിനിറങ്ങിയതാ ,അദ്ദേഹം പുറകെയുണ്ട്, ഞാൻ പോട്ടെ, – ,,

വെപ്രാളത്തോടെ അത്രയും പറഞ്ഞിട്ട് അവൾ ധൃതിയിൽ നടന്ന് പോയപ്പോൾ അയാൾക്ക് വല്ലായ്ക തോന്നി

പിരിയുന്ന ദിവസം , കോടതി മുറ്റത്ത് വച്ച് രണ്ട് പേരും ഒരു കണ്ടീഷൻ വച്ചിരുന്നു ,
ഇനി മുതൽ നല്ല സുഹൃത്തുക്കളായിരിക്കണമെന്നും കഴിഞ്ഞ് പോയതൊന്നും ഓർമ്മയിൽ സൂക്ഷിക്കരുതെന്നും ഉള്ളിൽ വൈരാഗ്യം വയ്ക്കരുതെന്നുമൊക്കെ

അതിന് ശേഷം അയാൾ ഗൾഫിലേയ്ക്ക് പോയത് കൊണ്ട് അവളെക്കുറിച്ച് ഓർക്കാനോ അന്വേഷിക്കാനോ സമയം കിട്ടിയില്ല എന്നതാണ് സത്യം

തൻ്റെ മുടിഞ്ഞ കുiടി കാരണം ജപ്തി ഭീഷണി നേരിട്ട കുടുംബവീട് നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് അയാൾ ഗൾഫിലേക്ക് പോയത്

അവര് തമ്മിലുള്ള ബന്ധം പിരിയാനുള്ള കാരണവും അയാളുടെ മiദ്യപാനം തന്നെയായിരുന്നു

തറവാട്ടിൽ പ്രായമായ അമ്മയും വിധവയായ പെങ്ങളുമുണ്ടായിരുന്നു അവരുമായി തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന അവസ്ഥയിൽ ,കൂട്ടുകാരൻ സമ്മാനിച്ച ഫ്രീ വിസയിൽ അയാൾക്ക് ഗൾഫിലേയ്ക്ക് പോയേ മതിയാവുള്ളായിരുന്നു

നാലഞ്ച് മാസങ്ങൾക്ക് ശേശം നാട്ടിലുള്ള ഒരു കൂട്ടുകാരനുമായി സംസാരിക്കുന്നതിനിടയിലാണ് നിഷയുടെ രണ്ടാം വിവാഹം കഴിഞ്ഞത് അയാളറിയുന്നത്

അത് കേട്ടപ്പോൾ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരമുണ്ടായി

താനെന്തിന് വിഷമിക്കണം? ഒരിക്കൽ അവൾ തൻ്റെ ഭാര്യയായിരുന്നു ,പക്ഷേ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞ്, അവൾ തന്നിൽ നിന്നും മോചനം നേടി പോയതല്ലേ?അന്ന് താനവളെ തടഞ്ഞില്ലല്ലോ? അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടേയെന്ന് ആശംസിച്ചല്ലേ അയച്ചത് ?

പിന്നെ ഇപ്പോഴെന്തിനാ പരിതപിക്കുന്നത്?

ആത്മവേദനയിൽ നിന്നും സ്വയം മുക്തി നേടാൻ അയാൾ ശ്രമിച്ചെങ്കിലും, ഒരിക്കൽ തൻ്റെ എല്ലാമായിരുന്ന അവൾ മറ്റൊരാളുടേതാകുന്നു എന്ന സത്യം ഉൾക്കൊള്ളാൻ അയാൾക്ക് ഏറെ സമയം വേണ്ടി വന്നു .

പിന്നെ ഒരു വർഷത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് യാദൃശ്ചികമായി അവളെ ടൗണിൽ വച്ച് കണ്ട് മുട്ടുന്നത്

അവൾ കയറിപ്പോയ സൂപ്പർ മാർക്കറ്റിലേയ്ക്ക് അയാളും കയറി ചെന്നു

നാപ്കിനുകൾ അടുക്കി വച്ചിരിക്കുന്ന ഷോക്കേസ്സുകൾക്ക് മുന്നിലായി സാറിട്ടറി പാiഡ് തിരഞ്ഞ് കൊണ്ട് ഒറ്റയ്ക്ക് നില്ക്കുന്ന അവളെ ദൂരെ നിന്നയാൾ വീക്ഷിച്ചു.

പരിസരത്തൊന്നും ആരുമില്ല, ഹസ്സ് പുറകെയുണ്ടെന്ന് പറഞ്ഞിട്ട് അങ്ങനെയൊരാളെയും കാണുന്നുമില്ല,,

മടിച്ച് മടിച്ച് അവളുടെ അടുത്തേയ്ക്കയാൾ മെല്ലെ നടന്ന്ചെന്നു.

ഹസ്സ് എത്തിയില്ലേ? കണ്ടാൽ ഒന്ന് പരിചയപ്പെട്ടിട്ട് പോകാമെന്ന് കരുതി,,

അയാളുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞ് നോക്കി.

വരാൻ സാധ്യതയുണ്ട്,,, കാരണം ഞാൻ എവിടെ പോയാലും അയാളെന്നെ ഫോളോ ചെയ്ത് കൊണ്ടിരിക്കും,,, ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്, ചിലപ്പോൾ ദൂരെ എവിടെ നിന്നെങ്കിലും വാച്ച് ചെയ്യുന്നുണ്ടാവും,,, അതിൻ്റെ പരിണിത ഫലമറിയുന്നത്, ഞാൻ വീട്ടിലെത്തുമ്പോഴാണെന്ന് മാത്രം,,

അത് പറയുമ്പോൾ ,അവളുടെ കണ്ണുകളിൽ ആഴത്തിൽ പതിഞ്ഞ ഭീതി അയാൾ കാണുന്നുണ്ടായിരുന്നു വാക്കുകളിലെ വെറുപ്പ് ഭർത്താവിനോടുള്ള വിയോജിപ്പായിരുന്നെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് അതിശയം തോന്നി.

അല്ല നിഷേ,, നിങ്ങൾ തമ്മിലിന്ന് പിണങ്ങിയിട്ടാണോ ഇറങ്ങിയത്?

ഹേയ്, അതിന് പിണങ്ങാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ലല്ലോ? ഞാനെങ്ങാനും പിണക്കം കാണിച്ചാൽ, ഉടനെ ചോദിക്കും, നീ വേറെ ആരെയെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടോടീ,, ഇനി എന്നെയും ഉപേക്ഷിച്ച് പോകാനാണ് പ്ളാനെങ്കിൽ, നിന്നെ ഞാൻ ജീiവനോടെ വiച്ചേക്കില്ല,, എന്നൊരു ഭീഷണിയുമുണ്ടാവും,,

അവളത് പറഞ്ഞപ്പോൾ അയാൾക്ക് അമ്പരപ്പ് തോന്നി.

നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമല്ലേ ആയുള്ളു നിഷേ ,,,?അതിനുള്ളിൽ തന്നെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇത്ര വലിയ വിള്ളലുകളുണ്ടായോ? അയാളും എന്നെ പോലെ ഒരു മiദ്യപാനി ആയിരുന്നോ?

അങ്ങനെ ആയാൽ മതിയെന്ന് ഇപ്പോൾ ഞാൻ ആശിച്ച് പോകുന്നു ,മiദ്യപിച്ച് ബോധരഹിതനായി കിടക്കുന്ന സമയത്തെങ്കിലും, എനിക്കൊരു സ്വാതന്ത്ര്യം കിട്ടുമായിരുന്നു ,എൻ്റെ ബെഡ്റൂമിൻ്റെ ജനലുകൾ എനിക്ക് തുറന്നിടാ മായിരുന്നു, മുറ്റത്തെ ചെടികൾ നനയ്ക്കാമായിരുന്നു, എൻ്റെ വീട്ടിലേയ്ക്ക് ഫോൺ ചെയ്യാമായിരുന്നു ,എനിക്ക് ഉറക്കെയൊന്ന് സംസാരിക്കാമായിരുന്നു
ഇതിനൊന്നിനും കഴിയാതെ കാരാഗൃഹത്തിലെന്ന പോലെ ജീവിച്ച് ഞാൻ സഹികെട്ടു,

സംശയാലുവായ ഭർത്താവിനോടൊപ്പം ജീവിക്കുന്നതിലും ഭേദം, ഒരു മiദ്യപാനിയോടൊപ്പം ജീവിക്കുന്നത് തന്നെയായിരുന്നെന്ന് എനിക്കിപ്പോൾ തോന്നുന്നു

ഭാര്യയെ പരിപൂർണ്ണ വിശ്വാസമുള്ള ഒരാൾക്കേ ബോധരഹിതനായി ഉറങ്ങാൻ കഴിയൂ ,തന്നെ പൂർണ്ണ വിശ്വാസമുള്ളയാളോടൊപ്പം ജീവിക്കാനായിരിക്കും ഏതൊരു സത്രീയും ആഗ്രഹിക്കുന്നത്, അതോർക്കുമ്പോൾ നിങ്ങളെ എനിക്കിപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു,,,

അത് കേട്ടയാൾ നിർന്നിമേഷനായി നിന്നു ,

ദേ അയാള് വരുന്നുണ്ട്ഞാ ൻ പോകട്ടെ,, ‘

സൂപ്പർ മാർക്കറ്റിൻ്റെ മുൻവശത്ത് ഒരു പഴയ അംബാസ്സഡർ കാറ് വന്ന് നില്ക്കുന്നത് കൂളിങ്ങ് ഫിലിമൊട്ടിച്ച ഗ്ളാസ്സിലൂടെ കണ്ട അവൾ, വേഗം സാനിട്ടറി നാപ്കിനുമെടുത്ത് ക്യാഷ്കൗണ്ടറിലേയ്ക്ക് നടന്നു.

സൂപ്പർ മാർക്കറ്റിനകത്തേയ്ക്ക് നടന്ന് വന്ന അവളുടെ ഭർത്താവിനെ അയാൾ കണ്ടു

കൗണ്ടറിൽ പണമടച്ച് കഴിഞ്ഞ അവളെയും കൊണ്ട് ഭർത്താവ് തിരിച്ച് കാറിൽ കയറി പോകുന്നത് നഷ്ടബോധത്തോടെ അയാൾ നോക്കി നിന്നു.

വീട്ടിൽ തിരിച്ചെത്തിയിട്ടും അവളെ കുറിച്ച ചിന്തകളാൽ അയാളുടെ മനസ്സ് അസ്വസ്ഥമായി ,രാത്രി ഏറെ വൈകിയിട്ടും നിദ്രാവിഹീനനായി അയാൾ കിടന്നു

പിറ്റേന്ന് കൂട്ടുകാരനോട് അന്വേഷിച്ചറിഞ്ഞ അവളുടെ വീട്ടിലേയ്ക്ക് അയാൾ ധൈര്യപൂർവ്വം ചെന്നു

കോളിങ്ങ് ബെല്ലമർത്തുമ്പോൾ അവളുടെ ഭർത്താവിനെയാണ് പ്രതീക്ഷിച്ച തെങ്കിലും അവളായിരുന്നു വാതില് തുറന്നത്

അയാളെ കണ്ടപ്പോൾ തലേ ദിവസത്തെപ്പോലെ അവൾ ഞെട്ടിയില്ല, പക്ഷേ, അവളുടെ മുഖത്തൊരു ചോദ്യഭാവമുണ്ടായിരുന്നു

എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ?

അയാൾ ചിരിച്ച് കൊണ്ട് ചോദിച്ചു

ഇല്ല ,പക്ഷേ ഒന്ന് കൂടി കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു

അവൾ ലജ്ജയോടെ മിഴികൾ താഴ്ത്തി

അയാളിവിടെയില്ലേ?

ഇല്ല ,അങ്ങേരുടെ അമ്മാവൻ മരിച്ചെന്ന് രാവിലെ ഫോൺ വന്നു പെട്ടെന്ന് തന്നെ ഒരുങ്ങി പോയി ആള് കൂടുന്നയിടത്തൊന്നും എന്നെ അങ്ങനെ കൊണ്ട് പോകാറില്ല,,

അത് നന്നായി ,അത് കൊണ്ട് എനിക്ക് നിന്നോട് തനിച്ച് സംസാരിക്കാൻ അവസരം കിട്ടി മുഖവുരയില്ലാതെ ഞാനൊരു കാര്യം പറഞ്ഞോട്ടെ, അന്ന് നിന്നെക്കാൾ എനിക്കിഷ്ടം മiദ്യത്തോടായിരുന്നു അത് കൊണ്ടാണ് നീ ഡൈവോഴ്സ് ആവശ്യപ്പെട്ടപ്പോൾ ഞാൻ സഹകരിച്ചത് ,ഇപ്പോൾ പക്ഷേ ,മറ്റെന്തിനെക്കാളും ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു, പഴയത് പോലെ ഞാനിപ്പോൾ മiദ്യപിക്കാറില്ല എന്ന് വച്ച് നിന്നോടുള്ള വിശ്വാസം ഒട്ടും കുറഞ്ഞിട്ടുമില്ല ,ഇനിയും
നിനക്കിവിടുത്തെ ജീവിതം സഹിച്ച് പോകാൻ കഴിയില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാൽ മറ്റൊന്നുമാലോചിക്കേണ്ട നിനക്ക് സർവ്വ സ്വാതന്ത്ര്യത്തോടും ജീവിക്കാനുള്ള ഒരിടം എൻ്റെ ജീവിതത്തിൽ നിനക്കായി ഞാൻ മാറ്റി വച്ചിട്ടുണ്ട് ,എൻ്റെ വിളിക്ക് കാത്ത് നില്ക്കാതെ ഏത് പാതിരാത്രിയിലും നിനക്കെൻ്റെ ഹൃദയത്തിൽ വന്ന് ചേക്കേറാം ശരി ,എന്നാൽ ഞാനിറങ്ങുന്നു ,,,

അയാൾ മുറ്റത്തേയ്ക്കിറങ്ങി നടന്ന് മറയുന്നത് അശ്രുകണങ്ങൾ നിറഞ്ഞ് കാഴ്ച മങ്ങുന്നത് വരെ അവൾ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *