രചന:-അഞ്ചു തങ്കച്ചൻ.
നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടി പോയാലോ പല്ലവി ? മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. എന്റെ കൂടെ നീ വരില്ലേ?
അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നു.
അവൾ അയാളുടെ നിറുകിൽ തലോടി.?എല്ലാവരിൽ നിന്നും നമുക്ക് അങ്ങനെ രക്ഷപ്പെടാൻ ആകുമോ നീരവ്?
എനിക്കറിയില്ല പല്ലവി.
അവൾ അയാളുടെ കൈകളിൽ പിടിച്ചു. നമ്മുടെ നിളയെ ഓർക്കണ്ടേ??അവളുടെ കണ്ണുനീർ കണ്ടിട്ട് സ്വസ്ഥമായി ജീവിക്കാൻ നമുക്ക് കഴിയുമോ?
നിളയെ അനന്ദു വിവാഹം കഴിക്കണമെങ്കിൽ,അനന്ദുവിന്റെ സഹോദരി ആമിയെ നീരവ് വിവാഹം കഴിക്കണം എന്നല്ലേ അവർ പറയുന്നത്?
അങ്ങനെയെങ്കിൽ ആ വിവാഹം വേണ്ടാന്ന് വയ്ക്കുകയല്ലേ വേണ്ടത്. അല്ലാതെ എന്റെ ജീവിതം വച്ച് വില പേശുമ്പോൾ അത് സമ്മതിക്കാൻ എനിക്കാവില്ല.
നമ്മൾ ഒരുപാട് സ്നേഹിച്ചതല്ലേ…. ഇനിയെങ്കിലും നമുക്കും ഒരു ജീവിതം വേണ്ടേ പല്ലവി ?
ജീവിതം ഉണ്ടല്ലോ നീരവ്, പക്ഷെ ഒരുമിച്ചായിരിക്കാൻ ഈ ജന്മം വിധി അനുവദിക്കില്ല. അവളുടെ മുഖം ചുവന്നു. പൊട്ടിവന്ന കരച്ചിലിന്റെ ചീള് അയാൾക്ക് മുൻപിൽ തെറിച്ചു വീഴും മുൻപ് അവൾ അയാൾക്കരികിൽ നിന്നും അതിവേഗത്തിൽ നടന്നു നീങ്ങി.
വിധി… നീരവിന് പുച്ഛം തോന്നി.?എന്നും എല്ലായ്‌പ്പോഴും ജീവിതത്തിൽ തടസ്സങ്ങൾ ആയിരുന്നു.
അനിയത്തി നിളക്ക് ക്യാൻസർ ആയിരുന്നു. അതറിഞ്ഞു വീണ് പോയതാണ് അച്ഛൻ.
അച്ഛന്റെയും അനിയത്തിയുടെയും ചികിത്സക്കു വേണ്ടി ഉണ്ടായിരുന്ന കിടപ്പാടം വിൽക്കേണ്ടി വന്നു.
മാറി മാറിയുള്ള വാടകവീടുകളിലേക്ക് ഓട്ടം തുടങ്ങിയെങ്കിലും രണ്ടാളെയും ജീവനോടെ തിരിച്ചു കിട്ടി.
അച്ഛൻ മരുന്നുകൾ കൊണ്ട് ജീവിക്കുന്നു.?നിളക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല.തുടക്കത്തിലെ അവളിലെ രോഗം കണ്ടുപിടിച്ചത് കൊണ്ട് അവൾക്ക് പൂർണമായും സുഖമായി. ഇടക്ക് പോയി ചെക്കപ്പ് ചെയ്യും.
അവൾ മിടുക്കിയായി പഠിച്ചു. ജോലിയും വാങ്ങി. പക്ഷെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ അവളുടെ പ്രണയം ഇന്ന് വിവാഹം വരെ എത്തി നിൽക്കുമ്പോൾ അവളുടെ ഭാവി വരൻ അനന്ദുന്റെ ഭാഗത്ത് നിന്നും ഒരു കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീരവ് അനന്ദുവിന്റെ സഹോദരി ആമിയെ വിവാഹം കഴിക്കണം എന്ന്.
പണ്ടൊക്കെ സിനിമകളിൽ കണ്ടിട്ടുണ്ട് അത്തരം മാറ്റക്കല്യാണങ്ങൾ. ഇതിപ്പോ ജീവിതത്തിൽ അങ്ങനെ വേണമെന്ന് പറഞ്ഞാൽ പറ്റില്ല.
എത്രയോ പണ്ടേ തന്റെ ജീവനിൽ പതിഞ്ഞ പെൺകുട്ടിയാണ് പല്ലവി. സ്നേഹിച്ചു തുടങ്ങിയ കാലം മുതൽ പ്രാണവായുപോലെയാണ് എനിക്കവൾ. അവളില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരുവനാണ് താൻ.
അച്ഛനും അമ്മയും ആമിയുമായുള്ള വിവാഹത്തിന് നിർബന്ധിക്കുകയാണ്. മുൻപ് കാൻസർ രോഗിയായ ഒരു പെൺകുട്ടിയെ അറിഞ്ഞുകൊണ്ട് വേറെ ആരും വിവാഹം കഴിക്കില്ല പോലും, ഇതാണെങ്കിൽ അവൾ സ്നേഹിച്ച ആളെ അവൾക്കും കിട്ടും എനിക്കും നല്ലൊരു ജീവിതം കിട്ടുമത്രേ.
അവരുടെ സ്വാർത്ഥതക്ക് താൻ നിന്ന് കൊടുക്കണം എന്നാണ് പല്ലവി പോലും പറയുന്നത്.
നിളയുടെ സന്തോഷവും സമാധാനവും കളഞ്ഞിട്ട് നമുക്ക് എങ്ങനെ സന്തോഷം ആയി ജീവിക്കാൻ കഴിയുമെന്നാണ് അവൾ പറയുന്നത്.
അവൾക്ക് അങ്ങനെ പറയാനേ അറിയൂ.
ഇത്രനാൾ കുടുംബത്തിനായി മാത്രം ജീവിച്ച മകനെ മനസ്സിലാക്കാൻ അച്ഛനും അമ്മയും പോലും തയ്യാറല്ല.
ദിവസവും നാല് മണിക്കൂർ മാത്രം ഉറങ്ങി, അറിയാവുന്ന സകല ജോലിയും ചെയ്തിട്ടാണ് പത്തു സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയത്. അനിയത്തിയെ പഠിപ്പിച്ചു.
സ്വന്തം പ്രയത്നത്തിന്റെ ഫലമായി തനിക്കു സർക്കാർ ജോലിയും കിട്ടി. തന്നെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന പല്ലവിയെ പ്രണയിനിയായി കിട്ടി. ഇനിയെങ്കിലും തനിക്കായി ജീവിച്ച് തുടങ്ങണം എന്നൊക്കെ ആയിരുന്നു ആശ.പക്ഷെ ഒന്നും നടന്നില്ല…
എന്ത് വേണമെന്ന് അറിയില്ല. പക്ഷെ ഒന്ന് മാത്രം അറിയാം. മറ്റൊരു സ്ത്രീയെ പങ്കാളി ആക്കാൻ തനിക്കൊരിക്കലും ആവില്ല.
തന്റെ നിള… അവൾ.. ഒരു ഒരു ചോദ്യചിഹ്നമായി മുമ്പിൽ നിൽക്കുന്നു.
അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
♡♡♡♡♡♡♡♡♡♡♡♡♡
പല്ലവി വീട്ടിൽ എത്തി. പറ്റുന്നില്ല മനസ്സിന്റെ ഈ കടുത്ത ഭാരം താങ്ങാൻ കഴിയുന്നില്ല.
വയ്യ…. നീരവ് ഇല്ലാതെ ജീവിക്കാൻ ആവില്ല.
കണ്ണുകൾ നീറി പുകയുന്നുണ്ട് പക്ഷെ ഒരു തുള്ളി കണ്ണുനീർ ഉതിരുന്നില്ല. വരണ്ടു പോയ നദി പോലെ നീർ വറ്റിയ കണ്ണുകൾ. യന്ത്രികമായി അവൾ ആ പകൽ തള്ളിനീക്കി.
ഉറക്കം വരാത്ത ആ രാത്രിയിൽ അവൾ ജനലിനരികിൽ പോയിരുന്നു. പെട്ടന്ന് ആർത്തലച്ചു വന്ന മഴ അവളുടെ മുഖത്തേക്ക് തുള്ളികളെ കുടഞ്ഞിട്ടു.
അവൾ പതിയെ പുറത്തിറങ്ങി. അവനോടൊപ്പം നനയാൻ കൊതിച്ച മഴ…
അവൾക്ക് ഹൃദയം പിടയുന്ന പോലെ തോന്നി അത്രനേരം പിടിച്ചമർത്തി വച്ച സങ്കടങ്ങൾ തിക്കുമുട്ടി,അവളുറക്കെ പൊട്ടിക്കരഞ്ഞു. വെറും മണ്ണിലേക്കൂർന്നു വീണവൾ.
കനത്ത മഴനൂലുകളും ചെറുമൺതരികളുംഅവളുടെ ഉടലാകെ പടർന്നു.
കുറേ നേരം അവൾ ഒരേ കിടപ്പു കിടന്നു. മഴ ശമിച്ചിരിക്കുന്നു. അവൾ പതിയെ എഴുന്നേറ്റു.
മുറിയിലെത്തി. നാളെ ഡൽഹിയിൽ ഉള്ള തന്റെ കസിന്റെ അടുത്തേക്കു പോകണം. അവിടെത്തന്നെ ഒരു ജോലി കണ്ടുപിടിക്കണം ഇനിയൊരിക്കലും…. ഇനിയൊരിക്കലും ഈ നാട്ടിലേക്ക് മടങ്ങി വരാൻ എനിക്ക് കഴിയില്ല.
അവൾ ഉറച്ച തീരുമാനത്തിൽ എത്തി. അച്ഛനും അമ്മയും വേർപിരിഞ്ഞതിൽ പിന്നെ അമ്മാവന്റെ വീട്ടിൽ ആയിരുന്നു തന്റെ ജീവിതം. ഇല്ലായ്മകൾക്കിടയിലും പറ്റുന്നത് പോലെ അവർ എന്നെ സംരക്ഷിച്ചു.അമ്മാവന്റെ രണ്ടാണ്മക്കളും വിവാഹിതർ ആയതോടെ ഇനിയുംതാൻ അവിടെതുടരുന്നത് ശരി അല്ലെന്നു തോന്നിയപ്പോൾ, ജോലിസ്ഥലത്തിനടുത്ത് ഒരു വീടെടുത്തു മാറി. എങ്കിലും ജീവിതത്തിൽ ആദ്യമായി സ്നേഹം എന്താണെന്ന് അറിഞ്ഞത് നീരവിൽ നിന്നാണ്.അയാൾക്കൊപ്പം ഒരുജന്മം മുഴുവൻ ജീവിക്കാൻ മോഹിച്ചു പോയി താൻ. പക്ഷെ മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടാൻ തനിക്കാവില്ല.
അറിയില്ല താനിങ്ങനെ എന്നും മനുഷ്യർക്ക് മുൻപിൽ തോറ്റു പോകുന്നത് എന്തു കൊണ്ടാണെന്ന്.
പിറ്റേന്ന് അവൾ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒരു ബാഗിൽ ആക്കി. എത്രയും വേഗം ഇവിടെ നിന്നും ഓടിഒളിക്കണം. ഇല്ലെങ്കിൽ തന്റെ ഹൃദയം പൊട്ടിപോകും
അവൾ വേഗത്തിൽ നടന്നു. പെട്ടന്നാണ് തൊട്ട് മുൻപിൽ ആരോ വന്ന് നിന്നത്. പല്ലവി ഞെട്ടലോടെ തലയുയർത്തി നോക്കി.
നീരവിന്റെ അനുജത്തി നിളയാണ്.
എങ്ങോട്ടാ ഇത്ര ധൃതിയിൽ?
ഹേയ്… എങ്ങോട്ടുമില്ല.
ഇങ്ങോട്ട് നോക്കിക്കേ… എന്റെ മുഖത്തേക്ക്. എനിക്കറിയാം എല്ലാം ഉപേക്ഷിച്ചുള്ള പോക്കാണ് ഇതെന്ന്.
ഇല്ല… അങ്ങനൊന്നും ഇല്ല..
വേണ്ട. നുണ പറയാൻ എന്റെയീ പാവം ചേച്ചിക്ക് അറിയില്ല. ഇപ്പോൾ എന്നെ ഓർത്തിട്ടല്ലേ ഇങ്ങനൊക്കെ?
അല്ല..
ചേച്ചി കരുതുന്നുണ്ടോ ഈ ജന്മത്തിൽ ഏട്ടൻ മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കു മെന്ന്.ഈ ജന്മത്തിൽ എന്നല്ല നൂറ് ജന്മം ഉണ്ടെങ്കിലും അന്നെല്ലാം ചേച്ചിയെ അല്ലാതെ മറ്റൊരാളെയും സ്നേഹിക്കാൻ ഏട്ടന് കഴിയില്ല.
എന്റെ സ്നേഹത്തിന് വില പറഞ്ഞ അനന്ദു വിനോടൊപ്പം ജീവിക്കാൻ ഞാൻ ഒരുക്കമല്ല.
മോളെ… ഒന്നുകൂടി ആലോചിച്ചിട്ട് മതി. നീ ഒത്തിരി സ്നേഹിച്ചതല്ലേ അനന്ദുവിനെ.
അതെ, സ്നേഹിച്ചത് ഞാൻ ആയിരുന്നു. അവന് എന്നോട് ആത്മാർത്ഥ സ്നേഹം ആയിരുന്നെങ്കിൽ ഒരിക്കലും അവൻ എന്റെ സ്നേഹത്തിനു വില പറയില്ലായിരുന്നു. ഇന്നലെയും അവൻ പറഞ്ഞു ആമിയെ ഏട്ടൻ വിവാഹം ചെയ്താലേ, എന്നെ അനന്ദു വിവാഹം കഴിക്കൂ എന്ന്.. അങ്ങനെ ഒരുത്തനെ എനിക്ക് വേണ്ട ചേച്ചി.അവനോട് വിവാഹത്തിൽ താല്പര്യം ഇല്ലെന്നു ഞാൻ പറഞ്ഞു. അവൾ പതിയെ ചിരിച്ചു.
പല്ലവിക്ക് ഒരേ സമയം ചിരിയും കരച്ചിലും വന്നു.
ഏട്ടൻ ഇന്നലെ വീട്ടിൽ നിന്നും ഇറങ്ങിയതാ…ഇത് വരേയും വീട്ടിൽ വന്നിട്ടില്ല. അമ്പലക്കുന്നിലെ പാറപ്പുറത്ത് ഒരേ ഇരിപ്പാണ്. അമ്മ വിളിച്ചിട്ട് പോലും വരുന്നില്ല.ഇന്നലെ പെരുമഴ പെയ്തിട്ടു പോലും അവിടെ ഇരുന്നു.
നിങ്ങളെ പോലെ ഈ ലോകത്ത് ആർക്കും പരസ്പരം സ്നേഹിക്കാൻ പറ്റില്ല.എന്നും കുടുംബത്തിനു വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ മാറ്റി വച്ചവനാ എന്റെ ഏട്ടൻ. ഇനിയെങ്കിലും ഒന്ന് ജീവിക്ക് രണ്ടാളും… കൊതി തീരെ സ്നേഹിക്ക്…
നിള പറഞ്ഞു പൂർത്തിയാക്കും മുൻപേ പല്ലവി ഓടുകയായിരുന്നു.
ഓടിയണച്ച് അമ്പലക്കുന്നിന്റെ ചരുവിലെ പാറപ്പുറത്ത് എത്തി. പാറപ്പുറത്തേക്ക് ചാഞ്ഞ്, നിറയെ പൂത്ത ചെമ്പകം നിൽപ്പുണ്ട്. അതിന് ചുവട്ടിലായി നീരവ് കിടപ്പുണ്ട്. നേർത്ത കാറ്റിൽ ചെമ്പക ഗന്ധം.
അവൾ ഓടിയടുത്തു ചെന്നു.
നീരവ് കണ്ണുകൾ അടച്ചിട്ടുണ്ടെങ്കിലും ഇരുചെന്നിയിലൂടെയും കണ്ണുനീർ ഒഴുകിയിട്ടുണ്ട്. ഒരു പുരുഷൻ സ്വയം മറന്ന് കരയുകയാണ്. അവൻ മനസിനെ നിയന്ത്രിക്കാൻ നോക്കുകയാണ്, തന്റെ പുരുഷനാണത്. നിസഹായനായ ഒരു കുഞ്ഞിനെപ്പോലെ ആരും കാണാതെ ഒറ്റക്കിരുന്നു കരയുകയാണ്..
താൻ വന്നത് നീരവ് അറിഞ്ഞിട്ടില്ല.
അവൾ അവന്റെ അരികിലിരുന്നു. അവന്റെ ഇരു മിഴികളിലും അമർത്തി ചുംബിച്ചു, കണ്ണുനീർ അവളുടെ ചുണ്ടിൽ പടർന്നു, അയാളുടെ കവിളിലൂടെ ഒഴുകി പടർന്ന കണ്ണുനീർ അവൾ തുടച്ചു.
നീരവ്…..അവൾ ആർദ്രമായ് വിളിച്ചു.
ഇന്നലെ മഴ മുഴുവനും നനഞ്ഞു അല്ലേ?അവൻ കണ്ണ് തുറക്കാതെ ചോദിച്ചു.
ഉവ്വ്.. അതെങ്ങനെ അറിഞ്ഞു?
എനിക്ക് അറിയാം നീ കരഞ്ഞാൽ, ചിരിച്ചാൽ, ഒക്കെ എനിക്കറിയാം.
അതേ ആ കണ്ണൊന്നു തുറന്നേ.. നിള എന്നെ കാണാൻ വന്നിരുന്നു.
ഇനി ആര് പറഞ്ഞാലും ഈ മനുഷ്യനെ ഞാൻ ആർക്കും കൊടുക്കില്ല.
നീ പറഞ്ഞത് സത്യമാണോ? അയാളുടെ കവിളുകൾ വിറകൊള്ളുന്നുണ്ടായിരുന്നു, ചുണ്ടുകൾ എന്തോ പറയാൻ വെമ്പിവിറച്ചങ്ങനെ…
നീരവ്….അയാൾക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ അവൾ പതിയെ വിളിച്ചു.
എത്രയോ കാലങ്ങളായി അടക്കിവച്ച മുഴുവൻ സ്നേഹത്തോടെയും അയാൾ അവളെ ഇറുക്കെ ചേർത്തണച്ചു. അവൾ അയാളിലേക്ക് കൂടുതൽ കൂടുതൽ പറ്റിച്ചേർന്നിരുന്നു.?ഇനിയൊരിക്കലും അടർന്നു പോകാനാവാതെ രണ്ട് പേർ….
അതുകണ്ടിട്ടാകണം ചെമ്പകമരം നിറയെ പൂക്കൾ അവർക്ക് മേലേക്ക് കൊഴിച്ചിട്ടു….