എഴുത്ത്:-ഗിരീഷ് കാവാലം
“സതീഷേ… കുമാറിന് ആക്സിഡന്റ് പറ്റിയെടാ ആള് നമ്മളെ വിട്ട് പോയെടാ…”
ഗേറ്റിന് മുന്നിൽ സ്കൂട്ടി നിർത്തി വിറയാർന്ന ശബ്ദത്തോടെ അയാൾ ഉറക്കെ പറഞ്ഞശേഷം ഉടൻ തന്നെ സ്കൂട്ടി മുന്നോട്ടെടുത്തു പോയി
വർക്ക് സൈറ്റിലേക്കു പോകുവാൻ ഇറങ്ങുകയായിരുന്ന സതീഷ് ഞെട്ടലിൽ ഒരു നിമിഷം ഈശ്വരനെ വിളിച്ചു നിന്നുപോയി. പിടിവിട്ട് തന്റെ ബാഗ് ഊർന്നു താഴേക്ക് വീണതും പെട്ടന്ന് ഒരു പൊട്ടിച്ചിരികേട്ട സതീഷ് തിരിഞ്ഞു നോക്കി
വായ് പൊളിച്ചു ശ്വാസം നിലച്ചപോലെ ഇമവെട്ടാതെ തന്നെ നോക്കി നിൽക്കുന്ന ഇഷമോൾ, അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നു..
അപ്പോൾ സതീഷിന് വന്ന ആ ഫോൺ കാൾ ആക്‌സിഡന്റ് നടന്നു, സംഭവസ്ഥലത്ത് വെച്ച് തന്നെ കുമാർ മരണപ്പെട്ടു എന്നു സ്ഥിരീകരിക്കുന്ന തായിരുന്നു
കണ്ണിൽ ഇരുട്ട് കയറി ശക്തി ചോർന്നു പോകുന്നപോലെ തോന്നിയ സതീഷ് സിറ്റൗട്ടിൽ തറയിൽ ഇരുന്നുപോയി
വിഷാദത്തിലേക്ക് പോകുന്ന ഇഷമോളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകു കയായിരുന്നു അബ്നോർമൽ ആകുന്ന മോളെ ശ്രദ്ധിച്ച സതീഷ് അവളുടെ അടുത്തേക്ക് ചെന്നു
“മോളെ വിഷമിക്കാതിരി..എന്താ പറ്റിയതെന്ന് നമുക്ക് നോക്കാം”
അവളെ ചേർത്ത് പിടിച്ചുകൊണ്ട് നിറകണ്ണുകളോടെ സതീഷ് പറഞ്ഞു
ഇഷമോളെ സിറ്റൗട്ടിൽ ഇരുത്തിയ സതീഷ് കാർ സ്റ്റാർട്ട് ചെയ്തു. അവളെ മുൻസീറ്റിൽ കൈപിടിച്ചിരുത്തിയ സതീഷ്, പോസ്റ്റ്‌മോർട്ടത്തിനായി കുമാറിനെ കൊണ്ടുപോയിരിക്കുന്ന ഹോസ്പിറ്റലിലേക്ക് തിരിച്ചു
സതീഷിന്റെ വീട്ടിലേക്കു വരുകയായിരുന്ന കുമാറിന്റെ കാർ, ടാങ്കർ ലോറിയിൽ ഇടിച്ചു നിശേഷം തകർന്ന വാർത്ത ആ നാടിനെ നടുക്കി
സ്വന്തം ചോരയിൽ ജനിക്കാത്ത ഇരട്ട സഹോദരങ്ങൾ എന്നാണ് സതീഷിനെയും, കുമാറിനെയും നാട്ടുകാർ വിലയിരുത്തിയിരുന്നത്. അത്രക്കും ആത്മ ബന്ധമായിരുന്നു അവർ രണ്ട്പേരും തമ്മിൽ
കുമാറിന്റെ മക്കളെ തന്റെ സ്വന്തം മക്കളെ പോലെ കണ്ടിരുന്ന സതീഷും, അമ്മ നഷ്ടപ്പെട്ട സതീഷിന്റെ മകളെ തന്റെ സ്വന്തം മകളെന്നപോലെയും കണ്ടിരുന്ന കുമാറും ബിസിനസ് പങ്കാളികൾ എന്നതിലുപരി ഒരു സുഹൃദ് ബന്ധം എങ്ങനെയായിരിക്കണം എന്ന് നാട്ടുകാർക്ക് മാതൃകയാക്കികൊടുത്തിരുന്നു
ഡ്രൈവിങ്ങിനിടയിൽ ഫോൺകാളുകൾ വന്നുകൊണ്ടിരുന്നു, മോർച്ചറിക്ക് മുന്നിൽ നിൽക്കുന്ന പലരുടെയും കാളുകൾ സതീഷിനെ തിരക്കിയായിരുന്നു
ഡ്രൈവിംഗിനിടയിൽ ഇഷമോളെ ശ്രദ്ധിച്ച സതീഷിന് എന്തോ പന്തികേട് തോന്നി
“മോളെ.. മോളെ..”
സതീഷ് വിളിച്ചെങ്കിലും ഇഷമോൾ പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു അവളുടെ കണ്ണുകൾ ഇമവെട്ടാതെ നിശ്ചലമായിരിക്കുന്നത് കണ്ട സതീഷ് കാർ സ്ലോ ചെയ്തു സൈഡിലേക്ക് ഒതുക്കി
“മോളെ.. എന്താ ഒന്നും മിണ്ടാതിരിക്കുന്നത്, മോളെ പോയവർ പോയി അവർ ഇനി തിരിച്ചു വരില്ല “
ഇടമുറിഞ്ഞ വാക്കുകളോടെ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞെങ്കിലും നിഷമോളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു
സ്വന്തം അച്ഛനായ തന്നെക്കാളും സ്നേഹം അവൾക്ക് കുമാർ അങ്കിളിiനോടായിരുന്നു
അമ്മയില്ലാതെ വളർന്ന ഏഴാംക്ലാസ്സുകാരിയായ അവൾക്ക് സ്വന്തം മാമന്മാരെയും ചിറ്റപ്പന്മാരെക്കാളും സ്നേഹം കുമാർ അങ്കിളിനോട് തന്നെയായിരുന്നു
സതീഷിന്റെ ശ്വാസഗതി വർധിച്ചു..ആകെ ഡിപ്രെഷനിലായ സതീഷ് മൊബൈൽ എടുത്തു തന്റെ ഉറ്റമിത്രമായ സൈക്കോളജിസ്‌റ്റ് സലീമിനെ വിളിച്ചു
“സതീഷേ…ഞാൻ അറിഞ്ഞെടാ.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല”
കാൾ അറ്റൻഡ് ചെയ്തതും മറുതലക്കൽ നിന്ന് ആദ്യമേ തന്നെ സലിം പറഞ്ഞു തുടങ്ങി
സതീഷ് തന്റെ മോളുടെ ഇപ്പോഴത്തെ അവസ്ഥ സലീമിനെ ധരിപ്പിച്ചു
ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ചിലരിൽ ഷോക്ക് ആയി മാറിയേക്കാം, അത് മാറും.. ഇപ്പൊ മോൾക്ക് അങ്ങോട്ട് പോകാൻ ബുദ്ധിമുട്ടാണെങ്കിൽ ഇങ്ങോട്ട് കൊണ്ടുപോര്
സലിം പറഞ്ഞതും ഉടൻ തന്നെ കാർ തിരിച്ച സതീഷ് നേരെ സലീമിന്റെ ക്ലിനിക്കിലേക്ക് വിട്ടു
തന്റെ ബിസിനസ്സ് പാർട്ണർ ആയ കുമാർ തനിക്ക് പിറക്കാതെ പോയ സഹോദരൻ. തന്റെ ഭാര്യയുടെ മരണശേഷം തനിക്ക് താങ്ങായി നിന്ന അവനും അവന്റെ കുടുംബവും പക്ഷേ അവൻ ഇനിയില്ല എന്ന് സതീഷിന് വിശ്വസിക്കാനാവുന്നില്ല ഒരു വീട് പോലെ കഴിഞ്ഞ തങ്ങളെ അസൂയയോടെയാണ് ബന്ധുക്കൾ എല്ലാം കണ്ടിരുന്നത്, അതൊക്കെ അവരുടെയൊക്കെ സംസാരത്തിലും കുത്തുവാക്കുകളിലൂടെ പ്രതിഫലിക്കുമായിരുന്നു. കഴിഞ്ഞ മാസം ഒന്നിച്ചു ടൂർ പോയ നിമിഷങ്ങൾ സതീഷിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. അന്ന് ഇഷമോള് പറഞ്ഞ ആ വാക്കുകൾ ഒരിക്കൽകൂടി സതീഷിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു പോയി
അടുത്ത ജന്മത്തിൽ എനിക്ക് കുമാറങ്കിളിന്റെ മകളായിട്ട് ജനിക്കണം എന്ന് തമാശയോടെ തന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞത്
വിറങ്ങലിക്കുന്ന ഓർമ്മകൾക്ക് നടുവിലൂടെ സതീഷിന്റെ കാർ സൈക്കോളജിസ്റ്റ് സലീമിന്റെ ക്ലിനിക്കിൽ എത്തിയിരുന്നു
ഇഷമോളെ കണ്ടതും സലിം അവളെ ആശ്വസിപ്പിച്ചു. അവൾ പൊട്ടിക്കരഞ്ഞു
“ചെറിയ ഷോക്കാ… ഇപ്പൊ അത് മാറും. മോള് അച്ഛന്റെ കൂടെ ചെല്ല് അങ്കിളിനെ കാണണ്ടേ”
സലിം വിഷമത്തോടെ പറഞ്ഞു
“വേണ്ട… എനിക്ക് അങ്കിളിന്റെ ഈ മുഖം കാണാൻ കഴിയില്ല”
അവൾ നിറകണ്ണുകളോടെ എങ്ങലടിച്ചു പറയുമ്പോൾ അവർ രണ്ട്പേരും സ്ഥബ്ധരായിനിന്നുപോയി
“ഞാൻ ഹോസ്പിറ്റലിലേക്ക് പോകട്ടെ, അവിടുത്തെ കാര്യങ്ങൾ ഞാൻ അറിയണ്ടേ സലിമേ”
“സതീഷ് പൊക്കോളൂ മോൾ ഇവിടെ നിൽക്കട്ടെ “
സതീഷ്, കുമാറിന്റെ ഡെഡ്ബോഡി സൂക്ഷിച്ചിരിക്കുന്ന ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടുത്തെ ഫോർമാലിറ്റിയൊക്കെ കഴിഞ്ഞശേഷം ബോഡി വീട്ടിലേക്കു കൊണ്ടുപോകാനായിട്ടിറക്കിയപ്പോളാണ് സലീമിന്റെ കാൾ വന്നത്. മോൾ ഓക്കേ യായി കൂട്ടിക്കൊണ്ടു പൊക്കോ എന്നുപറഞ്ഞുകൊണ്ട്.
സതീഷ് ഉടൻ തന്നെ സലീമിന്റെ ക്ലിനിക്കിലേക്ക് തിരിച്ചു
ക്ലിനിക്കിൽ എത്തിയ സതീഷിന് ഇഷമോളുടെ മുഖം കണ്ടപ്പോഴേക്കും പിരിമുറുക്കം കുറഞ്ഞു. അവൾ നോർമലായിരിക്കുന്നു
അവളുടെ മനസ്സിനെ ആഘാതപ്പെടുത്തിയ ആ കാര്യം സലിം, സതീഷിനോട് രഹസ്യമായി പറഞ്ഞു
ഇഷമോളെയും കൂട്ടി കാറിലേക്ക് കയറിയ സതീഷ് നേരെ വീട്ടിലേക്കു തിരിച്ചു
സൈക്കോളജിസ്റ്റ് സലിം പറഞ്ഞ വാക്കുകൾ ഒരിക്കൽകൂടി സതീഷിന്റെ മനസ്സിലൂടെ കടന്നുപോയി
ഇന്നലെ രാവിലെ എന്നത്തേയും പോലെ സതീഷ് തന്റെ വർക്ക്‌സൈറ്റിലേക്കു പോയി മിനിറ്റുകൾക്ക് ശേഷം കുമാർ തന്റെ കാറിൽ സതീഷിന്റെ വീട്ടിൽ എത്തി. കുമാർ എത്തിയത് ഇഷമോൾക്ക് വളരെ സന്തോഷമായി. കളിയും തമാശ പറച്ചിലും കൊഞ്ചലുമായി അവൾ സോഫയിൽ കുമാറിനോടടുത്തിരുന്നു. രസകരമായ പലതും പറയുന്നതിനിടയിൽ കുമാറിന്റെ കൈ അരുതാത്ത ഭാഗങ്ങളിൽ സ്പർശിച്ചെങ്കിലും ഇഷമോൾക്ക് അരുതാത്തതായി ഒന്നും തോന്നിയില്ല പക്ഷേ നിമിഷങ്ങൾക്കുള്ളിൽ തന്റെ മനസ്സിനെ വ്രണപ്പെടുത്തുന്ന തരത്തിലേക്ക് കുമാറിന്റെ കരസ്പർശം പോയി അവൾക്ക് എന്തോ പോലെ തോന്നി, അവളിലെ ചിരി മാഞ്ഞു.
അങ്കിൾ ഇതെന്താ കാണിക്കുന്നേ?
ഇഷമോൾ ചോദിച്ചു
“മോളെ.. മോൾ ഇപ്പൊ പണ്ടത്തെ പോലെ കൊച്ചുകുട്ടിയല്ല. മോൾ ഇപ്പൊ വലുതായില്ലേ. പിന്നെ മോൾ ഇതാരോടും പറയേണ്ട”
അപ്പോൾ വെളിയിൽ അയലത്തെ ചേച്ചിയുടെ പുറത്ത് നിന്നുള്ള വിളി കേട്ടതും കുമാർ പെട്ടന്ന് സോഫയിൽ നിന്നും എഴുന്നേറ്റു.
“മോളെ ഞാൻ പോകുവാ അങ്കിൾ നാളെ വരും അച്ഛൻ പോയ ശേഷം ഇതേ സമയത്ത്… ആരും അറിയില്ല നമ്മൾ രണ്ട് പേരും അല്ലാതെ “
ഇഷമോൾ ശബ്ദിക്കാനാവാതെ വിറയലോടെ ഇരിക്കുകയായിരുന്നു.
“അഥവാ ഇനി അച്ഛനോട് പറഞ്ഞാൽ അറിയാമല്ലോ പിന്നെ എന്താ സംഭവിക്കാൻ പോകുന്നതെന്ന്. ബുദ്ധിപൂർവ്വം ചിന്തിക്കുക”
കണ്ണിറുക്കി കാണിച്ചുകൊണ്ട് കുമാർ വീടിനുള്ളിൽ നിന്നും വെളിയിലേക്ക് പോയി
വിറങ്ങലിച്ചു നിൽക്കാനേ ഇഷമോൾക്ക് കഴിഞ്ഞുള്ളൂ..
വൈകുന്നേരം സതീഷ് വന്നപ്പോൾ മോളുടെ മുഖം കണ്ട് വയ്യായ്ക ഉണ്ടോന്ന് തിരക്കിയെങ്കിലും അവൾ തലവേദനയാണെന്ന് പറഞ്ഞു കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ ഉണർന്നതുമുതൽ കുമാർ അങ്കിളിന്റെ വരവ് അവൾ അകക്കണ്ണിലൂടെ കണ്ടു..
“ഒന്നുകിൽ അച്ഛനോട് തുറന്നു പറയുക… പറഞ്ഞാൽ ഇതുവരെ ഉണ്ടാക്കിയ ബന്ധങ്ങളുടെ സാമ്രാജ്യം ഒരു നിമിഷം കൊണ്ട് ഉടഞ്ഞില്ലാതാകും അതല്ലെങ്കിൽ അങ്കിളിന്റെ ഇഷ്ടത്തിന് നിന്നുകൊടുക്കുക.
ആ രണ്ട് തീരുമാനങ്ങളിൽ ഏത് എന്നത് അവളുടെ മനസ്സിനെ വേട്ടയാടിയ നിമിഷങ്ങളിൽ നിർജീവമായി നിൽക്കുമ്പോൾ ആണ് അവളുടെ ചെവിയിലേക്ക് ആ മരണവാർത്ത എത്തുന്നത്
പെട്ടന്ന് വണ്ടി നിർത്തിയ സതീഷ് സ്റ്റിയറിങ്ങിൽ നെറ്റി അമർത്തി കിടന്നു.
നല്ലപോലെ വെട്ടിവിയർക്കുന്നുണ്ടായിരുന്നു സതീഷിനെ അപ്പോൾ
പെട്ടന്ന് തന്നെ മുഖം തുടച്ച് സമചിത്തത വീണ്ടെടുത്ത സതീഷ് വണ്ടി ഓടിച്ചു വീട്ടിൽ എത്തി.
ഇഷമോളെ അവളുടെ ബെഡ്ഡ് റൂമിൽ കിടത്തിയ ശേഷം സ്വീകരണ മുറിയിലേക്ക് വന്ന സതീഷിന്റെ കണ്ണുകൾ ആ ഫോട്ടോയിൽ ഉടക്കിനിന്നു. ഞരമ്പുകൾ വരിഞ്ഞു മുറുകുന്നപോലെ തോന്നിയ നിമിഷം, സതീഷിന്റെ കൈകൾ ആ ഫോട്ടോയിലേക്ക് നീണ്ടു. താനും കുമാറും ഒന്നിച്ചുള്ള ഫുൾ സൈസ് വലിയ ഫോട്ടോ തറയിലേക്ക് എറിഞ്ഞുടച്ചതും ബലക്ഷയം വന്നവനെപോലെ സതീഷ് സോഫയിൽ ഇരുന്ന് ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങുകയായിരുന്നു……