മോനെ നിനക്ക് ഒരു പെണ്ണും ജീവിതവും വേണ്ടെടാ ” എന്ന് അമ്മയോ”ഏട്ടനൊരു പെണ്ണിനെ നോക്കട്ടെ ” എന്ന് പെങ്ങളോ ചോദിച്ചില്ല.പക്ഷേ, ഇടയ്ക്കിടെ ചോദിക്കാൻ…….

എഴുത്ത്:-മഹാദേവന്‍

“നിന്റ തലവട്ടം കണ്ടപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കഷ്ടകാലം. വീടിനും വീട്ടുകാർക്കും ഒരു ഉപകാരവും ഇല്ലാത്ത കുരുത്തംകെട്ടവൻ “

സ്വന്തം അമ്മയാണ് ഉമ്മറത്തിരുന്ന് പ്രാകുന്നത്. 

അല്ലെങ്കിലും ഇതൊക്കെ കേൾക്കേണ്ടവനാ ഞാൻ എന്ന് പലപ്പോഴും തോന്നും.  അച്ഛനുണ്ടാക്കിയ കടം വീട്ടാൻ പ്രവാസിയായപ്പോൾ  അതിന്റെ കൂടെ ഉള്ള ഒരു ബാധ്യത കൂടെ എടുത്തു തലയിൽ വെച്ചു. പെങ്ങളെ കെട്ടിച്ചയച്ചത്തിന്റെ.


കല്യാണം ആഘോഷമായപ്പോൾ എല്ലാവരും പറയുമായിരുന്നു  ദേവൻ ഗൾഫിൽ പോയി പത്തു പുത്തൻപണം ണ്ടാക്കി പെങ്ങളേം നല്ല രീതിയിൽ കെട്ടിച്ചു വിട്ടെന്ന്.

അത് കേൾക്കുമ്പോൾ ഒരു സന്തോഷം ആയിരുന്നു. തലയ്ക്ക് മീതെ പിന്നേയും ബാധ്യതയുടെ കണക്കുകൾ കുമിഞ്ഞുകൂടുമ്പോഴും കുടുംബത്തിന്റെ സന്തോഷം… അത് മാത്രം ആയിരുന്നു മനസ്സിൽ.  അങ്ങനെ ബാധ്യതകൾ തീർത്ത്‌ ഒന്ന് നിവർന്നു നിൽക്കാൻ ആയപ്പോഴേക്കും  സ്വന്തം ജീവിതം മറന്നുപോയി.

കൂടെ ഉള്ള ആരും ഓർമ്മിപ്പിച്ചതും ഇല്ല.

  “മോനെ നിനക്ക് ഒരു പെണ്ണും ജീവിതവും വേണ്ടെടാ ” എന്ന് അമ്മയോ
“ഏട്ടനൊരു പെണ്ണിനെ നോക്കട്ടെ ” എന്ന് പെങ്ങളോ ചോദിച്ചില്ല.പക്ഷേ, ഇടയ്ക്കിടെ ചോദിക്കാൻ മറക്കാത്ത ഒന്നുണ്ടായിരുന്നു.പണം!

പെങ്ങളുടെ ഗർഭം മുതൽ പ്രസവവും നൂലുകെട്ടും പിറനാളും… അങ്ങനെ നീണ്ടുപോകുന്ന ചടങ്ങുകൾക്ക് മാമന്റെ  “വക ” എന്നതിന് മുന്നിൽ ആയിരുന്നു സ്ഥാനം…  വലിപ്പമൊട്ടും കുറയാനും പാടില്ലല്ലോ…

അമ്മയോട് അവസ്ഥ പറഞ്ഞാൽ ” അവൾക്ക് പിന്നെ നീ അല്ലാതെ ആരാ കൊടുക്കാൻ ഉള്ളത്. അല്ലേലും നിനക്ക് അമ്മയോ പെങ്ങളോ ഒന്നും വേണ്ടല്ലോ. സ്വന്തം ഉണ്ടാക്കി കൂട്ടുവല്ലേ അവിടെ ” എന്നൊരു പരിഹാസം പറച്ചിലും.

ഒരു പ്രവാസി ചിരിക്കുകയും കരയുകയും ചെയ്യുന്ന അസുലഭനിമിഷങ്ങളിൽ ഒന്നാണ് ആ നിമിഷം.

ബാധ്യതകൾ തീർന്നപ്പോൾ ഉള്ളത് കൊണ്ട് വാങ്ങിയത് പത്തു സെന്റ് സ്ഥലം ആണ്. നാട്ടിൽ ഇല്ലാത്തത് കൊണ്ട്  അത് വാങ്ങിയത് അമ്മയുടെ പേരിലും. 

 എന്നിട്ടും  പറയുന്നത് ഉണ്ടാക്കി കൂട്ടുന്നവൻ എന്ന്.

വർഷങ്ങൾക്ക് ശേഷം നാട്ടിൽ വരുമ്പോൾ കൂട്ടാൻ വന്നത് അളിയൻ ആയിരുന്നു. ചോദ്യം കൊണ്ടുവന്ന കുപ്പിയെ കുറിച്ചും.

 “കുപ്പി ഇവിടേം കിട്ടുമല്ലോ അളിയാ ” എന്ന് പറഞ്ഞപ്പോൾ അത് വരെ ചിരിച്ച അളിയന്റെ മുഖം ഒന്ന് മങ്ങി.

അന്ന് ആ രാത്രി  പെട്ടിയുടെ കെട്ട് പൊട്ടിച്ചത് മുതൽ പ്രവാസിയുടെ ജെട്ടിയുടെ എലാസ്റ്റിക് പോലും ബാക്കി വെക്കാതെ പെങ്ങളും അളിയനും അമ്മയും കൂടി വീതിച്ചെടുക്കുമ്പോൾ ആരും ചോദിച്ചില്ല  ” അവിടെ സുഖമാണോ “എന്ന്.

   പക്ഷേ, ഒന്ന് ചോദിച്ചു…

  എന്നാ തിരിച് പോകുന്നതെന്ന്.

ആ ചോദ്യം ഡിഷ്ണറിയിൽ ഉള്ളപോലെ അച്ചടിച്ചു വെച്ച ഒന്നായത് കൊണ്ട് ചിരിച്ചു… അല്ലാതെ ന്ത്‌ ചെയ്യാൻ.

എന്നാ പിറ്റേ ദിവസം കൂട്ടുകാർക്ക് ഒരു കുപ്പിയുമായി ചെല്ലുമ്പോൾ അവര് ചോദിച്ചു, “ഇനി എന്നാടാ ഒരു പെണ്ണ് കേറ്റുന്നത് “എന്ന്.

അല്ലേലും ഇനി ഈ പ്രായത്തിൽ ആര് പെണ്ണ് തരാനാ എന്ന ചിന്ത ആയിരുന്നു മനസ്സിൽ.

പക്ഷേ , കൂട്ടുകാർ തന്ന ഒരു ധൈര്യം… അവിടെ നിന്ന് പോരുമ്പോൾ ഒന്ന് പെണ്ണ് കണ്ടേക്കാം എന്ന തീരുമാനത്തിൽ എത്തിയിരുന്നു മനസ്സ്.

രാത്രി ഭക്ഷണം കഴിക്കുന്ന സമയം അമ്മയ്ക്ക് മുന്നിൽ അത് അവതരിപ്പിക്കു മ്പോൾ  അമ്മ ചിരിക്കുകയാണ് ചെയ്തത്.

  “ഇനി ഈ പ്രായത്തിൽ നിനക്ക് എവിടുന്നു പെണ്ണ് കിട്ടാനാടാ, അല്ലെങ്കിൽ തന്നെ പ്രവാസിക്ക് പെണ്ണ് കൊടുക്കില്ല ആരും. പോരാത്തതിന് നിനക്ക് ആണേൽ വയസ്സ് കുറെ ആയില്ലേ. വെറുതെ ചായ കുടിച്ചു നടക്കാം.. അത്ര തന്നെ. “.

 ” ന്തായാലും നീ ഒന്ന് പോയി നോക്ക് മോനെ “എന്ന് പറയുമെന്ന് കരുതി.  പക്ഷേ, ഉണ്ടായിരുന്ന പ്രതീക്ഷയും അമ്മയുടെ വാക്കുകളിൽ തീർന്നുപോയി.

” അമ്മ അങ്ങനെ പലതും പറയും, ജീവിതം നിന്റ ആണ്. ” എന്ന് കൂട്ടുകാർ പറയുമ്പോൾ   “ഇനി ആദ്യം ഒരു വീട്, എന്നിട്ട് നോക്കാം കല്യാണം “എന്നായിരുന്നു മനസ്സിൽ.

വാങ്ങിയിട്ട പത്തു സെന്റ ബാങ്കിൽ വെച്ചാൽ ചെറിയ ഒരു വീട് തട്ടിക്കൂട്ടാം എന്നായിരുന്നു ചിന്ത.

  അത് അമ്മയോട് പറയുമ്പോൾ അമ്മ ദേഷ്യത്തോടെ ആണ് നോക്കിയത്.

“എന്റെ പേരിലുള്ള സ്വത്ത്‌  വെച്ചു ലോൺ എടുക്കാൻ ഞാൻ സമ്മതിക്കില്ല. അല്ലെങ്കിൽ തന്നെ പെണ്ണും പെടക്കോഴിയും ഇല്ലാത്ത ഒറ്റത്തടിയായ നിനക്ക് ന്തിനാ ഇപ്പോൾ സ്ഥലവും വീടും

എന്റെ മോൾ ആകെ കഷ്ടത്തിൽ ആണ്.  അവനാണെൽ പണിയും കുറവാ, എന്റെ പേരിലുള്ളത് ഞാൻ അവൾക്ക് എഴുതികൊടുക്കാൻ പോവാ… നിനക്ക്  വേണേൽ ഇനിയും ഉണ്ടാക്കാലോ.. കയ്യിനും കാലിനും കുഴപ്പമൊന്നും ഇല്ലല്ലോ… അവൻ ഭാഗം ചോദിച്ചു വന്നേക്കുന്നു. “

അമ്മയുടെ വാക്കുകൾ അവസാനത്തെ വാചകം ഉള്ളിലൊന്ന് കൊളുത്തി.

ഓർമ്മവെച്ച കാലം മുതൽ വാടകവീട്ടിൽ ആയിരുന്നു.താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പത്തു സെന്റ്‌ സ്ഥലം…  അതിൽ വീട് വെക്കാൻ ചോദിച്ചതിന് അമ്മ പറയുന്ന വാക്കാണ്ഭാഗം ചോദിക്കാൻ വന്നിരിക്കുക യാണെന്ന്.    

“ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ അമ്മേ.. അതെങ്ങനെ ഭാഗം ചോദിക്കൽ ആകും. എനിക്കും വേണ്ടേ ഒരു ജീവിതം. ഇത്രേം കാലം നിങ്ങൾക്കൊക്കെ വേണ്ടി ജീവിച്ചിട്ട് ഒടുക്കം….”

അന്ന് വരെ മറുത്തൊരു വാക്ക് പറയാത്ത എന്റെ നാവിൽ നിന്ന് ആദ്യമായി ചോദ്യങ്ങൾ ഉയർന്നപ്പോൾ അമ്മ പുച്ഛത്തോടെ ആണ് നോക്കിയത്.

” ഓഹ്. അപ്പൊ നീ ഇത്രേം കാലം ചെയ്തതിന്റെ ഒക്കെ കണക്ക് സൂക്ഷിച്ചിട്ടുണ്ട് അല്ലെ.  കൊള്ളാം..

എന്നാ കേട്ടോ.. ഞങ്ങള്ക്ക് വേണ്ടി ജീവിച്ചെങ്കിൽ അത് നിന്റ കടമയാണ്.  അമ്മയെയും പെങ്ങളെയും നോക്കിയതിന്റെ കണക്കുമായി വന്നേക്കുന്നു അവൻ. എന്നാ കേട്ടോ. ഇനി എന്റെ പേരിൽ ഉള്ള സ്വത്തിൽ നിന്ന് ഒന്നും നീ പ്രതീക്ഷിക്കണ്ട.. എനിക്കിനി ങ്ങനെ ഒരു മകനും ഇല്ല.  ഞാൻ എന്റെ മോൾടെ കൂടെ കഴിഞ്ഞുകൊള്ളാം. “

അതൊരു അവസാന വാക്ക് ആയിരുന്നു അമ്മയുടെ.

  പിറ്റേ ദിവസം അമ്മ പെട്ടിയുമെടുത്തു പടി ഇറങ്ങുമ്പോൾ  ആരൊക്കെയോ പറയുന്നുണ്ടായിരുന്നു  ” ആ അമ്മയെ അവൻ പടിയിറക്കി വിട്ടല്ലോ” എന്ന്.

   ആളുകൾക്കിടയിലൂടെ കരഞ്ഞുകൊണ്ട് ഇറങ്ങിപോകുന്ന അമ്മയായിരുന്നു എല്ലാവർക്കും ശരി.

എല്ലാവർക്കും വേണ്ടി ജീവിതം മാറ്റിവെച്ച് ഒടുക്കം. എല്ലാം നഷ്ട്ടപ്പെട്ട ഒരുവൻ ഉള്ളിൽ കരയുന്നത് ആരും കണ്ടില്ല..  അവന്റെ നിർവികാരത നിറഞ്ഞ മുഖത്തേക്ക് നോക്കി ആളുകൾ ക്ക് പറയാലോ  ” പത്തു കാശ് ഉണ്ടായപ്പോൾ പെറ്റ തള്ളയെ പോലും. വേണ്ടാതായി ആ നാiയിക്ക് “എന്ന്…

        

അങ്ങനെ ഞാനിപ്പോൾ വീണ്ടും ഒരു യാത്രയിലാണ്…  പ്രവാസിയായി തന്നെ.

  അല്ലേലും അത്തറു പൂശി വരുന്ന പ്രവാസിയുടെ വിയർപ്പ് തട്ടി കറുത്ത് പോയ അരഞ്ഞാണം കറുപ്പ് ആരും കാണില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *