അവളുടെ നിർബന്ധപ്രകാരം ഞാൻ ഓരോ കാര്യങ്ങളും ചെയ്ത് കൊണ്ടിരുന്നു ഞങ്ങൾക്ക് ഹജ്ജിനുള്ള വിസയും ടിക്കറ്റുമൊക്കെ ശരിയായി…..

എഴുത്ത്:- സജി തൈപ്പറമ്പിൽ

സ്കാനിങ്ങ് കഴിഞ്ഞ് എന്നെ പുറത്ത് കസേരയിൽ കൊണ്ടിരുത്തിയിട്ട് അവൾ ഡോക്ടറെ കാണാൻ പോയി

ഇതിന് മുൻപ് ഒരു പ്രാവശ്യം സ്കാനിങ്ങും മറ്റ് പരിശോധനകളുമൊക്കെ നടത്തിയതായിരുന്നു

അന്ന് കുറെ മരുന്നുകൾ കഴിക്കാൻ തന്നിട്ട്ര ണ്ട് മാസം കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് വരണ മെന്ന് പറഞ്ഞിരുന്നു

കുറച്ച് നാളുകളായിട്ട് ഇടയ്ക്കിടെ തലവേദന വരുമായിരുന്നു , അപ്പോഴൊക്കെ പെയിൻ കില്ലറുകൾ കഴിച്ച്, വേദന മാറ്റുകയായിരുന്നു പതിവ്

പക്ഷേ പെട്ടെന്നൊരു ദിവസം കാഴ്ച മങ്ങുകയും ബോധം പോകുകയും ചെയ്തപ്പോഴാണ് ആദ്യമായി ഹോസ്പിറ്റലിലെത്തിയത്

അന്ന് കുറെ പരിശോനകളൊക്കെ നടത്തിയെന്നും പക്ഷേ എല്ലാം നോർമലായിരുന്നുമെന്നുമാണ് അവളന്ന് തന്നോട് പറഞ്ഞത്

ഇന്ന് ഡോക്ടർ എന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ അവളെയും കാത്തിരിക്കുകയായിരുന്നു

ഡോക്ടറുടെ റൂമിൻ്റെ ഹാഫ് ഡോറ് തുറന്ന് അവള് നടന്ന് വരുന്നത് കണ്ട് എൻ്റെ ജിജ്ഞാസ വർദ്ധിച്ചു.

എന്ത് പറഞ്ഞെടീ ,,? എന്തേലും കുഴപ്പമുണ്ടോ?

ഹേയ് എന്ത് കുഴപ്പം ? ഒന്നുമില്ല ആ മരുന്ന് തന്നെ കണ്ടിന്യൂ ചെയ്താൽ മതിയെന്ന് പറഞ്ഞു

പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നു മില്ലാതെയാണ് അവൾ മറുപടി പറഞ്ഞത്

എങ്കിൽ നമുക്കിറങ്ങാം കുട്ടികൾ സ്കൂള് വിട്ട് വരാറായി,,

അവൾ ധൃതിവച്ചപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് അവളോടൊപ്പം ചെന്നു

ഞാൻ തന്നെ ഡ്രൈവ് ചെയ്തോളാം നിങ്ങളധികം സ്ട്രെയ്ൻ എടുക്കണ്ടാ ,,

എൻ്റെ ആരോഗ്യകാര്യത്തിൽ പണ്ട് മുതലേ അവൾക്ക് അതീവ ശ്രദ്ധ യായിരുന്നു എന്നാൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് അവൾക്ക് യാതൊരു ആശങ്കയുമില്ലായിരുന്നു

ഇടയ്ക്കിടെയുണ്ടാകുന്ന ഗ്യാസ് പല രാത്രികളിലും അവളുടെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു നല്ലൊരു ഡോക്ടറെ കാണണമെന്ന് ഞാനവളോട് എപ്പോഴും പറയുമായിരുന്നു

ആദ്യം നിങ്ങടെ അസുഖം മാറട്ടെ എന്ന് പറഞ്ഞ് അവൾ ഓരോ പ്രാവശ്യവും ഒഴിഞ്ഞ് മാറിക്കൊണ്ടിരിക്കും

പഴയ ഊർജ്ജസ്വലതയും പ്രസരിപ്പുമൊന്നും അവൾക്കിപ്പോഴില്ല, എൻ്റെ അസുഖത്തെത്തുടർന്ന് അവൾ സമയത്ത് ആഹാരമൊന്നും കഴിക്കാത്തത് കൊണ്ടാവാം ശരീരമാകെ മെലിഞ്ഞിട്ടുണ്ട്

എന്താ നിങ്ങള് ആലോചിക്കുന്നത് ?ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞില്ലേ?

ഡ്രൈവിങ്ങിനിടയിൽ അവളെന്നെ ആക്ടീവാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു

പിറ്റേന്ന് മുതൽ ഞാൻ ഓഫീസിലേയ്ക്കും അവൾ സ്കൂളിലേയ്ക്കും ജോലിയ്ക്ക് പോയി തുടങ്ങി

ഒരു ദിവസം ബാങ്കിലെ പേഴ്സണൽ ലോൺക്ളോസ് ചെയ്യാൻ പോയപ്പോഴാണ് കഴിഞ്ഞ ദിവസം അവൾ ബാങ്കിൽ ചെന്നിരുന്നെന്ന് മാനേജർ പറഞ്ഞ് ഞാനറിഞ്ഞത്

അല്ല അത് വേറൊന്നിനുമല്ല ആ ഇൻഷുറൻസിൻ്റെ കഴിഞ്ഞ ഇൻസ്റ്റാൾമെൻ്റ് മുടങ്ങിക്കിടക്കുവല്ലായിരുന്നോ ?അത് അടയ്ക്കാനായിട്ട് വന്നതാണ് ആ കൂട്ടത്തിൽ ഹൗസിങ്ങ് ലോണിൻ്റെ ഇൻഷുറൻസ് ,രണ്ട് വർഷത്തേയ്ക്ക് കൂടി പുതുക്കുകയും ചെയ്തു,,അല്ല അത് നല്ല കാര്യമാണ് ഇപ്പോഴത്തെ കാലത്ത് നിന്ന നില്പിലല്ലേ ആൾക്കാര് വടിയാകുന്നത് ? നമുക്ക് എന്തേലും സംഭവിച്ചാൽ നമ്മുടെ മക്കളുടെ പേരിൽ ബാധ്യതക ളൊന്നും വരാൻ പാടില്ലല്ലോ ? നല്ല കാര്യമാണ് മിസ്സിസ് ചെയ്തത് ,,

മാനേജർ ഭാര്യയെ പുകഴ്ത്തിയാണ് സംസാരിച്ചത്

കുറച്ച് നാള് മുമ്പ് വരെ അവളെന്നോട് തർക്കിച്ചതായിരുന്നു, വെറുതെ യെന്തിനാണ് ഹൗസിങ്ങ് ലോണിൻ്റെ EMI ക്കൊപ്പം ഇൻഷുറൻസ് തുകയായി മൂവായിരം രൂപ അധികം അടയ്ക്കുന്നതെന്ന്

ആ അവള് തന്നെ ഇപ്പോഴത് അപ്ഡേറ്റ് ചെയ്തിരിക്കുന്നു

എൻ്റെയും അവളുടെയും പേരിലാണ് ഹൗസിങ്ങ് ലോൺ എടുത്തിരിക്കുന്നത് ,അഥവാ എനിക്കെന്തെങ്കിലും സംഭവിച്ചാലും അവളുടെ സാലറിയിൽ നിന്ന് കട്ട് ചെയ്യാവുന്ന കാര്യമേയുള്ളു

എന്നിട്ടും എന്തിനാണ് ധൃതി പിടിച്ച് അവളിതൊക്കെ ചെയ്തതെന്ന ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

ദേ ഞാനൊരു കാര്യം പറയട്ടെ

വീട്ടിൽ ചെന്ന് കയറിയ ഉടനെ അവളെൻ്റെയടുത്തേയ്ക്ക് വന്ന് ചോദിച്ചു

ഉം പറയ് ,,

നമുക്ക് രണ്ടാൾക്കും ഈ പ്രാവശ്യത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകണം

എടീ അതിന് കഴിഞ്ഞ പ്രാവശ്യം ബുക്ക് ചെയ്തവര് തന്നെ ക്യൂവിലാണ്, പിന്നെങ്ങനെയാണ് നമ്മള് പോകുന്നത് ?

അത് സർക്കാർ കോട്ടയല്ലേ? നമുക്ക് പ്രൈവറ്റായിട്ട് പോകാം,,

എടീ,, അതിന് ലക്ഷങ്ങള് വേണം മാത്രമല്ല നല്ല പ്രിപ്റേഷനും വേണം
ബാധ്യതകള് മുഴുവനും തീർക്കണം നമ്മുടെ സ്വത്തുക്കളൊക്കെ അനന്തരാവ കാശികൾക്ക് എഴുതണം ,അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്

അതൊക്കെ നമുക്ക് ചെയ്യാം നാളെ തന്നെ മക്കളുടെ രണ്ട് പേരുടെ പേരിലേയ്ക്കും തുല്യമായി സ്വത്തുക്കൾ ഭാഗം വയ്ക്കണം കൊടുക്കാനുള്ള വർക്കൊക്കെ കൊടുത്ത് തീർക്കണം നിങ്ങളൊന്ന് ഉഷാറായാൽ എല്ലാം നടക്കും,,

അവൾ വല്ലാത്ത എക്സൈറ്റ്മെൻറിലായിരുന്നു

അവളുടെ നിർബന്ധപ്രകാരം ഞാൻ ഓരോ കാര്യങ്ങളും ചെയ്ത് കൊണ്ടിരുന്നു ,ഞങ്ങൾക്ക് ഹജ്ജിനുള്ള വിസയും ടിക്കറ്റുമൊക്കെ ശരിയായി

ആ സന്തോഷ വാർത്ത നേരിട്ട് അറിയിക്കാനാണ് ഞാൻ വീട്ടിലേയ്ക്ക് ഓടിയെത്തിയത്

പക്ഷേ ഹാളിലും അടുക്കളയിലുമൊന്നും അവളെ കാണാഞ്ഞ് അവസാനം ബെഡ് റൂമിലെത്തിയപ്പോൾ അവൾ കട്ടിലിൽ കിടന്നുറങ്ങുന്നു

ഇത് പതിവില്ലാത്തതാണല്ലോ?

ഡീ,, ഇതെന്ത് കിടപ്പാണ് ഒന്നെഴുന്നേറ്റേ ,, ഒരു സന്തോഷ വാർത്ത പറയാനുണ്ട്

ഞാനവളെ തട്ടി വിളിച്ചു ,പക്ഷേ അവളനങ്ങുന്നില്ല, എൻ്റെ ഉള്ളൊന്ന് കാളി ,വിറയലോടെ വീണ്ടും ഞാനവളെ ഉറക്കെ വിളിച്ചു

ഇല്ല ,യാതൊരു റെസ്പോൺസുമില്ല

പുറം തിരിഞ്ഞ് കിടന്ന അവളെ ഞാൻ എൻ്റെ നേരെ തിരിച്ച്കി ടത്തി
അപ്പോഴാണ്അ വളുടെ ശരീരം നന്നായി തണുത്തിരിക്കുകയാണെന്നും അവളിനി വിളി കേൾക്കില്ലെന്നും എനിക്ക് മനസ്സിലായത്

എൻ്റെ തൊണ്ടയിൽ തിങ്ങിനിറഞ്ഞ സങ്കടം പുറത്തേയ്ക്ക് ചാടാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി കൊണ്ടിരുന്നു

അപ്പോഴാണ് അവളുടെ കൈയ്യിലിരുന്ന ഡയറി ഞാൻ ശ്രദ്ധിച്ചത്

അതിൽ അവസാന പേജുകൾ ഞാൻ വായിച്ച് നോക്കി

എൻ്റെ പ്രിയനേ,, എനിയ്ക്ക് അസുഖം മൂർച്ഛിച്ചപ്പോൾ നിങ്ങളോട് പറയാതെ ഞാനൊരിക്കൽ ഡോക്ടറെ പോയി കണ്ടിരുന്നു

അവരുടെ നിർദ്ദേശപ്രകാരമാണ് ചെക്കപ്പുകൾ നടത്തിയത് , അപ്പോഴാണ് ആ നടുക്കുന്ന സത്യമറിഞ്ഞത്, ലിവർ സിറോസിസ് അതിൻ്റെ അവസാന ഘട്ടത്തിലെത്തി നില്ക്കുന്നു ഒരിക്കലും ജീവിതത്തിലേയ്ക്ക് തിരിച്ച് വരാനാകാത്ത വിധം ഞാൻ മരണത്തോടടുത്ത് നില്ക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു

എൻ്റെ മരണസമയത്തല്ലാതെ?നിങ്ങളത് ഒരിക്കലുമറിയരുതെന്നാണ് ഞാനാഗ്രഹിച്ചത് ,കാരണം നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങളുടെ മനസ്സ് വിഷമിപ്പിക്കരുതെന്ന് ,എൻ്റെ മരണശേഷം നിങ്ങളീ ഡയറി വായിക്കുവാൻ വേണ്ടിയാണ്, എനിയ്ക്ക് അസുഖം മൂർച്ഛിക്കു മ്പോഴൊക്കെ ഞാനിതെടുത്ത് കൈയ്യിൽ വയ്ക്കുന്നത്

ആ ഡയറിയിലെ അവസാനത്തെ പേജ് കൂടി അയാൾ വായിച്ചു

പിന്നെ ഒരു രഹസ്യം കൂടിയുണ്ടായിരുന്നു ,അതറിഞ്ഞാൽ നിങ്ങൾ വിഷമിക്കുമെന്നും ആ ഷോക്കിൽ നിങ്ങൾ ചിലപ്പോൾ മരണപ്പെടുമെന്നും ഭയന്നാണ് ഞാനത് ഇത് വരെ മറച്ച് വച്ചത്

പക്ഷേ മരണത്തിലേയ്ക്കാണെങ്കിൽ പോലും നിങ്ങളില്ലാതെ തനിച്ച് എനിയ്ക്കൊന്നിനു മാവില്ലന്ന് തോന്നിയത് കൊണ്ടാണ് ഞാൻ തുറന്ന് പറയുന്നത് ,നിങ്ങൾക്ക് ബ്രെയിൻ ട്യൂമറാണെന്നാണ് അവസാനത്തെ സ്കാനിങ്ങ് റിപ്പോർട്ട് കണ്ട് ഡോക്ടറ് പറഞ്ഞത് എന്നെ പോലെ തന്നെ നിങ്ങളും മരണമുനമ്പിൽ തന്നെയാണ് നില്ക്കുന്നത് ,ഞാനില്ലാതെ വരുമ്പോൾ അസുഖബാധിതനായി നിങ്ങൾ കിടപ്പിലായാൽ എന്നെ പോലെ നിങ്ങളെ ക്ഷമയോടെ പരിചരിക്കാൻ ആരുമുണ്ടാവില്ല?അതോർത്തിട്ടാണ് ഇപ്പോഴത്തെ എൻ്റെ പ്രയാസം ,ഇവിടെ ജീവിച്ചത് പോലെ പരലോകത്തും നമുക്ക് സന്തോഷമായിട്ട് ജീവിക്കണം, നിങ്ങളെയും കാത്ത് ഞാനവിടെയുണ്ടാവും

പിന്നെയും എന്തൊക്കെയോ അവളെഴുതിയിട്ടുണ്ട് പക്ഷേ അതൊക്കെ കണ്ണ് നീര് വീണ് പടർന്നിരിക്കുന്നു

എത്ര വായിക്കാൻ ശ്രമിച്ചിട്ടും എനിയ്ക്ക് പറ്റുന്നില്ല എൻ്റെ കാഴ്ച മങ്ങുന്നു എൻ്റെ ശരീരം വേദന കൊണ്ട് പുളയുന്നു ,എൻ്റെ തലയിലാരോ വലിയ ചുറ്റിക കൊണ്ട് ശക്തിയോടെ പ്രഹരിക്കുന്നു വേദന സഹിക്കാൻ വയ്യാതെ ഞാൻ അലറുന്നുണ്ട് പക്ഷേ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല ചുറ്റിനും ആരൊക്കെയോ ഓടിക്കൂടുന്നു അപ്പോഴേയ്ക്കും എൻ്റെ കണ്ണിൽ അന്ധകാരം നിറഞ്ഞ് കഴിഞ്ഞിരുന്നു
കഥ ,സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *